UPDATES

വന്നു, കണ്ടു, തിരിച്ചുപോയി; മുഹമ്മദ് നിഷാം എന്ന ‘ഹമ്മര്‍’ കോടീശ്വരന്റെ പരോള്‍ ഇങ്ങനെ

അതിക്രൂരമായൊരു കൊല നടത്തിയിട്ടും അങ്ങനെയൊന്നു ചെയ്തുപോയതിലെ കുറ്റബോധമല്ല, തന്റെ ബിസിനസ് സാമ്രാജ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ മാത്രമാണ് നിഷാമിനെ വലയ്ക്കുന്നതെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍

കൊച്ചി കടവന്ത്ര-കലൂര്‍ റൂട്ടില്‍ ജവഹര്‍നഗറിലാണ് സ്‌കൈലൈന്‍ ടോപാസ് ഫ്ലാറ്റ് സമുച്ചയം. ഈ ലക്ഷ്വറി ഫ്ലാറ്റ് സമുച്ചയത്തെ കഴിഞ്ഞ ദിവസങ്ങളിലായി വാര്‍ത്താകേന്ദ്രമാക്കുന്നത് അവിടെയെത്തിയ ഒരു അതിഥിയാണ്; നിഷാം. ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാം.

സമയം വൈകിട്ട് അഞ്ചു മണി. സ്‌കൈലൈന്‍ ടോപാസിന്റെ പ്രധാനഗേറ്റ് കടന്ന് ഒരു ചെറിയ വാന്‍ പുറത്തേക്കിറങ്ങി. പുറകിലെ സീറ്റിന്റെ ഇടതുവശത്ത് വിന്‍ഡോയോട് ചേര്‍ന്ന് നിഷാം. നിര്‍വികാര ഭാവത്തോടെ പുറത്തേക്കു നോക്കിയിരിക്കുന്നു. ഒരു കാലത്ത് വിദേശ നിര്‍മിത ആഢംബര കാറുകളായ ബെന്റ്‌ലി, റോള്‍സ് റോയ്‌സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍, റോഡ് റേഞ്ചര്‍, ഫെരാരി, ജാഗ്വര്‍ എന്നിവയില്‍ സഞ്ചരിച്ചിരുന്നയാള്‍. ബീഡി ടൈക്കൂണ്‍ എന്നു വിളിക്കപ്പെട്ടിരുന്ന, കിംഗ്‌സ് ബീഡിയുടെ ഉടമ, റിയല്‍ എസ്റ്റേറ്റ്, ജ്വല്ലറി, ഹോട്ടല്‍ ബിസിനസുകളിലൂടെയും തന്റെ സമ്പാദ്യം ഉയര്‍ത്തിയിരുന്ന കോടീശ്വരന്‍. അങ്ങനെയൊരു ജീവിതത്തിന്റെ ധാര്‍ഷ്ഠ്യമാണ് ചന്ദ്രബോസ് എന്ന സാധാരണക്കാരന്റെ ജീവനെടുക്കുന്ന ക്രൂരതയിലേക്ക് നിഷാമിനെ കൊണ്ടെത്തിക്കുന്നത്. ജീവപര്യന്തവും കൂടാതെ 24 വര്‍ഷത്തെ അധിക തടവും ശിക്ഷ കിട്ടിയിരിക്കുന്നതിനാല്‍, ഇനി അയാള്‍ക്ക് തന്റെ ബാക്കി ജീവിതത്തിന്റെ നല്ലൊരു ഭാഗവും ജയിലില്‍ കഴിയേണ്ടതുണ്ട്. തന്റെ പ്രിയപ്പെട്ടവരെ ഇത്തരത്തില്‍ വന്നുകണ്ടുപോകേണ്ടതായി മാത്രം വരും.

പ്രായമായ മാതാവിനെ പരിചരിക്കാന്‍ പരോള്‍ ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് കോടതി മൂന്നു ദിവസം അമ്മയോടൊപ്പം ചെലവഴിക്കാന്‍ നിഷാമിനെ അനുവദിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന നിഷാമിനെ അവിടെ നിന്നും എറണാകുളം സബ് ജയിലില്‍ എത്തിക്കുകയും അവിടെ നിന്നും രാവിലെ ഒമ്പത് മണിക്ക് ഫ്ലാറ്റില്‍ എത്തിച്ച് അമ്മയോടൊപ്പം ചെലവഴിക്കാന്‍ അനുവദിച്ചശേഷം വൈകിട്ട് അഞ്ചിനു തിരികെ സബ് ജയിലിലേക്ക് തിരികെ കൊണ്ടുപോവുകയുമായിരുന്നു. മൂന്നു ദിവസത്തിനുശേഷം വീണ്ടുമയാള്‍ പൂജപ്പര ജയിലിലേക്ക്.

ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായിരുന്നിടത്ത് നിന്നും ജീവപര്യന്ത തടവുകാരനായി ജീവിതം മാറിയപ്പോഴും മുഹമ്മദ് നിഷാമിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളിപ്പോഴും പുകമറയ്ക്കുള്ളിലാണ്. ക്രൂരമായൊരു കൊലപാതകം ചെയ്തിട്ടും ആദ്യഘട്ടങ്ങളില്‍ അയാള്‍ രക്ഷപ്പെടാന്‍ വളരെയേറെ ശ്രമങ്ങള്‍ നടത്തിയിരുന്നു. അതിനയാള്‍ ഉപയോഗിച്ചത് തന്റെ കൈവശമുള്ള പണവും അതുപയോഗിച്ച് ഉണ്ടാക്കിയ സ്വാധീനങ്ങളുമായിരുന്നു. പൊലീസില്‍ തന്നെ അയാള്‍ക്ക് സഹായം ചെയ്യാന്‍ ആളുണ്ടായി. ഒടുവില്‍ കോടതി ക്രൂരതയ്ക്ക് അനുസരിച്ച് ശിക്ഷ വിധിച്ച് നിഷാമിനെ ജയിലിലേക്ക് അയച്ചപ്പോള്‍ അവിടെയും കിട്ടി അയാള്‍ക്ക് സഹായങ്ങള്‍.

കോടികളുടെ ബിസിനസ് സാമ്രാജ്യത്തെ കുറിച്ചായിരുന്നു നിഷാമിന്റെ ചിന്തകളെന്ന് അയാളുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാര്‍ത്തകള്‍ വ്യക്തമാക്കിയിരുന്നു. തന്റെ അസാന്നിധ്യത്തില്‍ ബിസിനസ് എല്ലാം നഷ്ടപ്പെട്ടുപോകുമെന്ന ഭയം നിഷാമിനെ വലച്ചിരുന്നതായി ആ വാര്‍ത്തകളില്‍ നിന്നും മനസിലാക്കാം. സ്വന്തം സഹോദരങ്ങളുമായി പോലും നിഷാം ബിസിനസിന്റെ പേരില്‍ വഴക്കുണ്ടാക്കി. കിംഗ്‌സ് സ്‌പേസ് എന്ന തന്റെ തന്നെ സ്ഥാപനത്തിലെ മാനേജരെ ഫോണ്‍ ചെയ്ത് ഭഷണിപ്പെടുത്തിയത് ജയിലില്‍ നിന്നായിരുന്നു. ജയിലില്‍ അയാള്‍ക്ക് സുഖജീവിതമാണ് കിട്ടുന്നതെന്നും പൊലീസ് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നുവെന്നും പരാതികളും വാര്‍ത്തകളും അതിനു പിറകെ അന്വേഷണങ്ങളും വന്നു. അതൊന്നും വെറും കെട്ടുകഥകളുമായിരുന്നില്ല. പണമായിരുന്നു ഇരുമ്പഴിക്കുള്ളിലായിരുന്നപ്പോഴും നിഷാമിനെ സഹായിച്ചത്. അതുപയോഗിച്ച് അയാള്‍ എല്ലാവരേയും വിലയ്ക്കു വാങ്ങാന്‍ ശ്രമിച്ചു. കുറെയൊക്കെ വിജയിക്കുകയും ചെയ്തു. ജയില്‍ ജീവനക്കാര്‍ക്ക് പണം നല്‍കി ജയിലില്‍ സുഖം ജീവിതം നയിക്കുകയാണ്. ജയിലിലിരുന്ന് ബിസിനസില്‍ ഇടപെടുകയും ബിസിനസിലെ മറ്റു പാര്‍ട്ണര്‍മാരെ ശല്യം ചെയ്യുകയും ചെയ്യുന്നു. ബിസിനസില്‍ നിന്നും കിട്ടുന്ന ലാഭവിഹിതം തന്റെ കേസിനുവേണ്ടി മാറ്റിവയ്ക്കണമെന്നും അങ്ങനെ ചെയ്യാത്ത പക്ഷം ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഉപയോഗപ്പെടുത്തി വധിക്കുമെന്നും ഭീഷണണിപ്പെടുത്തുന്നു; ഇതൊക്കെ നിഷാമിനെ കുറിച്ചുള്ള പരാതികളായിരുന്നു.

അതിക്രൂരമായൊരു കൊല നടത്തിയിട്ടും അങ്ങനെയൊന്നു ചെയ്തുപോയതിലെ കുറ്റബോധമല്ല, തന്റെ ബിസിനസ് സാമ്രാജ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ മാത്രമാണ് നിഷാമിനെ വലയ്ക്കുന്നതെന്നാണ് ഈ വാര്‍ത്തകളില്‍ നിന്നു മനസിലായത്. ആ ആശങ്ക, അതുവരെ തന്റെ കൂടെ നിന്നവരേയും അടുത്ത ബന്ധുക്കളെയും സഹോദരങ്ങളേയും വരെ സംശയിക്കാനും ഭീഷണിപ്പെടുത്താനും അയാളെ പ്രേരിപ്പിച്ചു. നിഷാം അകത്തായതോടെ സഹോദരങ്ങളായിരുന്നു അയാളുടെ ബിസിനസിന്റെ നോക്കി നടത്തിപ്പുകാര്‍. എന്നാല്‍ താന്‍ ജയിലില്‍ ആയതോടെ സഹോദരങ്ങളുടെ മേല്‍ നിഷാമിന്റെ സംശയം ഉയര്‍ന്നു. അതിന്റെ പിന്നാലെയാണ് നിഷാമിനെതിരേ പരാതിയുമായി സഹോദരങ്ങള്‍ തന്നെ രംഗത്തെത്തിയത്. നിഷാമിന്റെ സഹോദരങ്ങളായ അബ്ദുള്‍ നിസാര്‍, അബ്ദുള്‍ റസാഖ് എന്നിവരും ബിസിനസ് പാര്‍ട്ണര്‍ ആയ ബഷീര്‍ അലിയും എന്നിവര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ജയിലില്‍ കിടന്നു നിഷാം തങ്ങള്‍ക്കെതിരേ വധഭീഷണി മുഴക്കുന്നുവെന്നായിരുന്നു. ജയിലിനുള്ളില്‍ നിന്നും നിഷാം ഗുണ്ടകള്‍ക്ക് പണം നല്‍കുന്നുണ്ടെന്നും അവരാണ് തങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്നുമായിരുന്നു അവരുടെ പരാതി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്ന സമയത്തായിരുന്നു നിഷാമിനെതിരേ ഈ പരാതി ഉയര്‍ന്നത്. തനിക്കൊപ്പം നില്‍ക്കാന്‍ ഗുണ്ടകളുടെ സഹായം നിഷാം നിലനിര്‍ത്തിയിരുന്നുവെന്നും കണ്ണൂര്‍ ജയിലില്‍ തന്നെ ഉണ്ടായിരുന്ന രണ്ടു ഗുണ്ടകളുടെ ബന്ധുക്കള്‍ക്ക് നിഷാമിന്റെ ഓഫിസില്‍ നിന്നും പണം നല്‍കുന്നുണ്ടായിരുന്നുവെന്നും സഹോദരങ്ങള്‍ തന്നെയാണ് പരാതി നല്‍കിയത്. തങ്ങളുടെ ജീവനും സ്വത്തിനും നിഷാമില്‍ നിന്നും ഭീഷണി ഉണ്ടെന്ന സഹോദരങ്ങളുടെ പരാതിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നതില്‍ വ്യക്തയില്ലെങ്കിലും മുഹമ്മദ് നിഷാം എന്ന ബിസിനസ് ടൈക്കൂണ്‍ ഈ സാഹചര്യത്തിലും അത്രമേല്‍ ബിസിനസ് തകര്‍ച്ച നേരിടുന്നില്ലെന്നതാണ് അറിവായ വിവരം. കേസില്‍ നിന്നും രക്ഷപ്പെടാന്‍ അയാള്‍ കോടികള്‍ ചെലവാക്കിയെന്ന ആരോപണം നില്‍ക്കുമ്പോഴും സഹോദരങ്ങള്‍ക്കും പാര്‍ട്ണര്‍മാര്‍ക്കുമെതിരേ ഭീഷണി ഉയര്‍ത്തേണ്ട സാഹചര്യം വന്നിട്ടും മുഹമ്മദ് നിഷാം ഇപ്പോഴും ശക്തനായി തന്നെയാണ് നില്‍ക്കുന്നതെന്നാണ് അയാളോട് ബന്ധമുള്ള കേന്ദ്രങ്ങളില്‍ നിന്നും കിട്ടിയ വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍