UPDATES

ട്രെന്‍ഡിങ്ങ്

ലഘുലേഖ; ചേരിതിരിഞ്ഞ് ആരോപണം; തീവ്രവാദബന്ധമില്ലെന്ന് പൊലീസ്‌

സംഘപരിവാറുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നതാണ് മുജാഹിദ് വിഭാഗമെന്ന് സോളിഡാരിറ്റി

വിവിധ ദേവാലയങ്ങളുടെ സ്‌കെച്ചും റൂട്ടുമാപ്പുമായി ഭീകരവാദികളെ പിടികൂടിയെന്ന വാര്‍ത്ത ഞായറാഴ്ച 9.30 ഓടെയാണ് വടക്കേക്കര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വ്യാപിച്ചത്. നവമാധ്യമങ്ങള്‍ വഴി വിവരം പരന്നതോടെ നാട്ടുകാര്‍ വിവരം അറിയുന്നതിനായി പോലീസ് സ്‌റ്റേഷനു മുന്നില്‍ തടിച്ചു കൂടിയതോടെ നിമിഷ നേരം കൊണ്ട് അവിടം ജനനിബിഢമായി മാറി. മുജാഹിദ് സംഘടനയുടെ ഉപവിഭാഗമായ വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ലഘുലേഖ വിതരണവുമായി പ്രദേശത്തെത്തിയ 39 പ്രവര്‍ത്തകര്‍ കുറച്ച് നേരത്തേക്കെങ്കിലും ‘കൊടുംഭീകരര്‍’ ആയത് അങ്ങനെയാണ്.

വടക്കേക്കര പഞ്ചായത്തിലെ കൊട്ടുവളളിക്കാട്, തറയില്‍കവല എന്നിവിടങ്ങളില്‍ നിന്ന് ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വീടുകയറി ലഘുലേഖ വിതരണം നടത്തുകയായിരുന്ന മൂന്നംഗ സംഘത്തെ ഒരു സംഘം തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. ലഘുലേഖകളില്‍ പരമത വിദ്വേഷം ആരോപിച്ച് ഇവര്‍ക്ക് നേരെ കൈയ്യേറ്റവുമുണ്ടായി. ഇതോടെ മാല്യങ്കര ,ചെട്ടിക്കാട്, പുതിയകാവ്, കുര്യാപ്പിളളി ലേബര്‍ ജംഗ്ഷന്‍, കരിമ്പാടം തുടങ്ങിയ ഭാഗങ്ങളിലെല്ലാം ലഘുലേഖ വിതരണത്തിലേര്‍പ്പെട്ടവരെ തടഞ്ഞു വക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് ഇവരുടെ പക്കല്‍ നിന്ന് പ്രദേശത്തെ ചില ദേവാലയങ്ങളുടേയും ഇതര മതസ്ഥര്‍ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളുടേയും റൂട്ട് മാപ്പ് പിടിച്ചെടുത്തുവെന്ന പ്രചാരണവും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്.

"</p

ആശങ്കയിലായ ജനക്കൂട്ടം കൈയില്‍ കിട്ടിയവരെ കൈകാര്യം ചെയ്യുകയും കിട്ടിയ വാഹനങ്ങളില്‍ വടക്കേക്കര പോലീസ് സ്‌റ്റേഷനിലെത്തിക്കുകയും ചെയ്തു. വിവരം കാട്ടുതീ പോലെ വ്യാപിച്ചതോടെ റൂറല്‍ എസ്.പി. എ.വി ജോര്‍ജ് അടക്കമുളള ഉന്നത പോലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇവരുടെ പക്കല്‍ നിന്നുളള ലഘുലേഖകള്‍ പരിശോധിച്ച ശേഷം 153-എ വകുപ്പനുസരിച്ച് കേസെടുത്ത് കാക്കനാട് ജില്ലാ ജയിലില്‍ റിമാണ്ട് ചെയ്തു. ‘പിടിയിലായവര്‍ക്ക് യാതൊരു വിധ തീവ്രവാദ ബന്ധവുമുളളതായി തെളിവൊന്നും ലഭിച്ചിട്ടില്ല‘- വടക്കേക്കര സി.ഐ എം.കെ മുരളി പറയുന്നു. ‘ഇവരുടെ പരാതിയില്‍ മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ പത്ത് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്’- അദേഹം കൂട്ടിച്ചേര്‍ക്കുന്നു. പോലീസ് സ്‌റ്റേഷന് മുന്നില്‍ വാഹനത്തില്‍ നിന്നിറക്കുന്ന വിസ്ഡം പ്രവര്‍ത്തകരെ ‘നടയടി’ അടിക്കുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിട്ടുണ്ട്.

സംഘടനയുടെ ജില്ലാതല പ്രചാരണത്തിന്റെ ഭാഗമായാണ് ഇവിടെ ഗൃഹ സന്ദര്‍ശനത്തിനായി പ്രവര്‍ത്തകര്‍ എത്തിയത്. മുസ്ലിം സംഘടനകള്‍ക്കിടയില്‍ സംഘപരിവാറുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നതാണ് മുജാഹിദ് വിഭാഗം. അതുകൊണ്ട് തന്നെ ഇതര മുസ്ലിം സംഘടനകള്‍ക്കുമേല്‍ തീവ്രവാദ മുദ്ര ചാര്‍ത്തുവാന്‍ സംഘടന ഒരു പടി മുമ്പിലുമായിരുന്നു. കൂടാതെ സംഘടന നടത്തുന്ന എല്ലാ പ്രധാന പരിപാടികളിലും സംഘ്പരിവാറിലെ ഏതെങ്കിലും പ്രമുഖനെ പങ്കെടുപ്പിക്കുന്ന പതിവുമുണ്ടായിരുന്നു. സംഘപരിവാര്‍ ശക്തികളോട് വിധേയപ്പെടാന്‍ മറ്റ് മുസ്ലിം സംഘടനകളെ കുറ്റപ്പെടുത്തിയും അവരെ ഐ.എസുമായി കൂട്ടിച്ചേര്‍ത്ത് ലഘുലേഖ വിതരണം ചെയ്യാന്‍ ചെന്നതാണെങ്കിലും വേഷം മുസ്ലിമിന്റേതായി പോയതിനാല്‍ സംഘികള്‍ അവരെ തടയുകയും അക്രമിക്കുകയും പോലീസ് അതിന്റെ ബാക്കി പണി എടുക്കുകയും ചെയ്തത്‌ കേരളം എത്തിച്ചേര്‍ന്ന അപകടകരമായ അവസ്ഥ ആ സംഘടനയ്ക്ക് പ്രത്യേകിച്ചും മറ്റുളളവര്‍ക്ക് പൊതുവേയും ബോധ്യപ്പെടാന്‍ മതിയായതാണ്’- സോളിഡാരിറ്റി നേതാവായ മുഹമ്മദ് ഉമര്‍ പറയുന്നു.

‘തങ്ങള്‍ ഒഴിച്ച് മുസ്ലിം സമുദായത്തിലെ മറ്റു വിഭാഗങ്ങളെല്ലാം തീവ്രവാദികളാണെന്ന് വരുത്തി തീര്‍ക്കാന്‍ മുജാഹിദ് വിഭാഗം പലപ്പോഴും ശ്രമിച്ചിട്ടുണ്ട്‘ – പി.ഡി.പി സംസ്ഥാന സെക്രട്ടറി ടി.എ മുജീബ് റഹ്മാന്‍ പറയുന്നു.

എന്നാല്‍ ‘ഇസ്ലാമിന്റെ സമാധാന സന്ദേശം ജനങ്ങളിലെത്തിക്കുക, തെറ്റിദ്ധാരണകള്‍ അകറ്റുക, ആത്മീയ ചൂഷണത്തിനും തീവ്രവാദത്തിനുമെതിരെ ബോധവത്കരണം നടത്തുക, ഇന്ത്യയുടെ മതനിരപേക്ഷ നിലപാട് നിലനിര്‍ത്തുക, മാനവ സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുക, സാമൂഹ്യ തിന്മകള്‍ക്കെതിരേ ബോധവത്കരണം, ജീവകാരുണ്യ – ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കലാണ് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ ലക്ഷ്യം’ – കണ്‍വീനര്‍ അഷറഫ് പറയുന്നു.

‘കാലിക പ്രസക്തമായ പ്രമേയങ്ങള്‍ സ്വീകരിച്ചു കൊണ്ട് ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തുകയെന്നത് ഈ കൂട്ടായ്മയുടെ പ്രധാന പ്രവര്‍ത്തനമാണ്. പ്രസ്തുത ലക്ഷ്യങ്ങള്‍ 2014 മെയ് പതിനൊന്നിന് കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പരസ്യമായി പ്രഖ്യാപിച്ച പരിപാടികളുമാണ്. അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരും ഇടതുപക്ഷ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരും സാക്ഷികളുമാണ്’- അദേഹം കൂട്ടിച്ചേര്‍ക്കുന്നു. ലഘുലേഖ വിതരണം ചെയ്ത പ്രവര്‍ത്തകരെ തീവ്രഹിന്ദുത്വ വാദികള്‍ തടഞ്ഞ് മര്‍ദ്ദിക്കുകയും പരുഷമായി പെരുമാറുകയും അവരെ വാഹനത്തില്‍ കയറ്റി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വെച്ച് പോലും ദയനീയമായി മര്‍ദ്ദിക്കുകയും ചെയ്തിരിക്കുകയാണ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. മതസ്പര്‍ധയുണ്ടാക്കുന്ന ലഘുലേഖയെന്ന് പറയുന്നവര്‍ക്ക് പോലും അതിന് തെളിവായി ഉദ്ധരിക്കാവുന്ന ഒരു വരി പോലും ലഘുലേഖയില്‍ കാണിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല- അദേഹം പറയുന്നു.

"</p

പ്രവര്‍ത്തകരുടെ കയ്യില്‍ സ്ഥലമടയാളപ്പെടുത്തിയ മാപ്പുണ്ടായിരുന്നുവെന്നാണ് സംഭവത്തിന് ദുരൂഹതയുണ്ടാക്കാന്‍ ലക്ഷ്യം വെച്ച് തത്പരകക്ഷികള്‍ പ്രചരിപ്പിച്ച മറ്റൊരു വിഷയം. വീടുകള്‍ വിട്ടുപോകാതിരിക്കാനും വഴി തെറ്റാതിരിക്കാനും വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക സ്വാഭാവികമാണ്. കാനേഷുമാരി കണക്കെടുപ്പിന് പോകുന്ന ഉദ്യോഗസ്ഥന്മാര്‍ മാപ്പിന്റെ സഹായത്താലാണ് വീട് കണ്ടെത്താറുള്ളതെന്ന് ആര്‍ക്കാണറിയാത്തത്? ഒരാളുടെ അനുവാദമുണ്ടങ്കില്‍ അയാളുടെ വീട്ടില്‍ കയറാനും സംവദിക്കാനുമുള്ള അവകാശം ഇന്ത്യാ രാജ്യത്തിന്റെ ഭരണഘടനയുടെ മൗലികാവകാശങ്ങളിലാണ് എഴുതിച്ചേര്‍ത്തിട്ടുള്ളത്. വിഷലിപ്തമായ ആശയങ്ങളും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുമാണ് നടത്തുന്നതെങ്കില്‍, അതിന് വേണ്ടിയാണ് മാപ്പ് തയ്യാറാക്കുന്നതെങ്കില്‍ അത് കുറ്റമാണ്. അങ്ങനെ ഇവിടെ സംഭവിച്ചിട്ടില്ലല്ലൊ? അഷറഫ് ചോദിക്കുന്നു.

ഫൈസല്‍ രണ്ടാര്‍

ഫൈസല്‍ രണ്ടാര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍