UPDATES

ബൽറാം ഫേസ്ബുക്കിൽ നിന്നിറങ്ങി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം: മുല്ലപ്പള്ളി

സോഷ്യല്‍ മീഡിയായില്‍ പാര്‍ട്ടിയുടെ മുഖമായി നില്‍ക്കുന്നവരില്‍ പലരെയും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ താന്‍ എവിടെയും കണ്ടില്ലെന്നും മുല്ലപ്പള്ളി

വി ടി ബല്‍റാം എംഎല്‍എയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകളെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സാഹിത്യകാരി കെ ആര്‍ മീരയ്‌ക്കെതിരേയുള്ള ഫേസ്ബുക്ക് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിനെതിരേ മുല്ലപ്പള്ളി ആഞ്ഞടിച്ചിരിക്കുന്നത്. പൊതുസമൂഹത്തില്‍ അംഗീകാരമുള്ള ഒരു സാഹിത്യകാരിക്കെതിരേ ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെന്നാണ് ബല്‍റാമിന്റെ പ്രവര്‍ത്തികളെ എതിര്‍ത്തുകൊണ്ട് കെപിസിസി പ്രസിഡന്റ് അറിയിക്കുന്നത്. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. എകെജിക്കെതിരേ നടത്തിയ അക്ഷേപങ്ങളുടെ പേരിലും ബല്‍റാമിന് താക്കിത് നല്‍കിയിരുന്നതാണെന്നും ഇനിയിങ്ങനെ ഉണ്ടാകരുതെന്നു മുന്നറിയിപ്പ് കൊടുത്തിരുന്നതാണെന്നും പറഞ്ഞിട്ടും ബല്‍റാം കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.

കെ ആര്‍ മീരയുടെ ആരാധകന്‍ എന്നു വേണമെങ്കില്‍ തന്നെ കുറിച്ച് പറയാമെന്നും കെ ആര്‍ മീരയ്‌ക്കെതിരെ മാത്രമല്ല, ആര്‍ക്കെതിരേയും അധിക്ഷേപ സ്വരത്തില്‍ സംസാരിക്കുന്നത് നല്ല ലക്ഷണമായി കാണുന്നില്ലെന്നും അംഗീകരിക്കുന്നില്ലെന്നുമാണ് മുല്ലപ്പള്ളിയുടെ വാക്കുകള്‍. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരേ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്നും മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കുന്നുണ്ട്.

കര്‍ക്കശക്കാരനായൊരാള്‍ ആണ് താനെങ്കിലും ചെറുപ്പക്കാരോട് തനിക്ക് ഇഷ്ടമാണെന്നാണ് മുല്ലപ്പള്ളി പറയുന്നത്. ബല്‍റാം ടാലന്റഡും ബ്രില്യന്റുമായ വ്യക്തിയാണെന്നും പക്ഷേ അതു മാത്രം പോരെന്നും മുല്ലപ്പള്ളി പറയുന്നു. കെപിസിസി പ്രസിഡന്റായി ചാര്‍ജ് ഏറ്റെടുത്തശേഷം പാലക്കാട് പോയപ്പോള്‍ ആ കുട്ടിയോട് (വി ടി ബല്‍റാമിനോട്) വ്യക്തിപരമായ സംഭാഷണത്തില്‍ ഞാന്‍ പറഞ്ഞിരുന്നതാണ്, കുറച്ച് നിയന്ത്രണം വേണം എന്ന്; മുല്ലപ്പള്ളി അഭിമുഖത്തില്‍ പറയുന്നു.

എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ ബല്‍റാമിനെതിരേ മാത്രമല്ല, കോണ്‍ഗ്രസിലെ നിരവധി നേതാക്കളെ മുന്‍നിര്‍ത്തിയും കൂടിയാണ്. പ്രത്യേകിച്ച് യുവതലമുറയിലെ പല നേതാക്കള്‍ക്കുമെതിരേ. യുവ നേതാക്കളോട് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനം കുറയ്ക്കാനുമാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്.

സോഷ്യല്‍ മീഡിയായില്‍ വി ടി ബല്‍റാം നിയന്ത്രണം പാലിക്കണം എന്നു പറയുന്നതിനൊപ്പം തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് മൊത്തത്തില്‍ കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. സോഷ്യല്‍ മീഡിയ പ്രവര്‍ത്തനത്തെ തള്ളിപ്പറയുന്നില്ലെങ്കിലും പാര്‍ട്ടിയുടെ അന്തസ് പാലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കണം എല്ലാവരും നടത്തേണ്ടതെന്നാണ് മുല്ലപ്പള്ളി ഓര്‍മിപ്പിക്കുന്നത്. ജനപ്രതിനിധികളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഉത്തരവാദിത്വം പാലിച്ചുകൊണ്ട് ആ മാന്യത അനുസരിച്ച് വേണം സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കാനെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നിര്‍ദേശിക്കുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വല്ലാതെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചിലയാളുകള്‍ നിയന്ത്രിക്കുന്ന ഗ്രൂപ്പുകളില്‍ അടക്കം വരുന്ന വിമര്‍ശനങ്ങള്‍ പോലും ആരോഗ്യകരമായ വിമര്‍ശനങ്ങളല്ലെന്നും അത്തരം വിമര്‍ശനങ്ങളോ എതിരാളികളെ കടന്നാക്രമിക്കലോ ആയിരിക്കരുത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ബല്‍റാം ഉള്‍പ്പെടെയുള്ള നേതാക്കളെ തിരുത്തിക്കൊണ്ട് പറയുന്നു. കോണ്‍ഗ്രസിന്റെ സംസ്‌കാരം അതല്ല, ആ സംസ്‌കാരത്തില്‍ ഉറച്ചു നില്‍ക്കുകയും അത് പാലിക്കണം എന്നു വിശ്വസിക്കുകയും ചെയ്യുന്ന ഒരാളാണ് താനെന്നുകൂടി മുല്ലപ്പള്ളി വ്യക്തമാക്കുന്നു. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റെടുക്കുമ്പോള്‍ തന്നെ താന്‍ പറഞ്ഞിരുന്നതാണ് സോഷ്യല്‍ മീഡിയയിലുള്ള പ്രവര്‍ത്തനം വളരെ ജാഗ്രതയോടുകൂടി വേണമെന്നകാര്യം കൂടി മുല്ലപ്പള്ളി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

വി ടി ബല്‍റാം അടക്കമുള്ള യുവ ജനപ്രതിനിധികള്‍ക്കും നേതാക്കന്മാര്‍ക്കും ശക്തമായ മറ്റൊരു മുന്നറിയിപ്പു കൂടി കെപിസിസി അധ്യക്ഷന്റെ ഭാഗത്തു നിന്നും വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയല്ല പാര്‍ട്ടി പ്രവര്‍ത്തനം, ജനങ്ങള്‍ക്കിടയിലായിരിക്കണം പാര്‍ട്ടി പ്രവര്‍ത്തനം എന്നാണ് മുല്ലപ്പള്ളി ഇവരെ ഓര്‍മിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ പ്രവര്‍ത്തനത്തെ തള്ളിക്കളയാതെ തന്നെ, എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനാണ് പാര്‍ട്ടി ഒന്നാമത്തെ പരിഗണന നല്‍കുന്നതെന്നും സോഷ്യല്‍ മീഡിയായില്‍ പാര്‍ട്ടിയുടെ മുഖമായി നില്‍ക്കുന്നവരില്‍ പലരെയും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ താന്‍ എവിടെയും കണ്ടില്ലെന്നും മുല്ലപ്പള്ളി വിമര്‍ശനത്തോടെയും മുന്നറിയിപ്പെന്ന നിലയിലും വ്യക്തമാാക്കുന്നു. ഇത്തരക്കാരായിരിക്കില്ല ഇനി പാര്‍ട്ടിയുടെ മുഖം, അവര്‍ക്കായിരിക്കില്ല ഇനി പരിഗണന കിട്ടുന്നത്, പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അത്തരം പ്രവര്‍ത്തകര്‍ക്കായിരിക്കും ഇനി മുന്‍ഗണന കിട്ടുന്നത് എന്ന കാര്യവും കെപിസിസി അധ്യക്ഷന്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതിനു പിന്നാലെയാണ് മുല്ലപ്പള്ളി പരസ്യമായ വിമര്‍ശനവുമായി വീണ്ടും രംഗത്തു വന്നിരിക്കുന്നത്.

വി.ടി ബല്‍റാമിനെ പരോക്ഷമായി തള്ളിപ്പറഞ്ഞ് മുല്ലപ്പള്ളി; സൈബര്‍ രാഷ്ട്രീയത്തിന് മാര്‍ഗനിര്‍ദേശങ്ങളുമായി കോണ്‍ഗ്രസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍