UPDATES

കേരളം

16ന് ഉരുള്‍പൊട്ടിയ പ്രദേശത്ത് 21ന് എന്‍ഒസി; മൂന്നാര്‍ പ്രളയത്തില്‍ തകര്‍ന്ന ദിവസങ്ങളില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് നിര്‍മ്മാണ അനുമതി നല്‍കിയതിന് പിന്നില്‍

2015 ഡിസംബര്‍ 22ന് നിര്‍മ്മാണം ആരംഭിച്ച ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മാണത്തിന് ജില്ലാ ഭരണകൂടം എന്‍ഒസി നല്‍കിയത് 2018 ഓഗസ്റ്റ് 21ന്

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം തുടങ്ങിയ മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് എന്‍ഒസി നല്‍കിയത് പ്രളയകാലത്ത്. 2015 ഡിസംബര്‍ 22ന് നിര്‍മ്മാണം ആരംഭിച്ച ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മാണത്തിന് ജില്ലാ ഭരണകൂടം എന്‍ഒസി നല്‍കിയത് 2018 ഓഗസ്റ്റ് 21-നാണ്. കേരളം പ്രളയത്തില്‍ മുങ്ങിയ ദിനങ്ങളില്‍ ഇടുക്കി ജില്ലാ ഭരണകൂടം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയ നടപടിയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പടുന്നത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയപ്പോഴാണ് ഇടുക്കി ജില്ലാ ഭരണകൂടം അടിയന്തിരമായി എന്‍ഒസി നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടിയെ നിയമപരമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് മൂന്നാറിലെ ജനങ്ങള്‍.

മൂന്നാര്‍ പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് റവന്യൂ വകുപ്പില്‍ നിന്നുള്ള എന്‍ഒസി ലഭ്യമാക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യവസ്ഥ ചെയ്തിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും വിധിയില്‍ പറയുന്നു. ഇതനുസരിച്ച് ഡിടിപിസി (District Tourism Promotion Council) സെക്രട്ടറി നല്‍കിയ അപേക്ഷയിലാണ് എന്‍ഒസി അനുവദിക്കുന്നതെന്ന് കഴിഞ്ഞ വര്‍ഷം ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. 1971ലെ കണ്ണന്‍ദേവന്‍ ഹില്‍ നിയമപ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമിയിലെ 14 ഏക്കറില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കുന്നതിന് 2014 മെയ് 29നാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയത്. ഈ ഭൂമി കര്‍ഷകരുടെ ക്ഷേമത്തിന് ഉതകുന്ന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മ്മാണം പ്രദേശത്തെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത് കര്‍ഷക ജനസമൂഹത്തിന് ക്ഷേമകരമായ സംഗതിയാണ്. അതിനാല്‍ ഡിടിപിസി സമര്‍പ്പിച്ച അപേക്ഷ പ്രകാരം ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതാണ് കളക്ടറുടെ ഉത്തരവ്. ടിക്കറ്റ് കൗണ്ടര്‍, കോഫി ഷോപ്പ്, ഓപ്പണ്‍ ഗാലറി, വാച്ച് ടവര്‍, ടോയിലറ്റ് എന്നീ കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് കളക്ടര്‍ അനുമതി നല്‍കിയത്.

എന്നാല്‍ 16ന് ഉരുള്‍പൊട്ടിയ പ്രദേശത്ത് 21-ാം തീയതി നിര്‍മ്മാണത്തിന് എന്‍ഒസി നല്‍കിയ നടപടിക്കെതിരെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. സിപിഐ മണ്ഡലം പ്രസിഡന്റ് പി പളനിവേല്‍ പറയുന്നു: “കണ്ണിച്ചോരയില്ലാത്ത ഭരണകൂടമാണോ? പ്രളയം വന്ന് എല്ലാവരും ജീവന്‍ രക്ഷിക്കാനായി ഓടുമ്പോള്‍ ഇവിടെ ജില്ലാ ഭരണകൂടം ബൊട്ടാണിക്കല്‍ ഗാര്‍ഡനുള്ള നിര്‍മ്മാണത്തിന് എന്‍ഒസി നല്‍കുന്ന തിരക്കിലായിരുന്നു. ഓഗസ്റ്റ് പതിനാറിനാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന് തൊട്ടുമുകളിലുള്ള ഗവ.കോളേജിന്റെ സ്ഥലത്ത് ഉരുള്‍പൊട്ടുന്നത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ഒരു ഭാഗവും പോയി. ഉരുള്‍പൊട്ടലുണ്ടായ ദിവസങ്ങളില്‍ തന്നെ എന്‍ഒസി കൊടുത്തതിലുള്ള പ്രത്യേക താത്പര്യം എന്താണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കണം. ഇടുക്കി ജില്ല മുഴുവന്‍ ഉരുള്‍പൊട്ടലിലും മലയിടിച്ചിലിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന ദിവസം കളക്ടര്‍ക്ക് എന്‍ഒസി കൊടുക്കാന്‍ എങ്ങനെ സാധിച്ചു? അത് അവര്‍ വ്യക്തമാക്കണം.”

റവന്യൂഭൂമി സര്‍ക്കാര്‍ കൈമാറിയാല്‍ മാത്രമേ ഇതരവകുപ്പുകള്‍ക്ക് ആ ഭൂമിയില്‍ നിര്‍മ്മാണം നടത്താനാവൂ. എന്നാല്‍ ആ നിയമവും ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മാണത്തില്‍ പാലിക്കപ്പെട്ടിട്ടില്ല. ടൂറിസം വകുപ്പാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. ഡിടിപിസിയ്ക്കാണ് നിര്‍മ്മാണ ചുമതല. എന്നാല്‍ ഇതേവരെ സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്ത റവന്യൂ ഭൂമി ടൂറിസം വകുപ്പിനോ ഡിടിപിസിക്കോ കൈമാറിയിട്ടില്ല. നിയമം അത്തരത്തിലാണെങ്കിലും ഡിടിപിസി സര്‍ക്കാരിന്റെ തന്നെ ഭാഗമെന്ന നിലയ്ക്ക് അത് ഒരു സാങ്കേതികത മാത്രമാണെന്നും ഭൂമി കൈമാറുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദിനേശ് പറഞ്ഞു. റവന്യൂ ഭൂമിയില്‍ കാലാകാലങ്ങളായി നടന്ന കയ്യേറ്റങ്ങള്‍ക്ക് തടയിടാനാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കുന്നത്. കയ്യേറ്റം നടത്തിയിരുന്നവരാണ് ഇപ്പോള്‍ പരാതിയുമായി എത്തിയിരിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു: “2014ലാണ് ടൂറിസം ഡിപ്പാര്‍ട്‌മെന്റിന് ഗാര്‍ഡന്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. റവന്യൂ ഭൂമി ഡിടിപിസിയ്ക്ക് ഇതേവരെ കൈമാറിയിട്ടില്ല. അതിനുള്ള നടപടികള്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച അത് സംബന്ധിച്ച് ഒരു യോഗം ചേര്‍ന്നിരുന്നു. ചെറിയ സാങ്കേതിക വിഷയങ്ങളാല്‍ കൈമാറ്റത്തിന് അല്‍പ്പ സമയം കൂടിയെടുക്കും. മുമ്പ് സര്‍ക്കാര്‍, നിര്‍മ്മാണം കഴിഞ്ഞിട്ടായിരുന്നു അതത് വകുപ്പുകള്‍ക്ക് ഭൂമി കൈമാറി നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഭൂമി കൈമാറിയതിന് ശേഷമേ നിര്‍മ്മാണം നടത്താവൂ എന്ന് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പക്ഷെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ കാര്യത്തില്‍ ഡിടിപിസി ചെയര്‍മാന്‍ ജില്ലാ കളക്ടര്‍ തന്നെയായിരിക്കെ ഇത് സാങ്കേതികത മാത്രമാണ്. എന്‍ഒസി നല്‍കിയത് മുമ്പുണ്ടായിരുന്ന കളക്ടറാണ്. എന്നാല്‍ അവിടെ ഹെവി കണ്‍സ്ട്രക്ഷന്‍ നടക്കുന്നില്ലാത്തതിനാലാണ് എന്‍ഒസി നല്‍കിയിരിക്കുന്നത്. ഭൂമി പല തട്ടുകളാക്കി തിരിച്ച് ഗാര്‍ഡനനുയോജ്യമാക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ടോയ്‌ലറ്റ്, സെക്യൂരിറ്റിക്കിരിക്കാനുള്ള മുറി എന്നവയാണ് ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അത് ഗാര്‍ഡന് അവശ്യം വേണ്ട സൗകര്യങ്ങളാണ്. മറ്റൈാരു തരത്തിലുമുള്ള നിര്‍മ്മാണ പ്രവര്‍ത്തനം അവിടെ നടക്കുന്നില്ല. അത് നടത്തിയാല്‍ തന്നെ ശാസ്ത്രീയമായി പഠനങ്ങള്‍ നടത്താതെ ഉണ്ടാവില്ല. വര്‍ഷങ്ങളായി ഈ ഭൂമിയില്‍ കയ്യേറ്റം നടത്തിയിരുന്നവരാണ് ഇപ്പോള്‍ പരാതികളുമായി എത്തിയിരിക്കുന്നത്. കയ്യേറ്റം ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ആ ഭൂമി വെറുതെയിടുന്നതിന് പകരം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്” എന്നും കളക്ടര്‍ പറഞ്ഞു.

ഉരുള്‍പൊട്ടിയയിടത്ത് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

“ഒരു മലയൊന്നാകെ പൊട്ടിയൊലിച്ചാണ് പോന്നത്. മൂന്നാര്‍ ആര്‍ട്‌സ് കോളേജ് കെട്ടിടങ്ങളും പണിതുകൊണ്ടിരുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നാല്‍പ്പത് ശതമാനവും മലപൊട്ടിച്ച് കൊണ്ടുപോയി. ഏത് നിമിഷവും ആ മല ഇടിഞ്ഞ് വീഴും. അതറിഞ്ഞുകൊണ്ട് എന്തിനാണ് വീണ്ടും കരിങ്കല്ല് കെട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആക്കുന്നത്? കോടികള്‍ ഒഴുക്കിക്കളയാന്‍ ഒരു മടിയുമില്ലേ?”, മൂന്നാര്‍ ടൗണ്‍ നിവാസിയായ മോഹന്‍കുമാര്‍ ചോദിക്കുന്നു. സവിശേഷമായ സസ്യജാലങ്ങളെ ഉള്‍ക്കൊള്ളിച്ച് ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍; മൂന്നാറിന്റെ വശ്യമനോഹാരിതയ്‌ക്കൊപ്പം ചേര്‍ത്തു വയ്ക്കുമ്പോള്‍ സുന്ദരമായ ആശയം. എന്നാല്‍ ഈ ഉദ്യാനം, വിണ്ടു കീറി എപ്പോള്‍ വേണമെങ്കിലും പൊട്ടിയൊലിക്കാവുന്ന ഒരു മലയുടെ ചരുവിലാണെങ്കിലോ? ദുരന്തത്തെ മുഖാമുഖം കണ്ട, പ്രളയം തകര്‍ത്തെറിഞ്ഞ അവസ്ഥയില്‍ നിന്ന് പതിയെ നടുവ് നിവര്‍ത്തി എഴുന്നേറ്റു വരുന്ന മൂന്നാറിന് ഇതിന്റെ ഭീഷണി അറിയാം. ഓഗസ്റ്റ് 16ന് കേരളമൊട്ടുക്കും പെയ്ത മഴയിലാണ് മൂന്നാര്‍ ആര്‍ട്‌സ് കോളേജ് നിലനില്‍ക്കുന്ന മലയിലും ഉരുള്‍പൊട്ടിയത്. കോളേജിന്റെ കെട്ടിടങ്ങളടക്കം ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി. കോളേജിന് തൊട്ടുതാഴെ, ഉരുള്‍ പൊട്ടിയ പ്രദേശത്താണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിര്‍മ്മിക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. ഉരുള്‍പൊട്ടലില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനോട് ചേര്‍ന്നുള്ള റവന്യൂ ഭൂമിയും ഒലിച്ച് പോയിരുന്നു. ഈ പ്രദേശത്ത് ഒരു വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കരുതെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നല്‍കി. മുന്നറിയിപ്പും അവഗണിച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പദ്ധതിക്ക് അനുമതി നല്‍കിയത്. എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ താല്‍പര്യപ്രകാരമായിരുന്നു പദ്ധതി. മൂന്നാര്‍ ആര്‍ട്‌സ് കോളേജിന് ചേര്‍ന്ന് കോളേജിന് താഴെയായുള്ള റവന്യൂ ഭൂമിയിലാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കുന്നത്. ചെന്നൈ ആസ്ഥാനമായ കമ്പനിക്കാണ് നിര്‍മ്മാണ കരാര്‍ നല്‍കിയിരിക്കുന്നത്. അഞ്ച് കോടി രൂപയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2015 ഡിസംബര്‍ 22ന് തുടങ്ങിയത്. നിര്‍മ്മാണം പാതിവഴി കഴിഞ്ഞപ്പോഴാണ് ഓഗസ്റ്റ് 16ന് രാത്രി സമീപത്തുള്ള ഗവ.ആര്‍ട്‌സ് കോളേജിന്റെ സ്ഥലത്ത് ഉരുള്‍പൊട്ടിയത്. ഇതേ തുടര്‍ന്ന് ഗാര്‍ഡന്റെ നാല്‍പ്പത് ശതമാനത്തോളം ഭാഗവും ഒലിച്ചുപോയി.

എന്നാല്‍ പിന്നീട് ഗാര്‍ഡന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിച്ചു. 14 ഏക്കര്‍ റവന്യൂ ഭൂമിയിലാണ് ടൂറിസം വകുപ്പ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പണിയുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി ഡിടിപിസി സെക്രട്ടറി ജയന്‍ പി. വിജയന്‍ പറഞ്ഞു. അപകടമേഖലയിലാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കുന്നതെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. “നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി തന്നെയാണ് നടപ്പാക്കുന്നത്. കോളേജിരിക്കുന്ന ഭാഗത്താണ് ഉരുള്‍പൊട്ടിയത്. ഗാര്‍ഡനും അതുമായി ബന്ധമില്ല. ഗാര്‍ഡന്റെ സ്ഥലം അതില്‍ ഉള്‍പ്പെട്ടിട്ടില്ല. കണ്‍സ്ട്രക്ഷന്‍ പൂര്‍ത്തിയായി വരികയാണ്. ഇനി വെജിറ്റേഷന്‍ പ്ലാന്റിങ് മാത്രമാണ് ബാക്കിയുള്ളത്”.

എന്നാല്‍ ഉരുള്‍പൊട്ടലില്‍ ഭാഗികമായി തകര്‍ന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വീണ്ടും നിര്‍മ്മാണം നടത്തുന്നതിനെതിരെ സിപിഐ പ്രാദേശിക നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. അപകടമേഖലയായ ഇവിടെ മറ്റ് നിര്‍മ്മാണം നടത്തരുതെന്ന ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉത്തരവ് നിലനില്‍ക്കെയാണ് കോടികള്‍ ചെലവഴിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടരുന്നതെന്ന് സിപിഐ മണ്ഡലം പ്രസിഡന്റ് പളനിവേല്‍ ആരോപിക്കുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍