UPDATES

ട്രെന്‍ഡിങ്ങ്

അനധികൃത കെട്ടിടങ്ങള്‍: സമ്മര്‍ദ്ദവുമായി സമരസമിതി; മൂന്നാറില്‍ മുഖ്യമന്ത്രി മുട്ടുമടക്കേണ്ടി വരുമോ?

ഗ്രീന്‍ ട്രിബ്യൂണലിന്റെ ഉത്തരവുകള്‍ മൂന്നാറിന്റെ വികസനത്തെയും ജനജീവിതത്തെയും ദോഷകരമായി ബാധിക്കുകയാണെന്നാണ് സമരസമിതിക്കാരുടെ വാദം

Avatar

പി സന്ദീപ്

മൂന്നാറിലെ അനധികൃത കെട്ടിടങ്ങളുടെ വിഷയത്തില്‍ സിപിഎം – സിപിഐ തര്‍ക്കം മുറുകുമ്പോള്‍ അനിശ്ചിതകാല ഹര്‍ത്താല്‍ ഉള്‍പ്പടെയുള്ള സമരങ്ങള്‍ക്കു തയാറെടുത്ത് സമരസമിതി. ഹരിത ട്രിബ്യൂണല്‍ നടപടികള്‍ക്കെതിരേ പ്രക്ഷോഭവുമായി മൂന്നാറിലെ വ്യാപാരികളെയും ജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ടാണ് വിവിധ രാഷട്രീയ കക്ഷികള്‍ അടുത്തിടെ രംഗത്തെത്തിയത്. ഗ്രീന്‍ ട്രിബ്യൂണലിന്റെ ഉത്തരവുകള്‍ മൂന്നാറിന്റെ വികസനത്തെയും ജനജീവിതത്തെയും ദോഷകരമായി ബാധിക്കുകയാണെന്നാണ് സമരസമിതിക്കാരുടെ വാദം.

ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും കണ്ടിരുന്നു. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഈ മാസം 22ന് പരിഗണിക്കാനിരിക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അനധികൃത നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സത്യവാങ്മൂലം നല്‍കണം, ഗ്രീന്‍ ട്രിബ്യൂണല്‍ കേസുകള്‍ ഇപ്പോള്‍ നോക്കുന്ന അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനെ മാറ്റണം എന്നീ ആവശ്യങ്ങളാണ് സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ കേസുകള്‍ തുടര്‍ന്നും രഞ്ജിത്ത് തമ്പാന്‍ തന്നെ വാദിക്കുമെന്നു റവന്യൂ മന്ത്രി നിലപാടെടുത്തു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ റവന്യൂ വകുപ്പ് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. രഞ്ജിത്ത് തമ്പാനെ മാറ്റണമെന്ന അജണ്ടയുമായെത്തിയ എസ് രാജേന്ദ്രന്‍ ഉള്‍പ്പെട്ട സംഘത്തെയും സിപിഎമ്മിനെയും സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായി റവന്യൂ മന്ത്രിയുടെ നിലപാട് മാറുകയും ചെയ്തു.

മൂന്നാറിലും പരിസര പ്രദേശങ്ങളിലുമായി 2010-നു ശേഷം വ്യാവസായികാവശ്യത്തിനുള്ള 330 കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മ്മിച്ചതായി ട്രിബ്യൂണല്‍ മുന്‍പാകെ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. മൂന്നാര്‍ ഭൂമി കൈയേറ്റവുമായ ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് കെട്ടിടങ്ങളുടെ പട്ടിക സര്‍ക്കാര്‍ ഹാജരാക്കിയത്. മൂന്നാറിലും പരിസര പ്രദേശങ്ങളിലും റവന്യൂ വകുപ്പിന്റെ എന്‍ഒസിയില്ലാതെ വ്യാവസായികാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പാടില്ലെന്ന് 2010ല്‍ കേരള ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവു കാറ്റില്‍പ്പറത്തിയാണ് മൂന്നാറില്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നുപൊങ്ങിയത്. മെയ് മാസത്തില്‍ മൂന്നാര്‍ കേസ് പരിഗണിച്ച ഗ്രീന്‍ ട്രിബ്യൂണല്‍ ഏലമല തോട്ടങ്ങളിലെ മരം മുറിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്നാര്‍ മേഖലയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും റവന്യൂ വകുപ്പിന്റെ എന്‍ഒസിയും ഇല്ലാത്ത നിര്‍മാണങ്ങള്‍ പാടില്ലെന്നും ഇത്തരം കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തുകള്‍ പ്രവര്‍ത്തനാനുമതി നല്‍കരുതെന്നും ഗ്രീന്‍ ട്രിബ്യൂണല്‍ വ്യക്തമാക്കിയിരുന്നു.

മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള കെട്ടിടങ്ങള്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മിച്ചിട്ടുള്ളതെന്നാണ് സമരസമിതി ഉന്നയിക്കുന്ന വാദം. ഈ മേഖലയിലെ ജനങ്ങളെയും വ്യാപാരികളെയും ഭീതിയിലാഴ്ത്തുന്ന ട്രിബൂണലിന്റെ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമര സമിതി രംഗത്തെത്തിയിട്ടുള്ളത്. അനധികൃത കെട്ടിടങ്ങളുടെയും ഭൂമിയുടെയും വിഷയത്തില്‍ ഭൂനിയമത്തിലും കെട്ടിട നിര്‍മാണച്ചട്ടത്തിലും ഭേദഗതി വരുത്തിയതായി ഗ്രീന്‍ ട്രിബ്യൂണലില്‍ സത്യവാങ്മൂലം നല്‍കണമെന്നും സമരസമിതി ആവശ്യമുന്നയിക്കുന്നു.

റവന്യൂ വകുപ്പിന്റെ നിലപാടുകള്‍ തങ്ങളെ സമരത്തിലേക്ക് തള്ളിവിടുകയാണെന്ന് എസ്.രാജേന്ദ്രന്‍ എം.എല്‍.എ. പറയുന്നു. “മുഖ്യമന്തിയുടെ അധ്യക്ഷതയില്‍ മൂന്ന് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ പട്ടയ നടപടികള്‍, കൈവശഭൂമി, റീസര്‍വേ, കരം സ്വീകരിക്കാതെ കിടക്കുന്ന ഭൂമികള്‍ അങ്ങനെ പലകാര്യങ്ങളും ചര്‍ച്ച ചെയ്തു. മൂന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളാണ് ഇടുക്കിയിലെ പൊതുവായ പ്രശ്‌നം. കേന്ദ്രീകരിച്ച് നോക്കിയാല്‍ അത് പട്ടയപ്രശ്‌നമാണ്. കരമൊടുക്കുക, റീസര്‍വേ നടപ്പാക്കുക, സി.എച്ച്.ആര്‍ ഭൂമിയില്‍ മുമ്പുണ്ടായിരുന്ന അവകാശം പുനസ്ഥാപിക്കുക, മരംമുറിക്കാനുള്ള അനുമതി നല്‍കുക, 64 എല്‍എ പട്ടയത്തില്‍ സബ്‌റൂള്‍ എട്ട് പ്രകാരം കൃഷിയല്ല വ്യവസായമാണ് വേണ്ടതെങ്കില്‍ നിയമഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുക അതെല്ലാമാണ് ആവശ്യങ്ങള്‍.

നിയമഭേദഗതി വരുന്നത് വരെ ഗ്രീന്‍ ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവ് ഉണ്ടാവരുത്. ആ യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങളാണ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഗ്രീന്‍ട്രിബ്യൂണലില്‍ സ്‌റ്റേറ്റ്‌മെന്റായി കൊടുക്കേണ്ടത്. പകരം ഇടക്കാല ഉത്തരവ് വേണമെന്നാണ് റവന്യൂ വകുപ്പ് ആവശ്യപ്പെടുന്നത്. അത് ഇടുക്കി ജില്ലയെ വളരെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടാണ് ഞങ്ങള്‍ അതിന് എതിരായ നിലപാട് സ്വീകരിക്കുകയും സമരത്തിനിറങ്ങുമെന്നും ആവര്‍ത്തിക്കുന്നത്. ഇടക്കാല ഉത്തരവ് എന്ന നിലയ്ക്ക് ഗ്രീന്‍ ട്രിബ്യൂണല്‍ സ്റ്റാറ്റസ്‌കോ പ്രഖ്യാപിച്ചാല്‍ അത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ഇപ്പോഴും ഞങ്ങള്‍ പ്രശ്‌നത്തിലാണ്. ഇനി സ്റ്റാറ്റസ്‌കോ കൂടി വന്നാല്‍ ഒരിഞ്ച് പോലും മുന്നോട്ട് പോവാത്ത സ്ഥിതിയുണ്ടാവും. ബാങ്ക് ലോണ്‍ കിട്ടില്ല, വീടുകള്‍ക്കെന്തെങ്കിലും കേടുപാട് പറ്റിയാല്‍ പുതുക്കാനാവില്ല, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലാണ്, കരമൊടുക്കാനാവുന്നില്ല. ഇങ്ങനെയായാല്‍ മുന്നോട്ട് പോക്ക് അവസാനിക്കും. ഇടക്കാല ഉത്തരവുണ്ടായാല്‍ നിയമം ഭേദഗതി ചെയ്യാനാവില്ല. കെട്ടിട നിര്‍മ്മാണ ചട്ടവും ഭേദഗതി ചെയ്യാനാവില്ല. ഇടുക്കിക്ക് മാത്രം ബഹുനില കെട്ടിടങ്ങള്‍ പാടില്ല, മറ്റ് എല്ലാ ജില്ലകള്‍ക്കും ആവാമെന്നാണ്. അതാണ് ഞങ്ങള്‍ സ്റ്റാറ്റസ്‌കോ ഇപ്പോള്‍ വേണ്ട, യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ സര്‍ക്കാര്‍ സ്‌റ്റേറ്റ്‌മെന്റായി കൊടുക്കണമെന്ന് റവന്യൂ വകുപ്പിനോട് ആവശ്യപ്പെടുന്നത്.

Avatar

പി സന്ദീപ്

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍