UPDATES

അശോകന്‍ ചരുവില്‍

കാഴ്ചപ്പാട്

Guest Column

അശോകന്‍ ചരുവില്‍

മൂന്നാർ: എസ്. രാജേന്ദ്രനെ എട്ടു സെന്റ്‌ ഭൂമിയില്‍ നിന്നിറക്കി വിട്ടാല്‍ പ്രശ്നം തീരുമോ?

കുടികിടപ്പവകാശം കിട്ടിയവരും മിച്ചഭൂമി പതിച്ചു കിട്ടിയവരും എല്ലാം മറന്ന് ഇടുക്കിയിലെ കുടിയേറ്റക്കാരനു നേരെ കുതിരകയറുകയാണ് ഇപ്പോൾ.

ഇടുക്കിയിലെ എസ്. രാജേന്ദ്രൻ എംഎൽഎയുടെ എട്ട് സെന്റ് ഭൂമി കുറെ കാലമായി രാഷ്ട്രീയ വിവാദത്തിലാണല്ലോ. മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സർക്കാർ ഇടപെടുന്ന സന്ദർഭങ്ങളിൽ മാത്രമാണ് ഈ ഭൂമി വിവാദത്തിൽ പെടുന്നത്. മൂന്നാറിലെ ദരിദ്രരായ കുടിയേറ്റക്കാരെ പ്രകോപിപ്പിച്ച് സർക്കാർ നടപടിക്കെതിരാക്കാനാണ് അവരിൽ ഒരാളായ രാജേന്ദ്രന്റെ ഭൂമിപ്രശ്നം ഉയർത്തിക്കാട്ടുന്നതെന്ന് കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ രാജേഷ് മാത്യു എഴുതിയിരുന്നു. ഭൂമാഫിയക്കു വേണ്ടി മാധ്യമങ്ങൾ ഈ ദൗത്യം നിർവ്വഹിക്കുന്നു. തന്റെ കൈവശമുള്ളത് എട്ടു സെന്റ് പുറമ്പോക്കു ഭൂമിയാണെന്നും വർഷങ്ങളായി അവിടെ താമസിക്കുന്ന തങ്ങൾക്ക് പട്ടയം കിട്ടിയിട്ടുള്ളതാണെന്നും രാജേന്ദ്രൻ പറയുന്നു. പട്ടയ നമ്പർ തെറ്റിയതാണ് പ്രശ്നം. അതു സംബന്ധിച്ച പരാതി കൊടുത്തിട്ടുണ്ട്. പരാതി തള്ളിയെന്ന് റവന്യൂ വകുപ്പും അതു സംബന്ധിച്ച ഫയൽ കാണാതായതാണ് പ്രശ്നമെന്ന് രാജേന്ദ്രനും പറയുന്നു.

തമിഴ്നാട്ടിൽനിന്ന് ചായത്തോട്ടത്തിൽ കൂലിപ്പണിയെടുക്കാൻ വർഷങ്ങൾക്കു മുമ്പേ വന്ന ആയിരങ്ങളിൽ പെട്ടതാണ് രാജേന്ദ്രന്റെ അച്ഛനും അമ്മയും. ലായങ്ങളിൽ പാർത്തുവന്ന അവർ ഒഴിഞ്ഞുകിടക്കുന്ന പുറമ്പോക്കു ഭൂമിയിൽ കുടിൽ വെച്ചു. രാജേന്ദ്രൻ ഇപ്പോൾ ചോദിക്കുന്ന ചോദ്യം വളരെ പ്രസക്തമാണ്. “ജീവിതമാർഗ്ഗം തേടി ഇടുക്കിയിലേക്കു വന്ന കർഷകർ ആരും പട്ടയവും കൊണ്ടല്ലല്ലോ വന്നിട്ടുള്ളത്?” ഭൂപരിഷ്ക്കരണത്തിന്റെ ഭാഗമായി ഏക്കർ കണക്കിനു പാട്ട ഭൂമിക്ക് ട്രിബ്യൂണലിന്റ ക്രയസർട്ടിഫിക്കറ്റ് കിട്ടിയവരും പത്തു സെന്റ് കുടികിടപ്പവകാശം കിട്ടിയവരും മിച്ചഭൂമി പതിച്ചു കിട്ടിയവരും എല്ലാം മറന്ന് ഇടുക്കിയിലെ കുടിയേറ്റക്കാരനു നേരെ കുതിരകയറുകയാണ് ഇപ്പോൾ.

തനിക്കു കിട്ടിയ പട്ടയത്തിന്റെ നമ്പർ തെറ്റിയിരിക്കുന്നു എന്ന രാജേന്ദ്രന്റെ ആവലാതി രാഷ്ട്രീയ വിരോധം കൊണ്ടു തള്ളിക്കളയുമ്പോൾ ചങ്കു തകരുന്നത് സമാനരായ നൂറുകണക്കിന് കൃഷിക്കാരാണ്. ഇടുക്കിയിൽ ഇതിനകം വിതരണം ചെയ്ത പട്ടയങ്ങളിൽ ഗുരുതരമായ തെറ്റുകൾ (clerical error) ഉണ്ട് എന്നത് നിരന്തരം ഉന്നയിക്കപ്പെടുന്ന വിഷയമാണ്. നൂറു കണക്കിനു പരാതികളാണുള്ളത്. ചിലതിൽ നമ്പർ തെറ്റി, ചിലതിൽ സർവ്വേ നമ്പർ തെറ്റി; മനഷ്യർ വില്ലേജ് ആപ്പീസിൽ കയറി ഇറങ്ങുകയാണ്. ഇങ്ങനെ തെറ്റുവരുത്തി മനുഷ്യനെ കൊല്ലാക്കൊല ചെയ്യൽ ഇടുക്കിയിലെ മാത്രമല്ല; സംസ്ഥാനത്തൊട്ടാകെ റവന്യു വകുപ്പു നടത്തുന്ന ഒരു ക്രൂരവിനോദമാണ്.

ദീർഘകാലം രജിസ്ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന എനിക്ക് അതു സംബന്ധമായി നിരവധി അനുഭവങ്ങളുണ്ട്. പട്ടയത്തിലും ആധാരത്തിലും സർവ്വേ നമ്പരോ വിസ്തീർണ്ണമോ തെറ്റിയതു കൊണ്ട് ഭൂമി വിൽക്കാനാ പണയപ്പെടുത്താനോ നിവർത്തിയില്ലാതെ വലയുന്ന ഒരുപാട് പേരുണ്ട്. വെള്ളറടയിലെ വില്ലേജ് ആപ്പീസ് കത്തിച്ച് ജയിലിൽ പോയ റബ്ബർ കർഷകൻ സാംകുട്ടിയെ വായനക്കാർ ഓർക്കുന്നുണ്ടാവും. റീസർവ്വെ നടത്തിയപ്പോൾ രേഖകളിൽ വന്ന തെറ്റ് തിരുത്തിക്കിട്ടാനാണ് ആ മനുഷ്യൻ നടന്നത്. അവസാനം നിൽക്കക്കള്ളിയില്ലാതെ ആ കടുംകൈ ചെയ്തപ്പോൾ ജയിലിൽ പോകേണ്ടി വന്നുവെങ്കിലും സംഗതി തിരുത്തിക്കിട്ടി. സിപിഎം നേതാവും എംഎൽഎയും ആയതു കൊണ്ടു മാത്രമാവണം എസ്. രാജേന്ദ്രൻ റവന്യൂ അപ്പീസിന് തീവെക്കാത്തത്.

ഒരനുഭവം കൂടി പറയാം: മുൻപൊരിക്കൽ ആയുർവ്വേദ ചികിത്സക്ക് വേണ്ടി സുഹൃത്ത് ഡോ. ബാലറാമിന്റെ ചാഴൂരിലെ നഴ്സിങ്ങ് ഹോമിൽ ഞാൻ കിടന്നിരുന്നു. തളർവാതം പിടിച്ചു കിടക്കുന്ന ഒരു രോഗിണിയുടെ ഭർത്താവിനെ അവിടെ വെച്ചു പരിചയപ്പെട്ടു. ലോക്കൗട്ടിലായ ലക്ഷ്മി മില്ലിലെ തൊഴിലാളിയാണ് അദ്ദേഹം. തന്റെ ഭൂമിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം എന്നോടു പറഞ്ഞു. ആ മനുഷ്യന് ചേറ്റുപുഴപ്പാടത്ത് ഒരേക്കർ നിലമുണ്ട്. വർഷത്തിൽ മുക്കാലും വെള്ളം മുങ്ങിക്കിടക്കുന്ന അവിടെ ഒരുപൂ കൃഷി ചെയ്യാം. ഭൂമിക്ക് സർക്കാർ ന്യായവില നിശ്ചയിച്ചപ്പോൾ ആ പാവത്തിന്റെ നിലത്തിന് സെന്റിന് രണ്ടു കോടി എന്ന കണക്കിന് വിലയിട്ടു.

വിജ്ഞാപനത്തിൽ രണ്ടു പൂജ്യം അധികമായി അച്ചടിച്ചു പോയതാണ്. ഭാര്യയുടെ ചികിത്സക്ക് വലിയ തുക വേണ്ടി വന്നു. കൂടാതെ മകളുടെ കല്യാണം ആലോചിച്ചു വരുന്നു. നിലം വിൽക്കണം. വാങ്ങാനാളുണ്ട്. പക്ഷേ പതിനായിരം രൂപക്ക് വാങ്ങുന്ന നിലത്തിന് ലക്ഷക്കണക്കിനു രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാൻ ആരു തയ്യാറാവും? ന്യായവില തിരുത്തേണ്ടത് ആർ.ഡി.ഒ. ആണ്. പലവട്ടം ആപ്പീസ് കയറിയിറങ്ങി. ആരും കനിഞ്ഞില്ല. ഇനി ആത്മഹത്യയല്ലാതെ പോംവഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു. അന്ന് ഉമ്മൻ ചാണ്ടിയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ പ്രസിദ്ധമായ പൊതുജനസമ്പർക്ക പരിപാടി തൃശൂരിൽ നടക്കുന്നു. അവിടെ അപേക്ഷ കൊടുക്കാൻ ഞാൻ നിർദ്ദേശിച്ചു.

അദ്ദേഹം അപേക്ഷ കൊടുത്തു. കഷ്ടസ്ഥിതി മുഖ്യമന്ത്രിയെ അറിയിക്കുന്ന കൂട്ടത്തിൽ ഭാര്യയുടെ അസുഖക്കാര്യവും എഴുതിയിരുന്നു.

ഫലം: ഭാര്യയുടെ അസുഖച്ചെലവിലേക്ക് രണ്ടായിരം രൂപ അനുവദിച്ച് ഫയൽ ക്ലോസ് ചെയ്തു.

അശോകന്‍ ചരുവില്‍

അശോകന്‍ ചരുവില്‍

ചെറുകഥാകൃത്ത്, നോവലിസ്റ്റ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍