UPDATES

സബ് കളക്ടര്‍ സ്‌ട്രോങ്ങാണ്, പക്ഷേ ഡബിള്‍ സ്‌ട്രോങ്ങാണ് മൂന്നാറിലെ കയ്യേറ്റക്കാര്‍

എന്തുകൊണ്ട് മൂന്നാറിലെ കയ്യേറ്റങ്ങള്‍ പൂര്‍ണമായി ഒഴിപ്പിക്കാന്‍ സാധിക്കുന്നില്ല എന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരംകൂടിയാണ് ദേവികുളത്തെ ഇന്നലത്തെ സംഭവം.

മൂന്നാറിലെ അനധികൃത കയ്യേറ്റക്കാരുടെ പ്രധാന രക്ഷാകവചം ആ നാട്ടിലെ സാധാരണക്കാരാണ്. റവന്യു വകുപ്പിന്റെ നടപടികളെ എതിര്‍ക്കാനും പരാജയപ്പെടുത്താനും സാധാരണക്കാരെ മുന്‍നിര്‍ത്തി കളിക്കുന്ന ഏര്‍പ്പാട് കയ്യേറ്റക്കാരും അവരുടെ സഹായികളായ രാഷ്ട്രീയക്കാരും നടത്തിപ്പോരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വി എസ് അച്ചുതാനന്ദന്‍ നടത്തിയ മൂന്നാര്‍ ദൗത്യത്തെ പ്രതിരോധിച്ചതും ഇതേ മാര്‍ഗമുപയോഗിച്ചായിരുന്നു. ഇപ്പോള്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പരാജയപ്പെടുത്താനും ഇവര്‍ ഇറക്കുന്നത് പഴയ ആ തുറുപ്പുഗുലാന്‍ തന്നെ. പ്രാദേശിക വികാരം ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ അതിനെ തടഞ്ഞു നിര്‍ത്തുക ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രയാസമാണ്.

കിട്ടിയ വിവരമനുസരിച്ച്, ഇപ്പോള്‍ ചെയ്തുപോരുന്ന നടപടിയില്‍ പിഴവില്ലെന്നും ഇങ്ങനെ തന്നെ മുന്നോട്ടുപോകാനും സബ് കളക്ടര്‍ക്ക് മുഖ്യമന്ത്രിയില്‍ നിന്നു തന്നെ ഉറപ്പ് ലഭിച്ചിരുന്നതാണ്. എന്നാല്‍ ആ ഉറപ്പിനുപോലും മൂന്നാറിലെ പ്രാദേശിക രാഷ്ട്രീയകോക്കസുകളെ മറികടക്കാന്‍ സാധിക്കില്ല എന്നതാണ് ഇന്നലെ ദേവികുളത്ത് കണ്ടത്. ദേവികുളം പൊലീസ് സ്റ്റേഷനടുത്ത് ആരോഗ്യവകുപ്പ് മുന്‍ജീവനക്കാരന്‍ മണി എന്നയാള്‍ കച്ചേരി സെറ്റില്‍മെന്റില്‍ കയ്യേറിയ 10 സെന്റ് ഭൂമി ഒഴിപ്പിക്കാനാണ് അഞ്ചംഗ റവന്യു സംഘം എത്തിയത്. ഇവരെ സിപിഎം പഞ്ചായത്തംഗം പി കെ സുരേഷ്, സിപിഎം ജില്ല സെക്രട്ടേറിയേറ്റംഗം ആര്‍ ഈശ്വരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്നവര്‍ തടയുകയായിരുന്നു. റവന്യു ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഭൂസംരക്ഷണസേനാംഗത്തിനു മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. ഈ സമയത്ത് പോലീസും ഇവിടെയുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഇടപെട്ടില്ല. വിവരം അറിഞ്ഞെത്തിയ സബ് കളക്ടര്‍ ആവശ്യപ്പെട്ടിട്ടുപോലും പോലീസ് ഇടപെട്ടില്ല. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരം കൂടിയുള്ള സബ് കളക്ടറുടെ ഉത്തരവ് ലംഘിക്കാന്‍ പോലും ദേവികുളം എസ് ഐക്കു ധൈര്യമുണ്ടായിരുന്നു. ഒടുവില്‍ മൂന്നാര്‍ എസ് ഐ യെ വിളിച്ചു വരുത്തുകയും പ്രശ്‌നമുണ്ടാക്കിയവരില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്നു സബ് കളക്ടറുമായി പ്രതിഷേധക്കാര്‍ ചര്‍ച്ച നടത്തി. തുടര്‍ന്നു ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍, കയ്യേറ്റ ഭൂമിയില്‍ നിര്‍മിച്ച ഷെഡ് പൊളിച്ചു മാറ്റുകയും ചെയ്തു.

കയ്യേറ്റ ഭൂമി ഒഴിപ്പിച്ചെടുത്തു എന്നു പറയാനാകില്ലെങ്കിലും അവിടെ അനധികൃതമായി നിര്‍മിച്ച ഷെഡ് പൊളിച്ചു മാറ്റാനെങ്കിലും ആയതിനു പിന്നില്‍ ഒറ്റകാരണമേയുള്ളൂ; സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നിശ്ചദാര്‍ഢ്യം. ഞാന്‍ ചെയ്യുന്ന ജോലിയില്‍ നിന്നും എന്നെ പിന്തിരിപ്പിക്കണമെങ്കില്‍ അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം എന്നെ സ്ഥലം മാറ്റുക എന്നതാണ്, അല്ലാതെ എന്റെ പ്രവര്‍ത്തനശൈലി മറ്റാന്‍ ആര്‍ക്കും കഴിയില്ലെന്ന ശ്രീറാമിന്റെ നിലപാടിലെ ആത്മാര്‍ത്ഥയാണ് ഇന്നലെ ദേവികുളത്തും കണ്ടത്. ഒരുപക്ഷേ ശ്രീരാമിന്റെ സ്ഥാനത്ത് മറ്റൊരാള്‍ ആയിരുന്നെങ്കില്‍ ഇന്നലത്തെ ഭീഷണിക്കു മുന്നില്‍ തോറ്റു മടങ്ങാനേ റവന്യൂ സംഘത്തിനു സാധിക്കുമായിരുന്നുള്ളൂ. മൂന്നാറില്‍ പതിവായി നടക്കുന്നതുപോലെ.

മൂന്നാറില്‍ ഭൂമി കയ്യേറുന്നവര്‍ ആ നാട്ടിലെ സാധാരണജനങ്ങളല്ല, പുറത്തു നിന്നുവരുന്നവരാണെന്നു പറയാറുണ്ട്. മൂന്നാറിലെ പ്രധാന കയ്യേറ്റക്കാര്‍ അന്നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയാണ്. ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇരിക്കുമ്പോള്‍ തന്നെ ഇവര്‍ ഭൂമി കയ്യേറിയെടുക്കുകയും പിന്നീട് റിട്ടയര്‍മെന്റിനുശേഷം ആ ഭൂമി സ്വന്തമാക്കിയെടുത്ത് ഒന്നുകില്‍ അവിടെ താമസം തുടങ്ങുകയോ അല്ലെങ്കില്‍ കച്ചവടം ചെയ്യുകയോ റിസോട്ടുകളോ ഹോട്ടലുകളോ കെട്ടി ബിസിനസ് നടത്തുകയോ ചെയ്യും. വെറും ആരോപണമല്ലിത്. മൂന്നാറില്‍ കാണാവുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തന്നെ. ഒരുപക്ഷേ ഇതു പത്തോ ഇരുപതോ സെന്റുമാത്രമാകും. പക്ഷേ വേലി തന്നെ വിളവു തിന്നുന്ന ഏര്‍പ്പാട് അതെത്ര ചെറുതായാലും കുറ്റം തന്നെയാണല്ലോ. സര്‍ക്കാരിന്റെ അവകാശത്തിലുള്ള ഒരു സെന്റ് ഭൂമി കയ്യേറിയാലും അതു നിയമവിരുദ്ധമായ കയ്യേറ്റം തന്നെയാണ്. എന്നാല്‍ മൂന്നാറില്‍ ഇത്തരം കയ്യേറ്റങ്ങള്‍ പാവപ്പെട്ടവന്റെ ഗതികേടായി ചിത്രീകരിച്ചാണ് ഇതിനെതിരേയുള്ള നടപടികളെ തടുക്കുന്നത്. മൂന്നാറില്‍ പാവപ്പെട്ടവരുണ്ട്. അവിടെ തലമുറകളായി ജീവിച്ചുപോരുന്നവര്‍. അവരില്‍ സ്വന്തമായി ഭൂമിയില്ലാത്തവരേറെയുണ്ട്. പക്ഷേ അവരൊന്നും കയ്യേറ്റക്കാരല്ല. കയ്യേറ്റക്കാര്‍ വേറെയാണ്, അവരാണ് പക്ഷേ മൂന്നാറിലെ ‘പാവപ്പെട്ടവര്‍’. ശ്രീറാം വെങ്കിട്ടരാമനെപോലുള്ളവര്‍ക്കു മുന്നില്‍ ചക്രവ്യൂഹം ചമയ്ക്കുന്നവരും അവരാണ്.

Also Read: ശ്രീറാം വെങ്കിട്ടരാമന്‍/അഭിമുഖം: എന്നെ സ്ഥലം മാറ്റാന്‍ കഴിഞ്ഞേക്കും, പക്ഷേ പ്രവര്‍ത്തനശൈലി മാറ്റാന്‍ പറ്റില്ല

എന്തുകൊണ്ട് മൂന്നാറിലെ കയ്യേറ്റങ്ങള്‍ പൂര്‍ണമായി ഒഴിപ്പിക്കാന്‍ സാധിക്കുന്നില്ല എന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരംകൂടിയാണ് ദേവികുളത്തെ ഇന്നലത്തെ സംഭവം. എന്തെങ്കിലും ചെയ്യണമെന്നു കരുതുന്ന ഉദ്യോഗസ്ഥര്‍ ഇവിടെ ഒറ്റപ്പെടും; അയാളെ അതില്‍ നിന്നു തടയാന്‍ നില്‍ക്കുന്നവര്‍ വന്‍ശക്തികളുമാണ്. പൊലീസ്, റവന്യു വിഭാഗങ്ങളില്‍ തന്നെ ഈ ശക്തികള്‍ക്കു കൂടെ നില്‍ക്കുന്നവര്‍ ഏറെയുണ്ട്. റവന്യു ഭൂമിയിലെ കയ്യേറ്റമൊഴിപ്പിക്കലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊളിക്കലും രഹസ്യമായ ഓപ്പറേഷനിലൂടെയാണ് റവന്യൂ സംഘം ചെയ്യാറ്. രഹസ്യമായി നടത്തുന്നത് എന്നാണുവയ്‌പ്പെങ്കിലും റവന്യു സംഘം മനസില്‍ വിചാരിക്കുമ്പോള്‍ തന്നെ വിവരം എതിര്‍പക്ഷത്ത് ചെന്നിരിക്കും. ശ്രീറാം വെങ്കിട്ടരാമനുപോലും അത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒഴിപ്പിക്കാന്‍ സജ്ജീകരണങ്ങളുമായി എത്തുമ്പോള്‍ നീട്ടിപിടിച്ച ഒരു കോടതി സ്‌റ്റേ ഓഡര്‍. അല്ലെങ്കില്‍ അക്ഷൗണിപട പോലെ പാര്‍ട്ടിക്കാര്‍. ഇതുരണ്ടും കടന്നു മുന്നോട്ടുപോകാന്‍ ഒരു സബ് കളക്ടര്‍ക്കു സാധിക്കില്ല… ഒരു മുഖ്യമന്ത്രിക്കുപോലും സാധിച്ചിട്ടുമില്ല എന്നതും ഓര്‍ക്കണം.

മൂന്നാറിലെ ജനങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്‌താല്‍ സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്ന് ഇന്നലെ പ്രഖ്യാപിച്ചത് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയാണ് എന്ന യാഥാര്‍ത്ഥ്യവും ഇതോടൊപ്പം കൂട്ടി വായിക്കണം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍