UPDATES

ബ്ലോഗ്

യൂണിവേഴ്‌സിറ്റി കോളേജിലേത് വധശ്രമക്കേസ് മാത്രമല്ല; അധികാരത്തിന്റെ തണലില്‍ നടക്കുന്ന സംഘടിത ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍

തെളിഞ്ഞിരിക്കുന്ന വധശ്രമക്കേസല്ല യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നിരിക്കുന്നത് ഒളിഞ്ഞിരിക്കുന്ന വ്യാജരേഖാ കേസിനൊപ്പം വന്‍ പരീക്ഷാ തട്ടിപ്പ് കൂടിയാണ് തെളിയുന്നത്

യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷവും അതിന് പിന്നാലെ വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റതുമാണ് ഏതാനും ദിവസങ്ങളിലായി രാഷ്ട്രീയ കേരളത്തിലെ പ്രധാന ചര്‍ച്ച. വെള്ളിയാഴ്ച കോളേജിലുണ്ടായ സംഘര്‍ഷവും അഖില്‍ എന്ന വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റതുമെല്ലാം എസ്എഫ്‌ഐയ്‌ക്കെതിരായ വികാരത്തിന് കാരണമായിരിക്കുകയാണ്. പതിവിന് വിരുദ്ധമായി യൂണിവേഴ്സിറ്റി കോളേജിന് അകത്ത് നിന്നു പോലും എസ്എഫ്‌ഐയ്‌ക്കെതിരായ വികാരമാണ് ഉയരുന്നത്. യൂണിവേഴ്‌സിറ്റി കോളേജിന്റെ ചരിത്രത്തിലാദ്യമായി എസ്എഫ്‌ഐയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തുകയും യൂണിയന്‍ ഓഫീസ് കയ്യേറുകയും ചെയ്തു. കാലാകാലങ്ങളായി ക്യാമ്പസില്‍ എസ്എഫ്‌ഐ നടത്തിവന്നിരുന്ന അതിക്രമങ്ങള്‍ അതോടെ വീണ്ടും ചര്‍ച്ചയാകുകയും ചെയ്തു. ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്ന എസ്എഫ്‌ഐയുടെയും മറ്റ് വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകളുടെയുമെല്ലാം പരമ്പരാഗത രീതിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതിന്റെയെല്ലാം ഫലമായി ഇപ്പോള്‍ സംഘടനയുടെ ക്യാമ്പസിലെ യൂണിറ്റ് പിരിച്ചുവിട്ടിരിക്കയാണ് എസ് എഫ് ഐ നേതൃത്വം.

അതേസമയം കേവലമൊരു ക്യാമ്പസ് രാഷ്ട്രീയ അക്രമത്തിനപ്പുറത്തേക്കാണ് ഈ കേസ് നീങ്ങുന്നതെന്നാണ് ഇപ്പോഴത്തെ വാര്‍ത്തകളില്‍ നിന്നും മനസിലാകുന്നത്. കേസിലെ പ്രതികളിലൊരാളായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയ യൂണിവേഴ്‌സിറ്റി ഉത്തരപേപ്പറുകളാണ് കേസിന്റെ ഗതിമാറ്റുന്നത്. അതിന് പിന്നാലെ ഇന്ന് എസ്എഫ്‌ഐയുടെ യൂണിയന്‍ റൂമില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തി. റോള്‍ നമ്പരുകള്‍ രേഖപ്പെടുത്തിയതും രേഖപ്പെടുത്താത്തതുമായ ഉത്തരപേപ്പറുകളാണ് ലഭിച്ചത്. ഈ റോള്‍ നമ്പരുകള്‍ ആരുടേതാണെന്ന് വ്യക്തമല്ല. ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എസ് സുബ്രഹ്മണ്യന്റെ പേര് രേഖപ്പെടുത്തിയ സീലും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം തന്റെ സീല്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും പിടിച്ചെടുത്തത് തന്റേതല്ലെന്നുമാണ് ഈ അധ്യാപകന്റെ വിശദീകരണം. അങ്ങനെയെങ്കില്‍ വ്യാജരേഖ ചമച്ച കേസ് കൂടി ഇവിടെ ഉയരും. ഉത്തരപേപ്പറുകള്‍ വിദ്യാര്‍ത്ഥിയുടെ വീട്ടിലും യൂണിയന്‍ ഓഫീസിലും കണ്ടെത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് സര്‍വകലാശാലയും അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ യൂണിവേഴ്‌സിറ്റി കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും കോളേജില്‍ സമീപകാലത്ത് നടത്തിയ പരീക്ഷകള്‍ പരിശോധിക്കുമെന്നുമാണ് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വി പി മഹാദേവന്‍ പിള്ള അറിയിച്ചിരിക്കുന്നത്.

പരീക്ഷാ നടത്തിപ്പിന് സര്‍വകലാശാല നല്‍കിയ നിര്‍ദ്ദേശങ്ങളൊന്നും യൂണിവേഴ്‌സിറ്റി കോളേജ് അധികൃതര്‍ പാലിച്ചിരുന്നില്ലെന്ന പുതിയ ആരോപണവും ഉയരുന്നുണ്ട്. ചോദ്യപേപ്പറുകള്‍ പരീക്ഷയ്ക്ക് മുമ്പ് ജീവനക്കാര്‍ ചോര്‍ത്തി നല്‍കുന്നുവെന്നാണ് പ്രധാന ആരോപണം. ഇടതു സംഘടനയില്‍ അംഗങ്ങളായ അധ്യാപകര്‍ പേപ്പര്‍ പുറത്തുകൊണ്ട് പോയി പരീക്ഷ എഴുതിച്ച് തിരികെയെത്തിക്കാന്‍ അനുവദിക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്. പരീക്ഷ എഴുതാനറിയാത്തവര്‍ക്ക് പകരക്കാര്‍ പരീക്ഷയെഴുതി നല്‍കും. വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തിരുന്ന പരീക്ഷയെഴുതാനായി ഡെസ്‌കില്‍ റോള്‍ നമ്പര്‍ രേഖപ്പെടുത്തണമെന്ന യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശവും യൂണിവേഴ്‌സിറ്റി കോളേജില്‍ പാലിക്കാറില്ല. അതുപോലെ പരീക്ഷ കഴിഞ്ഞാല്‍ അന്നുതന്നെ ഉത്തരപേപ്പറുകള്‍ സീല്‍ ചെയ്ത് സര്‍വകലാശാലയില്‍ എത്തിക്കണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെടാറില്ല. ജീവനക്കാര്‍ ചോര്‍ത്തി നല്‍കുന്ന പേപ്പറുകള്‍ പുറത്തെത്തിച്ച് എഴുതി തിരികെയെത്തിക്കാനാണിത്.

അറസ്റ്റിലായവര്‍ ഉള്‍പ്പെടെയുള്ള എസ്എഫ്‌ഐ നേതാക്കള്‍ പി എസ് സിയുടെ പോലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവവും ഇതോടെ വിവാദമായി. ഇതേക്കുറിച്ച് പി എസ് സി വിജിലന്‍സിനെക്കൊണ്ട് അന്വേഷണം നടത്തിക്കാനുമാണ് പി എസ് സി അധികൃതരുടെ തീരുമാനം. അതേസമയം ഈ ആരോപണം പി എസ് സിയുടെ ഉദ്ദേശശുദ്ധിയ്ക്ക് കോട്ടമുണ്ടാക്കരുതെന്നാണ് പി എസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ ആവശ്യപ്പെടുന്നത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാറില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അത് പരിശോധിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ അറിയിപ്പ് ലഭിച്ചാല്‍ ശുപാര്‍ശ റദ്ദാക്കുമെന്നും അദ്ദേഹം പറയുന്നു. പി എസ് സി പരീക്ഷയില്‍ ശിവരഞ്ജിത്തിന് 78.33 മാര്‍ക്കാണ് ലഭിച്ചത്. സ്‌പോര്‍ട്‌സിലെ വെയിറ്റേജ് മാര്‍ക്കായി ലഭിച്ച 13.58 മാര്‍ക്ക് ഉള്‍പ്പെടെയാണ് റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയത്.

അതേസമയം ബേസ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തതായി കാണിച്ച് ശിവരഞ്ജിത്ത് പി എസ് സിയ്ക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്. ശിവരഞ്ജിത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രവേശനം നേടിയതും സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ്. സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ യഥാര്‍ത്ഥമാണോയെന്ന് പരിശോധിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തെങ്കിലും യൂണിവേഴ്‌സിറ്റി കോളേജില്‍ ഇതും അട്ടിമറിക്കപ്പെട്ടു. സ്‌പോര്‍ട്‌സ് വെയ്‌റ്റേജിനായി എസ്എഫ്‌ഐ നേതാക്കളെ ഏതെങ്കിലും കായിക ടീമില്‍ ഉള്‍പ്പെടുത്തും. ദേശീയതലത്തിലെ മത്സരത്തില്‍ പങ്കെടുത്താല്‍ പോലും സ്‌പോര്‍ട്‌സ് വെയ്‌റ്റേജ് ലഭിക്കും. ഇതിലൂടെ സര്‍ക്കാര്‍ ജോലിയും ഇവര്‍ക്ക് ഉറപ്പാക്കാനാകും. പി എസ് സിയ്ക്ക് നല്‍കുന്ന സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അസി. സെക്രട്ടറിയുടെ കൗണ്ടര്‍ സൈനും വേണമെന്നാണ് നിബന്ധന. രാഷ്ട്രീയമായി സ്വാധീനിച്ചോ വ്യാജരേഖകള്‍ ഉണ്ടാക്കുകയോ ചെയ്താണ് പാര്‍ട്ടിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ ഇത് മറികടക്കുന്നത്. ശിവരഞ്ജിത്ത് സമര്‍പ്പിച്ചത് വ്യാജമായി നിര്‍മ്മിച്ച സര്‍ട്ടിഫിക്കറ്റാണെന്നാണ് പോലീസ് കണ്ടെത്തിയത്.

തെളിഞ്ഞിരിക്കുന്ന വധശ്രമക്കേസല്ല യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നിരിക്കുന്നതെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്. ഒളിഞ്ഞിരിക്കുന്ന വ്യാജരേഖാ കേസിനൊപ്പം വന്‍ പരീക്ഷാ തട്ടിപ്പ് കൂടിയാണ് തെളിയുന്നത്. അങ്ങനെ വന്നാല്‍ കേരളത്തിന്റെ കലാലയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അക്കാദമിക കുറ്റകൃത്യമാണ് യൂണിവേഴ്‌സിറ്റി കോളേജിനെതിരെ ഇനി അന്വേഷിക്കേണ്ടി വരിക.

Read More: ‘എന്റെ മുണ്ട് അവര്‍ ഊരിയെടുത്തു, ആ മുണ്ടും കൊണ്ടവര്‍ പ്രകടനം നടത്തി’; യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ച എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് അരുണ്‍ ബാബു

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍