UPDATES

ട്രെന്‍ഡിങ്ങ്

കഞ്ചാവ് മണക്കുന്ന കേരളം; തൃശൂരില്‍ എതിര്‍സംഘത്തില്‍പ്പെട്ട യുവാക്കളെ കൊലപ്പെടുത്തിയത് ഒറ്റിന്റെ പേരില്‍

ബാറുകള്‍ പൂട്ടിയതോടെ മദ്യം കരിഞ്ചന്തയില്‍ മാത്രം ലഭ്യമായ സാഹചര്യമാണ് കേരളത്തില്‍ മയക്കുമരുന്ന് ഉപഭോഗം കൂടാന്‍ കാരണമായി പറയപ്പെടുന്ന ഒന്ന്

തിരുവനന്തപുരത്ത് കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ അതിക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയിട്ട് ഒരുമാസം പിന്നിടുന്നതേയുള്ളൂ. തലസ്ഥാനത്തെ മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവരായിരുന്നു ഈ കൊലപാതകത്തിനു പിന്നിലെന്ന് പിന്നീട് പുറത്തറിഞ്ഞു. തലയ്ക്ക് കരിക്കു കൊണ്ട് ഇടിക്കുകയും കൈഞരമ്പുകള്‍ മുറിക്കുകയും മാംസം മുറിച്ചെടുക്കുകയും സിഗരറ്റ് കൊണ്ടു പൊള്ളിക്കുകയുമൊക്കെ ചെയ്ത ക്രൂരത ഞെട്ടലോടെയാണ് കേരളം കേട്ടത്. കേരളത്തിന്റെ വിവിധ ഭാഗങ്ങള്‍ കഞ്ചാവ്-മയക്കുമരുന്ന് മാഫിയകളുടെ പിടിയിലാകുന്നു എന്ന സൂചനകളും ഈ വാര്‍ത്തയ്‌ക്കൊപ്പം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു യുവാക്കളെ കഴിഞ്ഞ ദിവസം തൃശൂരില്‍ വെട്ടിക്കൊന്ന വാര്‍ത്തയും പുറത്തു വന്നത്. പരസ്പരം ഒറ്റിക്കൊടുത്തെന്ന സംശയത്തിന്റെ പേരില്‍ കഞ്ചാവ് മാഫിയ കൊലപ്പെടുത്തിയതായിരുന്നു ഇരുവരേയും.

മുണ്ടുര്‍ വരടിയം പറവട്ടാനി സ്വദേശി ശ്യാം (24), ചൊവല്ലൂര്‍ ക്രിസ്‌റ്റോ (25) എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘങ്ങളെ പോലെ പരസ്പരം കൊന്ന് കണക്കു തീര്‍ക്കുന്ന നിലയിലേക്ക് തൃശൂരിലെ മയക്കുമരുന്ന് മാഫിയയും മാറിയിരിക്കുന്നു എന്നാണ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരങ്ങള്‍. തൃശൂര്‍ നഗര പ്രദേശത്തോട് ചേര്‍ന്നു തന്നെ കിടക്കുന്ന പേരമംഗലം, കുറ്റൂര്‍, വരടിയം മേഖലകളില്‍ കഞ്ചാവ് മാഫിയയുടെ പിടിയിലാണെന്ന് നേരത്തെ തന്നെ വിവരമുണ്ടായിരുന്നു. നേരത്തെ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന ശ്യാമിന്റെയും ക്രിസ്‌റ്റോയുടേയും ഇവരുടെ കൊലപാതകത്തില്‍ അറസ്റ്റിലായ വരടിയം മാളിയേക്കല്‍ ഡയമണ്ട് സിജോ, സഹോദരന്‍ മിജോ എന്നിവരുടേയും സംഘങ്ങള്‍ പരസ്പരം തെറ്റിപ്പിരിഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറുന്നത്.

പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരമനുസരിച്ച് ശ്യാം, ക്രിസ്‌റ്റോ, പ്രസാദ്, രാജേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘവും സിജോ, മിജോ, അഖില്‍, ജിനോ എന്നിവരുടെ സംഘവുമായി ഏറെനാളായി കുടിപ്പക നിലനില്‍ക്കുന്നുണ്ട്. കഞ്ചാവ് കച്ചവടത്തില്‍ നേരത്തെ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്ന ഇരുകൂട്ടരും പിന്നീട് തെറ്റിപ്പിരിയുകയായിരുന്നു. അന്നു മുതല്‍ പരസ്പരം പോര്‍വിളികള്‍ നടക്കുകയും ഏറ്റുമുട്ടലുകള്‍ നടന്നിരുന്നതായും പോലീസ് പറയുന്നു. ഈ മാസമാദ്യം പ്രസാദിന്റെറ അമ്മയെ വീട്ടില്‍ രണ്ടു കിലോ കഞ്ചാവ് സുക്ഷിച്ചതിന് എക്‌സൈസ് അറസ്റ്റ് ചെയ്തു. പിന്നാലെ സിജോയുടെ സംഘത്തില്‍പ്പെട്ട അജയ് ഘോഷ്, സുനില്‍ എന്നിവരെ മൂന്നു കിലോ കഞ്ചാവുമായി എക്‌സ്‌സെസ് പിടികൂടി. പരസ്പരം ഒറ്റിക്കൊടുത്തതാണ് ഈ സംഭവങ്ങളെന്ന് സംശയിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ ആക്രമണവും ആരംഭിച്ചു. ഇരുകൂട്ടരുടേയും വീടിനു നേര്‍ക്ക് മുന്‍ ദിവസങ്ങളില്‍ പന്നിപ്പടക്കവും പെട്രോള്‍ ബോംബും ഉപയോഗിച്ചുള്ള ആക്രമണം നടന്നിരുന്നതായും പോലീസ് പറയുന്നു.

ബുധനാഴ്ച കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ശ്യാമും സംഘവും സിജോയുടെ വീടിനു നേര്‍ക്ക് പന്നിപ്പടക്കവും പെട്രോള്‍ ബോംബും എറിഞ്ഞതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. രണ്ടു ബൈക്കുകളിലായി പോയ ശ്യാം, ക്രിസ്‌റ്റോ, പ്രസാദ്, രാജേഷ് എന്നിവരെ പിന്നാലെ പിക്കപ്പ് വാനിലെത്തിയ സിജോയുടെ സംഘം ഇടിച്ചു വീഴ്ത്തി. ശ്യാമും ക്രിസ്‌റ്റോയും സഞ്ചരിച്ചിരുന്ന ബൈക്ക് നൂറു മീറ്ററിലധികം വലിച്ചിഴച്ചതായി പിന്നീട് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനു പിന്നാലെ പുറത്തിറങ്ങിയ സിജോയുടെ സംഘം ഇരുവരേയും വെട്ടുകയായിരുന്നു. മുപ്പതോളം വെട്ടുകളേറ്റ ഇവര്‍ റോഡ് സൈഡില്‍ തന്നെ ഒരു മണിക്കുറോളം കിടക്കുകയും പിന്നീട് വഴിയാത്രക്കാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസും ആംബുലന്‍സും എത്തുകയുമായിരുന്നു. എന്നാല്‍ ഇരുവരും പിന്നീട് മരിച്ചു. പ്രസാദും രാജേഷും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരേയും സംഘം ഇടിച്ചു വീഴ്ത്തിയിരുന്നുവെന്നും എന്നാല്‍ ആളുകള്‍ ഓടിക്കൂടിയതോടെ കൊലപാതകത്തില്‍ നിന്നു പിന്മാറുകയായിരുന്നു എന്നുമാണ് കരുതുന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്.

Also read: നഗരം പിടിച്ചടക്കുന്ന മയക്കുമരുന്ന് സംഘങ്ങള്‍; അനന്തുവിന്റെ കൊലപാതകം തിരുവനന്തപുരം അകപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ആദ്യസൂചന

സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ പ്രതികള്‍ പിന്നീട് പോലീസ് മുമ്പാകെ കീഴടങ്ങുകയായിരുന്നു എന്നും പറയപ്പെടുന്നു. പിക്കപ്പ് വാന്‍ നേരത്തെ തന്നെ വിയ്യൂര്‍ ഭാഗത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തൃശൂര്‍ ജില്ലയില്‍ ഇത്തരത്തില്‍പ്പെട്ട നിരവധി മയക്കുമരുന്ന് സംഘങ്ങള്‍ പിടിമുറുക്കിയിട്ടുണ്ടെന്നും യുവാക്കള്‍ ഇത്തരം സംഘത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുയാണെന്നും പോലീസ് പറയുന്നു. ഇപ്പോള്‍ ഇത്തരം സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക കൊലപാതകത്തിലേക്ക് നയിക്കുന്ന സാഹചര്യവും വര്‍ധിച്ചു വരികയാണ്. തൃശൂര്‍ ജില്ലയില്‍ മാത്രം കഴിഞ്ഞ അഞ്ചു മാസത്തിനിടെ 400-ലധികം കേസുകളാണ് മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഓപ്പറേഷന്‍ കന്നബീസ് എന്ന പേരില്‍ പോലീസ് മയക്കുമരുന്ന് സംഘങ്ങളെ അമര്‍ച്ച ചെയ്യാനായി പ്രത്യേക നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധി പേര്‍ ഇതിനു പിന്നിലുണ്ടെന്നും അതിനാല്‍ തന്നെ ഇവരെ അമര്‍ച്ച ചെയ്യുക എളുപ്പമല്ലെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംസ്ഥാനത്തിനു പുറത്ത് നിന്ന് വന്‍ തോതില്‍ കഞ്ചാവും മറ്റ് മയക്കുമരുന്നുകളും കേരളത്തിലേക്ക് എത്തുന്നുണ്ടെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കഞ്ചാവ് എത്തുന്നത്. കഞ്ചാവ് ഉള്‍പ്പെടെ ഒരു ദിവസം മാത്രം കേരളത്തില്‍ 10 കോടി രൂപയിലധികം മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ട് എന്നാണ് എക്‌സ്‌സൈസ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബാറുകള്‍ പൂട്ടിയതോടെ മദ്യം കരിഞ്ചന്തയില്‍ മാത്രം ലഭ്യമായ സാഹചര്യമാണ് കേരളത്തില്‍ മയക്കുമരുന്ന് ഉപഭോഗം കൂടാന്‍ കാരണമായി പറയപ്പെടുന്ന ഒന്ന്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍