UPDATES

ഓഫ് ബീറ്റ്

മതചര്‍ച്ചയില്‍ ചരിത്രവും നാട്ടാചാരങ്ങളുമൊന്നും മാറ്റിനിര്‍ത്തേണ്ടതില്ല – അഭിമുഖം / സി.ടി അബ്ദുറഹീം

നവീകരണത്തിന്റേയോ നവോത്ഥാനത്തിന്റേയോ പേരില്‍ അറിയപ്പെടുന്ന മുസ്‌ലിം പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിക കര്‍മ്മശാസ്ത്രം ഉര്‍ഫിന് നല്‍കിയ പ്രാധാന്യം മനസ്സിലാക്കി നിലപാടെടുക്കേണ്ടിയിരിക്കുന്നു.

അന്യമതക്കാരുടെ ആഘോഷങ്ങളില്‍ മുസ്‌ലീങ്ങള്‍ പങ്കെടുക്കണമെന്ന് കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ ഇ.കെ സുന്നിവിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ല്യാര്‍ പ്രസ്താവിക്കുകയുണ്ടായി. മതവിശ്വാസവും സാമൂഹിക ജീവിതവുമായുണ്ടാകാവുന്ന ബന്ധങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും ഇത് കാരണമായി. മുസ്‌ലിങ്ങള്‍ക്ക് നിലവിളക്ക് കൊളുത്താമോ? ഓണസദ്യ ഉണ്ണുന്നത് അനുവദനീയമാണോ? തുടങ്ങിയ ചോദ്യങ്ങള്‍ വിശ്വാസപ്രശ്‌നങ്ങളായി അവതരിപ്പിക്കുന്ന സമകാലിക സാഹചര്യത്തില്‍ ഇസ്‌ലാമിക ചരിത്രപണ്ഡിതനും എഴുത്തുകാരനുമായ ദയാപുരം വിദ്യാഭ്യാസ സാംസ്‌ക്കാരിക കേന്ദ്രത്തിന്റെ മുഖ്യശില്‍പി സി.ടി.അബ്ദുറഹീമുമായി അഴിമുഖം പ്രതിനിധി നടത്തുന്ന സംഭാഷണം.

ചോദ്യം: മുസ്‌ലിംകള്‍ക്ക് അന്യമതക്കാരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാമെന്ന ആലിക്കുട്ടി മുസ്‌ല്യാരുടെ പ്രസ്താവനയെ എങ്ങനെ കാണുന്നു?

സി.ടി അബ്ദുറഹീം: ഏതാഘോഷത്തിനും രണ്ട് വശങ്ങളുണ്ട്: ഒന്ന് വിശ്വാസപരമാണ്; രണ്ടാമത്തേത് സാമൂഹികവും. വിശ്വാസപരമായ കാര്യങ്ങളില്‍ അതത് മതവിശ്വാസികള്‍ മാത്രമേ പങ്കെടുക്കേണ്ടതുള്ളൂ. ആഘോഷം ഒരു സാമൂഹ്യകാര്യം എന്ന നിലയ്ക്ക് എല്ലാവരും പങ്കെടുക്കാറുള്ളതാണ്. പെരുന്നാളിന് വീട്ടില്‍ ഹിന്ദുക്കളെയോ ക്രിസ്ത്യാനികളെയോ വിളിക്കുന്നതും ഒന്നിച്ച് ചോറു ഉണ്ണുന്നതും തെറ്റാണെന്ന് ഹിന്ദുവോ ക്രിസ്ത്യാനിയോ പറയുന്നതായി ഞാനിതുവരെ കേട്ടിട്ടില്ല. ഒരു ബഹുസ്വരസമൂഹത്തില്‍ ഇതരമതങ്ങളെ ആദരിക്കാനും അവരുടെ സന്തോഷങ്ങളില്‍ പങ്കെടുക്കാനുമുള്ള സന്നദ്ധതയും താല്‍പര്യവും ആവശ്യമാണ്. ഇത്തരം ഒരു പ്രസ്താവന ആലിക്കുട്ടി മുസ്‌ല്യാര്‍ക്ക് നടത്തേണ്ടി വന്നതുതന്നെ ദുഃഖകരമാണെങ്കിലും അദ്ദേഹത്തിന്റെ നിലപാട് അഭിനന്ദനാര്‍ഹമാണ്. വിഷയത്തെ ശരിയായ കാഴ്ചപ്പാടിലെത്തിക്കാന്‍ അദ്ദേഹത്തിനായി.

ചോദ്യം: നിലവിളക്ക്‌ കൊളുത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ടല്ലോ.. 

സി.ടി: നമ്മുടെ നാട്ടിലെ ഉദ്ഘാടനചടങ്ങുകളില്‍ പലപ്പോഴും നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ഇടക്കിടക്കുണ്ടാവുന്ന ഇത്തരം തര്‍ക്കങ്ങള്‍ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ സ്വച്ഛതയെ സാരമായി ബാധിച്ചുതുടങ്ങുകയും ചെയ്തിരിക്കുന്നു. ജനാധിപത്യരാഷ്ട്രത്തിലെ പൗരന്‍ എന്ന നിലയില്‍ വിളക്ക് കൊളുത്താനോ കൊളുത്താതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം ആര്‍ക്കുമുണ്ട്. സവര്‍ണ്ണചിഹ്നങ്ങളെ മലയാളിയുടെ ദേശീയചിഹ്നങ്ങളായി അവതരിപ്പിക്കാനും നിര്‍ബന്ധിക്കാനുമുള്ള ശ്രമങ്ങളില്‍, വെള്ളക്കാരന്റെ സമ്പ്രദായങ്ങളെ സാര്‍വ്വലൗകികമായി അടിച്ചേല്‍പിച്ചതുപോലുള്ള അന്യായം നിലനില്‍ക്കുന്നുമുണ്ട്. അത് എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍ നിലവിളക്ക് കൊളുത്തുന്നതിനോട് പലരും കാണിച്ചുവരുന്ന വൈമുഖ്യം വ്യക്തിസ്വാതന്ത്ര്യത്തിന്റേയോ സവര്‍ണമേധാവിത്വത്തോടുള്ള വിമര്‍ശനത്തിന്റേയോ ഭാഗമാണെന്ന് ആരും പറയുന്നില്ല; ഭാവിക്കുന്നുമില്ല. അത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നാണ് ചിലര്‍ പറയുന്നത്. നിലവിളക്ക് കൊളുത്തല്‍ ഹൈന്ദവ പാരമ്പര്യത്തില്‍നിന്നെടുത്തതാണെന്നും ആയതിനാല്‍ ഇസ്‌ലാമിക പാരമ്പര്യത്തിനെതിരാണെന്നുമുള്ള ധാരണയാണ് ഇതിനു പിന്നില്‍. അങ്ങനെ ശക്തമായി വാദിക്കുന്നവരുണ്ട്. അത്തരം വാദത്തിന് അപകടകരമായ തലങ്ങള്‍ വന്നുപെടാം എന്നതിന്റെ ഉദാഹരണമാണ് ഓണസദ്യ കഴിക്കുന്നത് നിഷിദ്ധമാണെന്ന് ചില മുസ്‌ലിം മതപണ്ഡിതന്മാര്‍ നല്‍കുന്ന വിധി.

ചോദ്യം: നിലവിളക്കിനും ഓണസദ്യക്കുമെതിരാണോ അനുകൂലമാണോ താങ്കള്‍?

സി.ടി: എന്റെ വ്യക്തിപരമായ നിലപാട് എന്തുമാവട്ടെ. പുതുതായി നേരിടുന്ന സാമൂഹിക സാഹചര്യത്തില്‍ വകതിരിവോടെ പെരുമാറാന്‍ ചരിത്രപരമായ ഗവേഷണത്തിലൂന്നിയ ആലോചനയാണ് പ്രധാനം. ആരാധനാപരമായ വശം മാത്രമുള്ള ഒരു ചടങ്ങ് നേരിട്ട് നിര്‍വ്വഹിക്കാന്‍ നിര്‍ബ്ബന്ധിതനാവുന്ന സാഹചര്യത്തിലേ ഈ ചോദ്യംതന്നെ പ്രസക്തമാവൂ. നമ്മുടെ നാടിന്റെ സാമൂഹികാന്തരീക്ഷത്തില്‍ അങ്ങനെ എന്ത് നിര്‍ബ്ബന്ധിതാവസ്ഥയാണുള്ളത്? ഒരു പക്ഷത്ത് നില്‍ക്കുകയല്ല, ഇസ്‌ലാമിക കര്‍മ്മശാസ്ത്രവും ഇസ്‌ലാമികചരിത്രവും മുന്‍നിര്‍ത്തി ഇങ്ങനെ ഇത്തരം വിധികള്‍ നല്‍കാനാവുമോ എന്ന സമാലോചനയാണ് വേണ്ടത്.

 


ചേരമാന്‍ ജുമാ മസ്ജിദിലെ നിലവിളക്ക് 

ചോദ്യം: ഈ വിഷയത്തില്‍ ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിന്റെ കാഴ്ചപ്പാട് എന്താണ്?

സി.ടി: ഓരോ ജനതക്കും അവരുടെ പ്രദേശത്തിന്റെ പരിതസ്ഥിതിയുമായി ബന്ധപ്പെട്ട പ്രത്യേകതകളുണ്ട്. ഭൂപ്രകൃതി, കാലാവസ്ഥ, തൊഴില്‍സാഹചര്യങ്ങള്‍, നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞുണ്ടാവുന്ന ആചാരമര്യാദകള്‍, വേഷവിധാനം, ആഹാരരീതി, ജനനം, വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍, ഉത്സവങ്ങള്‍ തുടങ്ങിയവ ഉദാഹരണം. ഇത്തരം പാരമ്പര്യസന്ദര്‍ഭങ്ങളില്‍ പ്രദേശവാസികള്‍ ജാതിമതഭേദമില്ലാതെ പങ്കെടുക്കുക സാധാരണമാണ്. ചില ചടങ്ങുകളില്‍ ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ സ്വാധീനം ഉള്ളടങ്ങിയിരിക്കുമെങ്കിലും അവ നടത്തുന്നതില്‍ പ്രാദേശിക പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉണ്ടായിരിക്കും.

ഇസ്‌ലാമിക കര്‍മ്മശാസ്ത്രം ഈ അവസ്ഥയെ കാണുന്നത് നാട്ടുനടപ്പ് (ഉര്‍ഫ്) എന്ന നിലയിലാണ്. പൊതുവെ ‘ഉര്‍ഫു’മായി ചേര്‍ന്നുപോവുന്നതിന് ഇസ്‌ലാമിക കര്‍മ്മശാസ്ത്രവും പണ്ഡിതന്മാരും എതിരല്ല; എതിരാവേണ്ടതുമില്ല. കാരണം, മാനുഷികകൂട്ടായ്മയുടെ ആധാരത്തിലാണ് നാട്ടുനടപ്പ് ഉരുത്തിരിഞ്ഞുണ്ടാവുന്നത്. മാനുഷികതയുടെ മണ്ണില്‍ വേരൂന്നി വളരുന്ന മതങ്ങള്‍ അതുകൊണ്ടുതന്നെ നാട്ടുനടപ്പിന്റെ പക്ഷത്ത് നില്‍ക്കാനുള്ള ന്യായം കാണാന്‍ ശ്രമിക്കുക സ്വാഭാവികമാണ്.

ചോദ്യം: മുസ്‌ലിം പാരമ്പര്യത്തില്‍ ഇതിന് ഉദാഹരണങ്ങളുണ്ടോ?

സി.ടി: അറബികളുടെ ഗോത്രപരവും സാമൂഹികവും സാമ്പത്തികവുമായ ജീവിതാവസ്ഥകളോട് ഹജ്ജ് തീര്‍ത്ഥാടനത്തിലെ അനുഷ്ഠാനങ്ങള്‍ക്കുള്ള ബന്ധം സുപ്രധാനമായ ഒരുദാഹരണമാണ്. എല്ലാ അറബിഗോത്രങ്ങളും ആദരിക്കുകയും തീര്‍ത്ഥാടനം നടത്തുകയും ചെയ്തിരുന്ന പൊതുകേന്ദ്രമെന്ന നിലയ്ക്ക് പ്രസിദ്ധമായിരുന്ന കഅ്ബാ ദേവാലയത്തിലേക്കുള്ള യാത്രയാണ് ഹജ്ജിലൂടെ ഖുര്‍ആന്‍ നിലനിര്‍ത്തിയത്. മുഹമ്മദ്‌ നബിയുടെ നിയോഗത്തിന് മുമ്പുതന്നെ കച്ചവടത്തിനും സംവാദങ്ങള്‍ക്കും വിജ്ഞാനസാഹിത്യസദസ്സുകള്‍ക്കും മക്കയും മക്കയിലെ ചന്തകളും വേദിയായിരുന്നു. ഹജ്ജുമായി ബന്ധപ്പെട്ട് നാലുമാസങ്ങളില്‍ അറബികള്‍ യുദ്ധം നിഷിദ്ധമാക്കിയിരുന്നു. ഹജ്ജിന്റെ ചടങ്ങുകള്‍ ഏകദേശം ഒരു മാസംകൊണ്ട് അവസാനിക്കുമെങ്കിലും നാലുമാസം നിര്‍ഭയത്വത്തിന്റെ മാസങ്ങളായി പൊതുവെ അംഗീകരിച്ചത്, വിദൂരസ്ഥലങ്ങളില്‍നിന്നു വരുന്ന തീര്‍ത്ഥാടകരുടെ സുരക്ഷിതത്വത്തിന് വേണ്ടിയായിരുന്നു. പ്രവാചകനിയോഗശേഷം മുഹമ്മദ്‌നബിയും ഈ വ്യവസ്ഥ നിലനിര്‍ത്തി.

കഅ്ബക്കു ചുറ്റും ഏഴുപ്രാവശ്യമുള്ള നടത്തവും ‘ഹജറുല്‍ അസ്‌വദ്’ (കറുത്ത ശില) സ്ഥാപിച്ച മൂലയില്‍നിന്നുള്ള തുടക്കവും പൂര്‍വ്വികമായി നിലനിന്ന അനുഷ്ഠാനരീതികളാണ്. ഖുര്‍ആനില്‍ ഹജറുല്‍ അസ്‌വദിനെപ്പറ്റി പരാമര്‍ശമില്ല. എങ്കിലും പഴയ രീതി ഇസ്‌ലാമില്‍ തുടര്‍ന്നും നിലനിര്‍ത്തപ്പെട്ടു. ഹജറുല്‍ അസ്‌വദ് ചുംബിക്കുമ്പോള്‍, ‘നിനക്ക് യാതൊരു പ്രത്യേകതയുമില്ല എന്ന് ഞാന്‍ അറിയുന്നു. പ്രവാചകന്‍ ചുംബിക്കുന്നത് കണ്ടതുകൊണ്ട് മാത്രം ഞാന്‍ നിന്നെ ചുംബിക്കുകയാണെ’ന്ന് രണ്ടാം ഖലീഫയായ ഉമറുബ്‌നു ഖത്താബ് പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ശിലയുടെ പ്രാധാന്യം അറബികളില്‍ പൊതുവായുള്ള വിശ്വാസമായിരുന്നു. ഹജറുല്‍ അസ്‌വദ് ചുംബിച്ച് കഅ്ബയെ ചുറ്റുന്ന പാരമ്പര്യം നിലനിര്‍ത്തിയത് ജനങ്ങളുടെ മാനസികാവസ്ഥ മാനിച്ചുകൊണ്ടാവാം എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ദൈവപ്രീതിക്കായി ബലിമൃഗത്തെ അറുക്കുക, ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ അവസാനം മുടിയെടുക്കുക എന്നിങ്ങനെ പൂര്‍വ്വിക അറബികളില്‍ നിലവിലുണ്ടായിരുന്ന അനുഷ്ഠാനങ്ങളെ നിലനിര്‍ത്തുകയാണ് നബി ചെയ്തത്. അതുപോലെത്തന്നെ, കൊല നടത്താനോ പ്രതികാരം ചെയ്യാനോ ചെടി മുറിച്ചുമാറ്റാനോ പക്ഷിമൃഗാദികളെ ഉപദ്രവിക്കാനോ പാടില്ലാത്ത വിശുദ്ധ’ഹറ’മായി മക്കാ പ്രദേശത്തെ മുഴുവന്‍ ആദരിച്ചിരുന്ന ഖുറൈശികളുടെ മനസ്സും നബി അംഗീകരിക്കുകയുണ്ടായി.

പൂര്‍വ്വികര്‍ പുലര്‍ത്തിവന്ന ഇത്തരം ആചാരങ്ങള്‍ മാനിച്ച വിശുദ്ധ ഖുര്‍ആന്‍ അവയ്ക്ക് ഇസ്‌ലാമികമായ പുതിയൊരു മാനം നല്‍കുകയായിരുന്നു. വിശ്വാസത്തിന്റെ മൗലികഭാവങ്ങള്‍ക്കെതിരായവയെ തള്ളിക്കളയുകയും അല്ലാത്തവയെ നിലനിര്‍ത്തുകയും ചെയ്യുന്ന വിവേചനരീതിയാണ് പ്രവാചകന്‍ സ്വീകരിച്ചത്. നഗ്നമായ ത്വവാഫ് (പരിക്രമണം), ബലിമൃഗത്തിന്റെ ചോര കഅ്ബയുടെ ചുമരില്‍ തേക്കല്‍, സഫാമര്‍വ്വാ കുന്നുകളില്‍ പ്രതിഷ്ഠിച്ച വിഗ്രഹങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ എന്നിവ അദ്ദേഹം ഒഴിവാക്കി. ഒരു സമൂഹവുമായി ഇടപഴകുമ്പോള്‍ അവരുടെ പാരമ്പര്യാചാരങ്ങളെ എങ്ങനെ സമീപിക്കണമെന്നതിന് ഈ നടപടികള്‍ തെളിവല്ലേ? പ്രത്യേകിച്ച് മതവിദ്വേഷമില്ലാത്തതും സ്‌നേഹപൂര്‍വ്വമായ അയല്‍പ്പക്കബന്ധങ്ങള്‍ പുലര്‍ത്തുന്നതുമായ ആധുനിക ബഹുസ്വരസമൂഹത്തില്‍. മനുഷ്യപ്രകൃതി തിരിച്ചറിയണമെന്നും സാഹചര്യങ്ങളോട് അന്ധമായി കലഹിക്കുന്നതിനുപകരം സ്വന്തം വിശ്വാസപ്രമാണങ്ങളുടെ സത്ത സ്വാംശീകരിക്കുമ്പോള്‍തന്നെ മറ്റുള്ളവരോട് ആകര്‍ഷകമായി പെരുമാറുകയാണ് വേണ്ടതെന്നും ഇതുവഴി നബി ഇസ്‌ലാം മതവിശ്വാസികളെ ഉണര്‍ത്തുകയായിരുന്നു.

ചോദ്യം: ഇത്തരത്തില്‍ മറ്റ് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?

സി.ടി: ഇസ്‌ലാമിക ചരിത്രം പഠിക്കുമ്പോള്‍ വസ്ത്രധാരണത്തിന്റെ കാര്യത്തിലും പ്രാദേശികതയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാനാവും. നബി ഒരു പ്രത്യേകവേഷം കല്‍പിച്ചിട്ടില്ല. ഇസ്‌ലാമിനു മുമ്പ് മക്കയില്‍ നടപ്പുള്ള വേഷം അദ്ദേഹം തുടര്‍ന്നു. മജൂസികളുടെയും ക്രൈസ്തവരുടെയും പല വസ്ത്രങ്ങളും നബിയുടെ അനുചരന്മാര്‍ സ്വീകരിച്ചിരുന്നു. ഉദാഹരണം പൈജാമ. അറബികള്‍ക്ക് പരിചയമില്ലാത്തതിനാല്‍ ഭാഷയില്‍ അതിന് വാക്കുണ്ടായിരുന്നില്ല. സല്‍വാര്‍ എന്ന പേര്‍ അറബീകരിച്ച വാക്കാണ്. നബി പൈജാമ ധരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബുര്‍നുസ് എന്ന നീണ്ട തൊപ്പി മറ്റൊരുദാഹരണം. ഈ തൊപ്പിയില്‍ ചിലര്‍ അന്യരീതികളുടെ അനുകരണം കണ്ടപ്പോള്‍ അതൊഴിവാക്കാനുള്ള ചില ആഹ്വാനങ്ങളുണ്ടായി. ക്രൈസ്തവവേഷമെന്ന നിലക്ക് അത് ധരിക്കാമോ എന്ന് ചിലര്‍ ഇമാം മാലികിനോട് ചോദിച്ചു. ആളുകള്‍ അത് മദീനയില്‍ പൊതുവെ ധരിച്ചിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അബായയും അറബികളുടെ പഴയ വേഷമാണ്. ഇത്തരം നാട്ടുരീതികളെ മറ്റ് സമൂഹത്തില്‍നിന്ന് സ്വീകരിച്ചുകൊണ്ട് ഇസ്‌ലാംമതം വളരവെ, വേഷത്തെയോ ആചാരത്തെയോ മറ്റൊരു മതത്തിന്റെ ആചാരം മാത്രമായല്ല; സാമൂഹികാചാരങ്ങളായാണ് ഇസ്‌ലാം മതപ്രവാചകനും കൂട്ടരും മനസ്സിലാക്കിപ്പോന്നതെന്ന് ചുരുക്കം.

ചോദ്യം: കാലഘട്ടത്തിനനുസരിച്ച് കര്‍മ്മശാസ്ത്രവിധി മാറാവുന്നതാണെന്നാണോ ഉദ്ദേശിക്കുന്നത്?

സി.ടി: ഇസ്‌ലാമിക കര്‍മ്മശാസ്ത്രം കാര്യമായി ചര്‍ച്ച ചെയ്ത വിഷയമാണ് നാട്ടാചാരം. പ്രസിദ്ധ പണ്ഡിതന്മാരായ ഷാഹ്‌വലിയ്യുല്ലാ ദഹ്‌ലവി, അല്ലാമാശാമി, ശിബിലിനുഅ്മാനി തുടങ്ങിയവര്‍ ഉദാഹരണം. സമൂഹത്തില്‍ നടപ്പിലുള്ള സമ്പ്രദായങ്ങള്‍, അവ്യക്തമായി അവരില്‍ പ്രവര്‍ത്തിക്കുന്ന വിശ്വാസങ്ങള്‍, പുലര്‍ത്തിപ്പോരുന്ന അറിവുകള്‍ മുതലായവക്ക് ഇത് സംബന്ധമായ വിധികളില്‍ കാര്യമായ പരിഗണനയുണ്ടെന്ന് അവര്‍ വ്യക്തമാക്കുന്നു. ഷാഹ്‌വലിയ്യുല്ലാ തന്റെ ‘ഹുജ്ജതുല്ലാഹില്‍ ബാലിഗ:’ എന്ന ഗ്രന്ഥത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. (ഭാഗം 1, പേ: 89,90,105) വിവിധ പ്രവാചകന്മാരുടെ മതാധിഷ്ഠിത നിയമ വ്യവസ്ഥകള്‍ (ശരീഅത്തുകള്‍) വ്യത്യസ്തമാണ്. വിവാഹം, വിവാഹമോചനം, ഇടപാടുകള്‍, വേഷങ്ങള്‍, യുദ്ധമുതലുകളുടെ വിഹിതം തുടങ്ങിയ കാര്യങ്ങള്‍ എടുത്തുകാട്ടി, ആളുകള്‍ക്ക് ഒട്ടും പരിചയമില്ലാത്ത തീര്‍ത്തും പുത്തന്‍നിയമങ്ങള്‍ ഉന്നയിക്കുകയല്ല മതം ചെയ്തതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒട്ടകത്തിന്റെ മാംസവും പാലും ഇസ്രായേലുകാര്‍ക്ക് നിഷിദ്ധമായിരുന്നുവെങ്കില്‍ ഇസ്മാഈല്‍ സന്തതികള്‍ക്ക് അനുവദനീയമായിരുന്നു. സഹോദരിയുടെ പെണ്‍മക്കളെ വിവാഹം ചെയ്യാന്‍ ജൂതര്‍ക്ക് അനുവാദമുണ്ടായിരുന്നു. അവരെ പിതൃസമൂഹത്തിന്റെ ഭാഗമായാണ് കണക്കാക്കിയത്. അന്യരോടെന്നപോലെ പെരുമാറുകയും അവരുമായി കൂടിക്കഴിയുന്നതൊഴിവാക്കുകയുമായിരുന്നു സമ്പ്രദായം.

അറബികളുടെ രീതി മറിച്ചായതിനാല്‍ ആ പെണ്‍കുട്ടികള്‍ അവര്‍ക്ക് നിഷിദ്ധമായിരുന്നു. ആഹാരവസ്തുക്കളിലെ വിധികളില്‍ മുഖ്യമായും അവലംബിച്ചത് അറബികള്‍ പരിചയിച്ച ഭക്ഷണവുമായി ബന്ധപ്പെട്ട സമ്പ്രദായത്തെയാണ്. നബിയുടെ കാലത്ത് സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനമുണ്ടായിരുന്നു. പില്‍ക്കാലത്ത് ചിലേടങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതും നബിയുടെ ജന്മദിനാഘോഷത്തിന്റെ പേരിലുയര്‍ന്ന ചര്‍ച്ചയും പ്രാദേശിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി കാണേണ്ടതുണ്ടെന്നാണ് പണ്ഡിതാഭിപ്രായം. കര്‍മ്മശാസ്ത്രവിധികള്‍ വിശുദ്ധ ഖുര്‍ആനോ നബിചര്യയോ നേര്‍ക്കുനേരെ വ്യക്തമാക്കിയ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിലൂടെ രൂപംകൊണ്ടതാണെന്നും കാലത്തിനൊപ്പം നാട്ടാചാരങ്ങളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ജനങ്ങളുടെ സമ്പ്രദായത്തില്‍ മാറ്റം വന്നാല്‍ കര്‍മ്മശാസ്ത്രവിധികളും പ്രമാണ വിരുദ്ധമല്ലാത്ത വിധം വ്യത്യാസപ്പെടും എന്ന് ‘ഫീബിനാഇബഅഌല്‍ അഹ്കാമി അലല്‍ ഉര്‍ഫി’ എന്ന കൃതിയില്‍ വ്യക്തമാക്കുന്നുണ്ട്. ശിബിലിനുഅ്മാനി, ‘അല്‍കലാം’ എന്ന തന്റെ ഗ്രന്ഥത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായി കാണാം. (പേ: 134, 135 പ്രസി: 2012)

ചോദ്യം: ഇത്തരം കാര്യങ്ങള്‍ ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളുമായി എങ്ങനെ ബന്ധപ്പെടുത്തി കാണുന്നു?

സി.ടി: നവീകരണത്തിന്റേയോ നവോത്ഥാനത്തിന്റേയോ പേരില്‍ അറിയപ്പെടുന്ന മുസ്‌ലിം പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിക കര്‍മ്മശാസ്ത്രം ഉര്‍ഫിന് നല്‍കിയ പ്രാധാന്യം മനസ്സിലാക്കി നിലപാടെടുക്കേണ്ടിയിരിക്കുന്നു. കാലത്തിന്റെ ഈടുവെയ്പുകളായ സ്മാരകങ്ങള്‍, കലാസാഹിത്യരൂപങ്ങള്‍, ആചാരാഘോഷങ്ങള്‍ എന്നിവയോട് പലരും വിവേചനരഹിതമായി കലഹിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ അങ്ങനെ സാധ്യമാവും. ഒപ്പം പ്രാദേശികതയോട് വലിയ അകലം പുലര്‍ത്താതെ കഴിയുന്ന പാരമ്പര്യവാദികളായി അറിയപ്പെടുന്ന ആളുകള്‍ മതഗ്രന്ഥങ്ങളിലും ചരിത്രവ്രിഷയങ്ങളിലും ഗവേഷണം നടത്തി തങ്ങളുടെ നിലപാടിനെ വിശദീകരിക്കാന്‍ ശ്രമിക്കേണ്ടതുമുണ്ട്. ഈ രണ്ട് അസാന്നിധ്യങ്ങളുടെയും ഇടയില്‍ മതത്തിന്റെ നീതിബോധത്തിലും കൂട്ടുജീവിതത്തിലും സമത്വത്തിലും അധിഷ്ഠിതമായിരിക്കേണ്ട കര്‍മ്മശാസ്ത്രവിധികള്‍ സത്തയില്‍നിന്നുതന്നെ അകന്നുപോകുന്ന അവസ്ഥയുണ്ടോ എന്ന് അന്വേഷിക്കേണ്ട സമയമായിരിക്കുന്നു.

നാട്ടാചാരങ്ങളെ സൗന്ദര്യശാസ്ത്രപരമായും രാഷ്ട്രീയമായും മതപരമായും നമുക്ക് അന്വേഷണവിധേയമാക്കാം. മതപരമായ ചര്‍ച്ചയില്‍ മതചരിത്രവും കാലികമായ ജീവിതാനുഭവങ്ങളും പ്രാദേശികതയോടുള്ള മതത്തിന്റെ കാഴ്ചപ്പാടും വിഷയമാവണമെന്നുമാത്രം.

സി.ടി അബ്ദുറഹിം

സി.ടി അബ്ദുറഹിം

ദയാപുരം വിദ്യാഭ്യാസകേന്ദ്രത്തിന്റെ മുഖ്യശില്‍പ്പിയും എഴുത്തുകാരനും

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍