UPDATES

ട്രെന്‍ഡിങ്ങ്

അജണ്ടകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനെ ലീഗ് കൗണ്‍സിലര്‍മാര്‍ മര്‍ദ്ദിച്ചതായി പരാതി

തിടുക്കപ്പെട്ട് അജണ്ടകള്‍ പാസ്സാക്കിയെടുക്കാന്‍ നോക്കിയതിനെ ചോദ്യം ചെയ്തതിന് ചെയര്‍മാന്റെ നേതൃത്വത്തില്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ലീഗ് കൗണ്‍സിലര്‍മാര്‍

കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനും സിപിഎം നേതാവുമായ വി വി രമേശനെ കൈയേറ്റം ചെയ്തതായി പരാതി. നഗരസഭയിലെ ലീഗ് അംഗങ്ങളാണ് അധ്യക്ഷനു നേരെ കൈയേറ്റം നടത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍ അധ്യക്ഷനും സിപിഎം കൗണ്‍സിലര്‍മാരും ചേര്‍ന്ന് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് ലീഗ് പ്രതിനിധികള്‍ പറയുന്നത്. സംഭവത്തില്‍ വിവി രമേശനെ കൂടാതെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ടി വി ഭാഗീരഥി, ലീഗ് കൗണ്‍സിലര്‍മാരായ കെ മുഹമ്മദ് കുഞ്ഞി, കെ വേലായുധന്‍, ഖദീജ ഹമീദ് എന്നിവര്‍ക്കും പരിക്കേറ്റതായി പറയുന്നു. എല്ലാവരും ആശുപത്രിയില്‍ ചികിത്സ തേടി.

അജണ്ടകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് നീണ്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പായി നഗരസഭ പാസ്സാക്കേണ്ട അജണ്ടകളുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. 19 അജണ്ടകളായിരുന്നു യോഗത്തില്‍ പാസാക്കാനായി പരിഗണിച്ചത്. എന്നാല്‍ എല്ലാം കൂടി പാസ്സാക്കാതെ അടിയന്തരമായവ മാത്രം പരിഗണിച്ച് ബാക്കിയുള്ളവ മാറ്റിവയ്ക്കണമെന്നു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാതെ എല്ലാ അജണ്ടകളും പാസ്സാക്കിയതായി അധ്യക്ഷന്‍ പ്രഖ്യാപിച്ചുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് ലീഗ് കൗണ്‍സിലര്‍മാര്‍ അധ്യക്ഷന്‍ വിവി രമേശനെ തടഞ്ഞ് ചോദ്യം ചെയ്തു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ലീഗ് പ്രതിനിധികള്‍ അധ്യക്ഷനെ മനഃപൂര്‍വം ആക്രമിക്കുകായിരുന്നുവെന്നാണ് സിപിഎം പ്രതിനിധികള്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ ഒരുതരത്തിലുമുള്ള സംഘര്‍ഷത്തിന് മുതിര്‍ന്നില്ലെന്നും അധ്യക്ഷനും സിപിഎം കൗണ്‍സിലര്‍മാരും ചേര്‍ന്ന് ഇങ്ങോട്ട് പ്രശ്‌നം ഉണ്ടാക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്നു ലീഗ് പ്രതിനിധികള്‍ പറയുന്നു.

പരിക്കേറ്റ ലീഗ് പ്രതിനിധി കെ മുഹമ്മദ് കുഞ്ഞി ഈ വിഷയത്തെ കുറിച്ച് അഴിമുഖത്തോട് പ്രതികരിക്കുന്നത് ഇങ്ങനെയാണ്; ചെയര്‍മാനെ ഞങ്ങള്‍ ആക്രമിച്ചു എന്നു പറയുന്നത് ശു്ദ്ധ നുണയാണ്. വെള്ളിയാഴ്ച്ച കൗണ്‍സില്‍ യോഗം കൂടുന്നുണ്ടെന്നും അജണ്ടകള്‍ പാസാക്കാന്‍ ഉണ്ടെന്നും കാണിച്ച് ഞങ്ങള്‍ക്ക് നോട്ടീസ് തരുന്നത് വ്യാഴാഴ്ച്ച വൈകുന്നേരം മാത്രമാണ്. നഗരസഭ ചട്ടം അനുസരിച്ച് ഇത് തെറ്റാണ്. 47 മണിക്കൂറിനു മുമ്പ് അറിയിപ്പ് തരണമെന്നാണ് ചട്ടപ്രകാരം പറയുന്നത്. ഏതൊക്കെ അജണ്ടകളാണ് പരിഗണിക്കുന്നതെന്ന് കൗണ്‍സിലര്‍മാര്‍ക്ക് പഠിക്കാന്‍ സമയം കിട്ടണം. ഇതിനൊന്നും നില്‍ക്കാതെ പെട്ടെന്നു വന്ന് കൗണ്‍സില്‍ ചേരണമെന്നും അജണ്ടകള്‍ പാസാക്കണമെന്നും പറയുകയാണ് ചെയ്തത്. അത്ര അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഇങ്ങനെ ചെയ്യാം. പക്ഷേ, ഇത് 19  ജണ്ടകള്‍ ആണ് ചെയര്‍മാന്‍ തിടുക്കം കാട്ടി പാസാക്കാന്‍ ശ്രമിച്ചത്. ഇത് ഞങ്ങള്‍ ചോദ്യം ചെയ്തു. അടിയന്തരസ്വഭാവമുള്ളതുണ്ടെങ്കില്‍, അത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ് പാസാക്കാം എന്നു ഞങ്ങളും സമ്മതിച്ചാണ്. അത് പ്രകാരം മുന്നു അജണ്ടകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എങ്കില്‍ അവ പാസാക്കിയിട്ട് ബാക്കി 16 എണ്ണം പിന്നത്തേക്ക് മാറ്റിവയ്ക്കാമെന്നു ഞങ്ങള്‍ പറഞ്ഞു. എന്നാല്‍ എല്ലാം അടിയന്തര പ്രാധാന്യമുള്ളതാണെന്നായിരുന്നു ചെയര്‍മാന്റെ പിടിവാശി. എങ്കില്‍ അവ വിശദീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. സെക്രട്ടറി അതിനു തയ്യാറായതാണെങ്കിലും അതിന്റെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ് ചെയര്‍മാന്‍ സെക്രട്ടറിയെ തടയുകയായിരുന്നു. ഇത് ഞങ്ങള്‍ ചോദ്യം ചെയ്തപ്പോഴാണ് ചെയര്‍മാനും സിപിഎം കൗണ്‍സിലര്‍മാരും ചേര്‍ന്ന് ഞങ്ങളെ ആക്രമിച്ചത്. ഖദീജ അഹമ്മദ് എന്ന വനിത കൗണ്‍സിലറെ ചെയര്‍മാന്‍ തള്ളിവീഴ്ത്തുക വരെയുണ്ടായി. സംശയാസ്പദമായ രീതിയില്‍ അജണ്ടകള്‍ പാസ്സാക്കിയെടുക്കാന്‍ ശ്രമിക്കുകയും അത് ചോദ്യം ചെയ്തപ്പോള്‍ അക്രമിക്കുകയും ചെയ്ത നഗരസഭ ചെയര്‍മാന്റെയും ഭരണ സമിതിയുടെയും ചെയ്തികളെയാണ് ജനാധിപത്യ സമൂഹം ചോദ്യം ചെയ്യേണ്ടത്.

ലീഗ് കൗണ്‍സിലര്‍മാരുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ അഴിമുഖത്തോട് പ്രതികരിച്ചത്. കൗണ്‍സിലില്‍  അജണ്ട വയ്ക്കാനുള്ള അധികാരം ചെയര്‍മാനാണ്. അടിയന്തര പ്രാധാന്യമുള്ള അജണ്ടകള്‍ വയ്ക്കാം, കൂട്ടിച്ചേര്‍ക്കാനുള്ളത് ചെയ്യാം. ഇതെല്ലാം ചെയര്‍മാന്റെ അധികാര പരിധിയില്‍ വരുന്നതാണ്. അജണ്ടകള്‍ എല്ലാം വോട്ടിനിട്ട് പാസാക്കുകയായിരുന്നു. അജണ്ടകള്‍ പാസ്സായതോടെ ഞാന്‍ ചെയര്‍വിട്ട് എഴുന്നേറ്റു. ചെയര്‍മാന്‍ എഴുന്നേറ്റ് കഴിഞ്ഞാല്‍ കൗണ്‍സില്‍ യോഗം അവസാനിച്ചു എന്നാണ്. ഞാന്‍ പുറത്തേക്കിറങ്ങുമ്പോഴാണ് ലീഗ് പ്രതിനിധികള്‍ എന്നെ വന്നു തടയുന്നതും ചോദ്യം ചെയ്യാനെന്ന പേരില്‍ അക്രമിക്കുന്നതും. ഇതെല്ലാം കരുതിക്കൂട്ടിയുള്ള കാര്യങ്ങളാണ്. ലീഗുകാര്‍ക്ക് എങ്ങനെയെങ്കിലും ഈ കൗണ്‍സില്‍ യോഗം മുടക്കണമെന്നായിരുന്നു. യോഗം മുടങ്ങിയാല്‍ അജണ്ടകള്‍ ഒന്നും പാസ്സാക്കാന്‍ കഴിയാതെയാകും. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നതിനാല്‍ പിന്നീട് അജണ്ടകളൊന്നും പാസ്സാക്കാന്‍ കഴിയാതെ വരികയും അതുമൂലം നഗരസഭയില്‍ അടുത്ത കുറേ മാസത്തേക്ക് വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ പറ്റാതെയും വരും. ലീഗിന്റെ തന്ത്രം ഇതായിരുന്നു. റോഡ് ടാറിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ അടിയന്തിരമായി ചെയ്തു തീര്‍ക്കാനുണ്ട്. മഴക്കാലത്തിനു മുമ്പ് ഇവയെല്ലാം ചെയ്തു തീര്‍ക്കണമെന്നാണ് നഗരസഭയ്ക്ക്. പക്ഷേ, ഇതൊന്നും നടക്കരുതെന്നാണ് ലീഗുകാര്‍ക്ക്. അവര്‍ ഈ നഗരസഭ ഭരിച്ചിരുന്നപ്പോഴത്തെ അതേ അവസ്ഥയില്‍ യാതൊരു വികസനങ്ങളും നടക്കാത്ത രീതിയില്‍ ഇപ്പോഴും തുടരണമെന്നാണ് അവര്‍ക്കുള്ളത്. ഈ ഭരണസമിതി നിലവില്‍ വന്നശേഷം മുന്‍പെങ്ങും ഇല്ലാത്തവിധം വികസനങ്ങളാണ് ഇവിടെ നടന്നത്. കഴിഞ്ഞ ദിവസം മുഖമന്ത്രി ഇവിടെയെത്തി 22 ഓളം വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ഇതിനൊക്കെ വന്‍ ജനകീയ പങ്കാളിത്തവും ഉണ്ടായിരുന്നു. ലീഗുകാരെ അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങളാണിതെല്ലാം. ഇവയുടെയെല്ലാം ബാക്കി പത്രമായിട്ടാണ് കഴിഞ്ഞ യോഗത്തില്‍ അവര്‍ അലമ്പുണ്ടാക്കാന്‍ ശ്രമിച്ചത്. ഒരു ചെയര്‍മാനെ കൈയേറ്റം ചെയ്യുന്ന അവസ്ഥവരെ ഉണ്ടായി എന്നത് എത്ര നാണക്കേടാണ്. ലീഗ് നേതൃത്വം ഈ വിഷയത്തില്‍ ഇടപെടുകയും കുറ്റക്കാരായ ലീഗ് കൗണ്‍സിലര്‍മാര്‍ക്കെതിരേ നടപടിയെടുക്കുകയുമാണ് വേണ്ടത്. ഞാന്‍ അവരെ ആക്രമിച്ചു എന്നു പറയുന്നത് അസംബന്ധമാണ്. രണ്ട് ലീഗ് കൗണ്‍സിലര്‍മാര്‍ ഇങ്ങോട്ട് വന്ന് എന്നെ ആക്രമിക്കുകയാണ് ഉണ്ടായത്. അവരുടെ ഒരു വനിത കൗണ്‍സിലറെ ഞാന്‍ തള്ളിത്താഴെയിട്ടു എന്നു പറയുന്നതും തെറ്റാണ്. ഈ പ്രശ്‌നം നടക്കുമ്പോള്‍ ആ വനിത കൗണ്‍സിലര്‍ പുറകില്‍ മാറി നില്‍ക്കുകയായിരുന്നു. പിന്നെ എങ്ങനെയാണ് ഞാന്‍ അവരെ അക്രമിക്കുന്നത്. മനഃപൂര്‍വം ഒരു കഥയുണ്ടാക്കി രക്ഷപ്പെടാന്‍ നോക്കുന്നതാണ്; നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍