മുന്നൂറോളം ശാഖകള്‍ പൂട്ടുമെന്നു പറഞ്ഞിടത്ത് 15 ശാഖകളാണ് ഇപ്പോള്‍ പൂട്ടിയിരിക്കുന്നത്.
മുത്തൂറ്റിലെ തൊഴിലാളി സമരം ചര്‍ച്ച് ചെയ്ത് പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമ്പോള്‍ സ്വന്തം നിലയ്ക്ക് ശാഖകള്‍ അടച്ചുപൂട്ടിയിരിക്കുകയാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്. ഇന്ന് വൈകിട്ട് തൊഴില്‍ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് ചര്‍ച്ച തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അത്തരമൊരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോലും താത്പര്യമില്ലെന്നറിയിച്ചാണ് മുത്തൂറ്റ് മാനേജമെന്റ് കേരളത്തിലെ അവരുടെ 15 ശാഖകള്‍ പൂട്ടിയിരിക്കുന്നത്. പത്രപരസ്യങ്ങളിലൂടെ ഈ വിവരം അറിയിച്ചിട്ടുമുണ്ട്. എറണാകുളം ബാനര്‍ജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസും പൂട്ടി കേരളത്തിന് പുറത്തേക്കു മാറ്റുമെന്നതാണ് അടുത്ത നടപടി. സമരം ചെയ്യുന്നവരുമായോ തൊഴിലാളി യൂണിയനുമായോ ഒരുവിധ ചര്‍ച്ചയ്ക്കും തങ്ങള്‍ തയ്യാറാല്ലെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നു വ്യക്തമാക്കുകയാണ് മുത്തൂറ്റ് മാനേജ്‌മെന്റിന്റെ ഈ നടപടികള്‍.
മറ്റ് സ്ഥാപനങ്ങളെക്കാള്‍ കൂടുതലായി ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നവരാണ് തങ്ങളെന്നും സമരം ചെയ്യേണ്ട യാതൊരാവശ്യവും ഇല്ലെന്ന് പറഞ്ഞാണ് മുത്തൂറ്റ് ഫിനാന്‍സ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തെ മാനേജ്‌മെന്റ് അവഗണിക്കുന്നത്. ഈ മാസം 20 മുതല്‍ ഒരു വിഭാഗം ജീവനക്കാര്‍ എന്തിനു വേണ്ടി സമരം ചെയ്യുന്നു എന്ന് കേള്‍ക്കാനോ, അവരോട് ചര്‍ച്ച ചെയ്യാനോ മാനേജ്‌മെന്റ് ഇതുവരെ തയ്യാറായിട്ടുമില്ല. എന്തുകൊണ്ട് ഇങ്ങനെയൊരു നിലപാട് എടുക്കുന്നുവെന്ന ചോദ്യത്തിന്, ആവശ്യമില്ലാത സമരം ചെയ്യുന്നവരോട് എന്ത് സംസാരിക്കാനാണെന്ന ചോദ്യമാണ് മാനേജ്‌മെന്റില്‍ നിന്നും തിരിച്ചുണ്ടാകുന്നത്. എല്ലാ ജീവനക്കാരും തങ്ങളുടെ കൂടെയാണെന്നും ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ ഉള്ളവരെല്ലാം സി ഐ ടിയുക്കാര്‍ ആണെന്നുമാണ് മാനേജ്‌മെന്റിന്റെ അവകാശവാദം. എന്നാല്‍ ഹെഡ് ഓഫീസിനു മുന്നില്‍ 16 ദിവസമായി നടന്നു വരുന്ന സമരത്തില്‍ മാനേജര്‍ തസ്തികയില്‍ ഉള്ള ജീവനക്കാര്‍ ഉള്‍പ്പെടെയാണ് പങ്കെടുത്തുകൊണ്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിക്കുമ്പോള്‍, ആകെയുള്ള ജീവനക്കാരില്‍ വെറും പത്തു ശതമാനംപേര്‍ മാത്രമാണ് സി ഐ ടിയു വിന്റെ കൂടെക്കൂടി സമരം ചെയ്ത് സ്ഥാപനം തകര്‍ക്കാന്‍ നോക്കുന്നതെന്ന ആക്ഷേപമാണ് മുത്തൂറ്റ് മാനേജ്‌മെന്റ് ഉന്നയിക്കുന്നത്.
സമരം മൂലം തങ്ങളുടെ മൂന്നൂറോളം ശാഖകള്‍ അടഞ്ഞു കിടക്കുകയാണെന്നും അവ തുറക്കാന്‍ സാധിക്കാത്തതുകൊണ്ട് ബിസിനസ് അമ്പതുശതമാനത്തോളം ഇടിഞ്ഞുവെന്നും മുത്തൂറ്റ് മാനേജ്‌മെന്റ് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുറക്കാന്‍ കഴിയാത്ത ശാഖകളുടെ കാര്യത്തില്‍ ഈ മാസം രണ്ടിനു മുമ്പായി മാനേജ്‌മെന്റിന് അനുകൂലമായ സാഹചര്യം ഉണ്ടായില്ലെങ്കിൽ അവ എന്നന്നേക്കുമായി പൂട്ടുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു ഈ ശാഖകളാണ് ഇപ്പോള്‍ പൂട്ടിയിരിക്കുന്നത്.
മുന്നൂറോളം ശാഖകള്‍ പൂട്ടുമെന്നു പറഞ്ഞിടത്ത് 15 ശാഖകളാണ് ഇപ്പോള്‍ പൂട്ടിയിരിക്കുന്നത്. കൂടുതല്‍ ശാഖകള്‍ പൂട്ടുമോയെന്ന കാര്യത്തില്‍ വ്യക്തതയും തന്നിട്ടില്ല. പൂട്ടിയ ശാഖകളിലെ ജീവനക്കാര്‍ക്ക് ഉണ്ടാകുന്ന തൊഴില്‍ നഷ്ടത്തിന് എന്തെങ്കിലും പ്രതിവിധി കണ്ടെത്തിയിട്ടുണ്ടോയെന്നതിനെക്കുറിച്ചും മാനേജ്‌മെന്റ് മറുപടി നല്‍കിയിട്ടില്ല. അത്തരം കാര്യങ്ങളുടെയെല്ലാം ഉത്തരവാദിത്വം സി ഐ ടി യു വിനായിരിക്കുമെന്ന് നേരത്തെ തന്നെ മുത്തൂറ്റ് മാനേജ്‌മെന്റ് വ്യക്തമാക്കിയത്.
സമരം മൂലം അടഞ്ഞു കിടക്കുന്ന ശാഖകളും കൊച്ചിയിലെ ഹെഡ് ഓഫീസും അടച്ചു പൂട്ടി കേരളം വിടുകയാണെന്ന് ഇന്നലെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലും മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് അറിയിച്ചിരുന്നു. ഇപ്പോള്‍ തുറക്കാന്‍ കഴിയാത്ത ശാഖകള്‍ തുറക്കാന്‍ കഴിയുകയും ജോലി ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് അതിനുള്ള അവസരം ഹെഡ് ഓഫിസില്‍ ഉള്‍പ്പെടെ കിട്ടുകയും ചെയ്തെങ്കില്‍ മാത്രമേ കേരളത്തില്‍ തുടരുന്ന കാര്യത്തില്‍ മറിച്ചൊരു തീരുമാനം ഉണ്ടാവുകയുള്ളൂവെന്നുമായിരുന്നു ജോര്‍ജ് അലക്സാണ്ടറിന്റെ നിലപാട്. ഇത് പ്രാവര്‍ത്തികമാക്കി കൊണ്ടാണ് ഇന്നത്തെ പത്രങ്ങളില്‍ പൂട്ടിയ ശാഖകളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതും. എന്നാല്‍ തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഒരു ചര്‍ച്ച തീരുമാനിക്കുകയും അതിലേക്ക് മുത്തൂറ്റ് മാനേജ്‌മെന്റ് പ്രതിനിധികളെ ക്ഷണിക്കുകയും ചെയ്‌തൊരു സാഹചര്യം മുന്നില്‍ ഉണ്ടായിട്ടും അത്തരമൊരു ചര്‍ച്ച കഴിയുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറാകാതെയാണ് ശാഖകള്‍ പൂട്ടി മുത്തൂറ്റ് മാനേജ്‌മെന്റ് തൊഴിലാളികളോട് ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന് പ്രഖ്യാപിച്ചത്.
ഇന്നലെ മുത്തൂറ്റ് എം ഡി ജോര്‍ജ് അലക്‌സാണ്ടര്‍ മാധ്യമങ്ങളെ കാണുന്നതിനും മുന്നേ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച തീരുമാനിച്ചിരിക്കുന്ന വിവരം അറിഞ്ഞിരുന്നതാണ്. എന്നാല്‍ വാര്‍ത്തസമ്മേളനത്തില്‍ തങ്ങള്‍ കേരളം വിടാനുള്ള കാരണങ്ങള്‍ വിശദീകരിച്ചപ്പോഴും ഇത്തരമൊരു ചര്‍ച്ചയെ ഗൗരവത്തില്‍ എടുത്തിില്ല. യൂണിയനോടോ തൊഴിലാളികളോടോ സംസാരിക്കേണ്ടതില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സി ഐ ടി യുവിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള ആരോപണങ്ങള്‍ മാത്രമായിരുന്നു മുത്തൂറ്റ് എംഡിയുടെ വാര്‍ത്താസമ്മേളനം. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ തുടരുകയാണെങ്കില്‍ കേരളത്തിലെ ബിസിനസ് മൊത്തത്തില്‍ ഇല്ലാതാകുമെന്നും ഇപ്പോള്‍ തന്നെ അമ്പതു ശതമാനത്തോളം ബിസിനസ് സമരം മൂലം ഇല്ലാതായെന്നും പുറത്തു നിന്നുള്ള ബിസിനസ് കൊണ്ടു മാത്രമാണ് പിടിച്ചു നില്‍ക്കാന്‍ കഴിയുന്നതെന്നുമാണ് മുത്തൂറ്റ് പറയുന്നത്.
മുത്തൂറ്റിലെ യൂണിയന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ഇനിയൊരിക്കലും സ്ഥാപനത്തില്‍ സമരം ഉണ്ടാകില്ലെന്ന ഉറപ്പുമാണ് മാനേജ്മെന്റിന് വേണ്ടത്. ഇന്നലെ ജോര്‍ജ് അലക്‌സാണ്ടര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞതാണ് ഇക്കാര്യം. ഇപ്പോള്‍ നടക്കുന്ന സമരം സ്ഥാപനത്തില്‍ യൂണിയന്‍ സ്ഥാപിക്കാന്‍ വേണ്ടിയാണെന്നാണ് മുത്തൂറ്റ് മാനേജ്മെന്റിനുള്ളത്. അതുകൊണ്ട് തന്നെ യാതൊരു കാരണവശാലും യൂണിയനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകില്ലെന്നാണ് അവര്‍ പറയുന്നത്. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ഇന്നലത്തെ മാധ്യമ സമ്മേളനത്തില്‍ ജോര്‍ജ് അലക്സാണ്ടര്‍ തയ്യാറാകാതിരുന്നതും അതുകൊണ്ടാണ്. ഹെഡ് ഓഫീസില്‍ ജോലി ചെയ്യാന്‍ എത്തുന്നവരെ ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കുകയാണെന്നും തന്റെ ജീവനക്കാര്‍ക്കൊപ്പം നില്‍ക്കണോ അതോ ചര്‍ച്ചയ്ക്ക് പോകണമോ എന്നായിരുന്നു ജോര്‍ജ് അലക്സാണ്ടറുടെ ചോദ്യം. തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് ലേബര്‍ കമ്മീഷണര്‍ വിളിച്ച യോഗത്തിലും തങ്ങള്‍ ഇതുവരെ ചര്‍ച്ചകള്‍ക്കൊന്നും തയ്യാറായിട്ടില്ലെന്നു സമ്മതിക്കുകയും ചെയ്യുന്നുണ്ട് എംഡി. എല്ലാ രേഖകളും കമ്മീഷണറെ കാണിച്ച് പോരുകയാണ് ചെയ്യുന്നതെന്നും തൊഴിലാളി വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അതിനെതിരേയുള്ള നടപടികള്‍ വരേണ്ടതല്ലേയെന്നുമാണ് സമരക്കാരുടെ ആവശ്യങ്ങളെ തള്ളിക്കൊണ്ട് മുത്തൂറ്റ് മാനേജ്മെന്റ് പറയുന്നത്.
കാരണമില്ലാതെ ഒരു അംഗീകൃത തൊഴിലാളി സംഘടനയുടെ പിന്തുണയോടെ ഈ സ്ഥാപനത്തിലെ തന്നെ ജീവനക്കാര്‍ കഴിഞ്ഞ 15 ദിവസമായി സമരം നടത്തുന്നതെന്ന ചോദ്യത്തിന്, എന്താണ് കാരണമെന്ന് അവരോട് തന്നെ ചോദിക്കൂ എന്നു പറഞ്ഞൊഴിയുകയെ മുത്തൂറ്റ് എംഡി ചെയ്തുള്ളൂ. ഒന്നരലക്ഷം രൂപവരെ ശമ്പളം വാങ്ങിക്കുന്നവര്‍ പോലും സി ഐ ടി യുവിന്റെ കൂടെക്കൂടി സമരം ചെയ്യുന്നുണ്ടെന്ന ആരോപണവും ജോര്‍ജ് അലക്സാണ്ടര്‍ക്കുണ്ടായിരുന്നു.
കൊച്ചിയില്‍ ഹെഡ് ഓഫീസില്‍ ജോലി ചെയ്യുന്ന 351 ഓളം പേരും ജോലിക്ക് തയ്യാറായി മാനേജ്മെന്റിന് ഒപ്പം നില്‍ക്കുന്നവരാണെന്നു പറയുന്ന മുത്തൂറ്റ് എംഡി ഇവിടെ സമരം ചെയ്യുന്നവരെയെല്ലാം സി ഐ ടി യുക്കാരായാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ പല ബ്രാഞ്ചുകളില്‍ നിന്നായി ഹെഡ് ഓഫീസിനു മുന്നില്‍ സമരം ചെയ്യുന്നവരാണ് തങ്ങളെന്നാണ് മുത്തൂറ്റ് ഫിനാന്‍സ് എംപ്ലോയീസ് യൂണിയന്‍ പ്രതിനിധികള്‍ പറയുന്നത്. യൂണിയന്റെ യൂണിറ്റ് സെക്രട്ടറിയായ നിഷ കെ ജയന്‍ ഈ സമരരംഗത്തുള്ളയാളാണ്. നിഷ മുത്തൂറ്റിന്റെ മാനേജര്‍ തസ്തികയില്‍ ജോലി നോക്കുന്നയാളാണ്. സമരം ചെയ്യുന്നുവരെ കായികമായി നേരിടാന്‍ വരെ മാനേജ്മെന്റ് പുറത്തുനിന്നും ആളുകളെ ഇറക്കിയിരിക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് സംരക്ഷണമേകാനാണ് സി ഐ ടി യു പ്രവര്‍ത്തകര്‍ വരുന്നതെന്നാണ് നിഷയും ജനറല്‍ സെക്രട്ടറി സി സി രതീഷും പറയുന്നത്. സമരം നടക്കുന്നിടത്തെല്ലാം സമര സഹായ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് സി ഐ ടി യു നേതൃത്വവും പറയുന്നുണ്ട്.
സമരം കൊണ്ട് ബിസിനസ് ഇടിയുന്നുവെന്ന് ഒരു വശത്ത് മാനേജ്മെന്റ് പറയുമ്പോള്‍ തന്നെയാണ് രണ്ടായിരം കോടിയുടെ ലാഭവും ഈ സാമ്പത്തിക വര്‍ഷത്തില്‍ തങ്ങള്‍ക്ക് ഉണ്ടായെന്ന് പറയുന്നത്. ഈ ക്വാര്‍ട്ടറില്‍ തന്നെ 600 കോടിയുടെ ലാഭം മാനേജ്മെന്റിന് ഉണ്ടായിട്ടുണ്ടെന്നു ജീവനക്കാരും ചൂണ്ടിക്കാണിക്കുന്നു. പുറത്തു നിന്നുള് ബിസിനസില്‍ നിന്നാണ് ഇത്രയും ലാഭം ഉണ്ടാക്കിയെന്നാണ് മാനേജ്മെന്റ് ഇതിനെ പ്രതിരോധിക്കാന്‍ പറയുന്നത്. എന്നാല്‍ മുത്തൂറ്റിന് ബിസിനസ് ഇടിവ് ഉണ്ടാകുന്നത് മറ്റ് പ്രശ്നങ്ങളാല്‍ ഉണ്ടാകുന്നതാണെന്നും സമരം നടക്കാത്ത പുറത്തെ ബ്രാഞ്ചുകളില്‍ പോലും ബിസിനസ് മോശമായാണ് നടക്കുന്നതെന്നും എന്നാല്‍ ഇതെല്ലാം മറച്ചുവച്ച് തങ്ങളുടെ നഷ്ടത്തിനെല്ലാം കാരണം തൊഴിലാളികളും അവരുടെ സമരവുമാണെന്നു വരുത്തി തീര്‍ക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നാണ് യൂണിയന്‍ പറയുന്നത്.
മൂത്തൂറ്റ് ജീവനക്കാരുടെ സമരത്തിനെതിരേ സമരം ചെയ്ത് മാധ്യമശ്രദ്ധ നേടിയതിനു ശേഷമായിരുന്നു മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് മനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് വാര്‍ത്ത സമ്മേളനം നടത്തിയത്. കൊച്ചിയിലെ കോര്‍പ്പറേറ്റീവ് ഓഫിസിനു മുന്നില്‍ കുത്തിയിരുന്നായിരുന്നു ജോര്‍ജ് അലക്സാണ്ടറിന്റെ പ്രതിഷേധം. സ്ഥാപനത്തിലെ ഒരു വിഭാഗം ജീവനക്കാരും എംഡിയെ പിന്തുണച്ചുകൊണ്ട് രംഗത്തു വന്നതോടെ മുത്തൂറ്റ് ഹെഡ് ഓഫീസ് ഇന്നലെ സംഘര്‍ഷഭരിതമായി തീര്‍ന്നിരുന്നു. അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ ഓഫിസ് ഉപരോധം നടത്തിയതിന് ബദല്‍ ആയിട്ടായിരുന്നു എംഡിയും മാനേജ്മെന്റിനെ പിന്തുണയ്ക്കുന്ന ജീവനക്കാരും പ്രതിഷേധം നടത്തിയത്. ജീവനക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തന്റെ പ്രതിഷേധമെന്നും എം ഡി ഹെഡ് ഓഫിസിനു മുന്നില്‍ കുത്തിയിരുന്നുകൊണ്ട് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
സേവ് മുത്തൂറ്റ്, സേവ് ജോബ് എന്ന മുദ്രാവാക്യം മുഴക്കിയായണ് മുത്തൂറ്റ് മാനേജ്മെന്റിനെ പിന്തുണയ്ക്കുന്ന ജീവനക്കാര്‍ പ്രതിഷേധം നടത്തുന്നത്. തങ്ങളാരും സമരം ചെയ്യാന്‍ വന്നവരല്ലെന്നും തല്ലും വഴക്കും നടത്താനല്ല, ജോലി ചെയ്ത് ജീവിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഈ ജീവനക്കാര്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന സമരം യാതൊരു ആവശ്യമില്ലാത്തതാണെന്നും സി ഐ ടി യുക്കാര്‍ മനഃപൂര്‍വം സ്ഥാപനം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. മുന്നൂറോളം ജീവനക്കാര്‍ ഹെഡ് ഓഫീസില്‍ ജോലി ചെയ്യുന്നവരാണ്. ബലമായി തടയുകയാണ് സമരമെന്ന പേരില്‍ ചെയ്യുന്നത്. തങ്ങളാരും യൂണിയനില്‍ അംഗങ്ങളല്ലെന്നും ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും മാനേജ്മെന്റ് അനുകൂലികളായവര്‍ പറയുന്നു.
ജീവനക്കാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും തങ്ങള്‍ നല്‍കുന്നുണ്ടെന്നും. ബോണസും ഇന്‍സെന്റീവും എല്ലാം മറ്റു കമ്പനികള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതലാണ് നല്‍കുന്നതെന്നും അദ്ദേഹം പറയുമ്പോള്‍ ചുറ്റുമുണ്ടായിരുന്നവര്‍ അംഗീകരിക്കുന്നുമുണ്ടായിരുന്നു. സമരക്കാര്‍ പറയുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമായിരുന്നുവെങ്കില്‍ ഇത്രയും ജീവനക്കാര്‍ മാനേജമെന്റിനൊപ്പം ഉണ്ടാകുമോ എന്ന എംഡിയുടെ ചോദ്യത്തെ മാനേജ്‌മെന്റ് അനുകൂല മുദ്രാവാക്യം മുഴക്കി പിന്തുണയ്ക്കാനും ജോര്‍ജ് അലക്‌സാണ്ടര്‍ക്ക് ചുറ്റും ആളുകളുണ്ടായിരുന്നു. ഈ ജീവനക്കാരില്‍ ഒരാളെങ്കിലും തങ്ങള്‍ക്ക് ശമ്പളമോ ആനുകൂല്യങ്ങളോ കിട്ടുന്നില്ലെന്നു പറഞ്ഞാല്‍ താന്‍ ഇവിടെ നിന്നും എഴുന്നേറ്റു പോകാമെന്ന വെല്ലുവിളിയും ജോര്‍ജ് അലക്സാണ്ടര്‍ ഇന്നലെ നടത്തിയിരുന്നു. മൂത്തൂറ്റില്‍ ഇതുവരെയും തൊഴിലാളി യൂണിയന്‍ ഇല്ലെന്നും യൂണിയന്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ സി ഐ ടി യുക്കാര്‍ സമരം നടത്തുന്നതെന്നുമാണ് തൊഴിലാളി സമരത്തെ മാനേജ്‌മെന്റ് വിലയിരുത്തുന്നത്.
എന്നാല്‍ എംഡിയുടെ വാക്കുകള്‍ പൂര്‍ണമായി തള്ളിക്കളയുകയാണ് സമരം ചെയ്യുന്ന ജീവനക്കാര്‍. തങ്ങളാണ് സമരം നടത്തുന്നതെന്നും സി ഐ ടി യു അല്ലെന്നുമാണ് ഇവര്‍ പറയുന്നത്. മാസം മുപ്പതിനായിരവും അതിനു മുകളിലും ശമ്പളം വാങ്ങിക്കുന്നവരാണ് മാനേജ്മെന്റിനെ പിന്തുണച്ചു നില്‍ക്കുന്നതെന്നും മാനേജ്മെന്റിനെ പ്രീണിപ്പിച്ച് നില്‍ക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകാമെങ്കിലും സാധാരണ ജീവനക്കാരുടെ കാര്യം അങ്ങനെയല്ലെന്നും സമരക്കാര്‍ പറയുന്നു. ഈ സമരത്തിനെതിരേ പലതരം കള്ളത്തരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നാണ് സമരക്കാര്‍ പരാതിപ്പെടുന്നത്. മാനേജ്മന്റിന്റെ കുഴലൂത്തുകാരാണ് അതിനു പിന്നിലുള്ളതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഈ സമരം ഇപ്പോള്‍ തുടങ്ങിയതല്ലെന്നും 2016 മുതല്‍ ജീവനക്കാര്‍ സമരം ചെയ്തു വരികയാണെന്നും മുത്തൂറ്റ് ഫിനാന്‍സ് എംപ്ലോയീസ് യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു. സ്ഥാപനത്തില്‍ നിന്നും ഉണ്ടായ പലവിധ തൊഴിലാളി വിരുദ്ധ നിലപാടുകളുടെ പേരിലാണ് സമരങ്ങള്‍ ആരംഭിക്കുന്നത്. അതിനെ തുടര്‍ന്നാണ് ഒരു സ്റ്റാഫ് യൂണിയന്‍ രൂപീകരിക്കുന്നത്. അതിന്റെ പേരില്‍ എഴുപതോളം ജീവനക്കാരെയാണ് ഇന്റര്‍ റീജിയന്‍ ട്രാന്‍സ്ഫര്‍ ചെയ്തത്. ഇതിനെതിരേ മൂന്നു മാസത്തോളം സമരം ചെയ്തതിന്റെ ഫലമായാണ് കേരളത്തിനും പുറത്തേക്കും താമസിക്കുന്ന ജില്ലയുടെ പുറത്തേക്കും മാറ്റിയവരെ തിരികെ വിളിക്കാനും വീടിന് സമീപം അല്ലെങ്കിലും അതാത് ജില്ലകളില്‍ തന്നെയുള്ള ബ്രാഞ്ചുകളില്‍ നിയമനം നല്‍കാനും മനേജ്മെന്റ് തയ്യാറായത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരോടായിരുന്നു ഇത്തരത്തില്‍ ശത്രുതാപരമായ നിലപാട് മാനേജ്മെന്റ് സ്വീകരിച്ചത്. ഈ സമരങ്ങളുടെയെല്ലാം പിന്തുടര്‍ച്ചയായാണ് മുത്തൂറ്റില്‍ തൊഴിലാളി യൂണിയന്‍ രൂപീകരിക്കുന്നത്. അന്നു ഞങ്ങളെ പിന്തുണച്ചത് സി ഐ ടി യു മാത്രമാണ്. മുത്തൂറ്റ് ഫിനാന്‍സ് എംപ്ലോയീസ് യൂണിയനെ സി ഐ ടി യു പിന്തുണയ്ക്കുന്നുവെന്നതുകൊണ്ട് ഇതില്‍ ഉള്ളവരെല്ലാം സി ഐ ടിയുക്കാരോ സിപിഎമ്മുകാരോ അല്ല. ഈ യൂണിയനില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നടത്തി വരുന്ന സമരം 14 ദിവസം പിന്നിടുകയാണ്. എന്തിനുവേണ്ടിയാണ് സമരമെന്ന് എല്ലാവരോടും പറഞ്ഞിട്ടുള്ളതുമാണ്. പക്ഷേ, മാനേജ്മെന്റ് പറയുന്നതു മാത്രമണ് വാര്‍ത്തയാകുന്നത്. ജോലി ചെയ്യാന്‍ അനുവദിക്കൂവെന്ന് പറഞ്ഞ് പ്രതികരണങ്ങളുമായി വരുന്നവര്‍ മാസം മുപ്പതിനായിരം രൂപ ശമ്പളം വാങ്ങുന്നവരാണ്. അവര്‍ക്ക് സാധാരണക്കാരായ ജീവനക്കാരുടെ പ്രശ്നങ്ങള്‍ അറിയില്ല, അന്വേഷിക്കാറില്ല. എന്താണ് നിങ്ങളുടെ പ്രശ്നമെന്നു ചോദിച്ച് ആരും വന്നിട്ടുമില്ല. അങ്ങനെ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നവരോട് സഹതപിക്കേണ്ട കാര്യം ഞങ്ങള്‍ക്കുമില്ല. ഞങ്ങള്‍ സമരം ചെയ്യുന്നത് ഞങ്ങള്‍ക്കൊപ്പം ഉള്ളവരോടാണ്; മുത്തൂറ്റ് ഫിനാന്‍സ് എംപ്ലോയീസ് യൂണിയന്‍ വ്യക്തമാക്കുന്നു.