UPDATES

ഈ ക്വാര്‍ട്ടറിലെ ലാഭം 600 കോടി, എന്നിട്ടും തൊഴിലാളിക്ക് വേതന വര്‍ദ്ധനവ് നല്‍കില്ല എന്നു പറഞ്ഞാല്‍ എന്തു ചെയ്യണം? മുത്തൂറ്റിന്റെ ലോയല്‍ ആര്‍മി ഗോ ബാക്ക് വിളിച്ചാല്‍ പിന്തിരിഞ്ഞോടില്ലെന്ന് സിഐടിയു

ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ പോലും അംഗീകരിക്കാത്ത മാനേജ്‌മെന്റ് സ്വന്തം വീഴ്ച്ച മറയ്ക്കാന്‍ സിഐടിയുവിനെ പ്രതിയാക്കി നാടകം കളിക്കുകയാണെന്നു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ്

മുത്തൂറ്റ് മാനേജ്‌മെന്റിന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന മറുപടിയുമായി സി ഐ ടി യു. തൊഴിലാളി വിരുദ്ധ നിലപാടുകളില്‍ നിന്നും മാറാന്‍ തയ്യാറാകാതെ, ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ പോലും അംഗീകരിക്കാത്ത മാനേജ്‌മെന്റ് സ്വന്തം വീഴ്ച്ച മറയ്ക്കാന്‍ സിഐടിയുവിനെ പ്രതിയാക്കി നാടകം കളിക്കുകയാണെന്നു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ്. സി ഐ ടി യു അല്ല മുത്തൂറ്റില്‍ സമരം നടത്തുന്നതെന്നും ആ സ്ഥാപനത്തിലെ തൊഴിലാളി യൂണിയനാണ് സമര രംഗത്തുള്ളതെന്നും ഗോപിനാഥ് വ്യക്തമാക്കുന്നു.

സി ഐ ടി യുക്കാരായ ആള്‍ക്കാരെ പുറത്തു നിന്നിറക്കി ഗൂണ്ടായിസം കാണിച്ചാണ് തങ്ങളുടെ ബ്രാഞ്ചുകള്‍ തുറക്കാന്‍ അനുവദിക്കാതെ ബിസിനസ് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന മുത്തൂറ്റ് മാനേജ്‌മെന്റിന്റെ ആരോപണവും സി ഐടിയു നേതൃത്വം തള്ളിക്കളയുകയാണ്. അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്ന തൊഴിലാളികളെ കൂക്കിവിളിച്ചും അസഭ്യം പറഞ്ഞും അക്രമിക്കാന്‍ വരുന്നത് മുത്തൂറ്റ് മാനേജ്‌മെന്റിന്റെ ലോയല്‍ ആര്‍മിയാണെന്നും സമാധാനപരമായ മാര്‍ഗത്തിലൂടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് തൊഴിലാളി യൂണിയന്‍ ശ്രമിക്കുന്നതെന്നുമാണ് കെ എന്‍ ഗോപിനാഥ് പറയുന്നത്.

സി ഐ ടി യു ആണ് മൂത്തൂറ്റില്‍ സമരം നടത്തുന്നതെന്ന മാനേജ്‌മെന്റിന്റെ പ്രചാരണം തന്നെ തെറ്റാണ്. മിനി മുത്തൂറ്റ്, മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം തുടങ്ങി നോണ്‍ ബാങ്കിംഗ് മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന യൂണിയനാണ് നോന്‍ ബാങ്കിംഗ് ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷ്വറന്‍സ് എപ്ലോംയിസ് യൂണിയന്‍. ഇത് സി ഐ ടി യുവില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുകയാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി. ഏഴായിരത്തിലധികം മെംബര്‍മാര്‍ ഈ സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു വരികയാണ്. മൂത്തൂറ്റ് ഫിനാന്‍സിലും ഈ സംഘടനയുടെ യൂണിയന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആകെയുള്ള മൂവായിരത്തിയഞ്ഞൂറ് തൊഴിലാളികളില്‍ (കേരളത്തില്‍ തങ്ങള്‍ക്ക് ഇത്രയും ജീവനക്കാരുണ്ടെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ് തന്നെ പറഞ്ഞിട്ടുള്ളതാണ്)ഏകദേശം രണ്ടായിരം പേര്‍ തൊഴിലാളി യൂണിയനില്‍ ചേര്‍ന്നിട്ടുണ്ട്. ഈ യൂണിയനാണ് ഇപ്പോള്‍ സമരരംഗത്തുള്ളത്. അല്ലാതെ, സി ഐ ടി യു അവിടെ ആളുകളെയിറക്കി സമരം ചെയ്യുകയല്ല. ഒരു സ്ഥാപനത്തിലും സി ഐ ടി യു നേരിട്ട് യൂണിയന്‍ ഉണ്ടാക്കിയിട്ടുമില്ല.

മറ്റ് നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങളിലെല്ലാം തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മുത്തൂറ്റ് മാനേജ്‌മെന്റ് മാത്രമാണ് ഇക്കാര്യത്തില്‍ വിയോജിപ്പ് കാണിക്കുന്നത്. ജീവനക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ലേബര്‍ ഓഫീസര്‍ ഒരു ചര്‍ച്ച വിളിച്ചാല്‍ മറ്റ് മാനേജ്‌മെന്റുകള്‍ അതില്‍ പങ്കെടുക്കുകയും പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യും. എന്നാല്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ മാനേജ്‌മെന്റ് ഇത്തരം ചര്‍ച്ചയില്‍ വരില്ല. മന്ത്രിയോ ലേബര്‍ കമ്മീഷണറോ വിളിച്ചാല്‍ മാത്രം പങ്കെടുക്കും. അതിനു താഴെ തലത്തിലുള്ള തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന ധാര്‍ഷ്ഠ്യമാണ്. ഏതെങ്കിലും യോഗത്തില്‍ പങ്കെടുത്താല്‍ തന്നെ അവിടെയുണ്ടാകുന്ന കരാറുകളില്‍ ഒന്നും ഒപ്പിടില്ല. തങ്ങള്‍ തൊഴിലാളി യൂണിയനെ അംഗീകരിക്കുന്നില്ലെന്നാണ് കരാര്‍ ഒപ്പിടാതിരിക്കുന്നതിലൂടെ മൂത്തുറ്റ് മാനേജ്‌മെന്റ് പറയുന്നത്.

തങ്ങള്‍ക്ക് നൂറു വര്‍ഷത്തെ പാരമ്പര്യമുണ്ടെന്നാണ് മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റ് പറയുന്നത്. അവരുടെ റെക്കോര്‍ഡ് ടേണ്‍ ഓവര്‍ ഉണ്ടായിരിക്കുന്നത് 2019 ല്‍ ആണ്. വരുമാനം ഏറ്റവുമധികം വര്‍ദ്ധിച്ചത് ഈ വര്‍ഷമാണ്. ഈ ക്വാര്‍ട്ടറിലെ അവരുടെ ലാഭം മാത്രം ഏതാണ്ട് അറുനൂറ് കോടി രൂപയാണ്. തൊഴിലാളി യൂണിയന്‍ ഉണ്ടായതിനു ശേഷമാണ് അവര്‍ക്ക് ഈ നേട്ടം ഉണ്ടായതെന്നോര്‍ക്കണം. സി ഐ ടി യു സമരം ചെയ്ത് അവരുടെ ബിസിനസ് തകര്‍ത്തുവെങ്കില്‍ ഇത്രയും ലാഭം എങ്ങനെയുണ്ടായി? യൂണിയന്‍ വന്നതിനുശേഷവും തൊഴിലാളികള്‍ നല്ല നിലയില്‍ പണിയെടുക്കുന്നുണ്ടെന്നല്ലേ ഇതുവഴി തെളിയുന്നത്. പണിയെടുക്കരുതെന്ന് ഒരിക്കലും സിഐടിയു പറയാറില്ല.

സി ഐ ടി യുവിനെതിരേ വാളെടുക്കുന്നതിനു മുമ്പ് എന്തുകൊണ്ട് മുത്തൂറ്റില്‍ സമരം ഉണ്ടായി എന്നതുകൂടി അന്വേഷിക്കണം. ഒരാവശ്യവും ഇല്ലാതെ പെട്ടെന്നൊരു ദിവസം സമരം പ്രഖ്യാപിക്കുകയാണോ ചെയ്തത്? അല്ല. സ്ഥാപനം വന്‍ ലാഭം നേടുമ്പോള്‍ ജീവനക്കാര്‍ക്കും അതിന്റെ മെച്ചം ഉണ്ടാകണം. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടുന്നത് സ്വഭാവികമായ കാര്യമാണ്. അതുപോലെ തൊഴിലാളി വിരുദ്ധ നിലപാട് അവസാനിപ്പിക്കുകയെന്നതും ന്യായമായ ആവശ്യം തന്നെയാണ്. ഈ ആവശ്യങ്ങളാണ് യൂണിയന്‍ ഉയര്‍ത്തിയത്. ഇതിലൊരു തീരുമാനം ഉണ്ടാക്കാന്‍ നിരവധി തവണ ലേബര്‍ കമ്മീഷന്‍ വഴി ചര്‍ച്ചകള്‍ വച്ചിട്ടും അതിനോട് സഹകരിക്കാന്‍ മാനേജ്മന്റ് തയ്യാറായില്ല. ചര്‍ച്ചയ്ക്ക് വിടുന്നത് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെയായിരിക്കും. അവര്‍ വന്നിട്ട് ഞങ്ങള്‍ക്കൊന്നും പറയാന്‍ കഴിയില്ലെന്നു പറഞ്ഞു പോകും. ഈ അവഗണന തുടര്‍ന്നതോടെയാണ് രണ്ടു ദിവസത്ത സൂചന പണിമുടക്ക് കോട്ടയം കോഴഞ്ചേരി റീജിയണുകളില്‍ നടത്തുന്നത്. അതിന് ഒരാഴ്്ച കഴിഞ്ഞ് യൂണിയന്റെ സ്‌റ്റേറ്റ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് സി ഐ ടി യു ഓഫിസില്‍ ചേര്‍ന്നാണ് ഓഗസ്റ്റ് 20 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാന്‍ തീരുമാനമെടുക്കുന്നത്. ആ തീരുമാനം മാനേജ്‌മെന്റിനെ അറിയിച്ചുകൊണ്ട് 14 ദിവസം മുന്‍പ് നോട്ടീസ് നല്‍കി. നിയമാനുസൃതമായ വഴിയിലൂടെ തന്നെയാണ് യൂണിയന്‍ മുന്നോട്ടു പോയത്. എന്നാല്‍ ഒരു ചര്‍ച്ചപോലും നടത്താന്‍ തയ്യാറാകാതെ മുത്തൂറ്റ് മാനേജ്‌മെന്റ് കോടതിയില്‍ പോവുകയാണ് ചെയ്തത്. യൂണിയന്‍ നിരോധിക്കണം. പണിമുടക്ക് നിരോധിക്കണം, പൊലീസ് സംരക്ഷണം നല്‍കണം എന്നീ ആവശ്യങ്ങളായിരുന്നു ഹൈക്കോടതിയില്‍ മുന്നോട്ടുവച്ചത്. ഇതിനെതിരേ യൂണിയനും കോടതിയെ സമീപിച്ചു. തൊഴിലാളികളുടെ ഭാഗം കോടതിയെ അറിയിച്ചു. കാര്യങ്ങള്‍ മനസിലായ കോടതി മുത്തൂറ്റ് മാനേജ്‌മെന്റിന്റെ ആവശ്യങ്ങള്‍ തള്ളി. രണ്ടുകൂട്ടരും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. മൂത്തൂറ്റുകാര്‍ക്ക് ലേബര്‍ കമ്മീഷനെ വിശ്വാസമില്ലെന്നു പറഞ്ഞപ്പോള്‍, മധ്യസ്ഥയ്ക്ക് കോടതി തന്നെ തയ്യാറായി. യൂണിയന് ആ തീരുമാനം ശരിയെന്നു തോന്നുകയും കോടതി നിര്‍ദേശത്തിന് അനുകൂലമാണെന്നു പറഞ്ഞ് മെമ്മോ ഫയല്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ആദ്യം കോടതിയോട് മധ്യസ്ഥ ശ്രമത്തിന് സമ്മതം അറിയിച്ച മുത്തൂറ്റ് മാനേജ്‌മെന്റ് അഭിഭാഷകന്‍ പിന്നീട് നിലപാട് മാറ്റുകയാണ് ചെയ്തത്. കോടതി കാരണം തിരക്കിയപ്പോള്‍ പറഞ്ഞത്, മാനേജ്‌മെന്റിന് സമ്മതമില്ലെന്നായിരുന്നു മറുപടി. ഹൈക്കോടതിയുടെ മധ്യസ്ഥ ശ്രമങ്ങളോട് പോലും സഹകരിക്കാന്‍ തയ്യാറാകാതെ ഒരു മാനേജ്‌മെന്റ് പിടിവാശി തുടര്‍ന്നാല്‍ സമരമല്ലാതെ മറ്റെന്താണ് തൊഴിലാളിക്കു മുന്നില്‍ ഉള്ളത്?

സമരം നടത്തി സ്ഥാപനം പൂട്ടിക്കുന്നുവെന്ന് പറയുന്ന മാനേജ്‌മെന്റ് എന്തുകൊണ്ടാണ് ഒരിക്കല്‍ പോലും ഒരു ചര്‍ച്ചപോലും തൊഴിലാളികളുമായി നടത്താത്തത്? ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്. അംഗീകരിക്കാന്‍ ബുദ്ധിമുട്ടായ എന്താവശ്യമാണ് ജീവനക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ളത്? ശമ്പള വര്‍ദ്ധനവാണ് പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. ഇത്തരമൊരു ആവശ്യം ഒരു സ്ഥാപനത്തില്‍ ജീവനക്കാര്‍ മുന്നോട്ടുവയ്ക്കുമ്പോള്‍ സാധാരണ മാനേജ്‌മെന്റ് എന്താണ് ചെയ്യുന്നത്, യൂണിയനെ വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. നിലവിലെ അവസ്ഥയില്‍ നിങ്ങള്‍ ആവശ്യപ്പെട്ട ശമ്പള വര്‍ദ്ധനവിന് കഴിയില്ല, നമുക്ക് സംസാരിച്ച് ഒരു തീരുമാനത്തില്‍ എത്താമെന്ന് നിര്‍ദേശിക്കും. എന്നാല്‍ മുത്തൂറ്റ് മാനേജ്‌മെന്റ് പറയുന്നത് ഒരു കാരണവശാലും ശമ്പളം വര്‍ദ്ധിപ്പിക്കില്ലെന്നാണ്. 600 കോടിയോളം ലാഭം ഈ ക്വാര്‍ട്ടറില്‍ ഉണ്ടാക്കിയിട്ട് തൊഴിലാളിക്ക് വേതന വര്‍ദ്ധനവ് നല്‍കില്ല എന്നു പറഞ്ഞാല്‍ എന്തു ചെയ്യണം? ആകെയുണ്ടെന്നു പറയുന്ന 3,500 ഓളം ജീവനക്കാരില്‍ സബ് സ്റ്റാഫുകള്‍ ഉള്‍പ്പെടെയുള്ള രണ്ടായിരത്തിലധികം തൊഴിലാളികളില്‍ 20 വര്‍ഷത്തെ എക്പീരിയന്‍സ് ഉള്ളവര്‍ക്കു പോലും മാസം കൊടുക്കുന്നത് 12,000 രൂപയാണ്. കേരള സര്‍ക്കാര്‍ നോണ്‍ ബാങ്കിംഗ് മേഖലയില്‍ മിനിമം വേജസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തതാണ്. അതിനെതിരേ കോടതിയില്‍ പോയി സ്‌റ്റേ വാങ്ങിച്ചവരാണ് മൂത്തൂറ്റ് മാനേജ്‌മെന്റ്. തൊഴിലാളിക്ക് കിട്ടുന്ന പ്രതിമാസ ഇന്‍സെന്റീവ് ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ചേര്‍ത്തിട്ടാണ് 20 ശതമാനം ബോണസ് അവര്‍ പ്രഖ്യാപിക്കുന്നത്. യൂണിയന്‍ വരുന്നതിനു മുമ്പ് ഇതിനെക്കാള്‍ കൂടുതല്‍ ബോണസ് കിട്ടിയിരുന്ന ഒരു തൊഴിലാളിക്ക് യൂണിയന്‍ വന്നശേഷം ബോണസ് വെട്ടിക്കുറയ്ക്കുകയാണ് മാനേജ്‌മെന്റ് ചെയ്തത്. ഒരു വര്‍ഷത്തെ പ്രബേഷന്‍ പിരീഡ് കഴിഞ്ഞ് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതായിരുന്നു പതിവെങ്കില്‍ യൂണിയനില്‍ ചേര്‍ന്നവരെ സ്ഥിരപ്പെടുത്താന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ല. യൂണിയന്‍ അംഗമായി എന്നതിന്റെ പേരില്‍ നാലുകൊല്ലമായിട്ടു പ്രബേഷനില്‍ തന്നെ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാരുണ്ട്. ഇത്രയും തൊഴിലാളി വിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോകുന്നവരാണ് സി ഐ ടി യുവിനുമേല്‍ എല്ലാ കുറ്റങ്ങളും വയ്ക്കുന്നത്.

യൂണിയനില്‍ അംഗമല്ലാത്ത, മാനേജ്‌മെന്റിനോട് കൂറു കാണിക്കുന്ന ജീവനക്കാരുമുണ്ട്. അവരെ മര്‍ദ്ദിക്കുന്നുവെന്നാണല്ലോ സി ഐടിയുവിനെതിരേയുള്ള ഇപ്പോഴത്തെ ആരോപണം. ഞങ്ങള്‍ ഒരാളെയും ആക്രമിച്ചിട്ടില്ല. പണി മുടക്കുന്ന തൊഴിലാളികള്‍ ബ്രാഞ്ചുകളില്‍ ജോലിക്ക് വരുന്ന യൂണിയനില്‍ ഇല്ലാത്ത ആളുകളെ കാര്യങ്ങള്‍ പറഞ്ഞ് പിന്തരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അല്ലാതെ ആരെയും കൈയേറ്റം ചെയ്യുന്നില്ല. എന്നാല്‍ സമരക്കാരെ വാക്കുകള്‍ കൊണ്ടും കായികമായും നേരിടാന്‍ മുത്തൂറ്റ് മാനേജ്‌മെന്റ് തയ്യാറെടുക്കുകയാണ്. അതിനവര്‍ ആളെ വച്ചിട്ടുണ്ട്. ഹെഡ് ഓഫിസിലുള്ള 200 ഓളം വരുന്ന മാനേജ്‌മെന്റ് സ്റ്റാഫുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. സി ഐ ടി യു ഗോ ബാക്ക് വിളിച്ച് തെരുവ് യുദ്ധത്തിന് ആഹ്വാനം ചെയ്യുകയാണവര്‍. ഇത്തരത്തിലല്ല, ഒരു തൊഴിലാളി സമരത്തോട് മാനേജ്‌മെന്റ് ഇടപെടേണ്ടത്. അവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ആ വിവരം ലേബര്‍ കമ്മിഷനെയോ സര്‍ക്കാരിനെയോ അറിയിക്കണം. ചര്‍ച്ച നടത്തണം. സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം ഈ വിഷയത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറുമായി ചര്‍ച്ച നടത്താന്‍ തയ്യാറായതാണ്. നമുക്ക് അനുഭാവപൂര്‍വം കാര്യങ്ങള്‍ സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നാണ് സി ഐ ടി യു നേതൃത്വം മുത്തൂറ്റ് മാനേജ്‌മെന്റിനെ ബന്ധപ്പെട്ട് പറഞ്ഞത്. യൂണിയനെ അംഗീകരിച്ചുകൊണ്ടുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല എന്നായിരുന്നു മുത്തൂറ്റ് എംഡിയുടെ മറുപടി. ജനാധിപത്യപരമായ ഇടപെടലുകള്‍ക്ക് തയ്യാറാകാതെ കുതന്ത്രങ്ങള്‍ കാണിച്ച് സമരം പൊളിക്കാനാണ് അവര്‍ നോക്കുന്നത്. എന്നിട്ട് പറയുന്നത് സി ഐടിയു അക്രമം നടത്തുകയാണെന്നും. മുത്തൂറ്റ് ഫിനാന്‍സിന്റെ കൊച്ചിയിലെ കോര്‍പ്പറേറ്റ് ഓഫിസില്‍ സമരം തുടങ്ങിയ ദിവസം തൊട്ട് മാര്‍ച്ചും പ്രതിഷേധ ധര്‍ണയും നടത്തുന്നുണ്ട്. സമരത്തിന്റെ എട്ടാം ദിവസം സി ഐ ടി യു സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ഞാനായിരുന്നു മാര്‍ച്ച് ഉത്ഘാടനം ചെയ്തത്. അന്നും കുറേപ്പേര്‍ സി ഐ ടി യു ഗോ ബാക്ക് വിളിച്ചിരുന്നു. യൂണിയന്‍ സെക്രട്ടറി കൂടിയായ മുത്തൂറ്റ് മാനേജര്‍ തസ്തികയില്‍ ജോലി നോക്കുന്ന നിഷയെ എടീ പോടീ എന്നു വിളിച്ച് അസഭ്യം പറയുകയായിരുന്നു. മുത്തൂറ്റ് മാനേജ്‌മെന്റിന്റെ ലോയല്‍ ആര്‍മിയായിരുന്നു ഇതിന്റെയെല്ലാം പിന്നില്‍. അവര്‍ സമരക്കാരെ ഭീഷണിപ്പെടുത്താന്‍ നോക്കുന്നതാണ്. അക്രമം ഉണ്ടാക്കുക, എന്നിട്ടത് സി ഐ ടിയുവിന്റെ തലയില്‍ വയ്ക്കുകയാണ് തന്ത്രം. അക്രമം ഉണ്ടായാല്‍ പൊലീസ് സംരക്ഷണം തേടാമല്ലോ. ഞങ്ങള്‍ ഒരക്രമവും ഉണ്ടാക്കില്ല, എന്നാല്‍ സി ഐ ടി യു ഗോ ബാക്ക് എന്ന് വിളിച്ചതുകേട്ട് തിരിഞ്ഞുപോകുമെന്നും കരുതേണ്ട. അങ്ങനെ പിന്തിരിഞ്ഞോടുന്നതല്ല ഈ സംഘടന. സമരക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ സമര സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമരം ജയിക്കേണ്ടതാണ്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം. അത് നടക്കുന്നതുവരെ സമരം ശക്തമായി മുന്നോട്ടുപോകും.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍