UPDATES

ട്രെന്‍ഡിങ്ങ്

മുത്തൂറ്റ് കേരളം വിടുന്നുവെന്ന പ്രചരണവും സിഐടിയു ഗുണ്ടായിസവും; എന്താണ് യാഥാര്‍ത്ഥ്യങ്ങള്‍?

മുത്തൂറ്റ് മറ്റു പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നും അത് മറയ്ക്കാനാണ് ഈ സിഐടിയു ഗുണ്ടകള്‍ എന്ന പ്രചരണമെന്നും ജീവനക്കാര്‍

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ ജീവനക്കാരുടെ സമരം ശക്തമാകുന്നു. തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, ശമ്പള വര്‍ദ്ധനവ് നടപ്പില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എന്നാല്‍ സ്ഥാപനത്തെ തകര്‍ക്കാന്‍ സിഐടിയു നേതൃത്വം  നല്‍കുന്ന ഗുണ്ടായിസമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് മാനേജ്‌മെന്റ് പറയുന്നത്. സമരം മൂലം അടഞ്ഞു കിടക്കുന്ന ബ്രാഞ്ചുകള്‍ എന്നന്നേക്കുമായി പൂട്ടിയിടുമെന്ന മുന്നറിയിപ്പും മാനേജ്‌മെന്റ് നല്‍കുന്നുണ്ട്. ചില മാധ്യമങ്ങള്‍ മുത്തൂറ്റ് കേരളം വിടുന്നുവെന്ന തരത്തില്‍ നല്‍കിയ വാര്‍ത്തകള്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കോര്‍പ്പറേറ്റ് വിഭാഗം ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍ നിഷേധിക്കുന്നുമുണ്ട്.

കഴിഞ്ഞ ഒമ്പതു ദിവസമായി നടത്തുന്ന സമരത്തില്‍ ഇതുവരെ ഒരു ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാത്ത മാനേജ്‌മെന്റ്, സമരം പൊളിക്കാന്‍ വേണ്ടി നടത്തുന്ന തന്ത്രങ്ങളാണ് സിഐടിയു ഗുണ്ടായിസവും കേരളത്തില്‍ നിന്ന് ബിസിനസ് നിര്‍ത്തുന്നുവെന്ന വാര്‍ത്തകളും എന്നാണ് സമരത്തിലുള്ള ജീവനക്കാര്‍ പറയുന്നത്. ന്യായമായ ആവശ്യങ്ങള്‍ പോലും അംഗീകരിക്കാന്‍ തയ്യാറാകാതെ തികച്ചും തൊഴിലാളി വിരുദ്ധ നിലപാടുകളുമായി മുന്നോട്ടു പോകുന്ന മാനേജ്‌മെന്റിനെതിരേ തൊണ്ണൂറു ശതമാനം ജീവനക്കാരും സമരരംഗത്തുണ്ടെന്നുമാണ് യൂണിയന്‍ പ്രതിനിധികളായ നിഷ കെ. ജയനും സി.സി രതീഷും അഴിമുഖത്തോട് പറയുന്നത്. സമരം നടത്തുന്നത് മുത്തൂറ്റിലെ ജീവനക്കാര്‍ മാത്രമാണെന്നും പുറത്തു നിന്നുള്ള സിഐടിയു പ്രവര്‍ത്തകരാണ് സമരം ചെയ്യാന്‍ വരുന്നതെന്ന മാനേജ്‌മെന്റിന്റെ ആരോപണത്തില്‍ യാതൊരു കഴമ്പും ഇല്ലെന്നും നിഷയും രതീഷും പറയുന്നു.

2016-ല്‍ മൂത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നോണ്‍ ബാങ്കിംഗ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ എന്ന പേരില്‍ യൂണിയന്‍ ആരംഭിച്ചതോടെയാണ് ജീവനക്കാരോടുള്ള ക്രൂരത മാനേജ്‌മെന്റിനു കൂടിയതെന്നാണ് സമരക്കാരുടെ പരാതി. തൊഴിലാളി വിരുദ്ധത ഏറി വന്നതോടെയായിരുന്നു ജീവനക്കാര്‍ യൂണിയന്‍ രൂപീകരിച്ചത്. എന്നാല്‍ യൂണിയനില്‍ അംഗങ്ങളായവര്‍ക്കെതിരേ മാനേജ്‌മെന്റ് പലതരത്തില്‍ പ്രതികാര നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ കേരളത്തിന് അകത്തും പുറത്തുമായി ശിക്ഷാനടപടിയെന്നോണം സ്ഥലം മാറ്റി. ഇതിനെതിരേ 17 ദിവസത്തോളം സമരം നടത്തി. അതിനുശേഷവും മാനേജ്‌മെന്റ് പ്രതികാരബുദ്ധിയോടെയാണ് പെരുമാറിയത്. ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുക, ഇന്‍ക്രിമെന്റും ഇന്‍സെന്റീവും വെട്ടിക്കുറയ്ക്കുക തുടങ്ങിയ തൊഴിലാളി ദ്രോഹ നിലപാടുകളായിരുന്നു മാനേജ്‌മെന്റിന്റേത്. സജീവ യൂണിയന്‍ പ്രവര്‍ത്തകരെ പലയിടങ്ങളിലേക്കായി സ്ഥലം മാറ്റിയും അവകാശങ്ങള്‍ അടിച്ചമര്‍ത്താനായിരുന്നു ശ്രമം. മാനേജ്‌മെന്റിനൊപ്പം നില്‍ക്കുന്ന ജീവനക്കാരെ തലോടിയും അല്ലാത്തവരെ തല്ലിയും മുന്നോട്ടുപോകാന്‍ ശ്രമിച്ച സ്ഥാപനത്തിനെതിരേ യൂണിയന്റെ നേതൃത്വത്തില്‍ വീണ്ടും പ്രതിഷേധങ്ങള്‍ ശക്തമാക്കി- ജീവനക്കാര്‍ പറയുന്നു.

ഞങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കേള്‍ക്കാനോ അതില്‍ തീരുമാനം എടുക്കാനോ പോലും മുത്തൂറ്റ് മാനേജ്‌മെന്റ് തയ്യാറായില്ല. തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉള്‍പ്പെടെ പല ചര്‍ച്ചകളും നടന്നെങ്കിലും മന്ത്രിക്ക് നല്‍കിയ ഉറപ്പുപോലും തൊഴിലാളികളുടെ കാര്യത്തില്‍ പാലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. ന്യായമായ വ്യവസ്ഥകള്‍ പോലും അംഗീകരിച്ചു തരാതെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി മുന്നോട്ടു പോയ മാനേജ്‌മെന്റിന്റെ നടപടിയില്‍ സഹികെട്ടാണ് വീണ്ടും സമരത്തിനിറങ്ങേണ്ടി വന്നത്. കഴിഞ്ഞ ഡിസംബറില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു തരാമെന്നു പറഞ്ഞെങ്കിലും വീണ്ടും വാക്കുമാറ്റുകയായിരുന്നു. ഇക്കാര്യത്തില്‍ വിവരം ആരാഞ്ഞ് ആറു തവണ കത്ത് നല്‍കി. ഒരു മറുപടി പോലും കിട്ടിയില്ല. സൂചന പണിമുടക്ക് നടത്തി. അവര്‍ അനങ്ങിയില്ല. തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയില്‍ മുത്തൂറ്റിന്റെ ഹെഡ് ഓഫിസില്‍ ജീവനക്കാര്‍ മൂന്നു ദിവസം സമരം ചെയ്തു. കോഴഞ്ചേരി, കോട്ടയം റിജീയണല്‍ ഓഫിസുകള്‍ക്കു മുന്നിലും സമരം നടത്തി. എന്നിട്ടുപോലും ഞങ്ങളോട് ചര്‍ച്ച നടത്താനുള്ള സൗമനസ്യം പോലും മാനേജ്‌മെന്റ് കാണിച്ചില്ല. ഇപ്പോഴത്തെ സമരവും ഞങ്ങള്‍ പെട്ടെന്നൊരു നിമിഷത്തില്‍ തുടങ്ങിയതല്ല. 14 ദിവസങ്ങള്‍ക്കു മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. ലേബര്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഒരു ചര്‍ച്ച നടത്തി. അതിലും അവര്‍ അനുകൂലമായ തീരുമാനങ്ങളൊന്നും എടുക്കാതെ വന്നതോടെയാണ് വീണ്ടും സമരത്തിനിറങ്ങേണ്ടി വന്നത്. കഴിഞ്ഞ ഒമ്പതു ദിവസങ്ങളായി ഞങ്ങള്‍ സമരരംഗത്തുണ്ട്. തൊണ്ണൂറു ശതമാനം ജീവനക്കാരും സമരത്തിലുണ്ട്. പല ബ്രാഞ്ചുകളും അടഞ്ഞു കിടക്കുകയാണ്. മൂത്തൂറ്റിന്റെ ജീവനക്കാര്‍ തന്നെയാണ് സമരം ചെയ്യുന്നത്. അല്ലാതെ പുറത്തുനിന്നു വരുത്തിയവരാരും ഇല്ല. ഈ സമരം എങ്ങനെയെങ്കിലും പൊളിക്കാന്‍ നോക്കുന്നതിന്റെ ഭാഗമാണ് സിഐടിയുവിനെ കുറ്റപ്പെടുത്തിക്കൊണ്ട് വാര്‍ത്തയുണ്ടാക്കുന്നത്”; നോണ്‍ ബാങ്കിംഗ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി സി.സി രതീഷും മുത്തൂറ്റ് ഫിനാന്‍സ് യൂണിറ്റ് സംസ്ഥാന സെക്രട്ടറി നിഷ കെ. ജയനും അഴിമുഖത്തോട് പറഞ്ഞു.

അതേസമയം, ഇപ്പോള്‍ നടക്കുന്നത് സിഐടിയു ഗൂണ്ടായിസം തന്നെയാണെന്ന നിലപാടാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയി ലിന്റെത്. “ജീവനക്കാരില്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് സമരം ചെയ്യുന്നത്. ബാക്കി ഭൂരിഭാഗം പേരും സ്ഥാപനത്തിനൊപ്പം നില്‍ക്കുന്നവരാണ്. ഭീഷണിയും കൈയ്യൂക്കും കാണിച്ചാണ് സിഐടിയു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ബലംപ്രയോഗിച്ച് ബ്രാഞ്ചുകള്‍ അടപ്പിക്കുകയും ജോലിക്ക് വരുന്ന സ്ത്രീ ജീവനക്കാരെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞു ഭയപ്പെടുത്തി മടക്കിയയ്ക്കുകയുമാണ് ചെയ്യുന്നത്. എഴുപത് ശതമാനത്തോളം ജീവനക്കാരും സ്ത്രീകള്‍ ആയതുകൊണ്ട് അവരെ പേടിപ്പിച്ചു നിര്‍ത്താന്‍ സിഐടിയുവിന് കഴിയുന്നുണ്ട്. മുത്തൂറ്റില്‍ സമരം നടക്കുന്നുണ്ടെങ്കില്‍ അത് നടത്തുന്നത് പുറത്തു നിന്നുള്ള സിഐടിയുക്കാര്‍ ആണെന്നത് വാസ്തവമാണ്. ഈ സ്ഥാപനം പൂര്‍ണമായി തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ മൊത്തം 655-ഓളം ബ്രാഞ്ചുകള്‍ ഉണ്ട്. ഇവയിലെല്ലാം കൂടി മൂവായിരത്തി അഞ്ഞൂറോളം ജീവനക്കാരുണ്ട്. തൊണ്ണൂറ് ശതമാനം പേരും സമരം ചെയ്യുകയാണെങ്കില്‍ സ്ഥാപനം പ്രവര്‍ത്തിക്കാനേ കഴിയില്ല. പക്ഷേ അനാവശ്യമായ സമരം കാരണം പല ബ്രാഞ്ചുകളും അടഞ്ഞു കിടക്കുകയാണ്. തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാകുമോയെന്ന് നോക്കും. സാധിച്ചില്ലെങ്കില്‍ അവ പൂട്ടും. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുമായിരിക്കും. പക്ഷേ, ഞങ്ങള്‍ നിസ്സഹായരാണ്. മാന്യമായി ശമ്പളം വാങ്ങി ജോലി ചെയ്തു വന്നിരുന്നവരെ തൊഴിലില്ലാത്തവരാക്കി മാറ്റുന്നതിന് ഉത്തരവാദിത്വം പറയേണ്ടത് സിഐടിയുവാണ്”; ബാബു ജോണ്‍ മലയില്‍ പറയുന്നു.

എന്നാല്‍, ജീവനക്കാരുടെ ആവശ്യങ്ങള്‍ എങ്ങനെയാണ് മാനേജ്‌മെന്റ് അനാവശ്യമായി കാണുന്നതെന്നാണ് സമരക്കാര്‍ ചോദിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടായിരം കോടി രൂപയാണ് കമ്പനി ലാഭം ഉണ്ടാക്കിയത്. പക്ഷേ, തൊഴിലാളികള്‍ക്ക് അതിന്റെ ഗുണങ്ങളില്ല. നാളുകളായി ആവശ്യപ്പെടുന്ന ശമ്പള വര്‍ദ്ധനവിനെക്കുറിച്ച് എന്തെങ്കിലുമൊരു നിലപാട് അറിയിക്കാന്‍ മാനേജ്‌മെന്റ് ഇതുവരെ തയ്യാറായിട്ടില്ല. നിങ്ങള്‍ സമരം ചെയ്‌തോളൂ, ഞങ്ങള്‍ ബ്രാഞ്ച് പൂട്ടിയിട്ടോളം എന്ന ധാര്‍ഷ്ഠ്യമാണ് മാനേജ്‌മെന്റിനുള്ളത്; യൂണിയന്‍ പ്രതിനിധികള്‍ പറയുന്നു.

എന്നാല്‍, സമരങ്ങള്‍ മുത്തൂറ്റിന്റെ ബിസിനസ് തകര്‍ക്കുകയാണെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. കേരളത്തിലായിരുന്നു ബിസിനസിന്റെ അമ്പതു ശതമാനവും നടന്നിരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി നാലു ശതമാനം മാത്രമാണ് ബിസിനസ് നടന്നത്. അതിനിയും കുറയാം, ഒടുവില്‍ ഒന്നമില്ലാത്ത അവസ്ഥയില്‍ എത്തിക്കാം. ഞങ്ങള്‍ എന്തു ചെയ്യാനാണ്. ജീവനക്കാര്‍ക്ക് ഏറ്റവും മാന്യമായി ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നവരാണ്. ഇരുപത്തി അയ്യായിരം രൂപയില്‍ കുറഞ്ഞ് ഒരു മാസം ശമ്പളം കിട്ടുന്നവരില്ല. ആനുകൂല്യങ്ങളും ഇന്‍സെന്റീവും എല്ലാം കൃത്യമായി നല്‍കുന്നു. ഇതൊക്കെ ചെയ്തിട്ടും തൊഴിലാളി വിരുദ്ധയെന്നു പറയുന്നതിനു പിന്നിലെ വികാരം എന്താണെന്നു മനസിലാകുന്നില്ല; ബാബു ജോണ്‍ പറയുന്നു.

തൊഴിലാളികളോട് അവരുടെ ആവശ്യങ്ങളെന്തെന്ന് ചോദിച്ചറിയാന്‍ പോലും തയ്യാറാകാത്തവരാണ് തൊഴിലാളി സ്‌നേഹം പറയുന്നതെന്നാണ് ബാബു ജോണിന്റെ വാക്കുകളെ തള്ളിക്കളഞ്ഞുകൊണ്ട് സമരക്കാര്‍ വിമര്‍ശിക്കുന്നത്. “ലേബര്‍ കമ്മീഷന്‍ മുന്‍കൈയെടുത്ത് വച്ച് ചര്‍ച്ചയില്‍ രണ്ടു പ്രതിനിധികളെ മാനേജ്‌മെന്റ് അയച്ചിരുന്നു. എച്ച് ആര്‍ ജനറല്‍ മനേജറും ലീഗല്‍ ഹെഡ്ഡും. ഇവര്‍ രണ്ടു പേരും വന്നു പറഞ്ഞത് ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നു കാണിക്കാന്‍ ഒപ്പിടാന്‍ മാത്രമാണ് തങ്ങള്‍ വന്നതെന്നാണ്. ഔദ്യോഗികമായി എന്തെങ്കിലും തീരുമാനം പറയാന്‍ തങ്ങള്‍ക്കാവില്ലെന്നും പറഞ്ഞു. ഇങ്ങനെയാണോ ഒരു സ്ഥാപനം ചെയ്യേണ്ടത്. കോടതിക്ക് ബോധ്യമായതാണ് മൂത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളി പ്രശ്‌നം. കോടതിയുടെ മധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശം വന്നതാണ്. എന്നാലതില്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നു പറഞ്ഞവരാണ് മുത്തൂറ്റ് മാനേജ്‌മെന്റ്. ഒട്ടുമിക്ക നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങളിലും തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുത്തൂറ്റ് അതിന് സമ്മതിക്കുന്നില്ല. ഷോപ്പ് ആന്‍ഡ് എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ടിനു കീഴിലായിരുന്നു ഞങ്ങളും ഉള്‍പ്പെട്ടിരുന്നത്. പണവും സ്വര്‍ണവും കൈകാര്യം ചെയ്യുന്ന ഞങ്ങള്‍ക്ക് അതിന്റെതായ റിസ്‌ക്കും ജോലിയില്‍ ഉണ്ട്. അതുകൊണ്ട് വേതന വ്യവസ്ഥയില്‍ ഉയര്‍ച്ചയുണ്ടാകണമെന്ന ആവശ്യം നിരന്തരം ഉയര്‍ത്തിയതിന്റെ ഫലമായി സര്‍ക്കാര്‍ തലത്തില്‍ ഒരു കമ്മീഷനെ നിയോഗിക്കുകയും ആ കമ്മീഷന്‍ കാര്യങ്ങള്‍ പഠിച്ചു നല്‍കിയ റിപ്പോര്‍ട്ടില്‍ ഞങ്ങളുടെ അടിസ്ഥാന ശമ്പളം 18,000 രൂപയാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ ഇതനുസരിച്ച് ഒരു കരട് വിജ്ഞാപനവും ഇറക്കി. എന്നാല്‍ ഇതിനെതിരേ സ്വര്‍ണപ്പണയ വായ്പ്പ നല്‍കുന്നവരുടെ സംഘടനയായ അഗ്‌ലോക് നിയമനടപടിക്കു പോവുകയും സ്‌റ്റേ വാങ്ങുകയും ചെയ്തു. അന്നവരുടെ മുന്നില്‍ നിന്നത് മുത്തൂറ്റ് ഫിനാന്‍സ് ലിമറ്റഡ് ആയിരുന്നു. വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തിനെതിരേയും സ്റ്റേ വാങ്ങിച്ചതും മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ മുന്‍കൈയിലായിരുന്നു.

ഇങ്ങനെയെല്ലാം ചെയ്തവരാണ് തൊഴിലാളി സ്‌നേഹം പറയുന്നതെന്നോര്‍ക്കണം. ബിസിനസ് കുറഞ്ഞെങ്കില്‍ അത് തൊഴിലാളികളുടെ കുഴപ്പം കൊണ്ടല്ല, സ്വര്‍ണപ്പണയത്തില്‍ മറ്റുള്ളവരേക്കാള്‍ പെര്‍ ഗ്രാം റേറ്റ് കുറച്ചാണ് മുത്തൂറ്റ് കൊടുക്കുന്നത്. ബിസിനസ് ഇടിയാന്‍ കാരണമാതൊക്കെയാണ്. സമരം കൊണ്ടാണെങ്കില്‍, കേരളത്തില്‍ മാത്രമാണല്ലോ യൂണിയന്‍ ഉള്ളത്, പുറത്തും ബ്രാഞ്ചുകള്‍ ഉണ്ടല്ലോ, അവിടെയൊക്കെ എങ്ങനെയാണ് പ്രതിസന്ധികള്‍ ഉണ്ടാകുന്നത്. ലോണ്‍ കൊടുക്കാത്ത സഹാചര്യമാണ് പലയിടത്തും ഉള്ളത്. അവര്‍ക്ക് മറ്റെന്തോ പ്രശ്‌നങ്ങളാണ് അവര്‍ക്കുള്ളത്. അത് മൂടിവയ്ക്കാന്‍ വേണ്ടിയാണ് കുറ്റങ്ങളെല്ലാം തൊഴിലാളികളുടെയും സിഐടിയുവിന്റെ തലയില്‍ കെട്ടിവയ്ക്കുന്നത്. കേരളം വിടുന്നു, ബ്രാഞ്ചുകള്‍ പൂട്ടുന്നുവെന്നൊക്കെ പറയുന്നതിനു പിന്നില്‍ സ്ഥാപനത്തിനുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയായിരിക്കും യഥാര്‍ത്ഥ കാരണം. ഞങ്ങളെ അതിന്റെ പേരില്‍ പ്രതികളാക്കേണ്ട. എന്തായാലും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരവുമായി തന്നെ മുന്നോട്ടു പോകും. അതിന് ഞങ്ങള്‍ക്ക് പുറത്തു നിന്ന് ആളെ വിളിക്കേണ്ട ആവശ്യവുമില്ല“; യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു.

പൂര്‍ണമായി കേരളം വിടുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിക്കുമ്പോഴും നിലവില്‍ പൂട്ടിക്കിടക്കുന്ന ബ്രാഞ്ചുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്ന കാര്യം മുത്തൂറ്റ് മാനേജ്‌മെന്റ് സമ്മതിക്കുന്നുണ്ട്. അങ്ങനെ വന്നാലും നൂറുകണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന നിലപാടാണ് മാനേജ്‌മെന്റ് ഇപ്പോഴേ പറയുന്നത്. സമരം ചെയ്ത് അടപ്പിച്ചവര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും പറയുന്നു. ബിസിനസ് സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നു മുഖ്യമന്ത്രി പറയുമ്പോഴും സിഐടിയുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഇത്തരം ഗുണ്ടായിസങ്ങള്‍ കേരളത്തില്‍ ബിസിനസ് നടത്തുന്നതില്‍ നിന്നും എല്ലാവരെയും പിന്തരിപ്പിക്കുകയേയുള്ളൂവെന്ന വിമര്‍ശമനവും മൂത്തൂറ്റ് മാനേജ്‌മെന്റ് പറയുന്നു. ബ്രാഞ്ച് ഓഫിസുകളുടെ പൂട്ടില്‍ ഈയം ഉരുക്കി ഒഴിച്ചു വരെയാണ് സിഐടിയു ഗൂണ്ടായിസം കാണിക്കുന്നത്. മര്‍ദ്ദനവും അസഭ്യവര്‍ഷവുമാണ് നടത്തുന്നത്. ഇതിലൊന്നും ഒരു നടപടി സ്വീകരിക്കാനോ ഞങ്ങള്‍ക്ക് ന്യായം നേടിത്തരാനോ സര്‍ക്കാര്‍ ശ്രമം നടത്തുന്നില്ല. സിഎസ്ആര്‍ ഫണ്ട് വിനിയോഗത്തിലാകട്ടെ, പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാകട്ടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവയ്ക്കുന്നവരാണ് ഞങ്ങള്‍. അങ്ങോട്ട് എത്രയൊക്കെ നല്ലത് ചെയതിട്ടും തിരിച്ചു കിട്ടുന്നത് ഇത്തരത്തില്‍ ആണെങ്കില്‍ എങ്ങനെ മുന്നോട്ടുപോകാനാണ്? ഇതാണ് ബാബു ജോണിന്റെ ചോദ്യം.

എന്നാല്‍, മുത്തൂറ്റിന്റെ ന്യായങ്ങളൊന്നും തന്നെ യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ലെന്നും ഗുണ്ടകളെ വിളിച്ചു വരുത്തി സ്ഥാപനത്തിന്റെ യൂണിഫോമും അണിയിച്ച് സമരം ചെയ്യുന്നവരെ തല്ലിയോടിക്കാന്‍ തയ്യാറാകുന്നൊരു സ്ഥാപനത്തിന് എന്ത് ന്യായമാണ് സമൂഹത്തോട് പറയാനുള്ളതെന്ന മറു ചോദ്യവുമായാണ് ദിവസങ്ങളായി തുടര്‍ന്നു വരുന്ന സമരം ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ മുന്നോട്ടുകൊണ്ടുപോകുമെന്ന ഉറപ്പോടെ ജീവനക്കാര്‍ പറയുന്നത്.

Read Azhimukham: സിസ്റ്റര്‍ ലൂസിക്കുവേണ്ടി ശബ്ദിക്കുന്നവര്‍ തീവ്രവാദികള്‍, ഫാ. വട്ടോളിയെ പുറത്താക്കുമെന്ന് വീണ്ടും ഭീഷണി, മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ ക്രൈസ്തവര്‍ക്കെതിരെ സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നെന്നും സീറോ മലബാര്‍സഭ സിനഡ്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍