UPDATES

തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറായി തുടരാന്‍ പറ്റുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്; ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറുമായി കൊമ്പുകോര്‍ത്ത എന്‍ വാസു സ്ഥാനമൊഴിഞ്ഞു

നിയമന കാലാവധി ഇന്നലെ അവസാനിച്ചിരിക്കെ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി എന്‍ വാസുവിനെ തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു

തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറായി തുടരാന്‍ പറ്റുന്ന സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് എന്‍ വാസു. കമ്മീണറുടെ ചുമതലയൊഴിഞ്ഞ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സിന് വിഷമമുണ്ടാക്കുന്ന പല കാര്യങ്ങളും സംഭവിച്ചതിനാല്‍ തുടരാന്‍ ആഗ്രഹമില്ല. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് വലിയ കാര്യമായി താന്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമന കാലാവധി ഇന്നലെ അവസാനിച്ചിരിക്കെ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി എന്‍ വാസുവിനെ തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ ആവശ്യം തള്ളി. പദവിയില്‍ തുടരാന്‍ തനിക്ക് താത്പര്യമില്ലെന്നും വാസു വ്യക്തമാക്കി.

തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് എന്‍ വാസുവിനെ നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ ചുമതലകള്‍ നിറവേറ്റുന്നതിനായി ദേവസ്വം അഡീഷണല്‍ സെക്രട്ടറി എം ഹര്‍ഷന് ഹൈക്കോടതി താല്‍ക്കാലിക ചുമതല നല്‍കി. എന്‍ വാസുവിന്റെ കാലാവധി 2018 ജനുവരിയില്‍ അവസാനിച്ചെങ്കിലും സര്‍ക്കാര്‍ ആവശ്യമനുസരിച്ച് ആറാഴ്ച കൂടി നീട്ടി നല്‍കി. ഈ കാലാവധി വ്യാഴാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. പുതിയ നിയമനം നടക്കുന്നത് വരെ വാസുവിനെ തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാസുവിനെ ഇനി കമ്മീഷണര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍, ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദ്ദേശം.

ശബരിമല യുവതീ പ്രവേശന വിധിയുടെ പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡ് എടുത്ത നിലപാടിനെ ചൊല്ലി ബോര്‍ഡില്‍ തര്‍ക്കം രൂക്ഷമായിരുന്നു. ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറും എന്‍ വാസുവുമായുള്ള തര്‍ക്കങ്ങള്‍ പരസ്യമാവുകയും ഇരുവരും പരസ്യപ്രതികരണങ്ങള്‍ക്ക് മുതിരുന്നത് വരെയെത്തി സാഹചര്യങ്ങള്‍. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്ന നിലപാടാണ് പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ ബോര്‍ഡ് സ്വീകരിച്ചത്. എന്നാല്‍ മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞത് താനറിയാതെയാണെന്ന് പത്മകുമാര്‍ പ്രതികരിച്ചിരുന്നു. സംഭവത്തില്‍ കമ്മീഷ്ണറോട് വിശദീകരണം പ്രസിഡന്റ് വിശദീകരണം ചോദിച്ചു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇരുവരും അത് നിഷേധിച്ചു. അതേസമയം ശബരിമല വിഷയത്തില്‍ ബോര്‍ഡ് പ്രസിഡന്റിന്റെ പരസ്യ പ്രസ്താവനകളോട് അതൃപ്തിയുണ്ടെന്ന് എന്‍ വാസു വ്യക്തമാക്കിയിരുന്നു. തനിക്കുള്ള അതൃപ്തി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായും വാസു പറഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്ന് ദേവസ്വം ബോര്‍ഡില്‍ ഇത് സംബന്ധിച്ച് സ്വരച്ചേര്‍ച്ചകള്‍ നിലനിന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍