UPDATES

ട്രെന്‍ഡിങ്ങ്

നടുപ്പാറ എസ്‌റ്റേറ്റ് ഇരട്ട കൊലപാതകം: മൃഗങ്ങളെ കൊല്ലുന്നതുപോലെ രണ്ടു മനുഷ്യരെ; പ്രതി ബോബിന്‍ നടത്തിയത് നരനായാട്ട്

രണ്ട് കൊലപാതകങ്ങളിലും കാണാനാവുന്നത് കൊല്ലാന്‍ ഒട്ടും മടിയില്ലാത്ത, ചോര കണ്ട് അറപ്പ് മാറിയ ഒരാളുടെ സാന്നിധ്യമാണ്

ചിന്നക്കനാല്‍ നടുപ്പാറയിലെ ഏലത്തോട്ടത്തിലേക്ക് ക്രിസ്തുമസ് അവധിക്ക് വീട്ടില്‍ വന്നശേഷം പുതുവര്‍ഷ ദിനത്തിലാണ് ജേക്കബ് വര്‍ഗീസ് തിരിച്ചെത്തുന്നത്. എസ്‌റ്റേറ്റിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഔട്ട് ഹൗസില്‍ ഒറ്റയ്ക്കാണ് ഇവിടെയെത്തിക്കഴിഞ്ഞാലുള്ള ജേക്കബിന്റെ താമസം. ഏലം വിളപ്പെടുപ്പ് സമയമാകുമ്പോള്‍ മുത്തയ്യ വരും. കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ജേക്കബ് കോട്ടയത്തെ വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് വിളി ഉണ്ടായകാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതേ ഭയം തന്നെയായിരുന്നു മുത്തയ്യയുടെ വീട്ടുകാര്‍ക്കും. തോട്ടത്തിലേക്ക് പോയ ആളുടെ വിവരമൊന്നും ഇല്ലാതെ വന്നതോടെ ബന്ധുക്കള്‍ എസ്‌റ്റേറ്റില്‍ തിരക്കിയെത്തി. ആ വരവിലാണ് കേരളത്തെ നടുക്കിയ
രണ്ട് കൊലപാതകങ്ങളെ കുറിച്ച് പുറംലോകം അറിയുന്നത്.

ഇടുക്കി ചിന്നക്കനാലില്‍ ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍പ്പെട്ട നടുപ്പാറയില്‍ 40 ഏക്കറിലാണ് കോട്ടയം മാങ്ങാനം സ്വദേശിയായ ജേക്കബ് ജോര്‍ജ്(40) എന്ന രാജേഷിന് ഏലത്തോട്ടം ഉള്ളത്. വിദേശത്തായിരുന്ന ജേക്കബ് നാലുവര്‍ഷം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഭാര്യയും മകളും ഉള്ള ജേക്കബ് ഏലത്തോട്ടത്തിലെ വീട്ടില്‍ പക്ഷേ ഒറ്റയ്ക്കായിരുന്നു താമസം. നടുപ്പാറയില്‍ തന്നെ റിഥംസ് ഓഫ് മൈന്‍ഡ് എന്നൊരു റിസോര്‍ട്ട് കൂടി ജേക്കബിനുണ്ട്.

ക്രൂരമായ ഇരട്ടക്കൊലകള്‍
ജേക്കബിന്റെയും മുത്തയ്യയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുമ്പോള്‍ രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു. ഏലത്തോട്ടത്തിലായിരുന്നു ജേക്കബിന്റെ മൃതദേഹം കണ്ടെത്തിയത്. സ്‌റ്റോറിനകത്ത് ചാക്കുകൊണ്ട് മൂടിയ നിലയിലായിരുന്നു മുത്തയ്യ. ജേക്കബ് മാരകമായ കുത്തേറ്റായിരുന്നു കൊല്ലപ്പെട്ടതെങ്കില്‍ മുത്തയ്യയെ തലയില്‍ കൂടം കൊണ്ട് അടിച്ച് കൊലപെടുത്തുകയായിരുന്നു.

സമയം രാത്രി പന്ത്രണ്ടരയോട് അടുത്തിരുന്നു. മുത്തയ്യ ഉറക്കത്തിലായിരുന്നു. ഏലക്ക സൂക്ഷിച്ചിരിക്കുന്ന മുറിയുടെ പുറത്തായിട്ടായിരുന്നു മുത്തയ്യ കിടന്നിരുന്നത്. ആ ഉറക്കില്‍ തന്നെയാണ് കൊലയാളി ഭാരമേറിയ ചുറ്റിക അമ്പതുകാരനായ മുത്തയ്യയുടെ തലയില്‍ ആഞ്ഞടിക്കുന്നത്. ഒരു തവണയല്ല, നാലു തവണ. മരണം ഉറപ്പാക്കി കഴിഞ്ഞ് മൃതദേഹം വലിച്ചുകൊണ്ട് സ്റ്റോറിനുള്ളില്‍ ഇട്ടു. ഒരു ചാക്കിട്ട് മൂടി. പിന്നീട് സ്റ്റോര്‍ റൂം പുറത്തു നിന്നു പൂട്ടി.

ജേക്കബിന്റെ കഴുത്തില്‍ ആദ്യം കുത്തുകയായിരുന്നു. വീണ്ടും കൊലയാളിയുടെ കത്തി തന്റെ നേര്‍ക്കുയര്‍ന്നപ്പോള്‍ അത് തട്ടി മാറ്റിയോടാന്‍ ജേക്കബിനു കഴിഞ്ഞു. പക്ഷേ, അയാളില്‍ നിന്നുണ്ടായ നിലവിളി ആ തോട്ടത്തില്‍ തന്നെ ഒടുങ്ങി. ഒരുപാട് ദൂരമൊന്നും രക്ഷപ്പെട്ട് ഓടാന്‍ ജേക്കബിനു കഴിഞ്ഞില്ല. ഔട്ട് ഹാസിന്റെ പുറത്തായി വീണു. തളര്‍ന്നു വീണ ജേക്കബിന്റെ നെഞ്ചിലേക്ക് വീണ്ടും കത്തി കുത്തിയിറക്കി. മരിച്ചെന്ന് ഉറപ്പായപ്പോള്‍ ശരീരം വലിച്ചിഴച്ച് ഏലക്കാട്ടില്‍ ഉപേക്ഷിച്ചു.

എന്തിനുവേണ്ടിയായിരുന്നു?
കാമുകിയുമൊത്ത് ജീവിക്കുന്നതിന് പണം ഒപ്പിക്കാന്‍ ബോബിന്‍ കണ്ടെത്തിയ വഴിയാണ് രണ്ടു പേരുടെ ജീവനെടുക്കുന്നതില്‍ കലാശിച്ചത്. ഏലയ്ക്ക മോഷ്ടിക്കുകയായിരുന്നു ബോബിന്റെ പ്രധാനലക്ഷ്യം. ഏലയ്ക്ക സൂക്ഷിച്ചിരിക്കുന്ന മുറിക്ക് കാവലായി മുത്തയ്യ കിടന്നപ്പോള്‍ അയാളെ ഇല്ലാതാക്കി. അതിനുശേഷം ഏലയ്ക്ക എടുത്തു. ഇതുമായി പോകുന്നതിന് എസ്‌റ്റേറ്റ് വക വാഹനം എടുക്കാനാണ് തോട്ടത്തിലെ സൂപ്പര്‍വൈസര്‍ കൂടിയായ ബോബിന്‍ ജേക്കബ് താമസിക്കുന്ന ഔട്ട്ഹൗസില്‍ എത്തുന്നത്. താക്കോല്‍ ചോദിച്ചപ്പോള്‍ കൊടുക്കാതിരുന്നതോടെ കൈയില്‍ കരുതിയിരുന്ന കത്തി ബോബിന്‍ ജേക്കബിന്റെ കഴുത്തില്‍ കുത്തി. ശബ്ദം പുറത്തു വരരുതെന്ന ഉദ്ദേശമായിരുന്നു കഴുത്തില്‍ കുത്തിയതിനു പിന്നില്‍. രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ നെഞ്ചില്‍ കുത്തി ആളെ തീര്‍ത്തു. തുടര്‍ന്ന് വാഹനം എടുത്തു പോയി.

ആരായിരുന്നു ബോബിന്‍
അബദ്ധത്തിലോ പെട്ടെന്നുള്ള തോന്നലിന്റെ പുറത്തോ ആയിരുന്നില്ല ബോബിന്‍ ജേക്കബിനെയും മുത്തയ്യയേയും കൊലപ്പെടുത്തിയത്. രണ്ട് കൊലപാതകങ്ങളിലും കാണാനാവുന്നത് കൊല്ലാന്‍ ഒട്ടും മടിയില്ലാത്ത, ചോര കണ്ട് അറപ്പ് മാറിയ ഒരാളുടെ സാന്നിധ്യമാണ്. പന്നികളെ കൊല്ലുന്ന രീതിയിലായിരുന്നു മുത്തയ്യയെ തലക്കടിച്ച് കൊന്നതെന്നാണ് പൊലീസുമായി ബന്ധപ്പെട്ട ശേഷം മാധ്യമങ്ങള്‍ എഴുതുന്നത്. വലിയ കൂടം കൊണ്ട് തലയ്ക്കടിച്ചാണ് പന്നികളെ കൊല്ലുന്നത്. മുത്തയ്യയേയും ഇതേ രീതിയിലാണ് ബോബിന്‍ കൊന്നത്. ഭാരമേറിയ ചുറ്റികൊണ്ട് തലയ്ക്കടിച്ചു. ആദ്യ അടിയില്‍ തന്നെ മുത്തയ്യയുടെ തല തകര്‍ന്നു. എന്നാല്‍ മൂന്നുവട്ടം കൂടി ബോബിന്‍ ചുറ്റിക കൊണ്ട് മുത്തയ്യയുടെ തല തകര്‍ത്തു. അതിനുശേഷമാണ് ശരീരം വലിച്ചിഴച്ച് മുറിയില്‍ കൊണ്ടുപോയിട്ട് ചാക്കുയോഗിച്ച് മൂടുന്നത്.

ജേക്കബിനെ കുത്തിയത് മൃഗങ്ങളെ വേട്ടയാടാന്‍ ഉപയോഗിക്കുന്ന കത്തികൊണ്ടാണ്. വേട്ടയാടി പിടിക്കുന്ന മൃഗങ്ങളുടെ തോല് ഉരിക്കാന്‍ നായാട്ടുകാര്‍ ഉപയോഗിക്കുന്ന നീളമേറിയ കത്തിയായിരുന്നു അതെന്നു മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴുത്തില്‍ കുത്തുകൊണ്ട് ശേഷം ഓടി വീണ ജേക്കബിന്റെ നെഞ്ചിലേക്ക് ഈ കത്തി കുത്തിയിറക്കുമ്പോള്‍ മറുപുറം തുളച്ച് അതിന്റെ അറ്റം പുറത്തുവന്നിരുന്നുവെന്നും മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ കാണാം. കുത്തിയശേഷം വലിച്ചൂരുമ്പോള്‍ വാരിയെല്ലില്‍ തടഞ്ഞ കത്തി ഇളക്കി ഊരിയെടുത്തതാണ് നെഞ്ചില്‍ വലിയ മുറിവിന് കാരണമായതെന്നും പറയുന്നു.

കൊലപാതകങ്ങള്‍ നടത്തുന്നതിനു നാലു ദിവസം മുമ്പ് മാത്രമായിരുന്നു രാജകുമാരി കുളപ്പാറച്ചാല്‍ സ്വദേശിയായ ബോബിന്‍ ജേക്കബിന്റെ എസ്‌റ്റേറ്റില്‍ ജോലിക്കെത്തുന്നത്. എസ്റ്റേറ്റ് ജോലിക്കാരനായി എത്തുന്നതിനു മുമ്പുള്ള ബോബിന്റെ ജീവിതത്തെ കുറിച്ച് പലകഥകളുണ്ട്. കുട്ടിക്കാലം മുതല്‍ കുറ്റവാസന പ്രകടിപ്പിച്ചിരുന്നു ബോബിന്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. ആരോടുമായി അധികം ബന്ധമില്ല. വീട്ടുകാരുമായും അടുപ്പമുണ്ടായിരുന്നില്ല. പിതാവിനെ പത്തുവര്‍ഷം മുമ്പ് കാണാതായതാണ്. അമ്മയും ഒരു സഹോദരനുമാണ് വീട്ടിലുള്ളത്. ബോബിന്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഇയാള്‍ പല ജോലികളും നോക്കിയിരുന്നു. കശാപ്പ് ജോലിയും ചെയ്തിരുന്നുവെന്നു പറയുന്നു. ഒറ്റയ്ക്ക് നായാട്ടിനു പോകാന്‍ താത്പര്യം കാണിച്ചിരുന്ന ബോബിന് ഹൈറേഞ്ചിലെ കാടുകളെല്ലാം സുപരിചിതമായിരുന്നുവെന്നും പറയുന്നു. മൃഗങ്ങളെ വേട്ടായാടി പിടിക്കാനുള്ള വൈദഗ്ധ്യം തന്നെയാണ് രണ്ടു കൊലപാതകങ്ങള്‍ ഒറ്റയ്ക്ക് നടത്താനും ബോബിന് സഹായകമായത്. എറണാകുളത്ത് ഡ്രൈവറായി ജോലി നോക്കിയിട്ടുണ്ട്. മോഷണക്കേസുകളും ഇയാള്‍ക്ക് മേല്‍ പറയുന്നുണ്ട്. കണ്ണില്‍ മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചത് ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളിലായി ബോബിനെതിരേ മോഷണക്കേസുകള്‍ നിലവിലുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.

ബോബിന്‍ ലിസ്റ്റില്‍ കൊലപ്പെടാനായി ഒരാള്‍ കൂടിയുണ്ടായിരുന്നു
ഏലയ്ക്ക മോഷണവും കൊലപാതകങ്ങളും എന്തിനുവേണ്ടിയായിരുന്നുവെന്ന ചോദ്യത്തിലേക്കാണ് ചേരിയാര്‍ കറുപ്പന്‍ കോളനി സ്വദേശിയായ ഇസ്രവേലിന്റെ ഭാര്യ കപില എത്തുന്നത്. ബോബിന്റെ കാമുകിയായിരുന്നു കപില. ഈ സ്ത്രീയുമൊത്തുള്ള ജീവിതത്തിനുവേണ്ടിയായിരുന്നു ബോബിന്റെ ക്രൂരതകള്‍.

രണ്ടു മാസങ്ങള്‍ക്കു മുമ്പ് കുരുവിള സിറ്റിയിലെ ഒരു ആശുപത്രിയില്‍ വച്ചാണ് ബോബിനും കപിലയും ആദ്യമായി കാണുന്നത്. പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ വാങ്ങി പിരിഞ്ഞെങ്കിലും രണ്ടുപേര്‍ക്കുമിടയില്‍ ഒരു ബന്ധം അവിടെ തുടങ്ങിയിരുന്നു. പിന്നീട് ഇസ്രവേലിനെ വിളിച്ചു. കപിലയുടെ സുഹൃത്താണെന്നു ഇസ്രവേലിനെ പരിചയപ്പെടുത്തി. താമസിയാതെ തന്നെ ഇസ്രവേലുമായും ബോബിന്‍ ബന്ധം സ്ഥാപിച്ചു. അതുവഴി ആ വീട്ടില്‍ വന്നുപോകാനുള്ള സാഹചര്യവും സൃഷ്ടിച്ചെടുത്തു. ഇസ്രവേല്‍ അറിയാതെ തുടര്‍ന്ന ബന്ധം ഒടുവില്‍ ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തിലുമെത്തി. ഇവിടെ നിന്നും വേളാങ്കണിക്ക് പോയി താമസിക്കുകയായിരുന്നു ലക്ഷ്യം. അതിനുവേണ്ടി പണം ഉണ്ടാക്കാന്‍ ബോബിന്‍ കണ്ടെത്തിയ എളുപ്പ വഴിയായിരുന്നു ഏലയ്ക്കാ മോഷണം. അതിനയാള്‍ക്ക് സാധിച്ചെങ്കിലും ഇടയില്‍ രണ്ട് ജീവനുകള്‍ കൂടി എടുക്കേണ്ടി വന്നു.

പക്ഷേ ബോബിന്‍ ഒരു കൊലപാതകത്തിനു കൂടി തയ്യാറെടുത്തിരുന്നു. മറ്റാരുമല്ല; ഇസ്രവേല്‍. കപിലയുമൊത്തുള്ള ജീവിതത്തിന് ഇസ്രവേല്‍ ഒരു തടസമാകും എന്നതായിരുന്നു ആ തയ്യാറെടുപ്പിനു പിന്നില്‍. ഇസ്രവേലിന്റെ ജീവന്‍ നഷ്ടപ്പെടാതിരുന്നതിന് ഒരുതരത്തില്‍ നന്ദി പറയേണ്ടത് ജേക്കബിനോടാണ്. തന്റെ കഴുത്തില്‍ കുത്തിയശേഷം വീണ്ടും കത്തി താഴ്ത്താന്‍ ശ്രമിച്ചപ്പോള്‍ ജേക്കബ് ബോബിന്റെ കൈ തട്ടിമാറ്റിയാണ് ഓടിയത്. ജേക്കബിന്റെ ഈ പ്രതിരോധത്തില്‍ ബോബിന്റെ കൈയില്‍ മുറിവേറ്റു. ജേക്കബിനെ പിന്നീടയാള്‍ അവസാനിപ്പിച്ചെങ്കിലും മുറിവേറ്റതോടെ ഇസ്രവേലിനെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചു.

എന്നാല്‍ തന്നെയും കൊല്ലാന്‍ ബോബിന് പദ്ധതിയുണ്ടായിരുന്നുവെന്ന് അറിയാതെ കൊലയാളിയെ സഹായിക്കാന്‍ ഇസ്രവേല്‍ ഒപ്പം നിന്നു എന്നതാണ് മറ്റൊരുകാര്യം. ഇരട്ട കൊലപാതകങ്ങള്‍ക്കുശേഷം ബോബിന്‍ ജേക്കബിന്റെ വണ്ടിയുമായി എത്തുന്നത് ഇസ്രവേലിന്റെയും കപിലയുടെയും വീട്ടിലേക്കാണ്. വണ്ടി ഉപേക്ഷിക്കാനും രക്ഷപ്പെട്ടു പോകാനും ബോബിനെ സഹായിച്ചത് ഇസ്രവേലായിരുന്നു. ഒപ്പം കപിലയും ഉണ്ടായിരുന്നവെങ്കിലും ഇസ്രവേലിന് ബോബിനും തന്റെ ഭാര്യയുമായുള്ള ബന്ധത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ബോബിനിലേക്കുള്ള അന്വേഷണത്തില്‍ പൊലീസ് ഇസ്രവേലിനെയും കപിലയേയും കണ്ടെത്തുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കൊലപാതകത്തിനു സഹായിച്ചതിന്റെ പേരില്‍ കേസ് നേരിടേണ്ട രണ്ടുപേരും ഇപ്പോള്‍ റിമാന്‍ഡിലാണ്.

കാട്ടിലൂടെ ഒറ്റയ്ക്ക് ഒമ്പതു മണിക്കൂറോളം നടന്നു പോയ ബോബിന്‍
ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ കൂടിയായ ബോബിന്‍ ആണെന്നു പൊലീസിന് തുടക്കത്തിലെ സൂചന കിട്ടിയിരുന്നു. ജേക്കബിന്റെ കാറുമായി ബോബിന്‍ പോകകുന്നത് കണ്ടെന്ന നാട്ടുകാരുടെ മൊഴിയാണ് സംശയം ഉയര്‍ത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ജേക്കബിന്റെ വാഹനം മുരിക്കുംതൊട്ടിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ ബോബിന്‍ സ്ഥലം വിട്ടെന്നു അന്വേഷണ സംഘത്തിന് ഉറപ്പായി. എങ്ങോട്ട് പോയി എന്നു കണ്ടു പിടിക്കലായി അടുത്ത ജോലി.

അതേസമയം രണ്ട് കൊലപാതകങ്ങള്‍ നടത്തിയശേഷം ബോബിന്‍ തന്റെ രൂപം മാറ്റി. താടി വടിച്ചു. പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിച്ചു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ഇതെല്ലാം ചെയ്യുന്നത് തമിഴ്‌നാട്ടില്‍ എത്തിയശേഷമായിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ എത്താന്‍ ബോബിന്‍ സ്വീകരിച്ച മാര്‍ഗം അത്ഭുതപ്പെടുത്തുന്നതാണ്. ഒമ്പത് മണിക്കൂറുകളോളം നടന്നാണ് തമിഴ്‌നാട്ടിലെ തേവാരം എന്ന സ്ഥലത്ത് ബോബിന്‍ എത്തുന്നത്. ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള കാട്ടിലൂടെ രാത്രിയില്‍ ഒറ്റയ്ക്ക് നടന്നു. തേവാരത്ത് എത്തിയശേഷം ബസില്‍ തേനിയില്‍ എത്തി. അവിടെ നിന്നും തിരുച്ചിറപ്പളിയിലേക്ക്.

ഈ സമയം ജില്ല പൊലീസ് മേധാവി കെ ബി വേണുഗോപാല്‍, ഡിവൈഎസ്പി ഡി എസ് സുനീഷ് ബാബു, ശാന്തമ്പാറ സി ഐ എസ് ചന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് അന്വേഷണ സംഘങ്ങളിലായി 35 പൊലീസുകാര്‍ ബോബിന് അന്വേഷിച്ച് ഇറങ്ങിയിരുന്നു. ഇതില്‍ രാജാക്കാട് എസ് ഐ പി ഡി അനൂപ് മേനോന്‍, എഎസ്‌ഐമാരായ സി വി ഉലഹന്നാന്‍, സജി എന്‍ പോള്‍, സിപിഒമാരായ ആര്‍ രമേശ്, സി വി സനീശ്, ഓമനക്കുട്ടന്‍ എ്ന്നിവരടങ്ങിയ സംഘമാണ് മൂന്നുദിവസത്തെ തിരച്ചിലിനൊടുവില്‍ മധുരയില്‍ നിന്നും ബോബിനെ പിടികൂടുന്നത്.

മധുരയില്‍ എത്തിയശേഷം ഇങ്ങോട്ട് കപിലയെ വിളിച്ചു വരുത്താനും പിന്നീട് രണ്ടുപേര്‍ക്കും കൂടി വേളാങ്കണ്ണിക്കു പോകാമെന്നുമായിരുന്നു ബോബിന്റെ ഉദ്ദേശ്യം. എന്നാല്‍ ഇതു നേരത്തെ മനസിലാക്കാന്‍ കഴിഞ്ഞു എന്നിടത്താണ് പൊലീസിന്റെ വിജയം.ബോബിന്‍ കപിലയെ വിളിക്കുമെന്ന നിഗമനം തെറ്റിയില്ല. മധുരയിലെത്തി ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തശേഷം ബോബിന്‍ കപിലയെ വിളിച്ചു.

പേട്ട കണ്ടിറങ്ങുമ്പോള്‍ പിടിയിലായ കൊലയാളി
മൊബൈല്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്നു മനസിലായതോടെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് പിന്നീട് നടത്തിയത്. മധുരയില്‍ രണ്ടു മണിക്കൂറോളം ഒരേ ലൊക്കേഷനില്‍ പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ സിഗ്നല്‍ നില്‍ക്കുന്നതു കണ്ടതോടെ ഏതോ ഒരു സ്ഥലത്ത് ബോബിന്‍ നിലയുറപ്പിച്ചതായി പൊലീസ് ഊഹിച്ചു. ഒന്നുകില്‍ ലോഡ്ജിലോ മറ്റോ മുറിയെടുത്തിട്ടുണ്ടാകും, അതല്ലെങ്കില്‍ ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരിക്കും, ഒരുപക്ഷേ സിനിമ തിയേറ്ററില്‍ കയറിയിക്കാം; ഈ ഊഹങ്ങള്‍ വച്ച് ഓരോയിടത്തായി അന്വേഷിച്ചു. ആ അന്വേഷണത്തിലാണ് രജനികാന്തിന്റെ പേട്ട കണ്ട് ഇറങ്ങി വന്ന ബോബിന്‍ പൊലീസിനു മുന്നില്‍ വന്നു പെടുന്നത്.

അഭിമാനവും അപമാമവും ഒരേപോലെ നേരിടേണ്ടി വന്ന അന്വേഷണസംഘം
ക്രൂരമായ രണ്ട് കൊലപാതകങ്ങള്‍ നടത്തിയ പ്രതിയെ കാലതാമസം കൂടാതെ പിടികൂടാനായത് അന്വേഷണസംഘത്തിന്റെ കഴിവായി പ്രശംസിക്കുന്നതിനിടയിലാണ് നാണക്കേടുപോലെ മറ്റൊരു വാര്‍ത്ത പുറത്തു വന്നത്. മധുരയില്‍ നിന്നും പ്രതിയെ കസ്റ്റഡിയില്‍ എടുത്തശേഷം പ്രതിക്കൊപ്പം നിന്നു ഫോട്ടോയെടുക്കുകയും അത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും മാധ്യമങ്ങള്‍ക്ക് പ്രതിയുടെ ചിത്രങ്ങളും വിവരങ്ങളും നല്‍കുകയും ചെയ്ത പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുകയാണ്. ബോബിനെ മധുരയില്‍ നിന്നും പിടികൂടിയവര്‍ക്ക് ഉള്‍പ്പെടെയാണ് സസ്‌പെന്‍ഷന്‍. എസ് പിയുടെ പ്രത്യേക സ്‌ക്വാഡിലുള്ള എസ് ഐ മാരായ ഉലഹന്നാന്‍, സജി എം പോള്‍, െ്രെഡവര്‍ അനീഷ്, സിപിഒ ഓമനക്കുട്ടന്‍, ശാന്തമ്പാറ സ്‌റ്റേഷനിലെ െ്രെഡവര്‍ രമേഷ് എന്നിവര്‍ക്കെതിരേ ജില്ല പൊലീസ് മേധാവി കെ ബി വേണുഗോപാല്‍ നടപടിയെടുത്തത്. ഇതുകൂടാതെ രാജാക്കാട് എസ് ഐ പി ഡി അനൂപ് മേനോനെതിരേയുള്ള നടപടിക്ക് ഐജിയോട് ശിപാര്‍ശയും ചെയ്തിട്ടുണ്ട്. അതേസമയം സസ്‌പെന്‍ഷന്‍ നടപടി പൊലീസുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍