UPDATES

ട്രെന്‍ഡിങ്ങ്

നളിനി നെറ്റോയുടെ രാജിക്ക് പിന്നില്‍ സഹോദരനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കാനുള്ള തീരുമാനമോ പടലപ്പിണക്കമോ?

പൊളിറ്റിക്കല്‍ സെക്രട്ടറിയും അഡ്മിനിസ്‌ട്രേഷന്‍ വിഭാഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സാധാരണമാണെന്നും അത് എല്ലാ സര്‍ക്കാരിന്റെ കാലത്തും ഉണ്ടാകാറുള്ളതെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ജീവനക്കാര്‍ പറയുന്നത്

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയും ഇന്നലെ പടിയിറങ്ങിയിരിക്കുകയാണ്. ഇന്നലെ ഉച്ചയോടെയാണ് നെറ്റോ തന്റെ രാജിക്കത്ത് സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി എന്നാണ് സൂചന. അതേസമയം നളിനി നെറ്റോയുടെ സഹോദരന്‍ ആര്‍ മോഹനനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനമാണ് രാജിക്ക് പിന്നിലെന്നും അറിയുന്നുണ്ട്.

അതേസമയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം വി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പോയതോടെ ആ പോസ്റ്റിലും ആളില്ലാതായിരിക്കുകയാണ്. ഇതിനിടെയാണ് അപ്രതീക്ഷിതമായി നളിനി നെറ്റോയും രാജിവച്ചൊഴിയുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. വിരമിച്ച ശേഷം രണ്ട് വര്‍ഷത്തോളം അവര്‍ ഈ പദവിയില്‍ തുടരുകയും ചെയ്തു. അറുപതാം വയസ്സിലാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ വിരമിക്കുന്നത്. ഓഫീസിലെ പ്രശ്‌നങ്ങളേക്കാളുപരി വിശ്രമ ജീവിതം ആഗ്രഹിച്ചാണ് നെറ്റോ രാജിവച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. രണ്ട് ദിവസം മുമ്പ് തന്നെ ഇവര്‍ മുഖ്യമന്ത്രിയെ നേരിട്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയില്‍ നിന്നും കൃത്യമായി മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇന്നലെ രാജിക്കത്ത് കൈമാറിയതെന്നാണ് അറിയുന്നത്.

പദവി ഏറ്റെടുത്ത ശേഷം സുപ്രധാന ഫയലുകളെല്ലാം കൈകാര്യം ചെയ്തിരുന്നത് നളിനി നെറ്റോയായിരുന്നു. എന്നാല്‍ അടുത്തകാലത്തായി അവര്‍ക്ക് ഓഫീസില്‍ തന്റെ മേല്‍ക്കൈ നഷ്ടമായിരുന്നു. പുത്തലത്ത് ദിനേശനുമായുള്ള ശീതസമരമായിരുന്നു ഇതിന് കാരണമെന്നാണ് അറിയുന്നത്. അതോടെ ഫയലുകള്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മുന്നില്‍ എത്താതായി. ഇത്തരം തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്ന എംവി ജയരാജനും സ്ഥാനമൊഴിഞ്ഞതോടെ നളിനി നെറ്റോയും പദവി ഒഴിയുകയായിരുന്നു.

അതേസമയം പൊളിറ്റിക്കല്‍ സെക്രട്ടറിയും അഡ്മിനിസ്‌ട്രേഷന്‍ വിഭാഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സാധാരണമാണെന്നും അത് എല്ലാ സര്‍ക്കാരിന്റെ കാലത്തും ഉണ്ടാകാറുള്ളതെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ജീവനക്കാര്‍ പറയുന്നത്. നളിനി നെറ്റോ ഇത്തരം പ്രശ്‌നങ്ങള്‍ മൂലം രാജിവയ്ക്കുന്ന ആളല്ലെന്നുമാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനും മുന്‍ ഇന്‍കംടാക്‌സ് കമ്മിഷണറുമായ ആര്‍ മോഹനനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നളിനി നെറ്റോയുടെ സഹോദരനാണ് മോഹന്‍. ഈ നിയമനം കൂടി കണക്കിലെടുത്താണ് നളിനി നെറ്റോ രാജിവച്ചതെന്നും ഇരുവരും ഒരുമിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സുപ്രധാന പദവികള്‍ കൈകാര്യം ചെയ്യുന്നതിനോട് നെറ്റോയ്ക്ക് യോജിപ്പില്ലെന്നുമാണ് അറിയുന്നത്. പ്രത്യേകിച്ചും ബന്ധുനിയമനങ്ങളുടെ പേരില്‍ സര്‍ക്കാര്‍ പലപ്പോഴും പ്രതിസന്ധിയിലായിട്ടുള്ള സാഹചര്യത്തില്‍.

ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ (ഐ ആര്‍ എസ്) ചേരുന്നതിന് മുമ്പ് റിസര്‍വ് ബാങ്കില്‍ ഓഫീസറായിരുന്നു മോഹന്‍. കോയമ്പത്തൂരില്‍ ഇന്‍കം ടാക്‌സ് കമീഷണറായിരിക്കെ സ്വയം വിരമിച്ചു. അതിന് ശേഷം തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും സി.ഡി.എസില്‍ വിസിറ്റിങ് ഫെലോയുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍