UPDATES

നന്തന്‍കോട് കൂട്ടക്കൊല: നടന്നത് ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ പരീക്ഷണം തന്നെയോ? കേദലിന് കടുത്ത മനോവിഭ്രാന്തിയെന്ന് മനോരോഗ വിദഗ്ദ്ധര്‍

എന്തിനാണ് തന്റെ മൃതദേഹമെന്ന് തെറ്റിദ്ധരിപ്പിച്ച് ഡമ്മി നിര്‍മ്മിക്കുകയും അത് കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തത്?

നന്തന്‍കോട് കൂട്ടക്കൊലയില്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയത് സാത്താന്‍ സേവയുടെ ഭാഗമായാണെന്നാണ് കേദല്‍ ജിന്‍സണിന്റെ വെളിപ്പെടുത്തല്‍. സാത്താന്‍ സേവയുടെ ഭാഗമായ ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പരീക്ഷണമാണ് താന്‍ നടത്തിയതെന്ന ഇയാളുടെ മൊഴി കേട്ട് അന്വേഷണ സംഘം ഞെട്ടിയിരിക്കുകയാണ്. മറ്റുള്ളവരുടെ ജീവന്‍ കൊടുത്ത് സ്വന്തം ആത്മാവിനെ മോചിപ്പിക്കാനുള്ള സാത്താന്‍ സേവയാണ് താന്‍ നടത്തിയതെന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍. ഏതായാലും ശരീരത്തില്‍ നിന്നുള്ള ആത്മാവിന്റെ മോചനമാണ് ആസ്ട്രല്‍ പ്രൊജക്ഷനെന്ന് ദ സീക്രട്ട് ഓഫ് ദ ഗോള്‍ഡന്‍ ഹെവന്‍ എന്ന ചൈനീസ് പുസ്തകം പറയുന്നു. എന്നാല്‍ സ്‌ക്രീസോഫ്രീനിയ എന്ന രോഗാവസ്ഥയിലാണ് കേദലെന്നാണ് മാനസിക വിദഗ്ധര്‍ പറയുന്നത്.

സാത്താന്‍ ആരാധന രീതികള്‍ ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമായാണ് സംസ്ഥാനത്ത് കേള്‍ക്കുകയാണ്. എന്നാല്‍ ഓസ്ട്രലിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ സാത്താനിക് ആരാധന രീതികളും ആസ്ട്രല്‍ പ്രൊജക്ഷനും നിരന്തരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേദല്‍ മെഡിക്കല്‍ പഠനത്തിനായി ഏറെ കാലമായി ഓസ്‌ട്രേലിയയിലായിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്നും തിരിച്ചെത്തിയ ശേഷമാണ് താന്‍ ഈ ആരാധനാ രീതിയില്‍ ആകൃഷ്ടനായതെന്ന് ഇയാള്‍ തന്നെ പറയുന്നുണ്ട്. മനസിനെ ശരീരത്തില്‍ അകറ്റിയെടുത്ത് മറ്റൊരു തലത്തിലെത്തിക്കുന്ന രീതിയാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിക്കുന്നത്. മാനസികവിഭ്രാന്തിയുണ്ടെന്ന് സംശയിക്കുന്ന ഇയാള്‍ ഇത്തരത്തിലൊരു കാര്യം കണ്ടെത്തിയത് ഇന്റര്‍നെറ്റിലൂടെയാണെന്നും പറയുന്നു.

ആസ്ട്രല്‍ ആരാധനയില്‍ ശരീരം മനസിന്റെ പ്രതിരൂപം മാത്രമാണ്. എന്നാല്‍ ആസ്ട്രല്‍ പ്രൊജക്ഷനെ യഥാര്‍ത്ഥത്തില്‍ കേദല്‍ നടത്തിയ കുറ്റകൃത്യവുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നാണ് വിവിധ അനുഭവങ്ങള്‍ വായിച്ചതില്‍ നിന്നും മനസിലാക്കുന്നത്. സ്വന്തം തീരുമാനത്തില്‍ മനസിനെ ശരീരത്തില്‍ നിന്നും അകറ്റിയെടുക്കുന്നതാണ് ഇതിന്റെ രീതികള്‍. ശരീരത്തില്‍ നിന്നും മനസിനെ സ്വതന്ത്രമാക്കി പ്രപഞ്ചത്തിലെ എവിടേക്ക് വേണമെങ്കിലും സഞ്ചരിക്കാനാകുന്ന അവസ്ഥയാണ് ഈ ധ്യാനരീതി പിന്തുടരുന്നത്. തീവ്രമായ ധ്യാനത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട വിവിധ പുസ്തകങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സാത്താനിക് ആരാധനയിലും ഈ രീതി പിന്തുടരുന്നുണ്ട്. ഈ ആരാധന രീതി സത്യമാണെങ്കിലും അല്ലെങ്കിലും ഇതിനെ തെറ്റിദ്ധാരണയോടെയാണ് കേദല്‍ സമീപിച്ചിരിക്കുന്നത്. നാല് പേരെ കൊലപ്പെടുത്തിയാണ് ഇയാള്‍ ആസ്ട്രല്‍ പ്രൊജക്ഷന്റെ പരീക്ഷണം നടത്തിയത്. മരണമുറപ്പിച്ചിട്ടും ജീവിതത്തിലേക്ക് തിരികെയെത്തുന്നവര്‍ അവകാശപ്പെടാറുള്ള പരലോക സന്ദര്‍ശനത്തെ ആസ്ട്രല്‍ പ്രൊജക്ഷന്റെ ഗണത്തിലാണ് പെടുത്തേണ്ടത്. അടുത്തകാലത്ത് കേരളത്തില്‍ തന്നെ ഒരു യുവതി സ്വര്‍ഗയാത്ര നടത്തിയെന്ന് അവകാശപ്പെട്ട കഥ ആരും മറന്നിട്ടുണ്ടാകില്ല.

ആസ്ട്രല്‍ പ്രൊജക്ഷന്‍ ജേണല്‍ എന്ന ബ്ലോഗില്‍ ഒരു വ്യക്തി മരിച്ച് തിരിച്ചുവന്നതിന്റെ അനുഭവം പങ്കുവച്ചിട്ടുണ്ട്. തീര്‍ത്തും അവിശ്വസനീയമായ ഈ കഥയില്‍ മായ എന്ന പേരിലെഴുതിയിരിക്കുന്ന ആ വ്യക്തി പറയുന്നത് തന്റെ ശരീരത്തിന്റെ മൂല്യത്തെക്കുറിച്ചും സഫലീകരിക്കാനുള്ള ആഗ്രഹങ്ങളെക്കുറിച്ചുമുള്ള ചിന്തകള്‍ തന്നെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചുവെന്നാണ്. തന്റെ മരണം സംഭവിച്ചപ്പോഴും തിരികെ ശരീരത്തിലേക്ക് ജീവന്‍ പ്രവേശിച്ചപ്പോഴും ശരീരത്തിനുണ്ടായ മാറ്റത്തെക്കുറിച്ചും ഈ കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. തിരികെയുള്ള പ്രവേശനത്തില്‍ കഠിനമായ വേദനയുണ്ടാകുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ശരീരത്തിന് പുറത്തുള്ള അനുഭവം(Out of Body Experience-OBE) പ്രകൃതിയുമായി ബന്ധപ്പെടുത്തിയാണ് ഇവര്‍ വിവരിച്ചിരിക്കുന്നത്. നമ്മുടെ നാട്ടുകാരി പറഞ്ഞത് പോലെ ദൈവത്തെ കാണാനൊന്നും ഇവര്‍ക്ക് സമയം കിട്ടിക്കാണില്ല.

എറിന്‍ പവ്‌ലിന എന്ന യുവതി തന്റെ ആസ്ട്രല്‍ പ്രൊജക്ഷന്‍ ഗൈഡ് എന്ന പുസ്തകത്തിലും ഇതേ അനുഭവം വ്യക്തമാക്കുന്നുണ്ട്. ആസ്ട്രല്‍ പ്രൊജക്ഷനെക്കുറിച്ചുള്ള വായിച്ചറിവില്‍ നിന്നും മൂന്ന് വര്‍ഷത്തോളം നടത്തിയ ശ്രമഫലമായാണ് ഇവര്‍ക്ക് ഈ അനുവമുണ്ടാകുന്നതെന്നാണ് പറയുന്നത്. അതേസമയം താനൊരു സ്വപ്‌നാടകയാണെന്ന് അവര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 1985 ജനുവരി ഏഴിന് രാത്രിയില്‍ തന്റെ ശരീരത്തില്‍ ഒരു തരിപ്പുണ്ടാകുന്നതായി അനുഭവപ്പെട്ടെന്നാണ് ഇവരുടെ അവകാശവാദം. ഒരു ഇലക്ട്രിക് ഷോക്കിന് സമാനമായ തരിപ്പായിരുന്നിട്ടും വേദനയുണ്ടായിരുന്നില്ല. കണ്ണടഞ്ഞിരുന്നിട്ടും കാണാമായിരുന്നു. തനിക്ക് ആ സമയത്ത് ആദ്യമായി രണ്ട് ബോധമാണ് അനുഭവപ്പെട്ടത്. തന്റെ ആത്മാവ് ശരീരം ഉപേക്ഷിച്ച് പുറത്തെത്തിയതായും അനുഭവപ്പെട്ടതായി ഇവര്‍ പറയുന്നു. ഏകദേശം പത്ത് മിനിറ്റോളം ആത്മാവ് ശരീരത്തിന് പുറത്തേക്കും അകത്തേക്കും മാറി മാറി സഞ്ചിരിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഭയന്ന് അന്ന് രാത്രി ഉറങ്ങാതെ കഴിച്ചുകൂട്ടിയതായാണ് ഇവര്‍ പറയുന്നത്. എന്നാല്‍ തന്റെ ബോയ്ഫ്രണ്ട് തലേന്ന് രാത്രി താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്നും എന്നാല്‍ തന്റെ ശരീരം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്ന് അറിയിച്ചെന്നുമാണ് ഇവര്‍ പിറ്റേന്ന് അവകാശപ്പെടുന്നത്. പിന്നീട് പലപ്പോഴും ഇവര്‍ക്ക് ഇതേ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും പറയുന്നു.

മരണത്തിന് സമാനമായ, ശരീരത്തിന് പുറത്തുള്ള സഞ്ചാരമെന്നാണ് ആസ്ട്രല്‍ പ്രൊജക്ഷന്റെ നിര്‍വചനമെങ്കിലും ഇതിന്റെ പേരില്‍ കൊലപാതകങ്ങളൊന്നും എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കേദല്‍ ഈ പരീക്ഷണത്തില്‍ ആകൃഷ്ടനായത് വിദേശത്തു നിന്നു തന്നെയാകാം. എന്നാല്‍ സാത്താന്‍ ആരാധനയാണ് തന്റെ രീതിയെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എല്ലാ രാജ്യങ്ങളിലും സാത്താനിക് ആരാധനാ രീതികള്‍ കുറ്റകൃത്യമായാണ് കാണുന്നത്. ചിലര്‍ സ്വന്തം ശരീരത്തെ പീഡിപ്പിച്ച് ദൈവ പ്രീതി നേടാന്‍ ശ്രമിക്കുമ്പോള്‍ മറ്റുചിലര്‍ കൂട്ടം ചേര്‍ന്ന് ഒരാളെ കൊല്ലുകയും അയാളെ ദൈവത്തിന് പ്രിയപ്പെട്ടവനായി കണ്ട് ശരീരവും രക്തവും ഭക്ഷിക്കുന്നതാണ് രീതി. ക്രിസ്തുമത വിശ്വാസത്തിലെ അപ്പവും വീഞ്ഞും രീതി ഇവിടെ യഥാര്‍ത്ഥ ശരീരവും രക്തവുമായി മാറുകയാണ്. എന്നാല്‍ സാത്താനിക് ആരാധനയില്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍ ഈ രീതിയില്‍ ഉപയോഗിക്കപ്പെടുന്നതായി എവിടെയും പറയപ്പെടുന്നില്ല. അതേസമയം ‘അശുദ്ധ രക്തം’ കുടിപ്പിക്കുക, വിശ്വാസികള്‍ മനുഷ്യ രക്തം കുടിക്കുക തുടങ്ങിയ രീതികളും കേരളത്തില്‍ പോലും സാത്താന്‍ വിശ്വാസികള്‍ പിന്തുടരുന്നുണ്ടെന്നായിരുന്നു കേട്ടുകേള്‍വികള്‍. കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ അപ്രത്യക്ഷരായപ്പോഴും സാത്താന്‍ ആരാധനയെക്കുറിച്ചുള്ള കഥകള്‍ പരന്നിരുന്നു.

നന്തന്‍കോട് വീട്ടിനുള്ളില്‍ വച്ച് നാല് പേരെയും കൊലപ്പെടുത്തിയ ഇയാള്‍ മൂന്ന് പേരുടെയും ശരീരം കത്തിക്കിക്കുകയും ചെയ്തിരുന്നു. സാത്താന്‍ ആരാധകനായ താന്‍ ആസ്ട്രല്‍ പ്രൊജക്ഷനാണ് ശ്രമിച്ചതെന്ന് ഇയാള്‍ അവകാശപ്പെടുമ്പോഴും നിരവധി സംശയങ്ങളും ഇവിടെ ഉയരുന്നുണ്ട്. എന്തിനാണ് തന്റെ മൃതദേഹമെന്ന് തെറ്റിദ്ധരിപ്പിച്ച് ഡമ്മി നിര്‍മ്മിക്കുകയും അത് കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തത്? തന്റെ ശരീരത്തില്‍ പരീക്ഷണം നടത്താന്‍ നാല് പേരെ എന്തിന് കൊലപ്പെടുത്തി?

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍