UPDATES

ട്രെന്‍ഡിങ്ങ്

കൂട്ടക്കൊലയ്ക്ക് കാരണം മാതാപിതാക്കളുടെ അവഗണനയെന്ന് കേദല്‍; ആസൂത്രണത്തിന് മാസങ്ങളെടുത്തു

ആസ്‌ട്രല്‍ പ്രൊജക്ഷനു വേണ്ടിയുള്ള പരീക്ഷണാര്‍ത്ഥമാണ് കൊലപാതകം നടത്തിയെന്ന കേദലിന്റെ ആദ്യം വാദം പൊലീസിനെ ചുറ്റിച്ചിരുന്നു

വീട്ടില്‍ നിന്നും തനിക്കുണ്ടായ കടുത്ത അവഗണനയാണു മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനെയും[വധിക്കാന്‍ കാരണമായതെന്ന് നന്തന്‍കോട് കൂട്ടക്കൊല കേസ് പ്രതി കേദല്‍ ജീന്‍സണ്‍ രാജ സമ്മതിക്കുമ്പോഴും പൂര്‍ണമായി വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണു പൊലീസ്. കേദലിന്റെ സ്വഭാവത്തിലുള്ള അനിശ്ചിതത്വവും മൊഴികള്‍ മാറ്റുന്നതും കൊലപാതകത്തിന്റെ രീതിയും എല്ലാം സംശയങ്ങള്‍ ബാക്കി നിര്‍ത്തുകയാണ്. എന്തിനാണു കൊല നടത്തിയതെന്ന കാര്യം ഇപ്പോള്‍ കേദല്‍ പറയുന്നതുമാത്രമാണോ എന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നു പൊലീസ് പറയുന്നതും ഇതുകൊണ്ടാണ്. കോടതിയില്‍ ഹാജരാക്കിയ കേദലിനെ അഞ്ചുദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പ്രതിയില്‍ നിന്നും പൂര്‍ണവിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണു പൊലീസ്. അതിനിടയില്‍ പ്രതി ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വിശദമായി പരിശോധിക്കും. നിര്‍ണായകമായ വിവരങ്ങള്‍ ഇതില്‍ നിന്നും കിട്ടുമായിരിക്കാം എന്ന പ്രതീക്ഷയും പൊലീസിനുണ്ട്.

അതേസമയം കൊലപാതകം നടത്തിയിരിക്കുന്നത് വ്യക്തമായ പ്ലാനിംഗ് ഓടുകൂടിയാണെന്നു മനസിലാക്കാം. മാസങ്ങള്‍ക്കു മുമ്പു തന്നെ ഇതിനായി കേദല്‍ ഒരുക്കം നടത്തിയിരുന്നു. ആദ്യം കൊലപ്പെടുത്തിയത് അച്ഛനെയായിരുന്നു. നാലുപേരെയും കൊന്നശേഷം ഓരോരുത്തരെയായി തന്റെ മുറിയിലെ കുളിമുറിയിലിട്ടു കത്തിക്കുകയായിരുന്നു. ഒരാളുടെ മൃതദേഹം മാത്രം കത്തിച്ചിരുന്നില്ല. ഇതു കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു. മറ്റു മൂന്നുപേരുടെയും കത്തിക്കരിഞ്ഞിരുന്നു. എന്നാല്‍ നാലുപേരെയും ഒരുദിവസം തന്നെയാണോ അതോ മൂന്നുപേരെ ഒരു ദിവസവും മറ്റൊരാളെ അടുത്ത ദിവസവും കൊലപ്പെടുത്തുകയായിരുന്നോ എന്നതില്‍ സംശയമുണ്ട്. കേദല്‍ പറയുന്നത് എല്ലാവരെയും ഒരേദിവസം തന്നെ കൊല്ലുകയായിരുന്നു എന്നാണ്. എന്നാല്‍ അയല്‍വാസികളുടെയും വീട്ടുജോലിക്കാരിയുടെയും മൊഴികളില്‍ നിന്നും രണ്ടുദിവസമായി കൊലകള്‍ നടത്തുകയായിരുന്നുവെന്നാണു വ്യക്തമാകുന്നത്. പൊലീസും ഇതാണു സംശയിക്കുന്നത്.

ഇതിനിടയില്‍ സംഭവസ്ഥലത്തു നിന്നും കിട്ടിയ ഡമ്മി താനും കൊല്ലപ്പെട്ടിരിക്കുന്നു എന്ന വരുത്തി തീര്‍ക്കാനുള്ള കേദലിന്റെ പദ്ധതിയായിരുന്നുവെന്ന പൊലീസ് വാദം കേദല്‍ തന്നെ തിരുത്തിയാതായും അറിയുന്നു. ആ ഡമ്മി താന്‍ എക്‌സര്‍സൈസ് ചെയ്യാന്‍ ഉപയോഗിച്ചിരുന്നതാണെന്നും ഈ കൊലപാതകവുമായി അതിനു പങ്കില്ലെന്നും കേദല്‍ പറഞ്ഞതായാണ് അറിയുന്നത്. മുറിയിലെ തീയണയ്ക്കാന്‍ പൊലീസ് ശ്രമിക്കുമ്പോള്‍ മുകള്‍ തട്ടിലിരുന്ന ഡമ്മി താഴെ വീഴുകയായിരുന്നുവെന്നും കേദല്‍ പറയുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ ചെറു പുഞ്ചിരിയോടെ പൊലീസിനോട് സഹകരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇടയ്ക്കിടയ്ക്ക് അയാള്‍ പൊലീസിനെ തിരുത്തുന്നുമുണ്ടെന്ന് പുറത്തു വരുന്ന വാര്‍ത്തകളില്‍ പറയുന്നു.

ഡമ്മിയുടെ കാര്യം കേദല്‍ പറഞ്ഞതാണു ശരിയെങ്കില്‍ തന്നെ തെളിവു നശിപ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നുവെന്നു വ്യക്തമാണ്. മൃതദേഹങ്ങള്‍ക്കൊപ്പം അയാള്‍ ആ വീട്ടില്‍ തന്നെ താമസിച്ചു. പുറത്തുപോയി അഞ്ചുപേര്‍ക്കുള്ള ഭക്ഷണം മൂന്നുനേരവും വാങ്ങി വന്നു. എല്ലാവരും വീട്ടില്‍ തന്നെ ഉണ്ടെന്നു വരുത്തി തീര്‍ക്കാന്‍. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ക്കിടയിലിരുന്ന് വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം കേദല്‍ കഴിച്ചു. ഇതെല്ലാം കാണിക്കുന്നത് ഒരു കൊടും ക്രിമിനലിന്റെ മനസാണെന്നും അല്ലാതെ മനോവൈകല്യമുള്ള ഒരാളുടെ പ്രവര്‍ത്തിയല്ലെന്നും മന:ശാസ്ത്രജ്ഞര്‍ തന്നെ പറയുന്നു. ആസ്‌ട്രല്‍ പ്രൊജക്ഷനു വേണ്ടിയുള്ള പരീക്ഷണാര്‍ത്ഥമാണ് കൊലപാതകം നടത്തിയെന്ന കേദലിന്റെ ആദ്യം വാദം പൊലീസിനെ ചുറ്റിച്ചിരുന്നു. എന്നാല്‍ ഇതൊരു കെട്ടുകഥയാണെന്ന് ഇപ്പോള്‍ ബോധ്യമായി. ഇനി ബോധ്യമാകാനുള്ളത് എന്തിന് കൊന്നു എന്നതാണ്…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍