UPDATES

ട്രെന്‍ഡിങ്ങ്

നന്തന്‍കോട് കൂട്ടക്കൊല: ആസ്ട്രല്‍ പ്രൊജക്ഷന്‍ കെട്ടുകഥയെന്ന് സംശയം; കേദല്‍ ക്രിമിനലോ?

ചോദ്യം ചെയ്യലിനിടയില്‍ മൊഴി മാറ്റുന്ന കേദലിന്റെ രീതി പൊലീസിനു വീണ്ടും സംശയം ജനിപ്പിക്കുകയാണ്

അച്ഛനും അമ്മയും സഹോദരിയും ബന്ധുവുമടക്കം നാലുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേദല്‍ ജീന്‍സണ്‍ രാജ മാനസിക വിഭ്രാന്തിയുള്ളയാളോ അതോ ക്രിമിനലോ എന്ന സംശയത്തിലാണ് ഇപ്പോള്‍ പൊലീസ്. നാലുപേരെയും കൊന്നതു താന്‍ തന്നെയാണെന്നു കേദല്‍ സമ്മതിക്കുമ്പോഴും കൊലയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണമാണ് പൊലീസ് തേടുന്നത്.
ശരീരത്തില്‍ നിന്നും ആത്മാവ് വിട്ടുപോകുന്ന ആസ്ട്രല്‍ പ്രൊജക്ഷന്റെ പരീക്ഷണാര്‍ത്ഥമാണ് താന്‍ എല്ലാവരെയും കൊലപ്പെടുത്തിയതെന്നാണു കേദല്‍ പൊലീസിനോട് ആദ്യം പറഞ്ഞത്. ഈ വെളിപ്പെടുത്തല്‍ വലിയ ഞെട്ടലോടെയാണു സമൂഹം കേട്ടതും ആസ്ട്രല്‍ പ്രൊജക്ഷനെ കുറിച്ച് പിന്നീട് വാര്‍ത്തകള്‍ വന്നതുമെല്ലാം. പത്തുവര്‍ഷത്തോളമായി താന്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍ പരിശീലിക്കുന്നുണ്ടെന്നും കേദല്‍ വെളിപ്പെടുത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു. ഉന്മാദാവസ്ഥയില്‍ തന്റെ ആത്മാവാണു കൊല നടത്തിയതെന്നും കേദല്‍ പറഞ്ഞതോടെ ഇയാളുടെ മാനസികനിലയില്‍ തകരാര്‍ ഉണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പ്രമുഖ മനഃശാസ്ത്രജ്ഞനും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആര്‍എംഓയുമായ ഡോ. മോഹന്‍ റോയിയുടെ സഹായത്തോടെയാണ് കേദലിനെ ചോദ്യം ചെയ്യുന്നത്.

എന്നാല്‍ ചോദ്യം ചെയ്യലിനിടയില്‍ മൊഴി മാറ്റുന്ന കേദലിന്റെ രീതി പൊലീസിനു വീണ്ടും സംശയം ജനിപ്പിക്കുകയാണ്. ഇയാള്‍ മാനസികവിഭ്രാന്തി അഭിനയിക്കുന്നതാണോ, ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നതു കെട്ടുകഥയാണോ എന്നതാണ് സംശയം. കാരണം, ഇയാള്‍ തന്നെ ഒരുഘട്ടത്തില്‍ പൊലീസിനോട് പറയുന്നത് വൈരാഗ്യം കൊണ്ടാണ് മാതാപിതാക്കളേയും സഹോദരിയേയും കൊലപ്പെടുത്തിയതെന്നാണ്. തന്നെ വീട്ടുകാര്‍ അവഗണിക്കുകയായിരുന്നുവെന്നും താന്‍ ഒന്നിനും കൊള്ളാത്തവന്‍ ആണെന്ന് അമ്മ കുറ്റപ്പെടുത്താറുണ്ടായിരുന്നുവെന്നും കേദല്‍ പറയുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ എത്തിച്ചത്. വൃദ്ധയായ ബന്ധുവിനെ കൊന്നത്, അന്ധയായ അവര്‍ ഒറ്റപ്പെട്ടുപോകും എന്നതിനാലാണെന്നും കേദല്‍ പൊലീസിനോടു പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പറയുന്നതാണോ യഥാര്‍ത്ഥ കാരണമെന്നതിലാണ് പൊലീസിന് ഇപ്പോള്‍ കൂടുതല്‍ സംശയം. ഇയാളെ വീണ്ടും മനഃശാസ്ത്ര പരിശോധന അടക്കമുള്ളവയ്ക്ക് വിധേയമാക്കുമെന്നും പോലീസ് പറയുന്നു.

കേദല്‍ പറഞ്ഞതുപ്രകാരം തന്നെ അയാളുടെ ചില പ്രവര്‍ത്തികളാണ് കേദലിനുള്ളിലെ ക്രിമിനലിനെ കണ്ടുപിടിക്കാന്‍ പൊലീസിനു സഹായകമാകുന്നത്. കൂട്ടക്കൊലപാതകം നടത്തിയശേഷം കേദല്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങിയിരുന്നത് അഞ്ചുപേര്‍ക്കായി. മൂന്നുനേരവും അഞ്ചുപേര്‍ക്കായി ഭക്ഷണം വാങ്ങുമ്പോള്‍ പുറത്തുള്ളവര്‍ വീട്ടില്‍ ഇപ്പോഴും അഞ്ചുപേര്‍ ഉണ്ടെന്നു വിശ്വസിച്ചോളുമെന്നായിരുന്നു കേദല്‍ കണക്കു കൂട്ടിയത്. മനോനില തെറ്റിയ ഒരു വ്യക്തി ഇത്തരത്തില്‍ ആസൂത്രിതമായി കാര്യങ്ങള്‍ ചെയ്യുമോ എന്നും പൊലീസ് സ്വയം ചോദിക്കുന്നു. വെട്ടിക്കൊലപ്പെടുത്തിയശേഷം ഓരോരുത്തരുടെയും മൃതദേഹങ്ങള്‍ കൂട്ടമായി കത്തിക്കുകയായിരുന്നില്ല ചെയ്തത്, ഓരോരുത്തരുടേതായി കത്തിക്കുകയായിരുന്നു. ഇതിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചതും കേദലിലെ മനോരോഗിയേയല്ല ക്രിമിനലിനെയാണു കാണിക്കുന്നതെന്നു പൊലീസ് സംശയിക്കുന്നു. കേദലിനു മനോഗരമുള്ളതായി ബന്ധുക്കളില്‍ നിന്നും വിവരം കിട്ടിയിട്ടില്ല. ഈ രോഗത്തിന് ഇയാള്‍ ചികിത്സ തേടിയതായുള്ള വിവരവുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍