UPDATES

‘ഞങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ പലര്‍ക്കും തലയില്‍ മുണ്ടിടേണ്ടി വരും; സിപിഎമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇതല്ല; എസ്ഡിപിഐ നേതാവ് നസറുദ്ദീന്‍ എളമരം

കഴിഞ്ഞ ദിവസം കൊണ്ടോട്ടി ടാമറിന്റ് ഹോട്ടലില്‍ എസ്ഡിപിഐയുടേയും മുസ്ലിം ലീഗിന്റേയും നേതാക്കള്‍ ചര്‍ച്ച നടത്തിയതാണ് ഇപ്പോള്‍ തര്‍ക്ക വിഷയമായിരിക്കുന്നത്

തങ്ങളുടെ മാന്യത ഒരു ദൗര്‍ബല്യമായി കണക്കാക്കരുതെന്ന് മുന്‍ എസ്ഡിപിഐ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റുമായ നസറുദ്ദീന്‍ എളമരം. ‘ഞങ്ങള്‍ക്ക് ആവര്‍ത്തിച്ച് പറയാനുള്ളത് ഞങ്ങളുടെ മാന്യത ആരും ദൗര്‍ബല്യമായി കണക്കാക്കരുതെന്നാണ്. ഞങ്ങള്‍ പറയരുതെന്ന് തീരുമാനിച്ച് കാര്യങ്ങള്‍ പറയില്ല. പക്ഷെ ആരും പറയിപ്പിക്കരുത്. പറയാന്‍ തുടങ്ങിയാല്‍ പലര്‍ക്കും തലയില്‍ മുണ്ടിടേണ്ടി വരും.’ ലീഗ്-എസ്ഡിപിഐ കൂടിക്കാഴ്ചയില്‍ ആരോപണമുന്നയിക്കുന്ന സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് നസറുദ്ദീന്‍ എളമരം ഇക്കാര്യം വ്യക്തമാക്കിയത്. ലീഗ്-എസ്ഡിപിഐ നേതാക്കളുടെ കൂടിക്കാഴ്ച മുസ്ലിംലീഗിനും യുഡിഎഫിനും ഒരുപോലെ തലവേദനയായിരിക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആദ്യ വിവാദം കൊഴുക്കുമ്പോള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു നസറുദ്ദീന്‍ എളമരം

‘താല്‍ക്കാലിക ലാഭമാണ് എല്ലാവരുടേയും വിഷയം. രാഷ്ട്രീയ,സാമൂഹിക പ്രസ്ഥാനങ്ങള്‍ പരസ്പരം ചര്‍ച്ചകള്‍ നടക്കുക സ്വാഭാവികമാണ്. അത് മുമ്പും നടന്നിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഹിന്ദു വോട്ട് ബാങ്ക് തിരിച്ചിടാനുള്ള ശ്രമമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യം ചര്‍ച്ച ചെയ്യപ്പെടേണ്ട ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യാതെ താല്‍ക്കാലികമായ വികാരം ഉയര്‍ത്തി വോട്ട് നേടുക എന്നതാണ് അവരുടെ ലക്ഷ്യം. ആശയപരമായ പാപ്പരത്തം എന്നേ പറയാനുള്ളൂ. ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മോദി നടത്തുന്ന ജനവിരുദ്ധ ഭരണത്തിനെതിരെ, ഭരണ സംവിധാനത്തിനെതിരെ എന്ത് ചെയ്യാന്‍ പറ്റുമെന്ന് ആലോചിക്കേണ്ടതിന് പകരമാണ് ഇത്തരം വൈകാരികതകളിലേക്ക്, ഇക്കിളിപ്പെടുത്തുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധതിരിച്ചുകൊണ്ട് സിപിഎം തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. അതില്‍ നിന്ന് മാറി ക്രിയാത്മകമായ ഇടപെടലാണ് സിപിഎമ്മില്‍ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് പോലെ കുത്തഴിഞ്ഞ രാഷ്ട്രീയമല്ല സിപിഎമ്മിന്റേത്. കോണ്‍ഗ്രസ് കുത്തഴിഞ്ഞ പാര്‍ട്ടിയായതുകൊണ്ടാണ് മോദി ഭരണം പിടിച്ചത്. എന്നാല്‍ ആശയാടിത്തറയുള്ള ആദര്‍ശങ്ങളുള്ള സിപിഎമ്മിന് സമൂഹത്തോട് പറയാന്‍ മറ്റു പലതുമുണ്ട്. എന്നാല്‍ ആ പ്രത്യയശാസ്ത്രത്തിന് വലിയ അപചയം സംഭവിച്ചു എന്നതാണ് ലീഗും എസ്ഡിപിഐയും ചര്‍ച്ച നടത്തിയോ നടത്തിയില്ലേ തുടങ്ങിയ ചര്‍ച്ചകളിലേക്ക് വഴിതിരിരിച്ചുവിടുന്നതെല്ലാം കാണിക്കുന്നത്.

അഞ്ച് എംഎല്‍എമാരെ സ്ഥാനാര്‍ഥികളായി എടുക്കേണ്ടി വന്നു എന്നത് തന്നെ ആ പരാജയം കാണിക്കുന്നതാണ്. വ്യക്ത്യാധിഷ്ഠിതമായ ഇമേജ് മാത്രമാണ് സ്ഥാനാര്‍ഥികള്‍ക്കുള്ളതെന്നും അല്ലാതെ പാര്‍ട്ടി എന്ന നിലയില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യക്കുറവുമാണ് അത് തെളിയിക്കുന്നത്. ചര്‍ച്ചകള്‍ പലയിടത്തും നടക്കും. അപ്പുറത്തും ഇപ്പുറത്തും ചര്‍ച്ചകള്‍ നടക്കും.അവിടെ കണ്ടു ഇവിടെ കണ്ടു ചര്‍ച്ചകള്‍ നടത്തി എന്ന് പറയുന്നതിന് വലിയ പ്രാധാന്യമില്ല. യോജിക്കേണ്ട വിഷയത്തില്‍ ആരാണെങ്കിലും യോജിക്കും. പക്ഷെ ഒരു പൊതുവിടത്തില്‍ കണ്ട് ഏതെങ്കിലും കാര്യത്തിന് ധാരണയാക്കി എന്ന് പറയുന്നത് മറ്റ് പാര്‍ട്ടികളുടെ തകരാറായാണ് കാണുന്നത്. എസ്ഡിപിഐ ഉദ്ദേശിക്കുന്ന ആശയം ജനങ്ങളിലേക്കെത്തിക്കാന്‍ ആരുമായും അവര്‍ ചര്‍ച്ച നടത്തും. ഞങ്ങള്‍ വീണ്ടും പറയുന്നു ചിലതെല്ലാം ഞങ്ങളെക്കൊണ്ട് പറയിച്ചാല്‍ അവര്‍ക്കായിരിക്കും അത് പറയിക്കുന്നവര്‍ക്കായിരിക്കും അതിന്റെ നഷ്ടമുണ്ടാവുക.’

കഴിഞ്ഞ ദിവസം കൊണ്ടോട്ടി ടാമറിന്റ് ഹോട്ടലില്‍ എസ്ഡിപിഐയുടേയും മുസ്ലിം ലീഗിന്റേയും നേതാക്കള്‍ ചര്‍ച്ച നടത്തിയതാണ് ഇപ്പോള്‍ തര്‍ക്ക വിഷയമായിരിക്കുന്നത്. ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വ്യക്തമാക്കിയെങ്കിലും ചര്‍ച്ച നടന്നിരുന്നു എന്നാണ് എസ്ഡിപിഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍ ഈ കൂടിക്കാഴ്ച യുഡിഎഫ് തീരുമാനപ്രകാരമായിരുന്നു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മണ്ഡലാടിസ്ഥാനത്തില്‍ ചെറിയ നീക്കുപോക്കുകള്‍ മുന്നണിക്ക് സഹായകമാവുമെന്നാണ് വിലയിരുത്തല്‍. ഇതിനായി യുഡിഎഫിനെ സഹായിച്ചേക്കാവുന്ന സംഘടനകളുമായി ചര്‍ച്ച നടത്താന്‍ പി കെ കുഞ്ഞാലിക്കുട്ടിയെ നിയോഗിച്ചിരുന്നു എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അറിയാന്‍ കഴിയുന്നത്. കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി, നസറുദ്ദീന്‍ എളമരം എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. പൊന്നാനി, വയനാട്, വടകര, ചാലക്കുടി, കണ്ണൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മണ്ഡലങ്ങളിലുള്‍പ്പെടെ യുഡിഎഫിനെ സഹായിക്കണമെന്ന് എസ്ഡിപിഐയോട് ആവശ്യമുന്നയിച്ചതായാണ് വിവരം.

പൊന്നാനി മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്ന് മുസ്ലിംലീഗ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന് ആശങ്കയുണ്ട്. പൊന്നാനിയില്‍ കഴിഞ്ഞതവണ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ് സംഭവിച്ചതും ഇത്തവണ പി.വി. അന്‍വര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതും മണ്ഡലം കൈവിട്ടുപോകുമെന്ന യുഡിഎഫ് ഭയം വര്‍ധിപ്പിക്കുന്നു. ഇതാണ് കഴിഞ്ഞ തവണ മണ്ഡലത്തില്‍ 25,000ത്തിലധികം വോട്ട് നേടിയ എസ്ഡിപിഐയെ കൂടെക്കൂട്ടാന്‍ ആലോചന നടന്നതിന് പിന്നില്‍ എന്നാണ് അറിയുന്നത്. ചര്‍ച്ച നടന്നിട്ടില്ലെന്നും. യാദൃച്ഛികമായി കണ്ടപ്പോള്‍ സംസാരിച്ചതിനപ്പുറം രാഷ്ട്രീയ ചര്‍ച്ചകളുണ്ടായിട്ടില്ല എന്നാണ് ലീഗ് കൂടക്കാഴ്ചയെ വിശദീകരിച്ചത്. ലീഗ് വിവരിച്ചതിനപ്പുറം ഇതില്‍ മറ്റുകാര്യങ്ങളില്ല എന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. എന്നാല്‍ ഈ വിശദീകരണങ്ങള്‍ അണികളെ പോലും തൃപ്തരാക്കിയിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. അതേസമയം കൂടിക്കാഴ്ച എസ്ഡിപിഐ സ്ഥിരീകരിച്ചതോടെ ലീഗ് കൂടുതല്‍ പ്രതിസന്ധിയിലായി. കാലങ്ങളായി ഇരുമുന്നണികളും എസ്ഡിപിഐ രഹസ്യധാരണ പരസ്പരം ആരോപിക്കുന്നതാണ്. എന്നാല്‍ ഈ നീക്കം തെളിവടക്കം പുറത്ത് വരുന്നത് ഇതാദ്യമായാണ്. കൂടിക്കാഴ്ച രാഷ്ട്രീയ പ്രചരണായുധമായി ഉപയോഗിക്കാനാണ് സിപിഎം ഒരുങ്ങുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍