UPDATES

മണ്ണും മനുഷ്യനും ബാക്കിയുണ്ടാകുമോ? ഒരു നാടിനെ ഇല്ലാതാക്കി; ഇനി മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തയ്യാറെടുക്കുന്നവരോടാണ് ചോദ്യം

ബ്രഹ്മപുരത്ത് ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ ആശങ്ക വേണ്ടെന്നും ഇപ്പോള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന അതേ അളവില്‍ തന്നെയാകും പുതിയ പ്ലാന്റ് വന്നാലും നിക്ഷേപമെന്ന് നഗരസഭ

വായുവും മണ്ണും ജലവും മലിനപ്പെടുത്തി ജീവിതം നരകതുല്യമാക്കി തീര്‍ത്ത മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരേ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിലാണ് ബ്രഹ്മപുരത്തെ ജനങ്ങള്‍. എന്നാല്‍ ഈ ജനകീയ പ്രതിഷേധം വകവയ്ക്കാതെ, അവരുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള പുതിയ പദ്ധതിയുമായി അധികൃതര്‍ മുന്നോട്ടു നീങ്ങുന്നതാണ് ബ്രഹ്മപുരത്തെ ജനങ്ങളെ ഇപ്പോള്‍ കൂടുതല്‍ ഭയപ്പെടുത്തുന്നത്.

ബ്രഹ്മപുരം മാലിന്യസംസ്‌കാര പ്ലാന്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കൊച്ചി നഗരസഭയുടെ നീക്കമാണ് ഇപ്പോള്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. വൈദ്യുതിയുത്പാദനം കൂടി ലക്ഷ്യമിട്ട് നിലവിലെ പ്ലാന്റിനെ കൂടുതല്‍ ആധുനികവത്കരിക്കാനൊരുങ്ങുകയാണ് നഗരസഭാ. ഇതോടെ എറണാകുളം ജില്ലയ്ക്ക് പുറത്തു നിന്നുകൂടി മാലിന്യങ്ങള്‍ ഇങ്ങോട്ട് കൊണ്ടുവരും. 2008-ല്‍ സ്ഥാപിച്ച നിലവിലെ പ്ലാന്റ് തന്നെ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ട് നാടാകെ മാലിന്യത്തിന്റെ തിക്തഫലം അനുഭവിക്കുകയാണ്. അതിന്റെ കൂടെയാണ് പുറം ജില്ലകളില്‍ നിന്നുകൂടി മാലിന്യങ്ങള്‍ ഇങ്ങോട്ട് കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഇപ്പോള്‍ അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ ദുരിതങ്ങളായിരിക്കും തങ്ങള്‍ക്ക് നേരിടേണ്ടി വരികയെന്നാണ് ജനങ്ങള്‍ പറയുന്നത്.

നിലവില്‍ ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണ പ്ലാന്റില്‍ 175 ടണ്‍ മുതല്‍ 225 ടണ്‍വരെ മാലിന്യമാണ് ദിനംപ്രതി തള്ളുന്നത്. അങ്കമാലി, കളമശേരി, ആലുവ, തൃക്കാക്കര, തൃപ്പൂണിത്തുറ നഗരസഭകളില്‍നിന്നും ചേരാനല്ലൂര്‍, വടവുകോട്, പുത്തന്‍കുരിശ് എന്നീ പഞ്ചായത്തുകളില്‍നിന്നും ദിവസേന മാലിന്യ ലോഡുകള്‍ എത്തുന്നുണ്ട്. പുതിയ പ്ലാന്റ് വരുന്നതോടെ കൊച്ചി നഗരസഭ മാത്രം ദിനപ്രതി 300 ടണ്‍ മാലിന്യങ്ങള്‍ നല്‍കണമെന്നാണ് നിബന്ധന. ഇങ്ങനെ വരുമ്പോള്‍ ബ്രഹ്മപുരത്തേക്ക് നിലവില്‍ വരുന്നതിന്റെ ഇരട്ടി മാലിന്യങ്ങള്‍ എത്തും. ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റ് വരുന്നതോടെ കൊച്ചി ഉള്‍പ്പെടെയുള്ള നഗരസഭകള്‍ക്ക് ആശ്വാസമായിരിക്കാം, പക്ഷേ, തങ്ങളുടെ ജീവിതം നരകതുല്യമാകുമെന്നാണ് ബ്രഹ്മപുരം നിവാസികള്‍ ആശങ്ക പങ്കുവയ്ക്കുന്നത്.

"</p

നാടിനും ജനങ്ങള്‍ക്കും ഒരുപോലെ വെല്ലുവിളിയുയര്‍ത്തുകയാണ് നിലവിലെ മാലിന്യസംസ്‌കാരണ പ്ലാന്റ്. 2008-ല്‍ സ്ഥാപിച്ച ഈ പ്ലാന്റിനെതിരെ കഴിഞ്ഞ പത്തു വര്‍ഷമായി ഇവിടുത്തുകാര്‍ നിയമപോരാട്ടം അടക്കം നടത്തിവരികയാണ്. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത പ്ലാന്റില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നത് ജനങ്ങളുടെ ജീവന് വലിയ ഭീഷണിയാണ്. ഇത് ഗൗരവത്തില്‍ എടുക്കാതെയാണ് ഇപ്പോള്‍ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതി മുന്നോട്ടു വെച്ചിരിക്കുന്നതെന്നാണ് പരാതി.

പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളാണ്, വെള്ളം എല്ലാം മലിനമാവുന്നു, ജീവിക്കാന്‍ തന്നെ രക്ഷയില്ലാത്ത അവസ്ഥയിലാണ് നിലവില്‍ തങ്ങള്‍. അതിന്റെ രൂക്ഷത കൂട്ടാനാണ് അധികാരികളുടെ പുതിയ പുറപ്പാട് എന്നാണ് ബ്രഹ്മപുരം നിവാസികള്‍ പറയുന്നത്. സമരം ചെയ്തും, നിയമസഹായം തേടിയും ഒരുപാട് ശ്രമിച്ചു നോക്കി. പക്ഷേ, തങ്ങള്‍ക്ക് തോല്‍ക്കാനാണ് വിധി; അവര്‍ ദൈന്യതയോടെ പറയുന്നു.

“മാറാവ്യാധികള്‍ക്കു നടുവിലാണ് ഇവിടുത്തെ മനുഷ്യര്‍ ജീവിക്കുന്നത്. ജീവനു തന്നെ ഭീഷണിയായേക്കാവുന്ന സാഹചര്യങ്ങള്‍ക്ക് നടുവിലാണെങ്കിലും ഗതികേടുകൊണ്ട് മൂലം ഇവിടെ തന്നെ ജീവിക്കേണ്ടി വരികയാണ്. മാലിന്യ സംസ്‌കരണ പ്ലാന്റ് വരുന്നതിനെതിരെ കഴിയുന്ന രീതിയിലൊക്കെ ഞങ്ങള്‍ പ്രതിഷേധിച്ചിരുന്നു. പക്ഷെ ഒന്നിനും ഫലമുണ്ടായില്ല. സര്‍ക്കാര്‍ എന്താണോ തീരുമാനിച്ചത്. അവര്‍ അത് നടപ്പാക്കി. ഇന്ന് ഞങ്ങളുടെ വീടുകളില്‍ പല തരത്തിലുള്ള കൊതുകുകളും, തടിയന്‍ ഈച്ചകളുമാണ് നിറഞ്ഞിരിക്കുന്നത്. രോഗം പരത്തുന്ന ഇവയെ നിയന്ത്രിക്കുന്നതിന് ഒരിടത്തു നിന്നും യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. ഞങ്ങളെ കൊന്നുകളയുന്ന ഈ മാലിന്യസംസ്‌കരണ പ്ലാന്റ് ഇവിടെ നിന്നു മാറ്റിയാലെ എല്ലാത്തിനും പരിഹാരമാകൂ. കുടിവെള്ളത്തിന് കിണറുണ്ടെങ്കിലും പൈപ്പ് വെള്ളത്തെയാണ് ഞങ്ങള്‍ ആശ്രയിക്കുന്നത്. കാരണം, കിണറുകള്‍ എല്ലാം മലിനമാണ്. പൈപ്പ് കണക്ഷന്‍ ഇല്ലാത്ത വീട്ടുകാര്‍ കിണറ്റിലെ വെള്ളം പലകുറി തിളപ്പിച്ചതിന് ശേഷമാണ് ഉപയോഗിക്കുന്നത്. കുഞ്ഞു കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന ഞങ്ങളുടെ വീടുകളില്‍ മാറാരോഗങ്ങള്‍ പിടിപ്പെട്ടാല്‍ എല്ലാം നഷ്ടപ്പെടുന്നത് ഞങ്ങള്‍ക്ക് മാത്രമാണ്; ബ്രഹ്മപുരം പ്ലാന്റിന്റെ സമീപം താമസിക്കുന്ന മണി അഴിമുഖത്തോട് പറയുന്നു.

"</p

“കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഉള്‍പ്പെടെ ആസ്തമ, കാന്‍സര്‍, വീട്ടുമാറാത്ത ചുമ, മലേറിയ, മഞ്ഞപ്പിത്തം എന്നിവ പകര്‍ന്നത് വിഷമയമായ ഇവിടുത്തെ പ്രകൃതിയില്‍ നിന്നാണ്. ചില സമയങ്ങളില്‍ പ്ലാന്റില്‍ നിന്ന് പുറത്തുവരുന്നത് അതിഭീകരമായ ദുര്‍ഗന്ധമാണ്. വീടിനകത്ത് പോലും നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഞങ്ങള്‍ സാധാരണക്കാരാണ് ഇവിടെ ഏറെയും താമസിക്കുന്നത്. ഞങ്ങളുടെ ഉപജീവന മാര്‍ഗങ്ങളായ കൃഷി, മത്സ്യബന്ധനം, കാലി വളര്‍ത്തല്‍ എന്നിവയെ തകര്‍ക്കുകയാണ് ഈ നാശം പിടിച്ച പ്ലാന്റ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയ്ക്കു മുന്നിലൂടെ ദിവസേന നൂറുകണക്കിന് ലോറികളില്‍ മാലിന്യം കൊണ്ടു പോകുന്നുണ്ട്. ദുര്‍ഗന്ധം ഒഴിഞ്ഞ നേരമില്ല. കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയാണ് കണക്കിലാതെ ഇങ്ങോട്ടേക്കെത്തുന്നത്. ശരിക്കും മൂടിക്കെട്ടിയൊന്നുമല്ല ലോറികളില്‍ മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടു പോകുന്നത്. ലോറികളില്‍ നിന്നും റോഡിലേക്ക് മാലിന്യങ്ങള്‍ വീഴുന്നത് പതിവാണ്. ഇതു മുതലാക്കി ചിലര്‍ അവരവരുടെ വാഹനങ്ങളില്‍ കൊണ്ടുവന്ന് മാലിന്യങ്ങള്‍ ഈക്കൂട്ടത്തില്‍ തള്ളിയിട്ടു പോകും. വഴിയരികില്‍ മാലിന്യങ്ങള്‍ ഇങ്ങനെ കുമിഞ്ഞു കൂടുന്നതുകൊണ്ട് തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. മാലിന്യങ്ങള്‍കാരണവും പട്ടികള്‍ കാരണവും വഴി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കും ഉള്‍പ്പെടെ കാന്‍സര്‍, ആസ്തമ, വിട്ടുമാറാത്ത ചുമ, മഞ്ഞപ്പിത്തം എന്നിവയുടെ ഇരകളായി മാറുകയാണ്. പാവപ്പെട്ടവരോട് എന്തും ആകാമെന്നതുകൊണ്ടല്ലേ ഈ പ്ലാന്റ് ഇവിടെ സ്ഥാപിച്ചതും ഞങ്ങള്‍ അതിന്റെ ഫലം അനുഭവിക്കുന്നതും”, കൂലിപ്പണിക്കാരിയായ മണി എന്ന സ്ത്രീ ചോദിക്കുന്നു.

ബ്രഹ്മപുരത്ത് കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരേ ഒരു പതിറ്റാണ്ടോളമായി നിയമപോരാട്ടം നടത്തുന്ന വടവുകോട് പുത്തന്‍കുരിശ് രണ്ടാം വര്‍ഡ് മെമ്പറും പൊതുപ്രവര്‍ത്തകനുമായ അബ്ദുള്‍ ബഷീര്‍ ബ്രഹ്മപുരത്തെ നാടിന് ഭീഷണിയാകുന്ന മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട് പറയാനുള്ളത് ഇക്കാര്യങ്ങളാണ്; “1985 വരെ വളരെ സജീവമായി കൃഷി ചെയ്തിരുന്ന കടമ്പ്രയാറിനോട് ചേര്‍ന്നുള്ള പ്രദേശമായിരുന്നു ഇപ്പോള്‍ മാലിന്യപ്ലാന്റ് പ്രവര്‍ത്തിക്കുന്ന സ്ഥലം. പ്ലാന്റ് സ്ഥിതി ചെയ്യുന്ന 102 ഏക്കര്‍ സ്ഥലത്തെ 86 ഏക്കറും കൃഷി നിലങ്ങള്‍ (കരിനിലങ്ങള്‍) ആയിരുന്നു. അവശേഷിക്കുന്ന സ്ഥലം മാത്രമാണ് കരഭൂമിയായി ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് തന്നെ പ്ലാന്റ് വന്നത് ഇവിടുത്തെ ജനത്തിന്റെ ഉപജീവനത്തെ കാര്യമായി ബാധിച്ചു എന്ന് തന്നെ ബോധ്യമാകും. 2006-ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയാണ് പ്ലാന്റിന് തറക്കല്ലിട്ടത്. പ്ലാന്റ് വരുന്നുവെന്നറിഞ്ഞതോടെ പ്രദേശ നിവാസികള്‍ വലിയ പ്രതിഷേധങ്ങള്‍ നടത്തിയെങ്കിലും ഒന്നിനും ഫലമില്ലാതെയായി. തറക്കല്ലിടല്‍ സമയത്ത് പഞ്ചായത്ത് മെംബര്‍ ആയിരുന്ന എന്നെ ആശംസ അറിയിക്കാന്‍ ക്ഷണിച്ചപ്പോള്‍ ആശംസ പ്രസംഗത്തിന് പകരം സര്‍ക്കാരിനെ നാട്ടുകാരുടെ ആശങ്കയാണ് അറിയിച്ചത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പ്രദേശവാസികള്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാതെ 2007-ല്‍ പ്ലാന്റിന് പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുമതി നല്‍കി. പുഴയോട് ചേര്‍ന്ന് പ്ലാന്റ് സ്ഥിതി ചെയ്യുന്നതിനാല്‍ പുഴയിലേക്ക് മലിനജലം ഒഴുകാതിരിക്കാന്‍ സുരക്ഷാ ഭിത്തികെട്ടിയാണ് അനുമതി നേടിയത്. 2008 മാര്‍ച്ചില്‍ പ്ലാന്റ് ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ തന്നെ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന സെപറേറ്റര്‍ പണിമുടക്കിയിരുന്നു. തുടര്‍ന്ന് ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിച്ച പ്ലാന്റിലേക്ക് ജൈവമാലിന്യത്തോടൊപ്പം പ്ലാസ്റ്റിക് മാലിന്യം, ആശുപത്രി മാലിന്യങ്ങള്‍, എന്ന് വേണ്ട മാരക രോഗങ്ങള്‍ പരത്തുന്ന തരം മാലിന്യങ്ങളും എത്താന്‍ തുടങ്ങി.

"</p

പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, 2009 ല്‍, പ്ലാന്റ് മണ്ണിലേക്ക് ഇരുന്നു പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഇതിനെ തുടര്‍ന്ന് മാലിന്യം കുമിഞ്ഞു കൂടിയതോടെ ഞങ്ങള്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. തുടര്‍ന്ന് സമീപത്തെ ഫാക്ട് കോമ്പൗണ്ടിലേക്ക് പ്ലാന്റ് മാറ്റിയെങ്കിലും പ്രതിഷേധങ്ങള്‍ക്ക് അയവു വന്നില്ല. ഞങ്ങള്‍ പ്ലാന്റിനെതിരെ കോടതിയെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. ഇന്നും പ്ലാന്‍ിനെതിരെ ഗ്രീന്‍ ട്രൈബ്യൂണലില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.

പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനെതിരെ പ്രതിഷേധം നടത്തിയതന്റെ പേരില്‍ ഞങ്ങളില്‍ പലര്‍ക്കെതിരേയും 13-ഓളം ക്രിമിനല്‍ കേസുകളാണ് ഉണ്ടായത്. പ്ലാന്റിലേക്കെത്തിയ കക്കൂസ് മാലിന്യം തടഞ്ഞതിനെതിരെ എനിക്കെതിരെ ഒരു കേസ് കോടതിയില്‍ നിലനില്‍ക്കുന്നു. മാലിന്യ പ്ലാന്‍ിനെതിരെ നല്‍കിയിരിക്കുന്ന കേസിന്റെ ചിലവിലേക്ക് 25,000 രൂപയോളം മാസാമാസം ചിലവിടേണ്ട അവസ്ഥയാണ്.

മാലിന്യം വളമാക്കി മാറ്റുന്ന പ്രക്രിയയാണ് പ്ലാന്റില്‍ നടക്കുന്നത്. 45 ദിവസത്തോളം മാലിന്യങ്ങള്‍ കിടന്ന് അത് ഉണങ്ങിയ ശേഷമാണ് പ്രോസസിംഗ് നടത്തുന്നത്. പോരാത്തതിന് ശേഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം അവിടെ വെച്ച് തന്നെ കത്തിക്കും. പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ സമീപത്തു നിന്നും 54 ഓളം കുടുംബങ്ങളെയാണ് ഒഴിച്ചിച്ചത്. പ്ലാസ്റ്റിക് കത്തിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ശ്വാസംമുട്ടലനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ ജനങ്ങളെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് മറ്റിയിരുന്നു.

ഇത്തരം സാഹചര്യങ്ങളാണ് ഇവിടെ നിലനില്‍ക്കുന്നതെന്നതുകൊണ്ട് തന്നെ മാലിന്യത്തിലൂടെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പുതിയ പദ്ധതി വരുന്നത് ഞങ്ങള്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയുള്ളു. പുതിയ പദ്ധതി വരുന്നതോടെ മാലിന്യങ്ങള്‍ കൊണ്ടു വരുന്നത് വര്‍ദ്ധിക്കും. പൊതു-സ്വകാര്യ പങ്കാളിത്തതോടെയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. യൂണിറ്റിന് 15 രൂപ നിരക്കിലാണ് വൈദ്യുതി വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ നിരക്കില്‍ വ്യവസായശാലകള്‍ പോലും വൈദ്യുതി വാങ്ങില്ല. പദ്ധതി വിജയിക്കുമോ എന്നുപോലും സംശയമില്ല. അഥവ വിജയിച്ചില്ലെങ്കിലും കൂടുതല്‍ കൂടുതല്‍ മാലിന്യങ്ങള്‍ ഇങ്ങോട്ട് കൊണ്ടുവരുന്നത് തുടരും. എല്ലാത്തിനും ബലിയാടാകേണ്ടി വരുന്നത് ഞങ്ങള്‍ നാട്ടുകാരും”, അബ്ദുള്‍ ബഷീര്‍ പറയുന്നു.

"</p

പുഴകളും കിണറുകളും മലിനം; കുടിവെള്ളംപോലും മുട്ടി ജനങ്ങള്‍

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍ിന്റെ പ്രവര്‍ത്തനം പുഴകളും കിണറുകളും മലിനപ്പെടുത്തുന്നതോടെ തങ്ങളുടെ കുടിവെള്ളം പോലും മുട്ടിയിരിക്കുകയാണെന്നാണ് ബ്രഹ്മപുരം നിവാസികളുടെ പരാതി. ഇവിടുത്തെ പ്രധാന ജലസ്രോതസ്സായ കടമ്പ്രയാറിനൊപ്പം സമീപത്തെ ചിത്രപ്പുഴ, മനക്കപ്പുഴ എന്നിവയെയും മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം മലിനപ്പെടുത്തിയിരിക്കുകയാണെന്നു ജനങ്ങള്‍ പറയുന്നു. 72 ശതമാനം ജലാംശമുള്ള മാലിന്യം പുഴയുടെ തീരത്ത് കുന്നുകൂട്ടിയിടുമ്പോള്‍ വെള്ളത്തോടൊപ്പമുള്ള മാലിന്യം പുഴയിലേക്ക് ഒഴുകുന്നു. 45 ദിവസത്തിലധികം കൂട്ടിയിടുന്ന ഈ മാലിന്യം പുഴയിലൂടെ ഒഴുകി മറ്റ് കുടിവെള്ള സ്രോതസ്സുകളിലും എത്തിച്ചേരുന്നതായി നാട്ടുകാര്‍ പറയുന്നു. മഴക്കാലത്ത് പ്രദേശത്ത് രോഗങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ദുര്‍ഗന്ധം മൂലം വീടിനുള്ളില്‍ പോലും കഴിയാന്‍ പറ്റുന്നില്ല. ദേഹാസ്വാസ്ഥ്യമടക്കം പലതരം അസുഖങ്ങളാണ് ഓരോരുത്തര്‍ക്കും. കിണര്‍ വെള്ളം പോലും വിശ്വസിച്ച് കുടിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇപ്പോള്‍ തന്നെ തങ്ങളുടെ ഉപജീവന മാര്‍ഗങ്ങളായ കന്നുകാലി വളര്‍ത്തല്‍, കൃഷി, എല്ലാം ഇല്ലാതായിരിക്കുന്നു. മൂക്കുപൊത്താതെ റോഡില്‍ കൂടി നടക്കാന്‍ കഴിയില്ല; ജനങ്ങളുടെ പരാതികള്‍ ഇങ്ങനെ നീളുകയാണ്.

"</p

മാലിന്യ കൂമ്പാരത്തിനു നടുവില്‍ താമസിക്കുന്നത് നൂറോളം ഇതരസംസ്ഥാനക്കാര്‍

ബ്രഹ്മപുരം പ്ലാന്റില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ കുടുംബമായി താമസിക്കുന്നത് ഈ മാലിന്യ കൂമ്പാരത്തിനു നടുവിലാണ്. ലോറികളില്‍ വിവിധ ഇടങ്ങളില്‍ നിന്ന് കയറ്റി വരുന്ന മാലിന്യത്തില്‍ നിന്നും പ്ലാസ്റ്റിക് വേര്‍തിരിച്ചെടുക്കുന്ന ജോലിയാണ് ഇവരുടേത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ തൊഴിലെടുക്കുന്ന ഇവര്‍ അന്തിയുറങ്ങുന്നതും ഇതിനു നടുവില്‍ തന്നെയാണെന്നുള്ളതാണ് പേടിപ്പെടുത്തുന്ന മറ്റൊരു കാര്യം. നൂറോളം തൊഴിലാളികളാണ് രണ്ട് കോണ്‍ട്രാക്ടര്‍മാരുടെ കീഴില്‍ ഇവിടെ തൊഴിലെടുക്കുന്നത്. കുട്ടികളുമൊത്ത് മാലിന്യ പ്ലാന്റിനോട് ചേര്‍ന്നുള്ള വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്. കാലപ്പഴക്കം കൊണ്ട് ഏപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാവുന്നതും ചോര്‍ന്നൊലിക്കുന്നതുമായ വീടുകളിലാണ് താമസം. ചുറ്റുപാടുകളാകട്ടെ വൃത്തിഹീനവും. തങ്ങളുടെ ഉപജീവനം നിലയ്ക്കുമെന്നതിനാല്‍ ഇവര്‍ എല്ലാം സഹിച്ച്, ആരോടും പരാതി പറയാതെ കഴിയുന്നു. പ്ലാന്റിനോട് ചേര്‍ന്നുള്ള പുഴയെയും കിണറുകളെയുമാണ് ഇവര്‍ വെള്ളത്തിനായി ആശ്രയിക്കുന്നത്. ഇവര്‍ക്ക് കുടിക്കുന്നതിനായി പുറത്തു നിന്ന് വെള്ളം എത്തിക്കുന്നുണ്ടെങ്കിലും അത് പേരിന് മാത്രമാണെന്ന് അവര്‍ തന്നെ രഹസ്യമായി പറയുന്നു. ഇത്തരമൊരു ചുറ്റുപാടില്‍ ജീവിക്കേണ്ടി വരുന്ന ഇവരെ മാരക രോഗങ്ങളാണ് കാത്തിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയാത്തതല്ല, അവരതിനെ ഗൗരവത്തില്‍ കാണാഞ്ഞിട്ടാണ്.

"</p

കൂടുതല്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കില്ലെന്ന് നഗരസഭ

ബ്രഹ്മപുരത്ത് ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇപ്പോള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന അതേ അളവില്‍ തന്നെയാകും പുതിയ പ്ലാന്റ് വന്നാലും നിക്ഷേപിക്കുകയെന്നും, ഇപ്പോഴത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കത്തക്ക വിധം കൂടുതല്‍ കൃത്യതയോടെ പ്ലാന്റിന്റെ പ്രവര്‍ത്തനം നടത്തുവാനാണ് നഗരസഭ ശ്രമിക്കുന്നതെന്നും കൊച്ചി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. വി.കെ മിനിമോള്‍ അഴിമുഖത്തോട് പറഞ്ഞു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍