UPDATES

കേരള നക്സലിസത്തെ ഭരിച്ചത് സവര്‍ണ്ണ ബോധം: സംസ്ഥാനത്തെ ഏക നക്‌സല്‍ തടവുകാരന്‍ ജോസഫ് സംസാരിക്കുന്നു

ചെറുപ്പത്തിലേ തലച്ചോറില്‍ കൂടുകൂട്ടിയ കമ്മ്യൂണിസത്തെ മായ്ക്കാന്‍ ഭരണകൂടത്തിനോ, ജയിലഴികള്‍ക്കോ, പ്രായത്തിനോ കഴിഞ്ഞിട്ടില്ല

ഇന്നേവരെ ജയിലഴിയ്ക്കുള്ളിലൂടെ മാത്രം കണ്ടിട്ടുള്ള ജോയച്ഛനെ സ്വന്തമായി കയ്യില്‍ കിട്ടിയ സന്തോഷത്തിലാണ് ഒമ്പത് മാസക്കാരന്‍ മാനവ്. ജോയച്ഛനെ കാണാനും സ്‌നേഹാന്വേഷണങ്ങള്‍ അറിയിക്കാനുമായെത്തുന്നവര്‍ക്ക് മുത്തശ്ശനെ മുഴുവനായും വിട്ടുകൊടുക്കാന്‍ അവന്‍ ഒരുക്കവുമല്ല. ‘മചിന്ത’യില്‍ ഇപ്പോള്‍ ആഘോഷം നടക്കുകയാണ്. 30 ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന ആഘോഷം. ‘മചിന്ത’യ്ക്ക് പരിചിതമല്ലാത്ത ഒരു ‘വിരുന്നുകാരന്‍’ നിനച്ചിരിക്കാതെ ഇവിടെയെത്തിയിരിക്കുന്നു. മാനവിന്റെ ആദ്യ വിഷുവും ഈസ്റ്ററും ആഘോഷിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരുന്ന ‘മചിന്ത’ എന്ന വീട്ടിലേക്ക് ആഘോഷത്തിന് ഇരട്ടിമധുരവുമായാണ് ജോയച്ഛന്റെ വരവ്. ജോയച്ഛന്‍ എന്ന് വീട്ടുകാര്‍ വിളിയ്ക്കുന്ന ജസ്റ്റിന്‍ ജോയി എന്ന് നാട്ടുകാരും വിളിയ്ക്കുന്ന കളപ്പുര ചേലാട്ട് വീട്ടീല്‍ ജോസഫ് എന്ന ജോയി. കേരളത്തിലെ ജയിലുകളില്‍ അവശേഷിക്കുന്ന ഏക നക്‌സലൈറ്റ് തടവുകാരന്‍. ആറര വര്‍ഷത്തെ പുറം ലോകം കാണാതെയുള്ള ജയില്‍ ജീവിതത്തിനിടയ്ക്ക് വീണുകിട്ടിയതാണ് 30 ദിവസത്തെ പരോള്‍. സര്‍ക്കാര്‍ ‘കനിഞ്ഞ്’ നല്‍കിയ പരോളിന്റെ ആനുകൂല്യത്തില്‍, കളഞ്ഞുപോയ സന്തോഷങ്ങളെ തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ് ജോസഫും ഭാര്യ പൊന്നമ്മയും മൂന്ന് പെണ്‍മക്കളും. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊന്നമ്മയും മക്കളും പടുത്തുയര്‍ത്തിയ മചിന്തയെന്ന വീട് ആദ്യമായാണ് ജോയി കാണുന്നത്.

സോമരാജന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിയ്ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ജോസഫ്, കുടുംബം, സമൂഹം, രാഷ്ട്രീയം, ജയില്‍ എന്നിവയെല്ലാം ഉള്‍ച്ചേര്‍ന്ന തന്റെ ജീവിതം പറയുകയാണ്.

കാത്തിരുന്ന് കിട്ടിയ പരോള്‍

1980ലാണ് ആലപ്പുഴയിലെ കയര്‍ ഫാക്ടറി മുതലാളിയായ സോമരാജന്‍ കൊല്ലപ്പെടുന്നത്. ഉന്മൂലനസമര സിദ്ധാന്തമുയര്‍ത്തിപ്പിടിച്ച നക്‌സലൈറ്റ് കൊലപാതകമായിരുന്നു അത്. കൊലപാതകത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ 28 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു. അതില്‍ ഏറെയും നിരപരാധികളായിരുന്നു. നക്‌സലൈറ്റ് പ്രസ്ഥാനത്തോട് അനുഭാവം പ്രകടിപ്പിച്ച ചെറുപ്പക്കാരും, അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നോട്ടപ്പുള്ളികളായിരുന്നവരും പോലീസ് പട്ടികയില്‍ പ്രതിചേര്‍ക്കപ്പെട്ടു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുതല്‍ തീര്‍ഥാടനത്തിന് പോയ ചെറുപ്പക്കാര്‍ വരെയുണ്ടായിരുന്നു ഇക്കൂട്ടത്തില്‍.

പി.എം.ആന്റണിയുടെ നേതൃത്വത്തിലുള്ള ജനകീയ കലാ സാംസ്‌കാരിക വേദിയുടെ നാടക നടനും വിപ്ലവ പ്രസ്ഥാനത്തിന്റെ സഹചാരിയുമായിരുന്ന ജസ്റ്റിന്‍ ജോയിയും ഇതില്‍ ഉള്‍പ്പെട്ടു. തെളിവില്ലാത്തതിനാല്‍ സെഷന്‍സ് കോടതി ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയ ജോസഫിനെ ഹൈക്കോടതി19-ാം പ്രതിയാക്കി. 1989ല്‍ കേസിലെ പ്രതികളെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ അപൂര്‍വം കോടതിവിധിയായിരുന്നു അത്. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ജോസഫിന് ആദ്യ പരോള്‍ അനുവദിച്ചു. എന്നാല്‍ ജോസഫ് തിരികെ പോയില്ല. ഒളിവില്‍ പോയതുമില്ല. വീട്ടില്‍ തന്നെ തന്റെ ഭാര്യ പൊന്നമ്മയോടും അന്ന് ഒന്നര മാസം മാത്രം പ്രായമുള്ള മൂത്ത മകള്‍ മഞ്ജുവിനുമൊപ്പം വീട്ടില്‍ തന്നെ കഴിഞ്ഞു. ‘അന്ന് തിരികെ പോവാതിരുന്നതിന് പല കാരണങ്ങളായിരുന്നു. ഒന്ന് വീട്, കുടുംബം. തന്നെ ആശ്രയിച്ച് മാത്രം കഴിഞ്ഞിരുന്ന ഭാര്യയും കൈക്കുഞ്ഞും- അവരെ വിട്ടിട്ട് പോവാന്‍ മനസ്സി വന്നില്ല. രണ്ട്, സമൂഹം നന്നായാലേ എന്റെ കുടുംബവും നിലനില്‍ക്കൂ എന്ന ഉത്തമ ബോധ്യം എനിക്കുണ്ടായിരുന്നു. സമൂഹ്യ നവീകരണത്തിനായി യത്‌നിക്കാനുള്ളതാണ് എന്റെ ജീവനും ജീവിതവും; അല്ലാതെ ജയിലില്‍ ശിക്ഷ അനുഭവിച്ച് തീര്‍ക്കാനുള്ളതല്ല എന്ന ബോധ്യത്തില്‍ നിന്നാണ് തിരികെ പോവേണ്ട എന്ന തീരുമാനത്തിന് കനം വയ്ക്കുന്നത്. അതുകൊണ്ട് പോയില്ല. ഞാന്‍ വീട്ടിലുണ്ടെന്ന് ഇവിടുത്തെ പോലീസുകാര്‍ക്കുമറിയാം. ആരും എന്നെ തിരക്കി വന്നതുമില്ല. പത്ത് വര്‍ഷങ്ങള്‍ ഒന്നും സംഭവിക്കാതെ കടന്നു പോയി. പിന്നീട് 2010-ലാണ് പെട്ടെന്നൊരു ദിവസം വീട്ടിലേക്ക് പോലീസുകാര്‍ കയറി വന്ന് എന്നെ പിടിച്ചുകൊണ്ട് പോവുന്നത്’.

ജോസഫ് പുറത്ത് നിന്ന കാലയളവില്‍ ശിക്ഷ പൂര്‍ത്തിയാക്കി കൂട്ടുപ്രതികളെല്ലാം ജയിലില്‍ നിന്ന് പുറത്തിറങ്ങി. ജയില്‍ വാസത്തിനിടെ രണ്ടുപേര്‍ മരിയ്ക്കുകയും ചെയ്തു. ആരോഗ്യപരമായി വളരെ മോശം അവസ്ഥയിലാണ് വീണ്ടും ജയില്‍ വാസം തുടങ്ങുന്നത്. 2010 നവംബര്‍ 11ന്. ആ സമയത്താണ് ജോസഫിനെ തിരികെ ജയിലിലാക്കുന്നത്. പരോളിന് അപേക്ഷിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് വീണ്ടും ജയില്‍ വാസം തുടങ്ങുന്നത്. ശിക്ഷാകാലയളവില്‍ സര്‍ക്കാരിന്റെ കണ്ണുവെട്ടിച്ച് പുറത്തു നിന്ന അത്രയും നാള്‍ ജയിലില്‍ കഴിഞ്ഞതിന് ശേഷം മാത്രമേ അടുത്ത പരോള്‍ അനുവദിക്കൂ എന്നാണ് മാനദണ്ഡം. അങ്ങനെ ആറര വര്‍ഷം കടന്നു പോയി. ‘ഇതിനിടെ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ജയില്‍ ഉപദേശക സമിതി തയ്യാറാക്കിയ പരോള്‍ ലിസ്റ്റില്‍ ജോയിയേയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആ ലിസ്റ്റ് പാസ്സാകുന്നതിന് മുമ്പ് തിരഞ്ഞെടുപ്പെത്തുകയും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തു. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പ് പഴയ ജയില്‍ ഉപദേശക സമിതിയെ പിരിച്ചുവിട്ട് പുതിയ സമിതിയെ തിരഞ്ഞെടുത്തു. പുതിയ ലിസ്റ്റിലും ജോയി ഉള്‍പ്പെട്ടു. അങ്ങനെയാണ് മുപ്പത് ദിവസത്തെ പരോള്‍ കിട്ടുന്നത്. ഇനി നിയമപ്രകാരം രണ്ടരമാസം കഴിയുമ്പോള്‍ 15 ദിവസത്തെ പരോള്‍ ലഭിക്കും.

ജയിലിനകത്തെ ജയിലും കണ്ടു

‘ജയിലിനകത്തൊരു ജയിലുണ്ട് എന്ന് പണ്ടൊരിക്കല്‍ ഇ.കെ.നായനാര്‍ പറഞ്ഞതോര്‍ക്കുന്നു. അത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട് അല്ലെങ്കില്‍ അനുഭവിച്ചിട്ടുണ്ട്. 2010ല്‍ എന്നെ വീണ്ടും തുറങ്കലില്‍ അടച്ച സമയത്താണ്. ജയിലില്‍ പരേഡുണ്ട്. മാസത്തില്‍ രണ്ട് തവണ. പരേഡ് ദിവസം ജയിലിലെ അന്തേവാസികളെല്ലാം പായും പാത്രവും മുന്നില്‍ വച്ച് ഹിസ്റ്ററി നോട്ടും (കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ജയില്‍ ബുക്ക്) തുറന്ന് പിടിച്ച് അറ്റന്‍ഷനായി നില്‍ക്കണം. പണ്ട് ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന കാലം മുതല്‍ തുടരുന്ന ആ രീതി ഇക്കാലത്തും തുടരുന്നതില്‍ എനിക്ക് എതിര്‍പ്പുണ്ടായിരുന്നു. ഹിസ്റ്ററി ചാര്‍ട്ടും പിടിച്ച് നില്‍ക്കുന്നതിലല്ല, പായും പാത്രവും മുന്നില്‍ വച്ച് നില്‍ക്കണമെന്ന നിര്‍ബന്ധത്തോടായിരുന്നു വിയോജിപ്പ്. പായും പാത്രവും പരേഡ് സമയത്ത് വയ്‌ക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. പക്ഷെ അതവര്‍ കണ്ടുപിടിച്ചു. മാപ്പ് എഴുതി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതിന് തയ്യാറാവാതിരുന്ന എന്നെ അവര്‍ 40 പേര്‍ കിടക്കുന്ന ഒരു ഹാളിലേയ്ക്ക് മാറ്റി. അതിനുള്ളില്‍ പുകവലിക്കാര്‍ ഉണ്ടായിരുന്നു (അതുവരെ കിടന്നിരുന്നത് എ ബ്ലോക്കിലെ പുകവലിക്കാര്‍ ഇല്ലാതിരുന്ന ഹാളിലായിരുന്നു. ജയിലിനുള്ളില്‍ ഇത്തരമൊരു ഹാള്‍ ഒരെണ്ണമേയുള്ളൂ.)

ക്രോണിക് ആസ്ത്മ രോഗിയായ എന്നെ ശിക്ഷയിലൂടെ പീഡിപ്പിക്കുക എന്നതായിരിക്കും അവരുദ്ദേശിച്ചിരിക്കുക. പക്ഷെ ഞാനതിനെതിരെ പ്രതികരിച്ചില്ല. ഒരു മാസം അവിടെ കഴിയണമെന്നായിരുന്നു ജയിലധികൃതര്‍ വിധിച്ച ശിക്ഷ. പിന്നീടും പായും പാത്രവും മുന്നില്‍ വച്ചുള്ള നില്‍പ്പ് പലപ്പോഴും തുടര്‍ന്നു. എതിര്‍ത്തതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് മനസ്സിലായി. ഒരു മാസത്തില്‍ രണ്ട് തവണയെങ്കിലും കിടക്കപ്പായ വെയില്‍ കൊള്ളുന്നത് നല്ലതുതന്നെയാണെന്ന് ഞാനും കരുതി.

ഏത് മന്ത്രിസഭ അധികാരത്തില്‍ വന്നാലും ജയില്‍ സന്ദര്‍ശനമുണ്ടാവും. ഇത്തവണ പിണറായി വിജയന്‍ ജയില്‍ സന്ദര്‍ശിക്കാനെത്തി. വ്യക്തപരമോ രാഷ്ട്രീയപരമോ ആയ കാരണങ്ങളാല്‍ സന്ദര്‍ശനത്തെ തുടര്‍ന്നുള്ള യോഗങ്ങളില്‍ പലരും പങ്കെടുക്കാതിരിക്കാറുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ജയിലിനകത്തെ ജയില്‍ വീണ്ടും കണ്ടത് ഈയടുത്താണ്. പിണറായി വിജയന്‍ സന്ദര്‍ശനത്തിന് ശേഷം പ്രസംഗം തുടങ്ങി. അത് കേള്‍ക്കാന്‍ ഞാനുള്‍പ്പെടെ ചിലര്‍ പോയില്ല. പൊതുവെ ഞാന്‍ ജയിലില്‍ നടക്കുന്ന ഇത്തരം പരിപാടികളില്‍ പങ്കെടുക്കാറില്ല. സ്വാതന്ത്ര്യദിനാഘോഷം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളിലോ, വിശേഷ ദിവസങ്ങളിലുള്ള സദ്യയിലോ പോലും പങ്കുകൊള്ളാറില്ല. അതെന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ്. പക്ഷെ ഇത്തവണ മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ പോവാത്തവരെ അവരവരുടെ ജയിലറയ്ക്കുള്ളില്‍ ജയിലധികൃതര്‍ പൂട്ടിയിട്ടു. സാധാരണ ജയിലറകള്‍ രാവിലെ ആറ് മണിയ്ക്ക് തുറന്നാല്‍ വൈകിട്ട് ആറ് മണിയ്ക്കാണ് പൂട്ടുന്നത്. മൂന്ന് മണിക്കൂര്‍ നേരത്തേയ്ക്ക് ഞാനുള്‍പ്പെടെയുള്ളവര്‍ പൂട്ടിയ ജയിലറയ്ക്കുള്ളില്‍ കിടന്നു. തടവറയ്ക്കുള്ളിലെ ബന്ധനമായിരുന്നു അത്.

വായനയിലൂടെ മാച്ചുകളഞ്ഞ ഇരുട്ട്

അഴികള്‍ക്കുള്ളില്‍ ജോസഫ് ഒരിക്കലും തനിച്ചായിട്ടില്ല. കൂട്ടിന് എപ്പോഴും പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നു. ദിവസവും ഒമ്പത് പത്രങ്ങള്‍ കൃത്യമായി വായിക്കും. മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ ആനുകാലിക പ്രസിദ്ധീകരണങ്ങളും അതത് ആഴ്ചയില്‍ തന്നെ ഇദ്ദേഹത്തിനെത്തിച്ച് നല്‍കാന്‍ ജയിലധികൃതര്‍ പ്രത്യേക ശ്രദ്ധ കാട്ടിയിരുന്നു. ജയിലില്‍ സന്ദര്‍ശിക്കാനെത്തിയിരുന്ന വീട്ടുകാരും സ്‌നേഹിതരുമുള്‍പ്പെടെ എല്ലാവരും കയ്യില്‍ ഒരു പുസ്തകമെങ്കിലുമില്ലാതെ തന്നെ കാണാന്‍ എത്തിയിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. കിട്ടുന്നവ ആര്‍ത്തിയോടെ വായിച്ച് തീര്‍ക്കുന്നതിനിടയില്‍ ജയിലഴിയ്ക്കുള്ളിലെ ഏകാന്തതയും, സിമന്റ് തിണ്ണയുടെ തണുപ്പും, ജയില്‍ ജീവിതത്തിന്റെ വിരസതയും താന്‍ അറിയാറേയില്ല എന്നും ജോസഫ്. ‘വലിയമതില്‍ക്കെട്ടിനു പുറത്തെ ലോകത്ത് നടക്കുന്ന കാര്യങ്ങളെല്ലാം ഈ പുസ്തകങ്ങളിലൂടെയും മാസികകളിലൂടെയുമാണറിഞ്ഞത്. പുറം കാഴ്ചകള്‍ കാണാനൊത്തില്ലെങ്കിലും വായനയിലൂടെ എല്ലാം അറിയുന്നുണ്ടായിരുന്നു. അതായിരുന്നു ആകെയുള്ള ആത്മവിശ്വാസവും കരുത്തും’

അന്നും ഇന്നും ഒരേ രാഷ്ട്രീയം, ആശയം,ചിന്ത

‘ചെറുപ്പത്തിലേ തലച്ചോറില്‍ കൂടുകൂട്ടിയ കമ്മ്യൂണിസത്തെ മായ്ക്കാന്‍ ഭരണകൂടത്തിനോ ജയിലഴികള്‍ക്കോ കാലത്തിനോ കഴിഞ്ഞിട്ടില്ല. ചെഞ്ചുവപ്പിന്റെ അതേ രാഷ്ട്രീയം തന്നെയാണ് ഇപ്പോഴും. മാവോയിസമാണ് അതിന്റെ ശരി.. ചൂഷകരെയും മര്‍ദ്ദകരേയും ഇല്ലായ്മ ചെയ്യാനുറച്ച സായുധ സമര സങ്കല്‍പ്പത്തിന് അന്നും ഇന്നും എന്നും ഒരേ പ്രസക്തി തന്നെയാണുള്ളത്. രാഷ്ട്രീയ,സാമൂഹിക മണ്ഡലങ്ങളില്‍ മാറ്റങ്ങള്‍ വന്നു. വ്യവസ്ഥിതികളെ ചൂഴ്ന്ന് നില്‍ക്കുന്ന ചൂഷണത്തിന്റെ ആഴത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ സായുധസമര സങ്കല്‍പ്പങ്ങളിലും വന്നിട്ടുണ്ട്. ഭരണകൂടത്തിന് സമാന്തരമായ ജനകീയ സായുധ സമരങ്ങള്‍ ഉണ്ടാവുക തന്നെയാണ് വേണ്ടത്. ജനകീയ അധികാരം സ്ഥാപിക്കാന്‍ സമയമെടുക്കും. ഈ സമയത്തിനുള്ളില്‍ അറസ്റ്റ്, ജയില്‍ജീവിതം, മരണം എല്ലാം സംഭവിക്കും. ആ അവസ്ഥകളിലൂടെ കടന്നുവരാന്‍ ധൈര്യമില്ലാത്തവരാണ് ആശയങ്ങളില്‍ നിന്ന് അകന്നുപോവുന്നത്. അവര്‍ ഇടയ്ക്ക് വച്ച് പിന്‍മാറും. ഞാന്‍ ഒന്നു മുന്നോട്ടു തന്നെ പോയിനോക്കുകയാണ്. ആ പരീക്ഷണത്തില്‍ നിന്ന് കിട്ടുന്ന, അതില്‍ നിന്ന് ഉരുത്തിരിയുന്ന ആശയം- അതാണ് സമൂഹത്തിന് നല്‍കാനുള്ള സംഭാവന.

ഓരോ കാലഘട്ടത്തിലും മാറ്റങ്ങള്‍ക്കായി, സ്വാതന്ത്ര്യത്തിനായാണ് ആശയ ശാസ്ത്രം രൂപം കൊള്ളുന്നത്. ഭരണകൂടം എന്നും ചൂഷകരാണ്. പക്ഷെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുരോഗന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് സ്വയം അവകാശപ്പെടുന്ന കേരളത്തിലെ ഭരണകൂടം മാവോയിസം എന്ന ആശയം പേറുന്നവരെ വെല്ലുവിളിക്കുന്നതെന്നതാണ് ദു:ഖകരം. നിലമ്പൂര്‍ സംഭവം തന്നെ നോക്കൂ. അജിതയെയും, കുപ്പുദേവരാജിനേയും വെടിവച്ച കൊന്ന സര്‍ക്കാര്‍. അവരുടെ മൃതദേഹത്തോട് പോലും ക്രൂരമായി പെരുമാറിയ സര്‍ക്കാര്‍. മുതലാളിമാരെ സംരക്ഷിക്കുന്ന, അവരുടെ ആജ്ഞാനുവര്‍ത്തികളാവുന്ന ഒരു ബൂര്‍ഷ്വാ ഭരണകൂടത്തിനും മനുഷ്യത്വപരമായി ഒന്നും ചെയ്യാനാവില്ല. ഒരാള്‍ മാവോയിസ്റ്റ് ആയതുകൊണ്ട് മാത്രം അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. പക്ഷെ എന്നിട്ടും മാവോയിസ്റ്റ് ആശയാനുകൂലികളുടെ അതിജീവനം പ്രതിസന്ധിയിലാവുന്നു. അവര്‍ എളുപ്പം ആക്രമിക്കപ്പെടാം, പിടിക്കപ്പെടാം, കീഴടങ്ങുമ്പോള്‍ കൊല്ലപ്പെടാം എന്ന അവസ്ഥയാണുള്ളത്.

എത്തിപ്പിടിക്കാനാവാതിരുന്ന എന്നാല്‍ പരാജയപ്പെട്ടിട്ടില്ലാത്ത വിപ്ലവം എന്ന മഹാമേരു

‘ഒരാള്‍ ചിന്തിക്കുന്നത് തന്നെ വിപ്ലവമാണ്. തെറ്റിനെതിരെ ഒരു ശരി ചിന്തിച്ചാല്‍ അത് വിപ്ലവമാണ്. ഒരു പെണ്‍കുഞ്ഞ് ജനിയ്ക്കുമ്പോള്‍ ഓരോ അമ്മയുടേയും നെഞ്ചില്‍ നീറ്റല്‍ തുടങ്ങുകയാണ്. ആ വേദനയും നീറ്റലും മാറുന്ന ഒരു അവസ്ഥയില്ലേ, അവിടെ മാത്രമേ വിപ്ലവം വിജയിക്കുന്നുള്ളൂ. പക്ഷെ പ്രത്യാശ, പ്രതീക്ഷ ഇതൊക്കെയാണ് എക്കാലത്തും വിപ്ലവത്തെ നയിക്കുന്നത്. മേരി ടെയ്‌ലര്‍ എഴുതിയ ‘ ഇന്ത്യന്‍ തടവറയില്‍ അഞ്ച് വര്‍ഷം’ എന്ന പുസ്തകത്തില്‍, എനിക്ക് ഇപ്പോഴും പ്രതീക്ഷയുള്ളത് നക്‌സല്‍ ബാരിയില്‍ മാത്രമാണെന്നും എന്നെങ്കിലും ഒരു കാലഘട്ടത്തില്‍ അത് വിജയം കാണുമെന്നും പറയുന്നുണ്ട്.

ഇവിടെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ അറിഞ്ഞ്, അടിസ്ഥാന വര്‍ഗം അനുഭവിക്കുന്ന ചൂഷണങ്ങളെ അറിഞ്ഞ്, മുഖ്യവൈരുദ്ധ്യത്തെ കണ്ടെത്തി അതിനെതിരെ പോരാടാനാണ് നക്‌സലൈറ്റ് പ്രസ്ഥാനം രൂപം കൊള്ളുന്നത്. ഉന്മൂലന സമരസിദ്ധാന്തം, ജനകീയ വിചാരണ എന്നിവയിലൂടെ ജനങ്ങള്‍ക്കിടയില്‍സ്വാധീനം നേടുകയായിരുന്നു ലക്ഷ്യം. പക്ഷെ അത് വേണ്ട രീതിയില്‍ വിജയിച്ചില്ല. ജനങ്ങളിലേക്ക് ആശയം എത്തിക്കുന്നതില്‍ പ്രസ്ഥാനം പരാജയപ്പെട്ടു. ജനങ്ങളിലേക്ക് ഈ ആശയങ്ങള്‍ എത്തിക്കുന്നതിനായി കേഡര്‍മാരെ പരിശീലിപ്പിച്ചെടുക്കുന്നതിലും പരാജയം നേരിട്ടു. ചൂഷകരായവരെ രക്ഷിക്കാന്‍ പോലീസുമെത്തി.

ഞാനുള്‍പ്പെട്ട സോമരാജന്‍ കൊലക്കേസിന്റെ കാര്യം തന്നെയെടുക്കാം. അയാള്‍ നാട്ടില്‍ അറിയപ്പെടുന്ന ഒരു കയര്‍ പാക്ടറി ഉടമയായിരുന്നു. കയര്‍ മേഖലയില്‍ തന്നെ നിരവധി ഫാക്ടറികളുണ്ട്, നൂറുകണക്കിന് തൊഴിലാളികളുമുണ്ട്. പണത്തിന്റെ ഹുങ്കില്‍ തൊഴിലാളികളെ വച്ചു നടത്തുന്ന ചൂഷണത്തിന്റെ പുതിയമുഖങ്ങളും വ്യക്തമായിരുന്നു. രാവും പകലും തൊഴിലാളികളെ പണിയെടുപ്പിക്കും. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യും. തൊഴിലാളികളെ ഗുണ്ടകളായും ഉപയോഗിക്കും. എതിര്‍ക്കുന്നവരെ കായികമായും അല്ലാതെയും അടിച്ചമര്‍ത്തും. പ്രദേശവാസികളുടെ ഭാഗത്തു നിന്ന് ഇയാളെപ്പറ്റി നിരവധി പരാതികള്‍ വന്നപ്പോള്‍ സോമരാജനെ ഒതുക്കുക എന്നത് പ്രസ്ഥാനത്തിന്റെ ചുമതലയായി മാറി. സോമരാജനെ ഉന്മൂലനം ചെയ്യുക എന്നത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ആയിരുന്നു. അത് നടപ്പാക്കുക എന്നത് മാത്രമാണ് ഇവിടെയുള്ള പാര്‍ട്ടി കേഡര്‍മാര്‍ ചെയ്തത്. അതിന് ശേഷം നടന്നതൊക്കെയും നാടകീയമായ സംഭവങ്ങളായിരുന്നു. ഉന്മൂലനത്തില്‍ പങ്കെടുത്ത പലരും തിരശീലയ്ക്ക് പിന്നിലേയ്ക്ക് പോയി. സംഭവവുമായി പുലബന്ധം പോലുമില്ലാത്ത, നിരപരാധികളായവരുള്‍പ്പെടെ 28 പേര്‍ പ്രതികളുമായി. തങ്ങളുടെ യൗവനവും ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ തടവറയ്ക്കുള്ളില്‍ ചെലവഴിക്കേണ്ടി വന്നു.

ആക്ഷന് നേതൃത്വം നല്‍കിയ ഒന്നു രണ്ടുപേര്‍ കൂറുമാറി പോലീസിന്റെ ഭാഗമായി. ഭരണകൂടത്തിന്റെ പ്രലോഭനങ്ങളില്‍ വീണ ഇവരെ പോലീസുകാര്‍ സംരക്ഷിച്ചു. അവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്ത് ഭരണകൂടം അവരെ ഒപ്പം നിര്‍ത്തി. ഇതിനിടയില്‍ പ്രസ്ഥാനം രണ്ട് തട്ടിലായി.

പാര്‍ട്ടിയ്ക്കകത്തുണ്ടാകുന്ന ആശയപരമായ ഈഗോ വലിയ വിഷയമായിരുന്നു. നേതൃത്വം നല്‍കിയവരില്‍ പലരും ബുദ്ധിജീവി തലത്തിലേക്ക് ഉയര്‍ന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് ആശയ പ്രാസംഗികരും എഴുത്തുകാരും മാത്രമായി ചുരുങ്ങി. ബഹുജന ലൈന്‍ വേണോ, സൈനിക ലൈന്‍ വേണോ എന്നതായിരുന്നു മുഖ്യ വിഷയം. അതായത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച്, അവര്‍ക്കിടയില്‍ കേഡര്‍മാരെ വളര്‍ത്തി ബൂര്‍ഷ്വകള്‍ക്കെതിരായ സായുധ സമരം നടപ്പാക്കുകയായിരുന്നു ബഹുജനലൈന്‍ വാദം. മറ്റേത് ഗൊറില്ലാ തന്ത്രമായിരുന്നു. ഇതില്‍ ബഹുജനലൈനിന് വേണ്ടി വാദിച്ച പാര്‍ട്ടി നേതാക്കള്‍ പിന്നീട് അധികാര രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്‍മാരായി മാറി.

ആശയശാസ്ത്രവും, സൈനിക ശാസ്ത്രവും, സാമൂഹിക-സാമ്പത്തിക ശാസ്ത്രവും ചേര്‍ന്നാണ് പാര്‍ട്ടി ഉണ്ടായി വന്നത്. പക്ഷെ അവയെ മുന്നോട്ട് കൊണ്ടുപോവാനായില്ലെങ്കില്‍ അവിടെയുണ്ടാവുന്ന ചോര്‍ച്ചകള്‍ ജനങ്ങള്‍ക്കെതിരായി വരും. പാര്‍ട്ടിക്കുള്ളിലെ ന്യൂനപക്ഷം സത്യം വിളിച്ചു പറയുന്നവരായിരുന്നു. അതിനായി നിലനില്‍ക്കുന്നവരായിരുന്നു. എന്നാല്‍ ഭൂരിപക്ഷം എപ്പോഴും അധികാരത്തിന്റെ ദണ്ഡുപയോഗിച്ചാണ് സംസാരിച്ചതും പ്രവര്‍ത്തിച്ചതും. അത്തരക്കാരാണ് പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളായി മാറിയത്.

മാര്‍ക്‌സ് കണ്ട വലിയ സ്വപ്‌നമായിരുന്നു കമ്മ്യൂണിസം. ഒരു വലിയ സ്വപ്നം. നമുക്കും അതുപോലെ സ്വപ്‌നം കാണാം. വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും ഉള്‍ച്ചേര്‍ന്ന് തെറ്റുതിരുത്തി മുന്നോട്ട് പോവുന്ന കമ്മ്യൂണിസത്തിനായി. തെറ്റ് തന്നെ ആവര്‍ത്തിക്കാനായി ശരിയിലേക്ക് പോവുന്നതില്‍ വലിയ കാര്യമില്ലല്ലോ. പക്ഷെ ഒന്നുണ്ട്, പ്രസ്ഥാനമോ വിപ്ലവമോ പ്രവര്‍ത്തനങ്ങളോ പരാജയമായിരുന്നു എന്ന് പറയാനാവില്ല. കാരണം ആശയപരമായ ഒരു വിജയം തന്നെയാണത്. വ്യക്തികളിലും, അതുവഴി പ്രസ്ഥാനത്തിനുമുള്ള പരാജയം മാത്രമാണ് സംഭവിച്ചത്.

സവര്‍ണത കൈയാളിയ പ്രസ്ഥാനം

കേരളത്തിലുള്ള വിപ്ലവ പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ സവര്‍ണബോധങ്ങളാണ് അതിനെ ഭരിച്ചതെന്ന് പറയേണ്ടി വരും. അധികാര കേന്ദ്രത്തിലിരിക്കുന്നവരുടെ സവര്‍ണ ബോധങ്ങള്‍ പ്രസ്ഥാനത്തെ പലപ്പോഴും സവര്‍ണത കീഴടിക്കിയെന്നും പറയാം. ഞാന്‍ പാര്‍ട്ടി അംഗമായിരിക്കുമ്പോള്‍ നേതൃനിരയിലുണ്ടായിരുന്നവര്‍ കെ. വേണുവും ഭാസുരേന്ദ്രബാബുവുമൊക്കെയായിരുന്നു. പൊതുവെ ബുദ്ധീജിവി തലത്തില്‍ നിന്നിരുന്ന അവര്‍ പ്രസ്ഥാനത്തിന്റെ പരമോന്നത ലക്ഷ്യങ്ങള്‍ മറന്നുവെന്ന് വേണം പറയാന്‍. അവരുടെ രാഷ്ട്രീയ വളര്‍ച്ച നോക്കിയാല്‍ ഒരിക്കലും ഇത്തരം ഒരു മാറ്റം ഉണ്ടാവേണ്ടതല്ല. പക്ഷെ പ്രത്യക്ഷത്തിലല്ലാത്ത ജാതിബോധം ഇവരെ ഭരിച്ചിട്ടുണ്ട്. അതുവഴി പാര്‍ട്ടിയേയും. പിന്നീട് ഇരുവരും പാര്‍ട്ടിയില്‍ നിന്ന് പിന്നീട് പുറത്തുപോയി. എന്നാല്‍ വിപ്ലവ ആശയത്തിലൂന്നിയ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോഴും, ആശയപരമായ ഭിന്നതയെ തുടര്‍ന്ന് അതില്‍ നിന്ന് പുറത്ത് പോവുമ്പോഴും രാഷ്ട്രീയപരമായും ആശയപരമായും വികസിക്കുകയാണ് ചെയ്യേണ്ടത്.

എന്നാല്‍ ഇക്കൂട്ടര്‍ പടവലങ്ങ പോലെ എതിര്‍ ദിശയിലാണ് വളര്‍ന്നത്. നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഉന്മൂലനാശത്തിന് വഴിയൊരുക്കിയ, മുതലാളിത്ത പാര്‍ട്ടിയുടെ വക്താവായി ഭാസുരേന്ദ്രബാബു മാറി. ഒരു കാലത്ത് കേരളത്തിന്റെ യുവത്വത്തെ ഇടതുപക്ഷ ചിന്തകള്‍ കൊണ്ട് പ്രക്ഷാളനം ചെയ്ത കെ. വേണുവാകട്ടെ യു.ഡി.എഫിന്റെ ഘടകകക്ഷിയായ ജെ.എസ്.എസിന്റെ കൊടുങ്ങല്ലൂര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍