UPDATES

പുത്തുമല ഉരുള്‍പൊട്ടല്‍: ദേശീയദുരന്തനിവാരണസേന തിരച്ചില്‍ അവസാനിപ്പിച്ചു, അഞ്ച് പേരെ കണ്ടെത്താനായിട്ടില്ല

16 ദിവസം നീണ്ട തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ 12 പേരുടെ മൃതദേഹങ്ങളെ കണ്ടെത്താന്‍ സാധിച്ചുള്ളൂ.

വയനാട് പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹത്തിനായുള്ള തിരച്ചില്‍ ദേശീയദുരന്തനിവാരണസേന അവസാനിപ്പിച്ചു. ഇതുവരെ 12 പേരുടെ മൃതദേഹങ്ങള്‍ കിട്ടിയിട്ടുണ്ട്. അഞ്ച് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കിട്ടിയ മൃതദേഹങ്ങളില്‍ 2 പേരുടെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ ഡിഎന്‍എ ടെസ്റ്റ് നടത്തി വേണം തിരച്ചറിയാന്‍. ദേശീയദുരന്തനിവാരണസേന തിരച്ചില്‍ അവസാനിപ്പിച്ചത്തോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രാദേശികമായി തിരച്ചിലുണ്ടാവും.

ദുരന്തത്തില്‍ കാണാതായ അഞ്ച് പേരില്‍ നാല് പേരുടേയും കുടുംബങ്ങള്‍ തിരച്ചില്‍ അവസാനിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചു. എന്നാല്‍ പച്ചക്കാട് സ്വദേശി ഹംസക്ക് വേണ്ടി ഒരിക്കല്‍ കൂടി തിരച്ചില്‍ നടത്തണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച പോലീസും ഫയര്‍ഫോഴ്സും പുത്തുമലയിലെ മസ്ജിദിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തും.

ഓഗസ്റ്റ് 8നു പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 17 പേരാണ് മണ്ണിനടിയിലായത്. 16 ദിവസം നീണ്ട തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ 12 പേരുടെ മൃതദേഹങ്ങളെ കണ്ടെത്താന്‍ സാധിച്ചുള്ളൂ. ഇതോടെയാണ് കാണാതായവരുടെ ബന്ധുക്കളോട് കൂടി ആലോചിച്ച് തിരച്ചില്‍ അവസാനിപ്പിക്കുന്നതടക്കുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

തുടര്‍ന്ന് മേപ്പാടി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. മനുഷ്യസാധ്യമായ എല്ലാ രീതിയിലും തിരച്ചില്‍ നടത്തിയെന്നും ലഭ്യമായ എല്ലാ സംവിധാനങ്ങളും തിരച്ചിലിന് വേണ്ടി ഉപയോഗിച്ചെന്നും യോഗത്തില്‍ പങ്കെടുത്ത ദേശീയദുരന്തനിവാരണസേന, അഗ്‌നിശമന രക്ഷാസേന, പോലീസ്, സന്നദ്ധസംഘടനകള്‍ എന്നിവരുടെ പ്രതിനിധികള്‍ കാണാതായവരുടെ ബന്ധുക്കളെ അറിയിച്ചു.

തിരച്ചിലില്‍ തൃപ്തിയുണ്ടെന്നും തിരച്ചില്‍ അവസാനിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കുന്നതായും ഇനിയും കണ്ടെത്താനുള്ള അഞ്ചില്‍ നാലു പേരുടേയും കുടുംബാംഗങ്ങള്‍ യോഗത്തെ അറിയിച്ചു. യോഗത്തില്‍ സി കെ ശശീന്ദ്രന്‍ എം എല്‍ എ, സബ് കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, പഞ്ചായത്ത് പ്രസിഡണ്ട് കെ കെ സഹദ് എന്നിവര്‍ പങ്കെടുത്തു.

Read: വംശീയമായി അധിക്ഷേപിച്ചെന്ന് അശോകന്‍ മറയൂര്‍; സന്തോഷം പങ്കുവയ്ക്കുകയാണ് ചെയ്തതെന്ന് ഇന്ദു മേനോന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍