UPDATES

ട്രെന്‍ഡിങ്ങ്

നെടുങ്കണ്ടം കസ്റ്റഡിമരണത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍; നാസറും രാജുവും ആരാണ്, ഹരിതാ ഫിനാന്‍സില്‍ നിക്ഷേപിച്ച പണം എവിടെ പോയി?

പണം എങ്ങോട്ടുപോയെന്ന കാര്യത്തിലെ ദുരൂഹത തീര്‍ക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞില്ല

രാജ് കുമാര്‍ കസ്റ്റഡിമരണ കേസില്‍ കൂടുതല്‍ പോലീസുകാരെ അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം തയ്യാറെടുക്കുമ്പോഴും ഒരു ചോദ്യത്തിനുള്ള ഉത്തരം മാത്രം ഇത്ര ദിവസമായിട്ടും കിട്ടുന്നില്ല. ഹരിത ഫിനാന്‍സിന്റെ മറവില്‍ തട്ടിയെടുത്ത കോടികള്‍ എവിടെ? തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ അറിയാമായിരുന്നിട്ടും എന്തുകൊണ്ട് പോലീസ് നിയമനടപടികള്‍ സ്വീകരിച്ചില്ലെന്നതടക്കമുള്ള ചോദ്യങ്ങള്‍ക്കും ഇപ്പോഴും ഉത്തരങ്ങള്‍ കിട്ടിയിട്ടില്ല. സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണവും പുരോഗമിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നതെങ്കിലും പണം പോയ വഴിയെക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ഈ വിഷയത്തില്‍ അഴിമുഖം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായ കാര്യങ്ങള്‍ ഇവിടെ വായിക്കാം: 

ഭാഗം 1: രാജ് കുമാറിന്‍റേത് പോലീസ് ക്വട്ടേഷനോ? ദുരൂഹതകള്‍ വിരല്‍ ചൂണ്ടുന്നത് കുടുംബശ്രീ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചുള്ള കോടികളുടെ പണമിടപാട് തട്ടിപ്പിലേക്ക്.

ഭാഗം 2: രാജ് കുമാറിന്റെ കസ്റ്റഡി മരണം: ദുരൂഹതകള്‍ അവസാനിക്കുന്നില്ല; ഹരിത ഫിനാന്‍സും പട്ടം കോളനി സഹകരണ ബാങ്കും തമ്മിലെന്ത്?

ഭാഗം 3: യഥാര്‍ത്ഥത്തില്‍ ആരായിരുന്നു രാജ് കുമാര്‍? ഹരിത ഫിനാന്‍സ് കബളിപ്പിച്ചത് നെടുങ്കണ്ടം പഞ്ചായത്തിനെ ഒന്നടങ്കം; വായ്പയ്ക്കായി പണം നിക്ഷേപിച്ചവരില്‍ അഞ്ച് വനിത മെംബര്‍മാരും

ഹരിത ഫിനാന്‍സില്‍ ജോലി ചെയ്തിരുന്നവരും അവിടെ വായ്പയ്ക്കുവേണ്ടി മുന്‍കൂറായി പണം നിക്ഷേപിച്ചിരുന്നവരും നാസര്‍, രാജു എന്നിവരുടെ പേരുകള്‍ ഹരിത ഫിനാന്‍സുമായി ബന്ധപ്പെടുത്തി പറയുന്നുണ്ട്. എന്നാല്‍ ഇവര്‍ രണ്ടു പേരെയും കുറിച്ച് മലപ്പുറം സ്വദേശികളാണെന്നതില്‍ കവിഞ്ഞ് കൂടുതല്‍ വിവരങ്ങളൊന്നും ആര്‍ക്കും അറിയില്ല. ജീവനക്കാര്‍ ഉള്‍പ്പെടെ ആരും തന്നെ ഇവരെ കണ്ടിട്ടുമില്ല. ഈ പേരുകള്‍ ശരിയായതാണെന്നോ അവര്‍ മലപ്പുറം സ്വദേശികള്‍ തന്നെയാണെന്നതിനോ ഉറപ്പില്ല. രാജ് കുമാറിനും ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ള രണ്ടാം പ്രതി ശാലിനിക്കും മാത്രമാണ് രാജുവിനെയും നാസറിനെയും കുറിച്ചും അറിവുള്ളതെന്നാണ് ഹരിത ഫിനാന്‍സിലെ ജീവനക്കാരായിരുന്നവര്‍ പറയുന്നത്. താനും കുമാറും ഇടനിലക്കാര്‍ മാത്രമാണെന്നും പണം നല്‍കുന്നത് രാജു സാറും നാസര്‍ സാറും ആണെന്നും ശാലിനി പറഞ്ഞിട്ടുള്ളതായി ലാലി എന്ന ജീവനക്കാരി പറയുന്നുണ്ട്. നിക്ഷേപിക്കുന്ന പണം രാജു സാറിനാണ് കൈമാറുന്നതെന്ന് മൂന്നാം പ്രതി മഞ്ജു പറഞ്ഞതായും ലാലി വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ മഞ്ജുവിനു പോലും രാജുവോ നാസറോ ആരാണെന്നതിനെ കുറിച്ച് വ്യക്തമായ അറിവില്ലായിരുന്നു എന്നുകൂടി ഇവര്‍ പറയുന്നുണ്ട്. രാജ് കുമാര്‍ മരിച്ച സ്ഥിതിക്ക് ഇനി ശാലിനിയെ ചോദ്യം ചെയ്താല്‍ എല്ലാ വിവരങ്ങളും പുറത്തു വരുമെന്നാണ് ഇവരുടെ വാദം.

ആ പണം ബാങ്കുകളില്‍ ഇല്ലെങ്കില്‍ പിന്നെയെവിടെ?

കുമാര്‍ ഇടപാടുകാരോടെല്ലാം പറഞ്ഞിരുന്നത് പണം പല ബാങ്കുകളിലായി നിക്ഷേപിച്ചിരിക്കുകയാണെന്നായിരുന്നു. എന്നാല്‍ തട്ടിയെടുത്ത പണം ഇടുക്കിയിലെ ഏതെങ്കിലും ബാങ്കുകളില്‍ നിക്ഷേപിച്ചതായി ഇതുവരെ വിവരം കിട്ടിയിട്ടില്ല. കുമളിയിലെത്തി പണം രാജു എന്നയാള്‍ക്ക് കുമാര്‍ കൈമാറുകയായിരുന്നു പതിവെന്ന പ്രതികളുടെ മൊഴി തന്നെ, തട്ടിച്ചെടുത്ത കോടികള്‍ മറ്റാരുടെയോ കൈകകളിലാണ് എത്തിയിരിക്കുന്നതെന്ന നിഗമനത്തെ ബലപ്പെടുത്തുന്നുണ്ട്. തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ് ആളുകള്‍ ഹരിത ഫിനാന്‍സിന്റെ ഓഫീസില്‍ തടിച്ചു കൂടിയപ്പോഴും എല്ലാവരുടെയും പണം ബാങ്ക് അക്കൗണ്ടില്‍ ഉണ്ടെന്നായിരുന്നു ശാലിനിയും രാജ് കുമാറും പറഞ്ഞിരുന്നത്.

തട്ടിപ്പ് തിരിച്ചറിഞ്ഞ് നിക്ഷേപകര്‍ ഹരിത ഫിനാന്‍സിന്റെ ഓഫിസില്‍ ബഹളവുമായി എത്തിയപ്പോഴും രാജ് കുമാര്‍ പറഞ്ഞത് കുട്ടിക്കാനത്തെ ഒരു ബാങ്കിലെ തന്റെ അകൗണ്ടില്‍ പണം ഉണ്ടെന്നും അത് വിതരണം ചെയ്യാമെന്നുമായിരുന്നു. തന്റെ സ്ഥലം വിറ്റ വകയില്‍ കിട്ടിയ നാലുകോടി രൂപയാണ് ഈ അക്കൗണ്ടില്‍ ഉള്ളതെന്നായിരുന്നു കുമാര്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ച് ഒരു പഞ്ചായത്ത് മെംബറുടെ നേതൃത്വത്തില്‍ രാജ് കുമാറിനെയും ശാലിനിയേയും മഞ്ജുവിനെയും ഇവരുടെ ഭര്‍ത്താവ് അജിയേയും കൂട്ടി പണം നഷ്ടപ്പെട്ടവരും അവരുടെ ബന്ധുക്കളുമടങ്ങിയ ഇരുപതോളം പേര്‍ (മെംബറുടെ സ്വകാര്യ വാഹനത്തിലാണ് കുമാറും ശാലിനിയും മഞ്ജുവും മഞ്ജുവിന്റെ ഭര്‍ത്താവ് അജിയും യാത്ര ചെയ്തത്) കുട്ടിക്കാനം ബാങ്കില്‍ എത്തിയിരുന്നു. മൂന്നു വണ്ടികളിലായാണ് ഇവരെല്ലാം കുട്ടിക്കാനത്ത് എത്തിയത്. ഈ ബാങ്കിലെ മാനേജര്‍ കുമാറിനെ മുന്‍പരിചയം ഉളളപോലെയായിരുന്നു പെരുമാറിയതെന്ന് അന്നു കൂടെപ്പോയവര്‍ പറയുന്നുണ്ട്. കുമാറും ശാലിനിയും മഞ്ജുവുമാണ് ബാങ്കിനുള്ളിലേക്ക് കയറി പോയത്. ബാക്കിയുള്ളവരോട് പുറത്തു നില്‍ക്കാന്‍ പറഞ്ഞു. തന്റെ അക്കൌണ്ടിലുള്ള പണം ശാലിനിയുടെ പേരിലേക്ക് മാറ്റാമെന്നും ശാലിനി എല്ലാവര്‍ക്കു പണം തിരിച്ചു നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍ കുമാര്‍ ശാലിനിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റുന്നതിനെ മഞ്ജുവും ഭര്‍ത്താവ് അജിയും എതിര്‍ത്തു. താനാണ് കൂടുതല്‍ ആളുകളെ ഹരിത ഫിനാന്‍സില്‍ ചേര്‍ത്തതെന്നും അതിന്റെ ഉത്തരവാദിത്വം തനിക്കുണ്ടെന്നും പറഞ്ഞായിരുന്നു മഞ്ജു എതിര്‍പ്പ് ഉയര്‍ത്തിയതത്രേ. അമ്പതുലക്ഷം രൂപ മഞ്ജുവിന്റെ അക്കൌണ്ടിലേക്ക് മാറ്റാം എന്നു പറഞ്ഞ് ശാലിനി മഞ്ജുവിനെ ആശ്വസിപ്പിക്കുകയായിരുന്നു. അന്നു വൈകുന്നേരമോ നാളെയോ കൊണ്ട് എല്ലാവരുടെയും അക്കൗണ്ടിലേക്ക് പണം എത്തുമെന്ന് ഉറപ്പു കൊടുത്ത് കുമാറും ശാലിനിയും തിരികെ പോകാന്‍ തുടങ്ങിയ സമയത്താണ് മഞ്ജു വീണ്ടും ബഹളം ഉണ്ടാക്കുന്നത്. കാരണം, നാല് കോടിയുണ്ടെന്നു പറഞ്ഞ കുമാറിന്റെ അക്കൌണ്ടില്‍ വെറും ആയിരം രൂപ മാത്രമാണ് ഉണ്ടായിരുന്നത്. കുമാറും ശാലിനിയും ചേര്‍ന്ന് എല്ലാവരെയും പറ്റിക്കുകയാണെന്നു മഞ്ജു കൂടി പറഞ്ഞതോടെയാണ് നാട്ടുകാര്‍ രോഷാകുലരാകുന്നതും കുമാറിനെയും ശാലിനിയേയും മഞ്ജുവിനെയും പോലീസിന് കൈമാറുന്നതും.

ആദ്യം ഒത്തുതീര്‍പ്പിനായിരുന്നോ ശ്രമിച്ചത്?

എന്നാല്‍ ഹരിത ഫിനാന്‍സ് ഒരു തട്ടിപ്പ് പ്രസ്ഥാനമാണെന്ന് വ്യക്തമായ സൂചനകള്‍ പുറത്തു വന്നപ്പോഴേ ആ വിവരം പോലീസിന് അറിയാമായിരുന്നു. എന്നാല്‍ ഹരിത ഫിനാന്‍സിനെ കുറിച്ചോ അതിനു പിന്നിലുള്ളവര്‍ ആരൊക്കെയാണെന്നു കണ്ടെത്താനോ ഒരന്വേഷണത്തിനല്ല പോലീസ് തയ്യാറായത്. പകരം ഒത്തു തീര്‍പ്പിനുള്ള ശ്രമങ്ങളാണ് നടന്നത്. ഇതിന് ചില പഞ്ചായത്ത് മെംബര്‍മാരുടെ പിന്തുണയും ഉണ്ടായിരുന്നുവത്രേ. വായ്പ കൊടുക്കാന്‍ കഴിയില്ലെങ്കില്‍ ആളുകള്‍ക്ക് അവര്‍ നല്‍കിയ പണം തിരികെ കൊടുക്കണമെന്ന് പോലീസ് തന്നെ കുമാറിനോടും ശാലിനിയോടും പറഞ്ഞിരുന്നുവെന്ന് തുറന്നു പറയുന്നതും നെടുങ്കണ്ടം പഞ്ചായത്തിലെ ജനപ്രതിനിധിയാണ്. ഇടപാടുകാര്‍ക്ക് പണം തിരികെ നല്‍കി പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലായിരുന്നു ഇവര്‍. പണം നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ പഞ്ചായത്ത് മെംബര്‍മാര്‍ ഉണ്ടായിട്ടുപോലുമാണ് ഒത്തുതീര്‍പ്പ് ശ്രമത്തിലേക്ക് കാര്യങ്ങള്‍ പോയത്. പണം കൊടുക്കാമെന്നു തന്നെയാണ് കുമാറും ശാലിനിയും അവസാന നിമിഷം വരെ പറഞ്ഞിരുന്നതും. കുട്ടിക്കാനം ബാങ്കില്‍ പോയതിനു ശേഷമാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

ഹരിത ഫിനാന്‍സ് ഇടപാടുകാരെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന വിവരം കിട്ടിയിട്ടും പോലീസും ജനപ്രതിനിധികളും എന്തുകൊണ്ട് നടപടി സ്വീകരിക്കാന്‍ ശ്രമിക്കാതെ ഒത്തുതീര്‍പ്പിന് അവസരം കൊടുത്തു? അത്രയ്ക്ക് ബന്ധം കുമാറിനും ശാലിനിക്കും പോലീസിലും പഞ്ചായത്തിലും ഉണ്ടായിരുന്നോ? നാട്ടുകാരി എന്ന നിലയില്‍ കണ്ടു മാത്രം പരിചയമെ ശാലിനിയോടുള്ളൂവെന്നാണ് പഞ്ചായത്തു മെംബര്‍മാര്‍ പറയുന്നത്. കുമാറിനെ ഇവരില്‍ ചിലര്‍ ഒന്നോ രണ്ടോ തവണ നേരില്‍ കണ്ടിട്ടുണ്ടെന്നല്ലാതെ അധികം സംസാരിച്ചിട്ടുമില്ല (കുമാറിനെ നേരില്‍ കണ്ടിട്ടേയില്ലെന്ന് ആദ്യം പറഞ്ഞവര്‍ പിന്നീട് അത് തിരുത്തി, കണ്ടിട്ടുണ്ട് എന്നു സമ്മതിക്കുന്നുമുണ്ട്). അങ്ങനെയുള്ള രണ്ടു പേര്‍ക്ക് അനുകൂലമായ തരത്തില്‍ നിലപാട് കൈക്കൊള്ളാന്‍ പോലീസും പഞ്ചായത്ത് മെംബര്‍മാരും തയ്യാറായത് എന്തുകൊണ്ടായിരിക്കും? ഹരിത ഫിനാന്‍സ് ഓഫീസ് ആരംഭിച്ചിട്ട് ഒരുമാസത്തിനടുത്ത് ആയിട്ടുള്ളുവെങ്കിലും ഏകദേശം ആറു മാസത്തിനു മുകളിലായി പഞ്ചായത്ത് പരിധിയില്‍ അവര്‍ തങ്ങളുടെ പ്രവര്‍ത്തനം നടത്തി വരുന്നുണ്ടെന്ന് സമ്മതിക്കുന്നതും പഞ്ചായത്ത് ജനപ്രതിനിധികള്‍ തന്നെയാണ്. ഹരിത ഫിനാന്‍സ് ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെയാണ് പ്രവര്‍ത്തിച്ചു വന്നിരുന്നതെന്നു പറയുന്നതും മെംബര്‍മാരാണ്. പണം നിക്ഷേപിച്ചിരുന്നവര്‍ പറയുന്നത് രജിസ്ട്രേഷന്‍ നമ്പര്‍ ഒക്കെ രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിച്ചാണ് ഹരിത ഫിനാന്‍സ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ്. അംഗീകൃത സാമ്പത്തിക ഇടപാട് സ്ഥാപനം അല്ലാതിരുന്നിട്ടും ഹരിത ഫിനാന്‍സിന് തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ നോട്ടീസ് പഞ്ചായത്തില്‍ കൊണ്ടു പോയി വിതരണം ചെയ്യാന്‍ കഴിഞ്ഞിരുന്നുവെന്നതും ഗൗരവമായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്. അഞ്ച് വാര്‍ഡ് മെംബര്‍മാര്‍ തന്നെ വായ്പയ്ക്കായി മുപ്പതിനായിരത്തിനു മുകളില്‍ അവിടെ നിക്ഷേപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ മെംബര്‍മാരും പറയുന്നത്, ഹരിത ഫിനാന്‍സിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തിരക്കിയിരുന്നില്ലെന്നും മറ്റുള്ളവര്‍ പറഞ്ഞറിഞ്ഞ് പണം നിക്ഷേപിക്കുക മാത്രമാണ് ചെയ്തതെന്നാണ്.

കേസുമായി മുന്നോട്ടുപോകേണ്ടെന്നു വയ്ക്കാന്‍ എന്തായിരുന്നു ഭയം

രാഷ്ട്രീയ-ജനപ്രതിനിധികളായിട്ടുള്ളവരില്‍ ഈ അഞ്ചു പഞ്ചായത്ത് മെംബര്‍മാര്‍ മാത്രമല്ല ഹരിത ഫിനാന്‍സില്‍ വായ്പ കിട്ടാനായി പണം മുന്‍കൂറായി അടച്ചിരുന്നതെന്നും സൂചനകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. മറ്റു ചില വമ്പന്മാരുടെ പണവും ഹരിത ഫിനാന്‍സില്‍ ഉണ്ടായിരുന്നു. ഇവര്‍ പണം പോയ കാര്യം തുറന്നു പറയുന്നില്ലെന്നു മാത്രം. പോലീസ് കേസിലേക്ക് കാര്യങ്ങള്‍ പോകാതെ പണം തിരികെ നല്‍കി ഒത്തുതീര്‍പ്പിനുള്ള അവസരം ശാലിനിക്കും കുമാറിനും മുന്നില്‍ വച്ചതിനു പിന്നില്‍ ഈ വമ്പന്മാരുടെ ഇടപെടലും ഉണ്ടായിരുന്നുവെന്നാണ് സംശയിക്കേണ്ടത്. പിന്നീട് കുമാറിനെ കസ്റ്റഡിയില്‍ എടുത്തശേഷം പോലീസ് ക്രൂരമായി മര്‍ദ്ദനത്തിന് ഇരയാക്കിയതിനു പിന്നിലും ഇവരുടെ ഉള്‍പ്പെടെ പണം എവിടെയെന്ന് കണ്ടെത്താന്‍ വേണ്ടിയാണെന്ന ആരോപണവും ഉണ്ട്.

ഇങ്ങനെയൊരു ആരോപണത്തിന് അടിസ്ഥാനമില്ലെങ്കില്‍ മറ്റു ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. പണം അടച്ച് പരമാവധി ഒരാഴ്ച്ചയ്ക്കുള്ളില്‍ വായ്പ ശരിയാക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇത് പല തവണയായി തെറ്റിയതോടെയാണ് പണം നിക്ഷേപിച്ചവര്‍ പരാതിയുമായി എത്തുന്നത്. പണം മുടക്കിയ പഞ്ചായത്ത് മെംബര്‍മാര്‍ ഉള്‍പ്പെടെ ഇതൊരു തട്ടിപ്പ് സ്ഥാപനമാണെന്ന സംശയത്തില്‍ നല്‍കിയ പണം തിരികെ ചോദിച്ചിരുന്നു. പക്ഷേ, അവരാരും നേരിട്ട് പോലീസില്‍ പരാതി നല്‍കാന്‍ തയ്യറായില്ല. തങ്ങളുടെ പണം എങ്ങനെയെങ്കിലും തിരിച്ചു കിട്ടിയാല്‍ മതിയെന്നു മാത്രമാണ് ചിന്തിച്ചത്. അതെന്തുകൊണ്ട്? പോലീസില്‍ പരാതി എത്തിയപ്പോഴും അവര്‍എന്തുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യാനോ ഹരിത ഫിനാന്‍സിനു പിന്നിലുള്ളവരെക്കുറിച്ചോ അന്വേഷിക്കാന്‍ തയ്യാറായില്ല? കുമാറിനെയോ ശാലിനിയെയോ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല, മറിച്ച് പണം കൊടുത്ത് എങ്ങനെയെങ്കിലും പ്രശ്നം പരിഹരിക്കാനാണ് പറഞ്ഞത്. പഞ്ചായത്ത് ജനപ്രതിനിധികളും ഇതേ നിലപാടാണ് സ്വീകരിച്ചത്. ഒരു ലക്ഷം രൂപ വായ്പയ്ക്ക് ഒരാളെ ചേര്‍ത്താല്‍ ആയിരം രൂപ കമ്മിഷന്‍ വാഗ്ദാനം ചെയ്തിരുന്നു കുമറും ശാലിനിയും എന്നുള്ള വിവരവും പുറത്തു വരുന്നുണ്ട്. തുക കൂടുന്നതിനനുസരിച്ച് കമ്മിഷനും കൂടും. ആ രീതിയില്‍ കമ്മിഷന്‍ കിട്ടാന്‍ വേണ്ടി പഞ്ചായത്ത് മെംബര്‍മാര്‍ കൂടുതല്‍ പേരെ ചേര്‍ത്തിരുന്നുവോ? കേസിലേക്ക് കാര്യങ്ങള്‍ പോകാന്‍ ആരും ആഗ്രഹിക്കാതിരുന്നത് തങ്ങളും ഇതില്‍ പ്രതികളാകുമെന്നു കരുതിയാണോ? പണം നഷ്ടപ്പെട്ടവര്‍ ഓഫിസിലെത്തി ബഹളം വച്ചപ്പോള്‍ നാട്ടുകാരോട് കയര്‍ത്തും കുമാറിനെയും ശാലിനിയേയും സംരക്ഷിച്ചും സംസാരിക്കാന്‍ തയ്യാറായ പഞ്ചായത്ത് ജനപ്രതിനിധിക്ക് നാട്ടുകാര്‍ നിയമം കൈയിലെടുക്കേണ്ടെന്ന നിഷ്‌കളങ്കമായ ഉദ്ദേശം മാത്രമായിരുന്നോ? കുമാര്‍, ശാലിനി എന്നിവര്‍ നെടുങ്കണ്ടം വിടാതെ അവിടെ തുടര്‍ന്നത് തങ്ങളെ സംരക്ഷിക്കാന്‍ ആളുണ്ടെന്ന ബലത്തിലായിരുന്നോ? അതോ രാജുവും നാസറും പണം നല്‍കുമെന്ന വിശ്വാസത്തിലോ? രാജു, നാസര്‍ എന്നിവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ പോലീസ് തയ്യറാകാതിരുന്നത് എന്തുകൊണ്ട്? ഒരുപക്ഷേ, ഹരിത ഫിനാന്‍സിനെ കുറിച്ച് പരാതികള്‍ കിട്ടിയ സമയത്ത് തന്നെ പോലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നുവെങ്കില്‍ രാജ് കുമാറിന് ജീവന്‍ നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ എത്താതെ സാമ്പത്തിക തട്ടിപ്പിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടി ഈ വിഷയം അവസാനിക്കുമായിരുന്നില്ലേ? അതിനുള്ള സമ്മര്‍ദ്ദം പഞ്ചായത്തംഗങ്ങളുടെ ഭാഗത്തു നിന്നുപോലും ഉണ്ടാകാതിരുന്നത് ഏതെങ്കിലും ഭയത്തിന്റെ പുറത്തായിരുന്നോ?

കുമാറിന് ഒന്നും അറിയില്ലായിരുന്നോ?

ഈ ചോദ്യങ്ങളെല്ലാം ചേര്‍ത്ത് വച്ചു ചിന്തിച്ചാല്‍, ഹരിത ഫിനാന്‍സ് നെടുങ്കണ്ടത്ത് പ്രവര്‍ത്തിച്ചു വന്നിരുന്നത് രാഷ്ട്രീയ-പോലീസ് പിന്തുണയോടെയായിരുന്നു എന്ന നിഗമനത്തില്‍ എത്താന്‍ കഴിയും. ഇതിന്റെ കൂടെ തന്നെ വരുന്ന മറ്റൊരു സംശയം കൂടിയുണ്ട്. ഒരുപക്ഷേ അവസാന നിമിഷം വരെ കുമാര്‍ തങ്ങളും ചതിക്കപ്പെടുകയാണെന്നു കരുതി കാണില്ല. ഒടുവില്‍ താന്‍ മാത്രം കുരുക്കിലായപ്പോഴും എന്തുകൊണ്ട് തനിക്കു പിന്നില്‍ നിന്നവരെ കുറിച്ച് പോലീസിനോട് തുറന്നു പറയാന്‍ തയ്യാറായില്ല. അതോ ഹരിത ഫിനാന്‍സിനെ കുറിച്ച് ശാലിനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പോലും കുമാറിന് അറിയില്ലായിരുന്നോ? ഹരിത ഫിനാന്‍സിലെ ഡയറക്ടര്‍ പോസ്റ്റിനും കിട്ടുന്ന പണം കൈമറുന്നതിനും അപ്പുറം മറ്റൊന്നും തന്നെ കുമാറിന് അറിയില്ലായിരുന്നോ? പോലീസിന്റെ മര്‍ദ്ദനത്തിലും സ്വയം രക്ഷപ്പെടാനുള്ള വഴിപോലും അയാള്‍ക്ക് കാണാന്‍ കഴിയാതെ പോയത് അതുകൊണ്ടെല്ലാമായിരിക്കുമോ? എങ്കില്‍ ഹരിത ഫിനാന്‍സിന്റെ പിന്നാമ്പുറ കഥകള്‍ കൂടുതല്‍ പറയാന്‍ കഴിയുക ശാലിനിക്ക് ആയിരിക്കും. ഇത്ര ദിവസമായിട്ടും ആ വഴിയിലൂടെ പോലീസ് സഞ്ചരിച്ചു തുടങ്ങിയിട്ടില്ലേ?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍