സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ബന്ധുക്കളുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ പോലീസിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു
നെടുങ്കണ്ടം രാജ് കുമാര്‍ കസ്റ്റഡി മരണക്കേസില്‍ ഹൈക്കോടതിയില്‍ പോലീസിനെ തള്ളിപ്പറഞ്ഞ് സര്‍ക്കാര്‍ നിലപട് എടുക്കുമ്പോള്‍ തന്നെ കേസില്‍ ക്രൈംബ്രാഞ്ച് നടത്തി വരുന്ന അന്വേഷണം പാതിയില്‍ നിലയ്ക്കുന്നതായി പരാതി. പോലീസിലെ ഉന്നതന്മാരിലേക്ക് അന്വേഷണം എത്തിയതോടെയാണ് പ്രതിസന്ധികള്‍ ഉടലെടുത്തതെന്നാണ് കുമാറിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും ആക്ഷേപം. ഇടുക്കി ജില്ല മുന്‍ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരെ കേസില്‍ പ്രതിയാക്കേണ്ടി വരുന്ന സാഹചര്യം ക്രൈംബ്രാഞ്ചിനു മുന്നില്‍ ഉണ്ട്. ഇതൊഴിവാക്കാന്‍ സമ്മര്‍ദ്ദം ഉണ്ടാകുന്നതായാണ് പരാതി. ഈയൊരു സന്ദര്‍ഭത്തില്‍ കേസ് എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്ന ആശയക്കുഴപ്പത്തിലാണ് അന്വേഷണ സംഘം. കീഴ്ത്തട്ടിലുള്ള പോലീസുകാര്‍ മാത്രം പ്രതികളാക്കപ്പെട്ടാല്‍ പോരെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥരും കുറ്റക്കാരെങ്കില്‍ അവര്‍ക്കെതിരേയും നടപടി വേണമെന്ന് പോലീസിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനം എടുക്കേണ്ടെന്ന നിലപാടാണ് ക്രൈംബ്രാഞ്ചിന് ഉള്‍പ്പെടെയുള്ളതെന്നറിയുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് തുടക്കത്തിലെ വേഗം ഇപ്പോള്‍ ഈ കേസില്‍ ഇല്ലാതായിരിക്കുന്നത്.
രാജ് കുമാറിന്റെ കസ്റ്റഡി മരണത്തെ കുറിച്ച് സിബിഐ അന്വേഷണിക്കണം എന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം നല്‍കിയപ്പോഴായിരുന്നു പോലീസിനെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാട് എടുത്തത്. കസ്റ്റഡിയിലെടുത്ത രാജ് കുമാറിനോട് ചെയ്തത് ന്യായീകരിക്കാനാവാത്ത കാര്യങ്ങളാണെന്നും ക്രൂരവും പൈശാചികവുമായാണ് പോലീസ് രാജ് കുമാറിനോട് പെരുമാറിയതെന്നും കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ വിശദീകരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഈ സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നതും അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണെന്നതുമാണ്. ഇതേസമയം തന്നെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പിന്നാക്കം പോകുന്നതെന്ന് രാജ് കുമാറിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും പരാതി ഉയരുന്നതും. എന്നാല്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും തുടരുകയാണെന്നുമാണ് ക്രൈംബാഞ്ച് പറയുന്നത്. കഴിഞ്ഞ ദിവസവും ഒരു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കുമാറിന്റെ വീട്ടില്‍ വന്നിരുന്നുവെന്നും തന്നോടും ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും ബന്ധു രാജേന്ദ്രന്‍ പറയുന്നു. എന്നാല്‍ പഴയ ഉത്സാഹം ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ കാണിക്കുന്നില്ലെന്നാണ് രാജേന്ദ്രന്റെയും ആരോപണം. പീരുമേട് സബ് ജയില്‍ അധികാരികള്‍ക്കെതിരേയും ക്രിമിനല്‍ കേസ് എടുക്കണമെന്ന് കുമാറിന്റെ കുടുംബം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനൊപ്പം തന്നെ കുമാറിനു വൈദ്യസഹായം നല്‍കുന്നതിലും പോസ്റ്റുമോര്‍ട്ടം നടത്തിയതിലും വീഴ്ച്ച വരുത്തിയ ആശുപത്രി അധികൃതര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്ന ആവശ്യവുമുണ്ട്. ഗൗരവസ്വഭാവത്തോടെയല്ല പോസ്റ്റുമോര്‍ട്ടം നടത്തിയിരിക്കുന്നതെന്ന വിമര്‍ശനം ജുഡീഷ്യല്‍ കമ്മീഷനും ഉയര്‍ത്തിയിരുന്നു. കുമാറിനെ റിമാന്‍ഡിലയച്ച മജിസ്ട്രേറ്റിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടോയെന്നു കൂടി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ആവശ്യങ്ങള്‍ നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുമാറിന്റെ ഭാര്യയും മക്കളും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.
നെടുങ്കണ്ടത്ത് ഹരിത ഫിനാന്‍സ് എന്ന ചിട്ടി സ്ഥാപനം നടത്തുകയും വായ്പ നല്‍കുമെന്ന വാഗ്ദാനത്തില്‍ നാട്ടുകാരില്‍ നിന്നും പണം പിരിച്ചെടുത്തതിന് ശേഷം നല്‍കാതിരിക്കുകയും ചെയ്തെന്ന പരാതിയില്‍ ജൂണ്‍ 11നാണ് രാജ് കുമാറിനെയും ശാലിനി, മഞ്ജു എന്നീ ജീവനക്കാരെയും കസ്റ്റഡിയില്‍ എടുക്കുന്നത്. ജൂണ്‍ 21ന് രാജ് കുമാര്‍ മരണപ്പെടുകയായിരുന്നു. പോലീസ് കസ്റ്റഡിയില്‍വച്ച് ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനായാണ് രാജ് കുമാര്‍ കൊല്ലപ്പെട്ടതെന്ന വിവരം പിന്നീട് പുറത്തുവന്നു. അനധികൃതമായി കസ്റ്റഡിയില്‍ വച്ചുകൊണ്ടായിരുന്നു കുമാറിനെ പോലീസ് മര്‍ദ്ദിച്ചത്. ഈ കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. നിലവില്‍ നാലു പോലീസുകാരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പോലീസുകാര്‍ക്ക് കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധമുണ്ടെന്നാണ് ബന്ധുക്കളും വീട്ടുകാരും ഇപ്പോഴും ആരോപിക്കുന്നത്. മാത്രമല്ല, അറസ്റ്റിലായ എസ് ഐ സാബു ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിയില്‍ മുന്‍ എസ് പി കെ.ബി വേണുഗോപാലിന്റെ അറിവോടെയാണ് കുമാറിനെ കസ്റ്റഡിയില്‍ വച്ചിരുന്നതെന്നും പറയുന്നുണ്ട്. അറസ്റ്റിലായ മറ്റു മൂന്നു പോലീസുകാരുടെ മൊഴിയിലും എസ് പിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. കട്ടപ്പന മുന്‍ ഡിവൈഎസ്പിക്കും സി ഐക്കും കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം അറിയാമായിരുന്നുവെന്നും തങ്ങള്‍ എസ് പിയുടെ നിര്‍ദേശം അനുസരിക്കുകയാണ് ചെയ്തതെന്നുമാണ് പോലീസുകാര്‍ പറയുന്നത്. സ്റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ യഥാസമയം എസ് പി വേണുഗോപാലിനെ അറിയിച്ചിരുന്നുവെന്നും പോലീസുകാര്‍ പറയുന്നു. ഇത്രയധികം മൊഴികള്‍ മുന്‍ എസ് പിക്കെതിരെ ഉണ്ടായിട്ടും ഇതുവരെ ഈ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കെ.ബി വേണുഗോപാലിന് കുമാറിന്റെ കസ്റ്റഡി മരണത്തില്‍ പങ്കുണ്ടെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആരോപണം ഉണ്ടായിരുന്നതാണ്. കോണ്‍ഗ്രസ് ഈ വിഷയം നിയമസഭയിലും ഉന്നയിച്ചിരുന്നു. വൈദ്യുതി മന്ത്രി എം.എം മണി ഇതിനെതിരെ രംഗത്തു വരികയും എസ് പിയെ സംരക്ഷിക്കുമെന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാദം ശക്തമായതോടെ ഇടുക്കി പോലീസ് മേധാവിയുടെ സ്ഥാനത്തു നിന്നും വേണുഗോപാലിനെ സര്‍ക്കാര്‍ നീക്കി. എന്നാല്‍ മറ്റൊരു പ്രധാനപ്പെട്ട സ്ഥാനത്തേക്കായിരുന്നു വേണുഗോപാലിനെ സര്‍ക്കാര്‍ മാറ്റിയത്. കേസില്‍ നിന്നും എസ് പിയെ എങ്ങനെയും സംരക്ഷിക്കാന്‍ നോക്കിയിരുന്നതുകൊണ്ട് തന്നെ, ഇപ്പോള്‍ അന്വേഷണം അദ്ദേഹത്തിലേക്ക് എത്തുന്നത് തടയാനും ഉന്നതങ്ങളില്‍ നിന്നു ശ്രമം ഉണ്ടാകുന്നുണ്ടായിരിക്കുമെന്നാണ് കുമാറിന്റെ ബന്ധുക്കള്‍ കരുതുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വീഴ്ച്ച ഉണ്ടാകുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കുമാറിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതും. കുമാറിന്റെ ഭാര്യ വിജയയും മക്കളും നല്‍കിയ ഹര്‍ജി പരിഗണിച്ച്, അന്വേഷണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിലപാട് അറിയിക്കാന്‍ പറഞ്ഞ് ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതേ ഹര്‍ജിയില്‍ തന്നെ കുമാറിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും അമ്മയ്ക്കും ഓരോ കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടതി ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഭാര്യ വിജയയ്ക്ക് സര്‍ക്കാര്‍ ജോലിയും അമ്മ കസ്തൂരിയ്ക്കും മൂന്നു മക്കള്‍ക്കും നാലു ലക്ഷം വീതം മൊത്തം പതിനാറ് ലക്ഷം രൂപയുമായിരുന്നു. ഇത് പോരെന്നാണ് കുടുംബം ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നത്. കൂടാതെ കുമാറില്‍ നിന്നും പോലീസ് പിടിച്ചെടുത്ത 72,000 രൂപയും, വീട്ടില്‍ നിന്നും കൊണ്ടുപോയ കസ്തൂരിയുടെ ബാങ്ക് പാസ് ബുക്കുകളും കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 12ന് അര്‍ദ്ധരാത്രി രാജ് കുമാറിനെയും കൊണ്ട് ലയത്തിലെ വീട്ടില്‍ എത്തിയ പോലീസാണ് കസ്തൂരിയുടെ പാസ് ബുക്കുകള്‍ എടുത്തുകൊണ്ടു പോയത്. കുമാര്‍ തട്ടിപ്പ് നടത്തിയ പണം വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞു നടത്തിയ തെരച്ചിലിനൊടുവിലാണ് പാസ് ബുക്കുകള്‍ കൊണ്ടുപോയത്. വിധവ പെന്‍ഷന്‍ ഇനത്തില്‍ ഒരു പാസ് ബുക്കില്‍ 1600 രൂപയും മറ്റൊന്നില്‍ കുക്കിംഗ് ഗ്യാസ് സബ്‌സ്ഡിയായി കിട്ടിയ 500 രൂപയുമായിരുന്നു ഉണ്ടായിരുന്നത്. ഈ രണ്ട് പാസ് ബുക്കുകളും പോലീസ് തിരിച്ചു തരുന്നില്ലെന്നു കസ്തൂരി പരാതിപ്പെട്ടിരുന്നു. കസ്തൂരിയുടെ പാസ് ബുക്കുകള്‍ എത്രയും വേഗം തിരികെ കൊടുക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം, എഫ്‌ഐആര്‍ റിപ്പോര്‍ട്ടുകളും കുടുംബത്തിന് കൈമാറാനും കോടതിയുടെ നിര്‍ദേശമുണ്ട്.
അതേസമയം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മന്ദത വന്നിരിക്കുന്നതെന്നാണ് പോലീസില്‍ നിന്നുള്ള വിവരം. കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനും തീരുമാനമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കമ്മിഷന്‍ റിട്ട. ജസ്റ്റിസ് നാരായണ കുറുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അപകാതയുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. കുമാറിന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന മുറിവുകളെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനും ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ ക്ഷതങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനുമാണ് പോസ്റ്റുമോര്‍ട്ടം ആവശ്യമായി വരുന്നത്. പുനര്‍പോസ്റ്റുമോര്‍ട്ടം അടുത്ത ദിവസങ്ങളില്‍ തന്നെ നടക്കുമെന്നാണ് വിവരമെങ്കിലും എന്ന് നടക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. കുമാറിനെ അടക്കിയ പള്ളി സെമിത്തേരിയില്‍ കാവല്‍ ഏര്‍പ്പാടുത്തിയിട്ടുണ്ട്.
കുമാറിന്റെ കസ്റ്റഡി മരണത്തെക്കുറിച്ചുള്ള അന്വേഷണം തന്നെ നിലയ്ക്കുന്ന ഘട്ടം എത്തിയിരിക്കുമ്പോള്‍ ഹരിത ഫിനാന്‍സുമായി ബന്ധപ്പെട്ട അന്വേഷണം എന്തായെന്ന ചോദ്യവും കുമാറിന്റെ ബന്ധുക്കള്‍ ഉയര്‍ത്തുന്നുണ്ട്. ഹരിത ഫിനാന്‍സിനു പിന്നില്‍ മറ്റു ചിലര്‍ ഉണ്ടെന്നും കുമാറിനെ അവര്‍ ബിനാമിയാക്കുകയായിരുന്നുവെന്നും പരാതികള്‍ നിലനില്‍ക്കുമ്പോള്‍ അതേക്കുറിച്ച് വ്യക്തതയൊന്നും അന്വേഷണ സംഘം നല്‍കുന്നില്ല. കസ്റ്റഡി മരണത്തിനൊപ്പം സാമ്പത്തിക തട്ടിപ്പ് കേസും അന്വേഷിക്കുമെന്നായിരുന്നു ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നത്. എന്നാല്‍ എത്ര രൂപയാണ് ഹരിത ഫിനാന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന കാര്യത്തില്‍ പോലും വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യവും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കുടുംബം പരാമര്‍ശിച്ചിട്ടുണ്ട്. ഹരിത ഫിനാന്‍സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണമെങ്കിലും പോലീസിന്റെ വാദം പതിനഞ്ച് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് മാത്രമാണ് നടത്തിയതെന്നാണ്. എഫ് ഐ ആറിലും ഈ രീതിയിലാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ കുടുംബം പറയുന്നത്, രാജ് കുമാര്‍ വന്‍തോതില്‍ പണം പിരിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തണമെന്നാണ്. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യം കണ്ടെത്താന്‍ കഴിയൂവെന്നും ഹര്‍ജിയില്‍ പറയുന്നു.
“കോടികള്‍ തട്ടിപ്പ് നടത്തിയെന്നാണ് പോലീസ് തന്നെ ആദ്യം പറഞ്ഞത്. ജൂണ്‍ 12ന് രാത്രി കുമാറുമായി ഇവിടെയെത്തിയ പോലീസുകാരും പറഞ്ഞത് ഇവന്‍ കോടികള്‍ തട്ടിപ്പ് നടത്തിയെന്നാണ്. അതും പറഞ്ഞാണ് ഞങ്ങളുടെയെല്ലാം മുന്നിലിട്ട് കുമാറിനെ ക്രൂരമായി തല്ലിയത്. ഇപ്പോള്‍ പറയുന്നത് കോടികളൊന്നും ഇല്ല, കുറച്ച് ലക്ഷങ്ങളെ ഉണ്ടായിരുന്നുള്ളൂവെന്നാണ്. ഇതില്‍ ഏതാണ് വിശ്വസിക്കേണ്ടത്. എത്ര രൂപ തട്ടിയെടുത്തൂവെന്ന് ആദ്യം കണ്ടെത്തണം. അത് എവിടെ പോയെന്നും കണ്ടെത്തണം. ഇതറിഞ്ഞാലേ കുമാറിനെ കൊലപ്പെടുത്തിയതിനു പിന്നിലെ സത്യാവസ്ഥ അറിയാന്‍ കഴിയൂ. കോടികളാണെങ്കിലും ലക്ഷങ്ങള്‍ ആണെങ്കിലും ആ പണം എവിടെ പോയെന്നു കണ്ടെത്തണമല്ലോ. ഇതുവരെ ആ പണം എവിടെയെന്നു പോലീസ് കണ്ടെത്തിയിട്ടില്ല. കുമാറിന്റെ കൈയില്‍ നിന്നും ഒന്നും കിട്ടിയിട്ടില്ല. വീട്ടില്‍ വച്ചിട്ടുണ്ടെന്നും പറഞ്ഞാണ് ഇവിടെ കൊണ്ടുവന്ന് ആ മഴയത്ത് ഇട്ട് തല്ലിയത്. എന്നിട്ട് എന്തെങ്കിലും കിട്ടിയോ? നാട്ടുകാരില്‍ നിന്നും പണം പിരിച്ചതായി പറയുന്നുണ്ട്. എന്നിട്ട് ആ പണം എവിടെ പോയി? ഇത്രയൊക്കെ തല്ലുകൊണ്ടിട്ടും കുമാര്‍ ഒന്നും പറഞ്ഞില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുമോ? ഒരുപക്ഷേ പണം എവിടെയുണ്ടെന്നു പോലീസിനും അറിയാമായിരക്കും, അതിനുവേണ്ടിയാകണം കുമാറിനെ കൊന്നതും. ഈ കേസ് ഇങ്ങനെയൊക്കെ അവസാനിപ്പിച്ചാല്‍ പിന്നെ പണം എവിടെയെന്നും ചോദിച്ച് ആരും വരില്ലല്ലോ. അതൊക്കെയായിരിക്കും ബുദ്ധി. പക്ഷേ, എന്തൊക്കെ വന്നാലും ഞങ്ങളിതിലെ സത്യം അറിയുന്നതുവരെ പിന്മാറില്ല. കേസിനു പിന്നാലെ നില്‍ക്കുന്നതുകൊണ്ട് എനിക്കും പല ഭീഷണികള്‍ വരുന്നുണ്ട്. അതിനൊക്കെ പിന്നില്‍ ആരാണെന്നു കണ്ടെത്തണം. ഭാര്യയ്ക്കും മക്കള്‍ക്കും കുറെ പണം കൊടുത്തതുകൊണ്ട് എല്ലാം അവസാനിപ്പിക്കാന്‍ പറ്റില്ല. കുമാറിനെ കൊന്നവരും അതിനു കൂട്ടുനിന്നവരും ശിക്ഷിക്കപ്പെടണം. അതോടൊപ്പം തന്നെയാണ് തട്ടിപ്പ് നടത്തിയ പണം എവിടെയാണെന്നും ആരൊക്കെ ചേര്‍ന്നാണ് കുമാറിനെ ചതിച്ചതെന്നും കണ്ടത്തേണ്ടതും”– കുമാറിന്റെ ബന്ധുവായ രാജേന്ദ്രന്‍ പറയുന്നു.
കുമാറിന്റെ ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് ഹരിത ഫിനാന്‍സുമായി ബന്ധപ്പെട്ട അന്വേഷണം. കോടികളുടെ തട്ടിപ്പ് നടന്നിട്ടില്ലെന്നു മാത്രമാണ് പോലീസും അന്വേഷണ സംഘവും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ആരൊക്കെയാണ് ഈ സ്ഥാപനത്തിനു പിന്നില്‍ ഉണ്ടായിരുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. ഇടപാടുകാര്‍ നിക്ഷേപിച്ച പണമെല്ലാം മറ്റൊരാളെ ഏല്‍പ്പിക്കുകയായിരുന്നു കുമാര്‍ ചെയ്തിരുന്നതെന്ന് രണ്ടും മൂന്നും പ്രതികളായ ശാലിനിയും മഞ്ജുവും മൊഴി നല്‍കിയിട്ടുണ്ട്. മലപ്പുറം സ്വദേശികളായ രാജു, നാസര്‍ എന്നിവരാണ് ഹരിത ഫിനാന്‍സിനു പണം മുടക്കിയിരുന്നതെന്നും വായ്പ്പ നല്‍കാനുള്ള പണം ഇവര്‍ വഴിയാണ് കിട്ടുന്നതെന്നും ഇടപാടുകാരില്‍ ചിലരോടും സ്ഥാപനത്തിലെ ജീവനക്കാരായിരുന്നവരോടും ശാലിനിയും മഞ്ജുവും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളിലേക്കൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കടന്നു ചെന്നിട്ടില്ലെന്നാണ് പരാതി. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന കുമാറിന് മലയാളമോ ഇംഗ്ലീഷോ എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. അങ്ങനെയുള്ളൊരാള്‍ ഒരു സാമ്പത്തിക സ്ഥാപനം എങ്ങനെ നടത്തുമെന്ന കുടുംബത്തിന്റെ ചോദ്യത്തിനും ഉത്തരം നല്‍കാന്‍ അന്വേഷണ സംഘത്തിന് ആയിട്ടില്ല. തട്ടിപ്പ് നടത്തിയ പണം ബാങ്കുകളില്‍ നിക്ഷേപിച്ചതായും കണ്ടെത്താന്‍ കഴിയാത്ത പക്ഷം ആ പണം മുഴുവന്‍ എവിടെ പോയി എന്ന ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉത്തരം കണ്ടെത്തേണ്ടിയിരുന്നതല്ലേ എന്നാണ് കുമാറിന്റെ അമ്മ കസ്തൂരിയും ചോദിക്കുന്നത്. പണം ആരെടുത്തെന്നു കണ്ടെത്തിയാല്‍ കുമാറിനെ ചതിച്ചവരെയും കണ്ടെത്താന്‍ കഴിയുമല്ലോ എന്നാണ് കസ്തൂരി പറയുന്നതും. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമൊന്നും പോലീസ് മറുപടി പറയാത്തതുകൊണ്ടാണ് മറ്റാരെങ്കിലും കേസ് അന്വേഷിക്കണമെന്നു പറയുന്നതെന്നും കുമാറിന്റെ അമ്മ വ്യക്തമാക്കുന്നു.
Read Azhimukham: മഴയ്ക്ക് ശമനമില്ല; മൂന്ന് ജില്ലകളില്‍ ഇന്നും അവധി; ആലപ്പുഴയില്‍ മാത്രം 225 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍