UPDATES

രക്തസാക്ഷിയായാലെങ്കിലും നീതി കിട്ടുമോ? ഞങ്ങളതിനും തയ്യാറാണ്; കൂടോല്‍ മിച്ചഭൂമിയിലെ താമസക്കാര്‍ പറയുന്നു

ഒരായുഷ്‌ക്കാലം കൊണ്ട് സമ്പാദിച്ച്, മക്കള്‍ക്കായി ചേര്‍ത്തു പിടിച്ച മണ്ണ് പെട്ടെന്നൊരു സുപ്രഭാതത്തില്‍ സര്‍ക്കാറിന്റെ മിച്ചഭൂമിയാണെന്നറിഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ചവരാണ് ഈ കൂടോല്‍ ജനത

“പിറകേ നടന്ന് നടന്ന് ചെരുപ്പ് തേഞ്ഞതല്ലാതെ ഇന്നോളം ഒരു പടി പോലും നേരെ മുന്നോട്ട് പോയിട്ടില്ല. ഈ വിഷയത്തില്‍ ഞങ്ങള്‍ ചെന്ന് മുട്ടാത്ത വാതിലുകളില്ല. മാറി മാറി വന്ന കളകക്ടര്‍മാര്‍, റവന്യൂ മന്ത്രിമാര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ ഇങ്ങനെ പലരുടെ മുന്നിലും അപേക്ഷകളുമായി ചെന്നിട്ടും ഇവിടുത്തെ ഭൂപ്രശ്‌നത്തിന് പരിഹാരമായിട്ടില്ല.”  കാസറഗോഡ് നീലേശ്വരം ബിരിക്കുളം പരപ്പ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 152/1സിയില്‍പ്പെട്ട കൂടോല്‍ മിച്ചഭൂമിയിലെ താമസക്കാരുടെ വാക്കുകളാണ്.

2011ലാണ് മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന 53 ഏക്കര്‍ സ്ഥലം സര്‍ക്കാറിന്റെ മിച്ച ഭൂമി ഇനത്തില്‍ പെട്ടതാണെന്നും, വര്‍ഷങ്ങളായി ഭൂമിക്ക് നികുതി കെട്ടി വരുന്ന കര്‍ഷകരും കൂലിപ്പണിക്കാരും താമസിച്ചുവരുന്ന ഇടം അവരുടേതല്ലെന്നും സര്‍ക്കാര്‍ പറഞ്ഞത്. നിനച്ചിരിക്കാത്ത നേരത്തുണ്ടായ പ്രഹരം ആ നാടിനെ ഒന്നടങ്കം പിടിച്ചുലച്ചു.

കണ്ണൂര്‍ ജില്ലയിലെ ആലക്കോട് സ്വദേശിയായിരുന്ന പി.കെ മാത്യൂസ് 1987ല്‍ നാട്ടില്‍ കുടുംബസ്വത്തായി ലഭിച്ച സ്ഥലം വിറ്റ് ഇവിടെ അഞ്ച് ഏക്കര്‍ സ്ഥലം വിലക്ക് വാങ്ങി, പുരയിടം പണിത് കുടുംബസമേതം താമസം തുടങ്ങിയതാണ്.

“87 മുതല്‍ ഞാനും കൂടോലുകാരനാണ്. കൃത്യമായി രേഖകളുള്ള സ്ഥലത്തിന് 2016 വരെ നികുതി അടച്ചിട്ടുണ്ട്. അതിന് ശേഷം നികുതിയടയ്ക്കാന്‍ ചെന്നപ്പോഴൊക്കെ വില്ലേജില്‍ നിന്നും നിങ്ങള്‍ക്ക് നികുതിയടക്കാന്‍ കഴിയില്ലെന്നും നിങ്ങള്‍ താമസിക്കുന്നത് സര്‍ക്കാരിന്റെ മിച്ചഭൂമിയിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അത്യാവശ്യം കൃഷിയും മറ്റുമായി പോകുന്ന കുടുംബമാണ് ഞങ്ങളുടേത്. കാര്‍ഷിക വായ്പ്പയെടുക്കാനോ, വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ മക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കാനോ ഇതു കാരണം കഴിയുന്നില്ല. പ്രായമായതിന്റെ അവശതകള്‍ കൂടാതെ, നട്ടെല്ലില്‍ പഴുപ്പ് കയറുന്ന രോഗം കൂടിയുണ്ടെനിക്ക്. നേരത്തേ കുറേക്കാലം മണ്ണിന് വേണ്ടി സര്‍ക്കാരിന്റെ പിറകേ നടന്നീന്. ഇപ്പം കഴിയുന്നില്ല; കൂടോലിലെ മാത്യൂസ് പറയുന്നു. സ്വന്തം മണ്ണിന് വേണ്ടി അവസാന ശ്വാസം വരെ പോരാടുമെന്ന് പറഞ്ഞ് രൂപീകരിച്ച പരപ്പ വില്ലേജ് 152/1സി ജനകീയ സമിതിയുടെ ചെയര്‍മാന്‍ കൂടിയാണ് മാത്യൂസ്.

"</p

കാഞ്ഞങ്ങാട് സൗത്ത് സ്വദേശി ചിത്രാംഗദന്‍ മിച്ചഭൂമിയിലേക്ക് വന്നയാളാണ്. അളന്ന് കിട്ടിയ 92 സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി പലതവണ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി. മൂന്ന് തവണ അളന്നു തിട്ടപ്പെടുത്തിയ ചിത്രാംഗദന്റെ ഭൂമിക്ക് ഇതുവരേയ്ക്കും പട്ടയം ലഭിച്ചിട്ടില്ല.

പതിനേഴ് കൊല്ലായി ഞാനീട താമസിക്ക്ന്ന്. അതോണ്ട് പഞ്ചായത്ത്ന്ന് ഒര് സര്‍ട്ട്ഫിക്കട്ട് കിട്ടീന്. എല്ലാരിക്കും കരണ്ട് കൊട്ക്ക്ന്നതിന്റെ ഒക്ക എനക്കും കരണ്ട് കിട്ടി. പക്ഷേ… റേഷന്‍ കാര്‍ഡൊന്നും എനക്കല്ല… സര്‍ക്കാരിന്റെ പുതിയ ലൈഫ് പരിപാടീല് എനക്ക് ബീട് പാസായിന്… പക്ഷേ.. സലും ഇല്ലാത്തവര്ക്ക് എന്ത്ന്ന് വീട് കിട്ട്‌വാ..? ചിത്രാംഗദന്‍ പറഞ്ഞു.

പ്രശ്‌നഭൂമിയാണെന്ന് മനസ്സിലായ ഉടന്‍ തന്നെ അവിടുത്തെ താമസക്കാരായ 36 കുടുംബങ്ങളെയും വിളിച്ച് ചേര്‍ത്ത് കുറച്ചു പേര്‍ രംഗത്തിറങ്ങി. അങ്ങനെയാണ് പരപ്പ വില്ലേജ് 152/1സി ജനകീയ സമിതി ഉണ്ടാകുന്നത്. അതിന് ശേഷം പല തവണയായി വിവിധ തലങ്ങളില്‍ സര്‍ക്കാരുമായി ഇടപെട്ടിട്ടും കാര്യമായ മാറ്റം എവിടെ നിന്നും ഉണ്ടായിട്ടില്ല. ഒരേ സമയം സര്‍ക്കാര്‍ ഭൂമിയായും സ്വകാര്യഭൂമിയായും ഈപ്രദേശത്തെ വില്ലേജ് ഓഫീസിലെ രേഖകളില്‍ കാണുന്നുണ്ട്. കാസര്‍കോട് ജില്ലയ്ക്ക് പുതിയതായി ഒരു താലൂക്ക് കൂടി ലഭിച്ചപ്പോള്‍, വെള്ളരിക്കുണ്ട് താലൂക്കിലെത്തി പരാതി ബോധിപ്പിച്ച ശേഷം, സ്ഥലത്തെ താമസക്കാരില്‍ നിന്നും പിരിച്ച പണമുപയോഗിച്ച് തഹസില്‍ദാറിനെ സ്ഥലത്ത് കൊണ്ടുവന്ന്, പ്രൈവറ്റ് സര്‍വ്വേയറെ വിളിച്ച് മണ്ണ് അളന്നിരുന്നു. പിന്നീട് ഇതിനെക്കുറിച്ച് മറ്റൊരു അറിയിപ്പോ, ഒന്നും തന്നെ ഉണ്ടായിട്ടില്ല.

പ്രായാധിക്യം ബാധിച്ച ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് ഏഴ് മക്കളുണ്ട്. ചേര്‍ത്ത് പിടിച്ച മണ്ണ് പറക്കമുറ്റിയ മക്കള്‍ക്ക് പതിച്ചുനല്‍കാനാകാതെ വിഷമിക്കുകയാണിവര്‍. ആണ്‍മക്കള്‍ പലരും വിവാഹശേഷം വധൂ ഗൃഹത്തിലാണ് താമസം. ഇപ്പോള്‍ മൂന്ന് പേര്‍ ലക്ഷ്മിക്കുട്ടിയമ്മയുടെ കൂടെ കൂട്ടു കുടുംബമായാണ് താമസം. മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച വീട് രണ്ട് തവണ പൊളിഞ്ഞു വീണിട്ടുണ്ട്. വീടിന്റെ മുകള്‍ ഭാഗം പല തവണകളിലായി ഷീറ്റ് വെച്ച് മറച്ചാണ് ഇവരുടെ താമസം.

"</p

സ്‌കെച്ച് പ്രകാരം സ്ഥലം സന്ദര്‍ശിച്ച് അതിന്റെ വിവരങ്ങള്‍ കലക്ട്രേറ്റിലേക്ക് നല്‍കിയിട്ടുണ്ടെന്ന് പരപ്പ വില്ലേജ് ഓഫീസര്‍ പറയുന്നു. സര്‍ക്കാര്‍, ഭൂമി ഏറ്റെടുത്തശേഷം പട്ടയം ലഭിച്ച ആളുകള്‍ വരെ അവിടെയുണ്ട്. അതിനാല്‍ തന്നെ പ്രശ്‌നം കുറച്ച് സങ്കീര്‍ണ്ണമാണെന്നും അദ്ദേഹം പറയുന്നു.

ഒരായുഷ്‌ക്കാലം കൊണ്ട് സമ്പാദിച്ച്, മക്കള്‍ക്കായി ചേര്‍ത്തു പിടിച്ച മണ്ണ് പെട്ടെന്നൊരു സുപ്രഭാതത്തില്‍ സര്‍ക്കാറിന്റെ മിച്ചഭൂമിയാണെന്നറിഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ചവരാണ് ഈ കൂടോല്‍ ജനത. അന്നുമുതല്‍ ഇന്നു വരേയും വിറളി പിടിച്ച ഓട്ടത്തിലാണിവര്‍. വില്ലേജ്, താലൂക്ക്, കളക്ട്രേറ്റ്, സെക്രട്ടറിയേറ്റ്… ഇങ്ങനെ നിലയ്ക്കാത്ത ഓട്ടത്തിനിടയില്‍ പലര്‍ക്കും കാലിടറി. അസുഖത്താലും, മാനസിക സമ്മര്‍ദ്ദത്താലും പലരും ചുരുണ്ടു കൂടിത്തുടങ്ങി. എല്ലാ തവണയും ജനങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഭരണത്തിന്റെ ഓരോ തലത്തിലുമുള്ള ഉദ്യോഗസ്ഥര്‍ കൈക്കൊണ്ടിട്ടുണ്ട് എന്ന് പറയുമ്പോഴും ആറ് വര്‍ഷങ്ങള്‍ക്കിപ്പുറവും പരപ്പ വില്ലേജ് 152/1സി ചുവപ്പു നാടയില്‍ക്കുരുങ്ങി തന്നെ കിടക്കന്നു.

മനസു മടുത്ത ഇവിടുത്തെ കര്‍ഷകരും, കൂലിത്തൊഴിലാളികളുമായ താമസക്കാര്‍ ചോദിക്കുന്നു… ഞങ്ങളിനിയെന്ത് ചെയ്യണം? ഒരു രക്തസാക്ഷിയുണ്ടായാല്‍ എല്ലാര്‍ക്കും നീതി കിട്ടുമോ..? എങ്കില്‍ ഞങ്ങളിലൊരാള്‍ അതിനു തയ്യാറാണ്…

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍