സന്തോഷവാര്‍ത്തയറിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളുടെ മരണം. ‘സംസ്ഥാനതലത്തില്‍ എവിടെയെങ്കിലും സീറ്റു കിട്ടിയേനെ. പക്ഷേ അപ്പോഴേക്കും ഇതു സംഭവിച്ചുപോയി.
പുതിയങ്ങാടി പള്ളിക്കണ്ടി കടപ്പുറത്തോടു ചേര്‍ന്നുള്ള ഷെര്‍ളിധരന്റെ വീട്ടില്‍ ഇപ്പോഴും സങ്കടം തോര്‍ന്നിട്ടില്ല. പുതിയങ്ങാടിയില്‍ തീരദേശത്തു നിന്നുമുള്ള ആദ്യത്തെ ഡോക്ടറുടേതാകും എന്ന് നാട്ടുകാരും ബന്ധുക്കളും കരുതിയിരുന്ന വീട്ടിലേക്ക് കഴിഞ്ഞ ദിവസമെത്തിയത് ഒരു മരണവാര്‍ത്തയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് വെസ്റ്റ് ഹില്‍ റെയില്‍വേ സ്‌റ്റേഷനടുത്ത് ട്രെയിന്‍ തട്ടി മരിച്ച വന്ദനയുടെ വീടാണത്. നീറ്റ് പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് നേടാനാകാത്തതിനെത്തുടര്‍ന്നാണ് പതിനേഴുവയസ്സുകാരി വന്ദന ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതെന്നാണ് നടക്കാവ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വന്ദന വെസ്റ്റ് ഹില്‍ റെയില്‍വേ സ്‌റ്റേഷനു സമീപം എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് തട്ടി മരിച്ചത്.
തന്റെ പ്രദേശത്തു നിന്നുമുള്ള ആദ്യത്തെ ഡോക്ടറാകണം എന്ന ആഗ്രഹത്തോടുകൂടി പഠിച്ചിരുന്ന വന്ദന നീറ്റ് പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാണെന്ന് അടുപ്പമുള്ളവര്‍ പറയുന്നു. നീറ്റ് പരീക്ഷയുടെ റാങ്ക് പുറത്തുവന്നപ്പോള്‍ ഫലം പരിശോധിച്ച വന്ദന, ആദ്യം കരുതിയിരുന്നത് തനിക്ക് ഉയര്‍ന്ന റാങ്ക് തന്നെ ലഭിച്ചിട്ടുണ്ടെന്നായിരുന്നു. ബന്ധുക്കളോടും അയല്‍വാസികളോടും ഇക്കാര്യം പറയുകയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം റാങ്ക് ലിസ്റ്റിന്റെ പകര്‍പ്പെടുക്കാനായി അക്ഷയ കേന്ദ്രത്തിലെത്തിയപ്പോഴാണ് ഫലം നോക്കിയതില്‍ പിഴവു പറ്റിയതായി വന്ദന മനസ്സിലാക്കുന്നത്. ‘9000 റാങ്ക് കിട്ടിയെന്നാണ് ആദ്യം തെറ്റിദ്ധരിച്ചത്. വീടിനടുത്തൊക്കെ മധുരം കൊടുത്ത് നന്നായി ആഘോഷിച്ചിരുന്നു. എം.ബി.ബി.എസ് സീറ്റു കിട്ടണമെന്ന് അത്രയ്ക്ക് ആഗ്രഹമായിരുന്നു. ഇന്നലെ കാലത്ത് അക്ഷയയില്‍ പോയപ്പോഴാണ് 9000 അല്ല, 90,000 ആണ് റാങ്ക് എന്നു തിരിച്ചറിഞ്ഞത്. അതറിഞ്ഞപ്പോള്‍ വീട്ടിലേക്ക് തിരിച്ചുവരാന്‍ പ്രയാസം തോന്നിക്കാണണം. അച്ഛനോടും അമ്മയോടും ക്ഷമിക്കണം എന്നൊക്കെ ആവശ്യപ്പെട്ട് കൈയിലൊരു കത്തൊക്കെ എഴുതിവച്ചിരുന്നു. എന്നിട്ടാണ് വണ്ടിക്കു മുന്നിലേക്ക് ചാടുന്നത്.’
മത്സ്യത്തൊഴിലാളിയാണ് വന്ദനയുടെ അച്ഛന്‍ ഷെര്‍ളിധരന്‍. വീട്ടിലില്ലാതിരുന്ന ഷെര്‍ളിധരനെ ഫോണില്‍ ബന്ധപ്പെട്ട് എം.ബി.ബി.എസിന് സീറ്റുറച്ച കാര്യവും വന്ദന തലേ ദിവസം അറിയിച്ചിരുന്നു. സന്തോഷവാര്‍ത്തയറിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളുടെ മരണം. ‘സംസ്ഥാനതലത്തില്‍ എവിടെയെങ്കിലും സീറ്റു കിട്ടിയേനെ. പക്ഷേ അപ്പോഴേക്കും ഇതു സംഭവിച്ചുപോയി. വിവരമറിഞ്ഞ ശേഷം അവള്‍ ആരോടും സംസാരിച്ചിട്ടുമില്ലായിരുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ നില്‍ക്കുന്നതു കണ്ട് അന്വേഷിച്ചവരോട് ട്രെയിന്‍ കാത്തു നില്‍ക്കുകയാണ് എന്നാണ് പറഞ്ഞിരുന്നത്. കുടുംബത്തിന്റെ പശ്ചാത്തലം വച്ചു നോക്കുമ്പോള്‍ നന്നായിത്തന്നെ പഠിച്ചു മുന്നോട്ടു വന്നിരുന്ന കുട്ടിയായിരുന്നു. അച്ഛനും സഹോദരങ്ങളും മത്സ്യത്തൊഴിലാളികളാണ്. വീട്ടില്‍ ആര്‍ക്കും വലിയ വിദ്യാഭ്യാസയോഗ്യതയൊന്നുമില്ല താനും. അതുകൊണ്ടു തന്നെ സ്വന്തം പ്രയത്‌നം കൊണ്ടു മാത്രം പഠിച്ച് ഇവിടെവരെയെത്തിയ കുട്ടിയാണ്. തീരദേശത്തു നിന്നുള്ള ഒരു ഡോക്ടറാകും എന്നായിരുന്നു വലിയ ആഗ്രഹം.’ വന്ദനയുടെ നാട്ടുകാര്‍ പറയുന്നതിങ്ങനെ. ആഗ്രഹം പൂര്‍ത്തീകരിക്കാനായി പ്ലസ് ടു പഠനത്തോടൊപ്പം എന്‍ട്രന്‍സ് പരിശീലനവും നേടിയിരുന്നു വന്ദന.
നീറ്റ് പരീക്ഷയുടെ ഫലം പുറത്തുവന്നതു മുതല്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. തമിഴ്‌നാട്ടില്‍ നിന്നു മാത്രം മൂന്നു വിദ്യാര്‍ത്ഥികളാണ് നീറ്റ് ഫലം കാരണം ജീവനൊടുക്കിയത്. തിരുപ്പൂര്‍ സ്വദേശിനിയായ വൈശ്യ, തഞ്ചാവൂരില്‍ നിന്നുള്ള ഋതുശ്രീ, വില്ലുപുരം സ്വദേശിനി മോനിഷ എന്നിവരാണ് നേരത്തേ ആത്മഹത്യ ചെയ്തിരുന്നത്. സമാനമായ രീതിയില്‍ മാര്‍ക്ക് കുറഞ്ഞതിലുണ്ടായ നൈരാശ്യമാണ് വന്ദനയുടെ മരണത്തിനു പിന്നിലെ കാരണവും എന്നായിരുന്നു പൊലീസിന്റെ നിരീക്ഷണം. എന്നാല്‍, ആദ്യം ഫലം നോക്കിയതിലുണ്ടായ പിഴവാണ് വന്ദനയെ സംഘര്‍ഷത്തിലാക്കിയത് എന്ന് അടുപ്പമുള്ളവര്‍ പറയുന്നുമുണ്ട്. ഫലമറിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്ന വീട്ടിലേക്ക് അടുത്ത ബന്ധുക്കളും കടലില്‍ മത്സ്യബന്ധനത്തിനു പോയിരുന്ന ഷെര്‍ളിധരനും സന്തോഷം പങ്കിടാന്‍ എത്തിച്ചേര്‍ന്നിരുന്നു. അതിനിടെയാണ് വന്ദനയുടെ മരണവാര്‍ത്തയുമെത്തിയത്.
Read More: വൈറസില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഡോക്ടര്‍ എറണാകുളത്ത് തിരക്കിലാണ്; രണ്ടാം നിപയെ പിടിച്ചുകെട്ടാന്‍