UPDATES

പച്ചക്കള്ളം പറഞ്ഞു പ്രിന്‍സിപ്പല്‍; കോളേജിന് പുറത്തു നടത്തിയ പുനഃപരീക്ഷ വിജയിച്ചിട്ടും ജിഷ്ണു പ്രണോയ് കേസില്‍ സാക്ഷികളായ വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നത് തുടര്‍ന്ന് നെഹ്റു കോളേജ് മാനേജ്മെന്‍റ്

കേസന്വേഷണം അട്ടിമറിക്കാന്‍ നെഹ്‌റു കോളേജ് മാനേജ്‌മെന്റ് ശ്രമിക്കുകയാണെന്ന് ആരോപിച്ചു സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം

പരീക്ഷയില്‍ വിജയം നേടിയിട്ടും വിദ്യാര്‍ത്ഥികളെ വെറുതെ വിടാതെ നെഹ്‌റു കോളേജിന്റെ അക്കാദമിക് പീഡനം തുടരുന്നു. കോളേജ് അധികൃതര്‍ മനഃപൂര്‍വം പരീക്ഷയില്‍ പരാജയപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ആരോഗ്യ സര്‍വ്വകലാശാല നടത്തിയ പുനഃപരീക്ഷ ജയിച്ചു വന്ന അതുല്‍ ജോസിനോടാണ് വീണ്ടും കോളേജിന്റെ പ്രതികാര നടപടി. പ്രാക്ടിക്കല്‍ പുനഃപരീക്ഷയില്‍ വിജയിച്ചതിനെ തുടര്‍ന്ന് നാലാം വര്‍ഷ പരീക്ഷകള്‍ എഴുതാന്‍ അതുലിനെ ആരോഗ്യ സര്‍വ്വകലാശാല അനുവദിച്ചിരുന്നു. പരീക്ഷ രജിസ്‌ട്രേഷനുള്ള തീയതി അവസാനിച്ചിരുന്നെങ്കിലും കോളേജ് മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയ്ക്ക് ഇരയായ അതുലിന് ഒരു അധ്യയന വര്‍ഷം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവരുതെന്നും പ്രത്യേകമായി പരിഗണിച്ചുകൊണ്ട് നാലാം വര്‍ഷ പരീക്ഷ എഴുതാന്‍ സൗകര്യം ചെയ്തു കൊടുക്കണമെന്നും യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ ഈകാര്യത്തില്‍ അതുലിന് അനുകൂലമായ കോടതി ഉത്തരവും ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏഴാം തീയതി പരീക്ഷ രജിസ്‌ട്രേഷനായി അതുല്‍ നെഹ്‌റു കോളേജില്‍ എത്തിയെങ്കിലും പ്രിന്‍സിപ്പിലോ, വൈസ് പ്രിന്‍സിപ്പിലോ മറ്റു ജീവനക്കാരോ കോളേജില്‍ ഇല്ല എന്നു പറഞ്ഞു മടക്കി അയക്കുകയായിരുന്നു എന്ന് അതുല്‍ പറയുന്നു.

‘അഞ്ചാം തീയതി വൈകുന്നേരമാണ് പുനഃപരീക്ഷയുടെ റിസള്‍ട്ട് അറിഞ്ഞത്. പിറ്റേന്ന് ഞായറാഴ്ച ആയതിനാല്‍ ഏഴാം തീയതി തിങ്കളാഴ്ച കോളേജില്‍ എത്തി പരീക്ഷ രജിസ്‌ട്രേഷന്‍ നടത്താന്‍ ശ്രമിച്ചു. അപ്പോള്‍ കോളേജില്‍ പ്രിന്‍സിപ്പില്‍ ഇല്ല, പകരം ചുമതലപ്പെടുത്തിയിട്ടുള്ള ആരുമില്ല എന്നൊക്കെ പറഞ്ഞു രജിസ്‌ട്രേഷന്‍ നടത്താന്‍ സമ്മതിച്ചില്ല. എട്ടാം തീയതി നടക്കുന്ന പരീക്ഷ എഴുതാനായിരുന്നു അന്ന് തന്നെ രജിസ്‌ട്രേഷന്‍ നടത്താന്‍ ശ്രമിച്ചത്. പക്ഷെ കോളേജിലെ ഓഫീസിലുണ്ടായിരുന്നവര്‍ അതിന് അനുവദിച്ചില്ല. എട്ടാം തീയതി പണിമുടക്ക് മൂലം അന്നു നടക്കേണ്ട പരീക്ഷ മാറ്റി വച്ചിട്ടുണ്ട്. അതിനു രജിസ്റ്റര്‍ ചെയ്യാനാണ് കഴിഞ്ഞ വ്യാഴാഴ്ച ഞാന്‍ കോളേജില്‍ ചെന്നത്. തനിയെ ചെന്നാല്‍ വീണ്ടും അവര്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സമ്മതിച്ചില്ലെങ്കിലോ എന്നു കരുതി ആരോഗ്യ സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ ഡോ. ദീപു ദാമോദരനെയും ഒപ്പം കൂട്ടിയാണ് പോയത്. കോളേജിലേത്തി പ്രിന്‍സിപ്പല്‍ ബി. ശ്രീധരനെ കണ്ടപ്പോള്‍ അദ്ദേഹം തൊട്ട് മുന്‍പ് യുണിവേഴ്‌സിറ്റിയ്ക്ക് അയച്ച ഒരു മെയില്‍ കാണിച്ചു തന്നു. ‘എന്നെ പരീക്ഷ എഴുതിക്കാന്‍ സമ്മതമാണെന്ന് പറഞ്ഞുള്ള മെയില്‍ ആയിരുന്നു അത്. എന്നിട്ട് അദ്ദേഹം പറഞ്ഞത് ഈ മെയില്‍ കണ്ടിട്ട് യൂണിവേഴ്‌സിറ്റി എക്‌സാം കണ്‍ട്രോളര്‍ അദ്ദേഹത്തെ വിളിച്ചുവെന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് എന്നെക്കൊണ്ട് പരീക്ഷ എഴുതിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചുവെന്നുമാണ്. ഞങ്ങള്‍ അത് കേട്ട് യൂണിവേഴ്‌സിറ്റിയില്‍ പോയി അന്വേഷിച്ചൊക്കെ വരുമ്പോള്‍ പരീക്ഷ രജിസ്‌ട്രേഷനുള്ള സമയം അവസാനിക്കും എന്നത് മനസ്സില്‍ കണ്ടു കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. പക്ഷെ ഡോ. ദീപുവിന്റെ കയ്യില്‍ യൂണിവേഴ്‌സിറ്റി എക്‌സാം കണ്‍ട്രോളര്‍ ഡോ. സി പി വിജയന്‍ സാറിന്റെ നമ്പര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ വിളിച്ചപ്പോള്‍ ആള്‍ അങ്ങനെയൊരു കാര്യമേ പറഞ്ഞിട്ടില്ല എന്നു പറഞ്ഞു. മാത്രമല്ല അദ്ദേഹം അന്ന് അവധിയില്‍ ആയിരുന്നതുകൊണ്ട് സര്‍വ്വകലാശാല ആസ്ഥാനത്തു പോലും ഉണ്ടായിരുന്നില്ല. ശ്രീധരന്‍ സര്‍ പറഞ്ഞത് കള്ളമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ പിന്നെ അദ്ദേഹം പറഞ്ഞത് പരീക്ഷ കണ്‍ട്രോളറോടല്ലേ അദ്ദേഹത്തിന്റെ ഓഫീസ് സ്റ്റാഫാണ് സംസാരിച്ചതെന്ന്. പ്രിന്‍സിപ്പലിന്റെ മുന്നില്‍ ഇരുന്നു തന്നെ ഞങ്ങള്‍ അവിടേയ്ക്കും വിളിച്ചു. അപ്പൊള്‍ അവിടുന്നും ആരും അങ്ങനെ പറഞ്ഞിട്ടില്ല എന്ന് മനസ്സിലായി.അങ്ങനെയാണ് ഒടുവില്‍ പരീക്ഷ രജിസ്‌ട്രേഷന്‍ നടത്താന്‍ സമ്മതിച്ചത്’.

ജിഷ്ണു കേസില്‍ മൊഴി നല്‍കിയതിന് നെഹ്റു കോളേജ് മാനേജ്മെന്‍റ് തോല്‍പ്പിച്ച കുട്ടികള്‍ക്ക് കോളേജിന് പുറത്തു നടത്തിയ പുനഃപരീക്ഷയില്‍ വിജയം

തന്നെ പരീക്ഷ എഴുതിക്കാതിരിക്കാന്‍ പ്രിന്‍സിപ്പിള്‍ പറഞ്ഞ എല്ലാ കള്ളങ്ങളും അവിടെ വച്ചു തന്നെ തെളിയിച്ചത് കൊണ്ടാണ് ഒരു വര്‍ഷം നഷ്ടപ്പെടാതെ പരീക്ഷ എഴുതാന്‍ തനിക്ക് അവസരമുണ്ടായതെന്നും എന്നാല്‍ ഇതു കൊണ്ടൊന്നും തന്നോടുള്ള മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ അവസാനിക്കുമെന്ന് കരുതുന്നില്ലെന്നും അതുല്‍ പറയുന്നു. പക്ഷെ ഓരോ സംഭവമുണ്ടാവുമ്പോഴും യുണിവേഴ്‌സിറ്റിയ്ക്ക് പരാതി കൊടുത്തും യൂണിയന്‍ ചെയര്‍മാനെ വിളിച്ചു കൊണ്ടു വന്നും മറ്റുമൊക്കെ മുന്നോട്ട് പോവുന്നത് എപ്പോഴും പ്രയോഗികമാവില്ലല്ലോ എന്ന ആശങ്കയാണ് അതുല്‍ പങ്കു വയ്ക്കുന്നത്.

എന്നാല്‍ കുറ്റക്കാരായ അധ്യാപകരെ പുറത്താക്കുന്നത് വരെ നെഹ്‌റു കോളേജ് മാനേജ്‌മെന്റിനോടുള്ള പ്രതിഷേധത്തില്‍ നിന്ന് തങ്ങള്‍ പിന്നോട്ടില്ലെന്നാണ് യൂണിയന്‍ ചെയര്‍മാനായ ഡോ. ദീപു ദാമോദരന്‍ അഴിമുഖത്തിനോട് പറഞ്ഞത്.‘ അടിയന്തിരമായി അതുലിനെ പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്ന ഉത്തരവിട്ടത് യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് അഡ്ജുഡിക്കേഷനാണ്. ആ ഉത്തരവിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നെഹ്‌റു കോളേജിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. അതുലിന് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് ലിങ്ക് ജനുവരി അഞ്ചിന് തന്നെ യൂണിവേഴ്‌സിറ്റി വെബ് സൈറ്റില്‍ ലഭ്യമാക്കിയിരുന്നു. അതനുസരിച്ചാണ് അതുല്‍ ഏഴാം തീയതി പരീക്ഷ രജിസ്‌ട്രേഷനായി ചെന്നത്. അന്ന് ജിഷ്ണുവിന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു കോളേജില്‍ ഒരു അനുസ്മരണ പരിപാടി സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നു. അതില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കാതിരിക്കാന്‍ അന്ന് മാനേജ്‌മെന്റ് കോളേജിന് അവധി പ്രഖ്യാപിച്ചു. അതുലിനെ രജിസ്‌ട്രേഷന്‍ നടത്താന്‍ അനുവദിക്കാതെ തിരികെ പറഞ്ഞയക്കുകയും ചെയ്തു. ഇത്രയുമായപ്പോഴാണ് ഞങ്ങള്‍ കഴിഞ്ഞ പത്താം തീയതി ക്യാമ്പസില്‍ എത്തിയത്. അവിടെ വച്ച് അതുലിനെ പരീക്ഷ എഴുതിക്കാം എന്നു സമ്മതിച്ചുകൊണ്ട് കോളേജ് അയച്ച മെയിലിന്റെ പ്രിന്റ് കണ്ടപ്പോഴേ അതില്‍ ഒരു ചതിയുണ്ടെന്ന് സംശയം തോന്നി. കാരണം യൂണിവേഴ്‌സിറ്റിയില്‍ അങ്ങനെ ഒരു മെയില്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അതിന് മെയിലില്‍ തന്നെ മറുപടിയും കാണേണ്ടതാണ്. ഞങ്ങള്‍ ചെല്ലുന്നതിനു തൊട്ട് മുന്‍പ് അയച്ച മെയിലിനു മറുപടി എക്‌സാം കണ്‍ട്രോളര്‍ ഫോണില്‍ വിളിച്ചു പറഞ്ഞു എന്ന പ്രിന്‍സിപ്പലിന്റെ വാദത്തിന് വ്യക്തത വരുത്താനാണ് കണ്‍ട്രോളറെ നേരിട്ട് വിളിച്ചത്. അപ്പോള്‍ അദ്ദേഹം പറയുന്നു താന്‍ ഇതൊന്നും അറിഞ്ഞിട്ടില്ല, ലീവിലാണ് എന്ന്. ശിക്ഷ കിട്ടാതിരിക്കാന്‍ അധ്യാപകരുടെ മുന്നില്‍ കള്ളം പറയുന്ന വിദ്യാര്‍ത്ഥികളുടെ കാര്യമൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിരുന്ന് പച്ചക്കള്ളം പറയുന്ന അധ്യാപകരാണ് ഈ കാലത്തെ കാഴ്ച. അതും മരിച്ചു പോയ സഹപാഠിയ്ക്ക് നീതി കിട്ടാന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ഭാവി നശിപ്പിക്കുന്നതിനായി. ഇത്തരം അധ്യാപകരെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമില്ല. അവരെ പുറത്താക്കണമെന്ന് ഞങ്ങള്‍ സര്‍വ്വകലാശാലയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമര നടപടികളുമായി മുന്നോട്ട് പോവുന്നതാണ് ‘.

നെഹ്‌റു കോളേജ് മാനേജ്‌മെന്റ് ജിഷ്ണു പ്രണോയ് കേസിലെ സാക്ഷികളായ വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ മനഃപൂര്‍വം തോല്‍പ്പിക്കുന്നു എന്ന ആരോപണത്തില്‍ യൂണിവേഴ്‌സിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ പ്രവര്‍ത്തനം പുരോഗമിക്കുകയാണിപ്പോള്‍. മാര്‍ക്ക് വെട്ടി തിരുത്തി കോളേജ് മാനേജ്‌മെന്റും അധ്യാപകരും ചേര്‍ന്ന് തുടരെതുടരെ തങ്ങളെ പരീക്ഷയില്‍ തോല്‍പ്പിക്കുകയാണെന്ന വിദ്യാര്‍ത്ഥികളുടെ വാദം ശരി വയ്ക്കുന്നതായിരുന്നു അന്വേഷണ കമ്മീഷന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ച് പുനഃപരീക്ഷ നടത്തിയത്. ആ പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥിയായ അതുലിനെയാണ് തുടര്‍ പരീക്ഷ എഴുതുന്നതില്‍ നിന്നും തടയാനുള്ള ശ്രമം നടക്കുന്നത്. അതിനിടെ ജിഷ്ണു കേസില്‍ സാക്ഷികളായ വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ പരാജയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കേസന്വേഷണം അട്ടിമറിക്കാന്‍ നെഹ്‌റു കോളേജ് മാനേജ്‌മെന്റ് ശ്രമിക്കുകയാണെന്ന് ആരോപിച്ചു സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം.

ജിഷ്ണു പ്രണോയ് കേസില്‍ മൊഴി കൊടുത്തു; വിദ്യാര്‍ത്ഥിയെ പരീക്ഷയില്‍ തോല്‍പ്പിച്ച് നെഹ്റു കോളേജ് മാനേജ്‌മെന്റിന്റെ വേട്ടയാടല്‍

സേതുരാമയ്യര്‍ ഇനി വന്നിട്ട് കാര്യമുണ്ടോ? മമ്മൂട്ടിയോടല്ല; സിബിഐക്ക് വേണ്ടി മുറവിളി കൂട്ടുന്ന നാട്ടുകാരോടാണ്

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍