UPDATES

എച്ച്ഐവി ബാധിതനേയും കുടുംബത്തേയും നാട്ടുകാര്‍ വീട്ടില്‍ നിന്ന് അടിച്ചോടിച്ചു; വെള്ളപ്പൊക്ക ദുരിതത്തിനിടയില്‍ നാം അറിയാതെ പോയ മറ്റൊരു ദുരന്ത വാര്‍ത്ത

റാന്നി അങ്ങാടി പഞ്ചായത്തില്‍ നെല്ലിക്കാമണ്ണില്‍ കരിങ്കുറ്റി ലക്ഷംവീട് കോളനിയിലാണ് സംഭവം

എച്ച് ഐ വി പോസിറ്റീവായ വ്യക്തിയേയും കുടുംബത്തേയും പരിസരവാസികളായ ചിലര്‍ ചേര്‍ന്ന് വീട്ടില്‍ താമസിക്കാന്‍ അനുവദിക്കാതെ ആക്രമിച്ചു തുരത്തിയതായി പരാതി. കഴിഞ്ഞ മൂന്നു- നാലു ദിവസങ്ങളായി എച്ച് ഐ വി ബാധിതനായ വ്യക്തിയും ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് പെണ്‍കുട്ടികളും സ്വന്തം വീട്ടില്‍ കയറാനാകാതെ ഒരു സുഹൃത്തിന്റെ വീട്ടില്‍ കഴിഞ്ഞു വരികയാണ്. തങ്ങളുടെ വീടാക്രമിച്ച് വധശ്രമം നടത്തിയവര്‍ക്കെതിരേ പരാതി നല്‍കിയിട്ടും സ്വന്തം വീട്ടില്‍ തന്നെ താമസിക്കാന്‍ സംരക്ഷണമൊരുക്കണമെന്നാവശ്യപ്പെട്ടിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ലെന്നാണ് രോഗബാധിതനായ വ്യക്തി അഴിമുഖത്തോട് പറയുന്നത്. എന്നാല്‍ ഇയാള്‍ താമസിക്കുന്ന പ്രദേശത്തെ നാട്ടുകാരുമായി വാക്കുതര്‍ക്കം ഉണ്ടാക്കുകയും അക്രമസ്വഭാവം കാണിക്കുകയും ചെയ്തതോടെ പ്രദേശവാസികള്‍ ചെറുത്തു നിന്നതാണെന്നും ഈ പ്രശ്‌നത്തെ തനിക്ക് അനുകൂലമാക്കാന്‍ എച്ച് ഐ വി ബാധിതനാണെന്നത് മറയാക്കുകയാണെന്നുമാണ് പൊലീസ് ഉള്‍പ്പെടെ ഈ വിഷയത്തില്‍ നല്‍കുന്ന പ്രതികരണം.

റാന്നി സ്വദേശിയായ ബാബു (യഥാര്‍ത്ഥ പേരല്ല) ഇപ്പോള്‍ താമസിച്ചു വരുന്നത് റാന്നി അങ്ങാടി പഞ്ചായത്തില്‍ നെല്ലിക്കാമണ്ണില്‍ കരിങ്കുറ്റി ലക്ഷംവീട് കോളനിയിലാണ്. ബാബുവിന് ഭാര്യയും പ്ലസ് ടുവിനും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളും ഉണ്ട്. കൂലിപ്പണിക്കാരനായിരുന്നു ബാബു, ഭാര്യയും വീട്ടുജോലികള്‍ ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. സ്വന്തമായി വീട് ഇല്ലാതിരുന്ന ഇവര്‍ വാടകവീടുകളിലായാണ് താമസിച്ചുപോന്നിരുന്നത്. 2007-ലാണ് ബാബു കാന്‍സര്‍ ബാധിതനാകുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ പിരിച്ചെടുത്തു നല്‍കിയ പണവും സര്‍ക്കാര്‍ സഹായവുമെല്ലാം ഉപയോഗിച്ച് കാന്‍സറിന് ചികിത്സ തേടി. തുടര്‍ന്നും ബാബു പല ജോലികളും ചെയ്ത് കുട്ടികളും പഠനവും കുടുംബ ചെലവും നടത്തി ജീവിതം മുന്നോട്ടു കൊണ്ടു പോവുകയായിരുന്നു. ഇതിനിടയിലാണ് ശക്തമായ ചുമയും ക്ഷയരോഗ ലക്ഷണങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാബു എച്ച് ഐ വി പോസിറ്റീവ് ആണെന്ന് അറിയുന്നത്. കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ കിര്‍ത്താഡ്‌സിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സാന്ത്വനം സുരക്ഷ പ്രൊജക്ടിന്റെ പത്തനംതിട്ട ജില്ല ഓഫിസില്‍ താത്കാലിക ജോലികള്‍ക്ക് പോകുമായിരുന്ന ബാബു അവിടെവച്ച് നടത്തിയ പരിശോധനകളിലാണ് എച്ച് ഐ വി പോസിറ്റീവ് ആണെന്ന് അറിയുന്നത്.

ബാബുവിന്റെ വാക്കുകള്‍; ഈ വിവരം കേട്ടപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു പോയി. ആശുപത്രിയുടെ മുകളില്‍ നിന്നും ചാടി ചാകാന്‍ തീരുമാനം എടുത്തതാണ്. ഈ രോഗവുംവച്ച് ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് തോന്നി. ഭാര്യയേയും മക്കളെയും പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും അവര്‍ക്ക് കുഴപ്പമില്ലെന്ന് കണ്ടെത്തി. രോഗവിവരം അധികമാരോടും പറഞ്ഞിരുന്നില്ല. ഭാര്യയും അടുത്ത ചില സുഹൃത്തുക്കളും മാത്രമാണ് അറിഞ്ഞത്. ഭാര്യവീട്ടുകാര്‍ എന്നെ ഉപേക്ഷിച്ച് മക്കളേയും കൂട്ടി തിരികെ ചെല്ലാന്‍ ഭാര്യയെ നിര്‍ബന്ധിച്ചെങ്കിലും അവള്‍ സമ്മതിച്ചില്ല. അതോടെ ബന്ധങ്ങളും ഞങ്ങള്‍ക്ക് കുറഞ്ഞു. 80 കിലോയ്ക്ക് മുകളില്‍ ശരീരഭാരം ഉണ്ടായിരുന്നയാളായിരുന്നു ഞാന്‍. കല്ലും സിമന്റ് ചാക്കുകളുമൊക്കെ ചുമന്നു ജോലി ചെയ്തവന്‍. പക്ഷേ, പിന്നീട് ശരീരം ക്ഷീണിച്ചു വന്നു. അതോടെ ഭാരമുള്ള ജോലികള്‍ ചെയ്യാന്‍ കഴിയാതെയായി. ജോലിക്ക് പോകാതിരിക്കാനും പറ്റില്ല. രണ്ട് മക്കളുടെയും പഠന ചെലവ് പള്ളിവക ഏറ്റെടുത്തെങ്കിലും അവരുടെ ബാക്കി കാര്യങ്ങളും കുടുംബ ചെലവും കഴിയണമല്ലോ. അതുകൊണ്ട് ജോലിക്ക് പോകാതിരിക്കാനും കഴിയില്ല. അങ്ങനെ ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റും ലോട്ടറി ടിക്കറ്റു വിറ്റുമൊക്കെ ജീവിതം മുന്നോട്ട് കൊണ്ടു പോയി. പക്ഷേ, സ്വന്തമായി ഒരു വീട് ഇല്ലായിരുന്നു അപ്പോഴും. സര്‍ക്കാര്‍ സഹായത്തില്‍ വീട് കിട്ടാന്‍ പലതവണ അപേക്ഷ നല്‍കിയെങ്കിലും കിട്ടിയില്ല. പിന്നീടാണ് ലക്ഷംവീട് കോളനിയിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കാന്‍ പോയതും, ആ വീട് വിലയ്ക്ക് വാങ്ങുന്നതും. നാലുലക്ഷം രൂപ കൊടുത്താണ് വാങ്ങിയത്. അതിന്റെ അറ്റകുറ്റപ്പണികള്‍ക്ക് പഞ്ചായത്തില്‍ നിന്നും ധനസഹായം കിട്ടാന്‍ വേണ്ടി നല്‍കിയ അപേക്ഷയിലാണ് എന്റെ രോഗവിവരങ്ങള്‍ പുറത്താകുന്നത്. ആദ്യം ഈ രോഗവിവരം മറച്ചുവച്ചു എന്നത് ശരിയാണ്. അതെന്റെ കുഞ്ഞുങ്ങളെ ഓര്‍ത്താണ്. അതുങ്ങളുടെ ഭാവിയോര്‍ത്ത്. കാന്‍സര്‍ വന്നപ്പോള്‍ പോലും ഞാന്‍ ഭയപ്പെട്ടില്ല. ആകുന്ന കാലത്തോളം പണിയെടുത്ത് എന്റെ കുഞ്ഞുങ്ങളെ പോറ്റും എന്നു തന്നെയായിരുന്നു തീരുമാനം. പക്ഷേ, ഇവിടെ, എന്റെ മനസ് തകര്‍ന്നത് മറ്റുള്ളവരില്‍ നിന്നും ഉണ്ടാകുന്ന പെരുമാറ്റം ഓര്‍ത്താണ്. രണ്ട് പെണ്‍കുട്ടികളാണല്ലോ, അതുങ്ങള്‍ എന്തൊക്കെ സഹിക്കണമെന്നോര്‍ത്ത് ഭയന്ന് മാത്രമാണ് ഞാന്‍ ആ വിവരം അധികമാരും അറിയാതിരിക്കാന്‍ ശ്രമിച്ചത്. പക്ഷേ, പഞ്ചായത്ത് വഴി വിവരം പുറത്ത് വന്നതോടെ ലക്ഷം വീട് കോളനിയില്‍ കുറെയാളുകള്‍ ഞങ്ങള്‍ക്കെതിരേ തിരിഞ്ഞു. അവിടെ നിന്നും എത്രയും വേഗം ഞങ്ങള്‍ ഒഴിഞ്ഞുപോണം എന്നായി. രോഗം പകരുമെന്നായിരുന്നു അവരുടെ വാദം. ഒടുവില്‍ സാന്ത്വനം സുരക്ഷയിലെ വിജയ മാഡവും പത്തനംതിട്ട ഡിഎംഒയും പൊലീസും എല്ലാം എത്തി ഇത് പകരുന്ന രോഗമല്ല എന്നൊക്കെ പറഞ്ഞ് ആളുകളെ ഒരുവിധം ശാന്തരാക്കുകയായിരുന്നു. എങ്കിലും ഞങ്ങളെ പിന്നീട് എല്ലാവരും ഒറ്റപ്പെടുത്തുകയായിരുന്നു. സംസാരിക്കാന്‍പോലും പലരും തയ്യാറായില്ല. എന്റെ ഭാര്യ ജോലിക്കു പോയിക്കൊണ്ടിരുന്ന ഒരു സ്‌കൂളില്‍ ചെന്ന് അവര്‍ക്കും എയ്ഡ്‌സ് ആണെന്നു പറഞ്ഞുകൊടുത്തു, ആ ജോലി കളയിച്ചു. കുട്ടികളുടെ സ്‌കൂളുകളില്‍ ചെന്നും ഇതേപോലെ പറഞ്ഞു. എന്റെ ഭാര്യയോ കുട്ടികളോ എച്ച് ഐ വി പോസിറ്റീവ് അല്ല. എന്നിട്ടും ആളുകള്‍ പറയുന്നത് അവരും എയ്ഡ്‌സ് രോഗികള്‍ ആണെന്നാണ്. പലതരത്തില്‍ ഞങ്ങളെ ഇവിടെ നിന്നും ഓടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

ഓഗസ്റ്റ് 22-ആം തീയതി രാത്രിയാണ് അവര്‍ ഞങ്ങളുടെ വീട് ആക്രമിച്ചത്. നാടുമുഴുവന്‍ വെള്ളപ്പൊക്കത്തിന്റെ ദുരിതത്തില്‍ നില്‍ക്കുന്ന സമയമാണ്. ഞങ്ങളുടെ വീടിന്റെ വേലിക്കല്‍ വരെ വെള്ളം എത്തിയതാണ്. ഈയൊരു സമയം അവര്‍ കരുതിക്കൂട്ടി ഉപയോഗിച്ചതാണ്, പോലീസുകാരല്ലൊം തിരക്കിലാണല്ലോ, അതറിഞ്ഞുകൊണ്ട് തന്നെയാണ്; ഒരുകൂട്ടം ആളുകള്‍ വീടിനു നേരെ കല്ലെറിഞ്ഞു. വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കയറാന്‍ നോക്കി, ജനലുകള്‍ അടിച്ചു പൊട്ടിച്ചു. അകത്തേക്ക് മുളകുപൊടി വിതറി… എന്നെ കൈയില്‍ കിട്ടിയിട്ട് അടിച്ചോടിക്കാന്‍ വേണ്ടിയാണ്. പോലീസുകാരെ വിളിച്ചിട്ടും ആദ്യം അവര്‍ വന്നില്ല. ഒടുവില്‍ സാന്ത്വനം സുരക്ഷയിലെ വിജയ മാഡത്തെ വിളിച്ചു. ഈ സമയത്തൊക്കെ ഞങ്ങള്‍ ഭയന്നു കരയുകയായിരുന്നു. ഞങ്ങളെ ഉപദ്രവിക്കരുതേയെന്ന് എന്റെ മക്കള്‍ നിലവിളിയോടെ അവരോട് അപേക്ഷിച്ചിട്ടും കേട്ടില്ല. ഇളയകുഞ്ഞിന്റെ ശരീരത്തും വന്ന് കല്ലുകള്‍ വീണു. ഒടുവിലാണ് എന്റെ ഇളയകുഞ്ഞ് മുളക് പൊടി കലക്കി പുറത്തേക്ക് ഒഴിച്ചത്. അത് വേറെ വഴിയില്ലാഞ്ഞിട്ടാണ്. രണ്ട് പെണ്‍കുഞ്ഞുങ്ങളാണ്… അകത്തു കയറുന്നവര്‍ എന്തൊക്കെ ചെയ്യുമെന്ന് അറിയില്ല. കോളനിക്കാര്‍ മാത്രമല്ല, പുറത്തു നിന്നും വന്ന, ഞങ്ങളതുവരെ കണ്ടിട്ടില്ലാത്തവര്‍ ഉള്‍പ്പെടെ അക്രമികളുടെ കൂടെയുണ്ടായിരുന്നു. ഞങ്ങളുടെ കരച്ചിലും അപേക്ഷയുമൊക്കെ കേട്ട് വിജയ മാഡമാണ് ആരെയൊക്കെയോ വിളിച്ച് പൊലീസിനെ ഒടുവില്‍ ഇങ്ങോട്ട് പറഞ്ഞയച്ചത്.

പൊലീസുകാര്‍ പോലും ഞങ്ങളെ അറപ്പോടെയാണ് കണ്ടത്. ഭാര്യയേയും കുഞ്ഞുങ്ങളെയും വണ്ടിയില്‍ കയറ്റില്ലെന്നും എന്നെ മാത്രം കേറ്റി സ്‌റ്റേഷനില്‍ കൊണ്ടുപോകാമെന്നുമാണ് ഒരു പോലീസുകാരന്‍ പറഞ്ഞത്. രോഗമുള്ളവനെയൊന്നും വണ്ടിയില്‍ കയറ്റാന്‍ പാടില്ലെന്നാണ് ഒരു പോലീസുകാരന്‍ പരസ്യമായി വിളിച്ചു പറഞ്ഞത്. ആ രാത്രിയില്‍ ഭാര്യയേയും രണ്ട് പെണ്‍മക്കളെയും ഒറ്റയ്ക്കാക്കി ഞാന്‍ എങ്ങനെ പോകാനാണ്. പിന്നീട് കൂടെയുണ്ടായിരുന്ന എസ് ഐ നിര്‍ബന്ധിച്ചപ്പോഴാണ് ഞങ്ങളെല്ലാവരേയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. രാത്രി പതിനൊന്നര പന്ത്രണ്ടായിക്കാണും സ്റ്റേഷനില്‍ എത്തിയപ്പോള്‍. അവിടെ ചെന്നപ്പോഴും എന്നെ മാത്രമേ സ്‌റ്റേഷനില്‍ ഇരുത്താന്‍ പറ്റൂ, ഭാര്യയും കുഞ്ഞുങ്ങളും വേറെ എങ്ങോട്ടെങ്കിലും പോയ്‌ക്കോളണമെന്നാണ് പറഞ്ഞത്. ആ രാത്രിയില്‍ അവര്‍ എവിടെ പോകാനാണ്? ഒരു സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയി ആക്കാന്‍ പറ്റുമോ എന്നു ചോദിച്ചപ്പോഴും ആദ്യം പോലീസുകാര്‍ക്ക് അറപ്പായിരുന്നു. പിന്നെയും എസ് ഐയുടെ ഇടപെടല്‍ ഉണ്ടായതുകൊണ്ടാണ് കൊണ്ടു പോയത്. പിറ്റേ ദിവസം രാവിലെ ഞാനും അങ്ങോട്ടു പോയി. അവരെയും കൂട്ടി വീണ്ടും സ്‌റ്റേഷനില്‍ വന്നു. രാവിലെ എട്ടുമണിതൊട്ട് രാത്രി ഏഴരവരെ സ്റ്റേഷനില്‍ ഇരുന്നു. രണ്ടു പെണ്‍കുഞ്ഞുങ്ങളുമായാണ് ഒരു പൊലീസ് സ്റ്റേഷനില്‍ വന്നിരിക്കുന്നതെന്നോര്‍ക്കണം. രണ്ടു മൂന്നു ദിവസം ഞങ്ങള്‍ ഇതുപോലെ സ്‌റ്റേഷനില്‍ കയറിയിറങ്ങി. ഞങ്ങളുടെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ തയ്യാറായില്ല. പ്രതികളായവരെ, സ്റ്റേഷനിലേക്ക് വരാമോയെന്ന് അഭ്യര്‍ത്ഥിക്കുന്നതു പോലെയാണ് പൊലീസുകാര്‍ വിളിച്ചത്. അവര്‍ വരികയും അതുപോലെ പോവുകയും ചെയ്തു. റാന്നി എംഎല്‍എയുടെ ആളുകളാണവര്‍. അതിന്റെ പരിഗണനയാണ് പോലീസ് നല്‍കുന്നത്. പ്രതികളോട് പൊയ്‌ക്കോളാനും ഞങ്ങളോട് അവിടെ നില്‍ക്കാനുമാണ് പറയുന്നത്. ഏതോ പേപ്പര്‍ കാണിച്ച് അതില്‍ ഒപ്പിടാന്‍ പറഞ്ഞിട്ട് ഞങ്ങളത് ചെയ്തില്ല. പരാതി ഒത്തുതീര്‍പ്പാക്കാനാണ് പൊലീസ് ശ്രമിച്ചത്. ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിക്കുന്നത് കാണാനിടയായ മഹിള സമാഖ്യയുടെ അമ്പിളി എന്ന മാഡമാണ് സ്റ്റേഷനില്‍ നിന്നും കൂട്ടിക്കൊണ്ടു പോകുന്നത്. ബുധനാഴ്ച കുഞ്ഞുങ്ങളുടെ സ്‌കൂള്‍ തുറക്കും, അതുങ്ങള്‍ക്ക് പരീക്ഷയൊക്കെ ഉണ്ട്. ഒന്നും പഠിക്കാനായിട്ടില്ല. പുസ്തകങ്ങളൊക്കെ ആ വീട്ടിലായിരുന്നു. ഇപ്പോള്‍ നാലഞ്ച് ദിവസങ്ങളായി ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസം. ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ചെന്നാല്‍ ഞങ്ങളെ അവരിനിയും ഉപ്രദവിക്കും. ചിലപ്പോള്‍ കൊന്നു കളയും. പോലീസോ പഞ്ചായത്തോ ആരുടെയും സഹായം ഞങ്ങള്‍ക്കില്ല. എംഎല്‍എ രാജു എബ്രഹാമിനെ നേരില്‍ കണ്ട് സംസാരിക്കാന്‍ പറ്റി. അദ്ദേഹം ചോദിക്കുന്നത്, നിങ്ങള്‍ എന്തിനാണ് നാട്ടുകാരെ മുളക് വെള്ളം ഒഴിക്കാന്‍ പോയതെന്നാണ്? വേറെ എങ്ങോട്ടെങ്കിലും മാറി താമസിച്ചുകൂടെ എന്നൊക്കെയാണ്… ആരും സഹായത്തിനില്ലാതെ ഞങ്ങളെങ്ങനെ ജീവിക്കാനാണ്? എന്റെ കുഞ്ഞുങ്ങളുടെ ഭാവി എന്താകും? ഇപ്പോള്‍ ഞങ്ങളുടെ മുന്നിലുള്ള ഒരേയൊരു വഴി കുടുംബത്തോടെ മരിക്കുക എന്നതുമാത്രമാണ്…

ബാബുവിനെയും കുടുംബത്തേയും പൊലീസ് സ്റ്റേഷനില്‍ കണ്ടകാര്യം മഹിള സമാഖ്യ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ ആയ അമ്പിളി അഴിമുഖത്തോട് പങ്കുവച്ചു. “മഹിള സമാഖ്യയുടെ നേതൃത്വത്തില്‍ നടത്തുന്ന പെണ്‍കുട്ടികള്‍ക്കായുള്ള ക്യാമ്പില്‍ പങ്കെടുത്ത് പരിചയമുള്ളതുകൊണ്ടാണ് ബാബുവിന്റെ മകളെ സ്റ്റേഷനില്‍ കണ്ടപ്പോള്‍ ഞാനങ്ങോട്ട് ചെന്നത്. രണ്ടു മൂന്നു ദിവസമായി ഞങ്ങളിവിടെയാണ് ചേച്ചി എന്നു പറഞ്ഞ് ആ കുട്ടി കരഞ്ഞുകൊണ്ട് എന്നോടു കാര്യങ്ങള്‍ പറഞ്ഞു. ഞാനവിടെ വന്നതെന്തിനാണോ അത് വിട്ട് ഇവരുടെ കാര്യത്തിലേക്ക് പോയി. സ്‌റ്റേഷനില്‍ നിന്നും എസ് ഐയും ഞാനും ഭര്‍ത്താവും ഉള്‍പ്പെടെ ചേര്‍ന്ന് അവരെ അവരുടെ വീട്ടില്‍ തന്നെ കൊണ്ടു ചെന്നാക്കി. ആ വീട് എറിഞ്ഞു തകര്‍ത്ത നിലയിലായിരുന്നു. കല്ലുകളും മുളകുപൊടിയുമൊക്കെയാണ് ആകെ. വീട് വൃത്തിയാക്കിയിട്ട് നിങ്ങളും കുളിച്ച് ഭക്ഷണം എന്തെങ്കിലും ഉണ്ടാക്കി കഴിക്കാന്‍ എസ് ഐ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളൊന്നും അവര് ശരിയായി ഭക്ഷണം കഴിക്കുകയോ കുളിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. അവരെ അവിടെ ആക്കിയിട്ട് ഞങ്ങള്‍ തിരിച്ചു പോന്നു. കുറച്ചകലെ ചെന്നിട്ട്, ഞാനും ഭര്‍ത്താവും വണ്ടി നിര്‍ത്തി, എന്തെങ്കിലും അരുതാത്തത് സംഭവിച്ചാല്‍ അങ്ങോട്ട് ചെല്ലാം എന്നു കരുതി കാത്തുനിന്നു. കുറച്ച് കഴിഞ്ഞ് ബാബുവിനെ വിളിച്ച് വിവരം തിരക്കാമെന്നു കരുതി വിളിച്ചപ്പോള്‍ അയാളുടെ ശബ്ദം ഭയന്നിരുന്നു. ഞങ്ങളിവിടെ താമസിക്കുന്നില്ല, അവര് ഞങ്ങളെ വീണ്ടും ഉപദ്രവിക്കും, അതിനുള്ള ഒരുക്കം നടത്തുന്നുണ്ട് എന്നൊക്കെ ബാബു പറഞ്ഞു. കൈയില്‍ കിട്ടിയ കുറച്ചു സാധനങ്ങളുമായി അവര് തിരിച്ചുപോന്നു. പിന്നീടാണ് ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോയത്.

എന്നാല്‍ ബാബുവിനേയും കുടുംബത്തേയും എതിര്‍ക്കേണ്ടി വന്നത് അയാള്‍ അങ്ങനെയുള്ള രോഗം ഉള്ളയാളായതുകൊണ്ടല്ലെന്നും അയല്‍വാസികളെ തെറിപറയുകയും ഉപദ്രവിക്കുകയുമൊക്കെ ചെയ്യുന്നതുകൊണ്ടാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. മദ്യപിച്ച് വന്ന് വഴക്കുണ്ടാക്കുന്നത് സ്ഥിരം പരിപാടിയാണെന്നും സ്ത്രീകളെ ഉള്‍പ്പെടെ ഉപദ്രവിക്കാന്‍ ശ്രമിക്കാറുണ്ടെന്നും ആക്ഷേപം. റാന്നി സബ് ഇന്‍സ്‌പെകടര്‍ ഈ വിഷയം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടും ബാബുവും കുടുംബവും തയ്യാറായില്ലെന്നു പറയുമ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വാക്കുകളില്‍ ബാബുവാണ് പൂര്‍ണമായി കുഴപ്പക്കാരന്‍. “ഓണത്തിന് രണ്ടു ദിവസം മുമ്പ് മദ്യപിച്ച് ചെന്ന് കോളനിയില്‍ ഉള്ളവരെയെല്ലാം ചീത്തവിളിച്ചു. സ്ത്രീകളുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ചു… സ്‌റ്റേഷനില്‍ വിവരം കിട്ടിയപ്പോള്‍ ഇയാള്‍ എച്ച് ഐ വി പോസിറ്റീവ് ആണെന്നത് ഉപയോഗപ്പെടുത്തുകയായിരുന്നു. വേറെ ഒരിടത്തേക്ക് മാറ്റി താമസിപ്പിച്ചതാണ്. വീണ്ടും അവിടെ നിന്നെത്തി കോളനിയില്‍ ബഹളമുണ്ടാക്കി. ജാതി പറഞ്ഞ് ആക്ഷേപിക്കുക, സ്ത്രീകളോട് പരസ്യമായി ബലാത്സംഗ ഭീഷണി മുഴക്കുകയൊക്കെയാണ് അവന്റെ പരിപാടി… ഇനിയിപ്പം വീണ്ടും പുറത്തിറങ്ങിയാല്‍ നാട്ടുകാരവനെ അടിച്ചു കൊല്ലും…. റാന്നി സി ഐയുടെ വാക്കുകളാണ്!

റാന്നി അങ്ങാടി പഞ്ചായത്തിന് കീഴില്‍ വരുന്നതാണ് കരിങ്കുറ്റി ലക്ഷംവീട് കോളനി. എന്നാല്‍ ഇങ്ങനെയൊരു അക്രമണം നടന്ന വിവരം പഞ്ചായത്ത് അറിഞ്ഞിട്ടില്ലെന്നാണ് പ്രസിഡന്റ് ബാബു പുല്ലാട്ട് പറയുന്നത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി തിരക്കിലാണെന്നും ആരും ഈ സംഭവം ശ്രദ്ധയില്‍ പെടുത്തിയിട്ടില്ലെന്നും പറയുന്ന പ്രസിഡന്റ് അതിനൊപ്പം തന്നെ പറയുന്നത്, അറിഞ്ഞാല്‍ തന്നെ പഞ്ചായത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പോലീസാണ് അതൊക്കെ നോക്കേണ്ടതെന്നു കൂടിയാണ്. അതേസമയം ബാബു പ്രശ്‌നക്കാരനാണെന്നു തന്നെയാണ് പ്രസിഡന്റിനും പറയാനുള്ളത്. “അയല്‍വക്കക്കാരുമായി വഴക്കുണ്ടാക്കുന്നവനും വെട്ടൊന്ന് മുറി രണ്ടെന്ന സ്വഭാവക്കാരനുമാണ്, വീട് കിട്ടിയില്ലെങ്കില്‍ തൂങ്ങിച്ചാകുമെന്ന് പഞ്ചായത്തില്‍ വന്നു ഭീഷണി മുഴക്കിയിട്ടുണ്ട്, കോളനിയില്‍ താമസിക്കുന്ന വീട് അമ്മയുടെ പേരിലാണ്, രേഖകള്‍ കൊണ്ടുവരാന്‍ പറഞ്ഞാല്‍ ഞാന്‍ എച്ച് ഐ വിക്കാരനാണെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്, ഒരു പ്രത്യേക തരക്കാരന്‍”; ഇതൊക്കെയാണ് പഞ്ചായത്ത് പ്രസിഡന്റിന് ബാബുവിനെ കുറിച്ച് പറയാനുള്ളത്. ഇപ്പോഴത്തെ വിഷയം മറ്റു താമസക്കാരുമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കിയിട്ടാവും എന്നു പ്രസിഡന്റും ഊഹിക്കുന്നു.

ഈ വിഷയത്തില്‍ തങ്ങളോട് യാതൊരു അനുകൂല നിലപാടും കാണിച്ചില്ലെന്ന് ബാബുവും കുടുംബവും ആരോപിക്കുന്ന റാന്നി എംഎല്‍എ രാജു എബ്രഹാമിന് ഇക്കാര്യത്തില്‍ പറയാനുള്ളത് ഇതാണ്; “ബാബുവും എന്നെ വന്ന് കണ്ട് കാര്യങ്ങള്‍ പറഞ്ഞിരുന്നു, നാട്ടുകാരും വന്നിരുന്നു, വീട്ടില്‍ താമസിക്കാന്‍ സമ്മതിക്കുന്നില്ല, വീടാക്രമിച്ചു എന്നൊക്കെയാണ് ബാബു പറഞ്ഞത്. ഞങ്ങളെ മുളക് വെള്ളം ഒഴിച്ചു, അക്രമിക്കാന്‍ ശ്രമിച്ചു, ബഹളം ഉണ്ടാക്കി എന്നൊക്കെയാണ് ബാബുവിനെതിരേ നാട്ടുകാരുടെ പരാതി. അന്വേഷിച്ചതില്‍ രണ്ടുകൂട്ടരും പറഞ്ഞതില്‍ കൊച്ചുകൊച്ചു യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടെന്നു മനസിലായി. പൊലീസിനോട് രണ്ടുകൂട്ടരേയും വിളിച്ചു സംസാരിക്കാന്‍ പറഞ്ഞിട്ടുണ്ട്…”

ബാബുവിനെ അറിയാവുന്ന, ഈ വിഷയത്തില്‍ ഇടപെട്ടൊരാള്‍ എന്ന നിലയിലും സാന്ത്വനം സുരക്ഷയിലെ വിജയ നായരോടും സംസാരിച്ചു. ബാബുവിനെതിരേ ഇപ്പോള്‍ പലരും ഉന്നയിക്കുന്ന, അയാള്‍ മദ്യപിച്ച് ബഹളം വച്ചെന്നുള്ള ആരോപണം അംഗീകരിക്കാന്‍ പ്രയാസമാണെന്നാണ് എച്ച് ഐ വി പ്രിവന്റേഷനും എച്ച് ഐ വി ബാധിതരായവരുടെ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വിജയ നായര്‍ പറയുന്നത്. “കഴിഞ്ഞ ദിവസം കൂടി കൗണ്ട് പരിശോധിച്ചതാണ്. മദ്യപിച്ചാല്‍ എന്താ സംഭവിക്കുകയെന്നത് ബാബുവിന് തന്നെ അറിയാവുന്ന കാര്യമാണ്. മദ്യപിച്ചാല്‍ അയാള്‍ മരിച്ചു പോകും. അതയാള്‍ക്കും അറിയാവുന്നതുകൊണ്ട് അയാളത് ചെയ്യില്ലെന്നു തന്നെയാണ് വിശ്വസിക്കുന്നത്. അന്ന് രാത്രി അയാള്‍ എന്നെ വിളിച്ചത് കരച്ചിലോടെയാണ്. അയാള്‍ തന്നെയാണ് വീട് തകര്‍ത്തതെന്നാണ് ഇപ്പോള്‍ പറയുന്നത്. സ്വന്തം വീട് തകര്‍ത്തിട്ട് കരഞ്ഞുകൊണ്ട് എന്നെ വിളിച്ചു പറയേണ്ട കാര്യമുണ്ടോ? ആ സമയത്ത് ആ വ്യക്തിയുടെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷിക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം, അതുകൊണ്ടാണ് പൊലീസിനെ വിളിച്ച് അവരെ അവിടെ നിന്നും രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. ഇതിനു മുമ്പും ആ കുടുംബത്തിനു നേരെ ഇതേ രീതിയില്‍ ആളുകള്‍ സംഘം ചേര്‍ന്നതാണ്. അന്ന് ജില്ല മെഡിക്കല്‍ ഓഫിസറും പൊലീസും എല്ലാം എത്തിയാണ് ആളുകളെ ഒരുവിധം കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയത്. ഇപ്പോള്‍ പോലീസിന്റെ ഉള്‍പ്പെടെയുള്ള സഹായം അവര്‍ക്ക് ലഭ്യമാകുന്നില്ലെന്നാണ് അറിയുന്നത്. എച്ച് ഐ വി പോസിറ്റീവ് ആയവരോട് മനുഷ്യത്വപരമായ ഇടപെടലുകളാണ് പോലീസും പഞ്ചായത്തും എല്ലാം നടത്തേണ്ടത്. അയാളുടെ സ്വഭാവം എങ്ങനെയാണ് എന്നതല്ല വിഷയം. ഉത്തരവാദിത്തപ്പെട്ടവര്‍ ഉള്‍പ്പെടെ അയാള്‍ക്കെതിരേ തിരിഞ്ഞിരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഇനിയും ബാബുവും കുടുംബവും അവിടെ താമസിക്കാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. അയാളും ഭാര്യയും മാത്രമല്ല, രണ്ട് പെണ്‍കുട്ടികളും അവര്‍ക്കൊപ്പം ഉണ്ട്. അതുകൂടി പരിഗണിച്ച് മറ്റെങ്ങോട്ടെങ്കിലും അവരെ സുരക്ഷിതരായി മാറ്റുന്നതാണ് നല്ലതെന്ന് തോന്നുന്നു. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ട്. ഞങ്ങള്‍ക്കൊന്നും ചെയ്യാനാകില്ലെന്ന് പഞ്ചായത്തിന് പറഞ്ഞൊഴിയാനൊന്നും കഴിയില്ല. അടുത്ത ദിവസം ആ പ്രദേശത്ത് ഞാന്‍ പോകുന്നുണ്ട്. രണ്ട് വിഭാഗങ്ങളോടും സംസാരിച്ച് എല്ലാവര്‍ക്കും പറയാനുള്ളത് കേട്ടിട്ട് ഉചിതമായൊരു തീരുമാനം എടുക്കണം. വെള്ളപ്പൊക്കം, ദുരിതാശ്വാസം എന്നൊക്കെ പറഞ്ഞ് ഈ കേസില്‍ ഉപേക്ഷ വരുത്താനൊന്നും നമുക്ക് കഴിയില്ല. ഇത്തരമൊരു രോഗിയെ ആള്‍ക്കൂട്ടത്തിന്റെ ഭീഷണിക്കു വഴങ്ങി മാറ്റിപ്പാര്‍പ്പിക്കുന്നത് ഒട്ടും ആശ്വാസ്യകരമായ രീതിയാവില്ല, എന്നാലും ഇപ്പോള്‍ അങ്ങനെയൊരു മാര്‍ഗമേ മുന്നിലുള്ളൂ. അതല്ലെങ്കില്‍ പോലീസ് ഉള്‍പ്പെടെ ഉത്തരവാദിത്വപ്പെട്ട എല്ലാവരും ബാബുവിനും കുടുംബത്തിനും സുരക്ഷിതത്വം ഉറപ്പാക്കി കൂടെ നില്‍ക്കണം. അതുണ്ടാകുന്നില്ലല്ലോ… പക്ഷേ, ഞാന്‍ വീണ്ടും പറയുന്നു; അവരെ ഒറ്റപ്പെടുത്തുന്നത് നമ്മുടെ സമൂഹം ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്…”

കഴിയുന്നത്ര പഠിച്ച് ഒരു ജോലി വാങ്ങി അച്ഛനെയും അമ്മയേയും സരക്ഷിക്കണമെന്നതാണ് ബാബുവിന്റെ മക്കളുടെ ആഗ്രഹം. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന ഷോക്കില്‍ നിന്നും അവര്‍ ഇതുവരെ മോചിതരായിട്ടില്ല. പഠനവും പരീക്ഷകളും മുന്നില്‍ നില്‍ക്കുമ്പോഴും തങ്ങളുടെ അച്ഛന് എന്തെങ്കിലും ആപത്ത് വരുമോ എന്ന ഭയമാണ് ഈ കുട്ടികള്‍ക്ക്… ആ കുട്ടികള്‍ക്ക് സമാധാനപരമായ ജീവിതാന്തരീക്ഷം ഉറപ്പാക്കാന്‍ ഭരണകൂടത്തിനും സമൂഹത്തിനും കടമയുണ്ട്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍