UPDATES

നേമത്തെ കൂട്ടുകെട്ട് സിപിഎം-ബിജെപി കരാറിന്റെ ഭാഗമെന്ന് കോണ്‍ഗ്രസ്; ബിജെപി പിന്തുണയോടെ ഭരിക്കില്ലെന്ന് സിപിഎം

ബിജെപിയെ അട്ടിമറിക്കാന്‍ എല്‍ഡിഎഫിനൊപ്പം നിന്നതിന് കോണ്‍ഗ്രസിനുള്ള താക്കീതെന്നു ബിജെപി

നേമം ബ്ലോക്കില്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ എല്‍ഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത് ബിജെപി നേതാക്കന്മാരുമായി കരാര്‍ പറഞ്ഞുറപ്പിച്ചതിനുശേഷമെന്നു കോണ്‍ഗ്രസ്. എങ്ങനെയെങ്കിലും ഭരണം പിടിക്കുക എന്നതാണു സിപിഎമ്മിന്റെ ലക്ഷ്യം. അതിനവര്‍ ബിജെപിയെ പ്രകോപിപ്പിച്ചു കൂടെ നിര്‍ത്തി. പല വാഗ്ദാനങ്ങളും ബിജെപിക്ക് സിപിഎം നല്‍കിയിട്ടുമുണ്ട്; അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് അനിത എല്‍ അഴിമുഖത്തോടു പറഞ്ഞു. ഇന്നലെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ബിജെപി പിന്തുണയോടെ ഏഴിനെതിരേ ഒമ്പതു വോട്ടുകള്‍ക്ക് പാസായിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് പ്രതിനിധികളായ പ്രസിഡന്റ് അനിതയും വൈസ് പ്രസിഡന്റ് വീരേന്ദ്ര കുമാറും പുറത്തായത്.

അവിശ്വാസപ്രമേയത്തിനു കാരണമായി പറയുന്ന അഴിമതിയും സ്വജനപക്ഷപാതവും ഭരണം അട്ടിമറിക്കാനുള്ള വെറും ആരോപണങ്ങള്‍ മാത്രമാണ്. ഞങ്ങള്‍ ഏതെങ്കിലും തരത്തില്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് ഇന്നേവരെ ഒരുപരാതിയും ഉയര്‍ത്താതിരുന്നവര്‍ പെട്ടെന്നൊരു ദിവസം ഇത്തരം ആരോപണങ്ങളുമായി വരുന്നതില്‍ ഗൂഡലക്ഷ്യങ്ങള്‍ മാത്രമാണ്. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് തനതു ഫണ്ടില്ല, അതുകൊണ്ട് തന്നെ ഫണ്ട് തിരിമറി നടത്തിയെന്നൊക്കെ പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. തിരുവനന്തപുരത്ത് 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 11-ആം സ്ഥാനത്തായിരുന്നു നേമം. ഫണ്ട് വിനിയോഗത്തില്‍ ഇന്നിപ്പോള്‍ രണ്ടാം സ്ഥാനത്താണ് നേമം ബ്ലോക്ക് പഞ്ചായത്ത്.

കഴിഞ്ഞ തവണ ഹൈക്കോടതിയില്‍ നിന്നുണ്ടായിരുന്ന സ്‌റ്റേ ഓര്‍ഡര്‍ കാരണം പല നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിയാതെ പോയിരുന്നു. എന്നാല്‍ ഇത്തവണ അതെല്ലാം മറികടന്ന് വന്‍കുതിപ്പാണ് നോമം ബ്ലോക്ക് പഞ്ചായത്ത് നടത്തിയത്. പ്രതിപക്ഷ-ഭരണപക്ഷ വ്യത്യാസമില്ലാതെ എല്ലാ അംഗങ്ങളെയും ഒരുമിച്ചു നിര്‍ത്തി, എല്ലാ കാര്യങ്ങളും ഒരുമിച്ചു ചര്‍ച്ച ചെയ്താണ് ഭരണം മുന്നോട്ടുപോയിരുന്നത്. ഒരു പഞ്ചായത്തു കമ്മിറ്റിയില്‍ പോലും ഞങ്ങള്‍ക്കെതിരേ അഴിമതിയാരോപണമോ സ്വജനപക്ഷപാതമോ എല്‍ഡിഎഫ് ഉയര്‍ത്തിയിരുന്നില്ല. ഭരണം സുതാര്യവും അഴിമതിരഹിതവുമാണെന്ന് എല്‍ഡിഎഫും ബിജെപിയും ഒരുപോലെ സമ്മതിച്ചിരുന്നതുമാണ്.

നേമം ബ്ലോക്ക് ഭരണം എങ്ങനെയെങ്കിലും പിടിച്ചെടുക്കുക എന്നത് എല്‍ഡിഎഫിന്റെ ലക്ഷ്യമായിരുന്നു. എന്നാല്‍ നറുക്കെടുപ്പില്‍ പ്രസിഡന്റ്-വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രണ്ടും കോണ്‍ഗ്രസിനാണു കിട്ടിയത്. ഇതിന്റെ വിഷമം എല്‍ഡിഎഫിലെ ചില നേതാക്കന്മാര്‍ക്കുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ അവിശ്വാസപ്രമേയം. ഇതില്‍ ബിജെപിയെ അവര്‍ കൂടെ നിര്‍ത്തി. ബിജെപിയുടെ ജില്ല നേതാക്കളുമായി എല്‍ഡിഎഫ് നേതാക്കള്‍ സംസാരിച്ചുറപ്പിച്ചശേഷമാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നതു തന്നെ. പകരം പല വാഗ്ദാനങ്ങളും ബിജെപിക്ക് അവര്‍ നല്‍കി.

ഗൂഢമായ മാര്‍ഗത്തിലൂടെ ഭരണം അട്ടിമറിക്കാനും പിടിച്ചെടുക്കാനും എന്നും സിപിഎം ശ്രമിച്ചുപോന്നിട്ടുണ്ട്. മലയന്‍കീഴ് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച ജെഡിയു സ്ഥാനാര്‍ത്ഥി ചന്ദ്രന്‍ നായരെ കൂടെക്കൂട്ടി അദ്ദേഹത്തെ പ്രസിഡന്റാക്കിക്കൊണ്ട് ഭരണം പിടിച്ചു. മാറനല്ലൂര്‍ പഞ്ചായത്തില്‍ രണ്ടു കോണ്‍ഗ്രസ് അംഗങ്ങളെ വശംവദരാക്കിയാണ് ബിജെപിക്കെതിരേ അവിശ്വാസപ്രമേയം പാസിക്കിയെടുത്ത് ഭരണം പിടിച്ചത്. ഇതു തന്നെയാണു നേമം ബ്ലോക്ക് പഞ്ചായത്തില്‍ നടന്നതും; അനിത പറയുന്നു.

ബിജെപിയുമായി കൂട്ടുകെട്ടില്ല, അവിശ്വാസപ്രമേയത്തിനു കാരണം അഴിമതി
കോണ്‍ഗ്രസ് ആരോപണങ്ങളെ പാടെ തള്ളുകയാണ് എല്‍ഡിഎഫ്. കോണ്‍ഗ്രസ് ആരോപിക്കുന്നതുപോലെ എല്‍ഡിഎഫ് ബിജെപിയെ കൂട്ടുപിടിച്ചു ഭരണം പിടിക്കാന്‍ അല്ല ശ്രമിച്ചത്. അഴിമതിയും സ്വജനപക്ഷപാതവും കാരണമാണ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ അവിശ്വാസം കൊണ്ടുവന്നത്; സിപിഎമ്മിന്റെ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ഡി സുരേഷ് കുമാര്‍ അഴിമുഖത്തോടു പറഞ്ഞു. ബിജെപി പിന്തുണ തേടി എന്ന ആരോപണം ശരിയല്ല. ഞങ്ങള്‍ കൊണ്ടുവന്ന അവിശ്വാസത്തെ അവര്‍ പിന്തുണച്ചൂ എന്നുമാത്രമാണ്. ബിജെപി പിന്തുണയോടെ സ്ഥാാനങ്ങള്‍ നേടിയാലാണ് കൂട്ടുകെട്ട് നടത്തി എന്നാരോപണത്തിനു പ്രസക്തി. ഇവിടെ അങ്ങനെയൊരു വിഷയമില്ല. 15 ദിവസം കഴിഞ്ഞ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. എല്‍ഡിഎഫിനും യുഡിഎഫിനും ഏഴ് അംഗങ്ങള്‍ വീതമാണ്. രണ്ട് അംഗങ്ങള്‍ ഉള്ള ബിജെപി വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. അങ്ങനെ വരുമ്പോള്‍ നറുക്കെടുപ്പായിരിക്കും നടക്കുക. ഇനി തെരഞ്ഞെടുപ്പില്‍ ബിജെപി ഞങ്ങളെ പിന്തുണച്ചാല്‍ പോലും അങ്ങനെ കിട്ടുന്ന സ്ഥാനം രാജിവയ്ക്കുയേ എല്‍ഡിഎഫ് ചെയ്യുകയുള്ളു: സുരേഷ് കുമാര്‍ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസിനുള്ള താക്കീത്, എല്‍ഡിഎഫ് ഞങ്ങളുടെ പ്രതിയോഗികള്‍
കോണ്‍ഗ്രസ് ഭരണത്തെ അട്ടിമറിക്കാന്‍ എല്‍ഡിഎഫുമായി കൂട്ടുകൂടി എന്ന ആരോപണത്തെ തള്ളിക്കളയുകയാണ് ബിജെപിയുടെ ബ്ലോക്ക് പഞ്ചായത്ത് അംഗം ജി സതീശന്‍. ബിജെപി ഒരുകാലത്തും എല്‍ഡിഎഫുമായി നീക്കുപോക്കുകള്‍ നടത്തിയിട്ടില്ല, നടത്തുകയുമില്ല. അവിശ്വാസത്തെ പിന്തുണയ്ക്കാന്‍ കാരണം മറ്റൊന്നാണ്. കാട്ടാക്കട നിയോജകമണ്ഡലത്തില്‍പ്പെട്ട വിളവൂര്‍ക്കല്‍, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ബിജെപിയായിരുന്നു ഭരണം. ഇതില്‍ വിളവൂര്‍ക്കലില്‍ ബിജെപിക്കെതിരേ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം എല്‍ഡിഎഫ് പിന്തുണയോടെ പാസാക്കി ഞങ്ങളെ പുറത്താക്കി. മാറനല്ലൂരില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ കോണ്‍ഗ്രസും പിന്തുണച്ചു. വിളവൂര്‍ക്കലില്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം തിരിച്ചു കിട്ടിയെങ്കിലും മാറനല്ലൂരില്‍ നഷ്ടപ്പെട്ടു. ഇങ്ങനെയൊരു അനുഭവം ഞങ്ങള്‍ക്കുള്ളതുകൊണ്ടാണ് കോണ്‍ഗ്രസിനെ പാഠംപഠിപ്പിക്കുക എന്ന ഉദ്ദേശംമാത്രം വച്ച് നേമത്ത് ഞങ്ങള്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചത്. അതില്‍ യാതൊരു ഗൂഢാലോചനയോ എല്‍ഡിഎഫുമായി കൂട്ടുകെട്ട് ഉണ്ടാക്കലോ നടന്നിട്ടില്ല. പാര്‍ട്ടി ജില്ല നേതൃത്വത്തിന്റെ അനുമതിയോടെ തന്നെയാണു അനുകൂലമായി വോട്ട് ചെയ്തതും. പക്ഷേ അവിശ്വാസപ്രമേയത്തില്‍ എല്‍ഡിഎഫ് ആരോപിച്ച എല്ലാ കാര്യങ്ങളും ഞങ്ങള്‍ അംഗീകരിച്ചിട്ടില്ല. എല്ലാ അംഗങ്ങളെയും വിശ്വാസത്തിലെടുത്തും തുല്യപരിഗണന നല്‍കിയും തന്നെയായിരുന്നു ഭരണം നടന്നിരുന്നത്. പക്ഷേ കോണ്‍ഗ്രസ് ഞങ്ങളോട് ചെയ്തതിന് ഒരു താക്കീത് ആയി ആണ് ഇതിനെ കാണുന്നത്.

15 ദിവസം കഴിഞ്ഞു നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്‍ നിലപാട് തന്നെയായിരിക്കും ബിജെപി സ്വീകരിക്കുന്നതും. എല്‍ഡിഎഫ് ഞങ്ങളെ സംബന്ധിച്ച് എന്നും പ്രതിസ്ഥാനത്ത് തന്നെയാണ്; സതീശന്‍ പറയുന്നു.

അനിത (കോണ്‍ഗ്രസ്) അഡ്വ. ഡി സുരേഷ് കുമാര്‍ (സിപിഎം), ജി സതീശന്‍ (ബിജെപി)

ഭരണം കിട്ടണമെങ്കില്‍ ഭാഗ്യം തുണയ്ക്കണം, അല്ലെങ്കില്‍ ബിജെപി
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ കോണ്‍ഗ്രസിനു നഷ്ടമായെങ്കിലും ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യം സിപിഎമ്മിന് ഉണ്ടെങ്കില്‍ രാഷ്ട്രീയ കളികള്‍ നടന്നില്ലെങ്കില്‍ അതു സംഭവിക്കുക ഭാഗ്യത്തിന്റെ പുറത്തു മാത്രമായിരിക്കും. കാരണം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പ് ആയിരിക്കും നടക്കുക. നേരത്തെ കോണ്‍ഗ്രസിന് ഈ സ്ഥാനങ്ങള്‍ ലഭിച്ചതും നറുക്കെടുപ്പിലൂടെയായിരുന്നു. പതിനാറംഗങ്ങളുള്ള നേമം ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഏഴ്, സിപിഎമ്മിന് ആറ്, സിപി ഐക്ക് ഒന്ന്, ബിജെപിക്ക് രണ്ട് എന്നിങ്ങനെയാണ് അംഗബലം. ഇതില്‍ സിപി ഐ പിന്തുണകൂടി സിപിഎമ്മിനു കിട്ടുമ്പോള്‍ അവര്‍ കോണ്‍ഗ്രസുമായി ഒപ്പത്തിനൊപ്പം വരും. ബിജെപി ഇരുകൂട്ടരെയും പിന്തുണയ്ക്കാതെ മാറിനില്‍ക്കുകയായിരുന്നു കഴിഞ്ഞ തവണയും. ഇത്തവണയും അതേ നിലപാട് അവര്‍ തുടര്‍ന്നാല്‍ നറുക്കെടുപ്പ് തന്നെ വേണ്ടിവരും. അവിടെ ഭാഗ്യത്തിന്റെ കളിയാണ്. അതല്ലെങ്കില്‍ രാഷ്ട്രീയക്കളി നടക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍