UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരത്തേയും വെട്ടിമുറിക്കാന്‍ തമിഴ് നാട് ലോബി, റെയില്‍വേ കേരളത്തോട് പുറംതിരിഞ്ഞ് തന്നെ

പാലക്കാട് റെയില്‍വെ ഡിവിഷന്‍ വെട്ടിമുറിച്ച് സേലം ഡിവിഷന്‍ രൂപീകരിച്ചത് നേരത്തെ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു.

തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിക്കണം എന്ന ആവശ്യം ഫെഡറല്‍ ജനാധിപത്യത്തിന്റെ ലംഘനമാണ് എന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. സതേണ്‍ റെയില്‍വെ ജനറല്‍ മാനേജര്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ യോഗത്തില്‍ പങ്കെടുത്ത എഐഎഡിഎംകെ എംപിമാരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തോട് വര്‍ഷങ്ങളായി ഫണ്ട് വിഹിതത്തിലടക്കം കടുത്ത അവഗണനയാണ് റെയില്‍വേ കാണിക്കുന്നത് എന്നും ഈ നീക്കത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും എന്‍ കെ പ്രേമചന്ദ്രന്‍ അഴിമുഖത്തോട് പറഞ്ഞു.

കേരളത്തിലെ റെയില്‍വേ ഡിവിഷനുകളെ നിയന്ത്രിക്കുന്നത് ചെന്നൈയില്‍ നിന്നാണ്. കേരളത്തിന് സ്വന്തമായി റെയില്‍വേ സോണ്‍ വേണമെന്ന ആവശ്യം റെയില്‍വെ അംഗീകരിച്ചിട്ടില്ല. കേരളത്തിന് സ്വന്തമായി റെയില്‍വേ സോണ്‍ അടക്കമുള്ള കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാമെങ്കില്‍ തമിഴ്‌നാട് എംപിമാരുടെ ആവശ്യം പരിഗണിക്കാവുന്നതാണ്. കേരളത്തിലെ റെയില്‍വേ വികസനത്തിന്റെ പ്രധാന ആവശ്യങ്ങളായ പാത ഇരട്ടിപ്പിക്കല്‍ അടക്കം ഇഴഞ്ഞുനീങ്ങുകയാണ്. കായംകുളത്ത് നിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള പാതകളുടെ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായിട്ടില്ല. പഴകിത്തുരുമ്പിച്ച ബോഗികളുള്ള ട്രെയിനുകളാണ് കേരളത്തിന് അനുവദിക്കുന്നത്.

തിരുവനന്തപുരം ഡിവിഷനില്‍ ട്രെയിനുകള്‍ വൈകുന്നതും മതിയായ സര്‍വീസുകള്‍ ഇല്ലാത്തതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്ക് വലിയ തോതില്‍ പരാതികളുണ്ട്. ട്രെയിനിലെ ദിവസ യാത്രക്കാരായ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പരാതികളുമായി ഞങ്ങള്‍ ജനപ്രതിനിധികളെ സമീപിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരമുണ്ടാകണമെന്ന ആവശ്യം യോഗത്തില്‍ ഉന്നയിച്ചിട്ടുണ്ട്. മീറ്റര്‍ ഗേജില്‍ നിന്ന് ബ്രോഡ് ഗേജിലേയ്ക്ക് മാറിയെങ്കിലും പാലക്കാട്-പൊള്ളാച്ചി, കൊല്ലം – ചെങ്കോട്ട പാതകളില്‍ മതിയായ ട്രെയിനുകളില്ല. ഈ പാതകളില്‍ കൂടുതല്‍ ട്രെയിനുകള്‍ എന്ന ആവശ്യം വീണ്ടും ഉന്നയിച്ചിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ കാലങ്ങളായി ഉന്നയിക്കുന്നതും ഉറപ്പുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതും എന്നാല്‍ നടപ്പാക്കപ്പെടാത്തതുമായ കാര്യങ്ങളാണ് എന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം റെയില്‍വെ ഡിവിഷന്‍ വെട്ടിമുറിച്ച് നേമം മുതല്‍ തിരുനെല്‍വേലി വരെയുള്ള ഭാഗങ്ങള്‍ മധുര ഡിവിഷനില്‍ ചേര്‍ക്കണം എന്ന ആവശ്യം എഐഎഡിഎംകെ രാജ്യസഭ എംപി വിജില വിജയകാന്ത് ആണ് മുന്നോട്ടുവച്ചത്. സതേണ്‍ റെയില്‍വെ ജനറല്‍ മാനേജര്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അണ്ണാ ഡിഎംകെ എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍പ്പെടുന്ന മേഖലകളില്‍ നിന്നുള്ള എംപിമാരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. നാഗര്‍കോവിലില്‍ നിന്നുള്ള എഐഎഡിഎംകെ ലോക്‌സഭ എംപി വിജയകുമാറും ഈ ആവശ്യം ഉന്നയിച്ചു.

പാലക്കാട് റെയില്‍വെ ഡിവിഷന്‍ വെട്ടിമുറിച്ച് സേലം ഡിവിഷന്‍ രൂപീകരിച്ചത് നേരത്തെ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. വിഴിഞ്ഞം തുറമുഖം, കൊച്ചുവേളി – കാസര്‍ഗോഡ് സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ സംബന്ധിച്ച ചര്‍ച്ചകള്‍, നേമം കോച്ചിംഗ് ടെര്‍മിനല്‍ തുടങ്ങിയ പദ്ധതികളെല്ലാം മുന്നോട്ടുപോകുമ്പോളാണ് തിരുവനന്തപുരം ഡിവിഷന്‍ വെട്ടിമുറിക്കാനുള്ള ആവശ്യമുയര്‍ന്നിരിക്കുന്നത്. റെയില്‍വേ ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.

ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ ട്രെയിനുകള്‍ കൊണ്ടുവരുക, യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ എംപിമാര്‍ മുന്നോട്ടുവച്ചു. കോട്ടയം വഴിയുള്ള പാതയുടെ ഇരട്ടിപ്പിക്കല്‍ 2020നകം പൂര്‍ത്തിയാക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. രാജധാനിക്ക് തിരൂരിലും ജനശതാബ്ദിക്ക് വര്‍ക്കലയിലും ആലുവയിലും (കോട്ടയം വഴിയുള്ള) സ്‌റ്റോപ്പ്, ഉത്തര കേരളത്തില്‍ മെമു സര്‍വീസ്, തിരുവനന്തപുരം – മംഗലാപുരം ശതാബ്ദി എക്‌സ്പ്രസ്, ഗുരുവായൂരിലേയ്ക്ക് പ്രത്യേക ട്രെയിന്‍ തുടങ്ങിയവയും ആവശ്യങ്ങളുടെ പട്ടികയിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍