UPDATES

പുലയരുടെ കോട്ടങ്ങള്‍ക്കു മേല്‍ ബ്രാഹ്മണന്റെ വെജിറ്റേറിയന്‍ ദൈവങ്ങളെ ഒളിച്ചു കടത്തുന്ന നവഹിന്ദുത്വ

ഉത്തരമലബാറില്‍ അങ്ങോളമിങ്ങോളം ഈ ഹൈജാക്കിങ് നടന്നുകൊണ്ടിരിക്കുകയാണ്; ഒട്ടനവധി കോട്ടങ്ങള്‍ ക്ഷേത്രങ്ങളായി മാറിയിട്ടുണ്ട്.

‘മൂന്ന് കൈക്കോട്ട് മണ്ണും മറിച്ച്
നാലുകാലോലത്തറയായി കെട്ടി
പതിയായ് സങ്കല്‍പ്പിച്ച്…’

ഇതാണ് തോറ്റം പാട്ടിലെ കോട്ടം. ഒരു ഗോത്രത്തിന്റേയും സംസ്‌കാരത്തിന്റേയും ഭാഗമായിരുന്ന ആരാധനാ കേന്ദ്രം. പുലയ ദൈവങ്ങളുടെ സ്വന്തമായ ഇടം. പക്ഷെ ഈ കോട്ടങ്ങള്‍ ഇന്ന് പുലയ സമുദായത്തിന് അന്യമാവുകയാണോ? കോട്ടങ്ങളെ ക്ഷേത്രങ്ങളാക്കിക്കൊണ്ട് ബ്രാഹ്മണിക് ഹിന്ദുത്വം അതിന്റെ അധിനിവേശ ശ്രമങ്ങള്‍ നടത്തുന്ന കാഴ്ചയാണ് ഉത്തരമലബാറില്‍ പലയിടങ്ങളിലും ഇന്ന് ദൃശ്യമാവുന്നത്. കോട്ടങ്ങളെ ക്ഷേത്രങ്ങളാക്കി പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ ഈ മേഖലയില്‍ വ്യാപകമാണ്. ഈ ‘പുനരുദ്ധാരണം’ ഇല്ലാതാക്കുന്നത് ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സംസ്‌കാരവും അവര്‍ ആരാധിച്ചിരുന്ന ദൈവങ്ങളെയുമാണ്.

ഉത്തരമലബാറിലെ ആചാര, അനുഷ്ഠാന ക്രമങ്ങള്‍ പ്രധാനമായും ജാതിയുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതാണ്. ഓരോ ജാതിക്കും ഓരോ തരത്തിലുള്ള കലയും അനുഷ്ഠാനവും എന്ന തരത്തില്‍ അത് ബഹുസ്വരമാണ്. ഇതില്‍ പുലയസമുദായക്കാരുടെ ആരാധനാലയങ്ങളാണ് കോട്ടം. ഇവിടങ്ങളിലാണ് അനുഷ്ഠാനപരമായ തെയ്യങ്ങള്‍ നടക്കുന്നതും. തെയ്യം കെട്ടലിനോടനുബന്ധിച്ച്, ആ സമുദായത്തിന്റെ സംസ്‌കാരത്തിനനുസരിച്ച് അവരുടെ ജീവിതത്തിന്റെ ഭാഗമായ ഭക്ഷണം തന്നെ ദൈവമെന്ന് കണക്കാക്കുന്ന തെയ്യങ്ങള്‍ക്കര്‍പ്പിക്കുന്നു.

എന്നാല്‍ അടുത്തകാലത്തായി കോട്ടങ്ങളും കാവുകളും ക്ഷേത്രങ്ങളായി പരിവര്‍ത്തനം നടത്തുകയാണ്. തെയ്യങ്ങള്‍ ഭരിക്കുന്ന കോട്ടങ്ങളും കാവുകളുമടക്കമുള്ളവയുടെ ആരാധനാക്രമവും ക്ഷേത്രാരാധനയും രണ്ടായിരിക്കെ ഇത് ഒരു സമുദായത്തിന്റെ വിശ്വാസങ്ങളേയും ആചാരങ്ങളേയും തന്നെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണെന്ന് ആരോപണമാണ് പുലയസമുദായക്കാര്‍ മുന്നോട്ട് വെക്കുന്നത്. കീഴാളരുടെ കോട്ടങ്ങളെ ക്ഷേത്രങ്ങളാക്കി ബ്രാഹ്മണവല്‍ക്കരിക്കുന്നതിനൊപ്പം, പുനരുദ്ധാരണത്തിനായി ക്ഷേത്രമെന്ന പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി വീണ്ടും തങ്ങളെ ബ്രാഹ്മണ്യത്തിന്റെ അടിമകളാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു.

തെയ്യം കലാകാരനായ കണ്ണൂര്‍  സ്വദേശി ഉദയന്റെ വാക്കുകള്‍ ശ്രദ്ധിക്കാം-

ഈ അടുത്തകാലത്തായി ബഹുസ്വരതയെ ഹൈജാക്ക് ചെയ്തുകൊണ്ട് ഏകപ്രതിഷ്ഠാ ആരാധനാ രീതിയിലേക്ക് മാറ്റുന്ന ഒരു സംവിധാനം ഉണ്ടാവുന്നുണ്ട്. അത് വളരെ അപകടകരമാണ്. ബോധപൂര്‍വ്വമായ ഒരു കടന്നുകയറ്റമാണ്. പുലയസമുദായക്കാരുടെ ആരാധനാ ക്രമത്തില്‍ പ്രതിഷ്ഠ എന്ന സങ്കല്‍പ്പം, കുടികിടപ്പ് പ്രതിഷ്ഠയാണ്. പൊതുവെ പത്തില്ലങ്ങള്‍ എന്നാണ് പറയുന്നത്. ഒരു ജന്‍മിയുടെ കീഴില്‍ തൊഴില്‍ ചെയ്യുന്ന പത്ത് കുടുംബങ്ങളെ ചേര്‍ത്ത് ഒരു ഇല്ലമായി കണക്കാക്കും. അതില്‍ ഓരോ ഇല്ലങ്ങള്‍ക്കും പ്രത്യേകം ആരാധനാ സങ്കേതങ്ങളുണ്ട്. കുടിയാന്‍മാരിലെ മുതിര്‍ന്ന കാര്‍ണവര്‍ എടുത്തുവക്കുന്ന പ്രതിഷ്ഠയാണ് കോട്ടങ്ങളിലെ പ്രതിഷ്ഠ. അടുത്തകാലത്തായി ഇത് മാറി ഒരു ബ്രാഹ്മണിക് സംസ്‌കാരം വന്നുകൊണ്ടിരിക്കുകയാണ്. ജോത്സ്യന്‍മാര്‍ കടന്ന് വരികയും ദേവപ്രശ്‌നം വയ്ക്കുകയും പ്രതിഷ്ഠ നടത്തേണ്ടത് ബ്രാഹ്മണരാണെന്ന് തീരുമാനിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. അതുവഴി കോട്ടം എന്ന പേരില്‍ നിന്ന് അത് ക്ഷേത്രം ആയി മാറ്റപ്പെടുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ കോട്ടത്തിന്റെ അധികാരികളായിരുന്ന വിഭാഗങ്ങള്‍ക്ക് അവിടെ അധികാരം നഷ്ടപ്പെടുകയും ചെയ്യുന്നു. പ്രതിഷ്ഠ ചെയ്യുന്ന തന്ത്രിക്കാണ് അതിന്റെ അധികാരം. ഏകസ്വര ആരാധനാ ക്രമത്തിലേക്ക് ഈ കോട്ടങ്ങളെ മാറ്റപ്പെടുകയും ചെയ്യുന്നു.

ഇത് ഒരു രാഷ്ട്രീയമാണെന്നതാണ് എന്നെപ്പോലുള്ളവര്‍ ഉന്നയിക്കുന്ന വാദം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് പെരിങ്ങീല്‍ എന്ന സ്ഥലത്ത് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തെയ്യങ്ങള്‍ കളിച്ച ഒരു ആരാധനാകേന്ദ്രമായ മാടന്‍ ഇല്ലക്കാരുടെ പെരിങ്ങീല്‍ കോട്ടം. മുന്‍കാല ഫോക്‌ലോര്‍ സെക്രട്ടറിയുള്‍പ്പെടെ കുറച്ചുപേര്‍ രംഗത്തെത്തി അതിന്റെ പുനരുദ്ധാരണ കമ്മിറ്റി രൂപീകരിക്കുകയും കോട്ടം എന്ന പേര് മാറ്റി ക്ഷേത്രം എന്നാക്കി ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ചെയ്തു. അവിടെ പുലയവിഭാഗം നിസ്സഹായരായി മാറി നില്‍ക്കേണ്ട അവസ്ഥയാണ്. വെങ്ങേരിയിലുള്ള ഒരു യുവാവ് പെരിങ്ങീലില്‍ കോട്ടം കാണുകയും ഫോട്ടോ, തെയ്യം എന്ന വാട്‌സ്ആപ് ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് ഇതിന് തുടക്കമാവുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ കോട്ടം സന്ദര്‍ശിക്കുകയും അവര്‍ നാട്ടുകാര്‍ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. അവിടെയുണ്ടായിരുന്ന പുലയസമുദായക്കാരില്‍ പലരും ക്രൈസ്തവരായി മാറിയതുകൊണ്ട് പത്തില്‍ താഴെ പുലയക്കുടുംബങ്ങള്‍ മാത്രമാണ് അവിടെ താമസിക്കുന്നത്. കമ്മിറ്റിയോഗങ്ങള്‍ രണ്ട് തവണ ചേരുകയും പുനരുദ്ധാരണത്തിനുള്ള ബാനര്‍ കെട്ടുകയും ചെയ്തിട്ടുണ്ട്. ഇതിലെല്ലാം ക്ഷേത്രം എന്നാണ് വ്യക്തമായി പറഞ്ഞിരിക്കുന്നത്. പെരിങ്ങീല്‍ കോട്ടം ബാനറിലും ബാങ്ക് രേഖകളിലും ആര്യക്കര ഭവഗതി ക്ഷേത്രമായിട്ടുണ്ട്.

ക്ഷേത്രങ്ങളില്‍ തെയ്യങ്ങള്‍ കളിക്കില്ല. നിത്യപൂജയും പായസവും പുഷ്പാര്‍ച്ചനയുമായി വെജിറ്റേറിയന്‍ കള്‍ച്ചറാണ് ക്ഷേത്രങ്ങളില്‍ പ്രതിഫലിക്കാറ്. എന്നാല്‍ കോട്ടങ്ങളില്‍ നോണ്‍-വെജിറ്റേറിയന്‍ സംസ്‌കാരമാണ് നിലവിലുള്ളത്. മദ്യവും മാംസവുമാണ് അവിടെ ദൈവത്തിന് കാഴ്ചവയ്ക്കുക. പന്നിയെ വേട്ടയാടി വയ്ക്കുന്ന കോട്ടങ്ങള്‍ പോലുമുണ്ട്. എന്റെ പേര് ഉദയകുമാര്‍ എന്നാണ്. എന്റെ പേര് മാറ്റി ഉദയന്‍ നമ്പൂതിരി എന്നാക്കിയാല്‍ എങ്ങനെയിരിക്കും? അതേപോലെ കോട്ടങ്ങള്‍ എന്ന് പറയുമ്പോള്‍ തനത് സ്വത്വമാണ്. അതുമാത്രമല്ല, കോട്ടങ്ങളും കാവുകളുമെല്ലാം നിലനില്‍ക്കുമ്പോഴേ തെയ്യത്തിനും പ്രസക്തിയുള്ളൂ.

‘നല്ല നായന്മാര്‍ക്കും ബ്രാഹ്മണന്മാര്‍ക്കും ഇടയിലേക്ക് ഒരു ചോകോനോ’? ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണനായ ശാന്തിക്കാരന് അയിത്തം

പുലയവിഭാഗങ്ങള്‍ക്ക് ആരാധന നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് സ്വന്തമായി ആരാധനാക്രമമുണ്ടാവണം എന്ന ലക്ഷ്യത്തോടെ കോട്ടങ്ങള്‍ ഉണ്ടാവുന്നത്. മിക്ക കോട്ടങ്ങളും പുഴയരികുകളിലായിരിക്കും. ‘ആരക്കയ്യാല്‍ ഏവരക്കയ്യാല്‍ എടുത്തുവച്ച ബിംബവും, കായകുടിയാന്‍ തന്‍കയ്യാല്‍ എടുത്തുവച്ച ബിംബവും’ എന്നാണ് തോറ്റത്തില്‍ പറഞ്ഞിരിക്കുന്നത്. കഴകത്തെ കുടിയാനാണ് ബിംബം പ്രതിഷ്ഠിക്കുന്നത്. കണ്ണിമീന്‍ കൊണ്ട് കറിയും ചമച്ച് കണ്ണന്‍ചിരട്ടയില്‍ കള്ളും വച്ചിട്ട് ദൈവത്തെ ആരാധിക്കണമെന്നാണ് അടുത്ത നിയമം. ഭക്ഷണ രീതിയും അതില്‍ വ്യക്തമാണ്.

ഉത്തരമലബാറില്‍ അങ്ങോളമിങ്ങോളം ഈ ഹൈജാക്കിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഒട്ടനവധി കോട്ടങ്ങള്‍ ക്ഷേത്രങ്ങളായി മാറിയിട്ടുണ്ട്. ബോധപൂര്‍വമാണോ അല്ലയോ എന്നറിയില്ല, ഇത്തരത്തില്‍ ക്ഷേത്രങ്ങളായതെല്ലാം പുലയക്കോട്ടങ്ങളാണ് എന്നാണ് മനസ്സിലായിട്ടുള്ളത്. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് പഞ്ചായത്തില്‍ ചേരിക്കല്‍ കോട്ടമുണ്ടായിരുന്നു. അത് ഇപ്പോള്‍ ചേരിക്കല്‍ ഭഗവതി ക്ഷേത്രമായി മാറി. ക്ഷേത്രമായി മാറിയതോടെ ആ ആരാധനാലയം പുലയര്‍ക്ക് അന്യമായി. ഞങ്ങളുടെ ആരാധനാലയത്തില്‍ പോവുമ്പോള്‍ നമുക്ക് പ്രസാദവും അരിയും തരുന്ന അവസ്ഥ. നമ്പൂതിരിമാര്‍ പൂജ ചെയ്യുന്ന മറ്റ് ക്ഷേത്രങ്ങളിലേത് പോലെ തന്നെ അവരുടെ ശരീരത്തില്‍ തൊടാതെ അവര്‍ തരുന്നത് വാങ്ങേണ്ടിവരുന്നു. അത് വളരെ പ്രയാസമുണ്ടാക്കുന്നുണ്ട്.

ഈ പ്രദേശത്തെ പുലയരുടെ പ്രധാന ജീവിതോപാധി മത്സ്യബന്ധനമായിരുന്നു. അതില്‍ നിന്ന് കിട്ടുന്ന പങ്ക് ദൈവത്തിനും വെക്കുക എന്നതായിരുന്നു. ബ്രാഹ്മണര്‍ പ്രതിഷ്ഠ നടത്തിക്കഴിയുമ്പോള്‍, നമ്മള്‍ ഇവിടെ നടത്തിയത് ബ്രാഹ്മണ കര്‍മ്മമാണ്, അതിനാല്‍ ഇനിമുതല്‍ ഇതിന്റെയുള്ളില്‍ മത്സ്യമാംസാദികള്‍ കയറ്റാന്‍ കഴിയില്ല എന്നാണ് പറയുന്നത്. ‘അശുദ്ധി’ വരുത്താന്‍ കഴിയില്ലെന്ന്. ഇത്തരം ക്ഷേത്രങ്ങളായി മാറിയ കോട്ടങ്ങളില്‍ പൊട്ടന്‍തെയ്യം കെട്ടാനായി പുറത്ത് നിവേദ്യം വക്കുകയും ചെയ്യുന്ന അവസ്ഥപോലുമുണ്ടായി. ചിലര്‍ ഒരു തീരുമാനമെടുക്കുകയും അത് നടപ്പാക്കുകയും ഞങ്ങളെപ്പോലുള്ളവരില്‍ അത് അടിച്ചേല്‍പ്പിക്കുകയുമാണ് ചെയ്യുന്നത്.

പലയിടങ്ങളിലും നിശ്ബ്ദമായി ഇത്തരം പരിവര്‍ത്തനങ്ങള്‍ നടന്നുകഴിഞ്ഞു എന്ന് ഉദയന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പെരിങ്ങീലില്‍ ഇത് നടത്താനനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികളില്‍ ചിലര്‍. പദ്ധതിക്കെതിരെ സാമൂഹ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. പുനരുദ്ധാരണ പദ്ധതിയെന്ന പേരില്‍ കോട്ടത്തെ ക്ഷേത്രമാക്കുന്നവര്‍ ഹൈന്ദവ സാംസ്‌കാരികതയെ ഒളിച്ചുകടത്തുകയാണെന്ന് സാമൂഹിക നിരീക്ഷകനായ ആനന്ദന്‍ പൊക്കുടന്‍ പറയുന്നു; ‘ഹൈന്ദവ സാംസ്‌കാരികതയെ ഒളിച്ച് കടത്താനുള്ള മാര്‍ഗമാണ്, അതിന് പരവതാനി വിരിക്കാനുള്ള എളുപ്പവഴിയാണ് കോട്ടങ്ങളെ ക്ഷേത്രങ്ങളാക്കി മാറ്റുക എന്നത്. സാമൂഹ്യസ്ഥാപനങ്ങള്‍ എന്ന നിലയില്‍ കോട്ടങ്ങള്‍ക്കുള്ള പ്രത്യേകത അത് ജനാധിപത്യത്തിന്റെ പ്രാകൃതരൂപങ്ങളാണെന്നതാണ്. ഓരോ സമുദായത്തിനും വിവിധ രൂപത്തിലുള്ള, ഓരോ പേരുകളിലുള്ള ഇത്തരം അബ്രാഹ്മണ, ദ്രാവിഡ ആരാധനാകേന്ദ്രങ്ങളുണ്ട്. ദ്രവീഡിയന്‍ സംസ്‌കാരമാണ് അവിടെ നിലനില്‍ക്കുന്നത്. പുലയന്റെ കോട്ടത്തില്‍ മലയന് പോവാം. മലയന്റെ,തീയന്റെ കാവുകളില്‍ പുലയര്‍ക്ക് പോവാം. അതിന് തടസ്സങ്ങളില്ല. പലപേരുകളില്‍ വൈവിധ്യങ്ങളുടെ കേന്ദ്രങ്ങളാണവ. കാവ് എന്ന് പറഞ്ഞാല്‍ തന്നെ അതിന്റെ അര്‍ഥം വള്ളിക്കുടില്‍ എന്നാണ്. കോട്ടങ്ങള്‍ക്കും അത്തരത്തില്‍ അര്‍ഥങ്ങളുണ്ടാവാം. പാരിസ്ഥിതിക സൗഹാര്‍ദമുള്ള, എല്ലാ വിവേചനങ്ങള്‍ക്കും അതീതമായിട്ടുള്ള ആരാധനാ കേന്ദ്രങ്ങളാണ്. ക്ഷേത്രം അങ്ങനെയല്ല.

അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം: ആചാരങ്ങളില്‍ പരിഷ്ക്കാരമാവാം; എന്നാല്‍ നവ ഹിന്ദുത്വയ്ക്ക് പ്രചരണായുധങ്ങളാകരുത്

ക്ഷേത്രം ഭരിക്കുന്നത് ഊരാളന്‍മാരാണ്. സവര്‍ണസമുദായത്തിലെ കുടുംബങ്ങള്‍ക്കാണ് അവിടെ അധികാരം. അതിനകത്ത് പലഭാഗത്തും തുറക്കപ്പെടുന്ന വാതിലുകളില്ല. അതിനാലാണ് ഗുരുവായൂരില്‍ വയലാര്‍ രവി ചെന്നപ്പോള്‍ പുണ്യാഹം തളിച്ചത്. അത് അവരുടെ തീരുമാനമാണ്. അതില്‍ സ്റ്റേറ്റിനോ സമൂഹത്തിനോ ചോദ്യം ചെയ്യാന്‍ അധികാരമില്ല. ഊരാളരാണ് അതിന്റെ അധികാരികള്‍. അതല്ല കോട്ടം. കോട്ടം ക്ഷേത്രമായാല്‍ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നവര്‍ക്ക് ചരിത്രബോധമില്ലാത്തതിനാലാണ്. ഏകശിലാത്മകമായ ഒരു സംഗതിയല്ല കോട്ടങ്ങളും കാവുകളും കൊവ്വലുകളും മുണ്ട്യകളും. പുലയ, ആശാരി, മൂശാരി, തട്ടാന്‍, വണ്ണാന്‍ തുടങ്ങിയ പിന്നോക്ക സമുദായങ്ങളുടെ ആരാധനാലയങ്ങളാണവ. കള്ളും ഒണക്കും ചെമ്മീനും ഞണ്ടുമൊക്കെ ദൈവത്തിന് കാഴ്ചവച്ചിട്ടുള്ള ഒരിടം. അവിടെ വെജിറ്റേറിയനിസം കൊണ്ടുവരിക, സ്വര്‍ണപ്രശ്‌നം കൊണ്ടുവരിക, അതിനെ ക്ഷേത്രമാക്കി മാറ്റുക എന്ന് പറഞ്ഞാല്‍ വൈവിധ്യങ്ങളെ വളരെ സമര്‍ഥമായി തകര്‍ത്ത് കളയാനും ഏകശിലാത്മകമായ ഒരു ആരാധനാ രീതി കൊണ്ടുവരാനുമാണ് ശ്രമിക്കുന്നത്. ബുള്‍ഡോസറൈസ് ചെയ്ത് ഏകശിലാത്മകമായ ഒരു വിശ്വാസത്തിലേക്ക് കൊണ്ടുവരിക എന്ന് പറഞ്ഞാല്‍ അത് ഹൈന്ദവ സാംസ്‌കാരികതയുടെ നവരൂപമാണ്. നവഹൈന്ദവതയുടെ സാംസ്‌കാരിക അജണ്ടയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ഉത്തരമലബാറിലെ ദളിതുകളുടെ ബാക്ക്‌ബോണ്‍ കമ്മ്യൂണിറ്റി പുലയസമുദായമാണ്. പെരിങ്ങീല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ തറകളില്‍ ജീവിച്ചിരുന്ന, കാര്‍ഷിക അടിമകളായ മനുഷ്യരാണ് അവര്‍. അവര്‍ അവരുടെ അതിജീവനത്തിനായി തറകള്‍ ഉണ്ടാക്കുകയും ഒരു കുറ്റിയെടുത്ത് വച്ച് തിരി കത്തിക്കുന്ന ഒട്ടും ആര്‍ഭാടമില്ലാത്ത ആരാധനായിടങ്ങളാണ് ഉണ്ടാക്കിയത്. പെരിങ്ങീല്‍ കോട്ടത്തെ പുഴയെടുത്ത് പോവുമെന്നാണ് പുനരുദ്ധാരണത്തിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നത്. പുഴയെടുത്ത് പോവാനാണെങ്കില്‍ അങ്ങനെ പോവട്ടെ. അല്ലെങ്കില്‍ പുഴയെടുക്കാതിരിക്കാന്‍ മറ്റ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. അതിന് പകരം കോട്ടത്തിന് ചുറ്റും മതില്‍ കെട്ടി ഷീറ്റും ടൈലും ഇട്ട് ഒരു ഇടമുണ്ടാക്കി അവിടെ സ്വര്‍ണപ്രശ്‌നവും നെയ്യഭിഷേകവും നടത്തി, പുന:പ്രതിഷ്ഠ നടത്തി, ബ്രാഹ്മണന്‍ വന്ന് അയാള്‍ കാര്യങ്ങള്‍ തീരുമാനിക്കണമെന്ന് പറയുന്നതെന്തിനാണ്.

ഇപ്പോള്‍ പെരിങ്ങീല്‍ കോട്ടം പുനരുദ്ധരിക്കാന്‍ മുപ്പതിനായിരം രൂപ ആരോ സ്‌പോണ്‍സര്‍ ചെയ്തതായി കേള്‍ക്കുന്നു. ഒരു സ്വര്‍ണപ്രശ്‌നത്തിന് ആറോ ഏഴോ ലക്ഷം രൂപ ചെലവ് വരും. അതുകൊണ്ടും തീരുന്നില്ല. പ്രതിഷ്ഠ നടത്തിയാല്‍ അത് ഓരോ വര്‍ഷവും നവീകരിക്കണം. അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് ദോഷമായി വരും എന്ന് പറഞ്ഞ് ഈ കുടുംബക്കാരെ പേടിപ്പിക്കും. അങ്ങനെ ഓരോ വര്‍ഷവും ബ്രാഹ്മണന്റെ ഇല്ലത്തേക്ക് കീഴാളരുടെ സമ്പാദ്യം ഒഴുകും. എന്നാല്‍ ഈ സംവിധാനത്തിന് പെരിങ്ങീലിനെ വിട്ടുകൊടുക്കില്ല എന്നാണ് ഇതിനെ എതിര്‍ക്കുന്ന നാട്ടുകാര്‍ പറയുന്നത്. ആരും സാംസ്‌കാരിക രക്ഷിതാക്കളായി വരേണ്ട. കോട്ടത്തെ സംരക്ഷിക്കാന്‍ എന്ത് ചെയ്യണമെന്ന് ബോധ്യമുള്ളവര്‍ ആ സമുദായത്തില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. അത് അവര്‍ ചെയ്‌തോളും.’

ഭക്തിമേഖലയില്‍ നവ ആര്യവല്‍ക്കരണം കടന്നു കയറുന്നതിന്റെ പുതിയ രൂപമാണ് ഇപ്പോള്‍ കോട്ടങ്ങള്‍ ക്ഷേത്രങ്ങളാവുമ്പോള്‍ സംഭവിക്കുന്നതെന്നാണ് സാംസ്‌കാരിക, നരവശശാസ്ത്രജ്ഞര്‍ കരുതുന്നത്. നിരത്തുകളില്‍ ബിജെപിയുടെ വരവും പോക്കും സജീവമാവുന്നതിനേക്കാള്‍ അപകടകരമാണ് വിശ്വാസ വൈവിധ്യങ്ങളെ ഏകശിലാരൂപത്തിലേക്ക് മാറ്റുന്നതെന്നും ഈ മേഖലകളില്‍ ഗവേഷണം നടത്തുന്നവര്‍ മുന്നറിപ്പ് നല്‍കുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍