ആലുവ ഡിവൈഎസ്പിക്കു മുന്നാകെ മൊഴി നല്‍കാന്‍ ഹാജരായപ്പോള്‍ തനിക്ക് ഇ മെയില്‍ വഴി കിട്ടിയ മുഴുവന്‍ രേഖകളുടെയും പ്രിന്റ് ഔട്ട് കോപ്പികള്‍ പൊലീസിന് കൈമാറുകയാണ് ഫാ. തേലക്കാട്ട് ചെയ്തത്
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജ ബാങ്ക് രേഖകള്‍ ചമച്ചു എന്ന കേസില്‍ പുതിയ വഴിത്തിരിവ്. കേസിലെ ഒന്നാം പ്രതിയായി ചേര്‍ക്കപ്പെട്ടിരിക്കുന്ന കെസിബിസി മുന്‍ വക്താവും സഭയിലെ മുതിര്‍ന്ന വൈദികനുമായ ഫാ. പോള്‍ തേലക്കാട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരായി മൊഴി നല്‍കിയ കൂട്ടത്തില്‍ കൈമാറാന്‍ കൊണ്ടുവന്ന രേഖകളാണ് കേസിനെ മറ്റൊരു വഴിയിലേക്ക് എത്തിച്ചിരിക്കുന്നത്.
ആലുവ ഡിവൈഎസ്പിയുടെ മുമ്പാകെ ഹാജരായ ഫാ. തേലക്കാട്ട് രണ്ടര മണിക്കൂറോളം സമയമെടുത്ത് കേസില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ മൊഴിയായി നല്‍കി. ഫാ. പോള്‍ തേലക്കാട്ടും എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തും ചേര്‍ന്ന് കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ വ്യാജ രേഖ ചമച്ച് പ്രചരിപ്പിച്ചു എന്നതാണ് ഇരുവര്‍ക്കുമെതിരേയുള്ള കേസ്. ഇത്തരത്തില്‍ രേഖകള്‍ വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിച്ചുണ്ടോ എന്നതാണ് പൊലീസ് ഫാ. തേലക്കാട്ടില്‍ നിന്നും ചോദിച്ചറിയാന്‍ ശ്രമിച്ചത്. എന്നാല്‍ താന്‍ രേഖകള്‍ ചമച്ചു എന്ന ആരോപണത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ഫാ.തേലക്കാട്ട് അന്വേഷണ ഉദ്യോഗസ്ഥനു നല്‍കിയ മൊഴി. കാരണം, ഈ രേഖകള്‍ ഫാ. തേലക്കാട്ടിന് കിട്ടുന്നത് ഇ മെയില്‍ വഴിയാണ്. ഇ മെയില്‍ എന്നത് ഒരു ഡോക്യുമെന്റ് ആണ്. അതാരാണ് അയച്ചതെന്നതിന് കൃത്യമായ തെളിവ് ഉണ്ട്. തനിക്ക് വന്ന ഇ മെയില്‍ ഫാ. തേലക്കാട്ട് പൊലീസിനെ കാണിക്കുകയും ചെയ്തു. തനിക്ക് ആരാണോ ഇ മെയില്‍ അയച്ചത് ആ വ്യക്തിയുടെ വിവരവും ഫാ.തേലക്കാട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. കര്‍ദിനാളിനെതിരെയുള്ള വ്യാജരേഖകള്‍ ഫാ. പോള്‍ തേലക്കാട്ടാണ് ഉണ്ടാക്കിയതെന്ന ആരോപണം മറികടക്കാന്‍ പ്രസ്തുത ഇ മെയില്‍ മതിയായ തെളിവാകുമെന്നാണ് വിവരം.
തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ നല്‍കുന്നതിനൊപ്പം തനിക്ക് ഇ മെയില്‍ ആയി കിട്ടിയ മൊത്തം രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഫാ. തേലക്കാട്ട് സമര്‍പ്പിച്ചിരുന്നു. ഇവിടെയാണ് വ്യാജരേഖ കേസിലെ നിര്‍ണായകമായി ചില വസ്തുതകള്‍ പുറത്തു വരുന്നത്. യഥാര്‍ത്ഥത്തില്‍ ഫാ. തേലക്കാട് അപ്പസ്റ്റോലിക് അഡിമ്‌നിസ്‌ട്രേര്‍ ബിഷപ്പ് മനത്തോടത്തിന് കൈമാറിയത് കേവലം കര്‍ദിനാളിനെതിരേയുള്ള വ്യാജ ബാങ്ക് രേഖകള്‍ മാത്രമായിരുന്നില്ല. 25 ഓളം പേജുകള്‍ അടങ്ങിയ ഒരു ഫയലാണ് ഫാ. തേലക്കാട്ട് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറിയത്. എന്നാല്‍ ഇതുവരെ പുറത്തു വന്ന വാര്‍ത്തകള്‍(സിറോ മലബാര്‍ സഭ അധികൃതര്‍ ഔദ്യോഗികമായി പുറത്തു പറഞ്ഞിരുന്നതും) വ്യാജരേഖയുമായി ബന്ധപ്പെട്ട ചില പേപ്പറുകള്‍ മാത്രമാണ് ഫാ.തേലക്കാട്ട് ബിഷപ്പ് മനത്തോടത്തിന് കൈമാറിയെന്നതാണ്. അതായിരുന്നില്ല വാസ്തവമെന്നാണ് ഇപ്പോള്‍ വിവരങ്ങള്‍ തെളിയിക്കുന്നത്. ഫാ. തേലക്കാട്ട് നല്‍കിയ ഫയല്‍ അതുപോലെ തന്നെ ബിഷപ്പ് മനത്തോടത്ത് കര്‍ദിനാള്‍ ആലഞ്ചേരിക്കും കൈമാറിയിരുന്നു. എന്നാല്‍ ഈ ഫയലില്‍ നിന്നും ചില പേപ്പറുകള്‍ മാത്രമെടുത്ത്(തനിക്ക് ഐസിഐസിഐ ബാങ്കില്‍ അകൗണ്ട് ഉണ്ടെന്നു പറയുന്ന രേഖകള്‍) സിനഡിനു മുന്നില്‍ അവതരിപ്പിച്ച് ഇത് വ്യാജരേഖകളാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി നടത്തിയ ശ്രമമാണെന്നും പരാതി ഉന്നയിക്കുകയാണ് കര്‍ദിനാള്‍ ചെയ്തത്. ഈ രേഖകള്‍ മുന്‍നിര്‍ത്തിയാണ് സിനഡിന്റെ നിര്‍ദേശപ്രകാരം ഫാ. തേലക്കാട്ടിനെ ഒന്നാം പ്രതിയും ബിഷപ്പ് മനത്തോടത്തിനെ രണ്ടാം പ്രതിയുമാക്കി കേസ് നല്‍കിയത്. കര്‍ദിനാള്‍ ഇവിടെ നടത്തിയ ഒളിച്ചു കളയായി ഇപ്പോള്‍ എഎംടി പോലുള്ള വിശ്വാസി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്, ബിഷപ്പ് മനത്തോടത്ത് തനിക്ക് ഫാ. പോള്‍ തേലക്കാട്ടുവഴി കൈമാറി കിട്ടിയ 25 ഓളം പേപ്പറുകളും കര്‍ദിനാളിനെ ഏല്‍പ്പിച്ചെങ്കിലും അദ്ദേഹം അതു മുഴുവന്‍ സിനഡിനു മുന്നില്‍ അവതരിപ്പിക്കുകയോ പരാതി നല്‍കുന്ന സമയത്ത് പൊലീസിന് കൈമാറുകയോ ചെയ്തിട്ടില്ലെന്നതാണ്. ബാക്കി രേഖകള്‍ എവിടെ പോയെന്നാണ് എഎംടി പ്രതിനിധികള്‍ അടക്കം ചോദിക്കുന്നത്. അത് മൂടിവച്ചിട്ടുണ്ടെങ്കില്‍ ഫാ. തേലക്കാട്ടിന് കിട്ടിയ രേഖകളെല്ലാം വ്യാജ രേകഖള്‍ അല്ലെന്നും അവ യാഥാര്‍ത്ഥ്യങ്ങളാണെന്നും അതു മനസിലാക്കി കര്‍ദിനാള്‍ അവ മറച്ചുവച്ചതാണെന്നുമാണ് എഎംടി ചൂണ്ടിക്കാണിക്കുന്നത്.
ആലുവ ഡിവൈഎസ്പിക്കു മുന്നാകെ മൊഴി നല്‍കാന്‍ ഹാജരായപ്പോള്‍ തനിക്ക് ഇ മെയില്‍ വഴി കിട്ടിയ മുഴുവന്‍ രേഖകളുടെയും പ്രിന്റ് ഔട്ട് കോപ്പികള്‍ പൊലീസിന് കൈമാറുകയാണ് ഫാ. തേലക്കാട്ട് ചെയ്തത്. എന്നാല്‍ ഈ രേഖകള്‍ ഇപ്പോള്‍ ആവശ്യമില്ലെന്നും വേണ്ട സമയത്ത് തങ്ങള്‍ വാങ്ങിക്കോളാമെന്നുമാണ് പൊലീസ് പുരോഹിതനെ അറിയിച്ചത്. താന്‍ രേഖകള്‍ എല്ലാം പൊലീസിന് കൈമാറാന്‍ തയ്യാറായതാണെന്നും എന്നാല്‍ അവയുടെ ഉള്ളടക്കം ഇപ്പോള്‍ പുറത്തു പറയുന്നില്ലെന്നുമാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ഫാ. പോള്‍ തേലക്കാട്ട് അഴിമുഖത്തോട് പ്രതികരിച്ചത്.
അതേസമയം കര്‍ദിനാളിന്റെ കൈയില്‍ കിട്ടിയ രേഖകള്‍, അവ സിനഡിന് മുന്നില്‍ എത്തിയിട്ടുണ്ടെങ്കില്‍ അക്കാരണത്താലും വിശ്വാസികള്‍ക്കും വൈദികര്‍ക്കും മുന്നില്‍ വെളിവാക്കണമെന്നും അവയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ അന്വേഷണം വേണമെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് വിശ്വാസികളും പുരോഹിതരും ആവശ്യപ്പെടുന്നത്. രേഖകളിലെ വാസ്തവങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ ഏതറ്റം വരെ പോകാനും തയ്യാറാകുമെന്നാണ് വിശ്വാസികളുടെ സംഘടനയായ എഎംടി പ്രതിനിധികള്‍ പറയുന്നത്.
Read More: വ്യാജരേഖകളും വ്യാജാരോപണങ്ങളും; എറണാകുളം അതിരൂപതയെ ഒറ്റുകൊടുക്കുന്നതാര്?
വ്യാജരേഖ കേസില്‍ പോലീസും കര്‍ദിനാള്‍ ആലഞ്ചേരിയും ഒരു ഒളിച്ചു കളി നടക്കുന്നതായി സംശയിക്കുന്നു. വ്യാജരേഖ കേസില്‍ മൊഴി കൊടുക്കാന്‍ ആലുവ ഡിവൈഎസ്പി ഓഫീസില്‍ ഹാജരായ ഫാ.പോള്‍ തേലക്കാട്ട് തനിക്കു ലഭിച്ച മുഴുവന്‍ രേഖകളും അതിന്റെ കോപ്പികളും അത് ഇമെയില്‍ വഴി അയച്ച വ്യക്തിയുടെ ഇമെയില്‍ അഡ്രസ് സഹിതം കൊണ്ട് പോയിരുന്നു. ഏകദേശം 25 പേപ്പറില്‍ കൂടുതല്‍ രേഖകള്‍ കൈമാറാന്‍ അച്ചന്‍ തയ്യാറായെങ്കിലും പോലീസിന് അത് വേണ്ട എന്നുള്ള നിലപാട് സംശയാസ്പദമാണ്. അച്ചന്‍ പൊലീസിന് കൊടുത്ത രേഖകള്‍ കൈമാറിയിട്ടും അത് വാങ്ങാനോ അതിനെ കുറിച്ച് അന്വേഷണം നടത്തുവാനോ പൊലീസ് തയ്യാറല്ല എന്നാണ് മനസിലാവുന്നത്. കാരണം, അവര്‍ക്ക് വ്യാജരേഖ കേസില്‍ വ്യാജ അക്കൗണ്ട് സംബന്ധിച്ചുള്ള രേഖകള്‍ മാത്രം മതി എന്നുള്ള നിലപാട് ആയിരുന്നു. ഒരു കേസ് കൊടുക്കുക അതിനെ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയിട്ടും ഒരു ഹിഡന്‍ അജണ്ട പോലെ വെറും നാല് പേപ്പറുകള്‍ മാത്രം കൈപറ്റി അന്വേഷണം നടത്തി എന്ന് വരുത്തുക എന്നാല്‍ മറ്റു രേഖകള്‍ അന്വേഷണം നടത്താതിരിക്കുക എന്ന നിലപാടില്‍ അതിരൂപതയ്ക്കും അച്ചനും തോന്നിയ സംശയം വെറുതെ അല്ല. അത് കൊണ്ട് പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കണം. തേലക്കാട്ട് അച്ചന്‍ കൈമാറാന്‍ തയ്യാറായ മുഴുവന്‍ രേഖകളെ കുറിച്ചും വ്യാജമാണോ ഒറിജിനല്‍ ആണോ എന്ന് അന്വേഷണം നടത്തണമെന്ന് എറണാകുളം അതിരൂപത വിശ്വാസികളോടൊപ്പം ഞങ്ങളും ആവശ്യപ്പെടുന്നു; എഎംടി പ്രതിനിധികള്‍ പ്രസ്താവനയില്‍ പറയുന്നു.
ഫാ. പോള്‍ തേലക്കാട്ട് പൊലീസിന് നല്‍കിയ മൊഴി പ്രകാരം തനിക്ക് ഈ രേഖകള്‍ കിട്ടിയത് ഇ മെയില്‍ വഴിയാണെന്നു പറയുമ്പോള്‍, വ്യാജ രേഖ കേസ് സഭയ്ക്ക് മൊത്തത്തില്‍ നാണക്കേടുണ്ടാക്കുന്ന വിധം മാറ്റിയെടുത്തവരാണ് സമാധാനം പറയേണ്ടതെന്നാണ് വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടന്‍ അഴിമുഖത്തോട് പ്രതികരിച്ചത്. ഇ മെയില്‍ വഴിയാണ് ഫാ. തേലക്കാട്ടിന് രേഖകള്‍ കിട്ടിയതെങ്കില്‍ അത് അയച്ചത് മറ്റൊരാളാണ്. അങ്ങനെയെങ്കില്‍ ആ വ്യക്തിക്കാണ് രേഖകളെക്കുറിച്ച് അറിവുള്ളത്. ഇക്കാര്യം ഫാ. പോള്‍ തേലക്കാട്ടിനെ വിളിച്ച് അന്വേഷിച്ചിരുന്നെങ്കില്‍ ആരാണോ വ്യാജരേഖയുടെ പിന്നില്‍ ഉള്ളത് ആ വ്യക്തിയെ കണ്ടെത്താവുന്നതായിരുന്നു. അതുവഴി ആ വ്യക്തിക്കെതിരേ കേസ് നല്‍കാമായിരുന്നു. അതിനു തയ്യാറാകാതെ ഫാ. പോള്‍ തേലക്കാട്ടിനെ ബോധപൂര്‍വമെന്നോണം പ്രതിയാക്കുന്ന സമീപനമാണ് ചിലര്‍ കൈക്കൊണ്ടതെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രതിഷേധം. ഒരു സഭാംഗം ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തലോ രേഖകള്‍ കൈമാറല്‍ നടത്തുകയോ ചെയ്യുമ്പോള്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ചു കാര്യങ്ങള്‍ ചോദിക്കാന്‍ കര്‍ദിനാളോ, സിനഡ് പിതാക്കന്മാരോ, സഭയിലെ ആഭ്യന്തര സമിതിയോ തയ്യാറാകേണ്ടതായിരുന്നു. എന്തുകൊണ്ടവര്‍ അതിന് തയ്യാറായില്ല എന്നതാണ് ഇവിടെയുള്ള ചോദ്യം. തേലക്കാട്ടച്ചനെ വിളിച്ചു ചോദിക്കാതെ നേരെ എന്തിനാണ് നിയമനടപടികളുമായി പോയത്? അതിന്റെ ഉത്തരവാദിത്വം പറയേണ്ടത് കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവരാണ്. ഒരു രേഖ തേലക്കാട്ട് അച്ഛന്‍ മനത്തോടത്ത് പിതാവിനെ ഏല്‍പ്പിക്കുന്നു, പിതാവ് അത് കര്‍ദിനാളിനെ ഏല്‍പ്പിക്കുന്നു, അദ്ദേഹമത് സിനഡില്‍ അവതരിപ്പിക്കുന്നു. സിനഡിനും കര്‍ദിനാളിനും എല്ലാവര്‍ക്കും അറിയാവുന്നൊരാളാണല്ലോ തേലക്കാട്ടച്ചന്‍. അദ്ദേഹത്തെ വിളിപ്പിച്ച് കാര്യങ്ങള്‍ എന്താണെന്നു തിരക്കുകയായിരുന്നില്ലേ മര്യാദ. എന്തുകൊണ്ടതിന് അവര്‍ തയ്യാറായില്ല, അങ്ങനെയൊരു ഉത്തരവാദിത്വം അവര്‍ക്കുണ്ടായിരുന്നില്ലേ. അന്നങ്ങനെ ചോദിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സഭയാകെ നാണംകെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകുമായിരുന്നോ? ഞങ്ങള്‍ പുരോഹിതന്മാര്‍ക്കുള്ള ഏറ്റവും വലിയ വിഷമം, സഭ സംവിധാനത്തില്‍ ഒരു ഇന്റേണല്‍ ഫോറം ഉണ്ട്. ആ ഫോറത്തില്‍ എന്തുകൊണ്ടവര്‍ തേലക്കാട്ടച്ചനെ വിളിച്ചു വിവരങ്ങള്‍ ചോദിച്ചില്ല എന്നതാണ്. ഇതുവരെ ഇക്കാര്യം അച്ചനോട് ചോദിച്ചിട്ടില്ല. ഈ ചോദ്യമാണ് ഞങ്ങള്‍ പുരോഹിതരും വിശ്വാസികളും ചോദിച്ചു കൊണ്ടിരിക്കുന്നത്.