UPDATES

ഫറൂഖ് കോളേജിലെ മാധ്യമ സെമിനാര്‍ വിവാദം: ദളിത് മാധ്യമപ്രവര്‍ത്തകയെ പങ്കെടുപ്പിക്കാതിരിക്കാന്‍ ശ്രമമുണ്ടായോ? എന്താണ് വാസ്തവം

ദളിത് – മുസ്ലിം ഐക്യത്തെക്കുറിച്ച് സംസാരിക്കുകയും ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ കേരളത്തിലെ മുസ്ലിം പ്രാതിനിധ്യമുള്ള ഒരു കോളേജ് ദളിത് വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ മടിക്കുന്നോ?

ന്യൂസ്18 ചാനലിലെ ജോലി പ്രശ്നവുമായി ബന്ധപ്പെട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഇപ്പോള്‍ ചാനലില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരിക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തക ശരണ്യയെ കോഴിക്കോട് ഫറൂക്‌ കോളേജില്‍ നടത്തിയ മാധ്യമ സെമിനാറില്‍ പങ്കെടുപ്പിക്കരുതെന്ന് ന്യൂസ്18 ചാനലില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടാവുകയും ഇക്കാരണം കൊണ്ട് കോളേജ് അധികൃതര്‍ ആ പരിപാടി റദ്ദാക്കുകയും ചെയ്തു എന്ന രീതിയിലുള്ള വാര്‍ത്തകളാണ് രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ച ചെയ്യുന്നത്. ‘ന്യൂസ് മുറിയിലെ ജാതീയത’ എന്ന വിഷയത്തില്‍ നടത്തിയ സെമിനാറിലേക്ക് ശരണ്യയേയും സംഘാടകര്‍ ക്ഷണിച്ചിരുന്നു. പരിപാടി കോളേജ് അധികൃതര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കോളേജിന് പുറത്ത് മറ്റൊരു വേദിയില്‍ അത് സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ന്യൂസ് 18 ചാനലില്‍ നിന്ന് അത്തരത്തില്‍ സമ്മര്‍ദ്ദമുണ്ടായോ? എന്താണ് പരിപാടിക്ക് അനുമതി നിഷേധിക്കാന്‍ കോളേജ് അധികൃതര്‍ക്ക് പ്രേരണയായത്? യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ ഇതുമായി ബന്ധപ്പെട്ടവരോട് സംസാരിച്ചുകൊണ്ടുള്ള അന്വേഷണം.

കോളേജിലെ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം ഡിപ്പാര്‍ട്ട്‌മെന്റും മക്തൂബ് മീഡിയയും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിക്കാനൊരുങ്ങിയത്. ജേര്‍ണലിസം ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സോണിയയെയാണ് ആദ്യം വിളിച്ചത്; അവരുടെ മറുപടി ഇങ്ങനെ: ‘സെമിനാര്‍ അവതരിപ്പിക്കേണ്ട എന്ന് എനിക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടില്ല. ഞാനങ്ങനെ പറഞ്ഞിട്ടുമില്ല. കോളേജ് യൂണിയന്‍ സത്യപ്രതിജ്ഞ ചടങ്ങായതു കൊണ്ട് ഈ പരിപാടി നടത്തുന്നതിലുള്ള സാങ്കേതിക പ്രയാസം കണക്കിലെടുത്ത് മാറ്റിവക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്. കോഴ്‌സ് ഡയറക്ടറാണ് ഈ നിര്‍ദ്ദേശം കൈമാറിയത്.’

പിന്നീട് കോഴ്‌സ് ഡയറക്ടര്‍ യൂസഫ് അലിയെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ ന്യൂസ്18ല്‍ നിന്ന് ഏതെങ്കിലുമൊരു തരത്തില്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടുള്ളതായി തനിക്കറിയില്ലെന്നും പരിപാടി നടത്തുന്നതിന് പ്രിന്‍സിപ്പല്‍ അനുമതി നല്‍കിയിട്ടുണ്ടോ എന്നു പോലും തനിക്കറിയില്ലെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ‘കോളേജിനകത്ത് ഇന്നലെ പരിപാടി നടന്നിട്ടില്ല. എം.സി.ജെ.അസോസിയേഷന്‍ നേരത്തെ ഇങ്ങനെയൊരു പരിപാടി പറഞ്ഞിരുന്നു. അതേസമയത്ത് തന്നെ യൂണിയന്റെ ഒരു പരിപാടി ഉണ്ടായിരുന്നത് കൊണ്ടും യൂണിയന്‍ ഉദ്ഘാടനം കഴിയാത്തത് കൊണ്ട് ഒരു അസോസിയേഷന്റെ പരിപാടി നടത്തുന്നത് ശരിയല്ല എന്നത്‌ കൊണ്ടും മാറ്റിവയ്ക്കാന്‍ പറയുകയാണ് ചെയ്തത്.’ യൂണിയന്‍ പരിപാടി ഓഡിയോ വിഷ്വല്‍ തിയേറ്ററില്‍ നടക്കുകയാണെങ്കില്‍ തങ്ങള്‍ മറ്റൊരു സ്ഥലത്ത് പരിപാടി നടത്താമെന്ന് പറഞ്ഞ ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്ക് അതിന് അനുമതി നല്‍കിയിരുന്നു എന്ന വിദ്യാര്‍ഥികളുടെ വാദം അദ്ദേഹത്തോട് സൂചിപ്പിച്ചപ്പോള്‍, ‘അനുമതി നല്‍കിയ കാര്യം പ്രിന്‍സിപ്പലോ ഡിപ്പാര്‍ട്ട്മെന്റോ അറിഞ്ഞിട്ടില്ല. സാധാരണ ഗതിയില്‍ മൂന്ന് മണിക്ക് മുമ്പ് കോളേജില്‍ പരിപാടികള്‍ നടത്താന്‍ അനുവാദമില്ല. രണ്ട് മണിക്ക് പരിപാടി വച്ചപ്പോള്‍ തന്നെ അത് ഒരു കുറിപ്പെഴുതി തിരിച്ചുവിടുകയാണ് ചെയ്തിട്ടുള്ളത്. ഒടുവില്‍ ഇനി പ്രിന്‍സിപ്പല്‍ അനുമതി നല്‍കിയോ എന്ന കാര്യത്തില്‍ എനിക്ക് വ്യക്തതക്കുറവുണ്ട്. പ്രിന്‍സിപ്പല്‍ തന്നെയാണ് പരിപാടി മാറ്റിവക്കണമെന്ന് പറഞ്ഞത്. പരിപാടി തീരുമാനിച്ചിരുന്നതിന് രണ്ടോ മൂന്നോ ദിവസം മുമ്പ് തന്നെ അക്കാര്യം വിദ്യാര്‍ഥികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്’ എന്നായിരുന്നു മറുപടി.

എന്നാല്‍ വിദ്യാര്‍ഥിയായ റാഷിദ്, കോഴ്‌സ് ഡയറക്ടര്‍ പറഞ്ഞ പലകാര്യങ്ങളിലും പിഴവുകള്‍ ഉണ്ടെന്ന് പറയുന്നു: ‘അനുമതി വാങ്ങിയോ എന്ന് സംശയമാണെന്ന് ഡയറക്ടര്‍ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്നറിയില്ല. ഞങ്ങള്‍ നല്‍കിയ കത്തില്‍ ‘പെര്‍മിറ്റഡ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ കോപ്പി ഞങ്ങളുടെ കൈവശമുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഏതാണ്ട് പതിനൊന്ന് മണിക്കാണ് ഡിപ്പാര്‍ട്‌മെന്‍രില്‍ നിന്ന് പരിപാടിക്കുള്ള അനുമതി ലഭിച്ചത്. പിന്നീട് ഡയറക്ടറുടെ ഒപ്പും വാങ്ങി. അന്ന് പ്രിന്‍സിപ്പല്‍ അവധിയായിരുന്നതിനാല്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്, ഓഡിയോ വിഷ്വല്‍ തിയേറ്ററില്‍ വച്ച് പരിപാടി നടത്താനുള്ള അനുമതി നല്‍കി. എന്നാല്‍ അതേദിവസം യൂണിയന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതിനാല്‍, അവര്‍ക്ക് ഓഡിയോ വിഷ്വല്‍ തിയേറ്റര്‍ ലഭിക്കാനായി ഞങ്ങളുടെ വേദി മാറ്റാമോ എന്ന് ചോദിച്ച് യൂണിയന്‍ പ്രതിനിധികള്‍ സമീപിച്ചു. അങ്ങനെ ഞങ്ങള്‍ മാഡംക്യൂറി ഹാളിലേക്ക് പരിപാടി മാറ്റി. പിന്നീട് തിങ്കളാഴ്ച രാത്രിയാണ് ഡിപ്പാര്‍ട്‌മെന്‍രില്‍ നിന്നും അസോസിയേഷന്‍ സെക്രട്ടറിയായിട്ടുള്ള അസ്മ അബ്ദുള്ളയ്ക്ക് ഫോണ്‍കോള്‍ വരുന്നത്. പരിപാടി അന്ന് നടത്തരുതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞിട്ടുണ്ട് എന്നാണ് ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് പറഞ്ഞത്. യൂണിയന്‍ ഉദ്ഘാടനം നടക്കുമ്പോള്‍ വേറെ പരിപാടി നടത്തരുത്, പുറത്തു നിന്നുള്ള മീഡിയയുമായി സഹകരിച്ച് പരിപാടി നടത്തരുത് തുടങ്ങിയ രണ്ട് കാര്യങ്ങളാണ് ഇതിന് പ്രിന്‍സിപ്പല്‍ പറഞ്ഞത്. ഇന്നലെ ഞങ്ങള്‍ ഡയറക്ടര്‍ സാറിനെ കാണാന്‍ പോയി. പ്രിന്‍സിപ്പലിന് ന്യൂസ്18-ല്‍ നിന്ന് ഒരു വിളി വന്നിട്ടുണ്ടല്ലോ എന്ന് സാര്‍ ഞങ്ങളോട് പറഞ്ഞു. പരിപാടി മുടക്കാന്‍ കാരണം അതാണെന്ന് പറഞ്ഞില്ലെങ്കിലും ഒരു വിളി വന്നിട്ടുണ്ടെന്ന് പറഞ്ഞു. പരിപാടി ഞങ്ങള്‍ കോളേജിന് പുറത്തുവച്ച് നടത്തി. അതിന് ശേഷം ഞങ്ങള്‍ ഇക്കാര്യം അറിയാനായി പ്രിന്‍സിപ്പലിനെ കണ്ടു. ‘ഞാനിതില്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ല. നിങ്ങള്‍ക്ക് പരാതികളുണ്ടെങ്കില്‍ എച്ച.ഒ.ഡിയുമായി ബന്ധപ്പെടണം’ എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. സാറിന് ന്യൂസ്18 ചാനലില്‍ നിന്ന് കോള്‍ വന്നിരുന്നല്ലോ അതാണോ പരിപാടി മുടക്കാന്‍ കാരണമെന്ന് ഞങ്ങള്‍ ചോദിച്ചു. എന്നാല്‍, ‘എനിക്ക് ന്യൂസ്18ല്‍ നിന്ന് കോള്‍ വന്നിട്ടില്ല. വാട്‌സ്ആപ്പില്‍ മൂന്ന് നാല് മെസ്സേജ് വന്നിട്ടുണ്ട്. ന്യൂസ് 18-നെ പ്രതിനിധീകരിച്ച് കൊണ്ട് പങ്കെടുക്കുന്നയാളെ കോളേജിന്റെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് പറഞ്ഞാണത്. അത് ബാംഗ്ലൂരില്‍ നിന്ന് ന്യൂസ്18നുമായി ബന്ധപ്പെട്ട ആളാണ് മെസേജ് അയച്ചത്’ എന്നാണദ്ദേഹം പറഞ്ഞത്. എന്നാല്‍ അതല്ല പരിപാടി റദ്ദാക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് ആറ് മണി കഴിഞ്ഞതിനാല്‍ പിന്നീട് എച്ച്.ഒ.ഡിയെ കാണാനുമായില്ല. ന്യൂസ്18 ല്‍ നിന്ന് മെസേജ് വന്നതാണ് കാരണമെന്ന് അവര്‍ പറയുന്നില്ലെങ്കിലും അതും ഇതിന് കാരണമായതായി ഞങ്ങള്‍ സംശയിക്കുന്നുണ്ട്.’

മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റുമായി ബന്ധപ്പെട്ട് വന്ന ആരോപണങ്ങളില്‍ സത്യമില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് അഡ്വൈസര്‍ ആയ ലക്ഷ്മി മേനോന്‍ ഭുവനേന്ദ്ര പറഞ്ഞു. ‘പരിപാടി നടത്താനുള്ള അനുമതി നിഷേധിക്കുകയല്ല, പകരം അത് നീട്ടിവയ്ക്കണമെന്നാണ് കുട്ടികളോട് ആവശ്യപ്പെട്ടത്. യൂണിയന്‍ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. സെമിനാര്‍ നടക്കുന്നതിനൊപ്പം മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് അസോസിയേഷന്‍ ഇനോഗ്രേഷനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ യൂണിയന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് അസോസിയേഷന്‍ ഇനോഗ്രേഷന്‍ നടക്കുന്നത് സാങ്കേതികമായി ശരിയല്ലെന്ന് മനസ്സിലാക്കിയാണ് ആ തീരുമാനമെടുത്തത്. കാരണം അസോസിയേഷന്‍ സെക്രട്ടറിയും യൂണിയന്റെ ഭാഗം തന്നെയാണ്. പക്ഷെ പരിപാടി മാറ്റിവയ്ക്കണമെന്ന് പറഞ്ഞ കാര്യം അസോസിയേഷന്‍ ഉദ്ഘാടനം ചെയ്യാന്‍ നിയോഗിച്ചിരുന്ന കാലിക്കറ്റ് സര്‍വകലാശാല മാസ് കമ്മ്യൂണിക്കേഷന്‍ എച്ച്.ഒ.ഡിയെപ്പോലും വിദ്യാര്‍ഥികള്‍ അറിയിച്ചിരുന്നില്ല. അദ്ദേഹം രണ്ട് മണിക്ക് തന്നെ കോളേജില്‍ എത്തുകയും എന്നെ വിളിക്കുകയും ചെയ്തു.’

പരിപാടിയുടെ കോ-ഓര്‍ഡിനേറ്ററും മക്തൂബ് മീഡിയ എഡിറ്ററുമായ അസ്ലാ പറയുന്നതിങ്ങനെ: ‘പരിപാടി നടത്താന്‍ ആദ്യം അനുമതി ലഭിച്ചതായിരുന്നു. പിന്നീടാണ് കാര്യങ്ങളില്‍ മാറ്റമുണ്ടായത്. കോളേജ് അധികൃതര്‍ കാലക്കറ്റ് യൂണിവേഴ്‌സിറ്റി മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് എച്ച്.ഒ.ഡിയോട് പറഞ്ഞതും യൂണിയന്‍ ഇനോഗ്രേഷന്റെ കാര്യമാണ്. പക്ഷെ വിദ്യാര്‍ഥികളോട് ന്യൂസ് 18ല്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നതായും പറഞ്ഞു. പ്രിന്‍സിപ്പല്‍ പറയുന്നത് വാട്‌സ്ആപ്പില്‍ മെസേജ് കിട്ടിയെന്ന്. അങ്ങനെയാണെങ്കില്‍ ആ നമ്പര്‍ പുറത്ത് പറയണം. അപ്പോള്‍ കാര്യങ്ങള്‍ തെളിയുമല്ലോ. ന്യൂസ്18 കോഴിക്കോട് ബ്യൂറോ ചീഫ് പരിപാടി നടക്കുന്നതിന് തലേന്നാള്‍ മുതല്‍ എന്നെ പലതവണ വിളിച്ചിരുന്നു. എപ്പോഴാണ് പരിപാടി, എവിടെയാണ് എന്നൊക്കെ ചോദിച്ച്. എന്നാല്‍ അദ്ദേഹം പരിപാടി കവര്‍ ചെയ്യാന്‍ വന്ന് കണ്ടതുമില്ല.’

ഇനിയൊരാളും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത്; പോരാടണം: ന്യൂസ്-18ലെ പെണ്‍കുട്ടി സംസാരിക്കുന്നു

ഇക്കാര്യത്തില്‍ ശരണ്യയുടെ നിലപാട് അറിയാനായി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ ഇക്കാര്യം ന്യൂസ്18-ന്റെ ഹൈദരാബാദ് മാനേജ്‌മെന്റ് അറിഞ്ഞുകൊണ്ടാണെന്ന് തോന്നുന്നില്ലെന്നാണ് ശരണ്യ പറഞ്ഞത്. ‘ഇത് ഞങ്ങളുടെ കൂട്ടത്തിലെ, ഞാന്‍ കേസ് കൊടുത്തിട്ടുള്ള ആള്‍ക്കാര്‍  അവരുടെ ഒരാളെക്കൊണ്ട് ചെയ്യിച്ച പണിയാണ്. അവന്‍ വലിയ ആളാവാന്‍ പറഞ്ഞതാണെന്ന് തോന്നുന്നു. ഞാന്‍ പലതും വിദ്യാര്‍ഥികളോട് പറയുമെന്ന ധാരണയില്‍ അവര് പറഞ്ഞ് വിളിപ്പിച്ചതായിരിക്കുമെന്നാണ് തോന്നുന്നത്. പക്ഷെ അവര്‍ക്കത് പറയണമെങ്കില്‍, പരിപാടിയില്‍ പങ്കെടുക്കരുതെന്ന് എന്നോടല്ലേ പറയേണ്ടത്. ഏതായാലും വിഷയം ഫാറൂഖ് കോളേജിനെ വലിയരീതിയില്‍ ബാധിച്ചിരിക്കുകയാണ്. ഇന്നലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡീന്‍ വരെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നു. അപ്പോഴാണ് അവര്‍ പറയുന്നത് പ്രിന്‍സിപ്പല്‍ പരിപാടി മാറ്റിവയ്ക്കാന്‍ പറഞ്ഞതെന്ന്.’

ദളിത്‌ മാധ്യമപ്രവര്‍ത്തകയെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതില്‍ നിന്ന് വിലക്കാന്‍ ചാനലിന്റെ ഭാഗത്തു നിന്ന് ശ്രമമുണ്ടായോ എന്ന ചോദ്യത്തോട് എഡിറ്റര്‍ രാജീവ് ദേവരാജ് പ്രതികരിച്ചത്: ‘ഇക്കാര്യത്തില്‍ ഞങ്ങള്‍ പ്രതികരിക്കേണ്ടതുണ്ടെന്നു പോലും തോന്നുന്നില്ല. കോളേജ് പ്രിന്‍സിപ്പാലിനായിരിക്കും ഇക്കാര്യത്തില്‍ മറുപടി പറയാന്‍ കഴിയുക’ എന്നായിരുന്നു.

വാദപ്രതിവാദങ്ങള്‍ ഇങ്ങനെയായിരിക്കെ സെമിനാര്‍ റദ്ദാക്കാനുള്ള കോളേജ് അധികൃതരുടെ തീരുമാനത്തിന് പിന്നില്‍ എന്തായിരുന്നു എന്നുള്ളത് ഇപ്പോഴും ചോദ്യമായി തന്നെ തുടരുകയാണ്. യൂണിയന്‍ ഉദ്ഘാടനം എന്ന സാങ്കേതിക ന്യായമാണ് കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ന്യൂസ്18 ല്‍ നിന്നെന്ന് പറഞ്ഞ് തനിക്ക് വാട്സ്ആപ് സന്ദേശം ലഭിച്ചു എന്ന പ്രിന്‍സിപ്പലിന്റെ നിലപാടാണ് ഇവിടെ സംശയാസ്പദമായിട്ടുള്ളത്. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിക്കുകയുണ്ടായില്ല. കേവലം ഒരു വാട്‌സ് ആപ് മെസേജിന്റെ പിന്‍ബലത്തിലാണ് കോളേജ് അധികൃതര്‍ ഈ നടപടി സ്വീകരിച്ചിട്ടുള്ളത് എന്നാണ് പ്രിന്‍സിപ്പലിന്റെ വാദം പോലും തെളിയിക്കുന്നത്. രാജ്യം മുഴുവന്‍ ദളിത് – മുസ്ലിം ഐക്യത്തെക്കുറിച്ച് സംസാരിക്കുകയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ കേരളത്തിലെ മുസ്ലീം പ്രാതിനിധ്യമുള്ള ഒരു കോളേജ് ദളിത് വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ മടിക്കുന്നോ എന്ന സംശയമാണ് ഇവിടെ ഉയരുന്നതും.

(PS: ഈ റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്ന ശരണ്യ നല്‍കിയ ക്വോട്ടില്‍ വ്യക്തതക്കുറവുണ്ടെന്നും അതില്‍ വ്യക്തത വരുത്താമോ എന്നും അവര്‍ അഭ്യര്‍ഥിച്ച സാഹചര്യത്തില്‍ ആ ക്വോട്ടില്‍ ഇങ്ങനെ മാറ്റം വരുത്തിയിട്ടുണ്ട്. മാനേജ്മെന്റ് – “ഹൈദരാബാദ് മാനേജ്മെന്റ്”, ഇത് ഞങ്ങളുടെ കൂട്ടത്തിലെ  തന്നെ ഒരാള്‍ ചെയ്ത- “ഇത് ഞങ്ങളുടെ കൂട്ടത്തിലെ, ഞാന്‍ കേസ് കൊടുത്തിട്ടുള്ള ആള്‍ക്കാര്‍ അവരുടെ ഒരാളെക്കൊണ്ട്“- എഡിറ്റര്‍)

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍