UPDATES

ട്രെന്‍ഡിങ്ങ്

മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യ ശ്രമം; അംബാനിയുടെ ചാനലില്‍ നടക്കുന്നത്

താത്പര്യമില്ലാത്തവരെ ഒഴിവാക്കാനുള്ള മാനേജ്മെന്റ് നയമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ആരോപണം

ന്യൂസ് 18 കേരളം ചാനലിലെ ദളിത് മാധ്യമപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്തിനെ തുടര്‍ന്ന് നാലു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. തൊഴിലിടത്തെ പീഡനം എന്നതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്കാണ് കേസെടുത്തിരിക്കുന്നത്. യുവതി നല്‍കിയ മൊഴി അനുസരിച്ച് ചാനലിന്റെ എഡിറ്റര്‍ രാജീവ് ദേവരാജ്, സീനിയര്‍ ന്യൂസ് എഡിറ്റര്‍ ലല്ലു ശശിധരന്‍പിള്ള, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി ദിലീപ് കുമാര്‍, സി എന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.

കേസ് ഫയല്‍ വഞ്ചിയൂര്‍ പോലീസ് തുമ്പ പോലീസിന് കൈമാറിയിട്ടുണ്ട്. തുടരന്വേഷണം തുമ്പ പോലീസിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. വ്യാഴ്ചാഴ്ച രാത്രിയാണ് ചാനലിന്റെ തിരുവനന്തപുരം ബ്യൂറോയിലെ മാധ്യമപ്രവര്‍ത്തകയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. മാനസികമായിട്ടുള്ള പീഡനവും രാജി ആവശ്യപ്പെട്ടതുമാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിഷയവുമായി ബന്ധപ്പെട്ട് അഴിമുഖം ആദ്യം ചെയ്തത് യുവതിയുടെ ബന്ധുക്കളുമായി ബന്ധപ്പെടുകയായിരുന്നു. അവര്‍ പ്രതികരിച്ചത്- ‘പല രീതിയിലാണ് വാര്‍ത്തകളാണ് വരുന്നത്. അതൊന്നും ശരിയല്ല. ഞങ്ങള്‍ക്ക് വാര്‍ത്തകളിലേക്ക് ഒന്നും താത്പര്യമില്ല. അങ്ങനെയൊരു മാനസികാവസ്ഥയിലുമല്ല’ എന്ന രീതിയിലായിരുന്നു. അപകടനില തരണം ചെയ്ത യുവതി ഐ.സിയുവില്‍ ഒബ്സര്‍വേഷനിലായതിനാല്‍ അവരോട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

മുകേഷ് അംബാനിയുടെ ചാനല്‍ മലയാളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ സംഘപരിവാര്‍ ചായ്വായിരിക്കും ചാനലിനുണ്ടാവുക എന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചാനല്‍ തുടക്കം മുതല്‍ സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയം തന്നെ നയമായി സ്വീകരിച്ചതിനു പിന്നില്‍ നിലവിലുള്ള നേതൃത്വം തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ ആസൂത്രിതമാണ് എന്ന അഭിപ്രായം ഉള്ളവരും ഉണ്ട്.

ലല്ലു ശശിധരന്‍ അഴിമുഖത്തോട് പറഞ്ഞത്: ‘സഹപ്രവര്‍ത്തക ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിഷയത്തില്‍ ഞാനുള്‍പ്പടെ നാല് പേര്‍ക്കെതിരെ വഞ്ചിയൂര്‍ പോലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട് എന്നാണ് അറിഞ്ഞത്. എന്നാല്‍ സംഭവത്തില്‍ ഞങ്ങളുടെ ആരുടെയും ഭാഗം കേള്‍ക്കാതെ മറ്റ് പല മാധ്യമങ്ങളും വാര്‍ത്തകള്‍ പടച്ചുവിടുകയാണ്. കൃത്യമായ ആസൂത്രണത്തിന്റെ ഫലമായിട്ടാണ് ഇപ്പോള്‍ കേസ് വന്നിരിക്കുന്നത്. ഇപ്പോള്‍ ആശുപത്രിയിലുള്ള യുവതിയടക്കം അഞ്ചോളം പേര്‍ക്ക് എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് രണ്ടുമാസം മുമ്പ് നോട്ടീസ് കൊടുത്തിരുന്നു. പെര്‍ഫോര്‍മന്‍സ് മോശമാണെന്നും അത് പരിഹരിക്കാനുള്ള കാര്യങ്ങള്‍ നടത്തിയില്ലെങ്കില്‍ ടെര്‍മിനേഷന്‍ ചെയ്യുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. പെര്‍ഫോര്‍മന്‍സ് മാത്രമല്ല പല ഘടകങ്ങളും കണക്കിലെടുത്താണ് നോട്ടീസ് നല്‍കിയത്. പിന്നെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതിയുള്‍പ്പടെയുള്ളവരോട് ഫോണില്‍ വിളിച്ച് ഞാന്‍ രാജിവയ്ക്കണമെന്നൊക്കെ പറഞ്ഞുവെന്നത് അറിഞ്ഞ സംഭവമല്ല. എച്ച് ആര്‍ തലത്തില്‍ നിന്നോ മറ്റോ അങ്ങനെ ഉണ്ടായോ എന്നുമറിയില്ല. ആറുമാസമേ ആയിട്ടുള്ളൂ ഈ ചാനലില്‍ എത്തിയിട്ട്. ജോലിയുടെ കണ്‍ഫോര്‍മേഷന്‍ ലെറ്റര്‍ കിട്ടിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഈ പറയുന്ന കുട്ടിയുമായി അധികം സംസാരിച്ചിട്ട് പോലുമില്ല.

എല്ലാ സ്ഥാപനങ്ങളിലും ഉള്ളതുപോലെ ഇവിടെയും പേഴ്‌സണല്‍ ഈഗോയും വേതനത്തിലെ ഏറ്റക്കുറിച്ചലില്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള മുറുമുറുപ്പുകളുമൊക്കെയുണ്ട്. തൊഴിലിടത്തെ പീഡനം എന്ന രീതിയിലുള്ള കാര്യങ്ങളോ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പറയുന്ന തരത്തിലുള്ള കാര്യങ്ങളോ ഒന്നും ചെയ്തിട്ടില്ല. ചെയ്യുന്ന തൊഴിലില്‍ രാഷ്ട്രീയമോ, മതമോ, ഒരുതരത്തിലുള്ള പക്ഷപാതങ്ങളോ കാണിക്കാറില്ല. അതുകൊണ്ട് തന്നെ ശത്രുക്കളുമുണ്ട്. സംഘപരിവാര്‍ സംഘടന ഉള്‍പ്പടെയുള്ളവരും അവരെ പിന്തുണയ്ക്കുന്ന മാധ്യമപ്രവര്‍ത്തകരുമൊക്കെ പല തരത്തിലാണ് ഈ വിഷയത്തില്‍ വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഇന്നലെ രാത്രിയില്‍ നടന്ന സംഭവത്തില്‍ ചാനലിലെ പലയാളുകളുടെയും പേരുകള്‍ ചേര്‍ത്ത് പല രീതിയിലായിരുന്നു വാര്‍ത്തകളും പ്രചരണങ്ങളുമൊക്കെ നടന്നത്. നന്നായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഒരു കൂട്ടത്തെ ഇല്ലാതാക്കാനുള്ള ഒരു സംഘടിത ശ്രമം തന്നെയാണിത്. ഈ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടത്തിന്റെ പ്രയത്‌നം കൊണ്ടാണ് ചാനലിന് നല്ല വ്യൂവര്‍ഷിപ്പ് ഉണ്ടായത്. പല വിഷയങ്ങളും ഞങ്ങള്‍ക്ക് പുറത്ത് അറിയിക്കാന്‍ സാധിച്ചു. ഈയൊരു കൂട്ടത്തെ ഇല്ലാത്താക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.’

അതേ സമയം, ന്യൂസ് 18 ചാനല്‍ കേരളത്തില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന നീക്കങ്ങളാണ് ആളുകളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചനകള്‍. കേരളത്തില്‍ നിലവിലുള്ള മുഖ്യധാരാ ചാനലുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ന്യൂസ് 18 അധികം മുന്നേറിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ റീ-ലോഞ്ച് നടത്താനുമുള്ള ഒരുക്കത്തിലായിരുന്നു അധികൃതര്‍ എന്നും അറിയുന്നു.

രാജ്യത്തെ വിവിധ ഭാഷകളില്‍ ചാനല്‍ തുടങ്ങുന്നതിന്റെ ഭാഗമായി കേരളം, അസം, തമിഴ്നാട് എന്നിവിടങ്ങളിലാണ് ആദ്യം ചാനല്‍ ആരംഭിക്കുന്നത്. ഈ സമയത്ത് ആന്ധ്രയിലെ ഇ-ടിവി ഗ്രൂപ്പിനെ റിലയന്‍സ് ഏറ്റെടുത്തിരുന്നു. തുടക്കത്തില്‍ ഹൈദരാബാദ് കേന്ദ്രമാക്കി ജഗദീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചാനല്‍ റിലയന്‍സ് പൂര്‍ണമായി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ജഗദീഷ് ചന്ദ്ര ഉള്‍പ്പെടെ ഉള്ളവരെ മാറ്റി; പകരം രാഹുല്‍ ജോഷി ചുമതലയേല്‍ക്കുകയും ചെയ്തു. അന്ന് മുതല്‍ ജഗദീഷ് ചന്ദ്രയുടെ കീഴില്‍ എടുത്തിരുന്ന പ്രമോദ് രാഘവന്‍ ഉള്‍പ്പെടെ നിരവധി പേരെ ചാനല്‍ ഒഴിവാക്കുകയും പുതിയ ആളുകളെ എടുക്കുകയും ചെയ്യുന്നുണ്ട്.

തുടക്കം മുതല്‍ തന്നെ ചാനലില്‍ പെര്‍ഫോമന്‍സ് ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം എന്ന അവരുടെ നടപ്പ് രീതി ചാനല്‍ അധികൃതര്‍ ഏര്‍പ്പാടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പേര്‍ഫോമന്‍സ് മോശമാണ് എന്നു തോന്നുന്നവരെ ഒഴിവാക്കുന്ന നടപടിയാണ് ചാനല്‍ സ്വീകരിച്ചു വന്നതും. രണ്ടു മാസത്തെ നോട്ടീസ് നല്‍കുകയും പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തണം എന്ന നിര്‍ദേശം നല്‍കുകയുമാണ്‌ ചെയ്യുക. ടെര്‍മിനേഷന്‍ എന്ന വാക്ക് ഇവര്‍ക്ക് നല്‍കിയ നോട്ടീസില്‍ ഉപയോഗിക്കില്ലെങ്കിലും പെര്‍ഫോമന്‍സ് മോശമാണ് എന്നു പറഞ്ഞ് പലരെയും പ്രൊബോഷന്‍ അടക്കമുള്ളവയില്‍ കൂടുതല്‍ കാലം തളച്ചിടുക എന്ന തന്ത്രമാണ് മാനേജ്മെന്റ് സ്വീകരിച്ചു വന്നത്. മലയാളം ചാനലുകളില്‍ നിന്ന് വ്യത്യസ്തമായി പെര്‍ഫോം ചെയ്യാത്തവരെന്ന പേരില്‍ കമ്പനിക്ക് തോന്നുന്നവരെ പിരിച്ചു വിടുന്ന നടപടി തുടങ്ങിയതും ന്യൂസ്-18 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ആളുകളെ പിരിച്ചുവിടുന്നതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി സി. നാരായണന്‍ ഉള്‍പ്പെടെ ഉള്ളവര്‍ രംഗത്തു വന്നിരുന്നു.

ആത്മഹത്യക്ക് ശ്രമിച്ച യുവതി ഉള്‍പ്പെടെ 14 പേര്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഇതുപോലെ നോട്ടീസ് നല്‍കിയിരുന്നുവെന്നും ഒഴിവാക്കിയേക്കും എന്ന രീതിയില്‍ എച്ച്. ആര്‍ വിഭാഗത്തില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നുമാണ് അറിയുന്നത്. ന്യൂസ് 18-നില്‍ ജോലിക്കു ചേരുമ്പോള്‍ നല്‍കുന്ന അപ്പോയ്മെന്റ് ലെറ്ററില്‍ കമ്പനിയുടെ താത്പര്യങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ ഉള്ളവരെ ഏതുസമയത്തും പിരിച്ചു വിടാന്‍ കമ്പനിക്ക് അധികാരമുണ്ട്‌ എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ജോലി ചെയ്യുന്നവര്‍ പിരിഞ്ഞു പോകണമെങ്കില്‍ ഒരു മാസത്തെ നോട്ടീസ് നല്‍കിയിരിക്കണം എന്ന വ്യവസ്ഥയുണ്ട്; പിരിച്ചു വിടാന്‍ കമ്പനിക്ക് സമയം ആവശ്യമില്ല താനും.

ന്യൂസ് ടീമുമായി തങ്ങള്‍ക്ക് ഒരിക്കലും പ്രശ്നം ഉണ്ടായിട്ടില്ലെന്നും പക്ഷെ, കമ്പനി പലപ്പോഴും അങ്ങനെ അല്ല പെരുമാറിയിരുന്നതെന്നും അഴിമുഖം ബന്ധപ്പെട്ട ചിലര്‍ പറയുന്നു. പ്രതിഫലം, സമീപനം അടക്കമുള്ളവയുടെ കാര്യത്തില്‍ ഈ വ്യത്യാസം ഉണ്ടെന്നും അവര്‍ പറയുന്നു. ചാനല്‍ തലപ്പത്തേക്ക് അച്ചുത് എന്ന മാനേജ്മെന്റ് പ്രതിനിധി വന്നതുമുതല്‍ സാഹചര്യങ്ങള്‍ കൂടുതല്‍ മോശമായിട്ടുണ്ടെന്നും പലര്‍ക്കും പിരിഞ്ഞു പോകേണ്ടി വരുന്ന സാഹചര്യം പോലുമുണ്ടായി എന്നും പറയുന്നുണ്ട്.

ന്യൂസ് 18 കേരളം ചാനലിലെ തിരുവനന്തപുരത്തെ പേരു വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഒരു മാധ്യമപ്രവര്‍ത്തക പറയുന്നത്- ‘സീനിയര്‍ മാധ്യമപ്രവര്‍ത്തകര്‍ നല്ല വഴക്ക് ഒക്കെ പറയാറുണ്ട്. തൊഴില്‍ പീഡനം എന്ന രീതിയില്‍ ഒന്നും അവരില്‍ നിന്ന് ഉണ്ടായിട്ടില്ല. ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ടാണ് അവരൊക്കെ വഴക്ക് പറയുകയും ഷൗട്ട് ചെയ്യുകയും ഒക്കെ ചെയ്യുന്നത്. പക്ഷെ മാനേജ്‌മെന്റ് തലത്തില്‍ നിന്ന് ഞങ്ങള്‍ സ്ത്രീകള്‍ക്ക് ശരിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തൊഴില്‍ പീഡനം എന്ന രീതിയില്‍ തന്നെ പറയാവുന്ന പല തരത്തിലുള്ള മാനസിക പീഡനവും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നുണ്ട്. എന്റെ അറിവില്‍ ഇവിടുത്തെ എല്ലാ സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍ക്കും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അറിവ്.

പിന്നെ ഒരേ തൊഴില്‍ പരിചയമുള്ള, ഒരേ പൊസിഷനില്‍ ജോലി ചെയ്യുന്നവര്‍ക്ക് പല തരത്തിലാണ് ശമ്പളം നല്‍കുന്നത്. ഇത് നല്ലതുപോലെ ഇവിടെ പ്രശ്‌നമുണ്ട്. മാനേജ്‌മെന്റുമായി അടുപ്പമുള്ളവര്‍ക്ക് കൂടിയ ശമ്പളം. അല്ലാത്തവര്‍ക്ക് സാധാരണപോലെ. ശമ്പളത്തിന്റെ അന്തരം എന്നത് വളരെയധികം വ്യത്യാസമുണ്ട്. ഇതില്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ട്. പിന്നെ മാനേജ്‌മെന്റിന്റെ അടുപ്പക്കാരെ ചാനലില്‍ എത്തിക്കാനായി നിലവിലുള്ള പലരെയും ഒഴിവാക്കാനുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നാണ് കരുതുന്നത്.’

ചാനലിലെ ഒരു ടെക്‌നിക്കല്‍ സ്റ്റാഫ് പറയുന്നത്- ‘ഇവിടെ ശമ്പളത്തിന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ട്. ഒരേ തരത്തില്‍ പെട്ടവരില്‍ ഒരാള്‍ക്ക് വളരെ കൂടിയ ശമ്പളം, മറ്റേ ആള്‍ക്ക് കുറഞ്ഞ ശമ്പളം. ഇതുകൂടാത ഒരു ന്യായവുമില്ലാതെ കുറേ കാരണങ്ങള്‍ ഉണ്ടാക്കി വെറുതെ ജീവനക്കാരെ പീഡിപ്പിക്കുക. നമ്മള്‍ സ്ഥാപനത്തില്‍ നിന്ന് സ്വയം ജോലി രാജിവെച്ച് പോകണമെന്ന തരത്തിലാണ് പലപ്പോഴും പെരുമാറ്റം. പിന്നെ ന്യൂസ് വിഭാഗത്തിലെ ജീവനക്കാര്‍ക്ക് ഉണ്ടാകുന്ന വലിയ പ്രശ്‌നങ്ങളൊന്നും ഇതുവരെ ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടില്ല. പല മാധ്യമങ്ങളും പ്രത്യേകിച്ച് രണ്ട് മൂന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്വതന്ത്രമായി ഒരു കഥയുണ്ടാക്കി ന്യൂസാക്കുകയാണ്. മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും എച്ച് ആര്‍ വിഭാഗത്തില്‍ നിന്നും ഉണ്ടായ വിഷയങ്ങളില്‍ ഇവിടുത്തെ ചില മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി ലക്ഷ്യം വച്ച് ഉപദ്രവിക്കുകയാണ്. ചിലപ്പോള്‍ അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ കൃത്യമായി ആരാണെന്ന് മനസ്സിലാക്കി വേണ്ടേ വാര്‍ത്തകള്‍ നല്‍കാന്‍. ഊഹം വെച്ചല്ലല്ലോ വാര്‍ത്തകള്‍ നല്‍കേണ്ടത്.’

അതേ സമയം, ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ചാനല്‍ നേതൃത്വത്തിലുള്ള ഇടതുപക്ഷാഭിമുഖ്യമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തിരിച്ചുവിടാനുള്ള ശ്രമങ്ങളും സജീവമാണ്. ചാനലില്‍ തന്നെയുള്ള സംഘപരിവാര്‍ ആഭിമുഖ്യമുള്ളവരാണ് ഇതിനു പിന്നിലെന്നാണ് ഈ വിഷയത്തില്‍ ചിലര്‍ ആരോപിച്ചത്. ചാനലിലെ മുതിര്‍ന്ന വാര്‍ത്താവതാരകന്‍ ഇ. സനീഷിനെതിരെ സംഘടിതമായി നടക്കുന്ന ആക്രമണവും ഇതിന്റെ ഭാഗമാണ്. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴിയില്‍ പറഞ്ഞിരിക്കുന്നത്, സ്ഥാപനത്തില്‍ നിന്ന് പിരിച്ചു വിടാനുള്ള നീക്കമുണ്ടായിരുന്നു, ഈ ജോലി തനിക്ക് അത്യാവശ്യമാണ്, അതിന്റെ വിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്, എന്നാണ് എന്നറിയുന്നു. ഇപ്പോള്‍ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയിട്ടുള്ള നാലു പേരുടെയും പേരുകള്‍ തനിക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണക്കാരായി യുവതി പറഞ്ഞതായും അറിയുന്നു; ഇതില്‍ സനീഷിന്റെ പേരില്ല.

എന്നാല്‍ തുടക്കം മുതല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ ഗ്രൂപ്പുകളും സനീഷിന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുകയും അദ്ദേഹത്തിന്റെ ഫോട്ടോ ഉള്‍പ്പെടെയുള്ളവ ചേര്‍ത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മൂന്നര മാസം മുമ്പ് വാര്‍ത്താ വായനയുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു പ്രശ്നം ഇതിനോട് കൂട്ടിക്കെട്ടുകയായിരുന്നു ഈ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ ചെയ്തത് എന്നാണ് മനസിലാക്കുന്നത്. ഇതിനെക്കുറിച്ച്‌ അന്വേഷിച്ച ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ച കാര്യങ്ങള്‍ ഇങ്ങനെയാണ്: സനീഷ് വാര്‍ത്ത വായിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പ്രതിപക്ഷ നേതാവിന്റെ പ്രധാനപ്പെട്ട വാര്‍ത്താ സമ്മേളനം നടക്കുന്നത്, ഇത് കാണിക്കാതെ ആ സമയത്ത് പരസ്യം കാണിച്ച വിഷയമായിരുന്നു സംഭവം. എന്നാല്‍ ആ സമയത്ത് വാര്‍ത്താ പ്രോഗ്രാമുകള്‍ നിയന്ത്രിക്കുന്ന പി.സി.ആറില്‍ നടന്ന സംഭവങ്ങള്‍ അറിയാവുന്ന ഒരാള്‍ പറഞ്ഞത്, അത് മന്ത്രി എം.എം മണിയുടെ പത്രസമ്മേളനവുമായി ബന്ധപ്പെട്ടാണ് എന്നാണ് ഓര്‍മ എന്നാണ്. വാര്‍ത്ത കഴിഞ്ഞയുടന്‍ സനീഷ് പി.സി.ആറില്‍ എത്തി യുവതിയോട് ഷൌട്ട് ചെയ്തെന്നും ഇത്തരം പ്രധാനപ്പെട്ട കാര്യങ്ങള്‍ മിസ്സ്‌ ആക്കാന്‍ പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അവിടെ ഉണ്ടായിരുന്നവര്‍ പറയുന്നു. ഇത് ന്യൂസ് റൂമുകളിലെ സ്ഥിരം സംഭവം ആണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

തുടര്‍ന്ന് വാര്‍ത്തകളെ കുറിച്ച് ഓരോ ദിവസവും അയയ്ക്കുന്ന റിപ്പോര്‍ട്ടില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായതായി സൂചിപ്പിച്ചിരുന്നുവെന്നും ഇതിനു പിന്നാലെ വിശദീകരണം നല്‍കുന്നതിന്റെ ഭാഗമായി എഡിറ്റര്‍ ഈ യുവതിയെ വിളിച്ചു സംസാരിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് കമ്പനിയില്‍ നിന്ന് നിര്‍ദേശം ഉണ്ടാവുകയും ചെയ്തു. ഇക്കാര്യം എഡിറ്റര്‍ യുവതിയോട് അറിയിക്കുകയും ചെയ്തു. എന്നാല്‍ തന്നോട് മോശമായ രീതിയിലാണ് സംസാരിച്ചതെന്നും ഒരു സ്ത്രീയായ തന്നോട് എല്ലാവരുടെയും മുന്നില്‍ വച്ച് ആ രീതിയില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നും തന്റെ വിശദീകരണമായി യുവതി മറുപടി നല്‍കി. ഇതിനു പിന്നാലെ സനീഷുമായും യുവതിയുമായും സംസാരിച്ച് ഈ വിഷയം തീര്‍പ്പാക്കുകയും ചെയ്തുവെന്നും ഇരുവരും തമ്മില്‍ പിന്നീട് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് രേഖാമൂലമോ അല്ലാതെയോ പരാതിയൊന്നും നിലനില്‍ക്കുന്നില്ല എന്നും ന്യൂസ്-18നില്‍ ഉള്ളവര്‍ പറയുന്നു (ഇക്കാര്യം അഴിമുഖത്തിന് സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ പറ്റിയിട്ടില്ല). എന്നാല്‍ യുവതിയുടെ ആത്മഹത്യാ ശ്രമം പുറത്തുവന്ന സമയം മുതല്‍ ഒരു വിഭാഗം ചെയ്തത് ഈ സംഭവവും ആത്മഹത്യ ശ്രമവുമായി ചേര്‍ത്തുവച്ച് സനീഷിനെതിരെ പ്രചരണം ആരംഭിക്കുകയായിരുന്നു. സനീഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇപ്പോഴൊന്നും പറയാനില്ലെന്നും തനിക്ക് പറയാനുള്ളത് സമയം വരുമ്പോള്‍ പറയും എന്ന മറുപടിയാണ് ലഭിച്ചത്.

Published@ 9.51PM, Updated@ 11.32, 11.52PM

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍