UPDATES

ട്രെന്‍ഡിങ്ങ്

ഇനിയൊരാളും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത്; പോരാടണം: ന്യൂസ്-18ലെ പെണ്‍കുട്ടി സംസാരിക്കുന്നു

ഒരു കുഞ്ഞ് പോലും വേണ്ടെന്ന് വച്ച് ജോലിക്കിറങ്ങിയ ഞാന്‍, തോറ്റുപോയി എന്ന തോന്നലില്‍ നിന്നാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്

പുറത്താക്കല്‍ അല്ലെങ്കില്‍ രാജി എന്ന രണ്ട് സാധ്യതകള്‍ മാത്രം മാനേജ്‌മെന്റ് മുന്നിലേക്ക് വച്ചപ്പോളാണ് ന്യൂസ് 18-ലെ വാര്‍ത്താമുറിയില്‍ ആ സ്ഥാപനത്തിലെ ജീവനക്കാരിയായ ദളിത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് ആ മാധ്യമസ്ഥാപനത്തിലെ സ്വകാര്യ ഇടങ്ങള്‍ക്ക് പുറത്ത് പൊതുസമൂഹത്തിലും ചര്‍ച്ചയായി. മാധ്യമസ്ഥാപനങ്ങളിലെ സ്ത്രീകളുടേയും ദളിതരുടേയും അവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇത് വഴിവച്ചു. വീണ്ടും ആ സ്ഥാപനത്തില്‍ ജോലിക്കെത്തിയ പെണ്‍കുട്ടിയ്ക്ക് മുന്നില്‍ മാനേജ്‌മെന്റ് വച്ചിരിക്കുന്നത് അനിശ്ചിതമായ ഒരു നിലപാടാണ്. ഇനി മാനേജ്‌മെന്റ് അറിയിച്ചിട്ട് ജോലിക്ക് ചെന്നാല്‍ മതി എന്നാണ് ആ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇനി ആ സ്ഥാപനത്തിലെ തന്റെ ഭാവിയെക്കുറിച്ചും തന്റെ ജേര്‍ണലിസ്റ്റ് കരിയറിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കും നടുവില്‍ നിന്ന് അവര്‍ അഴിമുഖത്തോട് സംസാരിക്കുന്നു.

‘ഇതെന്റെ രണ്ടാം ജന്മമാണ്. അതില്‍ ഞാന്‍ തളര്‍ന്നുപോവില്ല. ഒരുപാട് പേര് ഇപ്പോള്‍ എന്നെ വിളിക്കുന്നുണ്ട്. പക്ഷെ എന്താണ് ഇനി ചെയ്യേണ്ടതെന്ന് അറിയാന്‍ വയ്യാത്ത ഒരവസ്ഥയിലാണ് ഞാന്‍ നില്‍ക്കുന്നത്. കമ്പനിയെ ഞാനിപ്പോഴും വിശ്വസിക്കുന്നുണ്ട്. പക്ഷെ കമ്പനി എന്നെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ പരാതി നല്‍കിയവര്‍, അവര്‍ എന്താണ് കമ്പനിയെ ധരിപ്പിച്ചിരിക്കുന്നതെന്ന് അറിയില്ല. ഞാന്‍ കമ്പനിയ്‌ക്കെതിരെ കേസ് കൊടുത്തിരിക്കുന്നതെന്നാണ് അവര്‍ ധരിപ്പിച്ചിരിക്കുന്നതെന്ന് തോന്നുന്നു.

അത് എന്റെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമായിരുന്നു. എന്നെ ടെര്‍മിനേറ്റ് ചെയ്യാന്‍ പോവുന്ന സമയത്താണ് ഞാന്‍ ആത്മഹത്യ എന്ന മാര്‍ഗം തിരഞ്ഞെടുക്കുന്നത്. ആ സാഹചര്യത്തില്‍ മറ്റൊരു മാര്‍ഗവും എനിക്ക് മുന്നില്‍ തെളിഞ്ഞില്ല. അല്ലാതെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച്, രക്ഷപെട്ട് കഴിയുമ്പോള്‍ അവര്‍ വീണ്ടും ഒരു ഓഫര്‍ തരുമെന്ന വിചാരത്തില്‍ ചെയ്തതല്ല. സത്യത്തില്‍ ഞാന്‍ അതിന് ശേഷം ഓഫീസിലേക്ക് പോവാന്‍ വിചാരിച്ചിരുന്നില്ല. പക്ഷെ പലരും ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് പറഞ്ഞ് വിളിച്ചതുകൊണ്ട് മാത്രമാണ് പോയത്. പോവാന്‍ എനിക്ക് ഒട്ടും താത്പര്യമില്ലായിരുന്നു. നമ്മളെ വേണ്ടാത്തയിടത്ത് തുടര്‍ന്ന് നില്‍ക്കേണ്ട എന്നായിരുന്നു മനസ്സില്‍. വേറെ ജോലി കിട്ടുന്നത് വരെയെങ്കിലും ഈ ജോലിയില്‍ തുടരാന്‍ പലരും നിര്‍ബന്ധിച്ചു. പിന്നെ ഞാനും ആലോചിച്ചു. ഞാനെന്തിന് മാറണം. അവരാണ് ഇക്കണ്ട ദ്രോഹം മുഴുവന്‍ എന്നോട് ചെയ്തത്. അപ്പോള്‍ ഞാന്‍ മാറണ്ട, മാറുന്നെങ്കില്‍ അവര്‍ മാറട്ടെ എന്നെല്ലാം മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചാണ് വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നത്.

ഒരു ദിവസം ജോലി ചെയ്തു. പിറ്റേന്നാണ് എനിക്ക് കത്ത് ലഭിക്കുന്നത്. അവര്‍ അറിയിച്ചിട്ട് ഇനി ചെന്നാല്‍ മതിയെന്ന്. അതുകൂടിയായപ്പോള്‍ എനിക്ക് വലിയ സങ്കടമായി. സത്യത്തില്‍ ഇതേവരെ എന്നോട് ചെയ്തതിനെല്ലാം ഞാന്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നെങ്കില്‍ ഇത്രയൊന്നും കാര്യങ്ങള്‍ അല്ല ഉണ്ടാവേണ്ടത്. എന്നെ വിളിക്കുന്നവരോടും കാണുന്നവരോടുമെല്ലാം ഒന്നും ചെയ്യേണ്ട എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്.

എന്താണ് സംഭവിച്ചത്?

ഞാന്‍ ന്യൂസ്18-നിലെ സ്റ്റാഫ് ആണ്. എന്നോട് ഹൈദരാബാദിലെ എച്ച്.ആര്‍ വിളിച്ച് റിസൈന്‍ ചെയ്യാന്‍ പറഞ്ഞു. ആ സമയത്ത് ഞാന്‍ ഇവിടെയില്ലായിരുന്നു. മുംബൈയില്‍ സ്വകാര്യ ആവശ്യത്തിന് പോയതായിരുന്നു. അവിടെ നിന്ന് തിരിച്ച് വരുമ്പോഴാണ് ഇത് അറിയുന്നത്. ആ ഓഫീസില്‍ ഒന്നരമണിക്കൂറോളം ഞാന്‍ ചര്‍ച്ച നടത്തി. മൂന്ന് മണിക്ക് ജോലിക്ക് കയറിയ ഞാന്‍ മരുന്ന് കഴിക്കുന്നത് ആറര മണി കഴിഞ്ഞാണ്. പതിവ് പോലെ എല്ലാവരോടും സംസാരിച്ച് ജോലിക്ക് കയറാന്‍ ചെന്നപ്പോഴാണ് എന്റെ കൂടെയുള്ളയാള്‍ എന്നെ പി.സി.ആറില്‍ കയറ്റേണ്ടെന്ന് പറഞ്ഞു എന്ന് പറയുന്നത്. ഞാന്‍ പണിയെടുക്കുന്ന സ്ഥലത്തേക്ക് എന്നോട് വരണ്ടാന്ന് പെട്ടെന്ന് ഒരു കല്‍പ്പനപോലെ. ഞാന്‍ ചെയ്യുന്ന പണിയതാണ്; പ്രൊഡക്ഷന്‍. എന്നോടത് ചെയ്യേണ്ട എന്ന് പറയുമ്പോഴോ? അത് ഇവര്‍ക്ക് പറയാനുള്ള അധികാരമില്ല. ഹൈദരാബാദിലെ എച്ച്.ആറും അങ്ങനെ പറഞ്ഞു എന്ന് പറഞ്ഞു. വാക്കാല്‍ പറഞ്ഞിട്ട് കാര്യമില്ല, മെയില്‍ അയക്കണമെന്ന് ഞാനും പറഞ്ഞു. അങ്ങനെയെങ്കില്‍ ഞാന്‍ മാറി നില്‍ക്കാം എന്നും പറഞ്ഞു. പക്ഷെ ആ സംഭവം എനിക്ക് വലിയ ആഘാതമായി. ഇത് ഞാന്‍ അറിഞ്ഞിരുന്നു. അവര്‍ എന്നോട് റിസൈന്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. നിങ്ങള്‍ വേണമെങ്കില്‍ എന്നെ ടെര്‍മിനേറ്റ് ചെയ്തുകൊള്ളാനും റിസൈന്‍ ചെയ്യില്ലെന്നും ഞാന്‍ പറഞ്ഞിരുന്നു. മാനേജ്‌മെന്റിന് കൊടുത്ത മോശം റിപ്പോര്‍ട്ട് പ്രകാരമാണ് താങ്കളെ ഒഴിവാക്കുന്നതെന്നാണ് ഹൈദരാബാദിലെ എച്ച്.ആര്‍ പറഞ്ഞത്. പക്ഷെ ഞാന്‍ അതിന് വലിയ പ്രാധാന്യം നല്‍കിയില്ല. എന്നെ ടെര്‍മിനേറ്റ് ചെയ്യുന്നത് കാത്തിരിക്കാം എന്ന് പറഞ്ഞ് ഞാന്‍ മിണ്ടാതെയിരിക്കുകയായിരുന്നു.

പി.സി.ആറില്‍ കയറണ്ട എന്നു പറഞ്ഞതോടെ ഞാന്‍ ധൈര്യം സംഭരിച്ച് എഡിറ്റര്‍ രാജീവ് ദേവരാജിന്റെ മുറിയില്‍ കയറിച്ചെന്ന് കാര്യങ്ങള്‍ എണ്ണിയെണ്ണി ചോദിച്ചു. ഇതുവരെ ഉണ്ടായതും, എന്തുകൊണ്ട് എന്നോടിങ്ങനെ ചെയ്യുന്നതെന്നുമുള്‍പ്പെടെ എല്ലാം ചോദ്യം ചെയ്തു. വള്ളിക്കൊട്ടയില്‍ വെള്ളം കോരുന്നത് പോലെ, കൃത്യമായി ഒന്നും പറയാനാവാതെ അദ്ദേഹം നില്‍ക്കുകയായിരുന്നു. രാജീവ് ദേവരാജ് സാര്‍ എഡിറ്ററാണ്. പക്ഷെ ഞാന്‍ റിസൈന്‍ ചെയ്യുന്ന കാര്യം അറിയേണ്ടത് എന്റെ രണ്ട് മേലുദ്യോഗസ്ഥരാണ്. പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്‌മെന്റ് അറിഞ്ഞിട്ടേ ഇതെല്ലാം ചെയ്യാനാവൂ. എന്നാല്‍ അവര്‍ പോലും അറിയാത്ത കാര്യമാണ് ഇവര്‍ ചെയ്തത്. ഹൈദരാബാദില്‍ പ്രൊഡക്ഷന്‍ ഹെഡ് ഉണ്ട്. എന്റെ ഹെഡ് അറിയാതെയാണ് എന്നെ പുറത്താക്കാന്‍ നോക്കിയത്. എന്റെ പെര്‍ഫോമന്‍സ് മോശമായതിനാലാണ് അത് ചെയ്യുന്നതെന്നാണ് രാജീവ് ദേവരാജ് പറഞ്ഞത്. എന്റെ പെര്‍ഫോമന്‍സ് മോശമാണെന്ന് ആരാണ് പറഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടില്ല എന്നാണ് പറയുന്നത്. എന്താണ് ഇഷ്ടപ്പെടായ്കയെന്ന് പറയുന്നില്ല. എന്റെ പ്രൊഫഷന്‍ എനിക്ക് ഇഷ്ടമാണ്. ഞാന്‍ അത് ചെയ്‌തോളാം എന്ന് പറഞ്ഞപ്പോള്‍ രാജീവ് സാര്‍ ഒന്നും മിണ്ടാതെയിരിക്കുകയായിരുന്നു. ഞാന്‍ എന്റെ ജീവിതത്തിന്റെ പ്രശ്‌നമാണ് പറഞ്ഞത്.

എന്റെ മാത്രം വിഷയമായിരുന്നില്ല ഇത്. അവര്‍ സ്ഥാപനത്തില്‍ നിന്ന് കളയാനുദ്ദേശിച്ചത് അമ്പതോളം പേരെയാണ്. മൂന്ന് ഘട്ടങ്ങളിലായി ആളുകളെ ഒഴിവാക്കാനാണ് തീരുമാനിച്ചത്. പുതിയ കുറേപ്പെരെ ജോലിക്കെടുത്തിട്ടുണ്ട്. അപ്പോള്‍ തൊഴിലാളികളുടെ എണ്ണം കണക്കിലും അധികമായി. കൂടുതല്‍ എണ്ണം ഒഴിവാക്കാനായി ഏഴ് പേരെക്കൊണ്ട് നിര്‍ബന്ധിതമായി റിസൈന്‍ ചെയ്യിച്ചു, ബാക്കി പതിനേഴ് പേര്‍ക്ക് അവരുടെ പെര്‍ഫോമന്‍സ് ശരിയല്ലെന്നും സെപ്തംബര്‍ മാസം വരെ ജോലിയില്‍ തുടരാം എന്ന നിര്‍ദ്ദേശവുമാണ് നല്‍കിയത്. നിര്‍ബന്ധിച്ച് റിസൈന്‍ ചെയ്യിക്കുന്ന ഏഴ് പേരുടെ കൂട്ടത്തിലാണ് ഞാനുള്‍പ്പെട്ടത്. എനിക്ക് ശേഷം വന്നവര്‍ക്ക് പോലും അപ്രൈസലിന് മുഴുവന്‍ മാര്‍ക്കും നല്‍കിയപ്പോള്‍ എനിക്ക് മാത്രം മാര്‍ക്ക് കുറച്ചിട്ടു. എനിക്ക് മാര്‍ക്ക് കുറച്ചിടരുതെന്ന് ഞാന്‍ അന്ന് കരഞ്ഞ് പറഞ്ഞിരുന്നു. പക്ഷെ അന്ന് രേഖാമൂലം ഞാന്‍ പരാതി നല്‍കിയില്ല. കൂടെയുള്ളവരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ഹൈദരാബാദിലേക്ക് പരാതി നല്‍കേണ്ടെന്നും ഇത് ശരിയാക്കാം എന്നുമാണ് പറഞ്ഞത്. അത് ഞാന്‍ വിശ്വസിച്ചു. ഹൈദരാബാദില്‍ എല്ലാവര്‍ക്കും അറിയാം ഞാന്‍ ഒരു കഠിനാധ്വാനിയാണെന്ന്. അതുകൊണ്ട് എനിക്ക് പണി അറിയില്ല എന്ന് അവര്‍ക്ക് പറയാനാവില്ല. അതിന് മുമ്പ് രണ്ട് തവണ രാജീവ് സാറിനെക്കണ്ട് നിങ്ങളും നിങ്ങളുടെ കൂട്ടുകാരും ചേര്‍ന്ന് എന്നെ ഇനി ഉപദ്രവിക്കരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. ജയദീപ് സാറിനോടും പറഞ്ഞിരുന്നു എന്നെ ഇനി ഉപദ്രവിക്കരുതെന്ന്. നമ്മള്‍ എന്താണ് ചെയ്യുന്നത്, എന്താണ് ചെയ്യാത്തത് എന്നെല്ലാം നോക്കി പുറകെ നടക്കുകയാണ്. മിണ്ടിയാല്‍ ഉടനെ ഇവര്‍ കുറേപ്പേര്‍ നിന്ന് അത് റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെ പുറകെ നടക്കുകയാണ്.

അവസാനം ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ നിങ്ങള്‍ മെയില്‍ അയച്ചിട്ടൊന്നുമില്ലല്ലോ, പിന്നെയെന്താണ് തെളിവെന്നാണ് അവര്‍ ചോദിച്ചത്. ഇതെല്ലാം കേട്ടപ്പോള്‍ എന്റെ നിലവിടുന്നത് പോലെയായി. കാരണം ഞാന്‍ ആറ് വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത എന്റെ കരിയറാണ്. അപ്പോഴാണ് ഇവര്‍ പറയുന്നത് ഒന്നുകില്‍ നിങ്ങളെ ടെര്‍മിനേറ്റ് ചെയ്യും, അല്ലെങ്കില്‍ റിസൈന്‍ ചെയ്ത് പൊയ്‌ക്കൊള്ളുക എന്ന്. ടെര്‍മിനേറ്റ് ചെയ്താല്‍ പിന്നീട് ഒരു ചാനലിലും എനിക്ക് ജോലി കിട്ടില്ല. പക്ഷെ ഇവരുടെ ഭീഷണിക്ക് വഴങ്ങാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. എന്നോട് പുറത്തുപോവാന്‍ പറയുന്നതിനുള്ള വ്യക്തമായ കാരണം പറയണം എന്ന് ഞാന്‍ ശഠിച്ചു. പക്ഷെ സാരമായ വീഴ്ചകളൊന്നുമല്ല, നിങ്ങളുടെ പെര്‍ഫോമന്‍സ് ഞങ്ങള്‍ക്കിഷ്ടമല്ല എന്നാണ് പറഞ്ഞത്. ഒടുവില്‍ ഞാന്‍ കരഞ്ഞു. അപ്പോള്‍ ഒഴുകിയത് കണ്ണീരല്ല, എന്റെ ചോരയായിരുന്നു. എന്റെ കരിയര്‍ അവര്‍ തീര്‍ത്തു എന്ന തോന്നലാണ് എനിക്ക് വന്നത്.

ജീവിതം

എന്റെ അച്ഛന്‍ ക്യാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയുമ്പോഴാണ് എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍ ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ നല്‍കുന്നത്. അപ്പോഴും എന്റെ അച്ഛന്‍ ചോദിക്കുന്നുണ്ട്, ഇത് പഠിക്കാന്‍ പോണോയെന്ന്. ബി.കോം കഴിഞ്ഞ എനിക്ക് എം.കോം പഠിച്ചാല്‍ പോരെയെന്നായിരുന്നു അച്ഛന്റെ സംശയം. ‘ഇത് പഠിച്ച് കഴിഞ്ഞാല്‍ ഉടനെ ജോലി കിട്ടും അച്ഛാ. എനിക്കുംകൂടി വരുമാനമായാല്‍ കുടുംബത്തിന് കുറച്ചുകൂടെയാവൂല്ലോ’ എന്ന് ഞാന്‍ മറുപടി നല്‍കി. അഡ്മിഷന്‍ സമയത്ത് അച്ഛന്‍ ഓപ്പറേഷന്‍ കഴിഞ്ഞ് കിടക്കുകയാണ്. എന്റെ ബന്ധത്തിലുള്ള ചേച്ചിയുമായാണ് കോഴ്‌സിന് ചേരാന്‍ പോവുന്നത്. ലൈബ്രറി പോലും എനിക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. ക്ലാസ് വിടുമ്പോഴേ അച്ഛന്റെയടുത്തേക്ക് ഓടും. പക്ഷെ എന്റെ കൂട്ടത്തിലുള്ളവര്‍ പോലും അച്ഛന്‍ മരിച്ചതിന് ശേഷമാണ് ഇതെല്ലാം അറിയുന്നത്.

അങ്ങനെ ആരും അറിയാതെ, അറിയിക്കാതെ ചിട്ടപ്പെടുത്തിയ ഒരു കരിയറാണ്. സെക്കന്‍ഡ് സെമസ്റ്റര്‍ പരീക്ഷയെഴുതുമ്പോഴാണ് എന്റെ അച്ഛന്‍ മരിക്കുന്നത്. അന്ന് അച്ഛന്റെ ചികിത്സയ്ക്കായി ഞങ്ങളുടെ വീടും സ്ഥലവുമെല്ലാം പോയി. ഒന്നുമില്ലാത്ത അവസ്ഥയായിരുന്നു. 10 സെന്റ് സ്ഥലം വിറ്റതില്‍ ബാക്കിയുണ്ടായിരുന്ന അമ്പതിനായിരം രൂപ കയ്യില്‍ പിടിച്ചാണ് ഞാന്‍ എന്റെ അച്ഛന്റെ ചടങ്ങ് നടത്തുന്നത്. വീടില്ലാത്തതിനാല്‍ അച്ഛന്റെ തറവാട് വീട്ടിലാണ് ചടങ്ങുകള്‍ നടത്തിയത്. 49 ദിവസം ഞങ്ങള്‍ അവിടെ കഴിച്ചുകൂട്ടി. ആ ദിവസങ്ങളിലെല്ലാം ഞാന്‍ പുറത്തിറങ്ങി വാടക വീട് അന്വേഷിക്കുകയായിരുന്നു. അത്രയ്ക്കും കഷ്ടപ്പെട്ടിട്ടാണ് മുന്നോട്ട് വന്നത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റേയോ മാധ്യമപ്രവര്‍ത്തകന്റേയോ കാലുപിടിച്ചിട്ടല്ല ഇതുവരെയെത്തിയത്. അതുകൊണ്ട് എനിക്ക് നിവര്‍ന്ന് നിന്ന് ഇവരുടെ അടുത്ത് എന്തും പറയാന്‍ സാധിക്കുന്നുണ്ട്.

കോട്ടയത്തെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്‌ഗേളായിട്ടാണ് ജോലി തുടങ്ങുന്നത്. അച്ഛന്റെ ക്യാന്‍സര്‍ ചികിത്സയും വീട്ടു ചെലവുമെല്ലാം ബുദ്ധിമുട്ടിലായപ്പോള്‍ പഠിക്കുന്നതിനൊപ്പം സൂപ്പര്‍മാര്‍ക്കറ്റിലും ജോലി ചെയ്തു. ഉച്ചവരെ ക്ലാസ്, പിന്നെ ജോലി. എന്റെ കൂടെയുള്ളവര്‍ 3000 രൂപ വാങ്ങുമ്പോള്‍ എനിക്ക് 1500 രൂപയാണ് ലഭിച്ചത്. 2011-ലെ കാര്യമാണ്. ആ പണം കൊണ്ട് എന്താവാനാണ്? പക്ഷെ എന്റെ വീട്ടില്‍ ഒരു രൂപയെങ്കിലും എനിക്ക് സഹായിക്കാന്‍ പറ്റിയാല്‍ അത്രയുമായി എന്ന് കരുതിയിട്ടാണ് ആ ജോലി ചെയ്തത്.

ജേര്‍ണലിസത്തിലേക്ക്

ഇന്റേണ്‍ഷിപ്പ് എന്റെ ഒരു കൂട്ടുകാരിയാണ് ശരിയാക്കിത്തന്നത്. എന്റെയൊപ്പം ഉണ്ടായിരുന്നവര്‍ക്കെല്ലാം അവിടെ ജോലി കിട്ടി. എനിക്ക് വേണ്ടി പറയാന്‍ ആരുമില്ലാതിരുന്നതിനാല്‍ എനിക്ക് മാത്രം ജോലി കിട്ടിയില്ല. പിന്നീട് പി.ആര്‍.ഡിയില്‍ റിപ്പോര്‍ട്ടറായി ചേര്‍ന്നു. ഒരു വര്‍ഷം കഴിയുമ്പോഴാണ് ടിവി ന്യൂവില്‍ ജോര്‍ണലിസ്റ്റ് ട്രെയിനിയായി ജോലിക്ക് ചേരുന്നത്. അവിടെ വച്ചാണ് പി.സി.ആറിലെ ജോലി പഠിക്കുന്നത്. പുതിയ ചാനലിലെ ജോലി, അതങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പഠിക്കാനുള്ള ആഗ്രഹം മൂത്താണ് അവിടെ ചേരുന്നത്. പി.സി.ആറിലെ പ്രൊഡക്ഷന്‍ ജോലി ഇഷ്ടപ്പെട്ടിട്ട് പിന്നെ അതില്‍ നിന്ന് ഞാന്‍ മാറിയിട്ടില്ല. പ്രൊഡക്ഷന്‍ അന്ന് മുതല്‍ എനിക്ക് കമ്പമാണ്.

റിപ്പോര്‍ട്ടിങ്ങിന് കഴിവില്ലാത്തതുകൊണ്ടാണെന്ന് പലരും പറയും. അതുകൊണ്ടല്ല, മറിച്ച് ആ ജോലിയോട് അമിതമായ താത്പര്യമുള്ളതുകൊണ്ടാണ് അങ്ങനെ നിന്നത്. പിന്നീട് വിവാഹം കഴിഞ്ഞതിന് ശേഷം റിപ്പോര്‍ട്ടര്‍ ടി.വിയില്‍ ജോലിയ്ക്ക് ചേര്‍ന്നു. അവിടെ നിന്നാണ് ന്യൂസ്18-ലേക്ക് വരുന്നത്. ഒരു കുഞ്ഞ് എന്ന മോഹം പോലും മാറ്റിവച്ചാണ് ഞാന്‍ ജോലിക്ക് ചേര്‍ന്നത്. എന്റെ കരിയറില്‍ ഞാന്‍ ഒരു നിലയിലെത്തിയിട്ട് മതി കുഞ്ഞ് എന്ന് ഭര്‍ത്താവിനോട് പോലും പറഞ്ഞു. നല്ല ഒരു ജോലിയുണ്ടായാല്‍ കുഞ്ഞിനും സൗഭാഗ്യത്തോടെ വളരാമല്ലോ. നമ്മളൊക്കെ ഇങ്ങനെ കഷ്ടപ്പെട്ട് വളര്‍ന്നു. കുഞ്ഞുങ്ങളെങ്കിലും സൗഭാഗ്യത്തോടെ വളരട്ടെ എന്നായിരുന്നു എന്റെ ചിന്ത.

ന്യൂസ് 18-നില്‍

പലരും വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് കൊടുത്തപ്പോള്‍ ഞാന്‍ ടിവി ന്യൂവിലെ 12,000 രൂപയുടെ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. എന്ത് കിട്ടിയാല്‍ ജോലിയ്ക്ക് വരാമെന്ന് ചോദിച്ചപ്പോള്‍ 20,000 കിട്ടിയാല്‍ വരാമെന്ന് മറുപടി പറഞ്ഞു. അപ്പോള്‍ തന്നെ ആ തുക തരാം, ഹൈദരാബാദില്‍ പരിശീലനത്തിന് പോവാന്‍ തയ്യാറെടുത്തോളൂ എന്നു പറഞ്ഞു. ഇപ്പോഴും ഞാന്‍ അതേ ശമ്പളമാണ് വാങ്ങുന്നത്. എന്നേക്കാള്‍ ജൂനിയറായ പലരും അതിനേക്കാള്‍ ശമ്പളം വാങ്ങുന്നുണ്ട്. പക്ഷെ അതിലൊന്നും എനിക്ക് സങ്കടമില്ല. അങ്ങനെ ജീവിച്ച എന്നോടാണ് ഇവര്‍ ഈ പണി മുഴുവന്‍ ചെയ്തത്. തെറ്റ് ചെയ്തതിന്റെ പേരിലല്ല, അവര്‍ക്ക് ഇഷ്ടമില്ലാത്തതിന്റെ പേരിലാണ് അത് ചെയ്തത്.

ആദ്യത്തെ എഡിറ്റര്‍ എടുത്തവരാണ് ഞങ്ങള്‍ നൂറ്റമ്പതോളം പേര്‍. അവരെ വെട്ടിക്കളയാനാണ് ഇവര്‍ നോക്കിയത്. എനിക്ക് എന്റെ മേലുദ്യോഗസ്ഥരുമായി നല്ല ബന്ധമാണുള്ളത്. ഞാന്‍ പറയാനുള്ളത് വെട്ടിത്തുറന്ന് പറയുകയും ചെയ്യും. ഇവര്‍ എന്നെ ടാര്‍ജറ്റ് ചെയ്യുന്നു എന്ന തോന്നല്‍ എനിക്ക് വരുന്നത് തുടര്‍ച്ചയായി വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് കിട്ടിത്തുടങ്ങിയപ്പോഴാണ്. ചാനലിലെ ഒരു പ്രമുഖനുണ്ട്, ഇവര്‍ എതിര്‍ ചേരിയായി കണക്കാക്കുന്നയാള്‍. ഞാന്‍ അയാളുടെ ആളാണെന്ന് പറഞ്ഞാണ് ആദ്യത്തെ ആരോപണം വന്നത്. അത് പറഞ്ഞയാളോട് ഞാന്‍ കൃത്യമായ മറുപടിയും നല്‍കി. അതോടെ അയാളും മറുപക്ഷത്ത് എന്നെ ഉപദ്രവിക്കുന്നവരുടെ കൂട്ടത്തിലായി. ആദ്യം രാജീവ് ഉള്‍പ്പെടെയുള്ളവരുമായി ഞാന്‍ നല്ല സൗഹൃദമായിരുന്നു. എന്നാല്‍ പെട്ടെന്ന് ഇവരെല്ലാം മിണ്ടാതെയായി. അന്വേഷിച്ചപ്പോള്‍ ഞാന്‍ ചാനലിലെ മുമ്പ് പറഞ്ഞ പ്രമുഖനെതിരെ പരാതി നല്‍കാത്തതുകൊണ്ടാണ് അവര്‍ മിണ്ടാത്തത് എന്നാണ് അറിഞ്ഞത്.

മിക്കപ്പോഴും വാര്‍ത്തകള്‍ക്കൊപ്പം എന്റെ വോയ്‌സ് ഓവര്‍ പോയ്ക്കൊണ്ടിരുന്നതാണ്. ഒരു ദിവസം എന്റെ വോയ്‌സ് കേട്ടിട്ട് എന്നെക്കൊണ്ട് വോയ്‌സ് എടുപ്പിച്ച പെണ്‍കുട്ടിയോട് വിശദീകരണം വരെ ആവശ്യപ്പെട്ടു. ഇതില്‍ നിന്നെല്ലാം എന്താണ് മനസ്സിലാക്കേണ്ടത്? നമ്മളെ ഇഷ്ടമല്ലെന്ന് കണ്ട് ഞാന്‍ അവരോടെല്ലാം അകന്നു. എന്റെ എതിര്‍കക്ഷികളെല്ലാം വെട്ടിനിരത്താന്‍ വേണ്ടി വന്നവരാണ്. എന്റെ കാര്യങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്ന എന്റെ സീനിയറിനോട് ഞാന്‍ പലതവണ ഇക്കാര്യങ്ങള്‍ ഹൈദരാബാദില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറഞ്ഞതാണ്. എന്നാല്‍ അവിടെ സാറ് ഫോണെടുക്കുന്നില്ല എന്ന് പറഞ്ഞ് എന്നെ വഞ്ചിക്കുകയാണ് ചെയ്തത്. ആ സാറിന്റെ ഉപേക്ഷ കൊണ്ടാണ് എനിക്ക് ഇപ്പോള്‍ ഇങ്ങനെയെല്ലാം സംഭവിച്ചത്. സനീഷ് അപമര്യാദയായി പെരുമാറിയപ്പോള്‍ എച്ച്.ആറിന്റെ അടുത്തും ജയദീപ് സാറിന്റെ അടുത്തും പരാതി പറഞ്ഞിരുന്നു. എന്നാല്‍ എന്നെ ഉപദ്രവിച്ചവരുടെ കൂട്ടത്തില്‍ സനീഷ് ഉണ്ടായിരുന്നോ ഇല്ലയോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എന്നാല്‍ മറ്റ് അഞ്ച് പേരും (രാജീവ് ദേവരാജ്, എസ്. ലല്ലു, ബി. ദിലീപ് കുമാര്‍, സി.എന്‍ പ്രകാശ്‌, പ്രൊഡക്ഷന്‍ ചുമതലയുള്ള സന്തോഷ്‌ നായര്‍) മാത്രമാണ് എന്നും എഡിറ്റോറിയല്‍ മീറ്റിങ്ങിനിരിക്കുന്നത്. ഒടുവില്‍ അവര്‍ക്കിഷ്ടമില്ലാത്തവരുടെ ലിസ്റ്റ് ആണ് പുറത്താക്കാനായി തയ്യാറാക്കിയത്. എന്താണ് ഇവര്‍ക്ക് എന്നോടുള്ള ദേഷ്യം എന്ന് എനിക്കിതേവരെ മനസ്സിലായിട്ടില്ല. ഞാന്‍ പ്രൊഡ്യൂസറായിരിക്കുമ്പോള്‍ ഇവരുടെ തെറ്റ് ഞാന്‍ ചൂണ്ടിക്കാണിച്ചാല്‍ അത് ഇവര്‍ക്ക് അംഗീകരിക്കാനാവില്ല. ഏഴെട്ടുമാസമായി ഞാനിത് സഹിക്കുന്നു. ഇവരുടെ പീഡനം സഹിക്കാന്‍ വയ്യാതെയാണ് ഞാന്‍ തല മൊട്ടയടിച്ചത് വരെ.

ഇപ്പോള്‍

ഹൈദരാബാദില്‍ നിന്ന് അന്വേഷിക്കാന്‍ വന്ന സംഘത്തോട് എതിര്‍കക്ഷികള്‍ പറഞ്ഞുകൊടുത്തത് ഞാന്‍ കമ്പനിക്കെതിരെയാണ് പരാതി കൊടുത്തതെന്നാണ്. അങ്ങനെ അവര്‍ പറഞ്ഞുകൊടുത്തതുകൊണ്ടാണ് ഇപ്പോള്‍ ഇവര്‍ അകത്തും ഞാന്‍ പുറത്തുമായത്. അന്വേഷണം നടക്കുകയാണ്. അതുകൊണ്ട് ഞാന്‍ പുറത്ത് നില്‍ക്കണമെന്ന് മാത്രമാണ് അവര്‍ എന്നെ അറിയിച്ചത്. എത്രനാളെന്ന് പോലും പറഞ്ഞിട്ടില്ല.

ആശുപത്രിയില്‍

ഇനി കേസിന്റെ കാര്യം, എസ്.സി-എസ്.ടി. അട്രോസിറ്റി നിയമപ്രകാരമല്ല ആദ്യം കേസെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ട് അതില്‍ എസ്.സി-എസ്.ടി അട്രോസിറ്റി നിയമം ചേര്‍ത്തിട്ടില്ല. അതേ കാരണം കാണിച്ചാണ് എതിര്‍കക്ഷികള്‍ കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയത്. പിന്നീടത് ചേര്‍ത്തിട്ടും ആ നിയമപ്രകാരമെടുത്ത കേസിന്റെ എഫ്.ഐ.ആര്‍ പോലീസ് കൊടുത്തിട്ടില്ല. ഇതറിഞ്ഞിട്ടും എന്റെ പബ്ലിക് പ്രോസിക്യൂട്ടര്‍ വായനക്കിയില്ല. കേസിലുള്ള സ്‌റ്റേ നീക്കണമെന്ന് പോലും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടിട്ടില്ല. ഇതില്‍ നിന്നെല്ലാം ഞാനെന്താണ് മനസ്സിലാക്കേണ്ടത്?

ഈ വിഷയവുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളും അഭിപ്രായപ്രകടനങ്ങളും പുറത്തുവന്നിട്ടുണ്ട്. ആദ്യ തവണ സനീഷിനെതിരെ പരാതി നല്‍കിയില്ലെന്നും പിന്നീട് പോലീസിനോട് അക്കാര്യം പറയുകയായിരുന്നുവെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നു വന്നിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമുണ്ട്. ഞാന്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ വഞ്ചിയൂര്‍ പോലീസ് എന്റെയടുത്ത് വന്നിട്ട് ചോദിക്കുന്ന ആദ്യ ചോദ്യം എങ്ങനെയാണ് ഇവിടെ എത്തപ്പെട്ടതെന്നാണ്? അതില്‍ എനിക്ക് ഉത്തരം പറയേണ്ടത് സനീഷിന്റെ ഇഷ്യൂ അല്ല. ഞാന്‍ എന്തുകൊണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നുള്ളതാണ്. അപ്പോഴത്തെ എന്റെ മാനസികാവസ്ഥ മാത്രം വിവരിച്ചാല്‍ മതിയെന്നും കൂടുതല്‍ വിശദമായൊന്നും പറയാന്‍ നിക്കേണ്ടെന്നും അവര്‍ പറഞ്ഞു. കാരണം എന്റെ മൂക്കില്‍ ട്യൂബിട്ടിരിക്കുകയായിരുന്നു.

ആദ്യത്തെ മൊഴി രേഖപ്പെടുത്തുന്നത് ഐ.സി.യുവില്‍ നിന്നാണ്. അന്ന് പോലീസ് എന്റെ ഭര്‍ത്താവിനോടും അമ്മയോടും എല്ലാം സംസാരിച്ചിരുന്നു. ഓഫീസില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ഇവര്‍ക്കെല്ലാം അറിയാം. അതിനാല്‍ പോലീസ് മൊഴിയെടുത്തപ്പോള്‍ അമ്മയും ഭര്‍ത്താവുമെല്ലാം സനീഷിന്റെ കാര്യവും പറഞ്ഞു. പിന്നീട് ഡീറ്റെയ്ല്‍ഡ് മൊഴി രേഖപ്പെടുത്താന്‍ വന്നപ്പോള്‍ പോലീസുകാര്‍ ഇതെല്ലാം എന്നോട് ചോദിച്ചറിഞ്ഞു. ഡീറ്റെയ്ല്‍ഡ് മൊഴിയെടുക്കുന്നത് 13-ാം തീയതിയാണ്. കോടതിയില്‍ നിന്ന് കുറ്റാരോപിതരായ നാലു പേരും സ്റ്റേ വാങ്ങുന്നത് 16-നും. എന്നാല്‍ ഇതിനിടയ്ക്ക് ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിനായില്ല. ഇതില്‍ ഒരുപാട് പേര്‍ നിരവധി കളികള്‍ കളിക്കുന്നുണ്ട്, അതെനിക്കറിയാം.

ഞാന്‍ ഇത്രയും നാളും മിണ്ടാതിരുന്നപ്പോള്‍ പലരും പറഞ്ഞത് കേസ് ഒതുക്കിത്തീര്‍ത്തു എന്നാണ്. എനിക്കറിയാം സത്യം. പക്ഷെ എനിക്കത് എല്ലാവരോടും പ്രസംഗിച്ച് നടക്കേണ്ട ആവശ്യമില്ല. ഒരു നിമിഷത്തെ ചിന്തയിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഒരു കുഞ്ഞ് പോലും വേണ്ടെന്ന് വച്ച് ജോലിയ്ക്കിറങ്ങിയ ഞാന്‍ തോറ്റുപോയി എന്ന തോന്നലില്‍ നിന്നാണ് അതുണ്ടായത്. പക്ഷെ ഇനി ഒരു സ്ത്രീയും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. പോരാടണം.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍