UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാനല്‍ നരകം; പ്രേരണാ കുറ്റം ആര്‍ക്ക്?

Avatar

എ എം യാസര്‍

മലയാളത്തിലെ ചില ദൃശ്യമാധ്യമ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പട്ടിണിയും പായ്യാരവും സംമ്പന്ധിച്ച് ഒരു കുറിപ്പ് അഴിമുഖം.കോമില്‍ കണ്ടു. പത്രപ്രവര്‍ത്തക യുണിയന്‍ നേതാവാണ് കുറിപ്പെഴുതിയത്. അത് വളരെ സന്തോഷമുളള കാര്യമാണ്. ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളെ ശ്രദ്ധിക്കാന്‍ യുണിയന് സാധിച്ചുവെന്നത് ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ എന്തുകൊണ്ടാണ് ചില ദൃശ്യമാധ്യമങ്ങള്‍ സാമ്പത്തികമായി പരാധീനത നേരിടുന്നതെന്ന ചോദ്യത്തിനുളള ലേഖകന്റെ സൂചനകള്‍ ശ്ലാഘനീയം തന്നെ. എന്നിരുന്നാലും നിരീക്ഷണങ്ങള്‍ തൃപ്തികരമല്ല. നരകങ്ങള്‍ തീര്‍ക്കുന്നതിന്റെ  പ്രേരണാകുറ്റം ആരുടേതാണെന്ന് കണ്ടത്തേണ്ടിയിരിക്കുന്നു.

കേരളം പോലുളള ചെറിയ ഒരു സാമൂഹ്യഭൂമിശാസ്ത്രത്തിലെ ചാനലുകളുടെ ബാഹുല്യവും ജേര്‍ണലിസം സ്ഥാപനങ്ങളുടെ എണ്ണക്കൂടുതലുമാണ് ഇപ്പോള്‍ നേരിടുന്ന പ്രശ്‌നമെന്ന കണ്ടത്തല്‍ ശരിയല്ല. പകരം എന്തിനാണ് എങ്ങനയാണ്
മാധ്യമസ്ഥാപനങ്ങള്‍ നിലകൊള്ളേണ്ടതും നടത്തിക്കൊണ്ടുപോവേണ്ടതും എന്നതിനെ കുറിച്ചുളള സങ്കല്‍പ്പമാണ് മുഖ്യപ്രശ്‌നം.

കേരളം ഒരു ഉപഭോക്തൃസംസ്ഥാനമാണ്. ലോകത്തില്‍ തന്നെ ഇത്രയേറെ ഉപഭോക്താക്കളുടെ ജനസാന്ദ്രതയുളള സ്ഥലങ്ങള്‍ ചുരുക്കമാണ്. മാത്രമല്ല, കേരളത്തില്‍ ഉപഭോഗം നടത്താന്‍ ചിലവിടുന്ന പണം മറ്റുരാജ്യത്തില്‍ നിന്നും ഇറക്കുമതിചെയ്യുന്ന നാണ്യങ്ങളുമാണ്. കൊട്ടിഘോഷിക്കുന്ന കേരളമോഡലെന്ന ആശയത്തിന്റെ നട്ടെല്ല് തന്നെ അതാണ്. സേഫ്റ്റി പിന്‍ മുതല്‍ ട്രെഡ്മില്ലര്‍ വരെ നാം വാങ്ങുന്നു. കോടികണക്കിനു രൂപയുടെ വിപണനമാണ് ഓരോ ദിവസവും കേരളാ കമ്പോളത്തില്‍ നടക്കുന്നത്. ദൃശമാധ്യമങ്ങള്‍ക്കുമാത്രം ടാപ്പ് ചെയ്യാവുന്നത് കമ്പോളത്തിന്റെ മൂല്യം 1000 കോടിയാണ്. ഈ ആയിരം കോടിയുടെ വളരെ ചെറിയ അംശം മാത്രമെ വിജയിച്ചുവെന്ന് പറയുന്ന മുഖ്യ ചാനലുകള്‍ നേടുന്നത്. മിച്ചംവരുന്ന വലിയ സംഖ്യ നേടിയെടുക്കാനാവാത്തതാണ് സി നാരായണന്‍ ചൂണ്ടിക്കാട്ടിയ നാലു ചാനലുകളുടെ പ്രധാന പ്രശ്‌നം. 

അത് ഉളളടക്കത്തിന്റെ മാത്രം പ്രശ്‌നമല്ല. മാര്‍ക്കറ്റിങ്ങിന്റെ കൂടെ പ്രശ്‌നമാണ്. ഉദാഹരണത്തിന്, കേരളത്തിലെ പ്രത്യേകിച്ചും പത്തനംതിട്ട, കോട്ടയം, മലപ്പുറം കൊച്ചി ,കോഴിക്കോട് ,കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഏറ്റവും അധികമായി ഉപയോഗിച്ചുവരുന്നു പ്ലംമ്പിംഗ് ഉപകരണങ്ങള്‍ ജാഗ്വേര്‍ എന്ന കമ്പനിയുടേതാണ്. ജാഗ്വേറിന്റെ ഔദ്യോഗികമായ ഏജന്‍സി കൊച്ചിയില്‍ ബ്രാഞ്ച് ആരംഭിച്ചത് 2012ലാണ്. 2015ല്‍ അവര്‍ക്ക് ലഭിച്ചത് 100 കോടി രൂപയുടെ കച്ചവടമാണ്. ആ നൂറ് കോടി രൂപ നേടിയതിന്റെ പിന്നില്‍ പരസ്യത്തിനായി ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ലെന്നതാണ് അതിന്റെ സോണല്‍ മാനേജര്‍ പറയുന്നത്. 

പരസ്യത്തിനായി റെവന്യു ചിലവഴിച്ചാല്‍ അവര്‍ക്ക് നേടാവുന്നത് 500ലേറെ കോടികളാണെന്നും അവര്‍ വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് ജാഗ്വേറിനെ പരസ്യപ്പെടുത്താന്‍ അവര്‍ നമ്മുടെ ചാനലുകളെ സമീപിക്കാത്തത്? അവിടയാണ് ഉളളടക്കം വിഷയമാവുന്നത്. പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ ചാനലുകളുടെ ഉളളടക്കം മാന്യമായ ഉപഭോക്താക്കള്‍ക്ക് കണ്ടു രസിക്കാനോ അറിവുണ്ടാക്കാനോ സാധിക്കാത്തതാണെന്നാണ് വ്യവസായികള്‍ പങ്കുവെക്കുന്ന സത്യം. പിസി ജോര്‍ജിനെ കുറിച്ച് നടക്കുന്ന അരമണിക്കൂര്‍ ചര്‍ച്ച ഒരു ശരാരശരി മലയാളിയെ ആകര്‍ഷിക്കണമെന്നില്ല. സരിതയും ഉമ്മന്‍ചാണ്ടിയും തമ്മിലുണ്ടെന്ന് പറയുന്ന ബന്ധം നമ്മുടെ പൊളിറ്റിക്കല്‍ ഇക്കോണമിയുമായി ബന്ധപ്പെട്ട കാര്യമല്ല. വ്യക്തിപരമായ കാര്യങ്ങളെ രാഷ്ടീയമായി സങ്കല്‍പ്പിക്കാം അതുപക്ഷെ വ്യക്തിപരമായ നേട്ടമേ ഉണ്ടാക്കൂ. ഇന്നത്തെ കാലത്ത് മാസ് കമ്മ്യുണിക്കേഷന്റെ ദൗത്യം തികച്ചും രാഷ്ടീയം തന്നയാണ്. പക്ഷെ അതൊരിക്കലും വ്യക്തിപരമല്ല. പൊളിറ്റിക്കല്‍ ഇക്കോണമിയാണ് ഫോക്കസ് ചെയ്യേണ്ടത്. ഉല്‍പാദനം, വിതരണം, ഉപഭോഗം അതിനുളള ഡിമാന്റും ആശയങ്ങളും രൂപപെടുത്തുന്നതിനാണ് കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുളളത്. ആ ഗ്യാപ്പ് നികത്തുമ്പോഴാണ് മാധ്യമപ്രവര്‍ത്തനം ശക്തമാവുകയും മാധ്യമപ്രവര്‍ത്തകര്‍ക്ക് ശമ്പളം ലഭിക്കുകയും ചെയ്യുക. മാത്രമല്ല അത് രാജ്യത്തെ ചലനാത്മകമാക്കുകയും ചെയ്യും.

ഉളളടക്കവുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം നമ്മള്‍ മലയാളികള്‍ ടെലിവിഷനെ പ്രതിഷ്ഠിച്ചത് വീട്ടിലെ പ്രധാനപ്പെട്ട ഇടത്തായിരിക്കും. ആ ഇടത്ത് മുമ്പുണ്ടായിരുന്നത് മുത്തശ്ശിയായിരുന്നു. മുത്തശ്ശിക്കഥ കേട്ടു വളര്‍ന്ന നമുക്ക് ഇപ്പോള്‍ കഥ പറഞ്ഞു തരുന്നത് ടിവി ചാനലുകളാണ്. അതുകൊണ്ടുതന്നെ കഥയുടെ ഉളളടക്കം ഒരു കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും ആസ്വാദ്യകരമാവേണ്ടതുണ്ട്. അപ്പോഴാണ് ആ കുടുംബത്തെ സ്വാധീനിക്കാനാവുക. കഥ കേള്‍പ്പിക്കുന്നതില്‍ മാത്രമല്ല, അവരുടെ കുടുംബ ബജറ്റും രാഷ്ടീയ സാസ്‌കാരിക വീക്ഷണവും തയ്യാറാക്കുന്നതിന് അറിവും പ്രേരണയും ഉണ്ടാക്കാനാകണം. അങ്ങനെ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ മാധ്യമങ്ങള്‍ക്കാവണം. അതിനുപറ്റിയ സാമൂഹ്യ-സാംസ്‌കാരിക പാരമ്പര്യമാണ് നമ്മുടെ കേരളത്തിന്റേത്. കാരണം നമ്മുടെ പരമ്പരാഗതമായ ജൈവിക സാമൂഹിക ബന്ധം ഇപ്പോള്‍ നിലിവിലില്ല. ഉദാഹരണത്തിന് പേറ്റിച്ചിയല്ല. ഇപ്പോള്‍ പ്രസവശ്രുശൂഷ നടത്തുന്നത് ഹോം നഴസാണ്. അതുകൊണ്ട് നല്ല ഹോം നഴസിനെ കിട്ടാന്‍ ടി.വി ചാനല്‍ തുറന്നുനോക്കേണ്ടതുണ്ട്. അതിന് അത്തരം പരിപാടികള്‍ വേണം. അതില്‍ പരസ്യം ചെയ്യാന്‍ സര്‍വ്വീസ് നടത്തുന്നവര്‍ക്ക് തോന്നണം. കണ്ണില്‍ കരടുപോയാല്‍ അയല്‍പക്കത്തെ പാത്തുമത്താത്തന്റെ അമ്മിഞ്ഞിപ്പാല്‍ എടുത്ത് നമ്മുടെ അമ്മ കണ്ണിലുറ്റിച്ചുതരില്ല. അതിന് ഗൂഗിള്‍ ചെയ്യണം.

ചാനല്‍ ഗ്ലാമറിലെ മഹാനരകം അഥവാ പണിക്കൂലിയില്ല, പണിക്കുറവുമില്ല!

സിനിമാ തൊഴിലാളികളിൽ നിന്ന് പത്രത്തൊഴിലാളികൾ പഠിക്കേണ്ട പാഠങ്ങള്‍

അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പറ്റാത്തത് ലേഖകന്‍ ചൂണ്ടിക്കാട്ടിയ ചാനലുകളുടെ തലപ്പത്തിരിക്കുന്നവരുടെ പ്രശ്‌നം തന്നയാണ്. പെണ്‍കുട്ടികളെ കിട്ടാന്‍ സിനിമ പ്രൊജക്റ്റ് തുടങ്ങുന്ന വിദ്വാന്‍മാരുടെ സിനിമകള്‍ പോലെ ലോക്കല്‍ രാഷ്ടീയത്തിനായി ചാനലുകള്‍ തുടങ്ങിയവര്‍ രാഷ്ടീയത്തേയും സമ്പദ് രംഗത്തേയും കിഴ്‌മേല്‍ മറിക്കുന്നു. ചില ചാനലുകള്‍ക്കാണെങ്കില്‍ തുടങ്ങുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സംഖ്യയില്ലാതെ ഒരു പൂതിക്കങ്ങ് തുടങ്ങും. പിന്നെ ശ്വാസംമുട്ടി കിടക്കും. ഇത് ഒരു കേരളാ മോഡല്‍ മീഡിയ മിസ്സ്മാനേജ്മെന്റാണ്. അതു മറികടക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിന് ജേര്‍ണലിസം കോഴ്സിനെ പറഞ്ഞതുകൊണ്ടായില്ല. 

എങ്കിലും സി നാരായണന്‍റെ കുറിപ്പിനെ മാനിക്കുന്നു. ആദരിക്കുന്നു, അത് അര്‍ഹിക്കുന്ന ചര്‍ച്ചകള്‍ തുടര്‍ന്നുണ്ടാവണം.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍