UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിനിമാ തൊഴിലാളികളിൽ നിന്ന് പത്രത്തൊഴിലാളികൾ പഠിക്കേണ്ട പാഠങ്ങള്‍

Avatar

വര്‍ഗ്ഗീസ് ആന്‍റണി

കേരളത്തിലെ ദൃശ്യമാധ്യമ പ്രവർത്തകർ ശമ്പളമില്ലാതെ വിഷമിക്കുന്നതിന്റെ ദുരന്തകഥ കേരളാ വർക്കിംഗ് ജേണലിസ്റ്റ് യൂണിയൻ ജനറൽ സെക്രട്ടറി സി. നാരായണൻ എഴുതിയത് വായിച്ചു. ഇവിടുത്തെ ജേണലിസ്റ്റുകളുടെ ഏക ഔദ്യോഗിക സംഘടനയെന്ന് സർക്കാർ പോലും അംഗീകരിക്കുന്നത് കെ.യു.ഡബ്ല്യു.ജെ.യെ ആണ്. അതിന്റെ സെക്രട്ടറി തന്നെ മാധ്യമ പ്രവര്‍ത്തകര്‍ പട്ടിണി കിടക്കുന്നതിന്റേയും ദാക്ഷിണ്യമില്ലാതെ പിരിച്ചുവിടപ്പെടുന്നതിന്റേയും കദനകഥ എഴുതുമ്പോൾ അതിൽ ചരിത്രത്തിന്റെ കാവ്യ നീതിയുണ്ട്. പതിറ്റാണ്ടുകളായി ഒരു മേഖലയിലെ മുഴുവൻ തൊഴിലാളികളെയും വഞ്ചിച്ച് ഉടമകൾക്ക് ചൂഷണം ചെയ്യാൻ നിർത്തിക്കൊടുത്ത കരിങ്കാലികളുടെ സംഘടനയ്ക്ക് ഇതുതന്നെയാണ് സംഭവിക്കേണ്ടത്.

ഈ ദുരവസ്ഥയിലും തങ്ങൾക്ക് പറ്റിയ അബദ്ധമെന്തെന്ന് തിരിച്ചറിയാൻ ആ സംഘടനയ്ക്കോ അതിന്റെ നേതാക്കൾക്കോ കഴിഞ്ഞിട്ടില്ലെന്ന് നാരായണന്റെ കുറിപ്പ് വായിച്ച് തീരുമ്പോൾ മനസിലാകും. കേരളത്തിലെ ദൃശ്യമാധ്യമ പ്രവർത്തകർക്ക് ശമ്പളം കിട്ടാത്തതിന് അദ്ദേഹം കണ്ടെത്തിയിരിക്കുന്ന പ്രധാന കാരണം കാണൂ. ”എന്തുകൊണ്ട് വേതനമില്ലാതെ ജോലി ചെയ്യിക്കാൻ കേരളത്തിലെ മാധ്യമ മാനേജ്‌മെന്റുകൾക്ക് സാധിക്കുന്നു എന്നത് പരിശോധിക്കുമ്പോഴാണ് ഇവിടെ നിലനിൽക്കുന്ന തൊഴിൽസേനാ ബാഹുല്യമാണ് അതിൽ പ്രധാന പങ്കു വഹിക്കുന്നത് എന്ന യാഥാർഥ്യം തെളിയുന്നത്. കേരളത്തിനകത്തും സമീപ സംസ്ഥാനങ്ങളിലുമുള്ള ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ നിന്നായി പ്രതിവർഷം ഇരുനൂറ് പേരെങ്കിലും മാധ്യമപ്രവർത്തന യോഗ്യതാ ബിരുദങ്ങൾ നേടി പുറത്ത് വരുന്നുണ്ട്. ഇവർക്കു മുഴുവൻ തൊഴിൽ ലഭിക്കാൻ സാഹചര്യമെവിടെ. പഠിച്ചിറങ്ങി വെറുതെയിരിക്കാൻ ആരും ആഗ്രഹിക്കാത്തതിനാൽ ഏതെങ്കിലും ഇടത്ത് കയറിക്കൂടുന്നു. വേതനം മുടങ്ങിയാലും ഇറങ്ങിപ്പോകാൻ പലരും വിമുഖരായിത്തീരുന്നു.” എന്നാണ് അദ്ദേഹം പറയുന്നത്.

ഇങ്ങനെയാണ് ഈ നേതാക്കൾ കാര്യങ്ങളെ വിലയിരുത്തുന്നതെങ്കിൽ വഞ്ചി തിരുനക്കരയിൽ നിന്നും അനങ്ങില്ല എന്നുറപ്പ്. തങ്ങൾക്ക് ശമ്പളം കിട്ടാത്തതിന് ആ മേഖല ലക്ഷ്യം വച്ച് പഠിക്കുന്ന കുട്ടികളെയും പഠിപ്പിക്കുന്ന സ്ഥാപനങ്ങളേയും കുറ്റപ്പെടുത്താൻ അപാരമായ ചങ്കൂറ്റം തന്നെ വേണം. ബസിൽ കയറിപ്പറ്റിയവൻ പിന്നീടുള്ള സ്‌റ്റോപ്പുകളിൽ ബസ് നിർത്തരുതെന്ന് ആവശ്യപ്പെടുന്ന പോലെ ആയി ഇത്. ഇതിന് അദ്ദേഹം ഒരുപരിഹാരവും നിർദ്ദേശിക്കുന്നു- ”ബി.എഡ്, ടി.ടി.സി. പഠനകേന്ദ്രങ്ങൾ ഇടയ്ക്ക് അടച്ചിടുന്നതു പോലെ കുറച്ചു വർഷത്തേക്ക് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടുകളും സ്വയം നിയന്ത്രണം ഏർപ്പെടുത്തണം”.

അതുമാത്രം പോരാ നേതാവേ, ഇപ്പോൾ ജേര്‍ണലിസ്റ്റുകൾ ആയിട്ടുള്ള എല്ലാവർക്കും പ്രത്യേക പെർമിറ്റുകൾ ആവശ്യപ്പെടണം. അവർക്ക് മാത്രമേ ഈ ജോലി ചെയ്യാനാകൂ എന്ന് ലേബർ കമ്മീഷണറെക്കൊണ്ട് തീരുമാനം എടുപ്പിക്കണം. മറ്റാരെങ്കിലും ആ വഴി വന്നാൽ അവരെ തല്ലണം. കേരളത്തിലെ ഓട്ടോറിക്ഷാ സ്റ്റാന്റുകളിലെ യൂണിയൻ നേതാക്കൾ അതിനുള്ള പരിശീലനം നൽകും. അല്ലെങ്കിൽ ചുമട്ട് തൊഴിലാളികൾ. കൊള്ളാവുന്ന മാർക്കറ്റുകളിലൊക്കെ ചുമട്ട് തൊഴിൽ ലഭിക്കണമെങ്കിൽ ലക്ഷങ്ങൾ കൊടുത്ത് ജോലി വാങ്ങണം. അതുപോലെ പത്രപ്രവർത്തനം മടുത്ത് മറ്റെന്തെങ്കിലും പണിക്ക് പോകുന്നവർക്ക് പെർമിറ്റ് വിൽക്കാനുള്ള സാഹചര്യവും ഒരുക്കണം. അതുവഴി കുറച്ച് ലക്ഷങ്ങൾ താങ്കളുടെ സംഘടനയിലെ അംഗങ്ങൾക്ക് കിട്ടും. പുതിയ പിള്ളേർ വരണമെങ്കിൽ പൈസയുമായി വരട്ടെ. കൃത്യമായി ശമ്പളം കിട്ടുന്ന സ്ഥാപനങ്ങളിലെ തൊഴിൽ നല്ല തുകക്ക് വിൽക്കാനും സാധിക്കും.

മികച്ച പ്രൊഫഷണലുകൾ വരുമ്പോൾ മുൻപേ പോയവർക്ക് ഏനക്കേടുണ്ടാവുക സ്വാഭാവികം. അതിലപ്പുറം ഈ വിഷയത്തിൽ ജേര്‍ണലിസ്റ്റ് യൂണിയന് എന്താ കാര്യമെന്ന് സ്വാഭാവികമായും സംശയിക്കണം. ഏത് കോഴ്‌സ് പഠിക്കണമെന്നും പഠിപ്പിക്കണമെന്നും ഒരു തൊഴിലാളി സംഘടന നിർദ്ദേശിക്കുന്ന അവസ്ഥ എന്തായാലും കേരളം അംഗീകരിക്കുമെന്ന് തോന്നുന്നില്ല. തങ്ങൾ ചെയ്യേണ്ടതൊന്നും കാലാകാലങ്ങളായി ചെയ്യാത്ത ഒരു സംഘടനയുടെ നേതാവ്, സ്വന്തം പ്രശ്‌നങ്ങളെ മറ്റുവല്ലവരുടേയും തലയിൽ കയറ്റി രക്ഷപ്പെടാൻ നടത്തുന്ന ശ്രമമായേ ഇതിനെ കാണാനാകൂ.

ശമ്പളം കിട്ടാത്തതിന് മറ്റൊരു കാരണം കൂടി നാരായണൻ കണ്ടെത്തുന്നുണ്ട്. സ്ഥാപനങ്ങൾ ലാഭകരമായി നടത്താൻ അറിയാത്തവർ ഈ മേഖലയിലേക്ക് വരുന്നു എന്നതാണത്. ”വായനാ- കാണി സമൂഹത്തിന്റെ വ്യാപ്തിയാണല്ലോ പരസ്യം ലഭിക്കാനും വരുമാനവർധനയ്ക്കും മാനദണ്ഡം. പരസ്പര മൽസരത്തിലൂടെ മാർക്കറ്റ് പിടിച്ചെടുക്കാൻ തക്ക പ്രഹരശേഷി തങ്ങൾക്ക് ഉണ്ടാവുമോ എന്ന് പുതുതായി രംഗത്തു വരുന്ന ഓരോ മാധ്യമ ഉടമയും ചിന്തിക്കാത്തതെന്ത്.’ എന്നാണ് ചോദ്യം. ചോദിക്കേണ്ട ചോദ്യം തന്നെയെന്ന് പ്രത്യക്ഷത്തിൽ തോന്നും. പക്ഷേ, ഇക്കാര്യത്തിലും തൊഴിലാളി യൂണിയൻ നേതാവിന് എന്താണ് കാര്യം എന്ന് രണ്ടാം ആലോചനയിൽ ബോധ്യപ്പെടും. പലതരം മാധ്യമങ്ങൾ ധാരാളമായി കടന്നുവരുന്നത് ഒരു ജനാധിപത്യ സമൂഹത്തിന്റെ വളർച്ച എന്ന നിലയിലാണ് കാണേണ്ടത്. ഇത്ര വായനക്കാർക്ക് ഇത്ര പത്രമേ പാടുള്ളു എന്ന നിലയിൽ വല്ല കണക്കും നാരായണന്റെ കയ്യിലുണ്ടോ? അല്ലെങ്കിൽ ചാനലുകളും കാണികളും തമ്മിലുള്ള റേഷ്യോ നിശ്ചയിക്കുന്ന വല്ല പഠന റിപ്പോർട്ടുകളും ഉണ്ടോ? ഈ മാർക്കറ്റിന്റെ വ്യാപ്തി വികസിക്കില്ല എന്ന കണക്കുണ്ടായാലും മതിയല്ലോ!  അത്തരം സ്റ്റാറ്റിസ്റ്റിക്‌സിന്റെ അഭാവത്തിൽ ഒരു യൂണിയൻ നേതാവ് ഇങ്ങനെയൊക്കെ പറയാമോ? 

ആരംഭിക്കുന്ന എല്ലാ സ്ഥാപനങ്ങളും ലാഭകരമായി തീരുന്ന ഏത് മേഖലയാണുള്ളത്? കൃത്യമായ മാർക്കറ്റ് സ്റ്റഡി ഒക്കെ നടത്തി സംരംഭങ്ങൾ തുടങ്ങുന്നവരാണ് അമേരിക്കക്കാർ എന്നാണ് പറയപ്പെടുന്നത്. അവിടെ പോലും പുതുതായി തുടങ്ങുന്ന വ്യവസായ സംരംഭങ്ങളിൽ എട്ട് ശതമാനം മാത്രമേ ബ്രേക്ക് ഈവനാകുന്നുള്ളു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ബിസിനസിൽ ചിലത് ലാഭകരമാകും ചിലത് നഷ്ടത്തിൽ കലാശിക്കും. നഷ്ടത്തിലാകുമ്പോൾ ശമ്പളം മുടങ്ങുകയും ചെയ്യും. ഒരു തൊഴിലാളിയെ സംബന്ധിച്ചിടത്തോളം ഇത് വലിയ റിസ്‌ക് തന്നെയാണ്. അവന്റെ അന്നത്തെയപ്പത്തിനുള്ള വഴിയാണ് മുട്ടിപ്പോകുന്നത്. അതുകൊണ്ട് തങ്ങളുടെ സംഘടനയിൽ പെട്ടവരെ ഇത്തരം പുതിയ സ്ഥാപനങ്ങളിൽ ജോലിക്ക് ചേരുന്നതിന്റെ റിസ്‌ക് ഫാക്ടർ ബോധ്യപ്പെടുത്തുക എന്നതല്ലേ ഒരു തൊഴിലാളി യൂണിയന് ചെയ്യാനാവുക. അത് ചെയ്തിട്ട് പോരെ ഉടമയെ ബിസിനസ് പഠിപ്പിക്കാൻ പോകുന്നത്. ശമ്പളം മുടങ്ങി പട്ടിണിയിലായ തൊഴിലാളികൾക്ക് പിടിച്ച് നിൽക്കാൻ എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യാൻ സംഘടക്ക് കഴിയില്ലേ? അത് ചെയ്യുന്നുണ്ടോ കെ.യു.ഡബ്ലിയു.ജെ? പുറത്താക്കപ്പെട്ടതിനോ ശമ്പളം കിട്ടാത്തതിനോ സമരങ്ങൾ നടത്തിയ തൊഴിലാളികളെ ഒറ്റുകൊടുത്ത് മുങ്ങിയതിന്റെ എത്രയധികം കഥകൾ നിങ്ങളുടെ ചരിത്രത്തിലുണ്ട്. ദീപികയിലും ഇന്ത്യൻ എക്‌സ്പ്രസിലുമെല്ലാം സമരം ചെയ്തവർക്ക് എന്താണ് സംഭവിച്ചത്?

കെ.യു.ഡബ്ലിയു.ജെ കഴിഞ്ഞ കാലങ്ങളിൽ ചെയ്തിട്ടുള്ള കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കുന്നത് ഈ അവസരത്തിൽ രസകരമായിരിക്കും. മുതലാളിയുടെ ശുപാർശയുണ്ടെങ്കിൽ മാത്രം തൊഴിലാളിക്ക് അംഗത്വം ലഭിക്കുന്ന ഒരു തൊഴിലാളി സംഘടനയാണ് ഇത്. പലപ്പോഴും പലരും ഇതിനെതിരെ ശബ്ദിച്ചിട്ടുണ്ടെങ്കിലും ഒരു മാറ്റവും ഇന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിലധികമായി കേരളത്തിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഒരാളാണ് ഈ ലേഖകൻ. സർക്കാർ അക്രഡിറ്റേഷനും ലഭിച്ചിട്ടുണ്ട്. പക്ഷേ, കേരളത്തിലെ ഏക ഔദ്യോഗിക ജേര്‍ണലിസ്റ്റ് യൂണിയനിൽ ഇതുവരെ അംഗത്വം എടുത്തിട്ടില്ല. അതിലെ ഭാരവാഹികളിൽ പലരും സുഹൃത്തുക്കളാണ്. ഒരു ഒപ്പിട്ട് തന്നാൽ മതി ഫോം ഞങ്ങൾ പൂരിപ്പിച്ചോളാം എന്ന് പറഞ്ഞ് അവരിൽ പലരും പല കാലങ്ങളിലും അംഗത്വമെടുക്കാൻ നിർബന്ധിച്ചിട്ടുണ്ട്. സ്ഥിരം ജീവനക്കാരനാണെന്ന് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ സാക്ഷ്യപ്പെടുത്തി നൽകുന്ന സർട്ടിഫിക്കറ്റ് ഫോമിനൊപ്പം നിർബന്ധമാണ്. ആ നിർബന്ധം ഒഴിവാക്കുന്ന കാലത്ത് കെ.യു.ഡബ്ല്യു.ജെ അംഗമായിക്കോളാം എന്ന് പറഞ്ഞ് സ്‌നേഹബുദ്ധ്യാ ഒഴിവാകുകയാണ് ചെയ്തിട്ടുള്ളത്. ഈ തൊഴിൽ ചെയ്യുന്ന നിരവധി പേർ അങ്ങനെ പുറത്ത് നിൽക്കുകയാണ്. അർഹത ഇല്ലാഞ്ഞിട്ടല്ല, നട്ടെല്ലില്ലാത്ത സംഘനയിലേക്കില്ല എന്ന നിലപാടുള്ളതുകൊണ്ട്.

മുതലാളി സാക്ഷ്യപ്പെടുത്തി അംഗങ്ങളാകുന്ന തൊഴിലാളികളിൽ ഭൂരിപക്ഷവും അവരുടെ ഏറാൻമൂളികളായിരിക്കും എന്നതിന് തെളിവാണ് ഈ സംഘടനയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ. അത്തരമൊരു ട്രേഡ് യൂണിയൻ അരങ്ങ് വാഴുന്നു എന്നുള്ളതാണ് മാധ്യമ സ്ഥാപനങ്ങളിൽ ശമ്പളം കിട്ടാത്തതിന്റെ പ്രധാന കാരണം. സി.നാരായണൻ പോലും ആ വ്യവസ്ഥയുടെ ഇരയാണ്. അദ്ദേഹത്തെ മാതൃഭൂമിയിൽ നിന്നും പുറത്താക്കിയപ്പോൾ അവിടെ ശബ്ദിക്കാൻ ആരുമില്ലാതായത് അതിനാലാണ്. യൂണിയൻ തെരഞ്ഞെടുപ്പിൽ പങ്കെടുക്കരുതെന്ന് മുതലാളി നിർദ്ദേശിച്ചപ്പോൾ കൈവിരലിൽ എണ്ണാവുന്ന ചിലരൊഴികെ മാതൃഭൂമിയിലെ മുഴുവൻ ജേര്‍ണലിസ്റ്റുകളും നിക്കറിൽ മുള്ളി മാളത്തിലൊളിച്ചതിന് പിന്നിലും യൂണിയന് പങ്കുണ്ട്. പുറംചൊറിയൽ വിദഗ്ദ്ധർക്ക് മാത്രം അംഗത്വം കൊടുത്താൽ അങ്ങനെയിരിക്കും എന്നതാണ് ഗുണപാഠം.

കോൺട്രാക്ട് ജീവനക്കാർക്ക് കെ.യു.ഡബ്ല്യു.ജെ. അംഗത്വം നൽകാത്തത് എന്തുകൊണ്ടാണ്? അവർ ജേണലിസ്റ്റുകൾ അല്ലേ? സ്ഥിരനിയമനം എന്ന ചപ്രമഞ്ചക്കട്ടിലിൽ കയറിയവർക്ക് അതിലേക്ക് കയറാൻ ആഗ്രഹിക്കുന്നവരെ കൂടെ കൂട്ടാൻ മനസില്ലാതെ പോയി. ആ ഒത്തൊരുമ ഇല്ലാത്തതാണ് ഈ തൊഴിൽ മേഖലയിലെ ചൂഷണങ്ങളുടെ പ്രധാന കാരണം. കേരളത്തിലെ മൊത്തം ജേര്‍ണലിസ്റ്റുകളിൽ ഭൂരിപക്ഷവും സ്ഥിര നിയമനം ലഭിക്കാത്തവരാണ് എന്ന കണക്ക് കൂടി അറിയണം. മാതൃഭൂമിയിലെ ലൈനർമാരും മനോരമയിലെ പ്രദേശിക ലേഖകരും അടക്കം പതിറ്റാണ്ടുകളായി ഈ ജോലി ചെയ്യുന്നവർ സംഘടനയ്ക്ക് പുറത്താണ്. ഇന്ത്യൻ എക്‌സ്പ്രസ് പോലുള്ള പത്രങ്ങളിൽ നിയമന രീതികളിൽ വരുത്തിയ പരിഷ്‌കാരങ്ങൾ മൂലം ഒരാൾ പോലും സ്ഥിരനിയമനം ലഭിച്ചവർ അല്ലാതായി. ടെലിവിഷൻ ചാനലുകൾ ഉൾപ്പെടെയുള്ളവ കോൺട്രാക്ട് നിയമനങ്ങളാണ് കൂടുതൽ നടത്തുന്നത്.

എന്നാലോ, കേരളത്തിലെ മുഴുവൻ ജേര്‍ണലിസ്റ്റുകൾക്കും വേണ്ടി സർക്കാരുകൾ ആവിഷ്‌കരിക്കുന്ന ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും സംഘടനയിൽ അംഗങ്ങളായ ഒരു ചെറുന്യൂനപക്ഷം കയ്യടക്കുകയാണ് ചെയ്യുന്നത്. പത്രപ്രവർത്തക പെൻഷൻ പദ്ധതി ഇതിന് ഉദാഹരണമാണ്. 10 വർഷം ഈ തൊഴിൽ ചെയ്തിട്ടുള്ളവർക്ക് 60 വയസ് കഴിഞ്ഞാൽ പെൻഷൻ ലഭിക്കുന്നതാണ് പദ്ധതി. പെൻഷന് അപേക്ഷ നൽകണമെങ്കിൽ കെ.യു.ഡബ്ല്യു.ജെ. സാക്ഷ്യപ്പെടുത്തണം. അല്ലെങ്കിൽ മാധ്യമ മുതലാളി കത്ത് നൽകണം. കോൺട്രാക്ട് ജീവനക്കാർക്ക് കൂടി പെൻഷൻ നൽകാൻ തയ്യാറാകണമെന്ന് കെ.യു.ഡബ്ല്യുയു.ജെ. നിലപാടെടുക്കുമോ? പത്രപ്രവർത്തകർക്ക് വിവിധ കാലഘട്ടങ്ങളിൽ നടപ്പാക്കിയ പാർപ്പിട പദ്ധതികൾ യൂണിയൻ നേതാക്കളും സിൽബന്ധികളും പങ്കിട്ടെടുത്തതിന്റെ കഥകൾ വേറെയുണ്ട്.

യൂണിയൻ പ്രവർത്തനങ്ങൾ നടത്താനും വാർത്താ സമ്മേളനങ്ങൾ നടത്താനുമായി കെ.യു.ഡബ്ലിയു.ജെക്ക് സംസ്ഥാനമൊട്ടാകെ, നഗരങ്ങളുടെ കണ്ണായ ഇടങ്ങളിൽ, സ്ഥലവും കെട്ടിടവും സർക്കാർ നൽകിയിട്ടുണ്ട്. അതുകൂടാതെ സർക്കാരിന്റെ വാർഷിക ഗ്രാൻ്ര് ലഭിക്കുന്നുണ്ട്. എം.പിമാരും എം.എൽ.എ.മാരും അവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കമ്പ്യൂട്ടറുകൾ, ഫർണിച്ചറുകൾ എന്നിവയും നൽകാറുണ്ട്. എന്നിട്ടും ഈ സ്ഥാപനങ്ങളെല്ലാം പല തരത്തിൽ യൂണിയൻ വാണിജ്യവത്കരിച്ചിരിക്കുകയാണ്. പത്രസമ്മേളനം നടത്താൻ വരുന്നവരിൽ നിന്നും ഈടാക്കുന്ന തുകയാണ് ഇതിലൊന്ന്. 500 രൂപ മുതൽ 1500 രൂപ വരെയാണ് ഒരാളിൽ നിന്ന് ഇങ്ങനെ ഈടാക്കുന്നത്. മിക്കവാറും പ്രസ്‌ക്ലബുകളിൽ ഒരു ദിവസം തന്നെ പത്തും പതിനഞ്ചും പത്രസമ്മേളനങ്ങൾ നടക്കുന്നുണ്ട്. കികെടപ്പാടം ജപ്തി ചെയ്ത ബാങ്കിന്റെ അനീതിക്കെതിരെ പത്രക്കാരോട് പറയാൻ വരുന്നവരോടും ഈടാക്കുന്ന ഈ തുക എന്താണ് ചെയ്യുന്നത്? സർക്കാർ നൽകിയ കെട്ടിടങ്ങളിൽ ജേര്‍ണലിസം സ്‌കൂളുകൾ നടത്തിയും ലാഭമുണ്ടാക്കുന്നുണ്ട്. കെട്ടിടം കടമുറികളായി തിരിച്ച് വാടക പറ്റുന്ന പ്രസ്‌ക്ലബുകളുമുണ്ട്. ഇതിന്റെ കണക്ക് ജനങ്ങളോട് പറയാൻ യൂണിയൻ ബാധ്യസ്ഥമാണെന്ന് കരുതുന്നുണ്ടോ? അല്ലെങ്കിൽ വേണ്ട, ഈ ലാഭത്തിൽ നിന്നും അൽപ്പമെടുത്ത് ശമ്പളം കിട്ടാത്ത ജേണലിസ്റ്റുകൾക്ക് ചെറിയ തുക വീതം ഓരോ മാസവും നൽകിക്കൂടെ?

അംഗങ്ങൾക്ക് വേണ്ടി യൂണിയൻ ഒരു ക്ഷേമ പരിപാടിയും ചെയ്യുന്നില്ല എന്ന് പറയാനാകില്ല. എറണാകുളം ജില്ലാക്കമ്മറ്റി നടത്തുന്ന ഒരു ക്ഷേമ പരിപാടി നോക്കുക. യൂണിയനിൽ അംഗങ്ങളായ എല്ലാവർക്കും ഓണത്തിന് ഓണക്കിറ്റ് നൽകുന്നതാണ് ഈ ക്ഷേമ പദ്ധതി. സംസ്ഥാനത്ത് മികച്ച വരുമാനം നേടുന്ന ജില്ലാ ഘടകമാണ് എറണാകുളം. പക്ഷേ, ആ ലാഭത്തിൽ നിന്നാണ് ഓണക്കിറ്റ് നൽകുന്നത് എന്ന് കരുതരുത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വലിയ ബിസിനസുകാരെ എല്ലാവരെയും സമീപിച്ച് ഉൽപ്പന്നപ്പിരിവ് നടത്തിയാണ് ഇത് നൽകുക. ഉദാഹരണത്തിന് നിറപറ 10 കിലോയുടെ 400 പാക്കറ്റ് അരി നൽകുന്നു. (300ൽ താഴെ അംഗങ്ങൾ ഉള്ളപ്പോളാകും ഇത്. ഭാരവാഹികൾക്ക് കുറച്ച് പാക്കറ്റുകൾ കൂടുതൽ കിട്ടിയാൽ കയ്ക്കുമോ?) മേളം എല്ലാത്തരം കറിപ്പൊടികളുടേയും ഒരു പാക്കറ്റ്, ശീമാട്ടി പായസക്കിറ്റ്, കല്ല്യാൺ പപ്പടവും പയറും ഇന്തുപ്പും എന്നിങ്ങനെ പോകും പട്ടിക. ഇതെല്ലാം വലിയ ചാക്കുകളിലാക്കി അംഗങ്ങളിലെത്തിക്കുന്ന മഹത്തായ സേവനം കുറേ വർഷങ്ങളായി നടക്കുന്നുണ്ട്. കൊടുത്തില്ലെങ്കിൽ അവസരം കിട്ടുമ്പോൾ എഴുതി നാറ്റിക്കുമെന്നതിനാൽ എല്ലാ കച്ചവടക്കാരും കൊടുക്കും. ഇങ്ങനെ ഉൽപ്പന്ന പിരിവ് നടത്തി അംഗങ്ങളുടെ ഓണം സമ്പൽ സമൃദ്ധമാക്കാനുള്ള തൊലിക്കട്ടി സൂക്ഷിക്കുന്നവർ എല്ലാ മുതലാളിമാരുടെ മുന്നിലും മുട്ടിലിഴയും. അത് സ്വന്തം മുതലാളിയാണെങ്കിലും പുറം മുതലാളിയാണെങ്കിലും. അത്തരക്കാർ നേതാക്കളായി ഇരിക്കുന്ന യൂണിയനാണ് കേരളത്തിൽ ഉള്ളത് എന്നതിനാലാണ് നേതാവേ ജേണലിസ്റ്റുകൾക്ക് ശമ്പളം കിട്ടാത്തത്.

യൂണിയൻ ഘടകങ്ങളുടെ ഭാഗം തന്നെയായി പ്രവർത്തിക്കുന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറങ്ങൾ കേളത്തിലെ നഗരങ്ങളിൽ എല്ലാ വർഷവും ഫോട്ടോ പ്രദർശനങ്ങൾ നടത്താറുണ്ട്. ഫോട്ടോഗ്രഫിയോടുള്ള അടക്കാനാവാത്ത താത്പര്യമാണ് പ്രദർശനങ്ങളുടെ പിന്നിലുള്ള ചാലക ശക്തി. പക്ഷേ, കൂടെ വ്യാപകമായ പരിവും ഉണ്ടെന്ന് മാത്രം. ഫോട്ടോ പ്രദർശനത്തിന്റെ പേരിൽ അതാത് മേഖലയിലുള്ള പ്രമുഖ വ്യവസായികളിൽ നിന്ന് ലക്ഷങ്ങൾ പിരിക്കുമെന്നും, ഫോട്ടോഗ്രാഫർമാർ അത് പങ്കിട്ടെടുക്കുമെന്നും സംഘടനയിൽ ഉള്ളവർ തന്നെ ആരോപിക്കുന്നു. തൃശൂരിൽ കഴിഞ്ഞ വർഷം ഇതുമായി ബന്ധപ്പെട്ട് ഒരു തമാശ അരങ്ങേറി. പ്രമുഖ വ്യവസായിയിൽ നിന്നും ഫോട്ടോഗ്രാഫർമാർ രണ്ട് ലക്ഷം പിരിക്കാനായി ചെന്നു. അപ്പോൾ മുതലാളി ചോദിക്കുന്നു; പ്രസ്‌ക്ലബിലെ ലിഫ്റ്റ് പണി എന്തായെന്ന്. കാര്യം മനസിലാകാതെ ഫോട്ടോഗ്രാഫർമാർ കുഴങ്ങി. യൂണിയൻ ഭാരവാഹികൾ ലിഫ്റ്റ് പണിക്കായി അഞ്ച് ലക്ഷം തന്റെ കയ്യിൽ നിന്ന് വാങ്ങിയെന്ന് മുതലാളി വിശദീകരിച്ചു. ലിഫ്റ്റ് പോയിട്ട് ഒരു കോണി പോലും ഭാരവാഹികൾ ഉണ്ടാക്കിയിട്ടുണ്ടായിരുന്നില്ല. വിവരം പുറത്തറിയുകയും ഭാരവാഹികൾക്ക് ദേഷ്യം വരികയും ചെയ്തു. അവർ ഫോട്ടോഗ്രാഫർമാരുടെ പ്രദർശനം നിരോധിച്ചു. ഞങ്ങളുടെ പിരിവിനെ ചോദ്യം ചെയ്യാൻ മാത്രം ഫോട്ടോഗ്രാഫർമാർ വളർന്നോ? വിശദീകരിക്കാനാണെങ്കിൽ യൂണിയന്റെ പ്രവർത്തനങ്ങൾ ഈ വിധം ഇനിയുമുണ്ട്. പിരിവ് നടത്തി സംഘടിപ്പിക്കുന്ന കുടുംബ സംഗമങ്ങൾ, പി.ആർ. ഏജൻസികളുടെ സൗജന്യങ്ങൾ എന്നിങ്ങനെ. ഇല്ല, അതിനുള്ള ത്രാണി എനിക്കില്ല.

ഇതൊക്കയാണ് യൂണിയൻ പ്രവർത്തനം എന്ന് വിചാരിക്കുന്നവർ വാഴുന്ന നാട്ടിൽ ശമ്പളമല്ലേ കിട്ടാതിരിക്കുന്നുള്ളു എന്ന് ആശ്വസിക്കാം. പണിയെടുപ്പിച്ചിട്ട് ആളുകൾക്ക് കൂലി കൊടുക്കാതിരിക്കുന്നത് ശീലമായിട്ടുള്ള മേഖലകൾ വേറെയും ഉണ്ടല്ലോ നാട്ടിൽ. അതിലൊന്നായിരുന്നു സിനിമാ മേഖല. നടൻ ജഗതി ഒരിക്കൽ പറഞ്ഞു, തന്റെ കയ്യിൽ വണ്ടിച്ചെക്കുകളുടെ വലിയ ശേഖരം ഉണ്ടെന്ന്. ഒരു വലിയ പെട്ടിയിൽ അത് സൂക്ഷിച്ചിരിക്കുകയാണെന്നും. പ്രസിദ്ധരായ നടൻമാരോട് ഇതായിരുന്നു സ്ഥിതിയെങ്കിൽ ടെക്‌നീഷ്യൻമാരോട് എന്തായിരിക്കും നിലപാട്! ഒരുപാട് പേർ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട് ആ മേഖലയിൽ. പക്ഷേ, അതെല്ലാം ഇന്ന് പഴങ്കഥകൾ മാത്രമായി. അത്തരം തട്ടിപ്പുകൾ നടക്കാത്തവിധം ആ തൊഴിൽ മേഖല ഇന്ന് സുരക്ഷിതമാണ്. സിനിമാ തൊഴിലാളി സംഘടനകളുടെ ഫെഡറേഷനായ  ഫെഫ്കയാണ് തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നത്. ശമ്പളം മുടങ്ങി എന്ന് ഒരു യൂണിറ്റ് ബോയി പരാതിപ്പെട്ടാൽ മതി സിനിമയുടെ റിലീസ് മുടങ്ങും. അതിന് സഹായകമാകും വിധം കരാറുകൾ ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞു. വേതന വർദ്ധനവിന് വേണ്ടിയും അവർ സമരങ്ങൾ നടത്തുന്നു. സിനിമാ നിർമ്മാണ മേഖലയാകെ സ്തംഭിക്കും വിധമുള്ള സമരങ്ങളാണ് അവർ നടത്തുന്നത്.

അതുപോലൊരു സമരം നടത്താൻ ഇന്നുവരെ  കെ.യു.ഡബ്ലിയു.ജെക്ക് കഴിഞ്ഞിട്ടുണ്ടോ? ഡോക്ടർമാർ വരെ പണിമുടക്കാറുള്ള നാട്ടിൽ ഒരിക്കലെങ്കിലും പത്രം മുടങ്ങുന്ന തരം സമരം യൂണിയന് ഏറ്റെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ? ഡോക്ടർമാരേക്കാൾ അവശ്യ സർവ്വീസ് ഒന്നുമല്ലല്ലോ പത്രങ്ങൾ. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് ആഴ്ചകളോളം അടഞ്ഞുകിടന്നത് ഓർമ്മയുണ്ടോ? പത്ര ഏജന്റുമാർ വരെ വിതരണം നിർത്തി വച്ച് സമരം നടത്തി വിജയം നേടിയിട്ടുണ്ട് ഇവിടെ. പക്ഷേ, ജേണലിസ്റ്റുകൾ പരാജയപ്പെട്ടിട്ടേയുള്ളു. തൊഴിലാളിയുടെ പക്ഷം ചേരുന്ന യൂണിയനല്ല അത് എന്നത് കൊണ്ടാണത്. മുതലാളിമാർ നാമനിർദ്ദേശം ചെയ്യുന്നവർ മാത്രം നയിച്ച/ അംഗങ്ങളായുള്ള സംഘടനയാണത്. അതിനൊരു അറുതി വരുത്തിയ വിജയമായിരുന്നു സി. നാരായണന്റേത്. അതിനാൽ പ്രതീക്ഷക്ക് വകയുണ്ടാകുമെന്ന് കരുതിയിരുന്നു.

ഇല്ല; നിഴലിനോടാണ് ആ നേതൃത്വവും യുദ്ധത്തിനൊരുങ്ങുന്നത്.  

(മാധ്യമ പ്രവര്‍ത്തകനായ വര്‍ഗ്ഗീസ് ആന്‍റണി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ്)

വര,കടപ്പാട്: മാര്‍ക്ക് മാച്ചോ

സി നാരായണന്റെ കുറിപ്പ് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചാനല്‍ ഗ്ലാമറിലെ മഹാനരകം അഥവാ പണിക്കൂലിയില്ല, പണിക്കുറവുമില്ല!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍