UPDATES

ട്രെന്‍ഡിങ്ങ്

മനോരമയ്ക്കും മാതൃഭൂമിക്കുമില്ലാത്ത എന്ത് സ്വകാര്യമാണ് ദേശാഭിമാനിക്ക്? ചികിത്സ നിഷേധിച്ച്‌ മരിക്കാന്‍ വിടുന്ന ‘കേരള മോഡല്‍’

അഞ്ച് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ്‌ തമിഴ്നാട് സ്വദേശി മരിച്ചത്

അഞ്ച് സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഏഴ് മണിക്കൂര്‍ ആംബുലന്‍സില്‍ കിടക്കേണ്ടി വന്ന ഒരു മനുഷ്യന്‍ ഇന്നലെ മരിച്ചതായുള്ള വാര്‍ത്ത ഇന്നത്തെ പത്രങ്ങളെല്ലാം മുന്‍പേജിലോ ഉള്‍പ്പേജുകളിലോ ആയി പ്രാധാന്യത്തോടെ കൊടുത്തിട്ടുണ്ട്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുരുഗന്‍ (33) എന്ന തമിഴ്‌നാട് സ്വദേശിയാണ് ആശുപത്രികളുടെ മനുഷ്യത്വമില്ലാത്ത സമീപനം കൊണ്ട് മരിച്ചത്.

കൊല്ലം ചാത്തന്നൂരിന് സമീപം ദേശീയപാതയിലായിരുന്നു അപകടം. കൊല്ലം ജില്ലയിലെ സ്വകാര്യ ആശുപത്രികളായ കൊട്ടിയം കിംസ്, മെഡിട്രിന, മെഡിസിറ്റി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജ്, പട്ടം എസ് യു ടി, അസീസിയ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചെങ്കിലും മുരുകന് ചികിത്സ നിഷേധിക്കുകയായിരുന്നു. സന്നദ്ധ സംഘടനയായ ട്രാക്ക് (ട്രോമ കെയര്‍ ആന്‍ഡ് റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്റര്‍ ഇന്‍ കൊല്ലം) ആണ് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ ഈ ആശുപത്രികളിലെല്ലാം എത്തിച്ചത്. വെന്റിലേറ്റര്‍ സൗകര്യമില്ല, ന്യൂറോസര്‍ജനില്ല, എന്നീ കാരണങ്ങള്‍ പറഞ്ഞ് എല്ലാവരും മുരുഗനെ കയ്യൊഴിയുകയായിരുന്നു. സ്വകാര്യ ആശുപത്രികള്‍ ഏതൊക്കെയാണെന്ന് മലയാള മനോരമ, മാതൃഭൂമി, ദ ഹിന്ദു തുടങ്ങിയ പത്രങ്ങളൊക്കെ വ്യക്തമായി പറയുന്നു.

മലയാള മനോരമയുടെ ഇന്നത്തെ ലീഡ് വാര്‍ത്ത തന്നെ മുരുകന്റെ ദാരുണ മരണമാണ്. ആട്ടിപ്പായിച്ചല്ലോ ആ ജീവനെ എന്നാണ് അവരുടെ വൈകാരികമായ തലക്കെട്ട്. ഇത്തരം വാര്‍ത്തകളെ സെന്‍സേഷണലൈസ് ചെയ്ത് സമര്‍ത്ഥമായി വില്‍ക്കുകയാണ് മനോരമയെങ്കിലും, മനുഷ്യത്വരഹിതമായി പെരുമാറിയ ആശുപത്രികള്‍ ഏതൊക്കെ എന്ന് മനോരമ വ്യക്തമാക്കുന്നുണ്ട്. പ്രമുഖ ആശുപത്രി എന്നോ സ്വകാര്യ ആശുപത്രി എന്നോ അവര്‍ പറയുന്നില്ല. എന്നാല്‍ നാല് സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കേസെടുക്കാന്‍ (അഞ്ച് ആശുപത്രികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്) ഐജി മനോജ് എബ്രഹാം നിര്‍ദ്ദേശിച്ചിട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ദേശാഭിമാനി ഈ ആശുപത്രികളുടെ പേര് കൊടുത്തിട്ടില്ല എന്നതാണ് ശ്രദ്ധേയം.

കൊട്ടിയത്തെ സ്വകാര്യ ആശുപത്രി, കൊല്ലം ബൈപാസിന് സമീപത്തെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് എന്നെല്ലാമാണ് ദേശാഭിമാനി പറഞ്ഞത്. വാര്‍ത്തയില്‍ മുഴുവന്‍ സ്വകാര്യം, സ്വകാര്യം എന്ന് ഇങ്ങനെ ആവര്‍ത്തിക്കുകയാണ്. ഗുരുതരമായ ഈ നീതിനിഷേധത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയും ആരോഗ്യമന്ത്രി കെകെ ശൈലജയും ഡിജിപി ലോക്‌നാഥ് ബെഹ്രയുമെല്ലാം ആശുപത്രികള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വരുകയും ചെയ്ത ശേഷമാണ് ഇത്.

Also Read: മുരുഗനെ കൊന്നത് ആരോഗ്യ മുതലാളിമാര്‍; അടച്ചുപൂട്ടണം ഈ ആശുപത്രികള്‍

ഏറ്റവുമൊടുവില്‍ കൊല്ലം ജില്ലാ ആശുപത്രിയിലാണ് മുരുകനെ എത്തിക്കുന്നത്. ഇവിടെ എത്തിച്ചപ്പോഴേക്കും മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകാന്‍ പോലും ഇവിടെ ആംബുലന്‍സില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. നിരത്തിയിട്ടിരുന്ന ആംബുലന്‍സുകളുടെ ദൃശ്യങ്ങള്‍ വാര്‍ത്താചാനലുകള്‍ വ്യക്തമായി കാണിക്കുന്നുണ്ട്. വിവരമറിഞ്ഞ ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റിയാണ് ആംബുലന്‍സ് എത്തിക്കുന്നത്. ഡിവൈഎഫ്‌ഐ, സിപിഎം ജില്ലാ കമ്മിറ്റികള്‍ 10,000 രൂപ വീതം നല്‍കുകയും ചെയ്തു. കേരള മോഡല്‍ അവകാശവാദങ്ങളെ പരിഹാസ്യമാക്കുന്ന സംഭവമാണ് ഉണ്ടായത്. കേരള മോഡലില്‍ ഏറ്റവും അഭിമാനകരമായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന നേട്ടങ്ങളിലൊന്ന് ആരോഗ്യരംഗത്തെ മികവാണ്.

തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്ലെന്ന് പറഞ്ഞ് മുരുഗന് ചികിത്സ നിഷേധിച്ച കാര്യം ദേശാഭിമാനി പറയുന്നതേ ഇല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മെഡിക്കല്‍ കോളേജിന് കൂടുതല്‍ വെന്റിലേറ്ററുകള്‍ അനുവദിച്ചതായും വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് പറയുന്നത് പരിശോധിക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ സംബന്ധിച്ച് മനോരമയ്ക്കും മാതൃഭൂമിക്കും ഇല്ലാത്ത ഇത്ര സ്വകാര്യം എന്താണ് ദേശാഭിമാനിക്കുള്ളത് എന്നത് സ്വാഭാവികമായും വായിക്കുന്നവര്‍ക്ക് അദ്ഭുതം തോന്നും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍