UPDATES

പൊടിപറത്തുന്ന ഹെലികോപ്റ്റര്‍; തുപ്പാനും ഇറക്കാനും വയ്യാത്ത സാമ്പത്തിക സംവരണം

റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ കോപ്പി കിട്ടിയ സമയത്ത് അത് വായിക്കാത്തതുകൊണ്ടാണോ അപ്പോള്‍ ജയരാജന് ധാര്‍മ്മികതയെ പറ്റി ഓര്‍മ്മ വരാതിരുന്നത് എന്നറിയില്ല.

മണിക്കൂറുകളോളം കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന ജനക്കൂട്ടത്തിനിടയിലേയ്ക്ക് പൊടിപറത്തിയിറങ്ങുന്ന ഹെലികോപ്റ്ററും അതില്‍ നിന്ന് കൈവീശി നടന്നു വരുന്ന നേതാവും വേദിക്കും സദസിനുമിടയില്‍ വലിയ അകലമുള്ള വിധം വേലി കെട്ടിത്തിരിച്ചിരിക്കുന്നതുമെല്ലാം രാഷ്ട്രീയ കേരളത്തിന് അപരിചിതമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഔദ്യോഗിക യാത്രകള്‍ക്കോ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്ന പതിവില്ല താനും. കേളത്തിന്റെ ഭൂവിസ്തൃതി താരതമ്യേന ചെറുതായത് കൊണ്ട് തന്നെയാണ് ഈ ഹെലികോപ്റ്റര്‍ ഇവിടെയൊരു അവശ്യ വസ്തുവല്ലാത്തത്. എന്നാല്‍ ഈ ഹെലികോപ്റ്റര്‍ സംസ്‌കാരം കേരള വികസനത്തിന് അത്യന്താപേക്ഷിതമാണ് എന്നാണ് തോന്നുന്നത്. ഇതിന്റെ സാധ്യതകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയെങ്കിലും തിരിച്ചറിയണം. ഇപ്പോള്‍ കേരളത്തില്‍ ഒരു ഹെലികോപ്റ്റര്‍ വിവാദം ഉടലെടുത്തിരിക്കുന്നു. ഈ വിവാദം ആരോഗ്യകരമായ ഒരു ഹെലികോപ്റ്റര്‍ സംസ്‌കാരം കേരളത്തില്‍ വളര്‍ത്തിയെടുക്കാന്‍ സഹായകമാകട്ടെ.

1980-കളില്‍ കെ കരുണാകരനാണ് കേരളത്തില്‍ ഹെലികോപ്റ്റര്‍ പൂതി തോന്നിയ (സ്വന്തമായി ഹെലികോപ്റ്റര്‍) ആദ്യ മുഖ്യമന്ത്രി എന്നതാണ് ചരിത്രം. ‘വിവാദ വ്യവസായി’കളും ‘ഗുണ്ട’കളും ‘വികസന വിരോധി’കളുമായ മാര്‍ക്‌സിസ്റ്റുകാര്‍ അനാവശ്യമായി അന്ന് ബഹളമുണ്ടാക്കി. കരുണാകരന്‍ പിന്‍വാങ്ങി. എന്നാല്‍ പിണറായി വിജയന്‍ അങ്ങനെ പിന്മാറുന്നയാളല്ല. വിരട്ടിയാല്‍ വഴങ്ങാറില്ല. ഉമ്മന്‍ ചാണ്ടിയെ പോലെ തന്നെ വിവാദങ്ങള്‍ ഇഷ്ടമുള്ളയാളല്ല താനും. എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ പോലെ വിവാദങ്ങളെ ചിരിച്ചുകൊണ്ട് നേരിടാറുമില്ല. പറഞ്ഞതും ചെയ്തതും ശരിയായാലും തെറ്റായാലും അതില്‍ ഉറച്ചുനില്‍ക്കും എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. സാധാരണയായി അദ്ദേഹത്തിന് തെറ്റുകളൊന്നും സംഭവിക്കാത്തത് കൊണ്ട് സ്വയംവിമര്‍ശനം ഇന്നേവരെ അദ്ദേഹത്തിന് നടത്തേണ്ടി വന്നിട്ടില്ല. രാഷ്ട്രീയത്തിലും ചരിത്രത്തിലും ഇതൊരു അപൂര്‍വ പ്രതിഭാസമാണ്. ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിച്ചിട്ടുള്ളത് കൊണ്ടും വേറെ വഴിയില്ലാത്തത് കൊണ്ടും പാര്‍ട്ടി കമ്മിറ്റികള്‍ക്കത്ത് അദ്ദേഹം ഇടയ്‌ക്കൊക്കെ വിമര്‍ശനം ഏറ്റുവാങ്ങുകയും സ്വയംവിമര്‍ശനം നടത്തുകയുമൊക്കെ ചെയ്തിട്ടുണ്ടാകാം. എന്നാല്‍ പുറത്ത് അത് സംഭവിക്കാറില്ല. ഇനി പറ്റിയ തെറ്റ് തിരുത്തിയാല്‍ പോലും അത് പൊതുസമൂഹത്തിന് മുന്നില്‍ ഒരിക്കലും തുറന്നുസമ്മതിക്കില്ല എന്നതാണ് പിണറായിയുടെ സവിശേഷത.

അതെല്ലാം പോട്ടെ. തൃശൂരില്‍ നിന്ന് അടിയന്തരാവശ്യത്തിന് തിരുവനന്തപുരത്തെത്തേണ്ട മുഖ്യമന്ത്രി, അങ്ങോട്ടും ഇങ്ങോട്ടും സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതില്‍ എന്തെങ്കിലും തെറ്റുണ്ടോ എന്നാണ് ചോദ്യം. ഹെലികോപ്റ്റര്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് നിഷിദ്ധമാണോ. ഒരിക്കലുമല്ല. ഞാനിനിയും വേണ്ടി വന്നാല്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത് പാടില്ല എന്ന് പറയാന്‍ ആര്‍ക്കും കഴിയുകയില്ല താനും. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് മുഖ്യമന്ത്രി വിമാനത്തില്‍ യാത്ര ചെയ്യുന്നത് ഒരു പുതിയ കാര്യമോ തെറ്റായ കാര്യമോ അല്ല. അടിയന്തരാവശ്യങ്ങളും ആരോഗ്യവുമൊക്കെ കണക്കിലെടുത്ത് മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ വിമാനമോ ഹെലികോപ്റ്ററോ ഒക്കെ ഉപയോഗിക്കാവുന്നതാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രയ്ക്ക് പണമെടുക്കേണ്ടത് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് തന്നെയാണെന്ന കാര്യത്തിലും തര്‍ക്കമില്ല. സര്‍ക്കാരിന് സ്വന്തമായി ഹെലികോപ്റ്ററില്ലാത്തത് കൊണ്ട് സ്വകാര്യ കമ്പനിയുടെ കോപ്റ്റര്‍ വാടകയ്‌ക്കെടുക്കേണ്ടിയും വന്നേക്കാം.

എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നം ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ ഈ യാത്രയ്ക്ക് വേണ്ടി ചിലവാക്കി എന്നതാണ്. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം എത്തുമെന്ന് നേരത്തെ മുഖ്യമന്ത്രിക്ക് അറിയാത്ത കാര്യമല്ലല്ലോ. അപ്പോള്‍ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ഹെലികോപ്റ്റര്‍ യാത്ര പരിപാടി പെട്ടെന്നുണ്ടായ ഒന്നല്ല. കൃത്യമായ സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിയിട്ടുണ്ട്. ഞാനൊന്നും അറിഞ്ഞില്ല. ഉദ്യോഗസ്ഥരാണ് ചെയ്തത്. അറിഞ്ഞപ്പോള്‍ തിരുത്തി എന്ന് പറഞ്ഞ് മുഖ്യമന്ത്രി കൈ മലര്‍ത്തുകയും ചെയ്തു. പിണറായി വിജയന്‍ മുഖ്യമന്ത്രിയാവുമ്പോള്‍ മാത്രം സംഭവിക്കുന്ന ഒരു പ്രശ്‌നമല്ല ദുരിതാശ്വാസ ഫണ്ടിന്റെ ഇത്തരം ദുരുപയോഗം. പണ്ട് ഉമ്മന്‍ ചാണ്ടിയും ഇതൊക്കെ തന്നെയാണ് ചെയ്തത് എന്നാണ് പിണറായി പറയുന്നത്. അങ്ങനെയാണെങ്കില്‍ ഉമ്മന്‍ ചാണ്ടി തന്നെ ഇപ്പോ മുഖ്യമന്ത്രിയായാല്‍ മതിയായിരുന്നല്ലോ. ഇപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണല്ലോ. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഒരു സംഭവമുണ്ടാകുമ്പോള്‍ ചോദ്യം സ്വാഭാവികമായും പിണറായിയോടായിരിക്കും. അല്ലാതെ ഉമ്മന്‍ ചാണ്ടിയോടായിരിക്കില്ല.

ധാര്‍മ്മികതയുടെ പേരിലാണ് ഉത്തരവ് പിന്‍വലിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ പറയുന്നത്. അപ്പോള്‍ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ല സംഭവിച്ചത് എന്ന വ്യക്തമായ ബോധ്യമുണ്ട് എന്ന് തന്നെ മനസിലാക്കാം. റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ കോപ്പി കിട്ടിയ സമയത്ത് അത് വായിക്കാത്തതുകൊണ്ടാണോ അപ്പോള്‍ ജയരാജന് ധാര്‍മ്മികതയെ പറ്റി ഓര്‍മ്മ വരാതിരുന്നത് എന്നറിയില്ല. സര്‍ക്കാരിന്റെ സമഗ്രമായ ഓഖി ദുരിതാശ്വാസ പാക്കേജ് പൊതുവില്‍ പ്രശംസ പിടിച്ച് പറ്റിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. സ്വാഭാവികമായും കലക്കി വച്ചിരിക്കുന്ന വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ബന്ധപ്പെട്ടവര്‍ ചൂണ്ടയുമായി എത്തുകയും ചെയ്യും. ഡിജിപി (പൊലീസ് മേധാവി) ആവശ്യപ്പെട്ടിട്ടാണ്, ചീഫ് സെക്രട്ടറിയായിരുന്ന കെഎം എബ്രഹാം പറഞ്ഞിട്ടാണ് എന്നൊക്കെയാണ് റെവന്യു സെക്രട്ടറി പിഎച്ച് കുര്യന്‍ പറയുന്നത്. ഇതിലെന്താണ് തെറ്റ് എന്നാണ് കെഎം എബ്രഹാം ചോദിക്കുന്നത്. അതേസമയം താന്‍ ഹെലികോപ്റ്റര്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് ഡിജിപി ബെഹ്ര പറയുന്നത്.

ഏതായാലും പരിഹാരവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. ഹെലികോപ്റ്റര്‍ യാത്രാ ചിലവ് പാര്‍ട്ടി വഹിക്കും എന്നാണ് സിപിഎം പരിഹാരം കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ചിലവേറിയ ഹെലികോപറ്റര്‍ യാത്രകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ സിപിഎമ്മിന് ഒരു ബുദ്ധിമുട്ടുമില്ലെങ്കില്‍ പിന്നെന്താണ് പ്രശ്‌നം. അങ്ങനെ തന്നെ ആവട്ടെ. പറ്റുകയാണെങ്കില്‍ ജില്ലാ സമ്മേളന യാത്രകളെല്ലാം ഇത്തരത്തില്‍ ഹെലികോപ്റ്ററുകളിലാക്കി സമയ ലാഭം ഉണ്ടാക്കണം. പക്ഷെ ഓഖി ദുരിതാശ്വാസ നിധിക്ക് പ്രശംസനീയമായ രീതിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നു പണം സമാഹരിച്ച് മാതൃകയായ സിപിഎം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കും ഇത്തരത്തില്‍ പണം കണ്ടെത്താനാണോ ശ്രമിക്കുക?

മറ്റൊരു പ്രധാനപ്പെട്ട സംഗതി സാമ്പത്തിക സംവരണം സര്‍ക്കാരിന്‍റെ തൊണ്ടയില്‍ കുടുങ്ങിയിരിക്കുന്നു എന്നാണ്. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍ എന്നാണ് മാതൃഭൂമിയില്‍ അനീഷ്‌ ജേക്കബിന്റെ റിപ്പോര്‍ട്ട്. ചരിത്രപരമായ മണ്ടത്തരങ്ങളുടെ കൂട്ടത്തിലെ ഒരു പൊന്‍തൂവലാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാര്‍ സര്‍വീസുകളില്‍ ഇത്തരത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി തയ്യാറുണ്ടോ എന്ന് വെല്ലുവിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തന്നെ മാതൃക കാട്ടിയിരുന്നു. അതായത് നിലവിലെ ജാതി സംവരണം അട്ടിമറിക്കാനുള്ള പ്രോത്സാഹനം. ഈ ഭരണഘടന എന്ന് പറയുന്ന സംഗതി ഒരു ശല്യമാകുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ സാമ്പത്തിക സംവരണവാദികള്‍ക്കുള്ളത്. സംവരണം സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ളതാണെന്നും അതൊരു ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടിയല്ലെന്നും ഇന്ത്യന്‍ ഭരണഘടന വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കോടതിയില്‍ ഇത് തള്ളിപ്പോകാനുള്ള സാധ്യത അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിലുണ്ടെന്നാണ് മാതൃഭൂമി പറയുന്നത്.

സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക എന്നാല്‍ നിലവിലെ സംവരണം ഇല്ലാതാക്കുക എന്നത് തന്നെയാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നത് നിലവിലെ പിന്നോക്ക വിഭാഗങ്ങളുടെ സംവരണത്തെ ബാധിക്കാത്ത തരത്തിലാണെന്നും ഒക്കെയാണ് സര്‍ക്കാര്‍ വാദങ്ങള്‍. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിലവിലുള്ള സാമുദായിക പ്രാതിനിധ്യ കണക്കുകള്‍ സര്‍ക്കാര്‍ വാദത്തെ പരിഹാസ്യമാക്കുന്നതാണ്. ഇത്തരത്തില്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള എന്ത് സാഹചര്യമാണ് ഉണ്ടായതെന്ന് യുക്തിസഹമായി വിശദീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുമില്ല.

പെരുന്നയിലെ കരയോഗം നായന്മാരെ പ്രീണിപ്പിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. യാതൊരു അഹങ്കാരവുമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ നാട്ടകം ഗസ്റ്റ് ഹൗസില്‍ മുണ്ടിന്റെ മടക്കിക്കുത്തെല്ലാം അഴിച്ച് വിനീതവിധേയനായി ഒറ്റയ്ക്ക് നടന്നുവരുന്ന സുകുമാരന്‍ നായരുടെ ചിത്രം ഫേസ്ബുക്കിലെ പാണന്മാര്‍ നേരത്തെ വൈറലാക്കിയിരുന്നു. സംഗതി പിന്നെയല്ലേ ക്ലിയറായത്. ഇനിയിപ്പോ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരത്തെ ചെയ്ത പോലെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ വിജയത്തിനും ഐശ്വര്യത്തിനും വേണ്ടി ഒരു വൈരുദ്ധ്യാത്മക പുഷ്പാഞ്ജലി ഗുരുവായൂരിലോ മറ്റോ നടത്താവുന്നതാണ്.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍