UPDATES

ട്രെന്‍ഡിങ്ങ്

കെ കരുണാകരനില്‍ നിന്നും കെ എം മാണിക്ക് ചിലത് പഠിക്കാനുണ്ട്

പിളരാന്‍ മാണിക്ക് എത്ര സമയം വേണം?

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ‘ബൌദ്ധിക’ വ്യായാമം ചെയ്യുന്നത് സി പി എമ്മോ കോണ്‍ഗ്രസ്സോ ബിജെപിയോ അല്ല. അതവിടെ മത്സര രംഗത്തുപോലുമില്ലാത്ത കേരള കോണ്‍ഗ്രസ്സ് മാണി പാര്‍ട്ടിയാണ്.

ഇന്നലെ ചേര്‍ന്ന പാര്‍ട്ടിയുടെ വളയം തിരിക്കുന്നവരുടെ കമ്മിറ്റി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കണം എന്നു തീരുമാനിക്കാന്‍ ഒരു ഉപസമിതി രൂപീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഏതെങ്കിലും മാണി ഗ്രൂപ്പുകാരന്‍ മുന്‍പ് ജയിച്ചിട്ടുണ്ടോ എന്നു ചോദിക്കരുത്. ചെങ്ങന്നൂരില്‍ എത്ര മാണി കേരള കോണ്‍ഗ്രസ്സ് ഉണ്ടെന്നും ചോദിക്കരുത്. കേരള കോണ്‍ഗ്രസ്സിന്റെ മാതൃഭൂമിയായ കോട്ടയവുമായി അയല്‍ ജില്ല ബന്ധം ഉണ്ടെന്നതില്‍ കവിഞ്ഞു പറയത്തക്ക ബന്ധമൊന്നും മാണി പാര്‍ട്ടിയും ചെങ്ങന്നൂരും തമ്മിലില്ല. വേണമെങ്കില്‍ മാണിയുടെ വോട്ട് ബാങ്കായ കൃസ്ത്യാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരിടം എന്നു പറയാം. അതുകൊണ്ട് ചെങ്ങന്നൂരിലെ കൃസ്ത്യാനികള്‍ മാണി പറയുന്നതു കേള്‍ക്കുമെന്ന് കരുതുക വയ്യ. എന്നിട്ടും എന്തിനാണ് ഈ മേളം?

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സ് എം നിലപാട് ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് കെ എം മാണി ഇന്നലെ കോട്ടയത്തു പറഞ്ഞു. ഏത് പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കാന്‍ ഒരു ഉപസമിതി ഉണ്ടാക്കിയിട്ടുണ്ട്. ഇനി ഉപസമിതി തീരുമാനിക്കാനുള്ള സാഹചര്യത്തെ മാണി ഇങ്ങനെ വിശദീകരിക്കുന്നു. “എല്ലാ പാര്‍ട്ടികളും പിന്തുണ തേടിയതിനാലാണ് ഉപസമിതിയെ നിയോഗിച്ചത്. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും പ്രഖ്യാപനം” മാണി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇനി ആരൊക്കെയാണ് ഉപസമിതി അംഗങ്ങള്‍ എന്നു നോക്കാം-കെ എം മാണി, പിജെ ജോസഫ്, ജോസ് കെ മാണി, ജോയി എബ്രഹാം, സി എഫ് തോമസ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, ഡോ. എന്‍ ജയരാജ്, തോമസ് ജോസഫ്.

പട്ടിക കണ്ടപ്പോള്‍ ഒരു സംശയം, എന്നാല്‍ പിന്നെ ഇന്നലെ തന്നെയങ്ങു യോഗം കൂടി തീരുമാനമെടുത്താല്‍ പോരേ?
അതിനു കാരണം മറ്റൊന്നുമല്ല പിളര്‍പ്പ് തന്നെ. പണ്ടാണെങ്കില്‍ പിളരുതോറും വളരുന്ന പാര്‍ട്ടി ആയിരുന്നു കേരള കോണ്‍ഗ്രസ്സ്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. പിളരുന്തോറും പാര്‍ട്ടി ശോഷിക്കുന്നുണ്ടോ എന്നൊരു സംശയം മാണി സാര്‍ക്കുണ്ട്.

ചെങ്ങന്നൂരില്‍ ആര്‍ എസ് എസ് വോട്ട് സ്വീകരിക്കും; കാനം ‘ട്രോളി’യത് കോടിയേരിയെയോ മാണിയെയോ?

പാര്‍ട്ടിയെ വലുതാക്കാനും പറ്റുമെങ്കില്‍ ഒരു ഉപമുഖ്യമന്ത്രിയെ സ്ഥാനം തരപ്പെടുത്തിയെടുക്കാനും ഒക്കെ ലക്ഷ്യമിട്ടാണ് എല്ലാ കേരള കോണ്‍ഗ്രസ്സുകളുടെ ലയനം എന്ന സുന്ദര സ്വപ്നം മാണി താലോലിച്ചത്. എന്നാല്‍ ആ ലയനം പി ജെ ജോസഫിലും പി സി ജോര്‍ജ്ജിലും ഒതുങ്ങി. ടി എം ജേക്കബും പിള്ളയും ആ വഴിക്കു വന്നതേ ഇല്ല. പിസി തോമസിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

എന്നാല്‍ ലയനം അത്ര സുഖമുള്ള അനുഭവമല്ല മാണിക്ക് നല്‍കിയത്. പ്രത്യേകിച്ചും പി സിയുടെ നാക്ക്. അതിടയ്ക്കിടെ മാണിയെ കുത്തിച്ചുനോവിച്ചുകൊണ്ടിരുന്നു. അങ്ങനെ എല്ലാവരും പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. പിസി പൊടിയും തട്ടി തന്റെ പാട്ടിന് പോയി. തന്റെ പഴയ സെക്യുലര്‍ പാര്‍ട്ടി സ്കറിയാ തോമസിന്റെ കയ്യിലായതുകൊണ്ട് പുതിയൊരു പാര്‍ട്ടിയും ഉണ്ടാക്കി.

ഇനി പി ജെ ജോസഫിന്റെ ഊഴമാണ്. എന്തായാലും താനായിട്ട് പിളര്‍ന്ന് പോവാനുള്ള യുവത്വമൊന്നും പിജെയ്ക്കില്ല. വീണ്ടുമൊരു പാര്‍ട്ടിയുണ്ടാക്കി അതിനെ നയിക്കാനുള്ള ഊര്‍ജ്ജവുമില്ല. നിലവില്‍ യു ഡി എഫ് മുന്നണിയില്‍ തന്നെ പിഴച്ചു പോയാല്‍ മതി എന്നാണ് പിജെയ്ക്കും കൂട്ടര്‍ക്കും.

ബി ഡി ജെ എസ് ‘തേപ്പ്’ പാര്‍ട്ടി ആവുമോ? വെള്ളാപ്പള്ളി ‘തേപ്പുകാര’നും?

ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര യോഗത്തിലും പിജെ ആവശ്യപ്പെട്ടത് മുന്നണി പ്രവേശത്തെ കുറിച്ചുള്ള തീരുമാനം ഉടന്‍ എടുക്കണം എന്നാണ്. ഇങ്ങനെ ത്രിശങ്കുവില്‍ കഴിഞ്ഞു പിജെയ്ക്ക് മടുത്തു. യഥാര്‍ത്ഥത്തില്‍ പിജെയുടെ സ്വരത്തിന് അന്ത്യശാസനത്തിന്റെ ധ്വനിയും ഉണ്ടായിരുന്നു. ഇന്നലെ യോഗത്തിന് ശേഷം മാണിയും പിജെയും ഒന്നിച്ചു മാധ്യമങ്ങളെ കാണും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ജോസഫ് മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കിയില്ല എന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തായാലും ജോസ് കെ മാണി തീരുമാനിച്ചുറപ്പിച്ചു തന്നെയാണ്. ജോസുമോന്‍ ഇന്നലെ യു ഡി എഫിനെതിരെ ആഞ്ഞടിക്കുക തന്നെ ചെയ്തു. “പാര്‍ട്ടിക്ക് ലഭിച്ചതു അനീതി മാത്രമാണ്. അനീതിയോടുള്ള പ്രതിഫലനമാണ് ചരക്കുന്നിലെടുത്ത തീരുമാനം.” ജോസ് കെ മാണി പറഞ്ഞു. യു ഡി എഫ് വിടാനുണ്ടായ മൂര്‍ത്ത സാഹചര്യത്തെയാണ് ജോസ് ഓര്‍മ്മിപ്പിക്കുന്നത്.

യു ഡി എഫിനെക്കാളും താന്‍ പരിഗണിക്കുന്നത് എല്‍ ഡി എഫിനെയോ എന്‍ ഡി യെയോ ആണ് എന്ന സൂചനയാണ് മാണിയുടെ പുത്രന്‍ നല്‍കുന്നത്. പുത്രനെയും ചങ്ങാതിയെയും കൂടെ നിര്‍ത്തി പിളര്‍പ്പ് ഒഴിവാക്കുകയാണ് മാണിയുടെ ലക്ഷ്യം. കാരണം താനും മകനും മാത്രമാകുന്ന പാര്‍ട്ടിക്ക് കേരള രാഷ്ട്രീയത്തില്‍ വലിയ വിലയുണ്ടാകില്ല എന്നു മാണിക്കറിയാം. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യും എന്ന റബ്ബര്‍ സിദ്ധാന്തം പണ്ടേ പോലെ ഫലിക്കില്ല എന്നും സമീപകാല അനുഭവങ്ങള്‍ വെച്ചു മാണിക്കറിയാം.

കെ കരുണാകരന്‍ എന്ന രാഷ്ട്രീയ ഭീഷ്മാചാര്യന്‍ കേരള രാഷ്ട്രീയത്തിന് നല്കിയ വലിയ പാഠത്തില്‍ നിന്നും മാണിക്ക് ചിലത് പഠിക്കാനുണ്ട്.

ചെങ്ങന്നൂരിലെ ‘മ’കള്‍

മാണിയുടെ പുന്നാരമോനും മനോരമയുടെ മനോഗതവും

മിണ്ടാതിരുന്ന മാണിയുടെ വായിൽ കോലിട്ടു കിള്ളിയ കാനം; സിപിഎം-സിപിഐ പോരു മൂപ്പിച്ച് മാണി

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍