UPDATES

ഡിവൈഎസ്പി ഹരികുമാര്‍: കള്ളനെ വിട്ടയക്കാന്‍ ഭാര്യയില്‍ നിന്ന് കൈക്കൂലി വാങ്ങിയതു മുതല്‍ ആരോപണങ്ങള്‍ നിറഞ്ഞ ഔദ്യോഗിക ജീവിതം; പിടിവീഴും എന്നായപ്പോള്‍ സ്വയം ജീവനൊടുക്കി

മൂന്ന് തവണയാണ് ഇന്റലിജന്റ്‌സ് വിഭാഗം ഹരികുമാറിനെതിരെ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഇവയെല്ലാം അവഗണിക്കപ്പെട്ടു.

‘എല്ലാവരേയും പേടിപ്പിച്ച് നിര്‍ത്തിയിട്ടേയുള്ളൂ. അധികാരവും പിടിപാടും ഉപയോഗിച്ച് എല്ലാവരേയും നിലക്ക് നിര്‍ത്തി. ഇത് പക്ഷേ കയ്യില്‍ നിന്ന് പോയി. കുടുങ്ങുമെന്നായപ്പോള്‍ അവസാനിപ്പിക്കാം എന്ന് കരുതിക്കാണും’ തിരുവനന്തപുരം ജില്ലയിലെ ഒരു സിവില് പോലീസ് ഓഫീസര്‍ ഹരികുമാറിന്റെ മരണത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്. സനല്‍കുമാര്‍ കൊലപാതക കേസില്‍ ഒന്നാംപ്രതിയായ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെ ഇന്ന് രാവിലെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് മരണം. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ഹരികുമാറിനെ പിടികൂടണമെന്നാവശ്യപ്പെട്ട് സനല്‍കുമാറിന്റെ കുടുംബം നിരാഹാര സമരം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് ഡിവൈഎസ്പിയെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.

വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നത് മനപ്പൂര്‍വ്വമാണെന്നും ഇതിന് സാക്ഷികളുണ്ടെന്നും കൊലപാതകക്കുറ്റം നിലനില്‍ക്കുമെന്നുമുള്ള ക്രൈബ്രാഞ്ച് റിപ്പോര്‍ട്ട് ഇന്ന് കോടതിില്‍ സമര്‍പ്പിക്കാനിരിക്കുകയായിരുന്നു. കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നുമാണ് ക്രൈബ്രാഞ്ച് റിപ്പോര്‍ട്ട്. കീഴടങ്ങാന്‍ കാത്ത് നില്‍ക്കാതെ ഡിവൈഎസ്പിയെ അത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അതിനിടെ തരുവനന്തപുരം ജില്ലാ സെഷന്‍സ് തോടതിയില്‍ ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യേപക്ഷയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. നാളെയാണ് ജാമ്യാപേക്ഷ പരിഗണിക്കാനിരുന്നത്. എന്നാല്‍ മമ്പൂര്‍വ്വമുള്ള കൊലക്കുറ്റം ചുമത്തിയ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മുന്‍കൂര്‍ ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്നിരിക്കെ ഹരികുമാര്‍ കീഴടങ്ങാനുള്ള സാധ്യതയുണ്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കുമാര്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപെട്ടിരിക്കാനുള്ള സാധ്യതകളാണ് പോലീസ് കണക്കിലെടുത്തത്. ഇതനുസരിച്ച് അന്വേഷണം പുരോഗമിക്കുകയായിരുന്നു. എന്നാല്‍ പോലീസിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് ഹരികുമാര്‍ തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. പോലീസ് അസോസിയേഷനിലും രാഷ്ട്രീയപാര്‍ട്ടികളിലും വലിയ സ്വാധീനമുള്ള ഹരികുമാറിനെ പോലീസുകാര്‍ തന്നെ സംരക്ഷിക്കുകയാണെന്ന് പലരും ആരോപിച്ചിരുന്നു.

വാര്‍ത്തകളില്‍ നിറഞ്ഞുനിന്നയാളുടെ മരണവും വാര്‍ത്തയാവുമ്പോള്‍

നെയ്യാറ്റിന്‍കര ഡിവൈഎസ്പിയായിരുന്ന ബി ഹരികുമാര്‍ എല്ലാക്കാലത്തും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നായാളായിരുന്നു. കസ്റ്റഡിയിലിരുന്ന കള്ളനെ വിട്ടയക്കാന്‍ അയാളുടെ ഭാര്യയില്‍ നിന്ന് കൈക്കൂലി വാങ്ങിയാണ് ഹരികുമാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാര്‍ത്തയാവുന്നത്. ഫോര്‍ട്ട് സിഐ ആയിരിക്കെ സംസ്ഥാനാന്തര വാഹനമോഷ്ടാവായ ഉണ്ണിയെ വിട്ടയക്കാനാണ് ഉണ്ണിയുടെ ഭാര്യയോട് കൈക്കൂലി ആവശ്യപ്പെട്ടത്. അതിസാഹസികമായി തമ്പാനൂര്‍ പോലീസ് പിടികൂടിയ പ്രതിയെ വിട്ടയക്കണമെങ്കില്‍ പണം നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ആഴശ്യപ്പെട്ട പണം നല്‍കാന്‍ നിവൃത്തിയില്ലാതിരുന്ന സ്ത്രീ അവരുടെ മാല പണയം വച്ച് പണം നല്‍കി. ഇതോടെ ഹരികുമാര്‍ പ്രതിയെ വിട്ടയക്കുകയും ചെയ്തു. ഇത് വാര്‍ത്തയായതോടെ അന്ന് ദക്ഷിണമേഖലാ എഡിജിപിയായിരുന്ന എ ഹേമചന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിടുകയും പണയം വച്ച മാല തൊണ്ടിയായി കണ്ടെത്തിയതോടെ ഹരികുമാറിനെ സര്‍വീസില്‍ നിന്ന് സസ്പന്‍ഡ് ചെയ്യുകയും ചെയ്തു.

2003ല്‍ കോണ്‍സ്റ്റബിള്‍ ആയിട്ടായിരുന്നു ഹരികുമാറിന്റെ നിയമനം. എസ്‌ഐ ആയിരിക്കുമ്പോള്‍ നല്ല പേര് സമ്പാദിച്ച ഉദ്യോഗസ്ഥനായിരുന്ന ഹരികുമാര്‍ എന്ന് പോലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ പറയുന്നു. എന്നാല്‍ ഫോര്‍ട്ട് സ്‌റ്റേഷനില്‍ സിഐ ആയിയിരിക്കുമ്പോള്‍ മുതല്‍ ഇദ്ദേഹത്തെക്കുറിച്ച് നിരവധി പരാതികളും വന്നു തുടങ്ങി. ഫോര്‍ട്ട് സ്‌റ്റേഷനില്‍ സിഐ ആയിരിക്കെ തന്നെയാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ പ്രസംഗവേദിക്കരികെ ഗുണ്ടാനേതാവ് ഗുണ്ടുകാട് സാബു വടിവാളുമായി എത്തിയത്. സുരക്ഷാവീഴ്ചയ്ക്ക് നടപടിയെടുത്ത് ഹരികുമാര്‍ വീണ്ടും സസ്പന്‍ഷനിലായി. ഒരു വര്‍ഷത്തോളം കാലം സസ്പന്‍ഷനിലായിരുന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി വിദേശത്തേക്ക് ആള്‍ക്കടത്ത് നടത്തുന്നു എന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തു. എന്നാല്‍ പിന്നീട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആലുവ ഡിവൈഎസ്പിയായി ഹരികുമാറിന് നിയമനം ലഭിച്ചു. എംഎല്‍എയെ സ്വാധീനിച്ചായിരുന്നു ഇത് എന്ന് അന്ന് തന്നെ പോലീസ് വകുപ്പിനുള്ളില്‍ സംസാരമുണ്ടായിരുന്നു.

സിപിഎം നേതാക്കളുമായുള്ള ഹരികുമാറിന്റെ അടുപ്പവും ചര്‍ച്ചയായിരുന്നു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും എന്‍ജിഒ യൂണിയന്റേയും നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഹരികുമാര്‍ അതുവഴിയാണ് നെയ്യാറ്റിന്‍കരയില്‍ നിയമനം സാധ്യമാക്കിയതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ച് ഡിവൈഎസ്പിമാരുടെ സ്ഥലം മാറ്റവും ഹരികുമാര്‍ തരപ്പെടുത്തി നല്‍കുന്നയാളെന്ന നിലയിലും ആരോപണങ്ങള്‍ നേരിട്ടിട്ടുള്ളയാളാണ് ഹരികുമാര്‍. നാല് മാസം മുമ്പ് ഹരികുമാര്‍ ഉള്‍പ്പെടെയുള്ള മൂന്ന് ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി അന്വേഷണം നടത്തണമെന്ന് റേഞ്ച് ഐജി മനോജ് എബ്രഹാം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അതില്‍ നടപടികളൊന്നുമുണ്ടായില്ല.

മൂന്ന് തവണയാണ് ഇന്റലിജന്റ്‌സ് വിഭാഗം ഹരികുമാറിനെതിരെ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഇവയെല്ലാം അവഗണിക്കപ്പെട്ടു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരാബാദില്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ ചില നേതാക്കളെ വിമാനത്തില്‍ കൊണ്ടുപോയത് ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. വെള്ളറടയില്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക സിപിഎം നേതാവിനെ പ്രതിയാക്കി കേസെടുത്ത എസ്‌ഐയെ തന്റെ ഓഫീസില്‍ വിളിച്ചുവരുത്തി എഫ്‌ഐആര്‍ വലിച്ചുകീറി. ഇതിന് പുറമെ പണമിടപാടകാരുമായും ക്വാറിയുടമകളുമായുമെല്ലാമുള്ള ഹരികുമാറിന്റെ ബന്ധവും ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹരികുമാറിനെതിരെ വ്യാപകമായ പരാതികള്‍ ലഭിച്ചിരുന്ന സാഹചര്യത്തില്‍ രണ്ട് തവണ ഇന്റലിജന്റ്‌സ് വിഭാഗം സ്വമേധയാ റിപ്പോര്‍ട്ട് നല്‍കി. മൂന്നാംതവണ ഡിജിപി ലോക്‌നാഥ് ബഹ്‌റ ആവശ്യപ്പെട്ടതിനനുസരിച്ചാണ് ഇന്റലിജന്റ്‌സ് വിഭാഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഇതൊന്നും നടപടികളിലേക്ക് നീങ്ങിയില്ല.

ഡിവൈഎസ്പിയുടെ വഴിവിട്ട ഇടപാടുകള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നപ്പോഴാണ് 2017 ജൂണ്‍ 22നാണ് ഇന്റലിജന്റ്‌സ് വിഭാഗം ആദ്യ റിപ്പോര്‍ട്ട് നല്‍കിയത്. നെയ്യാറ്റിന്‍കരയില്‍ എസ്‌ഐ ആയിരുന്ന കാലം മുതല്‍ കൊടങ്ങാവിളയിലെ സ്വര്‍ണവ്യാപാരിയായ ബിനുവിന്റെ വീട്ടില്‍ നിത്യസന്ദര്‍ശകനാണ് ഹരികുമാര്‍. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ദുരൂഹതയുണ്ട്. നാട്ടുകാര്‍ക്കെല്ലാം ഇതറിയാം എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഡിവൈഎസ്പിയുടെ ബന്ധങ്ങള്‍ ചൂണ്ടിക്കാണിച്ച് വിഎസ്ഡിപി പരാതി നല്‍കിയപ്പോഴായിരുന്നു ഇന്റലിജന്റ്‌സ് രണ്ടാമത്തെ റിപ്പോര്‍ട്ട് നല്‍കിയത്. പോലീസിന് അവമതിപ്പുണ്ടാക്കുന്ന പോക്ക് അവസാനിപ്പിച്ചില്ലെങ്കില്‍ സ്ഥലത്ത് അക്രമമുണ്ടാവും എന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2018 ഏപ്രില്‍ മൂന്നിനാണ് മൂന്നാമത് റിപ്പോര്‍ട്ട് നല്‍കിയത്. ഹരികുമാറിനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും ഡിവൈഎസ്പി സ്ഥാനത്ത് നിന്ന് നീക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഇതിലൊന്നും നടപടിയുണ്ടായില്ല.

പിന്നീട് ഹരികുമാറിന്റെ പേര് വാര്‍ത്തകളില്‍ നിറയുന്നത് സനല്‍കുമാറിന്റെ മരണത്തോടെയാണ്. വണ്ട് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങള്‍ യുവാവിന്റെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ ഡിവൈഎസ്പി സനല്‍കുമാറിനെ റോഡിലേക്ക് തള്ളിയിടുകയും അതുവഴി വന്ന വാഹനമിടിച്ച് സനല്‍കുമാര്‍ മരിക്കുകയും ചെയ്തു. സംഭവമുണ്ടായയുടന്‍ അവിട നിന്നും ഓടി രക്ഷപെട്ട ഇയാളെ നാട്ടുകാരില്‍ ചിലര്‍ പിന്തുടര്‍ന്ന് ചെന്ന് ആക്രമിച്ചിരുന്നു. എന്നാല്‍ ഇയാളുടെ സുഹൃത്തും സ്വര്‍ണവ്യാപാരിയുമായിരുന്ന ബിനു വാഹനവുമായെത്തി ഹരികുമാറിനെ രക്ഷപെടുത്തുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ബിനുവും ഹരികുമാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു ഇന്റലിജന്റ്‌സിന്റഎ ആദ്യ റിപ്പോര്‍ട്ടും.

പോലീസ് ഹരികുമാറിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായും പോലീസുകാരുടെ തന്നെ ഒത്താശയോടെ ഇയാള്‍ ഒളിവില്‍ കഴിയുന്നതായി ആരോപണമുയര്‍ന്നിരുന്നു. സനല്‍കുമാറിന്റെ ബന്ധുക്കളും നാട്ടുകാരും ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തി. പിന്നീട് ഡിവൈഎസ്പിയ്‌ക്കെതിരെയുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന ശുപാര്‍ശ റൂറല്‍ എസ്പി ഡിജിപിക്ക് സമര്‍പ്പിച്ചു. പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കപ്പെട്ടു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഹരികുമാറിന്റെ ആത്മഹത്യ.

ഇതിനിടെ താന്‍ കീഴടങ്ങിയാല്‍ നെയ്യാറ്റിന്‍കര സബ്ജയിലിലേക്ക് തന്നെ അയക്കരുതെന്ന് പോലീസ് അസോസിയേഷന്‍ വഴി ഹരികുമാര്‍ ആവശ്യപ്പെട്ടിരുന്നു എന്ന റിപ്പോര്‍ട്ടുകളും വന്നു. ഇതോടെ പോലീസ് അസോസിയേഷനിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഹരികുമാര്‍ ഒളിവില്‍ കഴിയുന്നതെന്ന് സനല്‍കുമാറിന്റെ ബന്ധുക്കള്‍ ആരോപിച്ചു. എം വിന്‍സന്റ് എംഎല്‍എ യുടെ അറസ്റ്റിന് ശേഷം പ്രദേശത്തെ സിപിഎം നേതാക്കളുടെ അടുപ്പക്കാരനായിരുന്നു ഹരികുമാര്‍ എന്നും പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ചേര്‍ന്നാണ് ഹരികുമാറിനെ സംരക്ഷിക്കുന്നതുമെന്ന ആരോപണവുമായി നാട്ടുകാരും രംഗത്തെത്തി. കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന നിലപാടില്‍ ക്രൈബ്രാഞ്ചും ഉറച്ച് നിന്നതോടെ പിടിവീഴും എന്ന് ഉറപ്പാപ്പോഴാണ് ഹരികുമാര്‍ സ്വയം ജീവനെടുക്കാന്‍ തീരുമാനിച്ചതെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ സംസാരം.

ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെ മുന്നറിയിപ്പുകള്‍ പരിഗണിച്ച് നടപടിയെടുത്തിരുന്നെങ്കില്‍ സനല്‍കുമാറിന് ഇത്തരത്തില്‍ ഒരന്ത്യം വരില്ലായിരുന്നു എന്നാണ് പോലീസുകാര്‍ പറയുന്നത്. അതുപോലെ കൃത്യ സമയത്ത് ഹരികുമാറിനെ പിടികൂടാനായിരുന്നെങ്കില്‍ ആത്മഹത്യയും ഒഴിവാക്കാമായിരുന്നു എന്നും ഉദ്യോഗസ്ഥരില്‍ ചിലര്‍ പറയുന്നു.

ഇതുപോലുളള ക്രിമിനൽ പൊലീസുകാരെ നാട്ടിലിറക്കി വിടരുത്, ഡിവൈഎസ്പി കൊലപ്പെടുത്തിയ സനലിന്റെ കുടുംബം നീതി തേടി പോരാട്ടത്തിന്

നെയ്യാറ്റിൻകര കൊലപാതകം : ഡിവൈഎസ്പി ഹരികുമാർ മരിച്ച നിലയിൽ

‘കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയ മനുഷ്യനെയാണ് ആ ഡിവൈഎസ്പി ഹരികുമാര്‍ കൊന്നത്’; നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധം അടങ്ങുന്നില്ല; പ്രതി ഒളിവില്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍