UPDATES

ട്രെന്‍ഡിങ്ങ്

‘ലോൺ എഴുതിത്തള്ളണമെന്നൊന്നും ആ കുടുംബം ആവശ്യപ്പെട്ടിട്ടില്ല, അവരാകെ ആവശ്യപ്പെട്ടത് അൽപം സാവകാശമാണ്, അതും ലഭിച്ചില്ല’; കര്‍ശന നടപടിയെന്ന് തോമസ്‌ ഐസക്

ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബാങ്ക് മേധാവികളോട് ആവശ്യപ്പെടുകയാണ്.

ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര മാരായമുട്ടത്ത് മലക്കടയില്‍ സ്വയം തീ കൊളുത്തി അമ്മയും മകളും ജീവനൊടുക്കിയത് ഞെട്ടലുളവാക്കുന്നതാണെന്ന് ധനമന്ത്രി ഡോ. തോമസ്‌ ഐസക്ക്. ലോൺ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടൊന്നും ആ കുടുംബം ബാങ്കിനെ സമീപിച്ചിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അവരാകെ ആവശ്യപ്പെട്ടത് അൽപം സാവകാശമാണ്. വീടും പറമ്പും വിറ്റ് ബാങ്കിന്റെ കടംവീട്ടാൻ അവർ നടത്തിയ ശ്രമം ആ നാട്ടുകാർക്കറിയാം. വായ്പത്തുക തിരികെ ലഭിക്കാൻ ധനകാര്യസ്ഥാപനങ്ങൾ ശ്രമിക്കുമ്പോൾ എല്ലാ സാഹചര്യങ്ങളും കരുണയോടെ പരിശോധിക്കണം. എന്തു ജപ്തി ചെയ്യേണ്ടി വന്നാലും താമസിക്കുന്ന വീട് ജപ്തി ചെയ്യാൻ പാടില്ല എന്നാണ് എൽഡിഎഫ് സർക്കാരിന്റെ നിലപാട്. ഇവിടെ കിടപ്പാടം ജപ്തി ചെയ്യാൻ ബാങ്ക് ശ്രമിച്ചതാണ് ഈ ദൗർഭാഗ്യകരമായ സാഹചര്യം സൃഷ്ടിച്ചതെന്നതാണ് ആക്ഷേപം. അത് വിശദമായി പരിശോധിക്കും. കുറ്റക്കാരായവർക്കെതിരെ കർശന നിയമനടപടിയും ഉണ്ടാകുമെന്നും തോമസ്‌ ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലായിരുന്ന അമ്മ ലേഖ (40) വൈകിട്ട് എട്ടുമണിയോടെയാണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റിരുന്നു ഇവര്‍ക്ക്. ഇവര്‍ക്കൊപ്പം തീകൊളുത്തിയിരുന്ന മകള്‍ വൈഷ്ണവി (19) നേരത്തെ മരിച്ചിരുന്നു. വൈകീട്ടായിരുന്നു വൈഷ്ണവിയുടെ മരണം.

Also Read: നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: മോറട്ടോറിയം ഉത്തരവ് പിഴവില്‍ സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും

ബാങ്ക് നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്ന് മരിച്ച വൈഷ്ണവിയുടെ അച്ഛന്‍ ചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് ലക്ഷം രൂപയാണ് 15 വര്‍ഷം മുമ്പ് ഇവര്‍ വായ്പയെടുത്തത്. ഇതില്‍ പലപ്പോഴായി എട്ട് ലക്ഷം രൂപയോളം തിരിച്ചടയ്ക്കുകയും ചെയ്തു. 2010ലാണ് തിരിച്ചടവ് മുടങ്ങിയത്. ഗള്‍ഫിലായിരുന്ന ചന്ദ്രന്‍ ജോലി നഷ്ടപ്പെട്ട് തിരികെയെത്തിയതോടെയായിരുന്നു അത്. കൂലിപ്പണി ചെയ്താണ് പിന്നീട് കുടുംബം പുലര്‍ത്തിയത്. അപ്പോഴും നാല് ലക്ഷം കൂടി തിരിച്ചടയ്ക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നത്. വീട് വിറ്റ് കടം വീട്ടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനെ തുടര്‍ന്ന് ബാങ്ക് സിജെഎം കോടതിയില്‍ കേസ് കൊടുക്കുകയായിരുന്നു. കോടതിയുടെ നിര്‍ദ്ദേശത്തില്‍ ഈമാസം 10ന് അഭിഭാഷക കമ്മിഷനും പോലീസും ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തി. നാല് ദിവസത്തിനകം 6.80 ലക്ഷം രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം ജപ്തി ചെയ്യുമെന്നും കുടുംബത്തില്‍ നിന്നും എഴുതി വാങ്ങി. അതേസമയം നാളെ വീട് ജപ്തി ചെയ്യുമെന്ന് ബാങ്കില്‍ നിന്നും ഫോണ്‍ കോള്‍ വന്നു. ഇതേ തുടര്‍ന്ന് ലേഖയും വൈഷ്ണവിയും മാനസിമായി തളര്‍ന്നതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തോമസ്‌ ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

നെയ്യാറ്റിൻകര മാരായമുട്ടത്ത് ഒരമ്മയും മകളും ജീവനൊടുക്കിയ വാർത്ത ഞെട്ടൽ ഉണ്ടാക്കുന്നതാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കാർഷിക കടങ്ങൾ മാത്രമല്ല, മറ്റു കടങ്ങൾക്കും ഒക്ടോബർ വരെ മൊറോട്ടോറിയത്തിന് ബാങ്കുകൾ സമ്മതിച്ചിരുന്നു. എസ്എൽബിസിയിൽ സർക്കാരിനു നൽകിയ ഉറപ്പ് ലംഘിച്ച് ബാങ്ക് അധികൃതർ കടുത്ത നടപടികളെടുത്തോ എന്നത് അതീവ ഗൗരവതരമായ പ്രശ്നമാണ്. ഇത് വിശദമായിത്തന്നെ പരിശോധിക്കും.

വായ്പയെടുത്ത് ഒരു തുകയും തിരിച്ചടയ്ക്കാതെ ബാങ്കിനെ കബളിപ്പിക്കുന്ന സമീപനം സ്വീകരിച്ച ഒരു കുടുംബമല്ല എന്നതാണ് മനസിലാക്കേണ്ടത്. തിരിച്ചടവിന് ബാക്കിയുള്ള തുക ആകെയുള്ള സമ്പാദ്യം വിറ്റ് വീട്ടാൻ നെട്ടോട്ടമോടുകയായിരുന്നു അവർ. അതിനുള്ള സാവകാശം ലഭിക്കില്ലെന്ന തോന്നൽ ആ അമ്മയ്ക്കും മകൾക്കും ഉണ്ടായത് എങ്ങനെയെന്നത് വിശദമായിത്തന്നെ പരിശോധിക്കണം. പ്രത്യേകിച്ച് അവിടുത്തെ എംഎൽഎ അവർക്കൊരു സാവകാശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലം കൂടിയുണ്ട്.

വായ്പത്തുക തിരികെ ലഭിക്കാൻ ധനകാര്യസ്ഥാപനങ്ങൾ ശ്രമിക്കുമ്പോൾ എല്ലാ സാഹചര്യങ്ങളും കരുണയോടെ പരിശോധിക്കണം. എന്തു ജപ്തി ചെയ്യേണ്ടി വന്നാലും താമസിക്കുന്ന വീട് ജപ്തി ചെയ്യാൻ പാടില്ല എന്നാണ് എൽഡിഎഫ് സർക്കാരിന്റെ നിലപാട്. ഇവിടെ കിടപ്പാടം ജപ്തി ചെയ്യാൻ ബാങ്ക് ശ്രമിച്ചതാണ് ഈ ദൗർഭാഗ്യകരമായ സാഹചര്യം സൃഷ്ടിച്ചതെന്നതാണ് ആക്ഷേപം. അത് വിശദമായി പരിശോധിക്കും. കുറ്റക്കാരായവർക്കെതിരെ കർശന നിയമനടപടിയും ഉണ്ടാകും.

ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബാങ്ക് മേധാവികളോട് ആവശ്യപ്പെടുകയാണ്. സർക്കാരിനു നൽകിയ ഉറപ്പ് പാലിക്കപ്പെടുക തന്നെ വേണം. മറ്റു കാര്യങ്ങൾ അടുത്ത എസ്എൽബിസി യോഗത്തിൽ തീരുമാനിക്കാം.

കോടാനുകോടികൾ കട്ടുമുടിച്ച് നാടുവിടാൻ കാട്ടുകള്ളന്മാർക്ക് പഴുതും സംരക്ഷണവും നൽകിയവരാണ് കേന്ദ്രസർക്കാർ. ആ കൊള്ള മുതൽ തിരിച്ചു പിടിക്കാൻ വഴിയില്ലാതായതിന്റെ പ്രതിസന്ധിയും സമ്മർദ്ദവും ബാങ്കുകളുടെ മേലുണ്ട്. പക്ഷേ, പ്രളയക്കെടുതിയിൽ നടുവൊടിഞ്ഞു കിടക്കുന്നവരെ ഊറ്റിപ്പിഴിഞ്ഞല്ല, കിട്ടാക്കടം നികത്തേണ്ടത്.

ലോൺ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടൊന്നും ആ കുടുംബം ബാങ്കിനെ സമീപിച്ചിട്ടില്ല. അവരാകെ ആവശ്യപ്പെട്ടത് അൽപം സാവകാശമാണ്. വീടും പറമ്പും വിറ്റ് ബാങ്കിന്റെ കടംവീട്ടാൻ അവർ നടത്തിയ ശ്രമം ആ നാട്ടുകാർക്കറിയാം.

എംഎൽഎ ആവശ്യപ്പെട്ട സാവകാശം ആ കുടുംബത്തിനു നൽകിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാനാകുമായിരുന്നു. സർക്കാരിനോട് സമ്മതിച്ച മൊറട്ടോറിയം കാലത്ത് കർശനമായ ജപ്തി നടപടികളിലേയ്ക്ക് നീങ്ങാൻ ബാങ്ക് ഉദ്യോഗസ്ഥർ നിർബന്ധിതരായിട്ടുണ്ടെങ്കിൽ അതിനുള്ള സാഹചര്യമെന്തെന്നതാണ് അതിഗൗരവതരമായ പ്രശ്നം.

എടുത്തത് അഞ്ച് ലക്ഷം തിരിച്ചടച്ചത് എട്ട് ലക്ഷം; എന്നിട്ടും ബാങ്ക് കരുണ കാട്ടിയില്ല; സ്വയം തീ കൊളുത്തി അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍