ജപ്തി നടക്കുമെന്ന് ബാങ്ക് അറിയിച്ചിരുന്ന 10ാം തിയ്യതി പോലും ചന്ദ്രന്റെ വീട്ടില്‍ മന്ത്രവാദം നടന്നുവെന്നാണ് വിവരം.
ലേഖയുടെയും വൈഷ്ണവിയുടെയും ജീവനെടുത്തത് മന്ത്രവാദത്തിന്റെ പേരിൽ കുടുംബത്തിനുള്ളിലെ പീഡനമോ അതോ വായ്പയുടെ പേരിൽ കനറാ ബാങ്ക് അധികൃതരുടെ ജപ്തി ഭീഷണിയോ എന്ന് ചർച്ചകൾ നടക്കുമ്പോൾ തെക്കേതിന് (വീട്ടുവളപ്പിലെ ആൽത്തറ) മുന്നിൽ ആ അമ്മയുടെയും മകളുടെയും ചിത കത്തിയമർന്നു. ജപ്തി ഭീഷണിയുടെ പേരിൽ അമ്മയും മകളും ആത്മഹത്യ ചെയ്തെന്ന വാർത്ത ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴെക്കും ഗാർഹിക പീഡനാരോപണത്തിന്റെയും മന്ത്രവാദത്തിന്റെ പേരിലേക്കും മാറുകയായിരുന്നു. രണ്ട് ജീവനുകൾ ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി ഇല്ലാതായെങ്കിലും മരണങ്ങൾ സംബന്ധിച്ച സംശയങ്ങളും ദുരൂഹതകളും ഇപ്പോഴും ബാക്കി നിൽക്കുന്നു.
പതിനഞ്ച് വർഷം മുൻപായിരുന്നു മാരായമുട്ടം മലയില്‍ക്കടയിലെ ചന്ദ്രൻ ഭവന വായ്പയായി നെയ്യാറ്റിൻകര കനറാ ബാങ്കിൽ നിന്നും 5 ലക്ഷം രൂപ വായ്പ എടുത്തത്. എന്നാൽ ലേഖയുടെയും വൈഷ്ണവിയുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ എത്തിക്കുന്ന സമയത്തും വൈഷ്ണവി ഭവന്റെ പണി പൂർത്തിയായിട്ടില്ല. വിദേശത്തായിരുന്ന ചന്ദ്രൻ ആറ് മാസങ്ങൾക്ക് മുൻപ് മാത്രമാണ് തിരികെ നാട്ടിലെത്തുന്നത്. എന്നിട്ടും വായ്പ അടച്ച് തീർക്കാനായില്ല. ഇവിടെയാണ് മന്ത്രവാദത്തിന് നേരെ ആത്മഹത്യ വിരൽ ചൂണ്ടുന്നത്. പക്ഷേ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വെളിപ്പെടുത്തലുകൾ വിശ്വസിക്കാൻ കഴിയാത്ത നാട്ടുകാരും ഇപ്പഴും മാരായമുട്ടത്തുണ്ട്.
മലയില്‍ക്കട കവലയ്ക്ക് സമീപം റോഡിനോട് ചേർന്നാണ് മരിച്ച ലേഖയും മകള്‍ വൈഷ്ണവിയും ചന്ദ്രൻ, അമ്മ കൃഷ്ണമ്മ എന്നിവർക്കൊപ്പം താമസിക്കുന്നത്. നാട്ടുകാരുമായി അധികം ബന്ധമില്ലാത്തവരാണ് ചന്ദ്രന്റെ കുടുംബം എന്നാണ് പ്രദേശവാസികളുടെ പൊതുവെയുള്ള അഭിപ്രായം. അതിനാൽ ആരോപിക്കപ്പെടുന്ന മന്ത്രവാദം സംബന്ധിച്ച വിവരങ്ങൾ അധികമാർക്കും അറിയില്ല. പണി പൂർത്തിയാവാത്ത വീടിന് പിറകിലായാണ് തെക്കേത് എന്നും ആൽത്തറയെന്നും പറയപ്പെടുന്ന ആ ആരാധനാ സ്ഥലം. ചെറിയ ചുറ്റുമതിൽ കൊണ്ട് കെട്ടിമറച്ച സ്ഥലത്ത് രണ്ട് ചെറിയ ശ്രീകോവിൽ പോലുള്ള സംവിധാനമാണുള്ളത്. ഇതിന് മുന്നിൽ കഴിഞ്ഞ ദിവസം പൂജ നടന്നതായിട്ടുള്ള ലക്ഷണങ്ങളും കാണാം.
ലേഖയും വൈഷ്ണവിയും മരിച്ചതിന് പിന്നാലെ ബുധനാഴ്ച രാവിലെയാണ് ഫോറൻസിക് പരിശോധനകൾക്കായി വിദഗ്ദർ മാരായമുട്ടം മലയിൽക്കടയിലെത്തുന്നത്. വീട് തുറന്ന് പരിശോധിച്ചപ്പോഴായിരുന്നു ഇരുവരും ആത്മഹത്യ ചെയ്ത മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടത്തിയത്. ചുമരില്‍ ഒട്ടിച്ച നിലയിൽ മൂന്ന് പേപ്പറുകളും ചുമരിൽ എഴുതിയ ഒരു കുറിപ്പുമായിരുന്നു ആത്മഹത്യയുടെ കാരണം വഴിതിരിച്ച് വിട്ടത്. ഇതോടെ സമീപത്തെ ആൽത്തറയടക്കം പോലീസ് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ആത്മഹത്യ കുറിപ്പിലെ ആരോപണങ്ങൾ സാധുകരിക്കുന്ന തെളിവുകളാണ് ഇവിടെ നിന്നും പോലീസിന് ലഭിച്ചതെന്ന് പരിസരവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
അൽത്തറയ്ക്ക് മുന്നിൽ പൂജകൾക്ക് ശേഷം സമർപ്പിച്ച രണ്ട് ലോട്ടറി ടിക്കറ്റുകൾ ഉൾപ്പെടെയാണ് അവിടെ കണ്ടെത്തിയത്. ബുധനാഴ്ച നറുക്കെടുക്കാനിരുന്നതും വിഷു ബംബറുമായിരുന്നു ഇവ. കൂടാതെ പെട്ടിയിൽ സ്ത്രീയുടെയും പുരുഷന്റെയും പുതിയ വസ്ത്രങ്ങളും, പട്ടും ഉണ്ടായിരുന്നു. ജപ്തി നടപടികൾ തുടരുമ്പോഴും തങ്ങളുടെ വിശ്വാസങ്ങൾ തുണയ്ക്കുമെന്ന പ്രതീക്ഷയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് അയൽവാസികളുടെ നിഗമനം. ഇത് സാധുകരിക്കുന്ന വെളിപ്പെടുത്തലാണ് ആത്മത്യാ കുറിപ്പില്‍ ലേഖ വെളിപ്പെടുത്തുന്നത്.
കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ നിന്നപ്പോഴും അവിടെയും തടസ്സം നില്‍ക്കുന്നത് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയാണ്. അവരുടെ ആല്‍ത്തറ ഉണ്ട്. അവര് നോക്കിക്കൊള്ളും നീ ഒന്നും പേടിക്കണ്ട. അവര്‍ വസിക്കുന്ന മണ്ണ് അവര്‍ നോക്കിക്കൊള്ളും എന്ന് പറഞ്ഞ് മോനെ തെറ്റിക്കും. ബാങ്കില്‍ നിന്നും നോട്ടീസ് ഒട്ടിച്ചു. പത്രത്തില്‍ ഇട്ടു. എന്നിട്ടും എന്റെ ഭര്‍ത്താവ് ബാങ്കില്‍ ചെന്ന് അന്വേഷിക്കുകയോ ഒന്നും ചെയ്തില്ല. അയച്ച പേപ്പര്‍ കൊണ്ടുവന്ന് ആല്‍ത്തറയില്‍ വച്ച് പൂജിക്കുന്നതാണ് അമ്മയുടെയും മോന്റെയും ജോലി. ഇതായിരുന്നു കുറിപ്പിലെ പരാമർശം.
എന്നാൽ ലോൺ തീർക്കാൻ അവസാന സമയത്ത് പോലും ശ്രമിച്ചിരുന്നെന്നാണ് പെരുങ്കളവിട പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ ലേഖ പറയുന്നത്. പത്താം തിയ്യതി ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ എത്തുമെന്ന് അറിയിച്ചിരുന്നു. ഇക്കാര്യം അറിയിച്ച് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയാണ് തന്നെ വന്ന് കണ്ടത്. അവരുടെ സാന്നിധ്യത്തിൽ തന്നെ താൻ പാറശാല എം എൽഎ സി കെ ഹരീന്ദ്രനെ വിളിക്കുകയും വിവരം അറിയിക്കുകയും ചെയ്തു. ഒമ്പതാം തിയ്യതി ചന്ദ്രനും കുടുംബവും എംഎൽഎയെ പോയി കണ്ടിരുന്നു. എംഎൽഎ കനറാ ബാങ്കിൽ വിളിച്ച് ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ടിരുന്നു. ബാങ്കിന്റെ അഭിഭാഷകയോടും എംഎൽഎ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. തങ്ങൾ താമസിക്കുന്ന വസ്തു വിൽപന നടത്തി വായ്പ തിരിച്ചടയക്കാം എന്നായിരുന്നു തന്നോടും എൽഎൽഎയോടും പറഞ്ഞത്. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇവർ അറിയിച്ചു. ചന്ദ്രനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തന്നെ വിളിച്ച് എംഎൽഎ ഒരു അഭിഭാഷകനെ കണ്ട് ജപ്തി നടപടികളിൽ സ്റ്റേ വാങ്ങിക്കാൻ നിർദേശിച്ചു. ഇത് പ്രകാരം താൻ ഇവരെ വിളിച്ചിരുന്നു. എന്നാൽ അതിന് മുൻപ് തന്നെ ഇവർ അഭിഭാഷകനെ കണ്ടിരുന്നു. ഇതിന്റെ ഭാഗമായി സ്റ്റേ ഓര്‍ഡർ പത്താം തിയ്യതി രാവിലെ മെയിൽ ചെയ്യുമെന്നും തന്നോട് പറഞ്ഞു.
പത്താം തീയ്യതി തിങ്കളാഴ്ച 11 മണിച്ച് ജപ്തി നടപടികൾ ഉണ്ടാവുമെന്ന് അറിയിച്ച് അന്ന് രാവിലെ തന്നെ വിളിച്ചു. അപ്പോൾ തന്നെ അവരുടെ വീട്ടിൽ പോയി. ഉച്ചതിരിഞ്ഞ് 2 മണിവരെ അവിടെ ഇരുന്നു. എന്നാൽ ആരും ബാങ്കിൽ നിന്നും എത്തിയില്ല. എന്നാൽ വസ്തു വാങ്ങിക്കാൻ എന്ന പേരിൽ ബാലരാമപുരത്ത് നിന്നും ഒരു പാർട്ടി വന്നിരുന്നു. അത്യാവശ്യമായതിനാൽ 24 ലക്ഷത്തിന് വീടും പുരയിടവും വിൽപന ഉറപ്പിച്ചു. അത്യാവശ്യം ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. വസ്തു തങ്ങൾക്ക് നൽകുമെന്ന് ഉറപ്പായാൽ രണ്ട് ദിവസത്തിനകം ബാങ്കിലെ തുക അടക്കാമെന്നും അവർ അറിയിച്ചു. തന്റെ സാന്നിധ്യത്തിലാണ് ഇക്കാര്യം തീരുമാനിച്ചത് ഇതിന് ശേഷം താൻ മടങ്ങിയെന്നും പഞ്ചായത്ത് പ്രസിഡന്റ് ലേഖ പറയുന്നു.
ഇതിനിടെ മുന്ന് മണിയോടെ ചന്ദ്രൻ തന്നെ വിളിച്ചു. ബാങ്കിൽ നിന്നും ഉദ്യോഗസ്ഥർ എത്തിയെന്നും ജപ്തി ചെയ്യാതെ മടങ്ങിയെന്നും അറിയിച്ചു. വീട് വിൽപന ശരിയായെന്നും രണ്ട് ദിവസത്തിനകം പണം അടയ്ക്കാമെന്ന് മരിച്ച ലേഖയുടെ ഉറപ്പിൻ മേലാണ് ഉദ്യോഗസ്ഥർ മടങ്ങിയതെന്നും ചന്ദ്രൻ തന്നോട് പറഞ്ഞു. ഇക്കാര്യം എഴുതിവാങ്ങിയെന്നും ചന്ദ്രൻ അറിയിച്ചു.
ഇതിന് പിറകെ രാത്രി 9 മണിയോടെ ലേഖയും തന്നെ വിളിച്ചിരുന്നു. ജപ്തി ചെയ്തില്ലെന്നും, ഇടപെട്ടതിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. വസ്തു വാങ്ങിക്കാം എന്ന് പറഞ്ഞയാൾ പണം തരാമെന്ന് അറിയിച്ചിട്ടുണ്ട്. 14ാം തിയ്യതി പണം അടയ്ക്കുമെന്നുമായിരുന്നു അറിയിച്ചത്. എന്നാൽ അഭിഭാഷകൻ ഇടപെട്ടുള്ള സ്റ്റേ അതുവരെ ലഭിച്ചിരുന്നില്ലെന്നാണ് പറഞ്ഞത്. എന്നാൽ അന്നേദിവസത്തേക്ക് പണം ലഭിച്ചില്ലെങ്കിലും ആശങ്ക പെടേണ്ടതില്ലെന്നു പറഞ്ഞിരുന്നു. പിറ്റേന്ന് ചന്ദ്രനെ വിളിച്ചിരുന്നു. പണം അടയ്ക്കും എന്ന് തന്നെയാണ് അറിയിച്ചത്. പിന്നീട് കുടുംബം തന്നെ ബന്ധപ്പെട്ടിട്ടില്ല. എന്നാൽ ഇപ്പോഴുയരുന്ന മന്ത്രവാദം ഉൾപ്പെടെയുള്ള ആരോപണങ്ങൾ മരിച്ച ലേഖയുൾപ്പെടെ തന്നോട് പങ്ക് വച്ചിരുന്നില്ല എന്നും പഞ്ചായത്ത് പ്രസിഡന്റ് ലേഖ പറയുന്നു.
എന്നാൽ, ജപ്തി നടക്കുമെന്ന് ബാങ്ക് അറിയിച്ചിരുന്ന 10ാം തിയ്യതി പോലും ചന്ദ്രന്റെ വീട്ടില്‍ മന്ത്രവാദം നടന്നുവെന്നാണ് വിവരം. മരിച്ച ലേഖയുടെ സഹോദരീ ഭര്‍ത്താവ് ദേവരാജനാണ് ഇക്കാര്യം പറയുന്നത്. വസ്തു വില്‍ക്കാന്‍ വേണ്ടിയായിരുന്നു തിങ്കളാഴ്ച പൂജ നടത്തിയത്. ഇതിനായി അന്ന് വൈകീട്ടോടെ ഒരാൾ വന്നിരുന്നു. പൂജയും നടത്തി എന്നാണ് പറഞ്ഞത്. എന്നാൽ അതിന് ലേഖ എതിരായിരുന്നുവെന്നും ദേവരാജന്‍ പറയുന്നു. തങ്ങൾ ചെയ്യാൻ ഉള്ളത് ചെയ്യാതെ പൂജ നടത്തി കാര്യമില്ലെന്നായിരുന്നു ലേഖയുടെ നിലപാട്.
ഇതിനിടെ പുരയിടം വിൽക്കാനുള്ള നീക്കം പരാജയപ്പെട്ടതായും ലേഖ പറഞ്ഞിരുന്നു. ഇടപാടുകാർ പിൻമാറിയെന്നായിരുന്നു അറിയിച്ചത്. ഇതോടെ, ജപ്തി നടപടികൾ നടക്കട്ടെയെന്നും ലേഖയോടും മകളോടും തന്റെ വീട്ടിലേക്ക് പോരാൻ നിർദേശിച്ചിരുന്നെന്നും ദേവരാജൻ പറയുന്നു. സ്ഥലം വിൽക്കണമെന്ന് ചന്ദ്രൻ തന്നെ തന്നോട് പറഞ്ഞിരുന്നു. ആല്‍ത്തറയുണ്ടെന്ന കാരണത്താല്‍ വസ്തുവിറ്റ് കടം വീട്ടുന്നതിന് ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മ തടസം നിന്നിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഭാര്യയുടെയും മകളുടെയും മൃതദേഹം സംസ്കരിക്കുന്നതിന് മുൻപ് സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവ് ചന്ദ്രനെ സംസ്ക്കാര ചടങ്ങുകൾക്കായി പോലീസ് എത്തിച്ചിരുന്നു. അമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തിൽ ലേഖയുടെ കുറിപ്പ് തള്ളാതെയായിരുന്നു ചന്ദ്രൻ പോലീസിന് നൽകിയ മൊഴി. തന്റെ അമ്മയും ലേഖയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും മരിച്ച ലേഖയുടെ ഭർത്താവ് ചന്ദ്രൻ പൊലീസിന് മൊഴി നല്‍കി. താൻ മന്ത്രവാദം ചെയ്തിട്ടുണ്ടെന്നും ചന്ദ്രൻ പറയുന്നു.
അമ്മയും മകളും ആത്മഹത്യ സംഭവത്തിലെ ദൃക്ഷസാക്ഷിയാണ് അയൽ വാസിയായ സദാശിവൻ. ഇവരുടെ അയല്‍ക്കാരനും വീടിന് തൊട്ടുമുമ്പില്‍ കട നടത്തുകയും ചെയ്യുകയാണ് സദാശിവന്‍. സദാശിവന്‍ സംഭവത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ്;
“ഞാനും ചന്ദ്രനും പുറത്ത് വീട് വാങ്ങിക്കാന്‍ വന്നവനെയും കാത്തിരിക്കുയായിരുന്നു. അതിനിടയ്ക്ക് ബാങ്ക് മാനേജറും വിളിക്കുന്നു, നിങ്ങള്‍ പൈസ അടയ്ക്ക് പൈസ അടയ്ക്ക് എന്ന് പറഞ്ഞ്. കരാറുകാരനെ വിളിക്കാന്‍ നോക്കുന്നു. അതിനിടയിലായിരുന്നു പ്രശ്‌നം വന്നത്. ഇതിനിടയ്ക്ക് 12 മണിയോട് ഒരു മണിയോട് അടുപ്പിച്ച് പെണ്‍കൊച്ച് വന്ന് ചോദിച്ചു അണ്ണാ ഇത് നടക്കൂലാ അല്ലേ.. എന്ന് ഞാന്‍ പറഞ്ഞു എല്ലാം നടക്കും അല്പ സമയം കൂടി മര്യാദക്ക് ഇരി.. കാര്യം നടക്കാത്തതെന്താ? എന്ന് പറഞ്ഞ് ഞാനവളെ സമാധാനിപ്പിച്ച് വിട്ട്. പക്ഷെ അവള്‍ക്ക് മനസിലായി ഇന്നിനി ഇത് നടക്കില്ലാന്ന്. ആ അവസ്ഥയിലായിരുന്നു എല്ലാവരും..
കാനറ ബാങ്കിലെ ആളുകള്‍ ഒരാഴ്ചക്ക് മുമ്പെ വന്നിരുന്നു. അന്ന് നമ്മളെല്ലാം പറഞ്ഞ്.. പക്ഷെ നമ്മളെ വിശ്വാസമില്ലാത്തത് കൊണ്ട് വീട് വാങ്ങാന്‍ വന്ന ആളുമായി ഫോണില്‍ സംസാരിച്ച് കൊടുത്തു. വാങ്ങുന്നവനും ഉറപ്പുകൊടുത്തിരുന്നു. ആറുലക്ഷത്തി എണ്‍പതിനായിരത്തിനാണ് ഇപ്പോ നോട്ടീസ് വന്നത്. 15 കൊല്ലത്തിന് മുമ്പ് വീടിന്റെ പണിക്ക് വേണ്ടി എടുത്തതാണ്. എട്ടുലക്ഷം രൂപ പല പ്രാവശ്യമായിട്ടവര്‍ അടച്ചതാണ്. ഒരു കൊല്ലം കൊണ്ട് വീട് വിറ്റ് വായ്പ അടയ്ക്കാന്‍ ശ്രമിക്കുകയാണ്. വില വയ്ക്കുമ്പോള്‍ അത് കുറഞ്ഞ് കുറഞ്ഞ് 24 ലക്ഷത്തിന് സമ്മതിക്കുവായിരുന്നു. 40 ലക്ഷത്തിനായിരുന്നു വില്‍ക്കാന്‍ ആദ്യം ഇരുന്നത്. ആറുലക്ഷത്തിന്റെ എണ്‍പതിനായിരം രൂപ ആരെങ്കിലും കൊടുത്തിരുന്നുവെങ്കില്‍ അന്ന് ആ വീട് അവന്‍ (ചന്ദ്രന്‍) അവര്‍ക്ക് എഴുതി കൊടുത്തിരുന്നേനെ.
ഗള്‍ഫിലായിരുന്നു ചന്ദ്രന്‍ മകളെ പഠിപ്പിക്കാനും മറ്റും നല്ലൊരു തുകയായിട്ടുണ്ടായിരുന്നു. വയ്യാത്തതുകൊണ്ടും വീട് വില്‍ക്കാനുമാണ് ചന്ദ്രന്‍ നാട്ടിലേക്ക് മടങ്ങിയത്. ഒരു കൊല്ലമായി വീട് വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.’
ഇതിനെല്ലാം പിന്നാലെയായിരുന്നു സംഭവങ്ങൾ മാറിമറിഞ്ഞത്. പുതിയെ വെളിപ്പെടുത്തലുകളും കണ്ടെത്തലുകളും പുറത്ത് വന്നത്. നിലവില്‍ ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ശാന്തയുടെ ഭര്‍ത്താവ് കാശിനാഥ് എന്നിവര്‍ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.
Read More: മന്ത്രവാദത്തിന്റെ പിടിയില്‍ നവോത്ഥാന കേരളം: സമീപകാലത്ത് പൊലിഞ്ഞത് ഒരു ഡസനിലേറെ ജീവനുകള്‍