2010 കാലഘട്ടത്തിലാണ് സ്വയം സഹായ സംഘങ്ങള്‍ക്ക് സഹകരണ ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന ലോണ്‍, ഇടനിലക്കാരായി നിന്ന് എടുത്തു നല്‍കാമെന്ന വാഗ്ദാനവുമായി ഐ.ആര്‍.ഡി ഇവരെ സമീപിക്കുന്നത്
പന്ത്രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് തന്റെ വിലാസത്തിലെത്തിയ രജിസ്റ്റേഡ് കത്തു പരിശോധിക്കുമ്പോള്‍, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രതിസന്ധിയാണ് തന്നെ കാത്തിരിക്കുന്നതെന്ന് അനിത കരുതിയിരുന്നതേയില്ല. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കൈമാറിയ, ഇതിനോടകം പാടേ മറന്നിരുന്ന രേഖകള്‍ ഇപ്പോള്‍ ലക്ഷങ്ങളുടെ കടബാധ്യതയായി തേടിയെത്തുമെന്ന ചിന്ത ഒരിക്കലും അനിതയ്ക്കുണ്ടായിരുന്നില്ല. അമ്പൂരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റു കൂടിയായ അനിത മാത്രമല്ല, തിരുവനന്തപുരം ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള കുടുംബശ്രീ അംഗങ്ങള്‍ ദിവസങ്ങളായി ഇതേ ഞെട്ടലിലാണ്. എടുക്കാത്ത ലോണിന്റെ പേരിലും അടച്ചു തീര്‍ത്ത വായ്പകളുടെ പേരിലും ജില്ലാ സഹകരണബാങ്കില്‍ കടക്കാരുടെ ലിസ്റ്റില്‍പ്പെട്ടിരിക്കുകയാണ് അനിതയടക്കം ഒരുപാട് സ്ത്രീകള്‍. സഹായത്തിനെന്ന പേരിലെത്തിയ എന്‍ജിഒ തങ്ങളുടെ പക്കല്‍ നിന്നുള്ള രേഖകള്‍ ഉപയോഗിച്ച് സാമ്പത്തിക തിരിമറി നടത്തിയ കഥയാണ് ഇവര്‍ക്കു പറയാനുള്ളത്.
കുടുംബശ്രീ യൂണിറ്റംഗങ്ങളുടെ പേരില്‍ ലോണെടുത്ത തുക തിരുവനന്തപുരത്തെ എന്‍ജിഒ തട്ടിയെടുത്തതായാണ് ഇവരുടെ പരാതി. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ഇരുപത്തിയേഴ് കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നുള്ളവരുടെ പേരിലെടുത്ത ലോണ്‍ തിരിച്ചടയ്ക്കാതെ അംഗങ്ങള്‍ക്ക് ബാധ്യതയുണ്ടാക്കിയെന്ന ആരോപണമാണ് ഉയരുന്നത്. അമ്പൂരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ റൂറല്‍ ഡെവലപ്‌മെന്റ് (ഐ.ആര്‍.ഡി) എന്ന എന്‍ജിഒയാണ് വീട്ടമ്മമാരും തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നവരുമായ കുടുംബശ്രീ അംഗങ്ങളുടെ പേരില്‍ ലോണെടുത്ത്, അവരെ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചു എന്ന ആരോപണം നേരിടുന്നത്.
പതിനഞ്ചു വര്‍ഷത്തോളം പഴക്കമുള്ള കേസുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. 2010 കാലഘട്ടത്തിലാണ് സ്വയം സഹായ സംഘങ്ങള്‍ക്ക് സഹകരണ ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന ലോണ്‍, ഇടനിലക്കാരായി നിന്ന് എടുത്തു നല്‍കാമെന്ന വാഗ്ദാനവുമായി ഐ.ആര്‍.ഡി ഇവരെ സമീപിക്കുന്നത്. വെള്ളറട, അമ്പൂരി, കാട്ടാക്കട ഭാഗങ്ങളിലെ വിവിധ യൂണിറ്റുകളുമായി ബന്ധപ്പെട്ട് മെഴുകുതിരി നിര്‍മാണം പോലുള്ള തൊഴില്‍ പരീശീലനപരിപാടികളും മറ്റു ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചു പോന്ന ഐ.ആര്‍.ഡി, ബാങ്കില്‍ നിന്നും ലോണെടുത്തു നല്‍കാന്‍ ഇടനിലക്കാരാവുകയായിരുന്നു. കുടുംബശ്രീ അംഗങ്ങളുടെ പക്കല്‍ നിന്നും ലോണെടുക്കാനാവശ്യമായ രേഖകള്‍ ശേഖരിച്ച്, വെള്ളറട ജില്ലാ സഹകരണ ബാങ്കില്‍ നിന്നും തുകയെടുത്ത ശേഷം ഐ.ആര്‍.ഡി. തന്നെ കുടുംബശ്രീ അംഗങ്ങള്‍ക്ക് കൈമാറി. പ്രതിമാസം കുടുംബശ്രീ അംഗങ്ങള്‍ തുക തിരിച്ചടച്ചിരുന്നതും എന്‍.ജി.ഒയിലാണ്. ഇത് ശേഖരിച്ച് ബാങ്കിലെത്തിക്കുന്ന ചുമതലയും ഐ.ആര്‍.ഡി തന്നെ ഏറ്റെടുക്കുകയാണ് ചെയ്തതെന്നും അമ്പൂരിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു.
മിക്ക കുടുംബശ്രീ അംഗങ്ങളും വര്‍ഷങ്ങള്‍ക്കകം ലോണെടുത്ത തുക ഘട്ടം ഘട്ടമായി അടച്ചു തീര്‍ക്കുകയും ചെയ്തു. എന്നാല്‍, നാലഞ്ച് വര്‍ഷങ്ങള്‍ക്കു മുന്നേ ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ഉദ്യോഗസ്ഥര്‍ കുടുംബശ്രീ അംഗങ്ങളെ അന്വേഷിച്ചെത്തിയതോടെയാണ് വിനിമയത്തിലെ ക്രമക്കേട് വെളിപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കു മുന്നേ ലോണെടുത്ത് തിരിച്ചടച്ചില്ല എന്ന പരാതിയുമായി ബാങ്കുദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വീട്ടമ്മമാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. കുടുംബശ്രീ അംഗങ്ങള്‍ നല്‍കിയ രേഖകളുപയോഗിച്ച് ഐ.ആര്‍.ഡി അധികൃതര്‍ അധിക തുക ബാങ്കില്‍ നിന്നും കൈപ്പറ്റുകയും, അംഗങ്ങള്‍ തിരിച്ചടച്ച തുക പലപ്പോഴും ബാങ്കിലെത്തിച്ചിരുന്നില്ലെന്നുമുള്ള സാധ്യതകള്‍ അപ്പോഴാണ് ഉദ്യോഗസ്ഥര്‍ പരിഗണിക്കുന്നത്. വന്‍ സാമ്പത്തിക തിരിമറി സംശയിച്ച ബാങ്ക് വിഷയം വിജിലന്‍സിന് കൈമാറുകയായിരുന്നു.
വിജിലന്‍സ് ഓഫീസില്‍ ഹാജരായി വിഷയത്തില്‍ മൊഴികൊടുക്കാന്‍ നിര്‍ദ്ദേശിച്ചുള്ള കത്ത് ഏതാനും ദിവസങ്ങള്‍ക്കു മുന്നേ കൈയില്‍ കിട്ടിയപ്പോഴാണ് 27 കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങള്‍ തങ്ങളറിയാതെ തങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കടബാധ്യതയുടെ കാര്യം അറിയുന്നത്. ദിവസവരുമാനത്തില്‍ നിന്നും മിച്ചം പിടിച്ചും മറ്റും ഏറെ കഷ്ടപ്പെട്ട് ലോണിന്റെ മുഴുവന്‍ തുകയും തിരിച്ചടച്ച കുടുംബശ്രീ അംഗങ്ങള്‍ തങ്ങള്‍ ഇപ്പോഴും ബാങ്കിന് കടക്കാരാണെന്നത് വിശ്വസിക്കാനാകാത്ത അമ്പരപ്പിലാണ്. ഒരു ലക്ഷവും അതിലധികവും വായ്പകള്‍ തിരിച്ചടച്ചു കഴിഞ്ഞവര്‍ മാത്രമല്ല, ലോണെടുക്കാത്തവര്‍ പോലും വിജിലന്‍സിന് ബാങ്ക് നല്‍കിയ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
അമ്പൂരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത മധു ഇത്തരത്തില്‍ ലോണെടുത്തിട്ടില്ലാത്തയാളാണ്. എന്നാല്‍, അനിതയുടെ പേരില്‍ ഐ.ആര്‍.ഡി വെള്ളറട സഹകരണ ബാങ്കില്‍ നിന്നും ലോണെടുത്തിട്ടുണ്ടെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ കൈമാറിയ രേഖകളാണ് ഇപ്പോള്‍ തന്നെ വെട്ടിലാക്കിയിരിക്കുന്നതെന്ന് അനിത പറയുന്നു.
“പതിനഞ്ചു വര്‍ഷം പഴക്കമുള്ള വിഷയമാണിത്. ലോണെടുക്കാനായി രേഖകള്‍ സമര്‍പ്പിച്ചിട്ട് ഏകദേശം അത്രയും കാലമായിക്കാണും. വെള്ളറട ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ കിട്ടുമെന്ന് പറഞ്ഞാണ് കടലാസൊക്കെ കൊടുത്തത്. 2005ലാണ് ലോണെടുക്കാനുള്ള പരിപാടികളൊക്കെ തുടങ്ങുന്നത്. അക്കാലത്ത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു വന്നതിനാല്‍ ഞാന്‍ അതിലേക്ക് തിരിഞ്ഞു. ലോണിന്റെ പുറകേ പോകാനൊന്നും സമയം കിട്ടിയില്ല. ഐ.ആര്‍.ഡിക്ക് കൊടുത്ത രേഖകള്‍ തിരികെ വാങ്ങിയില്ല എന്നൊരു വീഴ്ച ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട് എന്നതു സത്യമാണ്. നാലഞ്ചു വര്‍ഷം മുന്നെയാണ് ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ഉദ്യോഗസ്ഥര്‍ ലോണ്‍ തിരിച്ചടച്ചില്ലെന്നു പറഞ്ഞ് അന്വേഷിച്ചു വരുന്നത്. അന്ന് ഞങ്ങള്‍ അവരോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. ഇപ്പോള്‍ ഒരു പന്ത്രണ്ട് ദിവസം മുന്നേ വിജിലന്‍സിന്റെ നോട്ടീസ് വന്നു. ഐ.ആര്‍.ഡിക്കാര്‍ ഞങ്ങളുടെ പേരില്‍ ലോണെടുത്തിട്ട് തിരിച്ചടയ്ക്കാതിരുന്നതാണ്. 25 ലക്ഷം രൂപ ഇവിടെനിന്ന് തിരിച്ചടയ്ക്കാനുണ്ട് എ്ന്നാണ് പറയുന്നത്. ഞാന്‍ സത്യത്തില്‍ ഇവരുടെ കൈയില്‍ നിന്ന് ലോണ്‍ വാങ്ങിയിട്ടേയില്ല. ലോണെടുത്ത് അത് മൂന്നു വര്‍ഷത്തിനകം അടച്ചു തീര്‍ത്തവര്‍ക്കും ഇപ്പോള്‍ വിജിലന്‍സില്‍ നിന്നും കടലാസ്സ് വന്നിട്ടുണ്ട്.”
അമ്പൂരി പഞ്ചായത്തില്‍ നിന്നും തട്ടിപ്പിനിരയായവരാണ് ഇപ്പോള്‍ വിഷയം മുന്നോട്ടു കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ കബളിപ്പിക്കപ്പെട്ട അനേകം പേരില്‍ ഒരു വിഭാഗം മാത്രമാണ് തങ്ങളെന്നും മറ്റു പഞ്ചായത്തുകളില്‍ നിന്നുള്ളവരെയും ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി സംഘടിപ്പിക്കേണ്ടതുണ്ടെന്നും അമ്പൂരിയിലെ കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു. തങ്ങള്‍ ലോണ്‍ അടച്ചുതീര്‍ത്തെന്ന കാര്യം വിജിലന്‍സിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, ഈ ബാധ്യത തങ്ങള്‍ക്കു മേല്‍ വരില്ലെന്നുമുള്ള വിശ്വാസത്തിലാണ് ദിവസവേതനത്തെ ആശ്രയിച്ച് ജീവിക്കുന്നവരും വീട്ടമ്മമാരുമായ കുടുംബശ്രീ അംഗങ്ങള്‍.
ബാധ്യത കുടുംബശ്രീക്കു വരില്ലെന്നും, ഇടനിലക്കാരായി ഇടപെട്ടിട്ടുള്ള ഐ.ആര്‍.ഡിക്കാണ് അതിന്റെ പൂര്‍ണ ഉത്തരവാദിത്തമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥന്‍ അനില്‍. ജെ. റോസും പറയുന്നുണ്ട്. ലോണ്‍ തുക കുടുംബശ്രീ അംഗങ്ങള്‍ തിരിച്ചടച്ചതാണെന്ന് വ്യക്തമായിട്ടുണ്ടെന്നും, അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ മറ്റു വിവരങ്ങള്‍ വ്യക്തമായി നല്‍കാനാകൂ എന്നും അനില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ലോണെടുത്തതായി ബാങ്കിലെ രേഖകളിലുള്ളവരില്‍നിന്നെല്ലാം മൊഴിയെടുത്തു വരികയാണ് വിജിലന്‍സ്.
അതേസമയം, ഐ.ആര്‍.ഡിയുടെ തട്ടിപ്പു കാരണം കുടുംബശ്രീക്ക് വലിയ പേരുദോഷം വന്നിരിക്കുകയാണെന്നും, കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാണ് ആവശ്യമെന്നും അമ്പൂര്‍ കുടുംബശ്രീയുടെ നിലവിലെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷേബാ ഫെബിന്‍ പറയുന്നു. ലോണിനായി രേഖകള്‍ വാങ്ങിച്ച് പണം തട്ടിക്കാനല്ലേ എന്ന് മറ്റംഗങ്ങളും ചോദിക്കുന്നുണ്ട്. കുടുംബശ്രീയെയാണ് സാധാരണക്കാരായ വീട്ടമ്മമാര്‍ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത്. ഇത് ഐ.ആര്‍.ഡിയുടെ ഇടപെടല്‍ കാരണമുണ്ടായ പ്രശ്‌നമാണെന്ന് തെളിയേണ്ടതുണ്ടെന്നും തങ്ങള്‍ക്ക മറ്റു പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ ഇതുകാരണം തടസ്സമുണ്ടാകരുതെന്നും ചെയര്‍പേഴ്‌സണ്‍ പറയുന്നു.
എന്നാല്‍, കുടുംബശ്രീ അംഗങ്ങളുടെയും വിജിലന്‍സിന്റേയും വാദങ്ങള്‍ പാടേ തള്ളിക്കളയുകയാണ് ഐ.ആര്‍.ഡി. രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് തങ്ങള്‍ക്കുനേരെ ഉണ്ടായിരിക്കുന്ന പുതിയ ആരോപണമെന്നാണ് ഐ.ആര്‍.ഡി അധികൃതരുടെ വാദം. “2006-ലാണ് നാല്‍പ്പത്തിയൊന്നു ലക്ഷം രൂപ ലോണെടുത്തു കൊടുക്കുന്നത്. അതില്‍ മുപ്പത്തിയാറു ലക്ഷം തിരിച്ചടച്ചിട്ടുണ്ട്. ഇതല്ലാതെ മറ്റാരുടേയും പേരില്‍ ഞങ്ങള്‍ ലോണെടുത്തിട്ടില്ല. നാലോ അഞ്ചോ ഗ്രൂപ്പുകള്‍ ഇനിയും ലോണ്‍ തിരിച്ചടയക്കാനുണ്ട്. അടയ്ക്കാന്‍ ബാക്കിയുള്ളവരെയല്ല അധികൃതര്‍ സമീപിച്ചിരിക്കുന്നത്. മറിച്ച്, അടച്ചവരുടെയടുത്തു ചെന്നാണ് വിജിലന്‍സ് പ്രശ്‌നമുണ്ടാക്കിയത്. ആറു ലക്ഷം രൂപയും അതിന്റെ പലിശയും ഇനിയും അടയ്ക്കാനുണ്ട്. പക്ഷേ അത് തിരിച്ചടയ്ക്കാത്ത ഗ്രൂപ്പുകളില്‍ നിന്നും എത്താനുള്ള തുകയാണ്. ബാങ്കില്‍ നിന്നും ലഭിച്ച ചെക്ക് അതേപടി സംഘങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്തിരുന്നത്,” എന്‍.ജി.ഒയുടെ ഡയറക്ടര്‍ ബാലചന്ദ്രന്‍ പറയുന്നു.
തന്റെ സഹോദരനും സിപിഎം ലോക്കല്‍ കമ്മറ്റിയംഗവുമായ വ്യക്തിയാണ് ഈ പദ്ധതിയുടെ പ്രോഗ്രാം കോര്‍ഡിനേറ്ററെന്നും, പാര്‍ട്ടിക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനായി കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഈ സാമ്പത്തികത്തട്ടിപ്പ് ആരോപണമെന്നും ബാലചന്ദ്രന്‍ പറയുന്നു. എന്നാല്‍, ലോണെടുത്ത് കബളിപ്പിക്കപ്പെട്ടവരില്‍ സിപിഎം അനുഭാവികളും സിപിഎമ്മിന്റെ പഞ്ചായത്ത് മെംബറുമടക്കം ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. കാര്യങ്ങള്‍ വിജിലന്‍സിന് ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍ തങ്ങള്‍ക്കു മേല്‍ ഇനിയും ബാധ്യത വരില്ലെന്ന വിശ്വാസത്തിലാണ് കുടുംബശ്രീ അംഗങ്ങള്‍.