UPDATES

ട്രെന്‍ഡിങ്ങ്

ഐഎസ് ചാവേറാകാന്‍ തീരുമാനിച്ചു, പക്ഷേ സഹായങ്ങള്‍ കിട്ടിയില്ല; റിയാസ് അബുബക്കറിന്റെ അറസ്റ്റ് 2016-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍

ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്നവരുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ പേരില്‍ റിയാസ് അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു.

ശ്രീഷ്മ

ശ്രീഷ്മ

ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റു ചെയ്ത റിയാസ് അബൂബക്കര്‍ ചാവേറാകാന്‍ തീരുമാനമെടുത്തത് സ്വന്തം താത്പര്യപ്രകാരം എന്ന് അന്വേഷണ ഏജന്‍സികള്‍. ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്തിട്ടുള്ള പാലക്കാട് മുതലമട സ്വദേശിയായ റിയാസ് അബൂബക്കറിനെ എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ ചോദ്യം ചെയ്തു വരികയാണ്. തനിക്ക് ചാവേര്‍ ആക്രമണം നടത്താന്‍ താത്പര്യമുണ്ടായിരുന്നുവെന്നും, എന്നാല്‍ സഹായങ്ങള്‍ ലഭിക്കാതാകുകയും സാഹചര്യമുണ്ടാകാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പദ്ധതികളെല്ലാം ഉപേക്ഷിക്കേണ്ടിവരികയായിരുന്നുവെന്നും റിയാസ് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കാസര്‍കോട് സ്വദേശികളായ രണ്ടു പേരെയും കൊല്ലം സ്വദേശിയായ മറ്റൊരാളെയും റിയാസിനൊപ്പം എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുമായി ബന്ധങ്ങളുണ്ടായിരുന്നെങ്കിലും, ചാവേര്‍ ആക്രമണത്തിനുള്ള തന്റെ പദ്ധതിയോട് ഇവരാരും സഹകരിക്കാന്‍ തയ്യാറായിരുന്നില്ലെന്നും റിയാസ് സൂചിപ്പിച്ചിട്ടുണ്ട്.

ടെലഗ്രാം പോലുള്ള മെസേജിംഗ് ആപ്പുകള്‍ വഴി ബന്ധം സൂക്ഷിക്കുകയും, കൊച്ചിയില്‍ വച്ച് എല്ലാവരും കണ്ടുമുട്ടി പരിചയപ്പെടുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ ചില സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുമായും റിയാസിന് സൗഹൃദമുണ്ടായിരുന്നു. കേരളത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിലെത്തിയവരുമായും ഏജന്റുമാരുമായും ബന്ധപ്പെട്ടിരുന്ന റിയാസ്, ചാവേറാക്രമണം നടത്താനുള്ള തന്റെ താല്‍പര്യവും പദ്ധതിയും ഇവരെ അറിയിച്ചിരുന്നു. മറ്റു മതസ്ഥരുടെ ആഘോഷങ്ങള്‍, പുതുവത്സരപ്പാര്‍ട്ടികള്‍ തുടങ്ങിയവ നടക്കുമ്പോള്‍ ആക്രമണം നടത്താനായിരുന്നു റിയാസിന്റെ പദ്ധതി. ഇതിനുള്ള സന്നദ്ധത റിയാസ് ആവര്‍ത്തിച്ച് അറിയിച്ചിരുന്നെങ്കിലും, ആവശ്യമായ സ്‌ഫോടകവസ്തുക്കളോ പണമോ എത്തിച്ചു നല്‍കാന്‍ റിയാസ് ബന്ധപ്പെട്ടിരുന്ന ഏജന്റുമാര്‍ തയ്യാറായിരുന്നില്ല എന്നും ഇതിനെത്തുടര്‍ന്നാണ് പദ്ധതികള്‍ നടപ്പില്‍ വരുത്താനാകാതെ പോയതെന്നാണ് റിയാസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന മൊഴി. റിയാസ് സ്വന്തം നിലയ്ക്ക് പദ്ധതികള്‍ ആവിഷ്‌കരിച്ച് ഐഎസ് ഏജന്റുമാരുമായും മറ്റുള്ളവരുമായും പങ്കുവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എന്‍ഐഎ റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുള്ള കാസര്‍കോട്, കൊല്ലം സ്വദേശികളുമായും റിയാസ് ഇത്തരം പദ്ധതികളെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ഇവരും സഹകരിച്ചിരുന്നില്ല. പ്രാദേശകമായും സഹായം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പിന്‍വാങ്ങുകയായിരുന്നു റിയാസ് എന്നാണ് ഇപ്പോഴുള്ള വിവരം.

Also Read: “അവന്‍ ഭീകരനെങ്കില്‍ ജയിലില്‍ കിടക്കട്ടെ”: ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന റിയാസ് അബൂബക്കറിന്റെ പിതാവ്

ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്നവരുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ പേരില്‍ റിയാസ് അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് റിയാസിനെ അറസ്റ്റു ചെയ്തിരിക്കുന്നത് എന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായെങ്കിലും, ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുമായി ബന്ധപ്പെട്ട് 2016-ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് യഥാര്‍ത്ഥത്തില്‍ അറസ്റ്റിന് ആധാരം. ശ്രീലങ്കന്‍ ആക്രമണത്തെത്തുടര്‍ന്ന് തെക്കേയിന്ത്യയിലെ പലയിടങ്ങളിലും അന്വേഷണമുണ്ടായേക്കുമെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ സൂത്രധാരനായ സഹ്‌റാന്‍ ഹാഷിമിന്റെ പ്രസംഗങ്ങള്‍ നിരന്തരമായി ഡൗണ്‍ലോഡ് ചെയ്തിരുന്നയാളാണ് റിയാസ്. ഇത്തരം പ്രസംഗ വീഡിയോകള്‍ ധാരാളം കണ്ടിരുന്നെങ്കിലും, താന്‍ നിരീക്ഷണത്തിലാണെന്ന് മാസങ്ങള്‍ക്കു മുന്നേ സൂചന ലഭിച്ചപ്പോള്‍ത്തന്നെ റിയാസ് പ്രസംഗങ്ങളുടെ വീഡിയോകളും ചാറ്റുകളും മറ്റും ഫോണില്‍ നിന്നും കംപ്യൂട്ടറില്‍ നിന്നും നീക്കം ചെയ്തിരുന്നു. റിയാസ് പലരോടും നടത്തിയിട്ടുള്ള സംഭാഷണങ്ങളുടെ പൂര്‍ണരൂപം അതുകൊണ്ടു തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ ലഭ്യമായിട്ടില്ല. എന്നാല്‍, ഐ.എസ് ബന്ധം സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും, കൂടുതല്‍ വ്യക്തതയ്ക്കായി റിയാസിന്റെ കംപ്യൂട്ടറും മൊബൈല്‍ ഫോണും ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം, ശ്രീലങ്കന്‍ സ്‌ഫോടനവുമായി റിയാസിന് ബന്ധമുണ്ട് എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നുണ്ട്. സഹ്‌റാന്‍ ഹാഷിമിന്റെ പ്രസംഗ വീഡിയോകള്‍ കണ്ട് ആകൃഷ്ടനായി ടെലഗ്രാം ആപ്പ് വഴി ബന്ധപ്പെടാന്‍ റിയാസ് ശ്രമിച്ചിരുന്നുവെന്നതൊഴിച്ചാല്‍, ശ്രീലങ്കയിലെ ഭീകരാക്രമണവുമായി പ്രത്യക്ഷത്തില്‍ ബന്ധവുമില്ലാത്തവയാണ് കേരളത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി നടത്തിയിട്ടുള്ള അറസ്റ്റുകള്‍. റിയാസിനോ ചോദ്യം ചെയ്യപ്പെട്ട മറ്റുള്ളവര്‍ക്കോ ശ്രീലങ്കന്‍ ഭീകരാക്രമണത്തില്‍ പങ്കില്ല എന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ സ്ഥിരീകരണം. റിയാസൊഴികെ കസ്റ്റഡിയിലുള്ള മറ്റുള്ളവരുടെ പേരില്‍ ഇതിന്റെ പേരില്‍ കേസെടുക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഐഎസ് ഏജന്റുമാരുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണം നടക്കുന്നത് എന്നതിനാല്‍ റിയാസിനെതിരെ കേസെടുത്ത് കസ്റ്റഡിയില്‍ വച്ചേക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. സാഹചര്യം ലഭിച്ചാല്‍ ഇത്തരം പദ്ധതികള്‍ ഇനിയും ആസൂത്രണം ചെയ്‌തേക്കുമെന്ന നിഗമനത്തിന്റെ കൂടി പുറത്താണിത്.

പ്രതീക്ഷിച്ച സഹായങ്ങള്‍ ലഭിക്കാതായതോടെ ആക്രമണ പദ്ധതികളില്‍ നിന്നും പിന്തിരിഞ്ഞ്, വിവാഹിതനായി കുടുംബജീവിതം നയിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി റിയാസ് നടത്തിയിരുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. വധുവിനെ കണ്ടെത്താനായി പല അനാഥാലയങ്ങളെയും സമീപിച്ച് താത്പര്യമറിയിച്ചിരുന്നെങ്കിലും സ്ഥിരവരുമാനമില്ലാത്തതിനാല്‍ വിവാഹവും നടന്നിരുന്നില്ല. ധാരാളം വായിച്ചിരുന്ന റിയാസ്, പള്ളികളില്‍ ചെന്ന് ഖുര്‍ആന്റെ വ്യാഖ്യാനം തെറ്റാണെന്നും മറ്റും സമര്‍ത്ഥിച്ച് വാദിച്ചിരുന്നു. ഇക്കാലയളവില്‍ സലഫി ആശയങ്ങളില്‍ ആകൃഷ്ടനാകുകയും ഹാഷിമിയടക്കമുള്ളവരുടെ പ്രസംഗങ്ങള്‍ ധാരാളം കാണാനാരംഭിക്കുകയുമായിരുന്നു.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍