UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാഗമൺ സിമി ക്യാമ്പ്: 18 സിമി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും

ആറ് എൻജിനീയർമാരും മൂന്ന് ഡോക്ടർമാരും ക്യാമ്പിൽ പങ്കെടുത്തു. രാജ്യത്തു നടന്ന നിരവധി ബോംബ് സ്ഫോടനങ്ങളുടെ ആസൂത്രണവും ഈ ക്യാമ്പിൽ വെച്ച് നടന്നു.

വാഗമണിലെ കോലാഹലമേട്ടിൽ ആയുധപരിശീലന ക്യാമ്പ് സംഘടിപ്പിച്ച കേസിൽ നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ 18 പ്രവർത്തകർ കുറ്റക്കാരാണെന്ന് കൊച്ചി എൻഐഎ കോടതി കണ്ടെത്തി. 17 പേരെ കോടതി വെറുതെവിട്ടു. കൊച്ചി എൻഐഎ കോടതിയാണ് വിധി പ്രസ്താവിച്ചത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ശാദുലി, ശിബിലി എന്നിവരടക്കം നാല് മലയാളികളും കേസിൽ കുറ്റക്കാരാണ്.

സിമി വാഗമണിൽ 2007 ഡിസംബര്‍ 10 മുതല്‍ 22 വരെ ആയുധ പരിശീലന ക്യാമ്പ് നടത്തിയെന്നാണ് കേസ്. 35 പ്രതികളാണ് വിചാരണ നേരിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരാണ് ക്യാമ്പിൽ പങ്കെടുത്തത്. പരിശീലനത്തിനുള്ള തോക്കുകൾ വാങ്ങിയത് കൊച്ചിയിലെ ആയുധവിൽപ്പന ശാലയിൽ നിന്നായിരുന്നു.

യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചുള്ള പരിശീലനം, മലകയറ്റ പരിശീലനം, ബോംബ് നിര്‍മ്മാണം, ബൈക്ക് റേസിങ് തുടങ്ങിയവയിലുള്ള പരിശീലനം നടന്നു. ആറ് എൻജിനീയർമാരും മൂന്ന് ഡോക്ടർമാരും ക്യാമ്പിൽ പങ്കെടുത്തു. രാജ്യത്തു നടന്ന നിരവധി ബോംബ് സ്ഫോടനങ്ങളുടെ ആസൂത്രണവും ഈ ക്യാമ്പിൽ വെച്ച് നടന്നു. ബെംഗളൂരു, അഹമ്മദാബാദ്, സൂറത്ത്, വാരാണസി എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ ഈ ക്യാമ്പിന് പങ്കുണ്ടായിരുന്നു.

അമീന്‍ പര്‍വേശ് എന്ന ഗുജറാത്ത് സ്വദേശിയാണ് ക്യാമ്പിൽ ബോംബ് നിർമാണ പരിശീലനം നടത്തിയത്. കേസിൽ ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവ് അബ്ദുൽ സുബ്ഹാൻ ഖുറേഷിയെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കിയിരുന്നു. ഇയാൾ ഈ പ്രവർത്തനങ്ങൾക്കെല്ലാം സാമ്പത്തിക സഹായം നൽ‌കിയിരുന്നതായി അന്വേഷകർ കണ്ടെത്തിയിരുന്നു. മുപ്പത്തഞ്ചാം പ്രതിയാണ് ഇദ്ദേഹം.

പാനായിക്കുളത്തു നടന്ന സിമിയുടെ രഹസ്യയോഗത്തിലാണ് വാഗമൺ തങ്ങൾപാറയിലെ കോലാഹലമേട്ടിൽ ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനമുണ്ടായത്. ഈ രഹസ്യയോഗക്കേസിലെ മുഖ്യപ്രതിയായ പിഎ ഷാഹുദലിയെയാണ് ഇതിനായി സിമി ചുമതലപ്പെടുത്തിയിരുന്നത്. ക്യാമ്പ് സംഘടിപ്പിച്ചുവെങ്കിലും വിവരങ്ങൾ പുറത്തറിഞ്ഞതായി ബോധ്യപ്പെട്ടതോടെ മൂന്നാംദിവസം പിരിച്ചുവിടുകയായിരുന്നു.

കുറ്റകൃത്യനിരോധന നിയമം, ആയുധനിയമം, സ്ഫോടകവസ്തു നിരോധനനിയമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

ഗുജറാത്തിലെ മണിനഗറിലും സിമിയുടെ ആയുധപരിശീലന ക്യാമ്പ് നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രതിനിധീകരിച്ചിരുന്നത് മണിനഗർ മണ്ഡലത്തെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍