UPDATES

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

ദേവസ്വം ബോര്‍ഡ് ശബരിമല ക്ഷേത്രം ഏറ്റെടുത്തതോടെയാണ് അവിടെയുണ്ടായിരുന്ന ആദിവാസികളെയൊക്കെ മാറ്റി താമസിപ്പിക്കാന്‍ തുടങ്ങിയത്.

ശബരിമല ക്ഷേത്രത്തില്‍ പന്തളം രാജവംശത്തിനും താഴമണ്‍ തന്ത്രി കുടുംബത്തിനോടൊപ്പം പരിഗണന ലഭിക്കേണ്ട ഒരു വിഭാഗം കൂടിയുണ്ട്. അയ്യപ്പന്റെ പൂങ്കാവനത്തിലെ കാടിന്റെ മക്കളായ മലംപണ്ടാരങ്ങളാണ് ആ വിഭാഗം. പക്ഷെ എല്ലായിടത്തും എന്നതുപോലെ ഇവിടെയും അവഗണിക്കപ്പെട്ട് കിടക്കാനാണ് ഇവരുടെ യോഗം. ഒരു പക്ഷേ താഴമണ്‍ കുടുംബത്തേക്കാളും പന്തളം രാജവംശത്തേക്കാളും ശബരിമലയും ക്ഷേത്രവും ബന്ധപ്പെട്ട് കിടക്കുന്നത് ഈ ആദിവാസി വിഭാഗക്കാരോടാണ്. പൊന്നമ്പേലമേട്ടില്‍ ആഴി കൂട്ടുന്നതും അയ്യപ്പന് തേന്‍ അഭിഷേകം നടത്തിയതുമൊക്കെ അവരില്‍ ചിലര്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ഇന്ന് പക്ഷേ ഇവര്‍ക്ക് ഇതിലൊന്നും സ്ഥാനമില്ല. പരമ്പരാഗതമായി താമസിച്ച് പോന്ന ശബരിമലയില്‍ നിന്ന് പോലും കുടി ഒഴിഞ്ഞ് കൊടുക്കേണ്ടി വന്നവരാണ് ഇവരില്‍ പലരും.

മലംപണ്ടാരം ആദിവാസി വിഭാഗ സംഘടനയുടെ സെക്രട്ടറിയായ സതീഷ് തന്റെ പൂര്‍വീകരില്‍ നിന്നു മറ്റും പറഞ്ഞ് കേട്ടത് വെച്ച് വിവരിച്ചത് ശബരിമല ക്ഷേത്രവും ഭാഗങ്ങളുമൊക്കെ ദശകങ്ങള്‍ക്ക് മുമ്പേ കൈയേറിയതാണ് പന്തളം കുടുംബം എന്നാണ്. “മുമ്പ് അവിടെ ക്ഷേത്രമൊന്നുമുണ്ടായിരുന്നില്ല. പൊന്നമ്പലമേട്ടില്‍ ഇപ്പോള്‍ ആഴിക്ക് (മകര വിളക്ക്) കൂട്ടുന്നതുപോലെ കിടന്ന തറയും മറ്റുമായിരുന്നു. ഇതൊക്കെ അവര്‍ പിടിച്ചടുത്താണ്. അവര് ഇത് കൈവശം വെച്ച് ഒരു ക്ഷേത്രത്തിന്റെ രൂപത്തിലെത്തിച്ച് വിഗ്രഹം ഒക്കെവെച്ച് പൂജിക്കാന്‍ തുടങ്ങി. കാലക്രമേണ പല മാറ്റങ്ങളും വന്നു. ശബരിമല ക്ഷേത്രമായി ഉയര്‍ന്ന് വന്നപ്പോള്‍ ഞങ്ങളും പല ആചാരങ്ങളില്‍ ഭാഗമായിരുന്നു. പക്ഷേ പതിയെ ഞങ്ങളെയൊക്കെ ഒഴിവാക്കികൊണ്ടിരിക്കുവാണ്. മുമ്പ് ആഴിപൂജയ്ക്ക് അച്ഛന്റെ മുത്തശ്ശന്‍ പെരുമാള്‍ അച്ഛന്റെ നേതൃത്വത്തിലാണ് പൊന്നമ്പലമേട്ടില്‍ ആഴികൂട്ടിയിരുന്നത്. അതാണ് ഇപ്പോള്‍ മകരവിളക്ക് എന്നൊക്കെ പറഞ്ഞ് ദേവസ്വംബോര്‍ഡും കെഎസ്ഇബിയും ഒക്കെ കൂടി തെളയിക്കുന്നത്. ആ പരിസരത്തേക്ക് ഇപ്പോള്‍ ഞങ്ങള്‍ക്ക് പോകാന്‍ പറ്റില്ല. പോലീസ് കാവലും ഒക്കെയായി.

ശബരിമലയും അതുപോലെ ഒരു തറയായിരുന്നു. അത് ഓരോരുത്തര് പിടിച്ചെടുത്തപ്പോഴാണ് ഞങ്ങടെ പഴയ ആള്‍ക്കാര്‍ പൊന്നമ്പലമേട്ടില്‍ ആഴി കൂട്ടി തുടങ്ങിയത്. ഇപ്പോള്‍ അവിടെയും പിടിച്ചെടുത്തു. അതുപോലെ ശബരിമല ക്ഷേത്രത്തില്‍ കടന്ന് ഞങ്ങടെ അച്ഛന്‍മാര്‍ തേന്‍ അഭിഷേകം നടത്തിയിരുന്നു. ഇപ്പോള്‍ ക്ഷേത്രത്തില്‍ പോയിട്ട് അതിന്റെ അടുത്ത് നിന്ന് മര്യാദക്ക് തൊഴാന്‍ സമ്മതിക്കുമോ ഇവരൊക്കെ. കുറച്ച് വര്‍ഷം മുമ്പ് ദേവസ്വംബോര്‍ഡ് വന്ന് വര്‍ഷത്തില്‍ ഇടയ്ക്ക് ഞങ്ങള്‍ക്ക് മുണ്ട് ഒക്കെ ആദരവാണെന്ന് പറഞ്ഞ് തരുന്നുണ്ട്. എന്ത് കണ്ടിട്ടാണെന്ന് അറിയില്ല. നിലയ്ക്കല്‍ ഭാഗത്ത് മുമ്പ് ഇതുപോലെ വന്ന് ജോലി തരാമെന്ന് പറഞ്ഞ് ഞങ്ങടെ ചിലരുടെ സ്ഥലം ഒക്കെ കൈക്കലാക്കി. ഞങ്ങളില്‍ പലര്‍ക്കും ഇപ്പോഴും ശരിക്കും നല്ല വിദ്യാഭ്യാസം കിട്ടിയിട്ടില്ല. എന്നെ ഹോസ്റ്റലില്‍ കൊണ്ടുപോയത് കൊണ്ട് കുറച്ച് പഠനം ഒക്കെ നടത്താന്‍ പറ്റി.

ദേവസ്വം ബോര്‍ഡ് ശബരിമല ക്ഷേത്രം ഏറ്റെടുത്തതോടെയാണ് അവിടെയുണ്ടായിരുന്ന ആദിവാസികളെയൊക്കെ മാറ്റി താമസിപ്പിക്കാന്‍ തുടങ്ങിയത്. ആളുകള്‍ കൂടുതല്‍ വന്ന് തുടങ്ങിയപ്പോള്‍ ആദിവാസികളെ ഇവിടുന്ന് മാറ്റി താമസിപ്പിച്ചേ പറ്റൂവെന്നായി അവര്‍ക്ക്. അവിടെയുണ്ടായിരുന്ന ആറേഴെട്ട് കുടുംബങ്ങളെ കുമളിയിലേക്ക് അങ്ങ് മാറ്റി. പക്ഷേ അവരിലെ കുറച്ച് പേര്‍ മടങ്ങി. പിന്നെയാണ് ഇവിടെ (അട്ടത്തോട്) എത്തിയത്. സര്‍ക്കാര്‍ വെട്ടിത്തെളിച്ച് എടുത്തോളാന്‍ പറഞ്ഞതിന്റെ പുറത്ത് ഇവിടെ താമസം തുടങ്ങി. ഇപ്പോള്‍ ഇവിടെ 57 മലംപണ്ടാരം കുടുംബങ്ങളുണ്ട്. ശബരിമലയില്‍ നിന്ന് അപ്പാച്ചിമേട്ടിലേക്കും അഴുതയിലേക്കും ചാലക്കയത്തിലേക്കും ഒക്കെ മാറ്റിയിട്ട് അട്ടത്തോടിലായി ഞങ്ങടെ ആളുകള്‍. ഇപ്പോഴും ഒന്നോ രണ്ടോ കുടുംബങ്ങള്‍ ഒക്കെയുണ്ട് ഈ പറഞ്ഞ സ്ഥലങ്ങളില്‍. ഇപ്പോ കുറെ പേരെ ളാഹയിലേക്ക് മാറ്റിട്ടുണ്ട്. ഞങ്ങളെ ശബരിമലയില്‍ നിന്ന് അകറ്റുകയാണ്.”

മലംപണ്ടാരങ്ങളും ശബരിമലയും തമ്മിലുള്ള ബന്ധങ്ങളും ആചാരങ്ങളുമൊക്കെ വിശദമാക്കുന്നു സതീഷ്. വീഡിയോ കാണാം.

ദശകങ്ങളായി ആദിവാസി വിഭാഗക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും അട്ടത്തോടിലെ അംഗന്‍വാടി ടീച്ചറുമായ കുഞ്ഞുമോള്‍ ടീച്ചര്‍ പറയുന്നത് – “മലംപണ്ടാരം വിഭാഗത്തില്‍പ്പെട്ട ആദിവാസികളുടെ പ്രധാന താവളങ്ങളിലൊന്നായിരുന്നു ശബരിമല. പൂര്‍ണമായും കാടിനെ ആശ്രയിച്ച് ജീവിച്ചിരുന്ന ഇവര്‍ക്ക് പഞ്ഞ മാസങ്ങളില്‍ (കര്‍ക്കിടക മാസം തൊട്ട്) പട്ടിണിയായി പോകുമ്പോള്‍ വലിയൊരു സഹായമായത് ശബരിമല ക്ഷേത്രമാണ്. അവിടുത്തെ പണികളില്‍ ഏര്‍പ്പെട്ടും അവിടുന്ന് കിട്ടുന്ന അരികൊണ്ടുമൊക്കെയായിരുന്നു ഇവര്‍ കഴിഞ്ഞത്. ഇവിടെ നിന്ന് റോഡ് വഴി ഇരുപ്പത് ഇരുപ്പത്തിണ്ട് കി.മീ ഉണ്ട് ശബരിമലയ്ക്ക്. ഇവരൊക്കെ ഇങ്ങോട്ട് വന്നിട്ട് കുറച്ച് വര്‍ഷങ്ങളായി. അതിന് മുമ്പ് അവര് അപ്പാച്ചിമേട്, ശബരിമല, പുല്‍മേട്, അഴുത ആ ഭാഗങ്ങളിലൊക്കെ കുടിക്കെട്ടി കഴിയുകയായിരുന്നു. ഇപ്പോഴും ചിലരൊക്കെയുണ്ട് അവിടങ്ങളില്‍”.

മുമ്പ് മരവുരിയോ ഇലയോ ഒക്കെയായിരുന്നു ഇവരുടെ വേഷങ്ങള്‍. ഇപ്പം ഇതിനൊക്കെ മാറ്റമുണ്ട്. സത്രീകള്‍ പുറലോകത്തേക്ക് എത്തുന്ന ഒരു രീതിയേ ഇല്ല. ഇപ്പോഴും വലിയ വ്യത്യാസങ്ങള്‍ ഒക്കെ വന്നു എന്നു പറയാറായിട്ടില്ല. ശബരിമല ക്ഷേത്രത്തിന് അവരുടെ ഉപജീവന മാര്‍ഗ്ഗവുമായി വലിയൊരു പങ്കുണ്ട്. അവര്‍ക്ക് ഒരാണ്ട് അറിയാന്‍ പറ്റുന്ന കാലമാണ് അയ്യപ്പന്‍മാര്‍ കൂട്ടത്തോടെ എത്തുന്ന മണ്ഡലക്കാലം. ഇവരിലെ പലരും ശബരിമലയില്‍ തന്നെയാണ് ജനിച്ചത്, വളര്‍ന്നത്. അവരിലെ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായതും ഗര്‍ഭിണികളായതും പ്രസവിച്ചതും ശബരിമലയിലാണ്. പല പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമല സന്നിധാനത്ത് ജോലി ചെയ്തിട്ടുണ്ട്. അരിപാറ്റാന്‍, ഭക്തര്‍ കാണിക്കയായി ഇടുന്ന ഇരുമുടിക്കെട്ടിലെ സാധനങ്ങള്‍ തരംതിരിക്കാനും മറ്റുമായിട്ട് ഈ സ്ത്രീകളായിരുന്നു പോയിരുന്നത്. ഇപ്പോള്‍ ഇതിനൊക്കെ വേറെ ആളുണ്ട്. ഇവര്‍ക്ക് ചെറിയ എന്തെങ്കിലും കൂലിയും പിന്നെ അവിടുത്തെ വെറ്റിലയും അടയ്ക്കയും പുകയിലയുമൊക്കെയായിരുന്നു അന്ന് കിട്ടിയിരുന്നത്. ചിലപ്പോള്‍ അരിയും കൊടുക്കും.

വര്‍ഷങ്ങളായി ഞാനിപ്പോള്‍ ഇവിടെ താമസിക്കാന്‍ തുടങ്ങിയിട്ട്. ഇതിനിടയില്‍ എത്രയോ ‘ആചാരങ്ങള്‍’ പോയി, പുതിയ ‘ആചാരങ്ങള്‍’ വന്നു. ഇവിടെയുള്ള മിക്കവാറും സ്ത്രീകള്‍ ശബരിമലയില്‍ പോയിട്ടുള്ളവരാണ്. കിഴങ്ങ് മാന്താനും, പനംപൊടി എടുക്കാനും, വിറകും തേനും ഒക്കെ എടുക്കാനും കാട്ടില്‍ കയറുന്ന കൂട്ടത്തില്‍ ശബരിമലയില്‍ തൊഴാറുണ്ട്. ഇവരെ കാക്കുന്നത് അയ്യപ്പനും മലതേവര്‍കളുമാണെന്നാണ് ഇവരുടെ വിശ്വാസം. ഇപ്പോഴല്ലേ ഇവിടെ വലിയ കാവലും ആളുകളുമൊക്കെയുണ്ടായത്. മിക്കവരും കയറിയിട്ടുണ്ട്. തൊഴുതിട്ടുണ്ട്. ശബരിമലയുടെ ക്ഷേത്രത്തിന്റെ ഭാഗം തന്നെയായിരുന്ന ഇവരെയൊക്കെ ദേവസ്വംബോര്‍ഡും സര്‍ക്കാരുമൊക്കെ തന്നെയാണ് അവിടുന്ന് മാറ്റിയത്. എന്നിട്ട് പുതിയ കാര്യങ്ങളും അങ്ങ് നടപ്പാക്കും.

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതിഭായി ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

“ഇപ്പം മലംപണ്ടാരം വിഭാഗത്തിലെ സ്ത്രികളിലെ ചിലര്‍ പുറത്ത് ജോലിക്ക് ഒക്കെ പോയി തുടങ്ങിയിട്ടുണ്ട്. മണ്ഡലക്കാലമായാല്‍ അവരുടെ ജോലി അവതാളത്തിലാവും. ഇങ്ങോട്ട് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് മാത്രമെയുള്ളൂ. ഇവരും ഞങ്ങളുമൊക്കെ ജോലിയുടെ ആവശ്യത്തിനോ മറ്റോ മണ്ഡലക്കാലത്ത് പോവുക എന്ന് പറയുന്നത് എന്ത് ദുരിതമാണെന്ന് അറിയാമോ? സത്രീകളാണെന്ന് പറഞ്ഞ് ബസില്‍ കയറ്റില്ല, ചിലപ്പോ ഇറക്കി വിടും. ഇതൊക്കെ ഒരു അഞ്ചാറ് വര്‍ഷമായിട്ടുള്ള പുതിയ ‘ആചാര’ങ്ങളാണ്. എത്ര വഴക്കുണ്ടാക്കിയിട്ടാണ് ഓരോ തവണയും ആ സമയത്ത് ഞങ്ങള്‍ ഒക്കെ ബസില്‍ പോകുന്നത് എന്നറിയാമോ? നാടുമായിട്ട് ഇടപഴകി കഴിയുന്ന ഞങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ ആദിവാസി എന്ന കാരണത്താല്‍ ഇപ്പോഴും മാറ്റിനിര്‍ത്തിയിരിക്കുന്ന ഇവരുടെ ഒക്കെ അവസ്ഥ ഒന്ന് ഊഹിച്ച് നോക്കൂ.

ഇതൊന്നും നടക്കില്ല. ബസില്‍ അയ്യപ്പന്‍മാരുടെ കൂടെ യാത്ര ചെയ്തതുകൊണ്ടോ അയ്യപ്പന്റെ അടുത്ത് ഇരുന്നതുകൊണ്ടോ ഒന്നും വിശ്വാസം പോകില്ല. വിശ്വാസം രക്ഷിക്കേണ്ടത് അവരവരു തന്നെയാണ്. എന്റെ വിശ്വാസം രക്ഷിക്കേണ്ടത് ഞാന്‍ തന്നെയാണ്. അയ്യപ്പനെ ധിക്കരിച്ചാല്‍ അതിന് കൂലി കൊടുക്കേണ്ടത് അയ്യപ്പനാണ്. അയ്യപ്പന്‍ കൊടുത്തോളും. സ്ത്രീകള്‍ വന്നാല്‍ സ്ത്രീകളെ ശിക്ഷിക്കുന്ന ആളായിട്ടൊന്നും വരികേല അയ്യപ്പന്‍. ശബരിമലയില്‍ ആണത്ത മേധാവിത്വമാണ്. പമ്പ തൊട്ട് സന്നിധാനം വരെയും പുരുഷന്മാരാണ് ജോലിക്ക് നില്‍ക്കുന്നതും കാര്യങ്ങള്‍ ചെയ്യുന്നതുമെല്ലാം. ഇവരിലെ എത്രയോ പേര്‍ അവിടുന്ന് കക്കുന്നും മോഷ്ടിക്കുന്നുമുണ്ട്. അതിന് ഒന്നും ആര്‍ക്കും ഒരു കുഴപ്പവുമില്ല.

പിഞ്ചുകുഞ്ഞുങ്ങള്‍ക്കും വൃദ്ധകള്‍ക്കും യാതൊരു സുരക്ഷിതത്വവുമില്ലാത്ത കാലമാണിത്. എന്നിട്ടും ഇവിടെ ഈ പ്രായത്തിലുള്ള സ്ത്രികളും കുട്ടികളുമൊക്കെ വരുന്നില്ലേ… അവരെപ്പോലെ തന്നെയല്ലേ യുവതികളും. അതോ ഇനി പ്രതികരിക്കാന്‍ ശേഷിയില്ലാത്ത പ്രായത്തിലുള്ളവരായതുകൊണ്ട് മുമ്പ് വന്നവര്‍ക്ക് വല്ല പീഡനവും ഉണ്ടായിട്ടും മിണ്ടാതിരിക്കുവാണോ? യുവതികള്‍ വന്നാല്‍ അത്തരം കാര്യങ്ങളില്‍ പ്രതികരിക്കുമെന്ന ഭയമാണോ കുറെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി ഇവിടുത്തെ ‘തമ്പ്രാക്കന്മാര്‍ ഈ പ്രതിഷേധവുമൊക്കെ നടത്തുന്നത്”? കുഞ്ഞുമോള്‍ ടീച്ചര്‍ പറഞ്ഞ് നിര്‍ത്തി.

ആദ്യ ഭാഗം വായിക്കാം –  ‘ഈ കൊച്ചു പെണ്ണുങ്ങള്‍ മല ചവിട്ടത്തില്ല, അയ്യപ്പന്‍ അവിടെ കേറ്റത്തില്ല’ 


വീഡിയോ – സിജി പ്രസന്നന്‍ സ്വാതി

തുടരും.

തിരുവിതാംകൂറിന് ശബരിമല വിട്ടുകൊടുത്തത് നിബന്ധനകളോടെ; പന്തളം രാജകൊട്ടാരം പ്രിതിനിധി ശശി കുമാർ വർമ്മ സംസാരിക്കുന്നു

ആചാരങ്ങൾ മാറേണ്ടവയാണ്; പുത്തരിക്കണ്ടത്തെ ഒരു മണിക്കൂർ പ്രസംഗത്തിൽ നിലപാട് പറഞ്ഞ്‌ പിണറായി/ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ഇല്ലെങ്കില്‍ ഏതെങ്കിലും ഇല്ലമുറ്റത്ത് അച്ചികളായി കഴിഞ്ഞുകൂടിയേനെ; നായർ സമുദായാഭിമാനികളോട് ചില ചോദ്യങ്ങൾ-ജെ ദേവിക എഴുതുന്നു

ശബരിമല: വിശ്വാസികളായ സ്ത്രീകള്‍ അസ്വസ്ഥരാണ്; പക്ഷേ, അവരെ ഇത്ര സംഘടിതമായി തെരുവിലിറക്കിയതാരാണ്?

ഗര്‍ഭപാത്രം നീക്കം ചെയ്തതിനു ശേഷം ശബരിമലയിലെത്തിയ മുന്‍ കോളേജ് പ്രിന്‍സിപ്പലോട് പോലീസ് ചോദിച്ചു, “എന്താണ് തെളിവ്?”

 

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍