UPDATES

‘ഈ കൊച്ചു പെണ്ണുങ്ങള്‍ മല ചവിട്ടത്തില്ല, അയ്യപ്പന്‍ അവിടെ കേറ്റത്തില്ല’; വിശ്വാസികളുടെ പ്രതിഷേധ മുഖം

നിലയ്ക്കലിലെ പ്രതിഷേധ സമരത്തിന് ഒരു നേതൃത്വം ഇല്ലെന്ന് പറയുമ്പോഴും നാമജപ കൂട്ടായ്മയ്ക്ക് പിന്തുണയുമായി എത്തിയവരില്‍ വിശ്വഹിന്ദു പരിഷത്തും വിവിധ ആദിവാസി സംഘടനകളുമുണ്ട്

“ചെറുപ്പക്കാരായ മാളികപ്പുറങ്ങളും വരട്ടെ, പെണ്ണുങ്ങള്‍ക്ക് സ്വാമിമാരുടെ കൂടെ യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് എത്ര തവണ ഞങ്ങളെ ബസില്‍ കയറ്റാതിരുന്നിട്ടുണ്ട്.”

“അയ്യപ്പന്‍ ബ്രഹ്മചാരിയാണ്… മല ചവിട്ടുന്നവരും ബ്രഹ്മചര്യ വ്രതം എടുത്തുവരുന്നതാണ്. അതാണ് അവരുടെ കൂടെ നിങ്ങളെയെല്ലാം ബസില്‍ കയറ്റാത്തത്.”

“അയ്യപ്പന് എല്ലാവരും ഒരുപോലെയാ… ഞങ്ങളൊക്കെ കാടു കയറുമ്പോള്‍ അയ്യപ്പനാ കൂടെയുള്ളത്… എത്രയോ തവണ ആനയുടെ മുമ്പിലും കടുവയുടെ മുമ്പിലും ചാടിയിട്ടും ഒന്നുപറ്റിയിട്ടില്ല. ഞങ്ങളെ ഇഷ്ടമല്ലെങ്കില്‍ അന്നേരം തീരേണ്ടതല്ലേ…”

വാദം ഇങ്ങനെ മുറുകുകയാണ്. നിലയ്ക്കലിലേക്കുള്ള പമ്പ ബസിലെ സംഭാഷണമായിരുന്നു ഇത്. യാത്രകളിലെ ഭൂരിഭാഗം യാത്രക്കാരുടെയും സംസാരം ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയെ ചുറ്റിപ്പറ്റിയായിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നും മണ്ഡലക്കാലത്ത് സ്ത്രീകളെ അയ്യപ്പന്‍മാരുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറ്റത്തുപോലുമില്ലെന്ന ളാഹ സ്വദേശിയായ ഒരു യുവതി ചൂണ്ടിക്കാണിച്ചതും പമ്പയിലെ ദേവസ്വം ജീവനക്കാരനായ ഉദ്യോഗസ്ഥന്‍ അതിനു പറഞ്ഞ മറുപടിയുമാണ്‌ മുകളില്‍ കൊടുത്തിട്ടുള്ളത്.

പന്തളം മുതല്‍ നിലയ്ക്കല്‍ വരെയുള്ള വഴികളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്നുള്ള സമരങ്ങളെ അനുകൂലിച്ചും എതിര്‍ത്തുമുള്ള ബാനറുകളും ചെറിയ യോഗങ്ങളുമെല്ലാം കാണാം. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പുള്ള ഒരുക്കങ്ങളുടെ ഭാഗമായി പ്രളയത്തിലും മണ്ണിടിച്ചിലും തകര്‍ന്ന റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. അതുകൊണ്ട് തന്നെ പമ്പയിലേക്കുള്ള ചില ബസുകളും നിര്‍മ്മാണ സാമഗ്രഹികളുമായി പോകുന്ന വാഹനങ്ങളുമേ ശബരിമല പാതയിലൂടെ കടന്നുപോകുന്നുള്ളൂ. നിലയ്ക്കല്‍ എത്തുന്നതിന് മുമ്പ് തന്നെ കേള്‍ക്കാം ശരണം വിളികളും അയ്യപ്പ ഭജനകളും. നിലയ്ക്കല്‍ അമ്പലത്തിലെ എന്തോ വിശേഷം നടക്കുകയാണെന്നാണ് കരുതിയത്.

നിലയ്ക്കല്‍ അമ്പലം എത്തുന്നതിന് മുമ്പ് തന്നെ പര്‍ണ്ണശാല കെട്ടി ശരണമന്ത്ര കൂട്ടായ്മ നടത്തുന്നവരുടെ ശരണം വിളികളും അയ്യപ്പ ഭജനകളുമായിരുന്നു കേട്ടത്. ശബരിമല ആചാര സംരക്ഷണ സമിതിയെന്ന് പേരുകൊടുത്ത് ശബരിമല സ്ത്രീ പ്രവേശനത്തിനോടുള്ള പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ് അവര്‍. നിലയ്ക്കലിലെയും സമീപ പ്രദേശങ്ങളിലെയും ആളുകളാണ് നാമജപ പ്രതിഷേധം നടത്തുന്നത്. ശബരിമലയിലെ പരമ്പരാഗത കാനനപാതയിലുള്ള എരുമേലി ഇരുമ്പൂന്നിമല സ്വദേശിയായ സുനില്‍ വൈദ്യന്‍ താന്‍ ഈ നാമജപത്തില്‍ പങ്കെടുക്കാന്‍ എത്തിയതിനെ കുറിച്ച് വിശദീകരിച്ചത്: ‘എല്ലായിടത്തും രാഷ്ട്രീയക്കാരാണ്, ഇവിടെ കുറച്ച് ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും ഞങ്ങളെപ്പോലുള്ളവരും മാത്രയുള്ളൂ. അതുകൊണ്ടാണ് ഇങ്ങോട്ട് പോന്നത്. എനിക്ക് ആരുടെ നേരെയും മുദ്രാവാക്യം വിളിക്കേണ്ട. ആചാരം നിലനില്‍ക്കണം. അതിന് പ്രാര്‍ത്ഥനയ്ക്ക് എത്തിയവരുടെ കൂടെ ഞാനും എത്തി. ഇവിടെ മലപണ്ടാരങ്ങളും മല അരയരും പല ആദിവാസി വിഭാഗക്കാരുമൊക്കെയുണ്ട്. മലയ്ക്ക് (ശബരിമല) കയറാന്‍ വരുന്ന സ്ത്രീകളോട് ഞങ്ങള്‍ കാര്യങ്ങള്‍ പറയും… മനസ്സിലാവുന്നവര്‍ മനസ്സിലാക്കട്ടെ… ഇത് ഞങ്ങളുടെ വിശ്വാസമാണ്. അതിന് ബുദ്ധമുട്ടിക്കരുത്. പറഞ്ഞിട്ടും കേള്‍ക്കാതെ പോകുന്നവരെ ഞങ്ങള് ദ്രോഹിക്കില്ല, പക്ഷേ അയ്യപ്പന്‍ അതിനുള്ള ‘കൂലി’ കൊടുക്കും”.

“ഞങ്ങള് രാപ്പകല്‍ ഇവിടെ തന്നെയാണ്. ഇതിന് ഒക്കെ ഒരു തീരുമാനമാകാതെ പോവില്ല. കണ്ടില്ലേ, ഈ പര്‍ണ്ണശാലയില്‍ തന്നെയാണ്. ഈ പിള്ളാരൊക്കെ സ്‌കൂളില്‍ പോകുന്നത് ഇവിടെ നിന്നാണ്. നാലഞ്ചു ദിവസമായി… രാത്രിയില്‍ നില്‍ക്കുന്നവര്‍ രാവിലെ പണിക്ക് പോയി കഴിഞ്ഞാല്‍ പിന്നേ ചേച്ചിമാര്‍ ഇങ്ങു വരും. അവര് വൈകിട്ട് പോകുമ്പോള്‍ അവരുടെ മക്കളും സഹോദരങ്ങളോ ഭര്‍ത്താക്കമാരോ ഇവിടെയുണ്ടാവും, ഞങ്ങള് മാറി മാറിയിരിക്കുകയാണ്. ഭക്ഷണമെല്ലാം ഇവിടെ തന്നെയാണ്. അരിയും പച്ചക്കറിയും സാധനങ്ങളുമെല്ലാം ഞങ്ങള്‍ ഓരോരുത്തരും ഓരോന്ന് കൊണ്ടുവരുന്നുണ്ട്. അയ്യപ്പനോടുള്ള വിശ്വാസമാണ് ഞങ്ങളെ ഇവിടെ എത്തിച്ചിരിക്കുന്നത്.

ജനിച്ചപ്പം മുതല്‍ അയ്യപ്പാ എന്നു വിളിച്ചു നടക്കുന്ന ഞങ്ങള്‍ക്ക് ഇല്ലാത്ത തോന്നലുകള്‍ അയ്യപ്പന്റെ പേര് പോലും ഉച്ചരിക്കാന്‍ അറിയാത്ത ആളുകള്‍ക്ക് പലതും തോന്നുന്നതിന് നമ്മക്ക് എന്തുചെയ്യാന്‍ പറ്റും. ഇതിന് സമരം ചെയ്യാന്‍ സന്നദ്ധരായിട്ടാണ് ഞങ്ങള്‍ ഇരിക്കുന്നത്. എന്നാല്‍ നമ്മളിവിടെ ആരെയും തല്ലാനോ പിടിക്കാനോ തടയാനോ ഒന്നുമില്ല. അയ്യപ്പന്റെ പൂങ്കാവന വാസികളാണ് ഇവിടെയിരിക്കുന്നവരെല്ലാം. അയ്യപ്പന്റെ ആചാരനുഷ്ഠാനങ്ങള്‍ പാലിക്കണം. സംരക്ഷിക്കണം. ഞങ്ങളെ കാക്കുന്നത് അയ്യപ്പനാണ്.

പോകേണ്ട രീതിയില്‍ പോവണം. നോമ്പ് എടുക്കാതെ ചെല്ലത്തില്ല. അവിടെ പോകാന്‍ പറ്റത്തില്ല. ഞാന്‍ പറയുന്നത് സത്യമാ… ഈ അയ്യപ്പന്റെ അടുത്ത് ഞാന്‍ പോകാന്‍ ഒരുങ്ങിയിട്ട് എനിക്ക് പോവാന്‍ പറ്റിയില്ല” മല അരയ വിഭാഗത്തില്‍പ്പെട്ട ലളിത എന്ന ഭക്ത സുപ്രിം കോടതിയുടെ സ്ത്രീ പ്രവേശന വിധിയിലുള്ള തന്റെ സങ്കടവും അമര്‍ഷവും പങ്ക് വയ്ക്കുന്നത് ഇങ്ങനെയാണ്.

ലളിത തുടരുന്നു: “അങ്ങോട്ട് പോകാന്‍ ഇഷ്ടംപോലെ വഴിയുണ്ട്. കാട്ടുവഴിയിലൂടെ കുറച്ചങ്ങ് നടന്നാല്‍ ശബരിമലയെത്താം. ഈ റോഡിലൂടെ പോകാതെ ചെല്ലാന്‍ പറ്റുന്ന വഴികളൊക്കെയുണ്ട്. ഇതുവരെയും ഞങ്ങളാരും… സ്ത്രീകളാരും പോയി തൊഴുതിട്ടില്ല. അന്‍പത് വയസ് ഒക്കെ കഴിഞ്ഞട്ടാണ് ഞങ്ങളൊക്കെ അവിടെ പോയിരിക്കുന്നത്. എനിക്കിപ്പം അറുപത് വയസ്സായി… ഈ വര്‍ഷമാണ് ഞാന്‍ ആദ്യമായി ശബരിമലയ്ക്ക് പോകുന്നത്. ഇതൊക്കെ എന്റെ അയ്യപ്പന്റെ കാരുണ്യമാണ്. ആനകളെയൊക്കെ കണ്ടിട്ടുണ്ട്, എനിക്ക് ഒരു പേടിയും തോന്നിയിട്ടില്ല. എന്റെ കൂടെയുള്ളവര്‍ ഒക്കെ ഓടിയിട്ടുണ്ട്. അങ്ങനെ യതൊരു പേടിയും തോന്നിക്കാതെ എന്നെ കാത്തത് അയ്യപ്പനാണ്. ഞാന്‍ ഇവിടെ വരെ എത്തിയെങ്കില്‍ അത് ശബരിമല അയ്യപ്പന്‍ രക്ഷിച്ചതാണ്.

വയ്യാതെയിരിക്കുന്ന, ഒരു ജോലിയും ചെയ്യാന്‍ പറ്റാത്ത ഒരാളാണ് ഞാന്‍. ഇത് (നാമജപ പ്രതിഷേധം) തുടങ്ങിയപ്പം തൊട്ട് ഞാന്‍ ഇവിടെയുണ്ട്. ഈ നിയമം (അയ്യപ്പന്റെ) അല്ലാതെ വെറെ ഒരു നിയമവും ഞങ്ങള്‍ക്ക് കാണാന്‍ പറ്റത്തില്ല. ഞങ്ങള് ഒരിക്കലും അതിന് സമ്മതിക്കത്തില്ല. അതിനുള്ള പ്രാര്‍ത്ഥനയാണ്. നോയമ്പോടുള്ള പ്രാര്‍ത്ഥനയാ… ഈ ശബരിമല അയ്യപ്പന്‍ ഉള്ള കാലം വരെയും നമ്മള്‍ ഇത്രയും കാലം എങ്ങനെ കഴിഞ്ഞോ അതുപോലെ പോകുവൊള്ളൂ.

ഞങ്ങളുടെ കുടുംബത്തിലുള്ള ഒരാളെപ്പോലെയാണ് അയ്യപ്പനെ കാണുന്നത്. എന്റെ വിശ്വാസം പറയുന്നത് അവിടെ ആരും കടന്നു ചെല്ലുകേലാ. വന്നാലും എനിക്ക് പേടിയില്ല. ആരും പോവണം (ശബരിമലയ്ക്ക്) എന്ന് വന്നാലും അവരെ ആരും തടഞ്ഞില്ലേല്ലും അവര് അവിടെ എത്തുകേലാ… ഈ കൊച്ചുപെണ്ണുങ്ങള്‍ ശബരിമല നട ചവിട്ടത്തില്ല. ഞാന്‍ എന്റെ അയ്യപ്പനെ വിശ്വസിക്കുന്നതുകൊണ്ടാ പറഞ്ഞത്. അവിടെ എത്താന്‍ എല്ലാര്‍വര്‍ക്കും പറ്റത്തില്ല. അയ്യപ്പനാണ് എന്നെ കൊണ്ട് പറയിക്കുന്നത്. ഞാന്‍ മരിച്ച് പോകേണ്ടടുത്ത് നിന്ന് രക്ഷപ്പെട്ടവളാണ് “, ലളിത വിശദീകരിക്കുന്നു.

വീഡിയോ കാണാം.

നിലയ്ക്കലില്‍ ഈ പ്രതിഷേധ സമരത്തിന് ഒരു നേതൃത്വം ഇല്ലെന്ന് പറയുമ്പോഴും നാമജപ കൂട്ടായ്മയ്ക്ക് പിന്തുണയുമായി എത്തിയവരില്‍ വിശ്വഹിന്ദു പരിഷത്തും വിവിധ ആദിവാസി സംഘടനകളുമുണ്ട്. രാഹുല്‍ ഈശ്വരറും വിവിധ ഹിന്ദു സംഘടനകളുടെ പ്രതിനിധികളും നാമജപത്തിന് എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അട്ടത്തോടിലെ ഊരുകളില്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് എത്തിയപ്പോഴാണ് പലരും ശബരിമലയിലെ വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നത്.

നിലയ്ക്കലില്‍ നിന്ന് ഒരു കിലോ മീറ്റര്‍ മാറി പമ്പയിലേക്കുള്ള പാതയില്‍ അട്ടത്തോടിലാണ് മലംപണ്ടാരങ്ങള്‍ എന്ന ആദിവാസി വിഭാഗത്തിലെ കുറച്ചാളുകള്‍ താമസിക്കുന്നത്. ഒരു കാലത്ത് ശബരിമല സന്നിധാനത്തിനോട് ചേര്‍ന്ന് താമസിച്ചിരുന്നവരായിരുന്നു ഇവര്‍. ശബരിമലയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ ഇവര്‍ക്ക് പല രീതിയിലും ബന്ധമുണ്ടായിരുന്നു. ദേവസ്വം ബോര്‍ഡും സര്‍ക്കാരും നിയമവുമെല്ലാം ഇവരെ മലയിറിക്കി (ശബരിമല). ഇന്ന് ഇവരില്‍ പലരും അപ്പാച്ചിമേട്, ചാലക്കയം, അട്ടത്തോട്, നിലയ്ക്കല്‍, ളാഹ പരിസരങ്ങളിലാണ് താമസിക്കുന്നത്. ഇവരില്‍ വളരെ കുറച്ച് പേര്‍ മാത്രമെ സ്വന്തമായി വീട് കെട്ടി താമസിക്കുന്നുള്ളൂ. ചാലക്കയത്ത് താമസിച്ചിരുന്നവര്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിലയ്ക്കലിലെ കുടിലില്‍ എത്തിയിരുന്നു. പിന്നീട് അടുത്ത ദിവസങ്ങളില്‍ ശബരിമല നാമജപ കൂട്ടായ്മ തൊടങ്ങുന്നതിന് മുമ്പ് അവര്‍ക്ക് ളാഹയിലേക്ക് താമസം മാറ്റേണ്ടി വന്നു.

തുടരും

* ചിത്രങ്ങള്‍, വീഡിയോ – സിജി പ്രസന്നന്‍ സ്വാതി

1188 ക്ഷേത്രങ്ങൾ പ്രവർത്തിക്കുന്നത് സർക്കാർ സഹായം കൂടി ഉപയോഗിച്ച്; വ്യാജപ്രചാരണങ്ങൾക്കെതിരെ കണക്കുകൾ നിരത്തി ദേവസ്വം മന്ത്രി

ഇല്ലെങ്കില്‍ ഏതെങ്കിലും ഇല്ലമുറ്റത്ത് അച്ചികളായി കഴിഞ്ഞുകൂടിയേനെ; നായർ സമുദായാഭിമാനികളോട് ചില ചോദ്യങ്ങൾ-ജെ ദേവിക എഴുതുന്നു

ശബരിമല: വിശ്വാസികളായ സ്ത്രീകള്‍ അസ്വസ്ഥരാണ്; പക്ഷേ, അവരെ ഇത്ര സംഘടിതമായി തെരുവിലിറക്കിയതാരാണ്?

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതിഭായി ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

ശബരിമലയിൽ നിന്ന് സ്ത്രീകളെ ആട്ടിയകറ്റുന്നവർ ശാസ്താവിനെ ഹരിവരാസനം പാടി ഉറക്കാമോ? നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് നിഷിദ്ധമായത് എന്തൊക്കെ?

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍